ജിൻസ് പുതിയ ക്ലാസ്സിൽ എത്തിയപ്പോൾ ആദ്യം ശ്രദ്ധിച്ചത് ദേവയെയാണ്. അവളുടെ പേര് ദേവ എന്നാണെന്ന് അവന് അപ്പോൾ അറിഞ്ഞുകൂടായിരുന്നു. സ്കൂൾ സ്റ്റൈലിൽ ഇരുവശവും പിന്നിയിട്ട മുടിയുടെ ഞെരുക്കമാണ് അവൻ ആദ്യം അവളെ ശ്രദ്ധിക്കാൻ കാരണം. അവൾ അവന് പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു. പൊച്ചക്കയറുമുറുക്കിയത് പോലെ മുടിപ്പിന്നൽ.
“നീ പുതിയ അഡ്മിഷനാ?” ഒരു കുട്ടി ചോദിച്ചു. “അതെ” എന്ന് അവൻ ഉത്തരം പറഞ്ഞപ്പോൾ ” നീ എന്റെ അടുത്തിരുന്നോ, നമുക്ക് ഫ്രണ്ട്സ് ആവാം” എന്ന് ആ കുട്ടി പറഞ്ഞു. ജിൻസിന് അവനെ ഇഷ്ടമായി. അവന്റെ പേര് വ്യാസ് എന്നായിരുന്നു.
പൊച്ചക്കയറു മുടിക്കാരി ഒരു കൂട്ടുകാരിയുമായി അവരുടെ അടുത്തേക്ക് നടന്നു വന്നു. “പുതിയ ആളാ?” അവൾ ചോദിച്ചു. ” അതെ. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്”, വ്യാസ് ഞെളിഞ്ഞിരുന്നു. ” അതിന് നീ ഇപ്പോഴല്ലേ അവനെ കണ്ടുള്ളൂ? ” പെൺകുട്ടികൾ സംശയിച്ചു. ” ഞങ്ങൾക്ക് നേരത്തെ തമ്മിലറിയാമായിരുന്നു” എന്ന് പറഞ്ഞ് വ്യാസ് ജിൻസിന്റെ നേരെ കണ്ണിറുക്കി.
“പേരെന്താ?” എന്ന് ആരോ ചോദിച്ചു
“ജിൻസ്” എന്ന മറുപടി അവരെ ചിരിപ്പിച്ചു. കാരണം അങ്ങനെ ഒരു പേര് അവർ കേട്ടിരുന്നില്ല.
“ജിൻസോ ജീൻസോ?” എന്നായി അടുത്ത ചോദ്യം.
മുൻപ് പല പ്രാവശ്യം ഇതേ ചോദ്യം നേരിട്ടിട്ടുള്ളതുകൊണ്ട് ജിൻസിന് മറുപടി പറയാൻ പ്രയാസം ഉണ്ടായില്ല.
“ഞാൻ ദേവ ” “ഞാൻ നിമ്മി “. അവർ സുഹൃത്തുക്കളായി.
“നമ്മുടെ പ്രിൻസിനെ പോലെ ഇരിക്കുന്നു, അല്ലേ?” അപ്പോൾ അവരുടെ അടുത്തേക്ക് വന്ന മറ്റൊരു കുട്ടി ചോദിച്ചു.
“ശരിയാണല്ലോ”, ദേവ അൽഭുതം കൂറി.
“നീ പ്രിൻസിന്റെ ബന്ധുവാണോ?” വ്യാസ് ചോദിച്ചു.
“അല്ല. എനിക്ക് പ്രിൻസ് എന്ന പേരിൽ ഒരു ബന്ധുവുമില്ല “
” പ്രിൻസും ജിൻസും തമ്മിൽ ചേരും അല്ലേ? “
പ്രിൻസ് അന്ന് ക്ലാസ്സിൽ വരാത്തതുകൊണ്ട് ജിൻസ് പ്രിൻസിനെ കണ്ടത് പിറ്റേന്നായിരുന്നു. തന്റെ അപരനെ പ്രിൻസ് അവജ്ഞയോടെ നോക്കി.

“ഛേ, ഇതുപോലെയാണോ ഞാൻ ഇരിക്കുന്നത്?” അവൻ ചൊടിച്ചു.” ഏത് കണ്ണുപൊട്ടനാണ് ഇത് പറഞ്ഞത്?”
“എവിടെയൊക്കെയോ നിന്റെ നിഴൽ ഉണ്ടെടാ”
“എന്റെ നിഴൽ! ” പ്രിൻസ് ഉറക്കെ ചിരിച്ചു.
ക്ലാസ് എടുക്കാൻ വന്ന അധ്യാപകരിൽ ചിലർ പ്രിൻസിന്റെ മുഖത്തേക്ക് നോക്കിയിട്ട് ജിൻസിന്റെ മുഖത്തേക്കും ജിൻസിന്റെ മുഖത്തേക്ക് നോക്കിയിട്ട് പ്രിൻസിന്റെ മുഖത്തേക്കും നോക്കുന്നത് കണ്ടപ്പോൾ കുട്ടികൾ അടക്കിച്ചിരിച്ചു. തനിക്ക് അതൊട്ടും ഇഷ്ടമാകുന്നില്ലെന്ന് പ്രിൻസ് മുഖഭാവം കൊണ്ട് തെളിയിച്ചു.
താനാണ് ക്ലാസിലെ ഏറ്റവും സുന്ദരൻ എന്നൊരു ഭാവം പ്രിൻസിനുണ്ടായിരുന്നു. അതിനൊരു വെല്ലുവിളിയായാണ് ജിൻസ് വന്നിരിക്കുന്നത് എന്ന് അവൻ ഭയന്നു. തന്നെക്കാൾ ജിൻസ് സുന്ദരനാണ് എന്ന് അവന് മനസ്സിലായിരുന്നു. ദേവയും നിമ്മിയും ഉൾപ്പെട്ട സുന്ദരി സംഘം എല്ലാറ്റിനും ജിൻസിനെ സമീപിക്കുന്നതും അവനോട് സംസാരിക്കുന്നതും ഒന്നും പ്രിൻസിന് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.
മലയാളം പഠിപ്പിക്കുന്ന വിനോദൻ സാർ ഒരു ദിവസം ക്ലാസ്സിൽ വന്ന് പറഞ്ഞു — “എന്നും നമ്മൾ പുസ്തകം പഠിക്കുകയും പ്രോജക്ട് എഴുതുകയും ചർച്ച ചെയ്യുകയും ഒക്കെയല്ലേ? ഇന്ന് ഒരു മാറ്റം ആയാലോ? നമുക്ക് ഒരുമിച്ച് ഒരു കളിയാകാം?”
കുട്ടികൾ സന്തോഷാരവത്തോടെ വിനോദൻ സാറിന്റെ വാക്കുകളെ വരവേറ്റു.
“ഞാൻ ചോദിക്കുന്നത് നിങ്ങളോട് പലരും ഇതിനു മുമ്പ് ചോദിച്ചിട്ടുള്ള ചോദ്യമാണ്. നിങ്ങൾ ആരാകാനാണ് ഉള്ളിന്റെയുള്ളിൽ ആഗ്രഹിച്ചത്? ഇതിനു മറുപടി പറഞ്ഞ് ഒരുപക്ഷേ നിങ്ങൾ മടുത്തു കാണും അല്ലേ? “
അതെ എന്ന് കുട്ടികൾ ആർത്ത് വിളിച്ചു.
“പക്ഷേ, എനിക്ക് വേണ്ടത് നിങ്ങൾ അന്ന് പറഞ്ഞ ഉത്തരങ്ങൾ അല്ല. നിങ്ങളുടെ അച്ഛനും അമ്മയും നിങ്ങൾ എന്താവണം എന്ന് ആഗ്രഹിച്ചോ, അതിനെ ഉത്തരമായി പറയരുത്. വലിയ പൊങ്ങച്ചം പറച്ചിലുകളും വേണ്ട. നിങ്ങൾ നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ വലുതായാൽ ആരാകണം എന്നാണ് ആഗ്രഹിച്ചിരുന്നത്? ഉള്ളിൽ ഒളിപ്പിച്ചുവെച്ച പല ആഗ്രഹങ്ങളും ഒരുപക്ഷേ പുറത്തു പറയാൻ പോലും നിങ്ങൾക്ക് പേടിയായിരുന്നിരിക്കാം.
എനിക്കു വേണ്ടത് ആ ഉത്തരങ്ങളാണ്. ഉദാഹരണത്തിന് ഞാൻ കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്നത് ഒരു തെങ്ങ്കയറ്റക്കാരൻ ആകണമെന്നായിരുന്നു. തെങ്ങിന്റെ മുകളിൽ ഇരുന്ന് ആകാശം കാണുന്നതും കരിക്ക് വെട്ടി ഫ്രഷ് ആയി കുടിക്കുന്നതും ഒക്കെ ഭാവനയിൽ കണ്ടിരുന്നു.
കാലിൽ തുലാപ്പ് കെട്ടി പടപടാന്ന് ഉയരങ്ങളിലേക്ക് കയറിപ്പോകുന്ന തെങ്ങുകയറ്റക്കാരനായിരുന്നു എന്റെ ഹീറോ. പക്ഷേ അത് അച്ഛനമ്മമാരുടെ മുന്നിൽ പറയാൻ ഞാൻ ധൈര്യപ്പെട്ടിരുന്നില്ല. ആ ഞാനിതാ അധ്യാപകനായിട്ട് നിങ്ങളുടെ മുന്നിൽ. അതുപോലെ ഒരു രഹസ്യം,രഹസ്യ സ്വപ്നം, നിങ്ങളുടെ ഉള്ളിലും കാണുമല്ലോ. അത് പറയുക. നമുക്ക് വെറുതെ കുറച്ച് സമയം രസിക്കാം. വലുതായി കഴിഞ്ഞിട്ട് നിങ്ങൾ കണ്ടുമുട്ടുമ്പോൾ ഈ രഹസ്യ സ്വപ്നം പറഞ്ഞു ചിരിക്കുകയും ചെയ്യാം.”
ലോറി ഡ്രൈവറും പൊലീസുകാരനും ഡോക്ടറും നഴ്സും പൈലറ്റും സിനിമാ നടനും പൂജാരിയും കാഴ്ചബംഗ്ലാവ് സൂക്ഷിപ്പുകാരനും എയർഹോസ്റ്റസുമൊക്കെ ക്ലാസിലേക്ക് ഇറങ്ങിവന്നു. കുട്ടികളും അധ്യാപകനും ചിരിച്ചും കമന്റ് അടിച്ചും അവരെ സ്വീകരിച്ചു.
ഒരു സായിപ്പ് ആകണമെന്നാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് വ്യാസ് പറഞ്ഞു. നിറം കുറവായതുകൊണ്ട് അമ്മ ഉൾപ്പെടെ പലരും തന്നെ തള്ളിപ്പറഞ്ഞിരുന്നുവെന്നും പകരം വീട്ടാനായി താൻ വളരുമ്പോൾ സ്വർണ്ണ മീശയും സ്വർണ്ണത്തലമുടിയും വെളുവെളാ നിറവുമുള്ള സായിപ്പാകണേ എന്ന് പ്രാർഥിച്ചിരുന്നു എന്നും അവൻ പറഞ്ഞപ്പോൾ പലരും പരിഹാസത്തോടെ ചിരിച്ചു, ചിലർ അനുതാപത്തോടെ ഉരുകി. ദേവക്ക് എയർഹോസ്റ്റസ് ആവാനായിരുന്നു രഹസ്യമോഹം എന്ന് പറഞ്ഞത് ജിൻസിന് അത്ര ഇഷ്ടപ്പെട്ടില്ല.

പ്രിൻസിന് തട്ടുദോശ ഉണ്ടാക്കുന്ന ആൾ ആകണം എന്നായിരുന്നുവത്രേ ആഗ്രഹം. മണമുള്ള, സ്വാദുള്ള, തട്ട് ദോശയും ഓംലെറ്റും ഒക്കെ ചുട്ടെറിയുന്ന മാജിക് കാരൻ! നിമ്മിക്ക് മീൻകാരി ആകാൻ ആയിരുന്നു ഇഷ്ടം.
മത്സ്യക്കുട്ട തലയിലേറ്റി താളത്തിൽ ശരീരം ചലിപ്പിച്ച് ഓടുന്ന മീൻകാരി. ” ഏത് ഡാൻസറെക്കാളും സൂപ്പർ അല്ലെ? ” അവൾ വിനോദൻ സാറിനോട് ചോദിച്ചു. “തീർച്ചയായും,” അദ്ദേഹം പറഞ്ഞു. ” നീ എല്ലാവരെയും ശ്രദ്ധിക്കാറുണ്ട് അല്ലേ? നിരീക്ഷണ പാടവം നിങ്ങൾക്ക് വളരെ നല്ലതാണ്. “
തന്റെ നേരെ അധ്യാപകൻ ചോദ്യനോട്ടം എറിഞ്ഞപ്പോൾ ജിൻസ് എഴുന്നേറ്റു നിന്ന് പറഞ്ഞു. “എനിക്ക് ഒരു സ്വപ്നക്കട തുടങ്ങണം എന്നാണ് ആഗ്രഹം.”
“സ്വപ്നക്കടയോ? എന്നുവച്ചാൽ?”
“വിചാരിക്കുന്നതൊന്നും നടക്കുന്നില്ല, ഒരു സ്വപ്നവും കാണരുതെന്ന് മക്കളെ പഠിപ്പിക്കണം, എന്നൊക്കെ അച്ഛൻ അമ്മയോട് സങ്കടത്തോടെ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് തോന്നിയതാണ് ഒരു സ്വപ്നക്കട ഇടണമെന്ന്. എല്ലാവർക്കും വേണ്ട സ്വപ്നങ്ങൾ അവിടെ വിൽക്കാൻ നിരത്തിവെച്ചിരിക്കും. അവിടെ വന്ന് വാങ്ങിയാൽ മതി. അപ്പോ എല്ലാവർക്കും അവരവരുടെ സ്വപ്നങ്ങൾ കിട്ടുമല്ലോ. “
ക്ലാസും അധ്യാപകനും നിശബ്ദരായി. പിന്നെ അധ്യാപകൻ മെല്ലെ പറഞ്ഞു, ” നീ ഒരു കവിയാണ് ജിൻസ്, നീ ഒരു കവി ആകുകതന്നെ ചെയ്യും”
പ്രിൻസ് എഴുന്നേറ്റു.” സാർ, ഞാൻ ഇന്നലെ ടിവിയിൽ ഒരു സിനിമ കണ്ടു. അതിന്റെ പേര് വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നായിരുന്നു. അതിൽനിന്ന് അടിച്ചുമാറ്റിയതാണ് ഇവൻ. കള്ളമാണ് സാർ പറയുന്നത്. “
“കള്ളമല്ല സർ.” ജിൻസ് എഴുന്നേറ്റു. ” എന്റെ വീട്ടിൽ ടിവി ഇല്ല.ഞാൻ സിനിമ കാണാറുമില്ല.”
“ടി വി ഇല്ലാത്ത വീടോ? അതുതന്നെ പച്ചക്കള്ളം!” പ്രിൻസ് പറഞ്ഞു.
“ഉണ്ടായിരുന്നു. അത് കേടായി. പിന്നെ അച്ഛൻ നന്നാക്കിയില്ല.”
രണ്ടുപേരോടും ഇരിക്കാൻ പറഞ്ഞിട്ട് അധ്യാപകൻ ആലോചിച്ചു നിന്നു. സ്വന്തം വീട്ടിൽ ടിവി ഇല്ലാത്തതുകൊണ്ട് ചിത്രഗീതവും മലയാള സിനിമയും ഒക്കെ കാണാൻ അയൽ വീട്ടിൽ ചെന്നിരിക്കുമായിരുന്ന തന്റെ കുട്ടിക്കാലമാണ് അദ്ദേഹം ആലോചിച്ചത്.
അങ്ങനെ ഒരു കാലം, ടിവിയും മൊബൈലും ഒന്നും ഇല്ലാതിരുന്ന കാലം, പുസ്തകങ്ങൾ കൂട്ടുകാരായിരുന്ന കാലം, ഇപ്പോഴത്തെ കുട്ടികൾക്ക് അറിയില്ലല്ലോ. അതിനെക്കുറിച്ച് കുട്ടികളോട് പറയണോ എന്ന് ആലോചിക്കുമ്പോഴേക്കും ക്ലാസ് തീർന്ന മണിയടിച്ചു. അടുത്ത ക്ലാസ്സിലാകാം അത് എന്ന് വിചാരിച്ചുകൊണ്ട് അധ്യാപകൻ പുറത്തേക്ക് നടന്നു.
“അവന്റെയൊരു സ്വപ്നക്കട! അവിടെ ചിക്കനും ബിരിയാണിയുമൊക്കെ കാണുമോടേ? ” പ്രിൻസിന്റെ പരിഹാസ വാക്കുകൾ അധ്യാപകന്റെ ചെവിയിൽ വീണു.
“അതാണ് നിന്റെ സ്വപ്നം എങ്കിൽ അതും കാണും. ” ജിൻസിന്റെ വാക്കുകളും അദ്ദേഹം കേട്ടു.
മറ്റുള്ളവരുടെ സ്വപ്നങ്ങൾ സഫലമാക്കിക്കൊടുക്കണമെന്ന് ആഗ്രഹിക്കുന്നത് തന്നെ എത്ര മഹത്തരമാണ്. സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ അധ്യാപകൻ വിചാരിച്ചു.
- കുട്ടിക്കഥക്കൂട്ടിൽ നാളെ ജേക്കബ് എബ്രഹാം എഴുതിയ കഥ വായിക്കാം
