ഞങ്ങൾക്ക് ഒരു വല്യമ്മയുണ്ട്.

അമ്പിളി എന്നാ പേര്.

അമ്പിളിമാമനെ പോലത്തെ വട്ടം വട്ടം ദോശയുണ്ടാക്കും.

വല്യമ്മയുടെ വീട്ടില് എല്ലാ ദിവസവും ദോശയാ.

ദോശയുണ്ടാക്കി ദോശയുണ്ടാക്കി അമ്പിളി വല്യമ്മയെ ദോശ മുത്തീന്നാ ഞങ്ങളെല്ലാരും വിളിക്കാറ്.

ശ്…ശ്… അമ്പിളി വല്യമ്മ കേൾക്കണ്ട.

പലതരം ദോശയുണ്ടാക്കി തരണതാ.
കുട്ടി ദോശ, തട്ടു ദോശ, മുട്ട ദോശ, ക്യാരറ്റ് ദോശ, ബീറ്റ്റൂട്ട് ദോശ അങ്ങനെ അങ്ങനെ പലതരം ദോശയുണ്ടാക്കും വല്യമ്മ.

ശ്ശോ… കൊതിയാവുന്നു.

എന്നാലും ഒന്ന് പതുക്കെ ചെന്ന് നോക്കാം.

“അമ്പിളി വല്യമ്മേ ”

അതേയ് ഈ ടെഡിക്കുട്ടന് ഒരു ക്യാരറ്റ് ദോശ വേണംന്ന്…

ആണോ… തരാല്ലോ…

അമ്പിളി വല്യമ്മ ടെഡിക്കുട്ടന് ഒരു ദോശ കൊടുത്തു.

ഇനി മിത്രകുട്ടിക്ക് ഒരു ദോശ.

“മിത്രക്കുട്ടിക്കേ,.. കുട്ടി ദോശ മതീന്നാ തോന്നണേ… മിത്ര കുട്ടി കുട്ടിയല്ലേ,”
മിത്ര പറഞ്ഞു.

ഇതു കേട്ട് അമ്പിളി വല്യമ്മ പൊട്ടിച്ചിരിച്ചു.

“അമ്പടി, കള്ളിപ്പാറു, ടെഡി ക്കുട്ട ന്റെ പേരില് ക്യാരറ്റ് ദോശ തിന്നു. ഇനി വയറില് സ്ഥലമില്ലല്ലേ? അതു കൊണ്ടല്ലേ കുട്ടി ദോശ മതീന്ന് പറഞ്ഞത്? ”

മിത്ര വാപൊത്തി ചിരിച്ചു.

അമ്പിളി വല്യമ്മയുടെ വീട്ടില് ഒരു വലിയ കൊക്കർണി ഉണ്ട്.
കൊക്കർണിന്ന് വച്ചാൽ എന്താ? കുളവും കിണറും ചേർന്നൊരു സൂത്രമാ കൊക്കർണി.

നമ്മുടെ താക്കോലിന്റെയൊക്കെ പോലെയുള്ള ഒരു കുട്ടി കുളം. അതില് നിറയെ മീനുണ്ടല്ലോ. ഭംഗിയുള്ള ആമ്പലുമുണ്ട്..

damodar radhakrishnan, childrens stories, iemalayalam

രാത്രീല് ചന്ദ്രനുദിക്കുമ്പോഴാ ആമ്പല് വിരിയുന്നേന്നാ അച്ഛൻ പറയണെ.

ചന്ദ്രന്റെ വേറൊരു പേരാ അമ്പിളി…

ഇനി നമ്മുടെ അമ്പിളി വല്യമ്മയാണോ രാത്രീല് വന്ന് ആമ്പല് വിരിയിക്കണേ…

രാത്രീല് നിലാവ് വരുമ്പോ കൊക്കർണീലെ വെള്ളം തിളങ്ങും..

അപ്പൊ അതില്, അമ്പിളി വല്യമ്മ ചുട്ട ദോശ പോലെ അമ്പിളി മാമൻ!

അമ്പിളി വല്യമ്മയെ പോലെ സുന്ദരിയായ ആമ്പല്!

ഹായ്! എന്തൊരു ഭംഗിയാ എല്ലാം കൂടി കാണാൻ.

ഒരീസം അമ്പിളി വല്യമ്മേടെ വീട്ടില് ചെന്നപ്പോൾ അവിടെ ഒരു കൊരങ്ങച്ചനിരിക്കണൂ …

കഴുത്തിലൊരു ചുവന്ന റിബ്ബൺ കെട്ടിയിട്ടുണ്ട്.

അതു കണ്ടപ്പോ അച്ഛൻ പറഞ്ഞു,

“ഇത് ആരോ വളർത്തുന്ന കുരങ്ങാണല്ലോ… ”

അമ്പിളി വല്യമ്മ അവനു ദോശ കൊടുത്തു.

ദോശ തിന്നു കഴിഞ്ഞപ്പോഴോ അവൻ ഓടി സപ്പോട്ട മരത്തിൽ കയറി.

എന്നിട്ടേ, അതിന്റെ കൊമ്പുകുലുക്കി….
ഘ്രാ… ഘ്രാ… ഘ്രാ…ന്ന് ശബ്ദമുണ്ടാക്കി മിത്രേ പേടിപ്പിക്കണ്.
അമ്പട കുരങ്ങച്ചാരേ…

ഇന്നലെ ഞാൻ അമ്പിളി വല്യമ്മയുടെ വീട്ടീ പോയപ്പോ നമ്മുടെ കുരങ്ങച്ചാര് അമ്പിളി വല്യമ്മേടെ തലേലെ പേന് നോക്കണൂ !

എന്നിട്ടോ…

അമ്പിളി വല്യമ്മ കുരങ്ങച്ചാർക്കു ദോശ വായിലിട്ട് കൊടുക്കുന്നു..

“ഹും… മിത്ര കൂടൂല്ല….”

അപ്പൊ അമ്പിളി വല്യമ്മ പറഞ്ഞു, “മിത്രക്കുട്ടി പിണങ്ങണ്ടാ ട്ടോ… മിത്രക്കുള്ള കുട്ടി ദോശയും ടെഡിക്കുട്ടനുള്ള സ്പെഷ്യൽ ക്യാരറ്റ് ദോശയും അടുക്കളയിൽ വച്ചിട്ടുണ്ട്. എടുത്ത് കഴിച്ചോളൂ. ”

ദാമോദർ രാധാകൃഷ്ണൻ എഴുതിയ കൂടുതൽ ലേഖനങ്ങൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook