scorecardresearch

ചംപ്യാ ഫൂല്

"ഓരോ ഭാഷയിലും ഓരോ പേര്. ഒരേയൊരു മണം." ദാമോദർ രാധാകൃഷ്ണൻ കുട്ടികൾക്ക് വേണ്ടി എഴുതിയ കൊങ്കിണി കഥ

"ഓരോ ഭാഷയിലും ഓരോ പേര്. ഒരേയൊരു മണം." ദാമോദർ രാധാകൃഷ്ണൻ കുട്ടികൾക്ക് വേണ്ടി എഴുതിയ കൊങ്കിണി കഥ

author-image
Damodar Radhakrishnan
New Update
damodar radhakrishnan, story, iemalayalam

ഗോയ്ന്ദ മാമന്റെ വീട്ടില് സാളഗ്രാമമുണ്ട്. സങ്കർഷൺ എന്നാണ് അതിനെ വിളിക്കണതെന്ന് ടുട്ടു പറഞ്ഞു. ടുട്ടൂന്റെ വീട്ടില് ഒരു പൂജാ മുറിയുണ്ട്. അവിടെ വച്ച് അപ്പൂപ്പൻ ദിവസോം അത് പൂജിക്കും. സാളഗ്രാമം ജീവനുള്ള കല്ലാന്നാ അവന്റെ അച്ഛമ്മ പറയണേ. പലതരം സാളഗ്രാമോണ്ട്. അതിലൊന്നാണ് സങ്കർഷണം.

Advertisment

ജീവനുള്ള കല്ല്. അക്ലൂന് രസം തോന്നി.
ജീവനുള്ള കല്ല്!

കൂളാങ്കല്ല് എന്നൊരു സിനിമ ഇറങ്ങീട്ടുണ്ട് എന്നമ്മ പറഞ്ഞിരുന്നു. അത് കാണണം ന്നും.
സോണിലിവിലുണ്ടോ എന്തോ. കൂളങ്കല്ല് എന്നതൊരു തമിഴ് പേരാണ്. കൂഴങ്കല്ലെന്നും പറയും.

നമ്മടെ പുഴേടെക്കെ അടിത്തട്ടിൽ ഉരുണ്ട കല്ലുകള് കെടക്കൂലേ…അതാണ്‌ ഈ കൂഴങ്കല്ല്. അത് ഒരു സുപ്രഭാതത്തിലുരുണ്ട് ഷേപ്പായതല്ല.

കൊറേവർഷങ്ങൾ അത് അറ്റങ്ങളൊക്കെ കൂർത്ത് കാണാൻ ഭംഗിയൊന്നുമില്ലാതെ കിടന്ന സാധാരണ കല്ലുകൾ തന്നെയായിരുന്നു. പുഴയൊഴുകുമ്പോ ഒപ്പം ഒഴുകി, പലയിടത്തും തട്ടിയും തടഞ്ഞും ഉരഞ്ഞും പൊട്ടിയുമൊക്കെ എത്രയോ വർഷങ്ങൾ കഴിഞ്ഞാവും അത് ഉരുളൻ കല്ലുകളായിട്ടുണ്ടാവുക!

Advertisment

എന്തിനായിരിക്കും അതങ്ങനെ ഉരുണ്ടിട്ടുണ്ടാവുക?

ഉരുണ്ടു മിനുസമായിക്കഴിഞ്ഞാൽ പിന്നെ ഒഴുകാൻ എളുപ്പല്ലേ?

പിന്നെ തട്ടിപ്പൊട്ടൂല്ലല്ലോ.

ആഹാ അത് കൊള്ളാലോ.

അക്ലൂന് സന്തോഷം തോന്നി.

damodar radhakrishnan, story, iemalayalam

അവൻ അച്ഛമ്മേടെ മുറിയിൽ അച്ഛമ്മ സൂക്ഷിച്ചു വച്ചിട്ടുള്ള കുറേ ഉരുളൻ കല്ലുകൾ ഓർത്തു. അതൊക്കെയെടുത്തു കൊണ്ടുവന്നു കഴുകി വൃത്തിയാക്കി ഒരു പരന്ന പാത്രത്തിലിട്ടു വച്ചു.

സാളഗ്രാമം - ജീവനുള്ള കല്ല്
കൂഴാങ്കല്ല് - ഉരുണ്ട മിനുത്ത കല്ല്
അരകല്ല്, ആട്ടു കല്ല്, അമ്മിക്കല്ല്…

അക്ലൂ താളത്തിൽ ഈണത്തിൽ ഉറക്കെ ചൊല്ലീട്ട് പൊട്ടിച്ചിരിച്ചു. അപ്പൂപ്പൻ അവന്റെ ചിരി കേട്ട് അവനോടൊപ്പം ചിരിച്ചു.

അത് കേട്ട് വെറുതേ മുറ്റത്ത് നിന്ന ഫ്രീക്കുപ്പൂച്ചൻ ഇവർക്കിതെന്ത് പറ്റി എന്ന മട്ടില് ഞ്ഞാമ്പോണേന്ന് മ്യാവൂ കൂട്ടിപ്പറഞ്ഞിട്ട് പോയി.

അക്ലൂന് എന്താന്നറിയാത്ത സന്തോഷം വന്നു.
ചംചം
ചം ചം ചം
ചംപക ചം
ചംപക ചംചംചം

അവനോടി ടെറസില് കേറി. അപ്പൊ നല്ല മണം. കിഴക്കേ മുറ്റത്ത് ചെമ്പകം പൂത്തു നിക്കുന്നുണ്ട്. ചംപയെന്നാണ് ചെമ്പകത്തെ അച്ഛമ്മ പറയാറ്. ചംപ്യാ ഫുൽ എന്നാല് ചെമ്പകപ്പൂവ്.

ഓരോ ഭാഷയിലും ഓരോ പേര്.

ഒരേയൊരു മണം.

അമ്മ മുടീല് ചൂടുമ്പോ നല്ല ഭംഗീണ്ട്. എന്നാലും ചെടിയില് നിക്കുമ്പളാ പൂക്കൾക്ക് ഭംഗി.

ചെമ്പകം വിരിഞ്ഞാൽ നല്ല മണം വരും വീട്ടിലും മുറ്റത്തും.

damodar radhakrishnan, story, iemalayalam

ചെമ്പകച്ചോട്ടിൽ ഒരു പൂവ് പൊഴിഞ്ഞു കിടപ്പുണ്ട്. അക്ലൂ ടെറസിൽ നിന്നിറങ്ങിപ്പോയി അതെടുത്തു.

ഹായ് നല്ല മണം.

അവനതു കൊണ്ടോയി കൂഴാങ്കല്ലിനൊപ്പം വച്ചു.

എത്രയോ കാലം ഉരഞ്ഞു മിനുസമായ പാവം കല്ലിനു ചെമ്പകപ്പൂവിന്റെ മണമായി.

"കൂഴാങ്കല്ലിന് കൊങ്കണീലെന്താ പറയുക അച്ഛമ്മേ "

അക്ലൂ ചോദിച്ചു.

"ഫത്തോറു എന്നാ കല്ലിനു പറയണേ. ഗുഡ്‌ഗൂഡ ഫത്തോറു എന്ന് വേണേൽ പറയാം."

അച്ഛമ്മ പറഞ്ഞു.

പേരെന്തായാലെന്താ ഉരുണ്ടിരുന്നാപ്പോരെ.

അല്ലേടാ ഫ്രീക്കൂ?

ആ എനിക്കറിയാമ്മേല, എന്ന് മ്യാവൂ ചേർത്ത് പറഞ്ഞ് ഫ്രീക്കുപ്പൂച്ചൻ കുലുങ്ങിക്കുലുങ്ങി നടന്നു പോയി.

  • കുട്ടിക്കഥക്കൂട്ടിൽ നാളെ ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതിയ കഥ വായിക്കാം
Children, Stories, Malayalam Writer
Stories Malayalam Writer Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: