അഞ്ച് കുട്ടിക്കുരങ്ങന്മാർ
കൂട്ടുകാരായിരുന്ന അഞ്ച് കുട്ടിക്കുരങ്ങന്മാർ ഒരിക്കൽ നാടുകാണാൻ ഇറങ്ങി. വഴിയിൽവെച്ച് കൂട്ടത്തിൽ രണ്ട് പേർ ഒരു പൊട്ടക്കിണറ്റിൽ വീണു പോയി. കിണറിനാകട്ടെ നല്ല ആഴമുണ്ടായിരുന്നു.
കുട്ടിക്കുരങ്ങന്മാർ രണ്ടുപേരും കിണറ്റിനുള്ളിൽ കിടന്ന് കൈകാലിട്ടടിച്ച് ഉറക്കെ കരഞ്ഞു. മുകളിൽനിന്ന മൂന്ന് കൂട്ടുകാരും സങ്കടത്തിലായി. എന്തുചെയ്യണമെന്നറിയാതെ അവർ കിണറ്റിൻ ഉള്ളിലേക്ക് നോക്കി മുകളിൽ നിന്ന് ശബ്ദങ്ങൾ ഉണ്ടാക്കി.
എങ്ങനെയെങ്കിലും മുകളിൽ എത്തണം, ഇല്ലെങ്കിൽ തങ്ങൾ ഇവിടെ കിടന്ന് മരിച്ചു പോകും എന്ന് അവർക്കും അറിയാമായിരുന്നു. അതുകൊണ്ട് രണ്ടുപേരും മുകളിലേക്ക് കയറുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ ഓരോ തവണയും അവർ തിരിച്ചു കിണറ്റിൽ വീണു.
മുകളിൽനിന്ന് സുഹൃത്തുക്കൾ ആകട്ടെ പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ടിരുന്നു. എന്നാൽ കഷ്ടമെന്നു പറയട്ടെ, എത്ര ശ്രമിച്ചിട്ടും രണ്ടാൾക്കും മുകളിൽ എത്താൻ കഴിഞ്ഞില്ല. മാത്രവുമല്ല രണ്ടുപേരും വല്ലാതെ തളർന്നുപോകുകയും ചെയ്തു. ഇതുകണ്ട് മുകളിൽ നിന്ന സുഹൃത്തുക്കളും നിരാശരായി അവർ താഴേക്ക് നോക്കി കുറ്റപ്പെടുത്തുവാൻ തുടങ്ങി.
“നിങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്,” ഒന്നാമത്തെ കുരങ്ങൻ പറഞ്ഞു.
“ഇവിടെ കിടന്ന് മരിക്കുവാൻ ആണ് നിങ്ങളുടെ വിധി,” രണ്ടാമത്തെ കുരങ്ങനും അതിനൊപ്പം ചേർന്നു.
“ഇനി ഇവിടെ നിന്നാൽ ഞങ്ങളുടെ ജീവൻ കൂടി അപകടത്തിലാകും അതുകൊണ്ട് ഞങ്ങൾ പോകുന്നു,” അങ്ങനെ പറഞ്ഞ് മൂന്നാമത്തെ കുരങ്ങനും അവിടെ നിന്ന് പോയി.
ഒരു ആപത്ത് വന്നപ്പോൾ കൂടെ നിൽക്കേണ്ട ചങ്ങാതികൾ തങ്ങളെ കൈയൊഴിയുന്നത് കണ്ട രണ്ട് കുരങ്ങന്മാർക്കും സങ്കടമായി.

ഇനി ഇവിടെ നിന്ന് രക്ഷപ്പെടാൻ ആകില്ലെന്ന് കരുതി ഒരു കുരങ്ങൻ തന്റെ പരിശ്രമം നിർത്തി കരയാൻ തുടങ്ങി.
എന്നാൽ മറ്റവനാകട്ടെ ശ്രമിച്ചുകൊണ്ടേയിരുന്നു. വീണ്ടും വീണ്ടും താഴെ വന്നു വീണ്ടും അവൻ പരിശ്രമം നിർത്തിയില്ല. ഒടുവിൽ, അവൻ കിണറിൽ നിന്നും പുറത്തുകടന്നു.
മുകളിൽ എത്തിയ ഉടനെ താഴെ കിടന്ന് തന്റെ ചങ്ങാതിയോട് മുകളിലേക്ക് വരാനുള്ള വഴികാട്ടി കൊടുക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്തു. അങ്ങനെ അധികം താമസിയാതെ തന്നെ മറ്റേ കുരങ്ങനും പൊട്ട കിണറ്റിൽ നിന്നും രക്ഷപ്പെട്ടു.
ഇനി രഹസ്യം എന്താണെന്ന് പറയട്ടെ. ആദ്യം രക്ഷപ്പെട്ട കുരങ്ങൻ കിണറ്റിൽ വീണപ്പോൾ ചെവിയിൽ വെള്ളം കയറി അടഞ്ഞുപോയിരുന്നു. അതുകൊണ്ടുതന്നെ സുഹൃത്തുക്കൾ മുകളിൽ നിന്ന് വിളിച്ചു പറഞ്ഞ് കുത്തുവാക്കുകൾ ഒന്നും അവൻ കേട്ടില്ല. അവർ ആവേശം പകരുന്നതാണെന്ന ധാരണയിൽ അവൻ മുകളിലേക്ക് കയറാൻ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരുന്നു.
കൂട്ടുകാരുടെ കുറ്റപ്പെടുത്തൽ കേട്ട് കേട്ട് വിഷമിച്ചു നിന്ന കുരങ്ങനാകട്ടെ, മാനസികമായി തകർന്ന് കിണറ്റിൽ നിന്നും രക്ഷപ്പെടാനാകാതെ വിഷമിക്കുകയും ചെയ്തു.
കുരങ്ങൻമാരുടെ കഥ പോലെ, ആരെന്തു കുറ്റപ്പെടുത്തിയാലും നമ്മുടെ ലക്ഷ്യം നേടിയെടുക്കും വരെ നാം പരിശ്രമം തുടർന്നു കൊണ്ടിരിക്കണം. ഉറപ്പായും ഒരുനാൾ അത് ലക്ഷ്യം കാണുകതന്നെ ചെയ്യും.
ഇരട്ടക്കുട്ടികളും ഇരട്ടഭൂതങ്ങളും
പശ്ചിമഘട്ട കാടുകൾക്ക് തെക്കുഭാഗത്തുള്ള മനോഹരമായ ഒരു ഗ്രാമമായിരുന്നു ഇടയന്നൂർ. ഗ്രാമത്തിലെ എല്ലാവരുടെയും തൊഴിൽ ആട് വളർത്തൽ ആയിരുന്നു. ഗ്രാമവാസികൾ എല്ലാവരും ആട്ടിടയർ ആയതുകൊണ്ടാണ് ഗ്രാമത്തിന് ഇടയന്നൂർ എന്ന് പേരുവന്നത്.
അവിടെ മിടുക്കരായ രണ്ടു പെൺകുട്ടികൾ ഉണ്ടായിരുന്നു. സ്വാതിയും സീതയും. കാഴ്ചയിൽ രണ്ടുപേരും ഒരുപോലെ തന്നെയായിരുന്നു. ഇരട്ടക്കുട്ടികൾ ആയതുകൊണ്ട് കൂട്ടുകാർക്കും നാട്ടുകാർക്കും എപ്പോഴും അവരെ തമ്മിൽ മാറി പോകുമായിരുന്നു.
സ്വാതിക്കും സീതയും സ്വന്തമായി ഒരു കുഞ്ഞ് ആട്ടിൻകുട്ടി ഉണ്ടായിരുന്നു. വെള്ളയിൽ കറുത്ത പുള്ളികൾ ഉള്ള ആട്ടിൻകുട്ടിയെ അവർ കുട്ടൻ എന്ന് വിളിച്ചു. നല്ല കുറുമ്പൻ ആയിരുന്നു കുട്ടൻ.
മൂന്നുപേരും വലിയ കൂട്ടുകാരായിരുന്നു. കളിയും ചിരിയും തമാശകളും ആയി അങ്ങനെ കാലം കഴിയവെ സഹോദരന്മാരായ രണ്ടു ഭൂതങ്ങൾ അവിടേക്കുവന്നു. അതിലൊരു ഭൂതം നല്ല ബുദ്ധിശാലിയും മറ്റേ ഭൂതം മരമണ്ടനും ആയിരുന്നു.
ഇടയന്നൂരിൽ ധാരാളം ആടുകളെ കണ്ടതും ഭൂതത്താന്മാർക്ക് സന്തോഷമായി. ഗ്രാമത്തിന്റെ അടുത്തുള്ള കാട്ടിൽ അവർ താമസമാക്കി.
പൊതുവെ പേടിത്തൊണ്ടന്മാരായിരുന്ന ഗ്രാമവാസികൾ ഭൂതത്താന്മാരുടെ വരവോടെ വീടിനു പുറത്തിറങ്ങാതെയായി. എല്ലാ രാത്രിയിലും ഭൂതങ്ങൾ ഗ്രാമത്തിൽ ഇറങ്ങി ഓരോ ജന്തുക്കളെയായി കാട്ടിലേക്ക് പിടിച്ചു കൊണ്ടു പോകാൻ തുടങ്ങി.
പിടിച്ചുകൊണ്ടുപോയ ഒരു മൃഗത്തെയും ഭൂതത്താൻ ഉപദ്രവിച്ചില്ല. പകരം കാട്ടിൽ സ്വതന്ത്രരായി വളർത്തി. ഇത് കണ്ടിട്ടും തങ്ങളുടെ മൃഗങ്ങളെ രക്ഷിക്കാൻ ആരും കാട്ടിലേക്ക് പോയില്ല. കാരണം പുഴ കടന്നു വേണം അവിടേക്ക് പോകാൻ. അതിനായി ഒരു പാലമുണ്ട്. പക്ഷേ ആ പാലത്തിൽ നിറയെ കത്തികൾ പോലെ കൂർത്ത മുള്ളുകൾ ഭൂതങ്ങൾ നിർമ്മിച്ച് വച്ചിരിക്കുകയാണ്. അത് കടന്ന് അപ്പുറത്ത് പോവുക പ്രയാസകരം തന്നെയാണ്. മാത്രവുമല്ല മണ്ടനായ ഭൂതം അവിടെ കാവൽ നിൽക്കുന്നുണ്ട്.
അങ്ങനെ അങ്ങനെ ഗ്രാമത്തിലെ എല്ലാവരുടെയും മൃഗങ്ങളെ ഭൂതങ്ങൾ പിടിച്ചുകൊണ്ടുപോയി. അവസാനം ഇരട്ടക്കുട്ടികളുടെ കുട്ടനാട് മാത്രം ബാക്കിയായി.
അന്നുരാത്രി നാട്ടിൽ ഇറങ്ങിയ ഭൂതത്താൻ കുട്ടനാടിനെയും കൊണ്ട് കാട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന ഉടനെ പതിവുപോലെ കുട്ടന്റെ കൂടിന് അടുത്തേക്ക് ചെന്ന കുട്ടികൾ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി.
ഭൂതത്താൻ തന്റെ കുട്ടനേയും കൊണ്ടുപോയിരിക്കുന്നു. അവർക്ക് സങ്കടവും ദേഷ്യവും വന്നു. അച്ഛനും അമ്മയും അവരെ സമാധാനിപ്പിച്ചു. കുട്ടനു പകരം മറ്റൊരു ആട്ടിൻകുട്ടിയെ വാങ്ങി കൊടുക്കാമെന്നും ഭൂതത്താൻ കൊണ്ടുപോയ ആടിനെ തിരക്കി ചെന്നാൽ ഭൂതത്താൻ നമ്മളെയും ഉപദ്രവിക്കുമെന്നും അമ്മ പറഞ്ഞു. അവർക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. തങ്ങളുടെ പ്രിയപ്പെട്ട കുട്ടനെ തട്ടിക്കൊണ്ടുപോയ ഭൂതത്താനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ അവൻ തീരുമാനിച്ചു.

Read More: അഭിജിത്തിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം
ഭൂതത്താനെ നേരിടുവാൻ അവർ പാലത്തിന് അടുത്തേക്ക് ചെന്നു. ഭൂതത്തെ കബളിപ്പിച്ച് പാലത്തിൻ ഉള്ളിൽ കടക്കാൻ അവർ ഒരു സൂത്രം പ്രയോഗിച്ചു. സ്വാതിയും സീതയും രണ്ടു ഭാഗങ്ങളിലായി ഒളിച്ചു കളിച്ചു കൊണ്ട് മണ്ടനായ ഭൂതത്താനെ കൂക്കി വിളിച്ചു കൊണ്ടിരുന്നു. അതുകേട്ട് ഭൂതം പാലം തുറന്ന് പുറത്തിറങ്ങി.
ഇരട്ടക്കുട്ടികൾ ആണെന്നത് അറിയാതെ ഭൂതത്താൻ ഒരാളെ പിടിക്കാൻ നോക്കിക്കൊണ്ടിരുന്നു. ഒരാളുടെ അടുത്ത് ചെല്ലുമ്പോൾ മറ്റേയാൾ മറ്റൊരു വശത്തുനിന്ന് ഭൂതത്തെ കൂക്കി വിളിക്കും. അതുകേട്ട് ഉടനെ ഭൂതത്താൻ അങ്ങോട്ടേക്ക് ഓടിച്ചെല്ലും അന്നേരം രണ്ടാമത്തെ ആൾ മറ്റൊരു വശത്തുനിന്ന് വീണ്ടും ഭൂതത്താനെ വിളിക്കും.
ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരുന്നപ്പോൾ ഭൂതത്താന് വട്ടു പിടിക്കുന്നത് പോലെ തോന്നി. അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഓടിത്തളർന്ന മണ്ടനായ ഭൂതം പാലത്തിൽ ചാരിയിരുന്ന് ഉറങ്ങാൻ തുടങ്ങി.
ഈ സമയം തുറന്നിട്ട പാലത്തിലൂടെ സ്വാതിയും സീതയും മുന്നോട്ടു നടക്കാൻതന്നെ തീരുമാനിച്ചു. നാട്ടുകാരും വീട്ടുകാരും പേടിച്ചു നിൽക്കെ കത്തി മുള്ളുകളുള്ള പാലത്തിലേക്ക് അവർ കാലെടുത്തുവെച്ചു. അത്ഭുതമെന്ന് പറയട്ടെ മുള്ളുകൾ പതിയെ താഴേക്ക് താന്നു പോയി.
ഭൂതത്താൻ തന്റെ മായയാൽ സൃഷ്ടിച്ച വെറും കടലാസ് മുള്ളുകൾ ആയിരുന്നു അത്.
കുട്ടികൾ പാലത്തിലൂടെ അപ്പുറത്ത് എത്തിയപ്പോൾ കുട്ടൻ ഉൾപ്പെടെ ഗ്രാമത്തിൽനിന്നും ഭൂതത്താൻ മോഷ്ടിച്ചുകൊണ്ടുപോയ എല്ലാ ജന്തുക്കളും സുഖമായി അവിടെ മേയുന്നത് അവർ കണ്ടു. അന്നേരം ബുദ്ധിമാനായ ഭൂതത്താൻ അവിടേക്ക് വന്നു. ആളുകൾ എല്ലാവരും വീണ്ടും പേടിച്ച് ശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അപ്പോൾ ചിരിച്ചു കൊണ്ട് ഭൂതത്താൻ പറഞ്ഞു.
“പ്രിയപ്പെട്ടവരെ ഞാനാരെയും ഉപദ്രവിക്കില്ല. നിങ്ങളിൽ ആർക്കാണ് ഏറ്റവും ധൈര്യം എന്ന് അറിയാൻ നടത്തിയ ചെറിയൊരു പരീക്ഷണം മാത്രമായിരുന്നു ഇത്. മിടുക്കരും ധൈര്യശാലികളും സഹജീവികളോട് സ്നേഹവും ഉള്ള കുട്ടികളെ നിങ്ങളാണ് ഇതിൽ വിജയിച്ചത്. അതുകൊണ്ട് നിങ്ങൾക്ക് എന്ത് ആവശ്യം വന്നാലും എന്നെ സ്മരിച്ചാൽ ഞാൻ സഹായിക്കുന്നതാണ്.”
ശേഷം ഭൂതത്താൻ താൻ പിടിച്ചുകൊണ്ടുവന്ന എല്ലാ ജീവികളെയും സ്വതന്ത്രരാക്കി. കുട്ടികൾ വിളിച്ച ഉടനെ കുട്ടൻ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. ഭൂതങ്ങളോട് നന്ദി പറഞ്ഞ് മൂന്നുപേരും സന്തോഷത്തോടെ തിരിച്ച് വീട്ടിലേക്ക് നടന്നു. മൂവർക്കൊപ്പം മറ്റ് മൃഗങ്ങളും നാട്ടുകാരുമൊക്കെ സന്തോഷത്തോടെ നാട്ടിലേക്ക് നടന്നു.