/indian-express-malayalam/media/media_files/uploads/2022/11/jinan-5.jpg)
അങ്ങനെ ഒരു കാലം. ഒരു രാജ്യത്ത് ഒരിടത്ത് ഒരു കൃഷിക്കാരൻ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.
ഒറ്റയ്ക്ക് എന്ന് പറഞ്ഞു കൂടാ. അയാളുടെ മുറിയിലെ ചുമരിൽ ഒരു കലണ്ടർ തൂങ്ങി കിടക്കുന്നുണ്ട്. ആ കലണ്ടറിൽ ഒരു സുന്ദരിയുടെ ചിത്രമുണ്ട്.
എന്നും അയാൾ പണിക്ക് പോകുമ്പോൾ സുന്ദരിയോട് യാത്ര പറയും.
വെറുതെ.
ഒരു ദിവസം കൃഷിക്കാരൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇങ്ങനെ പറഞ്ഞു: "അല്ലയോ കലണ്ടറിലെ സുന്ദരീ, ഞാൻ പണി കഴിഞ്ഞു വരുമ്പോൾ എനിക്ക് നല്ല ഭക്ഷണം ഉണ്ടാക്കി വെക്കുമോ?"
അത്ഭുതമെന്നു പറയട്ടെ, കൃഷിക്കാരൻ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ അതാ മേശപ്പുറത്ത് ചൂടേറിയ ഭക്ഷണങ്ങൾ!
ഇതെന്ത് കഥ? കൃഷിക്കാരൻ അതെല്ലാം സ്വാദോടെ ഭക്ഷിച്ചു.
പിറ്റേദിവസവും അയാൾ പുറപ്പെട്ടപ്പോൾ പറഞ്ഞു: "അല്ലയോ കലണ്ടറിലെ സുന്ദരീ, ഞാൻ പണി കഴിഞ്ഞു വരുമ്പോൾ എന്റെ വസ്ത്രങ്ങളെല്ലാം കഴുകി വെക്കുമോ?"
അയാൾ മടങ്ങി എത്തിയപ്പോൾ കണ്ടത്, തന്റെ വസ്ത്രങ്ങളെല്ലാം നന്നായി അലക്കിത്തേച്ചു വച്ചിരിക്കുന്നതാണ്. കൃഷിക്കാരന് അത്ഭുതം ഇരട്ടിച്ചു.
അടുത്ത ദിവസവും കൃഷിക്കാരൻ പറഞ്ഞു: "അല്ലയോ കലണ്ടറിലെ സുന്ദരീ, ഞാൻ പണി കഴിഞ്ഞു വരുമ്പോൾ എന്റെ കീറിയ വസ്ത്രം തുന്നി വയ്ക്കുമോ?"
അന്ന് പണിചെയ്തു കൊണ്ടിരിക്കുമ്പോൾ കൃഷിക്കാരന് ഒരു സംശയം: ഇതെങ്ങനെസംഭവിക്കുന്നു? പോയി നോക്കിയാലോ?
കൃഷിക്കാരൻ പണി നേരത്തെ നിർത്തി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി ജനൽവഴി നോക്കിയപ്പോൾ കണ്ടത് കലണ്ടറിലെ സുന്ദരി ഇരുന്നു തുന്നുന്നതാണ്.
കലണ്ടറിൽ നോക്കിയപ്പോൾ സുന്ദരിയെ കാണുന്നില്ല. അയാൾ ശബ്ദമുണ്ടാക്കാതെ വീടിന്റെ പിൻവാതിലിലൂടെ കടന്നുചെന്ന് പെട്ടെന്ന് കലണ്ടർ ചുരുട്ടി വെച്ചു.
/indian-express-malayalam/media/media_files/uploads/2022/11/jinan-1.jpg)
ഞെട്ടിത്തിരിഞ്ഞ് നോക്കിയ സുന്ദരിയോട് അയാൾ പറഞ്ഞു: "എന്റെ സുന്ദരീ,നീ ഇനി കലണ്ടറിലേക്ക് തിരിച്ചു പോകേണ്ട. നമുക്ക് ഒരുമിച്ച് ഇവിടെ താമസിക്കാം."
സുന്ദരി സമ്മതിച്ചു. അയാൾക്ക് കൂട്ടായി, അവിടെ താമസം ആരംഭിച്ചു. കൃഷിക്കാരൻ അവൾക്ക് കലണ്ടറിലെ സുന്ദരി എന്ന് തന്നെ പേരിട്ടു.
അങ്ങനെ അവർ കഴിഞ്ഞു കൂടുകയായിരുന്നു.
ഒരു ദിവസം കലണ്ടറിലെ സുന്ദരി വീടിനു പുറത്തെ ഇടവഴിയിൽ നിന്ന് ഒരു കരച്ചിൽ കേട്ടു. ഓടിച്ചെന്ന് പടിവാതിൽക്കലെത്തി നോക്കിയപ്പോൾ കണ്ടത് കുറച്ചുപേർ നിന്ന് കരയുന്നതാണ്.
അവൾ കാര്യം അന്വേഷിച്ചു. "ഞങ്ങൾ രാജാവിന്റെ ഭടന്മാർ ആണ്. രാജാവിന് ഇന്ന് ഭക്ഷണത്തിന് പ്രാവിന്റെ ഇറച്ചി വേണം. പ്രാവിനെ ഒരിടത്തും കാണാനില്ല. പ്രാവുകൾ ഇല്ലാതെ മടങ്ങിപ്പോയാൽ ഞങ്ങളുടെ തല പോകും"
അവൾ പറഞ്ഞു: "നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട. പ്രാവുകളെ ഞാൻ തരാം."
അവൾ ഒരു കടലാസ് എടുത്ത് ഒരുപാട് പ്രാവുകളെ വെട്ടി ഉണ്ടാക്കി.
എന്നിട്ട് അവയെ കയ്യിൽ വെച്ച്, ഫൂ… എന്നൊരു ഊത്ത് വച്ചുകൊടുത്തു.
അത്ഭുതം!
അതാ ഒരുപാട് പ്രാവുകൾ ചിറകടിച്ച്…
ചിറകടിച്ച്…ചുറ്റും… പറന്നു കളിക്കുന്നു.
ഭടൻമാർക്ക് സന്തോഷമായി. അവർ അതിനെയൊക്കെ വലവീശിപ്പിടിച്ച് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.
കൊട്ടാരത്തിന്റെ അടുക്കളയിൽ അത് കറിയായി തിളച്ചു. ചൂട് പൊന്തുന്ന പ്രവിറച്ചിക്കറി ഭക്ഷണത്തോടൊപ്പം രാജകൊട്ടാരത്തിലെ തീൻമേശമേൽ.
"ഹാ……..യ്….!!!!" എന്ത് രുചി.
രാജാവ് ഇത്ര രുചിയുള്ള ഒരു ഇറച്ചിയും ഇത് വരെ കഴിച്ചിട്ടില്ല.
രാജാവ് ചോദിച്ചു : "നിങ്ങൾക്ക് എവിടുന്നു കിട്ടി ഈ പ്രാവുകളെ?"
ഭടന്മാർ കാര്യം പറഞ്ഞു.
രാജാവ് ആജ്ഞാപിച്ചു : "എങ്കിൽ അവളെ നമ്മുടെ കൊട്ടാരത്തിലേക്ക് വേണം. വേഗം പിടിച്ചുകൊണ്ടുവാ"
ഭടന്മാർ മടിച്ചു മടിച്ച് പറഞ്ഞു: "മഹാരാജാവേ, ആ സ്ത്രീ ഒരു കൃഷിക്കാരന്റെ ഭാര്യയാണെന്ന് തോന്നുന്നു. എങ്ങനെ കൊണ്ടുവരും പ്രഭോ?"
രാജാവ് ആലോചിച്ചു. ശരിയാണ്. അത് രാജനീതി അല്ല. അതിന് ഒരു പോംവഴിയുണ്ട്. ആ കൃഷിക്കാരനെ ഇല്ലാതാക്കാം. അത്ര തന്നെ.
അതെങ്ങനെ?
വെറുതെ കൊല്ലാൻ പാടില്ല. അതിന് എന്തെങ്കിലും കാരണം വേണം.
എന്ത് കാരണം?
രാജാവ് മന്ത്രിമാരുമായി ആലോചിച്ചു.
മന്ത്രിമാർ പറഞ്ഞു: "നമുക്ക് ആർക്കും തന്നെ ചെയ്യാൻ പറ്റാത്ത ഒരു ദൗത്യം ആ കൃഷിക്കാരനെ ഏൽപ്പിക്കാം. ചെയ്തില്ലെങ്കിൽ അയാളുടെ തലവെട്ടാം."
അത് ശരിയാണെന്ന് രാജാവിന് തോന്നി.
"അങ്ങനെയാവട്ടെ"
/indian-express-malayalam/media/media_files/uploads/2022/11/jinan-2.jpg)
മന്ത്രിമാർ കൃഷിക്കാരനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. അവർ പറഞ്ഞു : "നാളെ വരുമ്പോൾ രാജാവുമായി ഒരു കുതിരപ്പന്തയം നടത്തണം. പന്തയത്തിൽ തോറ്റാൽ നിന്റെ തല കാണില്ല."
പന്തയമോ? പാവം കൃഷിക്കാരൻ!
രാജാവിനാണെങ്കിൽ ഒരുപാട് കുതിരകൾ ഉണ്ട്. തനിക്കാണെങ്കിൽ ഒറ്റ കുതിര പോലുമില്ല. അയാൾ കരഞ്ഞു കൊണ്ട് വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തി അയാൾ തന്റെ സുന്ദരിയോട് സങ്കടത്തോടെ പറഞ്ഞു: "കേൾക്കണോ? നാളെ രാജാവ് എന്റെ തല വെട്ടും."
അവൾ പരിഭ്രമിച്ചു. "എന്തിന്?"
"നാളെ രാജാവുമായി ഒരു കുതിരപ്പന്തയം വേണമത്രേ. അതിന് നമുക്ക് കുതിര എവിടെ ?"
കലണ്ടറിലെ സുന്ദരിക്ക് മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല. അവൾ പറഞ്ഞു: "ഒന്നുകൊണ്ടും പേടിക്കേണ്ട. നിങ്ങൾ സുഖമായി കിടന്നുറങ്ങിക്കൊള്ളൂ. ഞാൻ നാളെ നേരത്തെ വിളിച്ചുണർത്താം."
കൃഷിക്കാരൻ കിടന്നുറങ്ങി.
സുന്ദരി രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്ന് വൈക്കോൽ കൊണ്ട് ഒരു കുതിരയെ മെടഞ്ഞെടുത്തു. എന്നിട്ട്, ഫൂ.. എന്നൊരു ഊത്ത് വെച്ചുകൊടുത്തു. അതാ, വെളുത്ത കുഞ്ചിരോമങ്ങൾ വിറപ്പിച്ചു നിൽക്കുന്ന കരുത്തനായ ഒരു കുതിര മുന്നിൽ.
നേരം വെളുത്തു.
പുറത്ത് ടക്, ടക് ടക് … എന്ന ഒച്ച കേട്ടാണ് രാജാവ് ഉണർന്നത്. കൊട്ടാരവാതിൽ തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച. അതാ, കൃഷിക്കാരൻ കുതിരപ്പുറത്ത് കുതിച്ചു കുതിച്ച് കൊട്ടാരത്തിലേക്ക് വരുന്ന കാഴ്ച്ച കണ്ട് രാജാവും മന്ത്രിമാരും പകച്ചു നിന്നു.
പന്തയം ആരംഭിച്ചു. രാജാവിന്റെ കുതിരയെ വെട്ടിച്ച് അതാ കൃഷിക്കാരന്റെ കുതിര മുന്നോട്ടു പാഞ്ഞു പാഞ്ഞു പോകുന്നു. അങ്ങനെ, രാജാവ് പന്തയത്തിൽ തോറ്റുപോയി.
ഇനി എന്ത് ചെയ്യും? മന്ത്രിമാർ കൂടിയാലോചിച്ചു.
കൃഷിക്കാരനെ വീണ്ടും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ഇത്തവണ മറ്റൊരു തന്ത്രമാണ് പ്രയോഗിച്ചത്. രാജാവുമൊത്ത് ഒരു തോണിപ്പന്തയം വെക്കണം.
പാവം കൃഷിക്കാരൻ. അയാൾ വീട്ടിലെത്തി ഭാര്യയോട് വീണ്ടും കരഞ്ഞു പറഞ്ഞു: "അയ്യോ എനിക്ക് വയ്യ. നാളെ ശരിക്കും എന്റെ തല കാണില്ല."
"എന്തു പറ്റി?"
"രാജാവുമൊത്ത് ഒരു തോണിപ്പന്തയം വേണം. അതിന് നമുക്ക് തോണിയില്ലല്ലോ!"
"ആരു പറഞ്ഞു? ഞാൻ വഴി കണ്ടിട്ടുണ്ട്. ഒന്നുകൊണ്ടും വിഷമിക്കേണ്ട. സുഖമായി കിടന്നുറങ്ങിക്കോളൂ. നാളെ ഞാൻ നേരത്തെ വിളിച്ചുണർത്താം."
കൃഷിക്കാരൻ കിടന്നുറങ്ങി.
അവൾ വീണ്ടും രാത്രി ഉറക്കമൊഴിച്ചിരുന്ന് കാർഡ് ബോർഡുകൾ വെട്ടിയെടുത്ത് ഒരു തോണി ഉണ്ടാക്കി.
ഫൂ…
അതാ, പണിക്കുറ്റം തീർന്ന ഒരു തോണി!
രാവിലെ തന്നെ പുഴയിലൂടെ ഒരു തോണി തുഴഞ്ഞു തുഴഞ്ഞു വരുന്ന കൃഷിക്കാരനെ കണ്ട് രാജാവും മന്ത്രിമാരും വീണ്ടും ഞെട്ടി.
തോണിപ്പന്തയം ആരംഭിച്ചു.
/indian-express-malayalam/media/media_files/uploads/2022/11/jinan-3.jpg)
അതാ… പുഴയിൽ രാജാവിന്റെ തോണിയെ മറികടന്ന് കൃഷിക്കാരന്റെ തോണി നീങ്ങുകയാണ്.
രാജാവ് പരിഭ്രമിച്ചു.
എന്നിട്ട് എന്ത് ചെയ്തെന്നോ?
രാജാവ് തന്റെ തോണി കൃഷിക്കാരന്റെ തോണിയുടെ പിന്നിൽ ശക്തിയായി ഒന്ന് ഇടിപ്പിച്ചു . പക്ഷേ, കൃഷിക്കാരന്റെ തോണിക്ക് ഒന്നും സംഭവിച്ചില്ല. അത് ഓളത്തിനൊപ്പം കുണുങ്ങിക്കുണുങ്ങി അങ്ങനെ നീങ്ങി. രാജാവിന്റെ തോണിയാകട്ടെ, പുഴയിലേക്ക് മറിഞ്ഞും വീണു. ഒപ്പം രാജാവും.
ആകെ നാണക്കേടായി. ഇനി എന്തു ചെയ്യും?
മന്ത്രിമാർ ഗാഢമായി കൂടിയാലോചിച്ചു.
കൃഷിക്കാരനെ കൊട്ടാരത്തിലേക്ക് വീണ്ടും വിളിപ്പിച്ചു.
ഇതുവരെ പ്രയോഗിക്കാത്ത ഒരു കുതന്ത്രം അവർ ഉറപ്പിച്ചു വെച്ചിരുന്നു.
"നാളെ രാജാവിന് നല്ലൊരു വസ്ത്രം വേണം. വെറും വസ്ത്രം അല്ല .അതിൽ കടൽ വേണം സൂര്യൻ വേണം. കടലിന്റെ ചിത്രം പോരാ. ശരിക്കും കടൽ വേണം. സൂര്യന്റെ ചിത്രം പോരാ. ശരിക്കും സൂര്യൻ വേണം."
കൃഷിക്കാരൻ ഇത്തവണ കൂടുതൽ വിഷണ്ണനായി. ഇനി രക്ഷയില്ല. അയാൾ മനസ്സിൽ ഉറപ്പിച്ചു.
പരിഭ്രാന്തനായി വീട്ടിൽ എത്തിയ അയാൾ പറഞ്ഞു: "നാളെ എന്റെ കഥ കഴിഞ്ഞതുതന്നെ."
"എന്താ കാര്യം?"
കൃഷിക്കാരൻ കാര്യം പറഞ്ഞു.
ഇത് കേട്ട് കലണ്ടറിലെ സുന്ദരിക്കും വല്ലാത്ത സങ്കടം വന്നു.
കടൽ തുന്നി ഉണ്ടാക്കാം. സൂര്യനെയും. പക്ഷേ ,ശരിക്കുള്ള കടലും സൂര്യനും എങ്ങനെ ഉണ്ടാക്കാം? എങ്കിലും അവൾ സമാധാനിപ്പിച്ചു. "നിങ്ങൾ സുഖമായി കിടന്നുറങ്ങിക്കോളൂ. ഞാൻ നാളെ നേരത്തെ വിളിച്ചുണർത്താം."
ഇങ്ങനെ പറഞ്ഞെങ്കിലും അവൾക്ക് വല്ലാത്ത പേടി തോന്നി. സാവകാശം അവൾ കടലാസിൽ കുറേ തൂവലുകൾ വെട്ടിയെടുത്തു.
എന്നിട്ട്, ഫു…
അതാ, മനോഹരമായ തൂവലുകൾ പറിക്കളിക്കുന്നു.
അവൾ ആ തൂവലുകൾ ഓരോന്ന് പെറുക്കി എടുത്ത് വസ്ത്രം നെയ്യാൻ തുടങ്ങി. നൂല് വളച്ചു വളച്ചു തുന്നി തിരമാലകൾ ഉണ്ടാക്കി. ശരിയാകുന്നില്ലല്ലോ. അവൾക്ക് കരച്ചിൽ വന്നു .കണ്ണുകളിൽ നിന്ന് കണ്ണുനീർ ഇറ്റിറ്റ് വീണു കൊണ്ടിരുന്നു. കണ്ണുനീർ തിരമാലകക്കിടയിൽ പരന്നു നിറഞ്ഞു.
ഇനി, സൂര്യനെ എങ്ങനെ ഉണ്ടാക്കും?
അവൾക്ക് കണ്ണുകൾ മങ്ങുന്ന പോലെ തോന്നി. പരിഭ്രാന്തിയിൽ ഇഴ തെറ്റി സൂചിമുന വിരലിൽ കൊണ്ടു. ഒരു തുള്ളി രക്തം അവൾ തുന്നിക്കൊണ്ടിരുന്ന വസ്ത്രത്തിൽ വീണു. ആ തുള്ളി ഒരു വട്ടമായി അവിടെ ചുവന്നു കിടന്നു.
/indian-express-malayalam/media/media_files/uploads/2022/11/jinan-4.jpg)
പിറ്റേന്ന് നേരം വെളുത്തു. ആകാശത്ത് അവിടെയവിടെ കാർമേഘത്തുണ്ടുകൾ അലയുന്നുണ്ടായിരുന്നു. കൃഷിക്കാരനും കലണ്ടറിലെ സുന്ദരിയും ഒരുമിച്ച് വസ്ത്രവുമായി കൊട്ടാരത്തിലേക്ക് പോയി. കൊട്ടാരമുറ്റത്ത് രാജാവും പരിവാരങ്ങളും കാത്തു നിൽക്കുന്നുണ്ടായിരുന്നു.
കൃഷിക്കാരൻ രാജാവിന് മുൻപിൽ ആ വസ്ത്രം നിവർത്തി വെച്ചു. രാജാവും മന്ത്രിമാരും കുറച്ചു നേരം ആ ഉടുപ്പിന്റെ ഭംഗി കണ്ടുനിന്നു.
എങ്കിലും രാജാവ് പറഞ്ഞു : "വസ്ത്രമെല്ലാം കൊള്ളാം. പക്ഷേ ശരിക്കുള്ള കടൽ എവിടെ? ശരിക്കുള്ള സൂര്യൻ എവിടെ?"
കലണ്ടറിലെ സുന്ദരി മെല്ലെ രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു : "മഹാരാജാവേ, അങ്ങ് ഇതൊന്ന് ധരിച്ചു നോക്കൂ."
മന്ത്രിമാർ രാജാവിനെ ആ വസ്ത്രം അണിയിച്ചു.
ഹാ! സുന്ദരനായ രാജാവ്.
രാജാവ് സ്വയം അടിമുടി നോക്കിയിട്ട് വീണ്ടും ചോദിച്ചു: "ഇതിൽ ശരിക്കുള്ള കടലും ശരിക്കുള്ള സൂര്യനും എവിടെ?"
ഉടൻ കലണ്ടറിലെ സുന്ദരി മെല്ലെ മെല്ലെ രാജാവിന്റെ അടുത്ത് ചെന്ന് ഉടുപ്പിന് നേരെ നോക്കി ഒറ്റ ഊത്ത്.
ഫൂ…
അതാ, കടൽ ഇളകിമറിയുമറിയുന്നു… തിരമാലകൾ പൊങ്ങിപ്പൊങ്ങി പോകുന്നു… രാജാവ് കടലിൽ താണു താണു പോകുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. മാത്രമല്ല, ചുകന്ന ഒരു സൂര്യൻ അതാ, കടലിൽ നിന്ന് ഉയർന്ന് പൊങ്ങിപ്പൊങ്ങി ആകാശത്തേക്ക്…
കലണ്ടറിലെ സുന്ദരിയുടെ വിരലിൽ നിന്ന് ഇറ്റു വീണ ചോരത്തുള്ളി ആയിരുന്നു അത്.
മൂടിക്കെട്ടിയ ആകാശം ഒന്ന് തെളിഞ്ഞു.
അങ്ങനെയാണ് ആ രാജ്യത്ത് രാജവാഴ്ച അവസാനിച്ചതും സ്വാതന്ത്ര്യത്തിന്റെ സൂര്യൻ ഉദിച്ചുയർന്നതും.
- കുട്ടിക്കഥക്കൂട്ടിൽ നാളെ ബിജു തുറയിൽക്കുന്ന് എഴുതിയ കഥ വായിക്കാം
/indian-express-malayalam/media/media_files/uploads/2022/11/biju-card.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us