Latest News

ഗുർബ്ബജ്ജിയും കാകനും

“ഗുർബ്ബജ്ജി വേഗം ചട്ടുകമെടുത്ത് അടുപ്പിൽ വച്ച് ചൂടാക്കി. എന്നിട്ട് കാകന്റെ വയറിൽ വച്ചു. അപ്പോ എന്ത് സംഭവിച്ചു?” കൊങ്കണി ഭാഷയിൽ തലമുറകളായി പറഞ്ഞു വന്ന, കേട്ടറിഞ്ഞ കഥയ്ക്ക് ദാമോദർ രാധാകൃഷ്ണൻ നടത്തിയ പുനരാഖ്യാനം

damodar radhakrishnan, story, iemalayalam

ഒരിടത്തൊരിടത്ത് ഒരു ഗുർബ്ബജ്ജിയും* കാകനും പാർത്തിരുന്നു. കാകന്റെ വീട് ചാണകം കൊണ്ടും ഗുർബ്ബജ്ജിയുടെ വീട് മെഴുകുകൊണ്ടുമാണ് പണിതിരുന്നത്.

അങ്ങനെയിരിക്കേ ഒരു മഴ വന്നു. മഴയെന്നാൽ ചെറിയ മഴയൊന്നുമല്ല. ഉലക്ക വണ്ണമുള്ള ധാരമുറിയാത്ത മഴ.

ആ മഴയിൽ എന്തുപറ്റി?

കാകന്റെ വീട് നനഞ്ഞൊലിച്ചു പോയി.

അപ്പോ കാകൻ എന്ത് ചെയ്തു?

കാകൻ നേരേ ഗുർബ്ബജ്ജിയുടെ വീട്ടിലെത്തി. എന്നിട്ട്, വാതിലിൽ മുട്ടി വിളിച്ചു. “ഗുർബ്ബജ്ജേ, ഗുർബ്ബജ്ജേ… വാതിലൊന്ന് തുറക്കാമോ?”

അപ്പോ, ഗുർബ്ബജ്ജി പറഞ്ഞു, “കാകാ… കാകാ, നില്ല് നില്ല്, ഞാനേ കുഞ്ഞുങ്ങൾക്ക് കുറുക്കുണ്ടാക്കുവാണല്ലോ, അതുണ്ടാക്കീട്ട് വരാം. “

മഴ കൂടിക്കൂടി വന്നു. കാകൻ പിന്നെയും വാതിലിൽ മുട്ടി വിളിച്ചു. “ഗുർബ്ബജ്ജേ, ഗുർബ്ബജ്ജേ വാതിലൊന്ന് തുറക്കാമോ?”

ഗുർബ്ബജ്ജി പിന്നെയും പറഞ്ഞു, “കാകാ… കാകാ, നില്ല്, നില്ല്, ഞാനീ കുറുക്കൊന്ന് കുഞ്ഞുങ്ങൾക്ക് കൊടുത്തിട്ട് വരാം.”

കുറച്ചു നേരം കൂടി കഴിഞ്ഞു. പെരുമഴയത്ത് നിന്ന് പിന്നെയും കാകൻ വിളിച്ചു, “ഗുർബ്ബജ്ജേ, ഗുർബ്ബജ്ജേ വാതിലൊന്ന് തുറക്കാമോ? “

damodar radhakrishnan, story, iemalayalam

അപ്പോഴും ഗുർബ്ബജ്ജി പറഞ്ഞു, “കാകാ… കാകാ, നില്ല്, നില്ല്, ഞാനീ കുഞ്ഞുങ്ങളെ കുളിപ്പിച്ചിട്ടു വരാം.”
മഴ കൂടിക്കൂടി വന്നു.

തണുത്തു വിറച്ചു നിന്ന കാകൻ പിന്നെയും വാതിൽ മുട്ടി “ഗുർബ്ബജ്ജേ, ഗുർബ്ബജ്ജേ വാതിലൊന്ന് തുറക്കാമോ?”

“കാകാ… കാകാ, നില്ല്, നില്ല്, ഞാനീ കുഞ്ഞുങ്ങളെ ഉറക്കീട്ടു വരാം,” ഗുർബ്ബജ്ജി പറഞ്ഞു.

കാകന്റെ അടുത്ത അപേക്ഷയിൽ ഗുർബ്ബജ്ജി വാതിൽ തുറന്നു.

നനഞ്ഞു കുളിച്ചു നിൽക്കുന്ന കാകനോട് ചോദിച്ചൂ, “എന്താ കാകാ എന്ത് പറ്റീ?”

കാകൻ മറുപടി പറഞ്ഞു “ഗുർബ്ബജ്ജേ, ഗുർബ്ബജ്ജേ, മഴയിൽ എന്റെ വീട് ഒലിച്ചു പോയി, എന്നെ ഇന്നിവിടെ താമസിപ്പിക്കാവോ?”

“ആ കട്ടിലിൽ കയറി കിടന്നോളൂ കാകാ,” ഗുർബ്ബജ്ജി പറഞ്ഞു.

“അയ്യയ്യോ എനിക്ക് പേടിയാ കട്ടിൽ ഒടിഞ്ഞാലോ…” കാകൻ പേടിച്ചു കണ്ണ് മിഴിച്ചു കൊണ്ട് പറഞ്ഞു.

“എന്നാൽ ഈ അടുക്കളയിൽ കിടന്നോളൂ.”

“അയ്യയ്യോ അടുക്കളയിൽ തീയുണ്ടല്ലോ, എനിക്ക് പേടിയാ… ” കാകൻ കരഞ്ഞു പറഞ്ഞു.

അപ്പൊ ഗുർബ്ബജ്ജി പറഞ്ഞു, “ശരി, ശരി, എന്നാൽ എന്റെ കുഞ്ഞുങ്ങളോടൊപ്പം ഈ തൊട്ടിലിൽ കിടന്നോളൂ.”

“ആ… അത്‌ മതി, അത് മതി.” കാകന് സന്തോഷമായി. എന്നിട്ട് കാകൻ വേഗം തൊട്ടിലിൽ കയറി കിടന്നു.

രാത്രി കുറേ ആയപ്പോ, തൊട്ടിലിൽ നിന്ന് “കറും മുറും “എന്നൊരു ഒച്ച കേട്ടു.

അപ്പൊ ഗുർബ്ബജ്ജി വിളിച്ചു ചോദിച്ചു, “എന്താ കാകാ ഒച്ച കേട്ടത്? നീ എന്താ തിന്നണേ?”

“അതിന്ന് അങ്ങാടിയിൽ നിന്ന് കിട്ടിയ വറുത്ത കടല കൊറിച്ചതാ ഗുർബ്ബജ്ജേ…” കാകൻ മറുപടി പറഞ്ഞു.

കുറച്ചു നേരം കഴിഞ്ഞപ്പോ വീണ്ടും കേട്ടു ഓരൊച്ച! ‘ഗ്ലാപ്പ്‌… ഗ്ലാപ്പ്‌’

ഗുർബ്ബജ്ജി വീണ്ടും വിളിച്ചു ചോദിച്ചു, “എന്താ കാകാ ഒച്ച കേട്ടത്? നീ എന്താ തിന്നണേ?”

“അത്‌ ഞാൻ അപ്പൂപ്പൻ തന്നു വിട്ട പിണ്ണാക്ക് വിഴുങ്ങീതാ ഗുർബ്ബജ്ജേ,” കാകൻ പറഞ്ഞു.

damodar radhakrishnan, story, iemalayalam

Read More: ദാമോദർ രാധാകൃഷ്ണന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

അങ്ങനെ രാത്രി കടന്നു പോയി. നേരം വെളുത്തു.

ഗുർബ്ബജ്ജി എണീറ്റു വന്നു നോക്കിയപ്പൊ, കുഞ്ഞുങ്ങളെ കാണാനില്ല!

ഗുർബ്ബജ്ജിക്ക് സങ്കടം വന്നു. കാകൻ മാത്രമുണ്ട് തൊട്ടിലിൽ.

കാകന്റെ വയറ് വല്ലാതെ വീർത്തിരിക്കുന്നു.

ഗുർബ്ബജ്ജി വേഗം ചട്ടുകമെടുത്ത് അടുപ്പിൽ വച്ച് ചൂടാക്കി. എന്നിട്ട് കാകന്റെ വയറിൽ വച്ചു. അപ്പോ എന്ത് സംഭവിച്ചു?

പിരിപിരിപിരിന്ന് കാകന്റെ വയറ് പൊട്ടി, ഗുർബ്ബജ്ജിയുടെ കുഞ്ഞുങ്ങൾ പുറത്തു വന്നു.

ഗുർബ്ബജ്ജി സന്തോഷത്തോടെ മക്കളെ കെട്ടിപ്പിടിച്ചു.

*മാടത്ത

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Damodar radhakrishnan story for children gurbajjiyum kakkanum

Next Story
മൂക്കുത്ത്യാലെന്താ കൊഴപ്പം?
The moderation of comments is automated and not cleared manually by malayalam.indianexpress.com