Latest News

ചെമ്പകത്തിന്റെയും നീലുവിന്റെയും കഥ

“കുഞ്ഞിനെ കുളിപ്പിക്കുമ്പോ കൊട്ടാരത്തിലെ ദാസിക്ക് ചെമ്പക മണം വന്നു. എവിടുന്നാ ഈ ചെമ്പകമണം എന്ന് തിരഞ്ഞപ്പോഴോ… കുഞ്ഞിന്റെ മുടിയിൽ നിന്നാണ്.” ചന്ദ്രക്കല എസ് കമ്മത്ത് എഴുതിയ കഥ

chandrakala s kamath, story , iemalayalam

പണ്ട് പണ്ട്പണ്ട്,ഒരിടത്തൊരിടത്തൊരിടത്ത്, മനോഹരമായ ഭൂപ്രകൃതിയുള്ള, ഒരു നല്ല രാജ്യമുണ്ടായിരുന്നു. ആ രാജ്യത്ത് ഒരു നല്ല രാജവുണ്ടായിരുന്നു. സ്നേഹമുള്ള, മനുഷ്യത്വമുള്ള ആ രാജാവിനെയും രാഞ്ജിയേയും നാട്ടുകാർക്ക് വളരെ ഇഷ്ടമായിരുന്നു. എല്ലാ സമ്പത്തും സൗഭാഗ്യവുമുണ്ടായിരുന്നുവെങ്കിലും രാജാവിന് കുട്ടികളുണ്ടായിരുന്നില്ല. അത്‌ എല്ലാവരുടെയും സങ്കടമായിരുന്നു.

ഒടുവിൽ രാജാവിന്റെയും പ്രജകളുടെയുമെല്ലാം പ്രാർത്ഥനയുടെ ഫലമായി അവർക്ക് ഒരു പെൺകുഞ്ഞു ജനിച്ചു. മോതിരവളയം പോലെ ചുരുണ്ട, ധാരാളം കറുത്ത മുടിയുള്ള സുന്ദരിക്കുഞ്ഞ്!

കുഞ്ഞിനെ കുളിപ്പിക്കുമ്പോ കൊട്ടാരത്തിലെ ദാസിക്ക് ചെമ്പക മണം വന്നു. എവിടുന്നാ ഈ ചെമ്പകമണം എന്ന് തിരഞ്ഞപ്പോഴോ… കുഞ്ഞിന്റെ മുടിയിൽ നിന്നാണ്.

ദാസി ഉടനെ ഈ അത്ഭുതം രാജാവിനെയും റാണിയേയും അറിയിച്ചു.

റാണി പറഞ്ഞു, “ഏയ്, വെറുതേ, നീ എന്തെങ്കിലും തൈലം പുരട്ടിക്കാണും.”

അപ്പോൾ, ദാസി പറഞ്ഞു, “ഈ കൊട്ടാരത്തിൽ ചെമ്പകമണമുള്ള തൈലമേ ഇല്ല!”

ഏവർക്കും അതിശയമായി. ദൈവാനുഗ്രഹം എന്നെല്ലാവരും പറഞ്ഞു.

ചെമ്പകമണമുതിരുന്ന കുട്ടിക്ക് ‘ചെമ്പകം ‘ എന്ന് പേരിട്ടു വിളിച്ചു.

സൽസ്വഭാവിയായി, ശാന്തശീലയായി ചെമ്പക രാജകുമാരി വളർന്നു.

കൊട്ടാരത്തിലെ പൊയ്കയിൽ സ്വർണ്ണമത്സ്യമെന്ന പോലെ നീന്തിയും ഉദ്യാനത്തിലെ വർണ്ണപ്പൂക്കളിലൊന്നു പോലെ പരിലസിച്ചും, തുമ്പി – പൂമ്പാറ്റകളുടെ കൂട്ടുകാരിയായും നിഷ്ക്കളങ്കയായ ചെമ്പകം ഏവർക്കും പ്രിയപ്പെട്ടവളായി.

മറ്റാരും കൂട്ടുകാരായില്ലാതെ, ഒരിക്കലവൾ ഉദ്യാനത്തിൽ ഒറ്റയ്ക്ക് കളിച്ചു നിൽക്കുകയായിരുന്നു. അപ്പോൾ അവളുടെ പ്രായമുള്ള ഒരു പെൺകുട്ടി കൊട്ടാര വാതിൽക്കൽ നിൽക്കുന്നത് കണ്ടു. ചെമ്പകം ഓടിച്ചെന്നു. ആരെന്ന് അന്വേഷിച്ചു. ദൂരദേശത്തു നിന്ന് വന്നതാണ് ആ കുട്ടിയും കുടുംബവും. പാവപ്പെട്ടവരാണ്. രാജാവിന്റെ സഹായം തേടി വന്നതാണ്.

chandrakala s kamath, story , iemalayalam

“എന്താ നിന്റെ വസ്ത്രങ്ങൾ കീറിപരിഞ്ഞിരിക്കുന്നത്,” ചെമ്പകം ആ കുട്ടിയോട് ചോദിച്ചു.

“ഞങ്ങൾ പാവങ്ങളല്ലേ, കുമാരിയെപ്പോലെ നല്ല വസ്ത്രങ്ങളണിയാനുള്ള സമ്പത്തില്ലല്ലോ,” അവൾ മറുപടി പറഞ്ഞു.

കാവൽക്കാരോട് പറഞ്ഞ്, കൊട്ടാര വാതിൽ തുറപ്പിച്ച് ആ കുട്ടിയുമായി രാജകുമാരി രാജാവിന്റെ മുന്നിലെത്തി.

രാജാവും രാജ്ഞിയും അമ്പരന്നു. മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ആ പെൺകുട്ടി രാജകുമാരിയെപ്പോലെ തന്നെയിരിക്കുന്നു! ഇരട്ടകളെപ്പോലെയുള്ള രൂപ സാദൃശ്യം.

“എന്താ കുട്ടിയുടെ പേര്,” രാജാവ് ചോദിച്ചു.

“നീലു,” അവൾ പറഞ്ഞു.

രാജകുമാരി, രാജാവിനോട് പറഞ്ഞു, “അച്ഛാ എനിക്ക് ആരും കൂട്ടുകാരില്ല കളിക്കാൻ. അവൾ എന്റെ തോഴിയായി ഇവിടെ താമസിക്കട്ടെ.”

രാജകുമാരിയുടെ ആഗ്രഹങ്ങൾക്ക് എതിരു നിൽക്കാത്ത രാജാവും രാജ്ഞിയും സമ്മതിച്ചു. അങ്ങിനെ, നീലുവിന്റെ വീട്ടിലേയ്ക്ക് ധനവും ധന്യങ്ങളുമെല്ലാം രാജാവ് കൊടുത്തയയ്ക്കുകയും, നീലുവിനെ കൊട്ടാരത്തിൽ താമസിപ്പിക്കുകയും ചെയ്തു.

അന്നുമുതൽ നല്ല വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ധരിച്ച് നീലു ചെമ്പകത്തിന്റെ തോഴിയായി കൊട്ടാരത്തിൽ താമസമാരംഭിച്ചു.

ഒരേ പ്രായമുള്ള രണ്ടു പെൺകുട്ടികൾ ഇരട്ടകളെപ്പോലെ പാറി നടന്നു. നീലു ഏറെ സ്നേഹത്തോടെ ചെമ്പകത്തെ പരിചരിച്ചു വന്നു. രാജകുമാരി നീലുവിനെയും സ്നേഹിച്ചു. അങ്ങനെ അവർ വളർന്നു വലുതായി.

chandrakala s kamath, story , iemalayalam

വിവാഹ പ്രായമെത്തിയ ചെമ്പകരാജകുമാരിക്ക്, ഒരു രാജകുമാരനുമായി വിവാഹമുറപ്പിച്ചു. നാടെങ്ങും ഉത്സവലഹരിയിലായി. കൊട്ടാരവും രാജവീഥികളും അലങ്കരിച്ചു.

രാജകുമാരിക്ക് പട്ടുവസ്ത്രങ്ങളും രത്നാഭരണങ്ങളുമെല്ലാം വാങ്ങി. ഒപ്പം തോഴിയായ നീലുവിനും കിട്ടി നല്ല പുതു വസ്ത്രങ്ങൾ. അങ്ങനെ വിവാഹ ദിവസമെത്തി.

രാജകുമാരന്റെയും പരിവാരങ്ങളുടെയും വരവായി. കുതിരകൾ, തേരുകൾ, അതീവ ഹൃദ്യമായ ഘോഷയാത്ര.

അതേസമയം കൊട്ടാരത്തിൽ ചെമ്പകം ആകാംഷയോടെ ഇരുന്നു. അക്കാലത്ത് വിവാഹത്തിനു മുൻപ് വരനെ കാണാൻ കഴിയുമായിരുന്നില്ല പെൺകുട്ടികൾക്ക്.

രാജകുമാരി നീലുവിനെ വിളിച്ചു പറഞ്ഞു,

“നീലൂ എങ്ങിനെയുണ്ടാവും രാജകുമാരൻ? സുന്ദരനായിരിക്കുമോ? നല്ലവനായിരിക്കുമോ? നീയൊന്നു പോയി കണ്ടുവന്ന് എന്നോട് പറയാമോ?”

“അതിനെന്താ ഞാൻ പോയി കണ്ടു വരാമല്ലോ,” നീലു പറഞ്ഞു. എന്നിട്ട് ഘോഷയാത്ര കടന്നു വരുന്ന വഴിവക്കിലേക്ക് ഓടിപ്പോയി.

ആൾക്കൂട്ടത്തിനിടയിൽ നിന്ന് തേരിലിരിക്കുന്ന രാജകുമാരനെ അവൾ കണ്ടു. ധീരനും വീരനും സുന്ദരനുമായ രാജകുമാരൻ!

“തനിക്കൊരിക്കലും, ഇതുപോലൊരു രാജകുമാരനെ വിവാഹം കഴിക്കാൻ കഴിയില്ല. രാജകുമാരി വിവാഹം കഴിഞ്ഞ് പോയാൽ തന്റെ സുഖജീവിതം അവസാനിക്കും. വീട്ടിലേയ്ക്ക് മടങ്ങേണ്ടിവരും. തന്നെ വിവാഹം ചെയ്യാൻ ആരു വരാനാണ്? എങ്ങനെയും ഈ രാജകുമാരനെ സ്വന്തമാക്കണം.”

ചെമ്പക രാജകുമാരിയെ ഏറെ സ്നേഹിച്ചിരുന്നുവെങ്കിലും രാജകുമാരനെ കണ്ട മാത്രയിൽ കടന്നു വന്ന ഈ വിചാരം അവളുടെ മനസിനെ കീഴ്പ്പെടുത്തി.

chandrakala s kamath, story , iemalayalam

അവൾ രാജകുമാരിയുടെ അടുത്തെത്തി. വന്നപാടെ കരയാൻ തുടങ്ങി. നീലുവിന്റെ കരച്ചിൽ കണ്ടു ചെമ്പകം അമ്പരന്നു.

“എന്താ, എന്ത് പറ്റി,” രാജകുമാരി ചോദിച്ചു.

“ഞാനിതെങ്ങനെ പറയും കുമാരീ,” നീലു തേങ്ങി.

“എന്താണെങ്കിലും പറയൂ,” രാജകുമാരി അക്ഷമയായി.

“ആ രാജകുമാരനെ കാണാൻ ഒരു ഭംഗിയുമില്ല. വിരൂപൻ, ആനച്ചെവിയൻ, കോങ്കണ്ണൻ, പല്ലുകളല്ല, ദംഷ്ട്രകൾ. എന്റെ രാജകുമാരിയ്ക്കീഗതി വന്നല്ലോ,” നീലു വിലപിച്ചു.

രാജകുമാരിയും കരയാൻ തുടങ്ങി. “ഇനിയെന്ത് ചെയ്യും നീലൂ. എനിക്ക് എന്താണ് ചെയ്യാൻ കഴിയുക? അച്ഛനും അമ്മയും എനിക്കു വേണ്ടി കണ്ടെത്തിയതല്ലേ അവരെ നിഷേധിക്കാൻ കഴിയുമോ,” നിഷ്കളങ്കയായ ചെമ്പകം നീലുവിനോട് ചോദിച്ചു.

അപ്പോൾ ദുഷ്ടബുദ്ധി തലയിൽ കയറിയ നീലു പറഞ്ഞു, “ഒരു വഴിയുണ്ട്, എന്റെ ചമ്പക രാജകുമാരിയ്ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ ഞാനൊരുക്കമാണ്. ഒരു കാര്യം ചെയ്യൂ. കുമാരിയുടെ വേഷം എനിക്കു തരൂ. എന്റെ വേഷങ്ങൾ കുമാരി അണിയൂ. നാം രണ്ടുപേരും ഒരേപോലിരിക്കുന്നതിനാൽ ആരും തിരിച്ചറിയില്ല. ഞാൻ കുമാരിക്ക് വേണ്ടി ആ വിരൂപനെ വരിക്കാം.”

രാജകുമാരി നീലു പറഞ്ഞതനുസരിച്ചു. വധു വിവാഹ മണ്ഡപത്തിലെത്തി. ആർക്കും സംശയം തോന്നിയില്ല.

രാജകുമാരി തോഴിയായും തോഴി രാജകുമാരിയായും മാറിയത് ആർക്കും തിരിച്ചറിയാനേ കഴിഞ്ഞില്ല. അത്രയ്ക്കും രൂപസാദൃശ്യമുണ്ടല്ലോ അവർ തമ്മിൽ!

വിവാഹമണ്ഡപത്തിൽ രാജകുമാരനെക്കണ്ട യഥാർത്ഥ രാജകുമാരി ഞെട്ടിപ്പോയി.
അതിസുന്ദരനായ രാജകുമാരൻ! നീലു ചതിച്ചു.

ഇനി ഒന്നും ചെയ്യാനില്ല.താൻ സത്യാവസ്ഥ പറഞ്ഞാൽ ആരു വിശ്വസിക്കാനാണ്. അഥവാ വിശ്വസിച്ചാൽ ഇങ്ങനെ ചെയ്തതിനു കടുത്ത ശിക്ഷയാവും കിട്ടുക.

സങ്കടത്തോടെ ചെമ്പകം മുറ്റത്തിറങ്ങി നടന്നു. അപ്പോൾ അവളുടെ കാൽ ഒരു ചെറിയ ഉണ്ടക്കല്ലിൽത്തട്ടി. അവളാ കല്ല് കുനിഞ്ഞെടുത്തു. അതിനോട് അവൾക്കു സ്നേഹം തോന്നി.

കൊട്ടാരത്തിന് പുറത്ത് ഒരു ജാലകത്തിനരികിലിരുന്ന് ചെമ്പകം ആ ഉണ്ടക്കല്ലിനോട് അവളുടെ കഥ പറഞ്ഞു തുടങ്ങി.

chandrakala s kamath, story , iemalayalam

“ഉണ്ടക്കല്ലേ, ഉണ്ടക്കല്ലേ ഞാൻ ചെമ്പകമാണ്. ഈ രാജ്യത്തെ രാജകുമാരി. അകത്തുള്ളത് നീലുവാണ്. എന്റെ തോഴിയായിരുന്നവൾ, ദാസിയായിരുന്നവൾ. അവളെന്നെ ചതിച്ചതാണ്. എന്റെ മുടിക്ക് ചെമ്പകപ്പൂമണമുണ്ട്, അതുകൊണ്ടല്ലേ എനിക്ക് ചെമ്പകമെന്ന് പേരിട്ടത്,” ഇങ്ങനെ പറഞ്ഞു കരഞ്ഞു കൊണ്ടിരുന്ന ചെമ്പകത്തിന്റെ വാക്കുകൾ രാജകുമാരൻ കേട്ടു. ഇതിന്റെ സത്യാവസ്ഥ അറിയണമല്ലോ എന്ന് നിശ്ചയിച്ചു.

രാജകുമാരൻ അടുത്ത ദിവസം രാവിലെ രാജാവിനെയും രാജ്ഞിയേയും ഏവരെയും ഒരുമിച്ച് നിർത്തി അദ്ദേഹം ചോദിച്ചു, “ഇവിടെ രാജകുമാരിയുടെ ഒരു തോഴിയില്ലേ, അവരെ വിളിക്കാമോ?”

നീലുവിന്റെ വേഷം ധരിച്ച ചെമ്പകം ഹാജരായി. എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ എല്ലാവരും നിശ്ശബ്ദരായി.

രാജകുമാരൻ തുടർന്നു “ഇവിടുത്തെ ചെമ്പക രാജകുമാരിയുടെ മുടിക്ക് ചെമ്പകപ്പൂവിന്റെ സുഗന്ധമാണെന്നാണ് കേട്ടിരിക്കുന്നത്, അത്‌ എനിക്ക് അനുഭവിക്കാൻ കഴിയുന്നില്ല. അതിനെന്തോ കാരണമുണ്ട്.”

അപ്പോൾ നീലുവിന്റെ വേഷത്തിലുള്ള ചെമ്പകം തന്റെ കെട്ടിവച്ചിരുന്ന മുടിയഴിച്ചു. മനോഹരമായ ചുരുളൻ മുടിയിഴകളിൽ നിന്ന് ചെമ്പകപ്പൂവിന്റെ സുഗന്ധം അവിടമാകെ പരന്നൊഴുകി.

എല്ലാവരും ചതിയുടെ കഥയറിഞ്ഞു. രാജാവ് കോപം കൊണ്ട് ജ്വലിച്ചു. നീലുവിനെ തൂക്കിലേറ്റാൻ ആജ്ഞാപിച്ചു.

ചെമ്പകം ശാന്തയായി അച്ഛനോട് നീലുവിന്റെ ജീവന് വേണ്ടി അപേക്ഷിച്ചു. മകളുടെ ഇഷ്ടത്തിനു വില കൽപ്പിച്ചു രാജാവ് നീലുവിനെ വെറുതേ വിട്ടു.

രൂപം കൊണ്ട് ഒരുപോലെയായാലും നന്മയില്ലാതായാൽ എന്ത് കാര്യമെന്ന് നാട്ടുകാരും പരസ്പരം പറഞ്ഞു.

ആ നാട്ടിൽ നിന്ന് നീലുവിനെ പുറത്താക്കി.

ചെമ്പകം അവളുടെ രാജകുമാരനുമായി സുഖമായി ജീവിച്ചു.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Chandrakala s kammath story for children chembakathintem neeluvintem katha

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express