വീടൊരു കാട് കാടൊരു വീട്

“ആനക്കുട്ടി മലർന്നുകിടന്ന് ചിരിച്ചു. തുമ്പിക്കയ്യിൽ തൂങ്ങിയാടി ചിരിക്യാണ് കുരങ്ങൻ കുട്ടി. മാൻകുട്ടിയും കടുവക്കുട്ടിയും പുലിക്കുട്ടിയും സീബ്രക്കുട്ടിയുമെല്ലാം ഒരു മൂലയിൽ കെട്ടിപ്പിണഞ്ഞ് കിടക്കുന്നു. കുട്ടിയാകട്ടെ, ഒരു തൂണിന്റെ മോളിൽ തൂങ്ങി ക്കിടക്കുകയാണ്. എല്ലാർക്കും ചിരി. ചിരിയോടു ചിരി.” ഇ എൻ ഷീജ എഴുതിയ കഥ

e n sheeja , story , iemalayalam

വല്ലാത്ത ചൂട്. കുട്ടിക്ക് സഹിക്കാൻ പറ്റുന്നില്ല.

വീടിനു ചുറ്റും മരങ്ങളുണ്ടെങ്കിൽ ചൂടു കുറയും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
കുട്ടി വലിയൊരു പേപ്പറെടുത്തു.
വീട് വരയ്ക്കാൻ തുടങ്ങി.
വലിയ വീട് തന്നെ ആയിക്കോട്ടെ. ഒരു പാട് പേരെ താമസിപ്പിക്കണം.
അങ്ങനെ വീടായി.
ഇനി മരം വേണം.
കുട്ടി വീടിനടുത്ത് ഒരു മരം വരച്ചു.
വലിയൊരു മരം.
നിറയെ നിറയെ ഇലകളുള്ള ഒരു മരം.
ഒരു പച്ചമരം.
ഒരു മരം കൂടി വരച്ചു.
നിറയെ നിറയെ കൊമ്പുകളുള്ള
നിറയെ നിറയെ ഇലകളുള്ള
നിറയെ നിറയെ പൂക്കളുള്ള ഒരു മരം.
ഒരു ചുവപ്പ് മരം.
വീണ്ടും ഒരു മരം വരച്ചു.
വീണ്ടും വരച്ചു.
വീണ്ടും വീണ്ടും വരച്ചു.
വരച്ച് വരച്ച് വീടിനു ചുറ്റും ഒരു കാടായി.
വലിയ കാട്.
പച്ചപച്ച മരങ്ങളുള്ള ഒരു കാട്
ചോപ്പ് ചോപ്പ് മരങ്ങളുള്ള ഒരു കാട്.
കാടിനുള്ളിലാകെ ഇരുട്ട്.
കറുകറുത്ത ഇരുട്ട്.
കറുകറുത്ത ഇരുട്ടിൽ
കരിമ്പച്ച കാട്ടിൽ
വലിയൊരു വീട്
കുട്ടിയുടെ വീട്.
ഇരുട്ട് കുട്ടിയെ കണ്ണുതുറിച്ച് നോക്കി.
കുട്ടിക്ക് പേടിയായി.

e n sheeja , story , iemalayalam

രണ്ട്

വെളിച്ചം വേണം.
കുട്ടി ഒരു നക്ഷത്രത്തെ വരച്ചു.
തിളങ്ങുന്ന ഒരു നക്ഷത്രം.
മിന്നിമിന്നി തിളങ്ങുന്ന ഒരു നക്ഷത്രം.
കുട്ടി നക്ഷത്രത്തിനെ ഒരു പച്ച പച്ച മരക്കൊമ്പിൽ പതിയെ വച്ചു.
” അനങ്ങാതെ ഇരിക്കണം
മിന്നിക്കൊണ്ടേ ഇരിക്കണം,”
കുട്ടി പറഞ്ഞു.
“ഉം, ഉം… ” നക്ഷത്രം മിന്നിമിന്നി മൂളി.
കാടിനുള്ളിൽ വെളിച്ചം പരന്നു.
കുട്ടിയുടെ വീട് വെളിച്ചത്തിൽ ചിരിച്ചു നിന്നു.
കുട്ടിയും ചിരിച്ചു.
എന്തായാലും കാടായി.
ഇനി കാട്ടിലുള്ളവരെ വരയ്ക്കാതിരിക്കാൻ പറ്റുമോ?
കുട്ടി ചായപ്പെൻസിലെടുത്തു.
കറു കറുത്ത കാട്ടില് ആരെ ആദ്യം വരയ്ക്കും?
കുട്ടി ഒരു വട്ടം വരച്ചു. അതിനോട് ചേർന്ന് രണ്ടുമൂന്നുവട്ടങ്ങൾ കൂടി വരച്ചു. പിന്നിലെ വട്ടങ്ങളുടെ ഓരോ വശത്തും ഓരോ കാല്. മുന്നിലെ വട്ടത്തിനു മുകളിൽ രണ്ടു കൊമ്പ്.
മുന്നിലെ വട്ടത്തിനുള്ളിൽ രണ്ടു കുത്തുകളിട്ടു. അവയെ ഒന്നു കറുപ്പിച്ചെടുത്തപ്പോൾ രണ്ടു കണ്ണുകളങ്ങനെ മിഴിഞ്ഞു വന്നു. അവ കുട്ടിയെ നോക്കി വിടർന്നു ചിരിച്ചു.
” ഉറുമ്പേ … ” കുട്ടി വിളിച്ചു. പിന്നെ ചുവന്ന ചായപ്പെൻസിലെടുത്ത് ഉറുമ്പിന്റെ മേനിയിലാകെ തലോടി .
” വാ,വാ…” കുട്ടി ഉറുമ്പിനെ മാടിവിളിച്ചു.
” ഉറുമ്പുറുമ്പേ കുറുമ്പൊന്നും കാട്ടാതെ വാ.
വലിയൊരു വീടുണ്ട്
വലിയൊരു കാടുണ്ട്
ഓടിയോടി നടക്കാം
ആടിപ്പാടി നടക്കാം
ആരേയും കടിക്കാതെ ഓടി നടക്കാം…”
ഉറുമ്പ് ചുറ്റും നോക്കി. അതിന്റെ മുഖം വാടി.
” ഞാനൊറ്റയ്ക്കല്ലേ, ഒരു രസവുമില്ല.”
കുട്ടിക്ക് പാവം തോന്നി.

കുട്ടി വീണ്ടും വീണ്ടും വട്ടങ്ങൾ വരച്ചു. കാലു വരച്ചു. കൊമ്പു വരച്ചു. കണ്ണു വരച്ചു.
കടലാസിൽ നിന്ന് ഉറുമ്പുകൂട്ടങ്ങൾ ഇറങ്ങിയിറങ്ങി വന്നു.
ചുവപ്പുറുമ്പ്, പച്ചയുറുമ്പ്, നീലയുറുമ്പ്…
” ഇപ്പോ സന്തോഷായിലേ?”
കുട്ടി ഒന്നാമുറുമ്പിനെ നോക്കി. ഉറുമ്പ് തലകുലുക്കി ചിരിച്ചു. പിന്നെ കൂട്ടുകാർക്കിടയിൽ ചേർന്നു.
ഇനി ആരെയാണ് വരയ്ക്കേണ്ടത്.
കുട്ടി ചായപ്പെൻസിലെടുത്ത് വിരലുകൾക്കിടയിലിട്ട് കറക്കി.
” അയ്യോ, ഞാനിപ്പം വീഴും, രക്ഷിക്കണേ…”
നക്ഷത്രത്തിന്റെ കരച്ചിലല്ലേ കേൾക്കുന്നത്.
കുട്ടി ചാടിയെണീറ്റു.

e n sheeja , story , iemalayalam

മൂന്ന്

മരക്കൊമ്പിൽ തൂക്കിയിട്ട നക്ഷത്രം തെന്നിത്തെന്നിക്കളിക്കുന്നു – അതിനനുസരിച്ച് വെളിച്ചവും ചോട് വച്ചു കളിക്കുന്നു.
കുട്ടി മരത്തിനടുത്തേക്കോടി.
ഉറുമ്പുകൾ പറ്റിച്ച പണിയാണ്. അവര്‍ സകല മരത്തിലും കേറിയിറങ്ങുന്നുണ്ട്. കൂട്ടത്തിൽ നക്ഷത്രമരത്തിലും കേറി. നക്ഷത്രത്തിന്റെ മേലും കേറിമറിഞ്ഞു. നക്ഷത്രത്തിന് ഇക്കിളിയായി. മരക്കൊമ്പിൽ നിന്ന് ഇപ്പോ വീഴുംന്ന് പേടിച്ച് കരഞ്ഞതാണ്.
” പേടിക്കണ്ടാ ട്ടോ.”
കുട്ടി നക്ഷത്രത്തെ തൂക്കിയെടുത്തു.
ഒരു മരം കൂടി വരച്ചു.
മഞ്ഞ മഞ്ഞ പൂക്കളുള്ള ഒരു മരം.
മഞ്ഞപ്പൂക്കൾക്കിടയിൽ നക്ഷത്രത്തെ തൂക്കിയിട്ടു.
” ഉറുമ്പുകൾ ഇവിടേം വരില്ലേ?”
നക്ഷത്രത്തിന്റെ പേടി മാറിയിട്ടില്ല.
” ഇല്ലല്ലോ”
കുട്ടി മരത്തിനു ചുറ്റും ഒരു കുഞ്ഞിക്കുളം വരച്ചു. കുളത്തിൽ നല്ല തെളിഞ്ഞ വെള്ളം.
നക്ഷത്രം സന്തോഷത്തോടെ ചിരിച്ചു.
മിന്നിമിന്നിമിന്നി ചിരിച്ചു.
കാടാകെ ആ ചിരി പടർന്നു. നക്ഷത്രച്ചിരിയുടെ അലകൾ കുളത്തിലും പടർന്നു.

e n sheeja , story , iemalayalam

ഇനി ആരെയൊക്കെ വരയ്ക്കണം.
കുട്ടി ആലോചിക്കാൻ തുടങ്ങി.
” എന്നെ വരയ്ക്ക്വോ?”
കുട്ടിയുടെ ഉള്ളിൽ നിന്ന് ഒരു ആനക്കുട്ടി സ്വകാര്യം ചോദിച്ചു.
കുട്ടി കറുപ്പ് ചായപ്പെൻസിലെടുത്തു. ഒരു ആനയെ വരച്ചു.
ഒരു ആനക്കുട്ടി കുണുങ്ങിക്കുണുങ്ങി ഇറങ്ങി വന്നു.
ആനക്കുട്ടി തുമ്പിക്കൈ നീട്ടി കുട്ടിയുടെ കവിളിലുരസി.
എന്നേം വരയ്ക്ക്…
എന്നേം വരയ്ക്ക്…
എന്നേം വരയ്ക്ക്…
കുട്ടിയുടെ ഉള്ളിൽ നിന്ന് പലപല വിളികൾ ഉയർന്നു.
കുട്ടി വെള്ള ചായപ്പെൻസിലെടുത്തു. പേപ്പറിലേക്കു തല താഴ്ത്തി. ഇടയ്ക്കൊന്നു തലയുയർത്തി. അപ്പഴേക്കും ആനക്കുട്ടി മഞ്ഞയും കറുപ്പും ചായപ്പെൻസിലുകൾ എടുത്തു നീട്ടി.
ഒരു മുയൽക്കുട്ടിയും കടുവക്കുട്ടിയും കൈകോർത്തു പിടിച്ച് പേപ്പറിൽ നിന്ന് ഇറങ്ങി വന്നു. ആനക്കുട്ടി ഇരുവരേയും ചേർത്തു പിടിച്ചു.
പേപ്പറിൽ നിന്ന് പിന്നേയും പലരും ഇറങ്ങി വന്നു. സീബ്രക്കുട്ടി, കരടിക്കുട്ടി, പുലിക്കുട്ടി, കുറുക്കൻകുട്ടി … അങ്ങനെ പലപല കുട്ടികൾ… പുതിയ ആളുകളെ കണ്ട് ഉറുമ്പുകൾ ഓടിയെത്തി. എല്ലാരും തമ്മിൽ തമ്മിൽ നോക്കി. ചിരിച്ചു. വിശേഷം പറഞ്ഞു.
പിന്നെ കളിക്കാൻ തുടങ്ങി.
തൊട്ടുകളി, ഒളിച്ചുകളി, ഓടിക്കളി, ചാടിക്കളി, മരംതൊട്ടുകളി. പലതരം കളികൾ.

ആരും തോൽക്കാത്ത കളികൾ. എല്ലാവരും ജയിക്കുന്ന കളികൾ.

കാടാകെ കളി നിറഞ്ഞു. ചിരി നിറഞ്ഞു.
കുട്ടിയുടെ കണ്ണിലും മൂക്കിലും കവിളിലും ചുണ്ടിലും ചിരി പടർന്നു.
മരക്കൊമ്പിൽ ഞാന്നുകിടന്ന് നക്ഷത്രവും ചിരിച്ചു..
നക്ഷത്രമരവും കുളവും ചിരിച്ചു.
പച്ച പച്ച ഇലകളുള്ള മരങ്ങളും ചിരിച്ചു.
ചോപ്പ് ചോപ്പ് പൂക്കളുള്ള മരങ്ങളും ചിരിച്ചു.
അല്ലാ, ആരുടേയോ കരച്ചില് കേൾക്കുന്നുണ്ടല്ലോ. കുട്ടി കാതു കൂർപ്പിച്ചു. എല്ലാവരും കാതുകൂർപ്പിച്ചു.
“വീടിന്റെ കരച്ചിലാണല്ലോ കേൾക്കുന്നത്. “
കുട്ടി വീടിന്റെ അടുത്തേക്കോടി. മറ്റുള്ളവരും കൂടെയോടി.

നാല്

വീട് തേങ്ങിത്തേങ്ങി കരയുകയാണ്.
എക്കിട്ടും മുക്കിട്ടും കരയുകയാണ്.
“എന്തേ വീടേ, എന്തു പറ്റീ?” കുട്ടി വീടിനെ തൊട്ടുതലോടി.
“കരയല്ലേ വീടേ…” ആനക്കുട്ടി വീടിന്റെ കണ്ണു തുടച്ചു.
“ചക്കരവീടല്ലേ, പുന്നാരവീടല്ലേ, എന്തിനാ കരയണത്…”
കഴുതക്കുട്ടി ചോദിച്ചു.
മാൻകുട്ടി ചോദിച്ചു.
പുലിക്കുട്ടി ചോദിച്ചു.
എല്ലാരും, എല്ലാരും ചോദിച്ചു.
” കിളികിളികിളി കിളികിളികിളി.”
ഉറുമ്പുകൾ വീടിന്റെ മേലാകെ ഇക്കിളിയാക്കി .
വീട് കണ്ണു തുടച്ചു. മൂക്കു ചീറ്റി.

e n sheeja , story , iemalayalam


“എന്നെ മാത്രം ആരും കളിക്ക് കൂട്ടീലല്ലോ. എന്നെ ആർക്കും ഇഷ്ടല്ല്യാത്തോണ്ടല്ലേ.”
“അതായിരുന്നോ കാര്യം,” കുട്ടി മൂക്കത്ത് വിരല് വെച്ചു.
”അതായിരുന്നോ കാര്യം…” കേട്ടോര് കേട്ടോര് മൂക്കത്ത് വിരല് വെച്ചു.
” ഇപ്പോ മാറ്റിത്തരാലോ വീടിന്റെ സങ്കടം.”
കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്
വീടിനകത്തേക്ക് കയറി.
എല്ലാരും വീടിനകത്തേക്ക് കയറി.
കളി തുടങ്ങി. തൊട്ടുകളി, ഒളിച്ചുകളി,ഓടിക്കളി, ചാടിക്കളി…
വീട് കുലുങ്ങിച്ചിരിച്ചു. ചിരിച്ചു ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി.
“എനിക്ക് സന്തോഷം വന്നിട്ട് വയ്യേ. ഞാനൊന്ന് തലകുത്തിമറിഞ്ഞു കളിക്ക്യാണേ” വീട് ഉറക്കെ വിളിച്ചു പറഞ്ഞു.
എല്ലാർക്കും ആവേശമായി.
“റെഡി. വൺ,ടൂ, ത്രീ” എല്ലാരും കൂടി ഒരുമിച്ച് പറഞ്ഞതും വീട് തലകുത്തി മറിഞ്ഞു.
ആനക്കുട്ടി മലർന്നുകിടന്ന് ചിരിച്ചു. തുമ്പിക്കയ്യിൽ തൂങ്ങിയാടി ചിരിക്യാണ് കുരങ്ങൻ കുട്ടി. മാൻകുട്ടിയും കടുവക്കുട്ടിയും പുലിക്കുട്ടിയും സീബ്രക്കുട്ടിയുമെല്ലാം ഒരു മൂലയിൽ കെട്ടിപ്പിണഞ്ഞ് കിടക്കുന്നു. കുട്ടിയാകട്ടെ, ഒരു തൂണിന്റെ മോളിൽ തൂങ്ങിക്കിടക്കുകയാണ്. എല്ലാർക്കും ചിരി. ചിരിയോടു ചിരി.
വീടാകെ ചിരി നിറഞ്ഞു..
പച്ച പച്ച ഇലകളുള്ള മരങ്ങൾ ജനലിലൂടെ എത്തി നോക്കി… ഉള്ളിലേക്ക് തലനീട്ടി.
ചോപ്പ് ചോപ്പ് പൂക്കളുള്ള മരങ്ങൾ വാതിലിലൂടെ എത്തി നോക്കി… ഉള്ളിലേക്ക് തലനീട്ടി…
നക്ഷത്ര മരവും ഉള്ളിലേക്ക് തലനീട്ടി.
പച്ച പച്ച ഇലകളിൽ ചിരി പടർന്നു.
ചോപ്പ് ചോപ്പ് പൂക്കളിൽ ചിരി പടർന്നു.
വീടൊരു കാടായി ചിരിച്ചു…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: E n sheeja story for children veedoru kaadu kaadoru veedu

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express