ചില പരാതികള്‍

കാവലിപ്പുഴയില്‍നിന്ന് വലിയ വരാലുകളെ ചാടിപ്പിടിച്ച് കറുമുറെത്തിന്ന് രസിക്കുകയായിരുന്നു കുറുക്കച്ചന്‍. ചിലപ്പോഴവന്‍ പാറപ്പുറത്ത് ചാടിക്കയറും. വെയിലുകായും. വീണ്ടും വെള്ളത്തിലേക്ക് ഊളിയിടും. നീന്തിത്തുടിക്കും. നല്ല രസം.

വെള്ളത്തില്‍ കിടന്നുകൊണ്ടുതന്നെ അവന്‍ കരയിലാകമാനം നോക്കി. ആരെങ്കിലും വന്ന് കാത്തുനില്‍ക്കുന്നുണ്ടോ. കുറച്ചുദിവസങ്ങളായി അതാണ് പതിവ്. വെള്ളത്തില്‍ നിന്ന് കേറുമ്പോഴേക്കും ആരെങ്കിലും മരത്തിന്റെയോ പാറയുടെയോ മറവില്‍ കാത്തിരിക്കുന്നുണ്ടാവും. വല്ല കുരങ്ങനോ മാനോ പറവയോ…

അവര്‍ പരാതി പറയും, ”കുറുക്കച്ചനോടല്ലാതെ ഞങ്ങളാരോട് പറയാന്‍… പണ്ട് മൂത്താരുണ്ടായിരുന്നു. ഇപ്പോ അങ്ങേര്‍ക്കു വയ്യാതായി.”

”പുഴക്കരയില് മുതലച്ചാരുടെ ശല്യം. കാട്ടുമരക്കൊമ്പില്‍ പെരുമ്പാമ്പിഴഞ്ഞു വന്ന് കൂട്ടിലെ കുഞ്ഞുങ്ങളെ മുഴുവന്‍ വിഴുങ്ങുന്നു. കണ്ണന്‍ കടുവ ചാടിവീഴുന്നു.
രക്ഷിക്കണം. മൂത്താരുടെ സ്ഥാനത്ത് ഞങ്ങളിപ്പോള്‍ കുറുക്കച്ചനെയാണു കാണുന്നത്.
എങ്ങനെയെങ്കിലും രക്ഷിക്കണം. അവരുടെ ശല്യമൊഴിവാക്കണം.”

ആരോ ദക്ഷിണയായി വച്ച വെള്ളരി കറുമുറെ തിന്നുകൊണ്ട് കുറുക്കച്ചന്‍ വാലിളക്കി.
”നോക്കാം. ഞാനവരെ ഒടിവയ്ക്കാം. പക്ഷേ, മൂത്താരറിയാരുത്. ദക്ഷിണ ഇനിയും വേണം.”

മൃഗങ്ങള്‍ തലകുലുക്കി സമ്മതിച്ച് തിരിച്ചുപോയി.

കുറുക്കച്ചന്റെ ഉള്ളില്‍ ഒരു ചിരിപൊട്ടി. വൃത്തികെട്ടവന്‍മാര്‍. കാര്യം കാണാന്‍ എന്റെ കാലു പിടിക്കുന്നു. ഒപ്പം ഉള്ളില്‍ ഒരാത്മാഭിമാനം തോന്നി അവന്. മൃഗങ്ങള്‍ തന്നെ ബഹുമാനിക്കാന്‍ തുടങ്ങിയിരിക്കുന്നു.

അന്നന്നത്തെ തീറ്റയ്ക്കായി ആരെങ്കിലും എന്തെങ്കിലുമൊക്കെ കൊണ്ടുത്തരുന്നു. മെയ്യനങ്ങാതെയുള്ള സുഖജീവിതം. ചിലപ്പോള്‍ മാത്രം ആരെയെങ്കിലും ഒടിവച്ച് പേടിപ്പിക്കും. അതും ഒരു രസത്തിന്.

k t baburaj, childrens novel, iemalayalam

കാട്ടിലെ മൃഗങ്ങളൊക്കെ പേടിച്ച് തന്റെ കാല്‍ക്കീഴില്‍ നില്‍ക്കണം. ഞാന്‍ പറയുന്നത് അനുസരിക്കണം. ശക്തിമാനായ സിംഹവും പുള്ളിപ്പുലിയും കൊമ്പനും വരെ…

തെക്കന്‍ കാട് ഇനി മുതല്‍ കുറുക്കച്ചന്റെ സാമ്രാജ്യമാണ്. കുറുക്കച്ചന്‍ പറഞ്ഞിട്ട് മതി തെക്കന്‍കാട്ടില്‍ ഒരു കാറ്റ് വീശാന്‍. ഒരിലയനങ്ങാന്‍. കുറുക്കച്ചന്‍ പാറപ്പുറത്തുനിന്ന് ഉയര്‍ന്നു ചാടി. കാവലിയുടെ പൂഴിമണലില്‍ നാലുകാലില്‍ ചെന്നുവീണു. അവിടെ നിന്ന് ഉറക്കെ കൂവാന്‍ തുടങ്ങി. അവന്റെ ഓരിയില്‍ തെക്കന്‍ കാട് വിറയ്ക്കാന്‍ തുടങ്ങി.

കാവലിപ്പുഴയ്ക്കു പുറത്ത് സൂര്യന്‍ താണു. തെക്കന്‍ കാട്ടില്‍ ഇരുട്ടുവീണു. ഇന്ന് അമാവാസിയാണ്. കാടിനെ ഒന്നിളക്കി മറിക്കണം. തന്റെ ശക്തി തെക്കന്‍ കാടിനെ അറിയിക്കണം. കുറുക്കച്ചന്‍ കരിമഷിയെടുത്ത് മന്ത്രം ജപിച്ച് ചെവിക്കുപുറകില്‍ പുരട്ടി. കണ്ണിനുകീഴെ പുരട്ടി. അവന്റെ കണ്ണപ്പോള്‍ തിളങ്ങി.

കാളക്കൊമ്പെടുത്ത് തലയില്‍ വച്ചു. കാട്ടുപോത്തിന്റെ തോലെടുത്ത് പുതച്ചു. ഒറ്റക്കാലില്‍ നിന്ന് മന്ത്രം ജപിച്ചുകൊണ്ടവന്‍ ഒന്ന് വട്ടം ചുറ്റി. പെട്ടെന്നു കാറ്റ് വീശി. കാറ്റൊരു ചുഴലിയായി. ഒരു ചുഴലിക്കാറ്റുപോലെ കുറുക്കച്ചന്‍ പറന്നുപോയി. തെക്കന്‍ കാട്ടില്‍ നിലവിളികള്‍ ഉയര്‍ന്നു.

കാറ്റടങ്ങിയപ്പോള്‍ നിലവിളികളും ശാന്തമായി. ഇപ്പോള്‍ കൂരാകൂരിരുട്ടുമാത്രം. ആ കൂരിരുട്ടില്‍ ചില മൃഗങ്ങളുടെ കണ്ണുകള്‍ മാത്രം വെട്ടിത്തിളങ്ങി.

Read More: കെ ടി ബാബുരാജിന്റെ നോവലുകള്‍ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook