ഉണ്ണിക്കഥ

”അതേയ്, എന്നെ ജാന്വേച്ചീടടുത്തുനിന്ന് പുന്നെല്ലു കൊടുത്തു വാങ്ങീതൊന്ന്വല്ലാട്ടോ മുത്തശ്ശീ. അമ്മ പത്തുമാസം വയറ്റില്‍ ചുമന്ന്, നൊന്തു പെറ്റതാ!” ഡോ.കെ. ശ്രീകുമാർ എഴുതിയ കഥ

dr. k. sreekumar, story, iemalayalam

ആരോടൊക്കെയോ ചോദിച്ചിട്ടും കുട്ടിക്ക് വ്യക്തമായൊരു ഉത്തരം കിട്ടാത്ത ചോദ്യമാണിത്.

”ഞാനെങ്ങനെയാ ഉണ്ടായേ?”

ഉണ്ണിമായ ആദ്യം ചോദിച്ചത് മുത്തച്ഛനോടും മുത്തശ്ശിയോടുമാണ്. വേണ്ടാത്ത ഓരോന്നു ചോദിക്കാന്‍ വന്നിരിക്കുന്നു ഉണ്ണിമോള്‍ എന്ന ഭാവമായിരുന്നു രണ്ടാളുടെ മുഖത്തും. പക്ഷേ അവള്‍ പിന്മാറാന്‍ തയാറായില്ല.

”ഒന്നു പറയൂന്നേ,” അവള്‍ കെഞ്ചി.

”അതോ? ഇവിടെ തുണിയലക്കിക്കൊണ്ടുവരണ ജാനൂല്ലേ, അവളുടെ കയ്യീന്ന് ഇരുന്നാഴി പുന്നെല്ലുകൊടുത്തു വാങ്ങീതാ നിന്നെ.”

മുത്തശ്ശി പറഞ്ഞൊഴിഞ്ഞു. മുത്തച്ഛനാവട്ടെ, താനീ ലോകത്തൊന്നുമല്ല എന്ന മട്ടില്‍ പുറത്തേയ്ക്കു കണ്ണും നട്ടിരുന്നു.

”മുത്തശ്ശി എന്നെ പറ്റിക്കാന്‍ പറയണതാ,” ഉണ്ണിമോള്‍ ചിണുങ്ങി.

”എനിക്കിത്രയൊക്കേ അറിയൂ. തൃപ്തിയായില്ലെങ്കില്‍ നിന്റെ അമ്മോട് ചെന്നു ചോദിക്ക്,” മുത്തശ്ശി വിഷയം കൊട്ടിയടച്ചു.

dr. k. sreekumar, story, iemalayalam

”അമ്മേ അമ്മേ, ഞാനെങ്ങനെയാ ഉണ്ടായേ? മുത്തശ്ശി പറയ്യാണ് ജാന്വേച്ചിക്ക് ഇരുന്നാഴി നെല്ലു കൊടുത്തു വാങ്ങീതാന്ന്… ആണോ അമ്മേ?”

ഉണ്ണിമോള്‍ അമ്മയുടെ അടുത്തെത്തി ചോദിച്ചു.

അമ്മ ഒരു നിമിഷം ആലോചിച്ച ശേഷം അവളെ മടിയിലിരുത്തി പറഞ്ഞുതുടങ്ങി.

”നെല്ലും തവിടും കൊടുത്തു വാങ്ങീതൊന്ന്വല്ല എന്റെ ഉണ്ണിമോളെ. ദാ അമ്മേടെ, ഈ വയറ്റിലാ മോളുണ്ടായേ. പത്തുമാസം മോളെന്റെ വയറ്റില്‍ തന്നെ കിടന്നു. പിന്നല്ലേ പുറത്തുവന്നത്.”

”അതെങ്ങന്യാ ഞാന്‍ അമ്മേടെ വയറ്റില് കയറ്യേ?”

അവള്‍ നെറ്റി ചുളിച്ചു.

”പറയാം. ശ്രദ്ധിച്ചു കേട്ടോളൂ. ഞാന്‍ മോളുടെ അച്ഛനെ കല്യാണം കഴിച്ചില്ലേ. അപ്പോള്‍ ഞങ്ങള്‍ക്കു തോന്നി മിടുക്കിയായ ഒരു മോളെ വേണമെന്ന്. അങ്ങനെ അച്ഛനും അമ്മേം ചേര്‍ന്നപ്പോ ഇത്തിരിപ്പോന്ന മോളുണ്ടായി. അമ്മേടെ വയറ്റിലെ ഗര്‍ഭപാത്രത്തിലാണ് മോള് ചുരുണ്ടുകിടന്നത്. അവിടെക്കിടന്ന് മോള് വലുതായി വന്നു.”

അമ്മ തുടര്‍ന്നു.

”അപ്പോള്‍ എനിക്ക് കഴിക്കാനുള്ളതൊക്കെ ആരാ തന്നേ?”

അവള്‍ക്കറിയേണ്ടത് അതായിരുന്നു.

”മോളുടെ പൊക്കിളും അമ്മേടെ ഗര്‍ഭപാത്രവും തമ്മില്‍ പൊക്കിള്‍ക്കൊടിയെന്ന ഒരു വള്ളികൊണ്ട് ബന്ധിച്ചിരുന്നു. അമ്മ ഗര്‍ഭകാലത്ത് കഴിച്ചിരുന്ന ഭക്ഷണത്തില്‍നിന്നു മോള്‍ക്കു വേണ്ടത് പൊക്കിള്‍ക്കൊടി വഴി എത്തിയിരുന്നു. പത്തുമാസം കൊണ്ടാണ് മോള്‍ക്കു പൂര്‍ണ വളര്‍ച്ച വന്നത്. അപ്പോഴാണ് ഞാന്‍ നിന്നെ പ്രസവിച്ചത്,” അവളെ തലോടി അമ്മ പറഞ്ഞു.

”അപ്പോ അമ്മയ്ക്ക് വേദനിച്ചോ?”

”പിന്നെ വേദനിക്കാതെയോ? വയറ്റില്‍നിന്ന് നീ പുറത്തേയ്ക്കിറങ്ങി വന്നപ്പോള്‍ ഞാനനുഭവിച്ച വേദനയാണ് പ്രസവവേദന. എന്നാല്‍ എന്റെ പൊന്നുമോളുടെ ചോരച്ച മുഖം കണ്ടതും വേദനയൊക്കെ മറന്നു. പൊക്കിള്‍ക്കൊടി മുറിച്ചാണ് നിന്നെ പുറത്തെടുത്തത്. അതുണ്ടായിരുന്ന സ്ഥലമാണ് പൊക്കിള്‍.”

അമ്മ അവളെ ചേര്‍ത്തു പിടിച്ച് ഉമ്മവച്ചു. ഉണ്ണിമോള്‍ അതെല്ലാം ശ്രദ്ധാപൂര്‍വം കേട്ടിരുന്നു.

dr. k. sreekumar, story, iemalayalam

Read More: ഡോ.കെ. ശ്രീകുമാറിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

”പൊക്കിള്‍ക്കൊടി പോയതോടെ മോള്‍ക്ക് ആഹാരം കഴിക്കാന്‍ പറ്റില്ല. ള്ളക്കുട്ടല്ല്യേ നീയപ്പോള്‍. കട്ടിയുള്ളതൊന്നും തിന്നാനും പറ്റില്ല. അപ്പോള്‍ നിനക്കായി അമ്മേടെ രണ്ട് അമ്മിഞ്ഞേലും പാലുനിറഞ്ഞു. അതുമാത്രം കുടിച്ചാണ് ആദ്യമൊക്കെ നീ വളര്‍ന്നേ. പിന്നയല്ലേ കൂവപ്പൊടീം കുറുക്കും മുത്താറീം ഒക്കെ കഴിക്കാന്‍ തുടങ്ങിയത്? അങ്ങനെ നന്നായി ഭക്ഷണം കഴിച്ചുവളര്‍ന്ന് എന്റെ ഉണ്ണിമോള്‍ ഇപ്പോള്‍ മിടുക്കിക്കുട്ടിയായില്ലേ?”

അവള്‍ക്കു പിന്നെയും കിട്ടി അമ്മയുടെ വക മണിമുത്തം.

”പിന്നെന്താ അമ്മേടെ വയറ്റില് വേറെ കുഞ്ഞുണ്ടാവാതിരുന്നേ?”

അവള്‍ വിടാന്‍ ഭാവമില്ല.

”ഞങ്ങള്‍ക്ക് ഞങ്ങളുടെ ഉണ്ണിമോള്‍ മാത്രം മതീന്ന് ഞാനും അച്ഛനും തീരുമാനിച്ചു. അമ്മ ഇനീം പ്രസവിക്കാതിരിക്കാനുള്ള ഒരു ശസ്ത്രക്രിയയും ചെയ്തു.”

അമ്മ വിശദീകരിച്ചു.

”അതെന്തിനാ,” അവള്‍ ചോദിച്ചു.

”അതോ? എന്റേം അച്ഛന്റേം സ്‌നേഹം മുഴുവനായും നിനക്കു കിട്ടാന്‍. അത് മറ്റോരു കുഞ്ഞിനു കൂടി പങ്കിട്ടുപോകുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു,” അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.

തന്നെ പത്തുമാസം വയറ്റില്‍ ചുമന്ന്, നൊന്തു പ്രസവിച്ച അമ്മയോട് അവള്‍ക്ക് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി. അവള്‍ അമ്മയുടെ കഴുത്തിലൂടെ കയ്യിട്ട് ആ മുഖത്ത് തുരുതുരാ ഉമ്മവച്ചു.

പിന്നെ ഉണ്ണിമോള്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് ഓടിച്ചെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു:

”അതേയ്, എന്നെ ജാന്വേച്ചീടടുത്തുനിന്ന് പുന്നെല്ലു കൊടുത്തു വാങ്ങീതൊന്ന്വല്ലാട്ടോ മുത്തശ്ശീ. അമ്മ പത്തുമാസം വയറ്റില്‍ ചുമന്ന്, നൊന്തു പെറ്റതാ!”

”ഈ പെണ്ണിന്റൊരു കാര്യം…” മുത്തശ്ശി തലക്കടിച്ചു ചിരിച്ചു.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Dr k sreekumar story for children unnikatha

Next Story
മഞ്ജരിയുടെ പൂന്തോട്ടങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com