scorecardresearch

പരുന്തിന്റെ ആകാശം

"നിന്നേയും തൂക്കി കൊണ്ട് ഇനി പറക്കാൻ വയ്യ ഞാൻ നിന്നെ വിട്ടുകളയുക ആണ് . കുറേ ദൂരം നീ ചിറക് വിടർത്തണ്ട . ആകാശത്തിന്റെ താഴെതട്ടിലെത്തുമ്പോൾ ചിറക് നിവർത്താം, പിന്നെ പറന്ന് കൂട്ടിലെത്താം." ഗ്രേസി എഴുതിയ കഥ

"നിന്നേയും തൂക്കി കൊണ്ട് ഇനി പറക്കാൻ വയ്യ ഞാൻ നിന്നെ വിട്ടുകളയുക ആണ് . കുറേ ദൂരം നീ ചിറക് വിടർത്തണ്ട . ആകാശത്തിന്റെ താഴെതട്ടിലെത്തുമ്പോൾ ചിറക് നിവർത്താം, പിന്നെ പറന്ന് കൂട്ടിലെത്താം." ഗ്രേസി എഴുതിയ കഥ

author-image
Gracy
New Update
Gracy  | Story | iemalayalam

ഉയരമുള്ള മരത്തിലാണ് പരുന്ത് കൂട് കൂട്ടുക. ബലികാക്കകളും അങ്ങനെ തന്നെ. ഈ കാരണത്താൽ അവർ ഒരിക്കൽ അയൽപക്കകാരായി. പരുന്ത് ആണ് ആദ്യം കൂട് കൂട്ടിയത്. കൂട് എന്ന് പറയാൻ മാത്രം ഒന്നുമില്ല. നല്ല ബലമുള്ള ചുള്ളിക്കമ്പുകൾ തിരഞ്ഞ് പിടിച്ച്  തലങ്ങും വിലങ്ങും വച്ചാണ് കൂടൊരുക്കം.

Advertisment

കാണാൻ തീരെ ചന്തമില്ല. പെൺപരുന്ത് ഇടുന്ന മുട്ടയും അത് വിരിഞ്ഞാൽ കുഞ്ഞും താഴെ വീഴരുതെന്നേയുള്ളൂ. ഒരു മുട്ടയാണ് പെൺപരുന്ത് ഇടുക. കാക്ക അത്ര അകലെയല്ലാത്ത  ഒരു മരത്തിൽ കൂട് കൂട്ടിയത് പരുന്തിന് തീരെയും ഇഷ്ടമായില്ല .

ആ ഇഷ്ടക്കേട് കണ്ട് കാക്ക പറഞ്ഞു "സുഹൃത്തേ കഥകളിൽ കാക്കയും പരുന്തും പണ്ട് മുതലേ ശത്രുക്കളാണ്  ഇപ്പോൾ കാലം മാറിയെന്ന കാര്യം നമ്മൾ അംഗീകരിക്കണ്ടേ. പണ്ട് നിറയെ കൊടുങ്കാടുകളായിരുന്ന കാലത്ത്, ശത്രുതയ്ക്കൊക്കെ വേണ്ടത്ര ഇടമുണ്ടായിരുന്നു. ഇന്ന് കാടും പോയി, ഉയരമുള്ള മരങ്ങളും ഇല്ലാതായി. അപ്പോൾ  ഉള്ളത് പങ്കിട്ടെടുക്കുകയല്ലേ ബുദ്ധി."

പരുന്ത് കൂട്ടിൽ നിന്നിറങ്ങി വന്ന്  മരക്കൊമ്പത്ത് ഇരിപ്പുറപ്പിച്ചു.  വലിയ ചിറകുകൾ രണ്ടും നീർത്തി ഒന്നാഞ്ഞ് വീശി പിന്നെ ഇങ്ങനെ ചോദിച്ചു. "പക്ഷേ നിന്റെ കാക്കകണ്ണ് എപ്പോഴും മറ്റു പക്ഷികളുടെ കൂട്ടിലാണെന്നല്ലോ കേൾക്കുന്നത്."

Advertisment

കാക്ക ചെറുതായൊന്ന് പരുങ്ങി. "അതിപ്പോ മിക്ക പക്ഷികളും അങ്ങനെയൊക്കെ തന്നെയല്ലേ. ഏതായാലും ഞാൻ നിന്റെ കൂടിന്റെയരികിലേയ്ക്കൊന്നും വരുന്നില്ല. നീ ഇങ്ങോട്ടും വരണ്ട."

ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും  രണ്ട് പക്ഷികളും ഇരുവൃക്ഷങ്ങളുടേയും  കൊമ്പുകളിൽ നേർക്ക് നേരെയിരുന്ന് ഇടയ്ക്കിടെ സംസാരിക്കാൻ തുടങ്ങി.

പക്ഷികളുടെ എണ്ണം കുറയുന്നത്, ഉള്ളവയുടെ തന്നെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ, ആഹാരം കണ്ടെത്താനുള്ള വിഷമങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ അവർ ചർച്ച ചെയ്തു.

ആൺപരുന്ത്  കൂടിന്റെ ചുമതല പെൺപരുന്തിനെ ഏൽപ്പിച്ച്  ആകാശത്തിന്റെ മോന്തായത്തിലേയ്ക്ക് വട്ടം ചുറ്റി പറന്നുയരുന്നത് ആൺകാക്ക കൊതിയോടെ നോക്കിയിരിക്കും.  

കൊതി  മൂത്ത് ഇരിക്കപൊറുതിയില്ലാതെ കാക്ക പറഞ്ഞു "നീ എത്ര ഉയരത്തിലാണ് പറക്കുന്നത് എനിക്കും ആ വിദ്യ ഒന്ന് പറഞ്ഞു താ ചങ്ങാതി."

ആൺപരുന്ത് പറഞ്ഞു  "ആകാശമിങ്ങനെ പൊങ്ങി പരന്ന് കിടക്കുകയാണെന്ന് തോന്നും. സത്യത്തിൽ ആകാശത്തിന് പല തട്ടുകളുണ്ട്. നിങ്ങൾ കാക്കകളുടെ ചിറകുകൾക്ക്  ആ തട്ടുകളൊക്കെയും പറന്നു കയറാനുള്ള കെൽപ്പില്ല. അതു കൊണ്ട് ആവതില്ലാത്ത കാര്യം ആലോചിച്ച് തല പുണ്ണാക്കണ്ട."

എന്നാലും ആൺകാക്കയ്ക്ക് അക്കാര്യമങ്ങനെ വിട്ടു കളയാൻ കഴിഞ്ഞില്ല. ഉയരത്തിൽ നിന്ന് താഴേയ്ക്ക് നോക്കുമ്പോഴുള്ള കാഴ്ചകൾ എങ്ങനെയിരിക്കുമെന്ന് അറിയാഞ്ഞ് അവന് പൊറുതി കേടായി.

ചിറകുകൾക്ക് ബലം  കിട്ടാനുള്ള വഴി എന്താണ്  എന്നായി അവന്റെ ആലോചന. ധാരാളം ഭക്ഷണങ്ങൾ കഴിച്ചാൽ ചിറകുകൾ ബലപ്പെടുമെന്ന് അവൻ കരുതി.

Gracy  | Story | iemalayalam

പക്ഷേ പെൺകാക്ക കെറുവിച്ചു. "കിട്ടുന്നതെല്ലാം നിങ്ങൾ ഒറ്റയ്ക്ക് വിഴുങ്ങിയാൽ ഈ നാല് കുഞ്ഞുങ്ങളെ ഞാനൊറ്റയ്ക്കെങ്ങനെ തീറ്റിപോറ്റും?"

അത് കേട്ട ആൺ പരുന്ത് പറഞ്ഞു "ധാരാളം ഭക്ഷണം കഴിച്ചാൽ ഭാരം കൂടും, പിന്നെ പറക്കാൻ വിഷമമാകും."

ആൺകാക്ക ആകെ വിഷണ്ണനായി. ഒടുവിൽ മടിച്ച് മടിച്ചാണെങ്കിലും അവൻ പരുന്തിനോട് ചോദിച്ചു "നിനക്ക് എന്നെയൊന്ന് സഹായിച്ച് കൂടെ? കുറച്ച് ഉയരമൊക്കെ എനിയ്ക്ക് താണ്ടാൻ പറ്റും. പിന്നെ നിനക്ക് എന്നെ കാലിൽ കോർത്ത് പറക്കാൻ പറ്റില്ലേ?"

പരുന്ത് ആലോചനയിൽ മുഴുകി. "എനിക്ക് അത്ര ഉറപ്പില്ല, ഏതായാലും സമയമുണ്ട്, കുഞ്ഞുങ്ങൾ പറക്കമുറ്റും വരെ നമ്മൾ ഇവിടെ ഉണ്ടാകുമല്ലോ."

ഓരോന്നാലോചിച്ച് ഉത്സാഹം കെട്ട് മരക്കൊമ്പിലിരിക്കുന്ന ആൺകാക്കയോട് പെൺകാക്ക പറഞ്ഞു, "കാര്യമില്ലാത്ത കാര്യത്തെ ചൊല്ലി ദുഃഖിക്കരുത്. ഓരോരുത്തർക്കും ഓരോന്നു പറഞ്ഞിട്ടുണ്ട്."

ആൺകാക്കയ്ക്ക് ശുണ്ഠി വന്നു. "അങ്ങനെ ചുമ്മാ ജനിച്ചു ജീവിച്ചു ചത്തു പോയിട്ടെന്ത് കാര്യം?"

പെൺകാക്ക അതുകേട്ട് കണ്ണുമിഴിച്ചു. കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്ത് ചുണ്ട് മരക്കൊമ്പിൽ ഉരച്ച് വൃത്തിയാക്കി അവൾ ചോദിച്ചു. "കാക്കകളെ ഈ ലോകത്തിന് ആവശ്യമില്ലേ? ഇക്കണ്ട എച്ചിലൊക്കെ തിന്ന് ഈ ലോകത്തെ വൃത്തിയാക്കുന്നതിൽ നമുക്കുമൊരു പങ്കില്ലേ? പിന്നെയീ മനുഷ്യരൊക്കെ കൈക്കൊട്ടി വിളിക്കുമ്പോൾ ബലിച്ചോർ ഉണ്ണാൻ നമ്മൾ ചെല്ലുന്നില്ലേ?"

അതുകേട്ട് ആൺകാക്ക ഇവളെന്തറിഞ്ഞു എന്ന മട്ടിൽ 'ക്രാ... ക്രാ... ക്രാ...' എന്നു  പരിഹസിച്ചു. 

പെൺകാക്ക പിന്നെ ഒന്നും മിണ്ടിയില്ല. 

ആൺകാക്ക ദിനംപ്രതി മെലിഞ്ഞ് വരുന്നത് കണ്ട് പരുന്ത് പറഞ്ഞു "നിനക്കത്ര ആശയുണ്ടെങ്കിൽ നമുക്കൊന്ന് ശ്രമിച്ച് നോക്കാം. പക്ഷേ, ഒന്നുണ്ട് ചങ്ങാതി, എന്തെങ്കിലും പിഴവ് പറ്റിയാൽനീയെന്നെ കുറ്റപ്പെടുത്തരുത്."

കാക്ക ഉത്സാഹത്തോടെ പറഞ്ഞു "ഇല്ലേയില്ല, ഞാൻ നിന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല."

എങ്കിലും  പരുന്തിന് ആശങ്ക ഒഴിഞ്ഞില്ല. "നിന്റെ കൂട്ടുകാരെങ്ങാനും പണ്ടത്തെ ശത്രുതയുടെ കഥ കുത്തി പൊക്കി കൊണ്ട് വരുമോ?"

കാക്ക ആശ്വസിപ്പിച്ചു "അങ്ങനെ ഒരു ശങ്ക വേണ്ട ഒന്നാമത് ബലികാക്കകളുടെ  എണ്ണം കുറഞ്ഞു, പിന്നെ കൂടു കെട്ടാൻ സമയമാകുമ്പോൾ ഇണകൾ കൂട്ടത്തിൽ നിന്ന് പിരിയുകയും ചെയ്യും."

നാലഞ്ച് നിമിഷം ആലോചിച്ചിരുന്ന് പരുന്ത് പറഞ്ഞു, "ആകാശത്ത് വച്ച് നിന്നെ കാലിൽ കോർത്തെടുക്കാൻ പറ്റുമോ എന്ന് എനിക്കത്ര ഉറപ്പില്ല . പകരം ഇവിടെ വച്ച് തന്നെ നമുക്ക് കാലുകൾ തമ്മിൽ കൊരുക്കാം.
തല കീഴായി കിടന്ന് നീ കാഴ്ചകളൊക്കെയും കണ്ടോളൂ."

അങ്ങനെ അവർ പറക്കാൻ തുടങ്ങി. ആകാശത്തിന്റെ ഏതോ ഒരു തട്ടിൽ വട്ടം ചുറ്റി മേലേക്കുയരുമ്പോൾ മറ്റു ചില പരുന്തുകൾ അവരുടെ പിന്നാലെ കൂടി.

അപ്പോൾ ചങ്ങാതി പരുന്ത് പറഞ്ഞു "ഇതൊരു ഇരയല്ല എന്റെ ചങ്ങാതിയാണ്. അവനെ പരുന്തുകളുടെ ആകാശം കാണിക്കാൻ  കൊണ്ടു പോവുകയാണ്."

അവർ ഒച്ച വച്ച് പിരിഞ്ഞു പോയി. പരുന്തിന്റെ കാലിലങ്ങനെ തൂങ്ങി കിടന്ന് കാക്ക താഴേയ്ക്ക് നോക്കി കൊണ്ടിരുന്നു.

Gracy  | Story | iemalayalam

കാടിന്റെ പച്ചപ്പൊക്കെ എപ്പഴോ മാഞ്ഞു പോയിരുന്നു. ആകാശം പുകയായ് വന്ന് തന്നെ മൂടുകയാണെന്ന് കാക്കയ്ക്ക് തോന്നി. ഏതോ ചുഴി തന്നെ വലിച്ചെടുക്കുക ആണെന്നും അതിൽ നിന്ന് പുറത്തു കടക്കാനാവില്ലെന്നും കാക്കയ്ക്ക് തോന്നി.

കണ്ണുകൾ ഇറുകെയടച്ച് അവൻ കാറികരഞ്ഞു. "അയ്യോ... പരുന്തും തളർന്ന് തുടങ്ങിയിരുന്നു, അവൻ പറഞ്ഞു. "നിന്നേയും തൂക്കി കൊണ്ട് ഇനി പറക്കാൻ വയ്യ ഞാൻ നിന്നെ വിട്ടുകളയുക ആണ്. കുറേ ദൂരം നീ ചിറക് വിടർത്തണ്ട. ആകാശത്തിന്റെ താഴെതട്ടിലെത്തുമ്പോൾ ചിറക് നിവർത്താം, പിന്നെ പറന്ന് കൂട്ടിലെത്താം."

കാക്ക താഴേയ്ക്ക് വീഴാൻ തുടങ്ങി. ആകാശത്തിന്റെ താഴെത്തട്ട് ഏതാണെന്ന് വെപ്രാളത്തിനിടയ്ക്ക് അവന് മനസിലായില്ല. ഒരു മരക്കൊമ്പ് പച്ചിലവിരിപ്പിൽ അവനെ താങ്ങി നിർത്താൻ ശ്രമിച്ചു. 

പക്ഷേ അവിടെ ഒന്ന് തങ്ങി അവൻ താഴേയ്ക്ക് തന്നെ വീണു. കൂടിനരികെയിരുന്ന് പെൺകാക്ക തൂവൽ ചീകി മിനുക്കുകയായിരുന്നു.

മരത്തിന് കീഴെ എന്തോ വീഴുന്ന ഒച്ച കേട്ട് അവൾ എത്തി നോക്കി. 'ക്രാവോ...' എന്ന് ആർത്തു കരഞ്ഞ്  ചിറകൊടിഞ്ഞതു പോലെ കിടന്ന ആൺകാക്കയുടെ  അടുത്തേയ്ക്ക് പെൺകാക്ക പറന്നിറങ്ങി.

ചിറക് കൊണ്ട് അവനെ പൊതിഞ്ഞും കൊക്ക് കൊണ്ട് മെല്ലെ പൂട വകഞ്ഞും അവൾ ചോദിച്ചു "എന്ത് പറ്റി? കണ്ണ് തുറക്കാതെ ആൺകാക്ക ക്രാവി "പരുന്തിന്റെ ആകാശം അത് വേറൊരു ആകാശമാണ്!"

Childrens Day Stories Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: