ഏറ്റവും വിലപ്പെട്ട പഴം
ഒരിടത്തൊരിടത്തൊരിടത്ത്, ഒരു അച്ഛനും ആ അച്ഛന് മൂന്നു മക്കളും ഉണ്ടായിരുന്നു. അച്ഛന് വയസ്സായിരുന്നു. താൻ മരിച്ചാൽ തന്റെ എല്ലാ സ്വത്തും ഏതെങ്കിലും ഒരു മകനു കൊടുക്കാൻ ആണ് അയാൾ ആഗ്രഹിച്ചിരുന്നത്. പക്ഷെ ആർക്കു കൊടുക്കണമെന്ന് അയാൾക്ക് തീരുമാനിക്കാൻ പറ്റിയില്ല. ഒരു ദിവസം അയാൾ എല്ലാ മക്കളെയും വിളിച്ചു കൂട്ടി അവരോട് പറഞ്ഞു: “ഓരോരുത്തർക്കും ഞാൻ ഓരോ ചാക്ക് സ്വർണ്ണം തരാം. ലോകം മുഴുവൻ കറങ്ങി എനിക്ക് ഏറ്റവും വിലപ്പെട്ട പഴം കണ്ടുപിടിച്ച് കൊണ്ടുവാ. ആരാണോ കൊണ്ട് വരുന്നത് അവന് എന്റെ എല്ലാ സ്വത്തും ഞാൻ കൊടുക്കും.”
എല്ലാ മക്കളും പഴം തപ്പി ഓരോ ദിശയിലേക്ക് യാത്ര ആയി. മൂന്ന് വർഷം കഴിഞ്ഞപ്പോൾ അവർ എല്ലാവരും തിരിച്ചെത്തി.
അച്ഛൻ മൂത്തവനോട് ചോദിച്ചു: “നീ എനിക്ക് ഏറ്റവും വിലപ്പെട്ട പഴം തപ്പി കൊണ്ട് വന്നുവോ?”
മകൻ പറഞ്ഞു: “അച്ഛാ എനിക്ക് തോന്നുന്നത് ഏറ്റവും മധുരമുള്ളതാണ് ഏറ്റവും വിലപ്പെട്ട പഴം . ഞാൻ ലോകം മൊത്തം ചുറ്റി കണ്ടുപിടിച്ച ഏറ്റവും മധുരമുള്ള പഴം വെള്ള മുന്തിരി ആണ്. ”
“മിടുക്കൻ !” – അച്ഛൻ പറഞ്ഞു.
‘”എന്താ നിനക്ക് പറയാനുള്ളത്?” – അച്ഛൻ രണ്ടാമനോട് ചോദിച്ചു.
“എനിക്ക് തോന്നുന്നത് ഏറ്റവും വിലപിടിപ്പുള്ള പഴം എന്ന് വെച്ചാൽ കണ്ടുപിടിക്കാൻ ഏറ്റവും പ്രയാസമായ പഴം ആണ് . ഞാൻ ആഫ്രിക്കയിൽ പോയി കൊണ്ട് വന്നത് നോക്കൂ- ഓറഞ്ച്, വാഴപ്പഴം, ഈന്തപ്പഴം. ഇഷ്ടമുള്ളത് എടുത്തു കൊള്ളൂ.” – രണ്ടാമൻ പറഞ്ഞു.
“മിടുക്കൻ ! ഞാൻ ഒരെണ്ണം എടുക്കാം “- അച്ഛൻ പറഞ്ഞു. എന്നിട്ടയാൾ മൂന്നാമനോട് ചോദിച്ചു : “നീ എന്താ കൊണ്ട് വന്നത്? എന്താ നിന്റെ കൈയ്യിൽ ഒന്നുമില്ലാത്തത് ? “
“എന്റെ കയ്യിൽ ഒന്നുമില്ല എന്നത് സത്യമാണ്. അച്ഛൻ തന്നയച്ച സ്വർണ്ണമൊന്നും ഞാൻ ചെലവാക്കിയില്ല. ഞാൻ സ്കൂളിൽ പോയി അധ്യാപകന്മാരുടെ അടുത്ത് നിന്നും മൂന്ന് വർഷം പഠിച്ചു . ഞാൻ കൊണ്ട് വന്ന പഴം അച്ഛന് കാണാൻ പറ്റില്ല. കാരണം അത് എന്റെ ഹൃദയത്തിലും മനസ്സിലും ആണ്- അറിവ്. ഇതാണ് ഏറ്റവും വിലപ്പെട്ട പഴം എന്നാണ് എനിക്ക് തോന്നുന്നത് . ” – മൂന്നാമൻ പറഞ്ഞു.
അച്ഛൻ ഇത് കേട്ടപ്പോൾ സന്തോഷത്തോടെ പറഞ്ഞു: “നീ എനിക്ക് ഏറ്റവും വിലപ്പെട്ട പഴം ആണ് കൊണ്ട് തന്നത്. അറിവിനേക്കാൾ വിലപ്പെട്ട ഒന്നുമില്ല. നിനക്ക്, എന്റെ മുഴുവൻ സ്വത്തും ഞാൻ തരുന്നു . ”
ബൾഗേറിയൻ നാടോടി കഥ
വയസ്സൻ നായ
ഒരിടത്തൊരിടത്ത് ഒരാളുണ്ടായിരുന്നു. അയാൾക്കോ, ഒരു നായ ഉണ്ടായിരുന്നു. അവൻ കുഞ്ഞനായിരുന്നപ്പോൾ എല്ലാവരും അവനെ താലോലിച്ചു. അവനു വയസ്സായപ്പോഴോ, ആരും അവനെ വീട്ടിനകത്തു കയറാൻ പോലും സമ്മതിച്ചിരുന്നില്ല. പാവത്താനായ നായ വേലിയുടെ അടുത്ത് പോയി കിടന്നു. അങ്ങനെയിരിക്കുമ്പോൾ ഒരു ചെന്നായ അവനെ കണ്ടു അവനോടു ചോദിച്ചു :” എന്തെടോ തനിക്കിത്ര വിഷമം? എന്താ ഇവിടെ കിടക്കുന്നത് ?”
“ചെറുതായിരുന്നപ്പോൾ അവർ എന്നെ വാരിയെടുത്തു കൊഞ്ചിക്കുമായിരുന്നു. ഇപ്പോഴോ ആർക്കും എന്നെ വേണ്ട. അവർ എന്നെ തല്ലുകയും ചെയ്യും.”- നായ തന്റെ വിഷമങ്ങൾ പറഞ്ഞു.
“ഞാൻ തന്റെ യജമാനനെ പാടത്തു പണിയുന്നത് കണ്ടല്ലോ. അയാളുടെ അടുത്തേക്ക് ഓടിപ്പോ. അയാൾ വല്ലതും നിനക്ക് തന്നാലോ.”- ചെന്നായ അനുകമ്പയോടെ പറഞ്ഞു.
“ഏയ്, അവർ ഇപ്പോ എന്നെ പാടത്തേക്കും കൂടി വിടാറില്ല . അടിച്ചോടിക്കും എന്നെ അവർ.” നായ സങ്കടം കൊണ്ട് മോങ്ങാൻ തുടങ്ങി.
“നീ ഇവിടെ നോക്ക്. നിന്റെ സങ്കടം കണ്ടിട്ടെനിക്കും സങ്കടം വരുന്നുണ്ട്. പക്ഷെ നിൻ്റെ സങ്കടങ്ങൾ മാറ്റാൻ ഞാൻ ഒരു വഴി പറഞ്ഞു തരാം. നിന്റെ യജമാനത്തി അതാ അവളുടെ കുഞ്ഞിനെ ആ വണ്ടിയുടെ അരികിൽ കിടത്തിയിട്ടുണ്ട്. ഞാൻ ആ കുഞ്ഞിനേയും കൊണ്ട് ഓടുന്ന പോലെ കാണിക്കാം . നീ എന്റെ പിന്നാലെ എന്നെ പിടിക്കാനെന്ന വണ്ണം ഓടി വാ. നിനക്ക് പല്ലൊന്നുമില്ലെങ്കിലും എന്നെ കടിക്കുന്ന പോലെ ഒക്കെ കാണിക്ക്. ഇതെല്ലാം നിന്റെ യജമാനത്തിയും കാണണം ” -ഇങ്ങനെ പറഞ്ഞതും ചെന്നായ ആ കുഞ്ഞിനേയും കൊണ്ട് ഒറ്റ ഓട്ടം. വയസ്സൻ നായ കുരച്ച് കൊണ്ട് പിന്നാലെ ഓടി . ഇതെല്ലാം കണ്ട യജമാനത്തി അലമുറയിട്ട് കരഞ്ഞ് ഭർത്താവിനെ വിളിച്ചു വരുത്തി. അവർ ഉറക്കെ പറഞ്ഞു “ഗബ്രിയേൽ ഗബ്രിയേൽ ഓടി വായോ. നമ്മളുടെ കുഞ്ഞിനെ ഒരു ചെന്നായ കൊണ്ട് പോയേ.”
ഇത് കേട്ടോടി വന്ന യജമാനൻ ചെന്നായയെ ഓടിച്ചു വിട്ട് കുട്ടിയെ രക്ഷപ്പെടുത്തി. നായ അയാളെ സഹായിച്ചതും അയാൾക്കിഷ്ടപ്പെട്ടു. അയാൾ നായയോട് പറഞ്ഞു :” മിടുക്കൻ! നീ വയസ്സനായി പല്ലു കൊഴിഞ്ഞ നായ ആയെങ്കിലും എത്ര എന്നെ സഹായിച്ചു. എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുത്തി.”
അന്ന് മുതൽ അവർ വയസ്സൻ നായക്ക് ഒരു വലിയ കഷ്ണം സ്വാദൂറുo ബ്രെഡ് കൊടുക്കാൻ തുടങ്ങി.
ഉക്രേനിയൻ നാടോടി കഥ
മനുഷ്യൻ ഉണ്ടായതെങ്ങനെ
ആദ്യം …അതായത് ഏറ്റവും ആദ്യം – ദൈവം അല്ലാതെ വേറൊന്നുമുണ്ടാ യിരുന്നില്ല. ദൈവമോ, എപ്പോഴും സ്വപ്നം കണ്ടുകൊണ്ട് ഉറക്കമായിരുന്നു. ആ സ്വപ്നമോ …കുറേ കാലം ..എന്ന് വെച്ചാൽ കുറേ കുറേ കാലം ദൈവം കണ്ടുകൊണ്ടിരുന്നു. പക്ഷെ അവസാനം ഒരാൾ സ്വപ്നത്തിൽ നിന്ന് എഴുന്നേൽക്കണ്ടേ? അങ്ങനെ നമ്മുടെ ദൈവവും ഉറക്കത്തിൽ നിന്ന് ഉണർന്നു.
കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോഴോ നോക്കുന്നതെല്ലാം നക്ഷത്രമായി തീർന്നു. ഇത് കണ്ട് അന്തം വിട്ട ദൈവം തന്റെ കണ്ണുകൾ കാരണം ഉണ്ടായ നക്ഷത്രങ്ങളെ നോക്കിനോക്കി ഒരുപാട് യാത്ര ചെയ്തു. അങ്ങനെ നടന്നു നടന്നു എവിടെയെത്തിയെന്നോ? ഭൂമിയിൽ! അപ്പോഴേക്കും അദ്ദേഹം ക്ഷീണിതനായിരുന്നു. ഒരുപാട് യാത്ര ചെയ്തതല്ലേ. അദ്ദേഹത്തിന്റെ പുരികത്തിൽ നിന്ന് ഒരു വിയർപ്പ് തുള്ളി ഭൂമിയിൽ വീണത്രെ. ആ തുള്ളിക്ക് ജീവൻ വെക്കുകയും, ആദ്യത്തെ മനുഷ്യൻ ഉണ്ടാവുകയും ചെയ്തു. അത് കൊണ്ടാണ് മനുഷ്യൻ അദ്ധ്വാനിച്ച് വിയർപ്പൊഴുക്കി ജീവിക്കേണ്ടവനാണെന്ന് പറയുന്നത് കൂട്ടുകാരെ.
സെർബിയൻ നാടോടി കഥ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook