scorecardresearch

കുഞ്ഞാപ്പിയും അമ്മയും കളിക്കുന്നു

"അയ്യോ... അങ്ങനെയാണെങ്കില് നമ്മക്ക് വേഗം രക്ഷപ്പെടാം... ദാ... നമ്മക്ക് ആ സ്പീഡ് ബോട്ടില് കേറി രക്ഷപ്പെടാം." ഇ എൻ ഷീജ എഴുതിയ കുട്ടികളുടെ കഥ വായിക്കാം

"അയ്യോ... അങ്ങനെയാണെങ്കില് നമ്മക്ക് വേഗം രക്ഷപ്പെടാം... ദാ... നമ്മക്ക് ആ സ്പീഡ് ബോട്ടില് കേറി രക്ഷപ്പെടാം." ഇ എൻ ഷീജ എഴുതിയ കുട്ടികളുടെ കഥ വായിക്കാം

author-image
E N Sheeja
New Update
E N Sheeja Story

ഒരു ദിവസം കുഞ്ഞാപ്പി നിലത്തിരുന്ന് കളിക്ക്യായിരുന്നു. അമ്മ പുസ്തകം വായിക്കേം ആയിരുന്നു. കുറച്ച് നേരം കളിച്ചപ്പോ കുഞ്ഞാപ്പിക്ക് മടുത്തു. ഒറ്റയ്ക്ക് കളിച്ച് മടുത്തു. കുഞ്ഞാപ്പി അമ്മേടെ അടുത്തേക്ക് ചെന്നു.

Advertisment

"അമ്മേ, അമ്മേ കളിക്കാൻ വാ." കുഞ്ഞാപ്പി അമ്മയെ വിളിച്ചു.

"അമ്മ വായിക്ക്യല്ലേ കുഞ്ഞാപ്പീ." അമ്മ പുസ്തകത്തിൽ നിന്ന് തല ഉയർത്താതെ പറഞ്ഞു.

"അമ്മേ അമ്മേ കളിക്കാൻ വാ" കുഞ്ഞാപ്പി അമ്മയെ ഇക്കിളിയാക്കാൻ തുടങ്ങി... കിളി കിളി കിളി ഇക്കിളിയാക്കാൻ തുടങ്ങി..

അമ്മ ചിരിച്ചു..എന്നിട്ട് പറഞ്ഞു "കളിച്ചോളൂ ..അമ്മയുടെ കുഞ്ഞാപ്പി കട്ടിലിൽ കയറി കളിച്ചോളൂ. ഇത്തിരി കഴിഞ്ഞാൽ അമ്മയും വരാം."

അങ്ങനെ കുഞ്ഞാപ്പി  കട്ടിലിൽ കേറി.

എന്നിട്ട് പറഞ്ഞു "അമ്മേ ഇത് കട്ടിലല്ലാട്ടോ.. കുഞ്ഞാപ്പീടെ തോണിയാണ് ട്ടോ. കുഞ്ഞാപ്പി തോണി തൊഴയാണേ... കുഞ്ഞാപ്പി പുഴയിൽ തോണി തുഴയും. കായലിൽ തോണി തുഴയും. കടലിലും തോണി തുഴയും. അമ്മ കണ്ടോളൂ. കുഞ്ഞാപ്പി കടലിൽ തോണി തുഴയുന്നത് കണ്ടോളൂ. തൊഴഞ്ഞ് തൊഴഞ്ഞ് പോവുന്നത് കണ്ടോളൂ.

അപ്പോ അമ്മ പറഞ്ഞു "ആഹാ .. അത് ശരിയാണല്ലോ ..അമ്മേടെ കുഞ്ഞാപ്പി സൂപ്പറാണല്ലോ. അയ്യോ സൂക്ഷിക്കണേ. അവിടെ രണ്ടുമൂന്നു സ്രാവിനെ കാണുന്നുണ്ടല്ലോ. വല്യ സ്രാവാണല്ലോ?

"അയ്യോ സ്രാവ്ണ്ടോ? എന്നാ അമ്മയും കൂടി കയറിക്കോളൂ തോണീല്.

കുഞ്ഞാപ്പി അമ്മയെ കട്ടിലിലേക്ക് കയറ്റി. പിന്നെ കുഞ്ഞാപ്പീം അമ്മേം കൂടി തോണി തുഴയാൻ തുടങ്ങി..

E N Sheeja Story

ഒരു ദിവസം കുഞ്ഞാപ്പിയും അമ്മയും കൂടി ബസ്സിൽ കേറി റ്റാറ്റാ പോവുകയായിരുന്നു. അപ്പോ  കുഞ്ഞാപ്പി പറഞ്ഞു "അമ്മേ, നമ്മള് റോഡിലൂടെയല്ലാട്ടോ പോണത്. ഇത് മുങ്ങിക്കപ്പലാ. നമ്മള് കടലിനടിയിൽ കൂടിയാണ്‌ട്ടോ പോണത്. "

അപ്പോ അമ്മ പറഞ്ഞു "ആഹാ..ശരിയാണല്ലോ. ആ പവിഴപ്പുറ്റുകളൊക്കെ കാണാൻ എന്തു ഭംഗ്യാ. എന്തൊക്കെത്തരം മീനുകളാ..."

"ഹായ്. നക്ഷത്രമത്സ്യങ്ങളുംണ്ട്. നല്ല ഭംഗി." കുഞ്ഞാപ്പി ആർത്തു വിളിച്ചു.

ഒരു ദിവസം കുഞ്ഞാപ്പീം അമ്മേം കൂടി ഊഞ്ഞാലാടുകയായിരുന്നു. അപ്പോ കുഞ്ഞാപ്പി പറഞ്ഞു "അമ്മേ.. ഇത് ഊഞ്ഞാലല്ലട്ടോ. ബഹിരാകാശ വാഹനമാണ്. നമ്മള് ബഹിരാകാശത്തുകൂടിയാണ് ട്ടോ പോണത്.

അപ്പം അമ്മ പറഞ്ഞു  "ആഹാ ശരിയാണല്ലോ. എത്രയെത്ര നക്ഷത്രങ്ങളാ. ദാ അങ്ങോട്ട് നോക്കിയേ കുഞ്ഞാപ്പീ. നെറയെ, നെറയെ  നക്ഷത്രങ്ങളെ കാണാനില്ലേ. നക്ഷത്രങ്ങള് കുഞ്ഞാപ്പിയെ നോക്കി ചിരിക്കുന്നുണ്ടല്ലോ."

"ഹായ്, ഹായ്" കുഞ്ഞാപ്പി നക്ഷത്രങ്ങളുടെ നേരെ കൈവീശി. ചിരിച്ചു. പിന്നെ നക്ഷത്രങ്ങളെ എണ്ണാൻ തുടങ്ങി.

ഒരു ദിവസം കുഞ്ഞാപ്പിയും അമ്മയും കൂടി പാർക്കിൽ കളിക്കാൻ പോയി. അപ്പോ കുഞ്ഞാപ്പി പറഞ്ഞു "അമ്മേ ഇത് കാടാണ് ട്ടോ കുഞ്ഞാപ്പി കാട്ടിൽ കളിക്കുകയാണ് ട്ടോ."

അപ്പോ അമ്മ പറഞ്ഞു "ആഹാ ശരിയാണല്ലോ.  വല്യ കാടാണല്ലോ. അമ്മയും കാട്ടിൽ കളിക്കുകയാണല്ലോ."

അപ്പോ കുഞ്ഞാപ്പി പറഞ്ഞു "ഓ..അമ്മേം കാട്ടിലാണ് അല്ലേ.. കണ്ടില്ലേ.
കുഞ്ഞാപ്പി ഒരു കടുവയാണ്. ഒരു കുഞ്ഞാപ്പിക്കടുവ. അമ്മ പേടിക്കരുതേ."

അപ്പോ അമ്മ പറഞ്ഞു "ഏയ്. അമ്മയ്ക്ക് പേടിയൊന്നൂല്ല. അമ്മയും കടുവയല്ലോ. അമ്മക്കടുവ."

"ആഹാ. ഒരു അമ്മക്കടുവയും ഒരു കുഞ്ഞാപ്പിക്കടുവയും."

കുഞ്ഞാപ്പിക്ക് സന്തോഷമായി.

കുഞ്ഞാപ്പിക്കടുവ അലറി "ഗർ…"
അമ്മക്കടുവയും അലറി  "ഗർ…"
കുഞ്ഞാപ്പിക്കടുവയും അമ്മക്കടുവയും ഒന്നിച്ചലറി. "ഗർ...ഗർ... ഗർ..."

ഒരു ദിവസം കുഞ്ഞാപ്പിയും അമ്മയും കൂടി റോഡരികിലൂടെ നടന്നു വരികയായിരുന്നു. നിർത്തിയിട്ട സ്കൂട്ടറിനടുത്തേക്ക് നടന്നു വരികയായിരുന്നു. അപ്പോ കുഞ്ഞാപ്പി പറഞ്ഞു 

"അമ്മേ ഇതു വഴിയല്ലാട്ടോ. പുഴയാണ്.നിറയെ മുതലകളുള്ള പുഴ. വെള്ളത്തില് കാല് തട്ടാതെ നടക്കണേ."

E N Sheeja Story

അപ്പോ സ്കൂട്ടറിനെ ചൂണ്ടിക്കാട്ടി അമ്മ പറഞ്ഞു " അയ്യോ!  അങ്ങനെയാണെങ്കില് നമ്മക്ക് വേഗം രക്ഷപ്പെടാം. ദാ... നമ്മക്ക് ആ സ്പീഡ് ബോട്ടില് കേറി രക്ഷപ്പെടാം."

അമ്മ സ്കൂട്ടറിൽ കയറി. കുഞ്ഞാപ്പിയും സ്കൂട്ടറിൽ കയറി.

"സ്പീഡ് ബോട്ടല്ലേ? ലൈഫ് ജാക്കറ്റിടണ്ടേ കുഞ്ഞാപ്പീ?" അമ്മ ഹെൽമറ്റെടുത്ത് തലയിൽ വെച്ചു.

"ശരിയാ. ലൈഫ് ജാക്കറ്റ് ഇട്ടില്ലേൽ കൊഴപ്പാവും. "കുഞ്ഞാപ്പിയും ഹെൽമറ്റെടുത്ത് തലയിൽ വെച്ചു.

"മുതലകളെ പറ്റിച്ചേ. അമ്മേം കുഞ്ഞാപ്പീം സ്പീഡ് ബോട്ടില് രക്ഷപ്പെട്ടേ."

സ്കൂട്ടറിൽ അമ്മയെ കെട്ടിപ്പിടിച്ചിരുന്ന് കുഞ്ഞാപ്പി വിളിച്ചു പറഞ്ഞു.

ഒരു ദിവസം കുഞ്ഞാപ്പി നോക്കുമ്പോ മാനത്തൊരു മഴവില്ല്. നല്ല ഭംഗിയുള്ള മഴവില്ല്. കുഞ്ഞാപ്പി വിളിച്ചു പറഞ്ഞു "അമ്മേ. അതു മഴവില്ലല്ലാട്ടോ. അത് സ്ലൈഡറാണേ.

കുഞ്ഞാപ്പി ആ സ്ലൈഡറിൽ ഒന്ന് ഉരസിയിറങ്ങിയിട്ട് വരാമേ."

കുഞ്ഞാപ്പി മുറ്റത്തേക്കിറങ്ങി.

"ആഹാ. അമ്മയും വരാലോ. എന്നിട്ട് നമ്മൾക്ക് രണ്ടാൾക്കും കൂടി സ്ലൈഡറിൽ ഉരസിയിറങ്ങാലോ."

അമ്മയും മുറ്റത്തേക്കിറങ്ങി.

കുഞ്ഞാപ്പി അമ്മയെ കെട്ടിപ്പിടിച്ചു. അമ്മ കുഞ്ഞാപ്പിയെയും കെട്ടിപ്പിടിച്ചു. രണ്ടാളും കെട്ടിപ്പിടിച്ച് നിന്നുകൊണ്ട് മഴവില്ലു കണ്ടു.

"അമ്മയുടെ കൂടെ കളിക്കാൻ നല്ല രസമാണ് ട്ടോ. കുഞ്ഞാപ്പി അമ്മയ്ക്ക് ഉമ്മ കൊടുത്തു.

"കുഞ്ഞാപ്പിയുടെ കൂടെ കളിക്കാൻ നല്ല രസമാണ് ട്ടോ. "അമ്മ കുഞ്ഞാപ്പിക്കും ഉമ്മ കൊടുത്തു.

Read More:  ഇ എൻ ഷീജയുടെ മറ്റു രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Priya as

Children Short Story

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: