Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

ബൊബ്ബോ ദേവാ, ബൊബ്ബോ ദീരേ

“വല്യൊരു ഭൂതമാണ് കോക്കാച്ചീ. ഞാനും ശ്യാമുവും ഒരുമിച്ചാ കിടന്നുറങ്ങാറ്. ഒരു ദിവസം വെളുപ്പാന്‍കാലത്ത് ഞാന്‍ തലവഴി പുതപ്പിട്ടു മൂടി എന്നിട്ട് ശ്യാമുവിനെ വിളിച്ചു” കുട്ടികൾക്കായി നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ദാമോദർ രാധാകൃഷ്ണൻ എഴുതിയ കൊങ്കണി ജീവിതവും ഭാഷയും പശ്ചാത്തലമാക്കിയ കഥ

damodar radhakrishnan, story

ഞങ്ങടെ വീട് വെളുത്ത മണലുള്ള, ധാരാളം മരങ്ങളുള്ള സ്ഥലത്താണ്. മരങ്ങളെന്നു പറഞ്ഞാ അപ്പൂപ്പന്‍ മരങ്ങള്‍.

പൈന്‍, അത്തി, നെല്ലി, അശോകം, ആഞ്ഞിലി, തേക്ക്, സപ്പോട്ട, കശുമാവ്, നാടന്‍മാവ് അങ്ങിനെ ഒത്തിരി മരങ്ങള്‍.

പിന്നെ കണ്ടല്‍ ഉണ്ട്. കണ്ടലെന്നു പറഞ്ഞാല്‍ നമ്മുടെ മണ്ണ് ഒലിച്ചുപോവാതെ തടഞ്ഞുനിര്‍ത്താന്‍ കഴിവുള്ള മരമാണ്. പലതരും കണ്ടല്‍ മരങ്ങളുണ്ട്. കണ്ടലിന് പള്ളയ്ക്ക്ന്ന് വേര് വരും. ആ വേര് മണ്ണിലേയ്ക്ക് വന്നിറങ്ങി പാവാട ഉടുത്തപോലെ നിക്കും, എന്ത് ഭംഗിയാന്നോ കാണാന്‍! ആ കണ്ടലിന്റടുത്ത് ഒരു ചേര വരും. നമ്മളടുത്തു പോയാ തല പൊക്കി നോക്കും. ആഹാ നീയാരുന്നോ പേടിച്ചുപോയല്ലോ എന്ന മാതിരി ഒന്ന് നോക്കീട്ട് തലതാഴ്ത്തി കിടന്നുറങ്ങും. ആ മരങ്ങളെല്ലാം ഒത്തുകൂടീട്ട് ഒരു വലിയ പച്ചക്കുട പോലാണ് പറമ്പ് നിറഞ്ഞു നില്‍ക്കണേ. ഇലഞ്ഞിപ്പൂ വീഴണത് കണ്ടിട്ടുണ്ടോ?

നക്ഷത്രം പൊഴിയണപോലെ…..

കറങ്ങിക്കറങ്ങി…..

ഈ മരങ്ങളുടെ മേളില് നെറയെ കിളികളാ. ഉപ്പന്‍ (ചെമ്പോത്ത്), കരിയിലക്കിളി, മാടത്ത, തത്ത. ഈ തത്തകളെല്ലാം കൂടി വന്നിട്ട് ഇരുമ്പന്‍ പുളീടെ അകത്തെ കുരു മൊത്തം തിന്നും. ആകെ കലപില ശബ്ദവും. അതിനിടെ അണ്ണാറക്കണ്ണന്മാരും ‘തന്നാലായ ബഹള’മൊïാക്കും. അങ്ങനെയിരിക്കുമ്പോ ദാ വരണു ബ്രഷ് പോലത്തെ ഇരട്ടവാലും തലേല് റോമാക്കാരുടെ പോലത്ത തൊപ്പീം വച്ചോണ്ട് ഒരു കറുത്ത പക്ഷി. കുയിലിനെ പോലുണ്ട്. ‘നാകമോഹന്‍’! അതിന്റെ പേര് പറഞ്ഞു തന്നത് വേണുച്ചേട്ടന്‍. വേണുച്ചേട്ടന്‍ പടം വരയ്ക്കും. പുളി പറിച്ചു തരും. പിന്നെ പുഞ്ച കൂട്ടിയ മണ്ണില് പച്ചപപ്പായ ഒളിപ്പിച്ചുവച്ച് നാളെ പഴുപ്പിച്ചു തരും. പപ്പായ പറിക്കാന്‍ പോവുമ്പോ ഒള്ളമ്മ വഴക്കൊണ്ടാക്കും. ഞങ്ങളപ്പ മാവുമ്മേ കേറും. മാങ്ങാണ്ടി പറിച്ച് കൃഷ്ണീടെ വീട്ടീ കൊടുത്താ വിഷുക്കാലത്ത് പടക്കം കിട്ടും. കൃഷ്ണി സുന്ദരനായിരുന്നു.അവന്റെ മുടി കാണണം പെണ്ണുങ്ങടെ പോലത്തെ മുടി. അതുമിളക്കിക്കൊണ്ട് അവനോടുമ്പോ ഞങ്ങള് പുറകെ ഓടും. അവനു നീന്താനറിയാം. ഒരിക്കെ അമ്പലക്കുളത്തില് അവനെന്നെ പിടിച്ചു തള്ളിയിട്ടു. എനിക്കറിയില്ല നീന്താന്‍. കൊറേ വെള്ളം കുടിച്ചു. മുങ്ങിപൊങ്ങി.damodar radhakrishnan, story

പിന്നെ ആരോ കരയ്ക്കെടുത്തിട്ടു. അതുപറഞ്ഞപ്പഴാ ഒരിക്കല് നമ്മടെ കൊളത്തില് വീണ് ഞാന്‍ മരിച്ച് പോവണ്ടതാ. പക്ഷേ, അമ്മ ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ തേങ്ങ കുളത്തില് വീഴണ പോലത്തെ ശബ്ദം കേട്ടു. വന്നു നോക്കീപ്പോ എന്റെ തല താഴ്ന്ന് പോകുന്നു. അമ്മ ഓടിവന്ന് മുടി പിടിച്ചു വലിച്ചു. രണ്ടാള്‍ താഴ്ചയൊള്ള കുളമാ. അന്ന് നേര്‍ന്ന നേര്‍ച്ചയാ കാവടി. കാവടിയാടാന്‍ എന്ത് രസമാണെന്നോ. ആടിയാടി വരുമ്പോ ഭസ്മം ഒക്കെ വിതറി… പാണ്ടിമേളം കൊട്ടി…

അതിനെ ഭസ്മക്കാവടി എന്ന് പറയും. ഇനി ശൂലക്കാവടിയൊണ്ട്. ഹോ ഓര്‍ത്താല്‍ പേടിവരും. ഒരു വലിയ ശൂലം കവിളില്‍ക്കൂടെ കുത്തിക്കയറ്റി, നാവില്‍ കോര്‍ത്ത്, നാക്കുപിരിച്ചുവച്ചുംകൊണ്ട്… എന്റമ്മോ…

എന്റെ അമ്മ അനിയത്തിയെ ഉറക്കാന്‍ പാടണ പാട്ടാണ്.
‘ബൊബ്ബോ ദേവാ ബൊബ്ബോ ദീരേ
ബോബ്ബോ ഖാംചാക് ബായി ദീരേ
ബൈയ്യേ ഖേളൂക് ബൗലി ദീരേ…”

ബോബ്ബോദേവൂന്ന് പറഞ്ഞാ അമ്പിളിമാമന്‍. അമ്പിളിമാമാ മാമം തരൂ. മാമ്മം തിന്നാന്‍ കുഞ്ഞു മോളെ തരൂ. കുഞ്ഞു മോള്‍ക്ക് കളിക്കാന്‍ പാവക്കുട്ടിയെ തരൂ… എന്നാ ഈ പാട്ടിന്റെ അര്‍ത്ഥം.

“ബൊബ്ബോ ദേവാ ബൊബ്ബോ ദീരേ” പാട്ട് ഇവിടെ കാണാം

damodar radhakrishnan, story

ബോബോ, നിന്റച്ഛന്‍ ശ്യാമൂന് ഈ പാട്ട് വല്ല്യ ഇഷ്ട്ടമായിരുന്നു.

കുട്ടിയായിരുന്നപ്പോ ശ്യാമൂന് പേടിയുള്ള ഒരാളേയുള്ളൂ… കോക്കാച്ചീ….

വല്യൊരു ഭൂതമാണ് കോക്കാച്ചീ. ഞാനും ശ്യാമുവും ഒരുമിച്ചാ കിടന്നുറങ്ങാറ്. ഒരു ദിവസം വെളുപ്പാന്‍കാലത്ത് ഞാന്‍ തലവഴി പുതപ്പിട്ടു മൂടി എന്നിട്ട് ശ്യാമുവിനെ വിളിച്ചു.

‘ഹഹഹ….. ഞാനാരാണെന്നറിയാമോ? ഞാനാണു കോക്കാച്ചീ…. ഹഹഹ….’

ശ്യാമു പേടിച്ചു വിറച്ചു. ആ പേടി കണ്ട് ഞാന്‍ പേടിച്ചു. ശ്യാമൂനെ പേടിപ്പിച്ചതിന് അമ്മയുടെ കയ്യീന്ന് അടികിട്ടുമോന്ന് പേടിയായപ്പോ ഞാന്‍ വിളിച്ചുകൂവി. ‘അയ്യോ, ഇത് കൊക്കാച്ചിയല്ല ഞാനാടാ ശ്യാമു.’ അന്നേരം അവനെന്നെപിടിച്ചു ഒറ്റക്കടി. രക്ഷപെടാന്‍ ശ്രമിക്കുന്നിടെ എന്റെ പുറത്താണ് കടി കൊണ്ടത്.

Read More: ദാമോദർ രാധാകൃഷ്ണന്റെ അമ്മയോർമ്മ- എന്റെ വെളളക്കൽമൂക്കുത്തിയമ്മ

ഇപ്പോഴും ഉണ്ട് ആ പാട്. അതില്‍ തൊടുമ്പോഴൊക്കെ ഞാന്‍ കൊക്കാച്ചിയെ ഓര്‍ക്കും. ബോബോ ദേ നോക്കിയേ, നിന്റച്ഛന്‍ കടിച്ചപാട്!

റീഡ് മി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘കുമ്പളം പറമ്പിലെ കുമ്പുളുമൂസുകൾ’ എന്ന പുസ്തകത്തില്‍ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Damodar radhakrishnan bobbo deva bobbo dheere short story

Next Story
ആയിരം കണ്ണുള്ള അമ്മradhika c. nair, story
The moderation of comments is automated and not cleared manually by malayalam.indianexpress.com
X