കരിയിലക്കാട്ടിലെ ആമച്ചേട്ടന് പരിചയമില്ലാത്തവരാരുമില്ല. എല്ലാവരോടും എപ്പോഴും കുശലം പറഞ്ഞുപറഞ്ഞ് കാടായ കാടു മുഴുവൻ ചുറ്റി നടക്കും. ഇല പൊഴിക്കുന്ന മരങ്ങൾ ധാരാളമുള്ളതിനാൽ കരിയിലകൾ നിറഞ്ഞ് മെത്തപോലെയാണ് ആ പരിസരം. എപ്പോഴും തണുപ്പ് നിറഞ്ഞ അന്തരീക്ഷം. വലിയ മരച്ചുവടുകളിലെ തണുത്ത് പൊടിഞ്ഞു തുടങ്ങിയ കരിയിലകൾക്കടിയിൽ ആമച്ചേട്ടൻ സുഖമായി കഴിഞ്ഞു കൂടി.
അങ്ങനെയിരിക്കുമ്പോഴാണ് വയസ്സായി തുടങ്ങിയ ഒരു കടുവ മറ്റൊരു കാട്ടിൽ നിന്ന് കരിയിലക്കാട്ടിലേക്ക് കുടിയേറിയത്. സഞ്ചാരിയായ കുറുക്കൻ പറഞ്ഞത് അവനെ മക്കൾ ഓടിച്ചു വിട്ടതാണന്നാണ്.
പഴയ മൃഗരാജന്റെ എല്ലുകൾ ചിതറിക്കിടക്കുന്ന ഗുഹയിൽ കടുവ താമസമാക്കി. അപ്രതീക്ഷിതമായി അതുവഴി വന്ന ആമ ഗുഹയ്ക്ക് പുറത്ത് നിൽക്കുന്ന കടുവയുടെ മുന്നിലാണ് ചെന്നുപെട്ടത്. വയസായെങ്കിലും കടുവയ്ക്ക് ആരോഗ്യത്തിന് കുറവൊന്നുമില്ല. ആമയ്ക്കാണങ്കിൽ തിരിഞ്ഞ് ഓടാനും വയ്യ. ഓടിയാലും രക്ഷയില്ല.
ആമ പെട്ടന്ന് രണ്ടു കൈകളുമുയർത്തി കടുവയെ തൊഴുതു. ആമയൊരു മുഖസ്തുതി പറഞ്ഞു: “പുതിയ രാജാവ് വന്നുവെന്ന് കേട്ടു. രാജാധിരാജന് സുഖമല്ലേ?”
കടുവയ്ക്ക് അതിഷ്ടപ്പെട്ടു. കടുവ പറഞ്ഞു: “ഞാൻ വന്നതറിഞ്ഞിട്ടും ആരും ഇതുവഴി വന്നില്ല. നീ ഏതായാലും കാടു ചുറ്റി നടന്ന് എല്ലാവരോടും നാളെ എന്നെ വന്ന് കാണാൻ പറ. ഇത് എന്റെ ആജ്ഞയാണ്. “
ആമയ്ക്ക് ചെറിയ പേടി തോന്നിയെങ്കിലും അവൻ അത് പുറത്തു കാട്ടിയില്ല. രണ്ടു കൈയ്യുമുയർത്തി തൊഴുത് ആമ കരിയിലക്കാടു മുഴുവനും വാർത്തയെത്തിച്ചു.
വാർത്ത കേട്ട തത്തമ്മ പറഞ്ഞു: “ഞാൻ വരില്ല. അവനോട് വേണേൽ എന്നെ വന്ന് കാണാൻ പറ. ” ഇത് പറഞ്ഞ് തത്തമ്മ പയർ മണി കൊത്തിത്തിന്നുവാനായി പള്ളിക്കൽ പാടത്തേയ്ക്ക് പോയി. ആമ അതാരെങ്കിലും കേട്ടോ എന്നറിയാനായി ചുറ്റിലും നോക്കി. ആരും കേട്ടില്ല. ഭാഗ്യം. കടുവ രാജനിതറിയണ്ട. അറിഞ്ഞാൽ ചിലപ്പോൾ എന്നെ നിലത്തടിച്ച് പൊട്ടിച്ച് തിന്നു കളയും.

വഴിയിൽ വെച്ച് ആമ അടുത്ത സുഹൃത്തായ മുള്ളൻ പന്നിയെ കണ്ടു. അവന്റെ മുള്ളുകൾ എല്ലാം കൊഴിഞ്ഞ് വലിയ പെരുച്ചാഴിയെപ്പോലെയാണിപ്പോൾ. അവൻ പറഞ്ഞു: “നീ നമ്മുടെ വൈദ്യരായ കുറുക്കനോട് പറ. കുറുക്കൻ എന്തെങ്കിലുമൊരു ഉപായവുമായി വരും.”
അത് നല്ലതാണന്ന് ആമച്ചേട്ടന് തോന്നി. അവൻ വളരെ വേഗം സഞ്ചരിച്ച് കുറുക്കന്റെ ചെറിയ ഗുഹയിലെത്തി. തടിച്ച് കൊഴുത്തിരിക്കുന്ന കുറുക്കനെ കണ്ടയുടൻ അവൻ പറഞ്ഞു: “നീയാകെയങ്ങ് മെലിഞ്ഞ് പോയല്ലോ. ഭക്ഷണമൊന്നും കഴിക്കാറില്ലേ?”
കുറുക്കന് ആമച്ചേട്ടന്റെ മുഖസ്തുതി മനസിലായി. കുറുക്കൻ പറഞ്ഞു: “തടി കൂടിയതിനാൽ മെലിയാനുള്ള മരുന്നു കഴിച്ചു കൊണ്ടിരിക്കുകയാണന്ന്. “
ആമച്ചേട്ടന് തന്നെ കളിയാക്കിയതാണന്ന് മനസിലായി. അവർ രണ്ടു പേരും ഉച്ചത്തിൽ ചിരിച്ചു.
കുറുക്കനോട് പുതിയ രാജാവെത്തിയ കാര്യം പറഞ്ഞു. അത് കേട്ടപ്പോൾ കുറുക്കന് ചെറിയ പേടി തോന്നി. മൃഗരാജനായിരുന്ന സിംഹം ചത്തപ്പോൾ കുറുക്കനാണ് ആദ്യം കടിച്ച് മുറിച്ച് തിന്നാൻ തുടങ്ങിയത്. ഒടുക്കം കാട്ടിലെ പുഴുക്കൾ വരെ മൃഗരാജനെ കീഴടക്കി. അതോർമ വന്നപ്പോൾ അവൻ ആമച്ചേട്ടനോട് ചോദിച്ചു: “നമ്മൾ മൃഗരാജനെ തിന്ന വിവരം ഈ രാജാവിനറിയാമോ? “
ആമ പറഞ്ഞു: ” ഞാനതൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. പറയുകയുമില്ല. എന്തായാലും നാളെ അവിടെ വരെയൊന്നു വരണം . “
കുറുക്കൻ സമ്മതിച്ചു. മൃഗങ്ങളും കുറച്ച് പക്ഷികളും പിറ്റേന്ന് കൃത്യസമയത്ത് തന്നെ ഗുഹയ്ക്ക് മുന്നിലെത്തി. ആമ ഗുഹയ്ക്ക് മുന്നിൽ എല്ലാവരേയും സ്വീകരിച്ചു. മുയൽ ആമയുടെ അടുത്ത് ചെന്ന് സ്നേഹം പ്രകടിപ്പിച്ചു.
ആമ ഗുഹയ്ക്കകത്തു കയറി മൃഗരാജനെ ക്ഷണിച്ചു. ഗുഹയ്ക്കകത്ത് കയറിയ ആമയുടെ ധൈര്യമോർത്ത് മറ്റ് മൃഗങ്ങൾക്ക് അസൂയ തോന്നി. മരക്കൊമ്പിലിരുന്ന കാക്കച്ചി തന്റെ കൂട്ടുകാരനോട് അത് പറയുകയും ചെയ്തു.
മൃഗരാജൻ മുന്നിലും ആമച്ചേട്ടൻ പിന്നിലുമായി ഗുഹാമുഖത്തു വന്നു. മുന്നിലിരുന്ന മുയൽവേഗം പിന്നിലേക്ക് ഓടിയൊളിച്ചു. കാട്ടുപോത്തിന്റെയരികിൽ അവൻ ഇടം പിടിച്ചു. നിലത്ത് കിടന്ന മൃഗങ്ങളെല്ലാം എഴുന്നേറ്റ് നിന്ന് മൃഗരാജനെ വാഴ്ത്തി. കടുവയ്ക്ക് ഇത് കണ്ട് ചിരി വന്നു. ചിരിച്ചപ്പോൾ പുറത്തുവന്ന പല്ലുകൾ കണ്ട് എല്ലാ ജീവികൾക്കും ഭയമായി. ആമ ഓരോരുത്തരെയായി പരിചയപ്പെടുത്തി.
കടുവ കുറുക്കനെ അടുത്തേയ്ക്ക് വിളിച്ചു. പിന്നെ ആമയുടെ സുഹൃത്തായ മുയലിനേയും. മരക്കൊമ്പിലേക്ക് നോക്കി കാകനേയും വിളിച്ചിറക്കി. കുറുക്കന് മുഖ്യമന്ത്രി സ്ഥാനവും മുയലിനും കാക്കയ്ക്കും മന്ത്രി സ്ഥാനവും പ്രഖ്യാപിച്ചു. കാക്കച്ചി ഇത് കണ്ട് മരക്കൊമ്പിലിരുന്ന് അറിയാതെ ഒരു വിരുന്ന് പാട്ടുപാടിപ്പോയി. മൃഗരാജൻ തലയൊന്ന് തിരിച്ച് അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റു മൃഗങ്ങളും പക്ഷികളും ജയ് വിളിച്ചു. കുറുക്കൻ രണ്ട് കാട്ടുനായ്ക്കളെ വിളിച്ച് ഗുഹയ്ക്കകം വൃത്തിയാക്കാൻ ആജ്ഞാപിച്ചു. കടുവയ്ക്ക് മുഖ്യമന്ത്രിയുടെ ആദ്യ തീരുമാനം ഏറെ ഇഷ്ടമായി. വന്ന് കയറിയപ്പോഴേ വിചാരിച്ചതാണ്. കുറുക്കൻ ആള് മിടുക്കൻ തന്നെയെന്ന് കടുവയ്ക്ക് മനസിലായി. ആമ നേരത്തേ വേണ്ട നിർദ്ദേശങ്ങൾ കടുവയ്ക്ക് നൽകിയിരുന്നു.
കടുവയുടെ അടുത്ത പ്രഖ്യാപനം കേട്ട് കുറുക്കൻ പോലും ഞെട്ടി : “അവശനിലയിലായ മാനുകളെ ഒന്നിടവിട്ട ദിവസങ്ങളിലായി ഇവിടെ എത്തിയ്ക്കണം. മാനിനെ കൊണ്ടു വരണ്ട ചുമതല ആനയ്ക്ക് കൊടുത്തു.
ആ പ്രഖ്യാപനം കേട്ട് അവിടെ കൂടിയ ജീവികളെല്ലാം പേടിച്ചു. ആമയ്ക്ക് മനസിലായി ഇത് ആപത്താണന്ന്. കുറുക്കൻ ഇരുന്നിടത്ത് നിന്ന് അറിയാതെ എഴുന്നേറ്റു. കടുവ അടുത്ത യോഗം എല്ലാവരേയും അറിയിക്കുമെന്ന് പറഞ്ഞു. ഇപ്പോൾ എല്ലാവരും തിരികെ പൊയ്ക്കൊള്ളാൻ പറഞ്ഞു. മുയൽവേഗം സ്ഥലം വിടാനൊരുങ്ങിയപ്പോൾ കടുവ പറഞ്ഞു: “നാളെ രാവിലെ തന്നെ ഇവിടെ എത്തണം. നിനക്ക് വേണ്ട വിഭവങ്ങൾ നിന്റെ കൂട്ടുകാർ ഇവിടെ കൊണ്ടുവരും. “
മുയൽ പേടിയോടെ പുഞ്ചിരിച്ചപ്പോൾ അവന്റെ സുന്ദരമായ പല്ലുകൾ അറിയാതെ പുറത്തു വന്നു. ആമയും കുറുക്കനും കാക്കയും യാത്ര പറഞ്ഞിറങ്ങി. അവർക്കൊപ്പം മുയലും കൂടി.
ആമ പറഞ്ഞു: ” മൃഗരാജന്റെ തീരുമാനം നമുക്ക് ശത്രുക്കളെയുണ്ടാക്കും. എത്രയും വേഗം ഇതിൽ നിന്ന് രക്ഷപെടാൻ ഒരു മാർഗം കണ്ടെത്തണം. “
കുറുക്കനും തന്റെ ആശങ്ക പങ്കു വച്ചു : “എല്ലാവരെയും തിന്ന് തീർക്കുമ്പോൾ പിന്നെ നമുക്ക് നേരേ തിരിയും. അവശരായവരുടെ എണ്ണം വളരെ കുറവാണ്. “
കാക്കയും മുയലും കുറുക്കന്റെയും ആമയുടേയും അഭിപ്രായത്തോട് യോജിച്ചു.
കാക്ക മുകളിൽ നിന്ന് താഴെയുള്ള ഒരു മരക്കൊമ്പിലേക്ക് പറന്നിറങ്ങി.
“ഞാനൊരു വഴി കണ്ടു വച്ചിട്ടുണ്ട്. ഈ വഴി പോയി നമുക്ക് ആനയെ കാണാം. ആനയ്ക്കാണല്ലോ മാനുകളെ കൊണ്ടുവരേണ്ട ജോലി. നമ്മുടെ കൂടെ ഓടിക്കളിച്ച് നടന്ന വരെ എങ്ങുനിന്നോ വന്ന ഒരുവന് തിന്നാൻ കൊടുക്കുന്നത് കഷ്ടമല്ലേ?”
കാക്ക പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവർക്ക് മനസിലായി. മുയൽ കുറുക്കനോട് പറഞ്ഞു: “നീ വലിയ കൗശലക്കാരനല്ലേ. ഒരു ഉപായം കണ്ടുപിടിക്ക്. “
കുറുക്കൻ അത് കേട്ട് തന്റെ മുൻകാലുകൾ നീട്ടി നിലത്ത് കിടന്നു. അൽപ്പനേരം കണ്ണടച്ചു. പിന്നീട് നിലത്തു കിടന്നുരുണ്ട് ചെറുതായൊന്ന് ഓരിയിട്ടു.
“കിട്ടിപ്പോയി. കിട്ടിപ്പോയി. നല്ല ഒരു ഉപായമുണ്ട്. മുഖസ്തുതി പറയാൻ മിടുക്കനായ ആമച്ചേട്ടൻ മൃഗരാജനോട് രാവിലെ കാണുമ്പോൾ പറയണം മാൻ വരാൻ കൂട്ടാക്കുന്നില്ലന്ന്. മാനിനോട് കൊക്കയ്ക്കരികിലുള്ള പാറമുകളിലെ ചെറിയ ഗുഹയിൽ കിടക്കാൻ പറയണം. കടുവ അടുത്തെത്തി മാനിനെ വിളിക്കുമ്പോൾ പിറകിൽ നിന്ന് ആന തുമ്പിക്കൈ കൊണ്ട് മൃഗരാജന് ഒരു തട്ടുകൊടുക്കണം. പാറപ്പുറത്തു നിന്ന് താഴത്തെ കൊക്കയിലേക്ക് വീഴുന്നതോടെ മൃഗരാജന്റെ കഥ കഴിയും. നമുക്ക് പിന്നെ രാജാവില്ലാതെ ഇഷ്ടം പോലെ കഴിയുകയും ചെയ്യാം. “

അത് കേട്ട് മുയലും ആമയും അറിയാതെ കയ്യടിച്ചു. കാക്കയോട് ആനയെയും മാനിനേയും വേഗം വിളിച്ചു കൊണ്ടുവരുവാനും പറഞ്ഞേൽപ്പിച്ചു. കാക്ക വളരെ വേഗം തന്നെ ആനയേയും മാനിനേയും വിളിച്ചു കൊണ്ടുവന്നു. കാക്ക ആനപ്പുറത്തിരുന്ന് വരുന്നത് കണ്ട് ആമയ്ക്ക് ചിരി വന്നു.
കുറുക്കൻ കാര്യങ്ങളെല്ലാം അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. അവർ ആദ്യം മറുപടി പറഞ്ഞില്ല. ആമ ആനയുടെ ബലത്തെ കുറിച്ച് ഒന്നുകൂടി ബോധ്യപ്പെടുത്തി. ആന തയ്യാറായതോടെ മാനും അവശനെ പോലെ കിടക്കാൻ തയ്യാറായി. ഇല്ലെങ്കിൽ തന്റെ കുലം മുഴുവൻ കടുവ തിന്ന് തീർത്തു കളയും. പിറ്റേ ദിവസം കണ്ടുമുട്ടാമെന്ന് പറഞ്ഞ് അവർ പിരിഞ്ഞു.
രാവിലെ തന്നെ ആമയും കുറുക്കനും കാക്കയും സ്ഥലത്തെത്തി. മൃഗരാജൻ ഉറക്കമെഴുന്നേറ്റ ലക്ഷണമില്ല. കാക്ക ചെറുതായൊന്നു കരഞ്ഞു. കുറുക്കൻ ശബ്ദം കുറച്ച് ഓരിയിട്ടു. ശബ്ദം കേട്ട് കടുവ പുറത്തേയ്ക്ക് വന്നു. ഗുഹാമുഖത്ത് നിന്ന് വിശാലമായൊരു കോട്ടുവായിട്ടു. വായിലെ തേറ്റപ്പല്ലുകൾ കണ്ട് ആമ തല വലിച്ചു. കുറുക്കൻ കണ്ണു ചിമ്മി. മുയൽ കുതിക്കാനായി തയ്യാറെടുത്തു. കാക്ക മരക്കൊമ്പിൽ നിന്ന് താഴെ ഇറങ്ങാത്തതിനാൽ ഏറ് കണ്ണിട്ട് നോക്കുക മാത്രം ചെയ്തു.
ആമ പറഞ്ഞു: “ഇന്ന് മാനിറച്ചിയുടെ മണം കൊണ്ട് ഈ പരിസരം നിറയും.” അത് കേട്ട് കുറക്കൻ നാവു നീട്ടി ചിറി തുടയ്ക്കുന്നത് മൃഗരാജൻ കണ്ടു.
മൃഗരാജൻ കുറുക്കനോട് പറഞ്ഞു: ” ഞാൻ തിന്നതിന്റെ ബാക്കി നിനക്ക് തന്നെ. “
അപ്പോഴേയ്ക്കും ആന വെറും കയ്യുമായി ആ സദസിലേക്ക് കടന്നുവന്ന് തന്റെ സങ്കടമുണർത്തിച്ചു : “മൃഗരാജൻ, ആ ധിക്കാരിക്ക് എഴുന്നേൽക്കാൻ വയ്യെങ്കിലും കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞു. “
അത് കേട്ട് മൃഗരാജൻ ഗർജ്ജിച്ചു. പക്ഷേ പഴയതു പോലെ ശബ്ദത്തിനത്ര കടുപ്പമില്ല.
കുറുക്കൻ പറഞ്ഞു: ഞാനൊന്നു പോയി പറഞ്ഞ് നോക്കാം. മുഖ്യമന്ത്രിയായതു കൊണ്ട് അവൻ വരാതിരിക്കില്ല.
കുറുക്കൻ കുറ്റിക്കാട്ടിലൊന്നു ചുറ്റിക്കറങ്ങി തിരിച്ച് വന്നിട്ടു പറഞ്ഞു: “മൃഗരാജൻ, അവൻ ധിക്കാരിയാണ്. കിടന്നകിടപ്പിൽ കിടന്നുകൊണ്ട് എന്നെ പുറങ്കാൽ കൊണ്ടടിക്കാൻ നോക്കി. ഞാനെന്തു തെറ്റ് ചെയ്തു. ഇതനുവദിച്ച് കൊടുക്കാൻ പറ്റില്ല. മൃഗരാജൻ അവനെ ഒറ്റഅടിക്ക് തീർക്കണം. “
മൃഗരാജന് കോപമടക്കാനായില്ല. വഴികാട്ടാനായി കാക്ക മുന്നോട്ട് പറന്നു. പിന്നാലെ മൃഗരാജനും കൂട്ടരും. ആമയെ ആന തുമ്പി കൈ കൊണ്ട് കോരിയെടുത്തു കൊണ്ട് നടന്നു.
പാറയുടെ വക്കിലെത്തിയ കടുവയ്ക്ക് മാനിന്റെ കിടപ്പ് കണ്ടപ്പോൾ ദേഷ്യം കൂടി. മാനിന്റെ അടുത്ത് ചെല്ലും മുമ്പ് കുറുക്കൻ മാനിനെ വിളിച്ചു. മാൻ ഒരാക്ഷേപ ശബ്ദം പുറപ്പെടുവിച്ചതല്ലാതെ അനങ്ങിയില്ല. മൃഗരാജൻ മെല്ലെ മാനിനടുത്തേയ്ക്ക് നടന്നടുത്തു. കുറുക്കൻ ആനയെ കണ്ണ് കൊണ്ട് അടയാളം കാട്ടി. പെട്ടന്ന് ആന തുമ്പികൈ കൊണ്ട് കടുവയെ ഒറ്റയടി. കാൽ വഴുതി കടുവ പാറയിൽ നിന്ന് വഴുതി താഴേക്ക് വീണു. ആ ശബ്ദം പോലും മുകളിലെത്തിയില്ല. അതോടെ പുതിയ കടുവ രാജാവിനെക്കൊണ്ടുള്ള ശല്യം തീർന്നു.
കാക്ക ഒരു പ്രത്യേക ശബ്ദത്തിൽ കരഞ്ഞു. അവന്റെ കൂട്ടുകാർ മാത്രമല്ല കാട്ടിലെ കൂട്ടുകാരെല്ലാം പലയിടത്തു നിന്നായി ആ പാറപ്പുറത്തെത്തി. മാൻ ധൃതി പിടിച്ച് ചാടിയെഴുന്നേറ്റ് ജീവൻ തിരിച്ച് കിട്ടിയ സന്തോഷത്തിൽ തുള്ളിച്ചാടി.
ആമ പറഞ്ഞു: ” ഒരുമയോടെ നിന്നത് കൊണ്ട് നമ്മുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.”
അത് കേട്ട് കാട്ടിലെ കൂട്ടുകാരെല്ലാം സന്തോഷ ശബ്ദങ്ങൾ പുറപ്പെടുവിച്ചു
- കുട്ടിക്കഥക്കൂട്ടിൽ നാളെ അരുൺ രവി എഴുതിയ കഥ വായിക്കാം
