രണ്ടു ശിഷ്യന്മാര്‍

കുറുക്കച്ചന്‍ കാവലിപ്പുഴയില്‍നിന്നു വരാലുകളെ പിടിക്കുകയായിരുന്നു. അപ്പോഴാണു കിഴക്കന്‍ കാട്ടില്‍നിന്നു ചോന്നന്‍ കുന്ന് കയറി കാടിറങ്ങി കാവലിപ്പുഴയുടെ തീരത്ത് രണ്ടു കുറുക്കന്മാർ വന്നെത്തിയത്. ഒന്നൊരു മുറിവാലന്‍. മറ്റവനൊരു കുറുങ്കാലന്‍. രണ്ടുപേരും നന്നായി ക്ഷീണിച്ചിരുന്നു. ശരീരത്തില്‍ അവിടവിടെയായി ചോര പൊടിയുന്നുണ്ട്.

കണ്ണുകളില്‍ അപാരമായ ഭയം തളംകെട്ടി നിന്നിരുന്നു. നദിക്കരയില്‍ വന്ന് അവര്‍ വെള്ളം നക്കിനുണയാന്‍ തുടങ്ങി. കാവലിക്കരയില്‍ ഒരു വരാലിനെയും കടിച്ചു പിടിച്ചിരിക്കുകയായിരുന്നു കുറുക്കച്ചന്‍. കുറുക്കച്ചനെ കണ്ടപാടെ വന്നവര്‍ രണ്ടുപേരും പതുങ്ങിപ്പതുങ്ങി അടുത്തുകൂടി.

കുറുക്കച്ചന്‍റെ വായിലെ പിടയ്ക്കുന്ന മീനിനെ കണ്ടപ്പോള്‍ കുറുക്കന്മാർ രണ്ടുപേരുടെയും വായില്‍ വെള്ളമൂറി. അവര്‍ ദയനീയമായി കുറുക്കച്ചനെ നോക്കുകയും ചെയ്തു. കുറുക്കച്ചന്‍ വായിലുള്ള വരാലിനെ അവര്‍ക്കുനേരെ കുടഞ്ഞു കൊടുത്തു. കുറുക്കന്മാർ രണ്ടുപേരും അതിനുമേല്‍ ചാടിവീണു.

കുറുക്കച്ചന്‍ കാവലിക്കരയിലേക്കു വീണ്ടും നടന്നു. കുറുക്കന്മാർ അവനു പിന്നാലെയും. കുറുക്കച്ചന്‍ എന്തോ ആംഗ്യം കാട്ടി പുഴയിലേക്കെടുത്തു ചാടി. പിന്നാലെ അവരും. മുങ്ങിനിവരുമ്പോഴേക്കും മൂന്നുപേരുടെയും വായില്‍ പിടയ്ക്കുന്ന വരാലുകളായിരുന്നു.

കുറുക്കച്ചന്‍ പതുക്കെ വെള്ളത്തില്‍നിന്നു കരയിലേക്കു കയറി ഒരു പാറപ്പുറത്ത് ഇരിപ്പായി. കിഴക്കന്‍ കാട്ടില്‍നിന്ന് വന്നവര്‍ അവര്‍ പിടിച്ച ഓരോ വരാലിനെയും കുറുക്കച്ചന്‍റെ മുന്നില്‍ കൊണ്ടുചെന്നിട്ടു.

കുറുക്കച്ചന് ഏതായാലും സന്തോഷമായി. വന്നവര്‍ നന്ദിയുള്ളവരാണ്. വേണമെങ്കില്‍ ഇവരെ ശിഷ്യന്മാരായി കൂട്ടാവുന്നതാണ്. പക്ഷേ, അതിനുമുമ്പ് എവിടുന്നു വരുന്നു, എന്തിനുവന്നു എന്നുള്ള കാര്യങ്ങളൊക്കെ അറിയണം.

കുറുക്കച്ചന്‍ കാതോര്‍ത്തിരുന്നു. കിഴക്കന്‍ കാട്ടില്‍നിന്നു വന്ന കുറുക്കന്മാർ കഥ പറഞ്ഞുതുടങ്ങി.k t baburaj, childrens novel, iemalayalam

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook