പുതിയ ഒടിയന്‍

ജംബൂകന്‍ മൂത്താരുടെ മുന്നില്‍ കുറുക്കച്ചന്‍ നിന്നു.

മൂത്താര് കുറച്ചുനേരമായി കുറുക്കച്ചന്‍റെ കണ്ണുകളിലേക്കു തന്നെ നോക്കിനില്ക്കുകയായിരു ന്നു. അവന്‍റെ കണ്ണുകളില്‍ ഒരു കൂസലില്ലായ്മയും അഹങ്കാരവും തെളിഞ്ഞുനില്ക്കുന്നില്ലേയെ ന്ന് മൂത്താര് സംശയിച്ചു.

കുറച്ചുനേരത്തിനു ശേഷം മൂത്താര് പതുക്കെ തൊണ്ടയനക്കി ”എന്താ, എന്താണ് നിന്‍റെ ഭാവം?”

കുറുക്കച്ചന്‍ അലക്ഷ്യമായി അപ്പോള്‍ എങ്ങോ നോക്കി.

“പരാതികളാണല്ലോ ഒരുപാട്. കാട്ടില്‍ നീയാര്‍ക്കും ഇരിക്കപ്പൊറുതി കൊടുക്കുന്നില്ലെന്ന്. അന്യായമായി മൃഗങ്ങളെ ആക്രമിക്കുകയാണെന്ന്. അമാവാസിയില്‍ ഭയംകൊണ്ട് ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്ന്…”

കുറുക്കച്ചനപ്പോഴും മിണ്ടിയില്ല.

“വിദ്യ പഠിക്കുന്നത് ഗുണത്തിനായിരിക്കണം. അല്ലെങ്കില്‍ ആ വിദ്യതന്നെ അന്തകനായിത്തീരും.”

കുറുക്കച്ചനപ്പോള്‍ ജംബൂകന്‍ മൂത്താരെയൊന്നു നോക്കി. വെറുതെ വാലിളക്കി. ആ വാലിന്‍റെ ചലനത്തില്‍ മൂത്താരോടുള്ള ഒരു പരിഹാസമുണ്ടായിരുന്നു.

“കിളവന്‍… ചാവാറായി. എന്നിട്ടും രാജാവാണെന്നാ വിചാരം. ഉപദേശിക്കുന്നതു കണ്ടില്ലേ,” കുറുക്കച്ചന്‍ ഉള്ളില്‍ പറഞ്ഞു.

“വിദ്യ കൊണ്ടറിയേണം, ആദ്യം അവനവനെത്തന്നെ
വിദ്യ കൊണ്ടു തിരുത്തേണം, നമ്മുടെ തന്നെ തെറ്റുകളെ
പക, കോപം, അത്യാഗ്രഹം എന്നിവയൊക്കെ വിദ്യകൊണ്ടടക്കേണം…”

കുറുക്കച്ചന് ചിരിവന്നു. “ഈ കിഴവന്‍ എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് വിളിച്ചു പറയുന്നത്, ” എന്ന് അവനുള്ളില്‍ തോന്നി.

k t baburaj ,childrens novel ,iemalayalam

“ഒടിയാ…” ജംബൂകന്‍ മൂത്താര് കുറുക്കച്ചനെ വിളിച്ചു.

” ഒരു നാള്‍ നിന്‍റെ ഒടിവിദ്യകള്‍ ഫലിക്കാതെ വരും. അന്ന് തെക്കന്‍കാട്ടിലെ മൃഗങ്ങള്‍ പിന്നാലെ പാഞ്ഞ് നിന്നെ കടിച്ചുകീറും.”

“എന്നെയോ… ” കുറുക്കച്ചന്‍ ചോദിച്ചു.

“അതേ… നിന്നെത്തന്നെ …”

കുറുക്കച്ചനപ്പോള്‍ കൂവാന്‍ തോന്നി. കൂവി കൂവി ചിരിക്കാന്‍ തോന്നി. മുന്നോട്ടാഞ്ഞ് അവന്‍ മൂത്താരോട് ചോദിച്ചു: ” ഇന്നീ തെക്കന്‍ കാട്ടില്‍ എന്നെ തോല്‍പ്പിക്കാനാര്. ഒരു മൃഗവും പേടിച്ച് എന്‍റെ മുന്നില്‍പോലും വരില്ല.”

ജംബൂകന്‍ മൂത്താര് ഒന്നമര്‍ത്തി മൂളി.

” അതിനാണ് അഹങ്കാരം എന്നു പറയുന്നത്. ഒടിവിദ്യ നിനക്ക് എല്ലായ്പ്പോഴും  കാട്ടാനാവില്ല. എല്ലാവരോടുമാവുകയുമില്ല. ധീരനായ ഒരു മൃഗം മുന്നില്‍ വന്നുനിന്നാല്‍ ഏതൊടിയനും ഒന്നു പതറും. പിന്നെ ദുഷ്ടത കാട്ടാന്‍ തുടങ്ങിയാല്‍ ഒടിയനുമേല്‍ അവനേക്കാള്‍ വലിയൊരു ഒടിയന്‍ ജനിക്കും. കരിമ്പടം വീശി അവന്‍ നിന്നെ വീഴ്ത്തും.”

“എന്നെയോ… മൂത്താരെ വായടക്കിക്കോ…”

കുറുക്കച്ചന് കലികയറി. അവന്‍ നിന്നിടത്തുനിന്ന് ഉയരത്തിലൊന്നു ചാടി. അപ്പോഴവിടെ ഇടി മുഴക്കമുണ്ടായി.

” ഈ തെക്കന്‍ കാട്ടില്‍ എന്നെ വീഴ്ത്താന്‍ മറ്റൊരൊടിയനോ… അതുവേണ്ട.”

കുറുക്കച്ചന്‍ പെട്ടെന്ന് ഒരു ചുഴലിക്കാറ്റുപോലെ വീശാന്‍ തുടങ്ങി. ആ ചുഴലി ജംബൂകന്‍ മൂത്താര്‍ക്കു മുന്നിലെത്തി. മൂത്താരുടെ വാലില്‍ കടിച്ച് കുറുക്കച്ചന്‍ വട്ടത്തില്‍ ചുറ്റി. ഇരേഴ് പതിനാല് ലോകങ്ങളും കറങ്ങിക്കറങ്ങി ഒന്നാവുമെന്ന് തോന്നിച്ചൊരു നിമിഷം കുറുക്കച്ചന്‍ ജംബൂകന്‍ മൂത്താരെ ചുറ്റിച്ചുറ്റി വലിച്ചെറിഞ്ഞു.

അങ്ങു ദൂരെ പാറക്കെട്ടില്‍ ഒരു ഞരക്കംപോലുമില്ലാതെ ജംബൂകന്‍ മൂത്താര് എല്ലുകളൊടിഞ്ഞ് തകര്‍ന്നുവീണു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook