scorecardresearch

മൂക്കുത്ത്യാലെന്താ കൊഴപ്പം?

“അങ്ങോട്ടുമിങ്ങോട്ടും കൈകൂട്ടിപ്പിടിച്ച് അവർ മൂന്നുപേരും കൂടെ പുറത്തേക്ക് നടന്നുനീങ്ങി, കൂടുതൽ വിശാലമായ ഒരു ലോകത്തേക്ക്” ചിത്തിര കുസുമൻ എഴുതിയ കഥ

പേര് പോലെ തന്നെ ഇതൊരു മൂക്കുത്തിക്കഥയാണ്, പക്ഷേ ആരും മൂക്കുകുത്തിയ കഥയല്ല കേട്ടോ. പിന്നെ എന്താണെന്നല്ലേ, വായിച്ചുനോക്ക്…

I.

ആദിയും യദുവും മീനുവും ബെസ്റ്റ് ഫ്രണ്ട്സാണ്. മൂന്നുപേരെയും ഒരുമിച്ചുമാത്രമേ കാണാൻ കിട്ടൂ. ആദി ആറിലും യദു നാലിലും മീനു ഏഴിലുമാണ് പഠിത്തം. ഒരേ സ്‌കൂളിൽ ആയതുകൊണ്ട് അവിടെയും ഇവർ മൂന്നുപേരുമാണ് കൂട്ട്.

ക്ലാസില്ലാത്തപ്പോ പഠിക്കുന്ന നേരത്തും ഭക്ഷണം കഴിക്കാനും ഉറങ്ങാനും മാത്രമാണ് മൂന്നുപേരും സ്വന്തം വീടുകളിൽ കയറുന്നത്, അല്ലാത്തപ്പോഴൊക്കെ ഇന്ദുവാന്റിയുടെ വീട്ടിലാണ്. അവിടെ മൂന്നുപേർക്കും ഫുൾ സ്വാതന്ത്ര്യമാണ്. കളർ ചെയ്യലും ഇന്ദുവാന്റിയുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിക്കലും വർത്തമാനവുമായി അവിടെ ഇരിക്കാനാണ് മൂന്നുപേർക്കും ഏറ്റവും ഇഷ്ടം. ആന്റി എല്ലാത്തിനും കൂടെ കൂടുകയും ചെയ്യും.

പറഞ്ഞില്ലല്ലോ, ഇന്ദുവാന്റിക്ക് എഴുത്താണ് ജോലി. എന്താണ് എഴുതുന്നതെന്നൊന്നും ചോദിക്കരുത്, ഇടയ്ക്ക് ലാപ്‌ടോപ്പും എടുത്തു കുത്തിയിരിക്കുന്നതു കാണാം, അന്നേരം ശല്യപ്പെടുത്തിയാൽ കണക്കിനു കിട്ടും മൂന്നാൾക്കും. അതുകൊണ്ട് ആ സമയത്ത് മൂവർസംഘം തൊട്ടപ്പുറത്തെ പറമ്പിൽ പോയി സൈക്കിൾ ചവിട്ടും.

അങ്ങനൊക്കെ മര്യാദക്ക് ഇരിക്കുന്ന നേരത്താണ് മീനുവിന്റെ വല്യമ്മയുടെ മോൾക്ക് കല്യാണമായത് . അതങ്ങ് ദൂരെ എവിടെയോ ആണ്. രാവിലെ പോയാൽ ഉച്ചകഴിഞ്ഞേ അവിടെ എത്തൂ. അതുകൊണ്ട് കല്യാണത്തിന് തലേന്ന് തന്നെ പോണം. അതും കഴിഞ്ഞു പിന്നത്തെ ദിവസമേ വരികയുമുള്ളൂ. വിശേഷം പറഞ്ഞുകൊണ്ടിരിക്കെ “കല്യാണം ഞായറാഴ്ചയായതുകൊണ്ട് കൊള്ളാം, തിങ്കളാഴ്ചത്തെ ക്ലാസ് മാത്രമല്ലേ പോകുള്ളൂ” എന്ന് ആദി പറഞ്ഞത് യദു ശരിവെച്ചു.

എന്നാലും മീനു മാത്രമായിട്ട് അങ്ങനെ ദൂരത്തേക്ക് അതും മൂന്നു ദിവസത്തേക്ക് പോകുന്നതിൽ രണ്ടുപേർക്കും വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്തുചെയ്യാനാണ്, അവളും അമ്മയും അച്ഛനും ചേച്ചിയും കൂടെ അങ്ങ് പോയി. പോയ വഴി കുറച്ചുനേരം നോക്കി നിന്നിട്ട് ഇവരും പോയി. അങ്ങനെ മൂന്നുദിവസം കളിയും ചിരിയും നിന്നു, പുസ്തകവായനയും കളറടിക്കലും നിന്നു, സൈക്കിൾ മൂലക്കിരുന്നു. മൂന്നാം ദിവസം മീനു തിരികെ വന്നു, കല്യാണവിശേഷങ്ങളുമായിട്ട്.

chithira kusuman, story, iemalayalam

ഇന്ദുവാന്റിയുടെ വീട്ടിൽ വട്ടംകൂടിയിരിക്കുമ്പോഴാണ് മീനു വിശേഷങ്ങളുടെ പൊതിയഴിച്ചത്. പോയതും വന്നതുമായ വഴിക്കു കണ്ടതൊക്കെയും പറഞ്ഞു. കല്യാണവീട്ടിലെ മേളങ്ങൾ പറഞ്ഞു. പുറത്തു നിന്നും കല്യാണവീട്ടിൽ നിന്നും കഴിച്ചതൊക്കെയും പറഞ്ഞു. എന്നിട്ടും ആദിക്കും യദുവിനും കേട്ടുമതിയായിട്ടില്ല. എന്നിട്ട്, എന്നിട്ടെന്ന് ചോദിച്ചുകൊണ്ടേയിരിക്കുകയാണ് രണ്ടുപേരും.

ഇനിയെന്തുപറയുമെന്ന് ഓർത്തോർത്തിരുന്നപ്പോഴാണ് കല്യാണത്തിനു മുന്നേ വല്യേച്ചി , വല്യമ്മയുടെ മകൾ, മൂക്കുകുത്തിയ കാര്യം പറഞ്ഞില്ലല്ലോ എന്ന് മീനുവിന് ഓർമവന്നത്. ആ ചേച്ചി മീനുവിന്റെ വീട്ടിൽ വന്നു താമസിച്ചിട്ടുള്ളതുകൊണ്ട് അവിടെ എല്ലാവർക്കും പരിചയമാണ്. എന്നാൽപ്പിന്നെ അതുതന്നെ എന്ന് മീനു ആ വിശേഷവും പറഞ്ഞു.

” വല്യേച്ചി കല്യാണത്തിന് മൂക്ക് കുത്തി, ഡയമണ്ടിന്റെ മൂക്കുത്തി. നല്ല ഭംഗിയാണ് കാണാൻ. ഗണ്ണു വെച്ചാണ് കുത്തിയത്, കുറച്ചു വേദനയെടുത്തെന്ന് പറഞ്ഞു. അത് കണ്ടപ്പോ എനിക്കും മൂക്ക് കുത്താൻ കൊതിയായി, ഇത്തിരി കൂടെ വലുതാവട്ടെ എന്ന് അമ്മ പറഞ്ഞിട്ടുണ്ട്,” മീനു സന്തോഷത്തിലങ്ങു പറഞ്ഞു നിർത്തി.

“ആഹാ, കല്യാണത്തിന് മൂക്ക് കുത്തിയോ? അപ്പൊ കല്യാണം കഴിച്ച ചേട്ടനും മൂക്ക് കുത്തീട്ടാണോ വന്നത്,” കേട്ടവഴി ആദി ചോദിച്ചുകഴിഞ്ഞു.

ആദിക്ക് എന്തിനുമേതിനും സംശയമാണ്. എന്നാലോ എന്തു പറഞ്ഞാലും വിശ്വസിക്കുകയും ചെയ്യും. അതുകൊണ്ട് വീട്ടുകാരും അയൽപ്പക്കക്കാരും കൂട്ടുകാരും അവനെ കളിയാക്കുന്നത് പതിവാണ്. പക്ഷേ ഈ മൂക്കൂത്തിച്ചോദ്യമാണ് ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ കുഴപ്പങ്ങളുണ്ടാക്കിയത്.

” ആണുങ്ങൾ മൂക്കു കുത്തുമോടാ?” മീനുവിന്റെ ചോദ്യവും ചിരിയും ഒപ്പം കഴിഞ്ഞു, യദുവും ഒട്ടും കുറച്ചില്ല. ” നിനക്കീ പൊട്ടത്തരം ചോദിക്കുന്നത് നിർത്തിക്കൂടെ ” അവനും ചോദിച്ചു. “നീയല്ലേ പറഞ്ഞത് കല്യാണത്തിന് മൂക്ക് കുത്തിയെന്ന് ” എന്തിനാണ് ഇവരിത്ര ചിരിക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും സ്വന്തം കാര്യം ആദി നേരെ ചൊവ്വേ അങ്ങ് പറഞ്ഞു.

ഇത്രയുമായപ്പോഴാണ് അതുവരെ പിള്ളേരുടെ വർത്തമാനം കേട്ടുകൊണ്ടിരുന്ന ഇന്ദുവാന്റി കേറി ഇടപെട്ടത്. “അതെന്താ ആണുങ്ങൾ മൂക്കു കുത്തിയാൽ കുഴപ്പം? അവനോന്റെ ദേഹത്ത് എന്ത് ചെയ്യണമെന്ന് ഓരോരുത്തരുടെ ഇഷ്ടമല്ലേ, അതിന് ആണും പെണ്ണും നോക്കേണ്ട കാര്യമെന്താണ്?”

chithira kusuman, story, iemalayalam

ഇന്ദുവാന്റിയുടെ പോയിന്റ് അത്രക്കങ്ങോട്ട് മനസ്സിലായില്ലെങ്കിലും എന്തേലും കാര്യം കാണുമായിരിക്കും എന്നുകരുതി ബാക്കി രണ്ടുപേരും ചിരി നിർത്തി. ആദിക്കാണെങ്കിൽ സപ്പോട്ട് കിട്ടിയ സന്തോഷവും. അങ്ങനെ കുറച്ചേറെയിരുന്നിട്ട് മൂന്നുപേരും പോയി. അതോടെ തീർന്നെന്നാണോ നിങ്ങൾ കരുതിയത്? എന്നാൽ അങ്ങനല്ല ഉണ്ടായത്.

വീട്ടിൽ ചെന്നപാടെ ആദി ചോദിച്ച കാര്യം മീനു എല്ലാവരോടും പറഞ്ഞു. അതുകേട്ട് മീനുവിന്റെ അച്ഛനും അമ്മയും ചിരിച്ചുമറിയുകയും ഇവനെന്തൊരു പൊട്ടനാണെന്ന് വീണ്ടും വീണ്ടും പറയുകയും ചെയ്തു. എന്നിട്ടോ ?

II .

അടുത്ത ദിവസം രാവിലെ ടെറസിന്റെ മേലെ ചെടി നനക്കാൻ കയറിയതായിരുന്നു ആദി. അവന്റെ വീടിന്റെ തൊട്ടുപിറകിലാണ് മീനുവിന്റെ വീട്. ആദിയുടെ കഷ്ടകാലത്തിന് കൃത്യമായും ആ നേരത്ത് മീനുവിന്റെ അമ്മ ശോഭാന്റി അവരുടെ ടെറസിൽ തുണി വിരിക്കാൻ കയറിവന്നു, സഹായിക്കാ നായിട്ട് മീനുവിന്റെ അച്ഛൻ മുരളി അങ്കിളും. ഇപ്പുറത്തെ ടെറസിൽ ആദിയെ കണ്ടപാടെ അവരുടെ ചിരിക്കുടുക്ക പൊട്ടി.

“നിനക്ക് മൂക്ക് കുത്തണോടാ?” ശോഭാന്റിയാണ് ചോദിച്ചത്, അതുകേട്ടു തിരിഞ്ഞുനോക്കിയപ്പോഴാണ് ആദി രണ്ടുപേരെയും കണ്ടത്. “ഏയ്, എനിക്കൊന്നും കുത്തണ്ട,” മൂക്കൂത്തിക്കാര്യമൊക്കെ ഓർമ്മ വരും മുൻപേ ആദി പറഞ്ഞു.

“നീ കുത്തിക്കോടാ, മുരളി അങ്കിൾ നിനക്കൊരു സാരിയും വാങ്ങിത്തരും. ഇനിമുതൽ അതുടുത്താൽ മതി, ഈ പാന്റും ബനിയനും ഒക്കെ മാറ്റിക്കോ,” ശോഭാന്റി ചിരിച്ചുമറിഞ്ഞു.

നിന്നനിൽപ്പിൽ ആദിക്ക് സങ്കടം വന്നു. ചെടി നനക്കാൻ കൊണ്ടുവന്ന വെള്ളം അങ്ങനെതന്നെ കമഴ്‌ത്തിക്കളഞ്ഞിട്ട് ഒറ്റ ഓട്ടം ഓടി. കരയുന്നത് ആരും കാണരുതല്ലോ, അവൻ മുറിയിൽ കയറി കിടപ്പായി.

ആദിയെ കാണാതെ അന്വേഷിച്ചു ചെന്നതായിരുന്നു യദു. അപ്പോഴാണ് ഈ ചെക്കന്റെ ഒച്ച കേട്ടിട്ട് കുറച്ചായല്ലോ എന്ന് ആദിയുടെ അമ്മ ഓർക്കുന്നത്. അകത്തൊക്കെ നോക്കിച്ചെന്നപ്പോ കട്ടിലിൽ കിടപ്പാണ്.

“എന്താടാ കിടക്കണത്, നിന്നെ നോക്കി യദു വന്നിരിക്കുന്നു. എണീറ്റ് ചെല്ല്.” അമ്മ വിളിച്ചിട്ടും ആദിക്ക് അനക്കമില്ല. എന്തോ ഗുലുമാൽ ഒപ്പിച്ചിട്ടുള്ള കിടപ്പാണല്ലോ എന്നോർത്തുകൊണ്ട് അമ്മ തലയിലൊന്നു തടവി “എന്താടാ, എന്താ ണ്ടായേ?” ഇത്തിരി കനിവിൽ ചോദിച്ചാൽ ആദി അതിൽ വീഴുമെന്ന് നാട്ടുകാർ ക്കൊക്കെ അറിയാം, പിന്നല്ലേ അമ്മ.

കെട്ടിപ്പിടിച്ചൊരു സങ്കടം പറച്ചിലായിരുന്നു പിന്നെ. കാര്യം മൊത്തം പറഞ്ഞുകഴിഞ്ഞപ്പോൾ ദാ അമ്മയും ഇരുന്നു ചിരിക്കുന്നു. “നീയല്ലാതെ ഏതെങ്കിലും പൊട്ടൻ ചോദിക്കുന്ന ചോദ്യമാണോ അത്? ആണുങ്ങൾ ആരെങ്കിലും മൂക്ക് കുത്തുമോടാ? പോ, എണീറ്റ് ചെല്ല്, ” അമ്മയും പോയി.

ആണുങ്ങൾ മൂക്ക് കുത്തണമെന്ന് ആദിക്ക് നിർബന്ധമൊന്നുമില്ല, എന്നുമാത്രമല്ല അന്നുവരെ അവൻ അതിനെപ്പറ്റി ഓർത്തിട്ടുപോലുമില്ല. എന്നിട്ടും ഇപ്പോഴത് അവനെ ഏറ്റവുമധികം ബാധിക്കുന്ന വിഷയമായിരിക്കുന്നു.

തലയും കുമ്പിട്ടാണ് യദുവിന്റെ മുന്നിലേക്ക് ചെന്നത്, ചെറുതായൊന്നു പാളി നോക്കി. അവന് ഭാവമാറ്റമൊന്നുമില്ല , അപ്പോൾ കളിയാക്കിയതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല. ആശ്വാസത്തിൽ നേരെ നോക്കി. കുഴപ്പമൊന്നുമില്ല.

“എന്താടാ വിളിച്ചത്?” ഉള്ളിലെ പ്രശ്നമൊന്നും പുറത്തുകാണിക്കാതെ ആദി ചോദിച്ചു.

“നിന്നെ കാണാഞ്ഞിട്ട് വന്നതാണ്. വാ, മീനൂനെ വിളിക്കാം,” യദുവിന്റെ പറച്ചിൽ ആദിയെ അടിമുടി ഉലച്ചു. മീനുവിനെ കളിക്കാൻ വിളിക്കാമെന്ന്! ആ വഞ്ചകിയുമായിട്ട് ഇനിയൊരു കൂട്ടുമില്ല. വീട്ടിൽ പോയി പറഞ്ഞ് കളിയാക്കിപ്പിച്ചതും പോരാ, ഇനി കളിക്കാനും കൂട്ടണം. നടന്നതുതന്നെ!

“ഞാനൊന്നുമില്ല അവളെ വിളിക്കാൻ. നീ വേണേ അകത്തോട്ട് വാ, ഗെയിം കളിക്കാം…” ആദി അകത്തേക്കു കയറിപ്പോകാൻ തുടങ്ങിയതാണ്, അപ്പൊ ദാ വരുന്നു മീനു. വരുന്നതുതന്നെ ചിരിച്ചോണ്ടാണ്. കണ്ടാലറിയാം കളിയാക്കാനുള്ള വരവാണെന്ന്.

ആദി ഇന്ദുവാന്റിയുടെ വീട്ടിലേക്ക് ഒറ്റയോട്ടം വെച്ചുകൊടുത്തു. മീനുവും യദുവും അന്തംവിട്ടു നിന്നു.

“എവിടെ ബാക്കി രണ്ടെണ്ണം” ഇന്ദുവാന്റി ചോദിച്ചു. ” ആവോ, എനിക്കറിഞ്ഞൂടാ…”

ആദി പറഞ്ഞുതീരുമ്പോഴേക്ക് യദുവും മീനുവും എത്തിക്കഴിഞ്ഞു.

“എന്തോ പന്തികേടുണ്ടല്ലോ മൂന്നെണ്ണത്തിന്റെയും മുഖത്ത്,” ഇന്ദുവാന്റി ചോദിച്ചു.

“എനിക്കറിഞ്ഞൂടാ, ഞാൻ കളിക്കാൻ വിളിച്ചതാണ് ഇവൻ ഓടിക്കളഞ്ഞു,” കാര്യമറിയാതെ യദു പറഞ്ഞു.

“അവന് മൂക്ക് കുത്താഞ്ഞിട്ടാണ്, കെറുവിച്ച് നടപ്പാണ്,” ചിരിച്ചുകൊണ്ട് മീനു പറഞ്ഞു.

അപ്പോഴേക്ക് ആദിക്ക് ദേഷ്യം വന്നിരുന്നു. “എനിക്കൊന്നും കുത്തണ്ട മൂക്ക്. ആന്റി കേട്ടോ എനിക്ക് സാരി വാങ്ങിത്തരാമെന്ന് പറഞ്ഞു ഇവൾടെ അച്ഛനും അമ്മേം. ഞാൻ അതുടുത്തോണ്ട് നടക്കാൻ. ഇവള് പോയി ഓരോന്ന് പറഞ്ഞിട്ടല്ലേ?”

ആദിയുടെ കവിളൊക്കെ ദേഷ്യം കൊണ്ട് വീർത്തുതുടങ്ങി. സംഗതികളൊക്കെ ചോദിച്ചു മനസിലാക്കിക്കഴിഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഇന്ദുവിന് പിടികിട്ടിയത്.

ഇത് മുതിർന്നവരുടെ കളിയാണ്!

“ആണുങ്ങൾ മൂക്ക് കുത്തില്ലെന്ന് നിന്നോടാരാ പറഞ്ഞത്,” ഇന്ദു ചോദിച്ചു. “ഈ ഫോണിൽ ഗൂഗിൾ എടുത്തു നോക്ക്”. മൂന്നുപേരും കൂടെ കുത്തിയിരുന്ന് ഗൂഗിളിൽ നോക്കി. ശരിയാണ് കുറച്ചു ചേട്ടന്മാരൊക്കെ മൂക്ക് കുത്തിയിട്ടുണ്ട്, കാണാൻ ഭംഗിയുമുണ്ട്.

“അവരൊക്കെ മോഡലായിരിക്കും, ശരിക്കും ആണുങ്ങളാരും മൂക്കൊന്നും കുത്തില്ല,” മീനു വിശ്വസിക്കുന്നേയില്ല.

“എന്റെ കൂട്ടുകാരന്മാർ ചിലരൊക്കെ മൂക്ക് കുത്തിയിട്ടുണ്ടല്ലോ, അവരാരും മോഡലുമല്ല, ദേ ഫോട്ടോ നോക്ക്,” ഇന്ദു ഫോൺ വാങ്ങി ഗാലറി തുറന്നു.

“വെറുതെ തള്ളണ്ട ആന്റീ,” എന്നുപറയാൻ വായ തുറന്നതായിരുന്നു മീനു. പറയാഞ്ഞത് നന്നായി, ദാ ശരിക്കും മൂക്കുകുത്തിയ ചേട്ടന്മാരുടെ കൂടെ നിൽക്കുന്ന സെൽഫിയൊക്കെ ഉണ്ട് ഇന്ദുവാന്റിയുടെ ഫോണിൽ!

III.

ഇന്ദുവാന്റി കൊടുത്ത ആത്മവിശ്വാസത്തിലാണ് വൈകുന്നേരം മീനുവിന്റെ വീട്ടിലേക്ക് ആദി കയറിച്ചെന്നത്. ആളുകൾ ആണും പെണ്ണും മാത്രമല്ലെന്നും ഒരുപാട് തരത്തിൽ ആൾക്കാർ ഉണ്ടെന്നും അവരൊക്കെ മനുഷ്യരാണെന്നും സാരിയും പാന്റും ഷർട്ടും ചുരിദാറും ഒക്കെ പലവിധത്തിൽ തുന്നിയ ഒരേ തുണികളാണെന്നും അവരവർക്ക് ആത്മവിശ്വാസവും ഉടുക്കാൻ സുഖവും ഉള്ള ഉടുപ്പാണ് ഇടേണ്ടതെന്നും എല്ലാത്തരം മനുഷ്യരും തുല്യരാണെന്നും ഇന്ദുവാന്റി പറഞ്ഞു തന്നിട്ടുണ്ട്.

കുറേ ഫോട്ടോകൾ കാണിക്കുകയും ചെയ്തു. അതിൽ ആണുങ്ങളാണെന്ന് തോന്നുന്ന ചേച്ചിമാരുണ്ട്, പെണ്ണുങ്ങളെപ്പോലെ ഒരുങ്ങിയ ചേട്ടന്മാരുമുണ്ട്. വേറൊരു അതിശയം എന്താണെന്നുവെച്ചാൽ അന്നുവരെ ലവ് ഉണ്ടാകുന്നത് ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ മാത്രമാണെന്നായിരുന്നു വിചാരിച്ചിരുന്നത്. ആദിയുടെ സ്‌കൂളിലൊക്കെ അങ്ങനെയാണ്, വലിയ ക്ലാസിലെ ചേട്ടന്മാരൊക്കെ ചേച്ചിമാരോട് ‘ഐ ലവ്യു’ പറയുന്നത് എത്രവട്ടം കേട്ടിരിക്കുന്നു.

പക്ഷെ ലവ് ഉണ്ടാകുന്നതിന് ആണും പെണ്ണും തന്നെ വേണമെന്നില്ലത്രേ! ആണുങ്ങൾക്ക് ആണുങ്ങളോടും പെണ്ണുങ്ങൾക്ക് പെണ്ണുങ്ങളോടും ലവ് ഉണ്ടാകാം എന്നും അത് സ്വാഭാവികമാണ് എന്നുമാണ് ആന്റി പറഞ്ഞത്. ഇതൊക്കെ ആരും പറഞ്ഞുതന്നിട്ടില്ല . അല്ലെങ്കിൽ ഇങ്ങനെ ചമ്മേണ്ടിവരുമായിരുന്നോ ആദിക്ക് ?

അതിനെക്കുറിച്ച് “ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിവരമില്ലാഞ്ഞിട്ടാണ് നിന്നെ ആൾക്കാർ കളിയാക്കുന്നത്,” എന്നാണ് ഇന്ദുവാന്റി പറഞ്ഞത് . ഇനി കളിയാക്കട്ടെ, കാണിച്ചുകൊടുക്കണം.

ഇങ്ങനെ ഓരോന്ന് വിചാരിച്ച് ആദി നേരെ ചെന്നുകയറിയത് ശോഭാന്റിയുടെ മുന്നിലേക്കാണ്.

“മീനു എന്ത്യേ? സൈക്കിൾ ചവിട്ടാൻ പോകാനാണ്,” ആദി പറഞ്ഞു.

“അവൾ നിനക്ക് അവളുടെ കുറച്ച് ഉടുപ്പ് എടുത്തുവെക്കുകയാണ്, നിനക്കിനി പെണ്ണുങ്ങളുടെ ഉടുപ്പ് മതിയല്ലോ,” ശോഭാന്റി രാവിലെ തുടങ്ങിയ ഇടത്തുനിന്ന് മാറിയിട്ടില്ല.

പക്ഷെ ആദിക്ക് വലിയ പ്രശ്നമൊന്നും തോന്നിയില്ല, മാത്രമല്ല ശോഭാന്റിക്ക് അറിയാഞ്ഞിട്ടാണ് എന്നുപറഞ്ഞ് നേരത്തെ ആലോചിച്ച കാര്യങ്ങളൊക്കെ അങ്ങോട്ട് പറഞ്ഞുകൊടുക്കുകയും ചെയ്തു.

കൃത്യമായും ആ നേരത്താണ് വൈകുന്നേരം പ്രാർത്ഥനക്കോ മറ്റോ പോകാന്‍ അടുത്ത വീട്ടിലെ കുറെ സ്ത്രീകൾ അങ്ങോട്ട് കയറിവന്നത്. അങ്ങനെയൊന്നും തോറ്റുകൊടുക്കുന്ന ആളായിരുന്നില്ല ശോഭ. പോരാത്തതിന് ആന്റിക്ക് വിവരമില്ലാഞ്ഞിട്ടാണ് എന്ന് ഇത്തിരിയില്ലാത്ത ഒരു ചെറുക്കൻ നാട്ടിലെ പെണ്ണുങ്ങളുടെയൊക്കെ മുന്നിൽ വെച്ച് മുഖത്തുനോക്കി പറയുകയും ചെയ്യുന്നു, പോരെ പൂരം!

“ഒരു കാര്യം ചെയ്യ്, നീ മൂക്കും കുത്തി മീനുവിന്റെ ഒരു ഉടുപ്പും ഇട്ട് ഇതിലേ നടക്ക്. നാട്ടുകാർ മുഴുവൻ നിന്നെ കളിയാക്കും. നിന്റെ ഇന്ദു ആന്റിക്കാണോ എനിക്കാണോ വിവരം എന്ന് അപ്പോഴറിയാം,” ശോഭ ദേഷ്യത്തിൽ പറഞ്ഞു നിർത്തി.

കാര്യം മുഴുവൻ മനസ്സിലായില്ലെങ്കിലും ഇത്തിരിയില്ലാത്ത പിള്ളേരെ എരിപൊരി കേറ്റുന്ന കാര്യത്തിൽ വന്നുകൂടിയവരൊന്നും പിറകിലായിരുന്നില്ല. ആദിയെ കളിയാക്കാൻ ഓരോരുത്തരും മത്സരമായി.

കാര്യം പറഞ്ഞാൽ ശോഭാന്റിക്ക് മനസിലാകും എന്നായിരുന്നു ആദിയുടെ വിചാരം. ഇതിപ്പോ കൂടുതൽ കുഴപ്പമായി, മാത്രമല്ല അടുത്ത വീട്ടിലെ ആന്റിമാരോടൊക്കെ ശോഭാന്റി ഉണ്ടായതൊക്കെ പറയുകയും ചെയ്തു. ആകെ നാണക്കേടായി. അതുമാത്രമാണോ, അതുവരെ താനും യദുവും ആണുങ്ങളാ ണെന്നും മീനു പെണ്ണാണെന്നും തങ്ങൾ തമ്മിൽ എന്തോ വ്യത്യാസമുണ്ടെന്നും അവൻ ചിന്തിച്ചിട്ടില്ലായിരുന്നു. ഇതിപ്പോൾ ആകെ കുഴപ്പമായി.

കളിക്കാനും കൂട്ടം കൂടാനും പോകാതിരിക്കുന്നതാണ് നല്ലത്. ഇന്ദുവാന്റി പറഞ്ഞതൊന്നും സത്യമല്ലേ, അതോ ഇവിടെ ആർക്കും അതൊന്നും അറിയാഞ്ഞിട്ടാണോ? ശരിക്കും അവനവന് ഇഷ്ടമുള്ളതല്ലേ ചെയ്യേണ്ടത്, അല്ലാതെ നാട്ടുകാർക്ക് ഇഷ്ടപ്പെടുന്ന പോലെ നടന്നിട്ട് തന്നത്താനെ അങ്ങനല്ലെങ്കിലോ ഇഷ്ടം … എന്നിങ്ങനെ നൂറായിരം ചിന്തകൾ ആദിയുടെ ഉള്ളിലൂടെ കടന്നുപോയി.

” എന്തേ, നിനക്കിപ്പോ ഒന്നും പറയാനില്ലേ? ഇവരൊക്കെ കളിയാക്കുന്നത് കണ്ടോ? അപ്പൊ ഞാൻ നേരത്തെ പറഞ്ഞത് ശരിയല്ലേ? അവനും അവന്റൊരു മൂക്കൂത്തിയും,” ഏതോ മത്സരം ജയിച്ചതുപോലെ ശോഭ പറഞ്ഞുനിർത്തി. ആദിക്ക് കണ്ണു നിറഞ്ഞുതുടങ്ങിയതായിരുന്നു, അപ്പോഴാണ് അകത്തെ മുറിയിൽ നിന്ന് കർട്ടൻ തട്ടിമാറ്റി മീനു ഇറങ്ങിവന്നത്.

” ആണുങ്ങൾ മൂക്കുത്ത്യാലിപ്പൊ എന്താ കൊഴപ്പം, അത് അവരുടെ ഇഷ്ടമല്ലേ? ഇവിടെ എത്ര ചേട്ടന്മാർ കമ്മലിട്ടിട്ടുണ്ട്, അങ്ങനാണേൽ പെണ്ണുങ്ങൾ മാത്രമേ കാതുകുത്താൻ പാടുള്ളൂ എന്നും പറയുമോ? അമ്മ എന്റെ ഉടുപ്പിന്റെ കാര്യവും പറഞ്ഞ് ആദിയെ കളിയാക്കണ്ട, ഞാനും ഷോർട്സും ബനിയനും ഷർട്ടും ഒക്കെ ഇടാറുണ്ടല്ലോ, അപ്പൊ എന്നെയും ആൾക്കാർ കളിയാക്കുമോ? എന്നെയെങ്ങാനും ചെക്കനാണെന്നു പറഞ്ഞു കളിയാക്കിയാൽ നന്നായിപ്പോയെന്ന് ഞാനും പറയും. അല്ലാതെ നാട്ടുകാരുടെ ഇഷ്ടത്തിനാണോ ഞാൻ ഏതുടുപ്പിടണം എന്ന് തീരുമാനിക്കുന്നത്?”

ഇത്രയും പറഞ്ഞിട്ട് ” നീ വാടാ നമ്മൾക്ക് സൈക്കിൾ ചവിട്ടാൻ പോകാ”മെന്നു പറഞ്ഞ് മീനു ആദിയുടെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു. “ഇപ്പോഴത്തെ പിള്ളേരുടെ ഒരു നാക്കേയ്” എന്ന് അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് ചിരിച്ചിട്ട് വന്നുകൂടിയ ആന്റിമാരൊക്കെ വേറെ കാര്യം പറഞ്ഞുതുടങ്ങി.

എല്ലാവരുടെയും മുൻപിൽ വെച്ച് മീനു തന്നോട് അങ്ങനെ പറഞ്ഞത് ഇത്തിരി വിഷമമായെങ്കിലും ആലോചിച്ചു നോക്കിയപ്പോൾ അവൾ പറഞ്ഞതിലും കാര്യമുണ്ടല്ലോ എന്ന് ശോഭക്കും തോന്നി. ആ എന്തേലുമാവട്ടെ എന്ന് ഉണങ്ങിയ തുണിയെടുത്തു മടക്കിക്കൊണ്ട് അവരാ വിഷയം വിട്ടു.

ആദിയും മീനുവും വീടിനു പുറത്തെത്തിയപ്പോഴേക്ക് യദു അവരെയും കാത്ത് പുറത്തു നിൽപ്പുണ്ട്. അകത്തെ പുകിലൊക്കെ കേട്ടുകൊണ്ട് നിന്നതു കൊണ്ടാവും, അവരെ കണ്ടപാടെ അവൻ ചിരിക്കാൻ തുടങ്ങി.

“എന്താടാ…” എന്ന് ചോദിച്ചിട്ടൊന്നും നിൽക്കുന്നില്ല. അവന്റെ ചിരി കണ്ടിട്ട് ആദിക്കും മീനുവിനും ചിരിയടക്കാൻ പറ്റാതായി. അങ്ങോട്ടുമിങ്ങോട്ടും കൈകൂട്ടിപ്പിടിച്ച് അവർ മൂന്നുപേരും കൂടെ പുറത്തേക്ക് നടന്നുനീങ്ങി, കൂടുതൽ വിശാലമായ ഒരു ലോകത്തേക്ക്.

Read More: ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Chithira kusuman story for children mukkukuthyalentha kozhappam