Children’s Day: ശിശുദിനം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു 1889 നവംബര്‍ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്. രാജ്യാന്തര തലത്തിൽ നവംബർ 20 നാണ് ശിശുദിനം.
Childrens Day 2019 Wishes: ശിശുദിനാശംസകൾ കൈമാറാം
ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ചാച്ചാജിയുടെ വേഷമണിഞ്ഞുളള കുരുന്നുകളുടെ കലാപരിപാടികളും സമ്മാന വിതരണവും ഉണ്ടാകും. പൂക്കളെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓർമയ്ക്കായി കുരുന്നുകൾ ശിശുദിനത്തിൽ റോസാപ്പൂ പരസ്പരം കൈമാറാറുണ്ട്. നെഹ്റുവിന്റെ വസ്ത്രത്തിൽ എപ്പോഴും റോസാപ്പൂ കാണുന്നതിനു പിന്നിലൊരു കഥയുണ്ട്.
Read More: ജവഹർലാൽ നെഹ്റുവിന്റെ ചില അപൂർവ ചിത്രങ്ങൾ
റോസാപ്പൂവിനു പിന്നിലെ കഥ
ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ധാരാളം പേർ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർ നെഹ്റുവിനെ കാണാൻ ദിവസം എത്താറുണ്ടായിരുന്നു. ഒരു ദിവസം ഗ്രാമവാസിയായ ഒരു സ്ത്രീ നെഹ്റുവിന് ഒരു റോസാപ്പൂ സമ്മാനമായി നല്കുവാനായി ക്യൂവിൽനിന്നു. എന്നാൽ സുരക്ഷാ ജീവനക്കാർ അവരെ നെഹ്റുവിന് അടുത്തേക്ക് കടത്തിവിട്ടില്ല. വിലപിടിച്ച സമ്മാനങ്ങളും മനോഹരമായി വസ്ത്രം ധരിച്ച സന്ദർശകരെയുമാണ് അവർ കടത്തിവിട്ടത്. ഇത് ആ സ്ത്രീയിൽ മാനസിക വിഷമമുണ്ടാക്കി. തന്റെ വീട്ടുമുറ്റത്ത് വളർന്ന റോസാപ്പൂവല്ലാതെ മറ്റൊന്നും സമ്മാനമായി നൽകാൻ ആ സ്ത്രീക്ക് ഇല്ലായിരുന്നു.
Children’s Day 2019: ജവഹർലാൽ നെഹ്റുവിന്റെ 10 മഹത് വചനങ്ങൾ
പക്ഷേ നെഹ്റുവിന് തന്റെ സമ്മാനം എങ്ങനെയും നൽകണമെന്ന ആഗ്രഹത്താൽ ഓരോ ദിവസവും റോസാപ്പൂവുമായി അവർ കാണാനെത്തി. ഈ വിവരം നെഹ്റു അറിഞ്ഞില്ല. ഒരു ദിവസം സുരക്ഷാ ജീവനക്കാരുമായി സ്ത്രീ തർക്കിക്കുന്നത് നെഹ്റുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവരെ കടത്തി വിടാൻ നിർദേശിച്ചു. അവർ കൊണ്ടുവന്ന റോസാപ്പൂ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും കുപ്പായത്തിന്റെ ഒരു ഭാഗത്ത് കുത്തിവയ്ക്കുകയും ചെയ്തു. സമ്മാനമെന്തായാലും അത് തരാനുളള മനസിനെ നെഹ്റു പ്രകീർത്തിച്ചു. പിന്നീട് നെഹ്റുവിന്റെ അടയാളമായി റോസാപ്പൂ മാറി.

രാഷ്ട്രീയ ജീവിതം
പാശ്ചാത്യജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവായ മോത്തിലാല്‍ നെഹ്റു. അതുകൊണ്ടുതന്നെ ഏക മകനെ ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചു. 1905-ല്‍ ഇംഗ്ലണ്ടിലെ ‘ഹാരോ’ സ്കൂളില്‍ ചേര്‍ന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ബിരുദമെടുത്തു. ലണ്ടനിലെ ഇന്നര്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. 1912-ല്‍ അലഹബാദില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1916-ല്‍ വിവാഹിതനായി. ആ വര്‍ഷം ലക്നൗവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്. 1920-ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ഗാന്ധിജിക്കൊപ്പം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായി മാറുകയും ചെയ്തു.
Children’s Day 2019: നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി എങ്ങനെ നിക്ഷേപിക്കാം
വിവിധ രാജ്യങ്ങളിലെ ശിശുദിനം
1964 നു മുൻപുവരെ നവംബർ 20 ആണ് ശിശുദിനമായി ഇന്ത്യയും ആചരിച്ചിരുന്നത്. 1964 ൽ നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ പലദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നു.
പാക്കിസ്ഥാൻ- നവംബർ 20
ചൈന- ജൂൺ 1
ബ്രിട്ടൻ- ഓഗസ്റ്റ് 30
ജപ്പാൻ- മേയ് 5
യുഎസ്- ജൂൺ മാസത്തിലെ ആദ്യത്തെയോ രണ്ടാമത്തെയോ ഞായറാഴ്ച
ഓസ്ട്രേലിയ- ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ച
ജർമനി- ജൂൺ 1
മെക്സിക്കോ- ഏപ്രിൽ 30
സിംഗപ്പൂർ- ഒക്ടോബർ 1
ശ്രീലങ്ക ഒക്ടോബർ-1
ബ്രസീൽ- ഒക്ടോബർ 12
തുർക്കി- ഏപ്രിൽ 23
നൈജീരിയ-മേയ് 27