scorecardresearch

കോസ്‌മോപൊളിറ്റന്‍ സാമ്പാര്‍

“അല്ലെങ്കിലും അച്ഛനുമമ്മയ്ക്കുമൊക്കെ ഈ മഹത്തായ ജീവിതത്തിന്റെ കാര്യങ്ങള്‍ വല്ലതും അറിയാമോ?” ബിജു സി പി എഴുതിയ കുട്ടികളുടെ കഥ

biju c p , story, iemalayalam

സാമ്പാറുണ്ടാക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു അമ്മ. പ്രിയക്കുട്ടിയാണെങ്കില്‍ അമ്മയുടെ ചുറ്റും കിടന്ന് വട്ടം കറങ്ങുകയാണ്.

“പോ കൊച്ചേ, പോയിരുന്ന് പഠിക്ക്…” അമ്മ പ്രിയയെ ഒഴിവാക്കി വിടാന്‍ നോക്കി. പക്ഷേ, പ്രിയക്കുട്ടി ആരാ മോള്. അവള് അമ്മയെ പഠിപ്പിക്കാനല്ലേ വന്നിരിക്കുന്നത്.

അമ്മയ്ക്ക് എപ്പോഴും തിരക്കാണ്. തിരക്കോട് തിരക്ക്. സമാധാനമായിട്ടു വല്ലതും ചോദിക്കാമെന്നു വെച്ചാല്‍ സമ്മതിക്കില്ല. അങ്ങനെയാണ് പ്രിയക്കുട്ടി ഇടയ്ക്കിടെ അടുക്കളയിലേക്ക് നൂണ്ടു കയറുന്നത്.

ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന് പറഞ്ഞ് ജവഹര്‍ലാല്‍ നെഹ്രു എഴുതിയ പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം അവള്‍ക്ക് ക്ലാസ്സില്‍ പഠിക്കാനുണ്ട്. ‘അച്ഛന്മാരെന്തിനാ മക്കള്‍ക്ക് കത്തെഴുതുന്നത്. അവർ വീട്ടിൽത്തന്നെയല്ലേ താമസിക്കുന്നത്’ എന്നായിരുന്നു പ്രിയക്കുട്ടിയുടെ ആദ്യത്തെ സംശയം.

“ങാഹാ! എല്ലാ അച്ഛന്മാരും അമ്മമാരും അങ്ങനെ മക്കളേം കളിപ്പിച്ച് വീട്ടിൽത്തന്നെ നിൽക്കാവണെന്നാണോ വിചാരം?”

അമ്മയുടെ ചോദ്യം തീരും മുമ്പ് പ്രിയക്കുട്ടിക്ക് കാര്യം പിടി കിട്ടി. അവളുടെ ക്ലാസ്സിലെ ദില്‍ഷയുടെ അച്ഛന്‍ മൗറീഷ്യസിലാണ്. ആ രാജ്യം ഗ്ലോബില്‍ നോക്കിയൊന്നു കണ്ടു പിടിക്കാന്‍ എന്തൊരു പാടായിരുന്നു!

പ്രിയക്കുട്ടിയുടെ അച്ഛന്റെ പെങ്ങള്‍ സിന്ധു ദുബായില്‍ നഴ്‌സാണ്. ആന്റിക്കുഞ്ഞമ്മ എന്നാണ് അവള്‍ അവരെ വിളിക്കുന്നത്. നെഹ്രു പക്ഷേ, ഗള്‍ഫിലൊന്നും പോയതല്ലെന്ന് പ്രിയയ്ക്കറിയാം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ വേണ്ടി സമരം ചെയ്തതിന് ബ്രിട്ടീഷുകാർ ജയിലിലടച്ചതു കാരണമാണ് പാവം നെഹ്രുവിന് സ്വന്തം മോള്‍ക്ക് കത്തുകളയയ്‌ക്കേണ്ടി വന്നത്..

പ്രിയക്കുട്ടിയുടെ അച്ഛന്‍ സ്‌കൂളില്‍ മാഷാണ്. സാമൂഹ്യപാഠം പഠിപ്പിക്കുന്ന മാഷ്. അച്ഛന്‍ വീട്ടിലുണ്ടെങ്കില്‍ സാമ്പാറൊക്കെ പട പടേന്ന് ഉണ്ടാക്കും. പക്ഷേ, ചിലപ്പോള്‍ ഉപ്പുണ്ടാവില്ല. ചിലപ്പോള്‍ ശകലം കരഞ്ഞു ചൊവ വരും. വേറേ ചിലപ്പോള്‍ എരിവു കാരണം കരഞ്ഞു പോകും. അതുകാരണം അമ്മ ഇപ്പോള്‍ അച്ഛനെ ഹെല്‍പ്പറായി നിര്‍ത്തുകയേ ഉള്ളൂ.

ശിങ്കിടി എന്നാണ് അച്ഛന്‍ പറയുക. പാത്രം കഴുകുക, പച്ചക്കറിയരിയുക തുടങ്ങിയ പണികള്‍. അമ്മയ്ക്കാണെങ്കില്‍ വീട്ടിലെ പണിയൊക്കെ അമ്മയുടെ മാത്രം കാര്യമാണെന്ന മട്ടാണ്. എല്ലാവരും കൂടി എല്ലാം ചെയ്യണമെന്നാണ് പ്രിയക്കുട്ടിയുടെ പോളിസി. കാര്യം പോളിസിയൊക്കെ പറയുമെങ്കിലും അമ്മ എന്തെങ്കിലും പറയുമ്പോള്‍ പ്രിയക്ക് മടിയാണു താനും.

biju c p , story, iemalayalam

അമ്മയ്ക്ക് വീട്ടില്‍ എല്ലാം സെറ്റാക്കിയിട്ടു വേണം നാട്ടിലേക്കിറങ്ങാന്‍. ഹെല്‍ത്ത് നഴ്‌സാണ് പ്രിയക്കുട്ടിയുടെ അമ്മ ദിവ്യ. നാട്ടിലെ ആളുകളുടെ മുഴുവന്‍ ആരോഗ്യവും രോഗവുമൊക്കെ അമ്മയുടെ ഫയലിലുണ്ട്

പ്രിയക്കുട്ടി അടുക്കളയില്‍ നുഴഞ്ഞു കയറിയത് നെഹ്രുവിന്റെ കത്തു പോലെ ഒരു പ്രോജക്ട് ഉണ്ടാക്കാനാണ്. മലയാളം പഠിപ്പിക്കുന്ന സീന മിസ്സിനെ പ്രിയക്കുട്ടിക്ക് നല്ല ഇഷ്ടമാണ്. എന്തു രസാ മിസ് പാട്ടു പാടണത് കേള്‍ക്കാന്‍. നെഹ്‌റുവിന്റെ കത്തിലെ കല്ലിനുമുണ്ടൊരു കഥ പറയാന്‍ എന്ന പാഠത്തിലുള്ളതു പോലെ മറ്റെന്തിന്റെയെങ്കിലും കഥ കണ്ടുപിടിച്ച് എഴുതിക്കൊണ്ടു വരാനാണ് സീന മിസ് പ്രോജക്ട് കൊടുത്തിരിക്കുന്നത്.

സീന മിസ്സിന്റെ പ്രോജക്ടുകള്‍ ക്ലാസ്സിലെ കുട്ടികള്‍ക്ക് ദേഷ്യമാണ്. ഏതു പ്രോജക്ട് കിട്ടിയാലും എല്ലാവരും വീട്ടില്‍വെച്ച് അച്ഛനോടോ അമ്മയോടോ പറയും. അവര്‍ ഗൂഗിള്‍ നോക്കി ശടേന്ന് പ്രോജക്ട് തീര്‍ക്കും. നല്ല സുഖം. സീന മിസ്സിന്റെ പ്രോജക്റ്റ് പക്ഷേ, ഗൂഗിളില്‍ തപ്പിയാല്‍ കിട്ടില്ല.

“അച്ഛന്‍ വരുമ്പോള്‍ ചോദിക്കു കുട്ടീ, വെറുതേ അടുക്കളേല്‍ മെനക്കേടൊണ്ടാക്കാതെ… “അമ്മ പകുതി തമാശയും പകുതി വഴക്കുമായി പ്രിയക്കുട്ടിയെ പേടിപ്പിച്ചു.

“മെനക്കേടോ… അതെന്തു കേടാ…” പ്രിയക്കുട്ടി ആ വാക്കിലായി പിടിത്തം.

“ആ.. അതൊരു വല്യേ കേടാ…ഒരു വാക്കു പിടിത്തക്കാരി വന്നേക്കുന്നു. നീ ഒരു കാര്യം ചെയ്യ്… സാമ്പാറിനുണ്ടൊരു കഥ പറയാന്‍ എന്നൊരു പ്രോജക്ടങ്ങ് എഴുതി തയ്യാറാക്ക്.”

അമ്മ കളിയാക്കി പറഞ്ഞതാണെങ്കിലും സംഭവം കൊള്ളാമല്ലോ എന്ന് തോന്നി പ്രിയക്കുട്ടിക്ക്.

അമ്മ സാമ്പാറുണ്ടാക്കാന്‍ അരിഞ്ഞു വച്ചിരുന്ന കഷണങ്ങളും വറ്റല്‍ മുളകും ഉള്ളിയും മല്ലിയിലയും കടുകും കായവും ഒക്കെ എടുത്ത് മുറത്തില്‍ നിരയായി വെച്ചു.

എന്നിട്ട് ആദ്യം പരിപ്പിനോട് വര്‍ത്തമാനം പറയാന്‍ തുടങ്ങി.

“ഹലോ പരിപ്പേ.. ഗുഡ്‌മോണിങ്.” പരിപ്പ് ഹിന്ദിയിലാണ് മറുപടി പറഞ്ഞത്.

പ്രിയക്കുട്ടിക്ക് ഹിന്ദിയില്‍ അര്‍ഥ്, പ്രതിലോമ ശബ്ദ്, പര്യായ ശബ്ദ് പിന്നെ ക്വസ്റ്റ്യനാന്‍സര്‍… ഇതൊക്കെയേ അറിയാവൂ. പിന്നെ അറിയാവുന്നത് കാര്‍ട്ടൂണിലെ ഹിന്ദി സംസാരങ്ങളാണ്. കാര്‍ട്ടൂൺ ഹിന്ദിയില്‍ അവള്‍ പരിപ്പിനോട് ബാത് ചീത് നടത്തി.

“തുമാരാ ഘര്‍ കഹാം ഹേ.” പരിപ്പ് ഒരു ചിരി. അവളുടെ മലയാള ഹിന്ദി കേട്ടിട്ടാണ്.

വടക്കേ ഇന്ത്യയില്‍ പഞ്ചാബിന്റെ വടക്കേയറ്റത്ത് മഹാഭാരതത്തിലെ കഥാപാത്രങ്ങളൊക്കെ ജീവിച്ചിരുന്നതായി പറയുന്ന പ്രദേശത്ത് ഒരു പാവം കൃഷിക്കാരന്‍ നട്ടു വളര്‍ത്തിയിരുതാണ് പ്രിയക്കുട്ടിയോട് സംസാരിച്ച കുഞ്ഞന്‍ പരിപ്പുമണി.

ആ കൃഷിക്കാരന്റെ വീട്ടിലും ഒരു കൊച്ചു പെൺകുട്ടി ഉണ്ടായിരുന്നു. അവളുടെ അച്ഛനോടൊപ്പം വയലിലേക്ക് എന്നും ആ കുട്ടിയും വരുമായിരുന്നു.

അവരൊക്കെ അന്ന് ആ പരിപ്പുചെടികളെ വിളിച്ചിരുന്നത് അര്‍ഹര്‍ എന്നും തൂര്‍ദാല്‍ എന്നുമൊക്കെയായിരുന്നു. ഒരു വലിയ പായയില്‍ ചിക്കിയിട്ടിരുന്നു ആ പരിപ്പുമണികളെ കുഞ്ഞു വിരല്‍ കൊണ്ട് പരത്തിപ്പരത്തി ആ പെൺകുട്ടി കളിക്കുമായിരുന്നു.

biju c p , story, iemalayalam

പിന്നെ എല്ലാം കൂടി ചാക്കില്‍ കെട്ടി, തട്ടിയും മറിഞ്ഞും പല തരം വണ്ടികളില്‍ കേറിയും ഇറങ്ങിയും അവസാനം ഒരു പ്ലാസ്റ്റിക്ക് കൂടില്‍ ശ്വാസം മുട്ടി ഞെരുങ്ങിയും കഴിഞ്ഞ അര്‍ഹര്‍ തൂര്‍ദാല്‍ പരിപ്പ് മര്യാദയ്ക്ക് ശ്വാസം വിട്ടത് പ്രിയക്കുട്ടിയുടെ അടുക്കളയിലെത്തിയപ്പോളാണ്.

“ഓക്കേ അര്‍ഹര്‍… എന്നാ കാണാംട്ടോ.. സമയമില്ലാഞ്ഞിട്ടാണേ…” പ്രിയക്കുട്ടി പരിപ്പിനോട് വിട പറഞ്ഞ് മുരിങ്ങക്കായയോട് കുശലം പറഞ്ഞു.

“നിന്റെ നാടെവെടിയാ സാറേ?”

മുരിങ്ങക്കായ സംസാരിച്ച ഭാഷ തമിഴാണെന്ന് പ്രിയക്കുട്ടിക്ക് പിടി കിട്ടിയില്ല. പക്ഷേ, പറഞ്ഞ കാര്യങ്ങള്‍ മനസ്സിലായി. മലയാളം പോലെയുണ്ടല്ലോ എന്നു തോന്നി. ഊര് ഉസിലാംപട്ടി. നാന്‍ താന്‍ വളയാപ്പട്ടി മൊരിങ്ങ.

ഉസിലാംപട്ടി പെണ്‍കുട്ടീ… എന്ന പാട്ടുകേട്ടിട്ടുണ്ട് പ്രിയക്കുട്ടി. ഏതോ പെണ്‍കുട്ടിയാണെന്നാണ് പ്രിയ വിചാരിച്ചിരുന്നത്. അത് ഒരു നാടാണെന്ന് അറിയില്ലായിരുന്നു. മുരിങ്ങ ഇപ്പോള്‍ എല്ലായിടത്തുമുണ്ടെങ്കിലും തമിഴന്‍ മുരിങ്ങകളാണ് കൂട്ടത്തില്‍ കേമന്മാരെന്ന് വളയാപ്പട്ടിമൊരിങ്ങ അവളോടു പറഞ്ഞു.

അവിടെയും കാണും ഒരു പാവം കര്‍ഷകന്റെ വീടും അവിടത്തെ കുട്ടികളും ഒക്കെ അല്ലേ…? പ്രിയക്കുട്ടിയുടെ ചോദ്യം കേട്ടപ്പോള്‍ മുരിങ്ങക്കായ്ക്ക് പെട്ടെന്നൊരു സന്തോഷം വന്നു. നിന്റെ അവിടത്തെ പേരെന്താ എന്നു ചോദിച്ചപ്പോളാണ് പ്രിയക്കുട്ടി അതിശയിച്ചു പോയത്. കക്ഷിയുടെ സസ്യ കുടുംബത്തിന്റെ ശാസ്ത്രീയപ്പേരാണത്രേ മുരിങ്ങക്കായ. ആ കുടുംബത്തിലെ മൊരിങ്ങ എന്ന ജനുസില്‍ പെട്ടവളാണ് ഇംഗ്ലീഷുകാര്‍ ഡ്രം സ്റ്റിക്കെന്നു വിളിക്കുന്ന നമ്മുടെ മുരിങ്ങക്കായ.

ചെടികള്‍ക്കൊക്കെ ശാസ്ത്രീയനാമമുണ്ട്. വല്യഗഡാഗഡിയന്‍ പേരുകള്‍. അപ്പോള്‍ നമ്മുടെയൊക്കെ പേരുകള്‍ അശാസ്ത്രീയ നാമങ്ങളായിരിക്കുമോ? ആ… അത് പിന്നെ ആലോചിക്കാന്‍ വേണ്ടി മാറ്റി വെച്ചു പ്രിയക്കുട്ടി.

കുഞ്ഞിക്കുഞ്ഞി ചെണ്ടക്കുറ്റികള്‍ പോലെ അമ്മ മുറിച്ച് അടുക്കി വെച്ചിരുന്ന മുരിങ്ങക്കായ കഷ്ണത്തിലൊന്നിനെ പ്രിയക്കുട്ടി എടുത്ത് താലോലിച്ചു. അമ്മ മുറിച്ചപ്പോള്‍ നിനക്ക് വേദനിച്ചോ എന്ന് പ്രിയക്കുട്ടി ചോദിച്ചപ്പോള്‍ മുരിങ്ങക്കായ കഷ്ണത്തിന് കരച്ചില്‍ വന്നു. വേദനിച്ചിട്ടല്ല, പ്രിയക്കുട്ടിയുടെ സ്‌നേഹം കണ്ടിട്ട്. പ്രിയക്കുട്ടിക്കും അയ്യടാന്നായിപ്പോയി.

കാരറ്റിന് ഒരു സായിപ്പുകുട്ടിയുടെ മട്ടും മാതിരിയുമായിരുന്നു. “എന്തൊരു ചൂടാ നിങ്ങളുടെ നാട്ടില്‍” എന്നായിരുന്നു കാരറ്റിന്റെ പരാതി.

തായ് വേരിന്റെയും ടാപ്പ് റൂട്ടിന്റെയുമൊക്കെ പാഠത്തില്‍ മുമ്പ് കാരറ്റിന്റെ കാര്യം പഠിച്ചത് പ്രിയക്കുട്ടിക്ക് ഓര്‍മ വന്നു. കാരറ്റിനെ കണ്ടാല്‍ പക്ഷേ, പ്രിയക്കുട്ടിക്ക് ആദ്യം ഓര്‍മ വരുന്നത് ആലീസിനെയാണ്.

ആലീസിനെ അറിയില്ലേ… നമ്മുടെ മുയല്‍ക്കുട്ടന്റെ പുറകേ ഓടി അത്ഭുതലോകത്തിലേക്കു ചാടിപ്പോയ ആലിസിനെ. ആ കഥയിലല്ലേ, കഥയായ കഥയിലൊക്കെ കാരറ്റെന്നാല്‍ മുയല്‍ക്കുട്ടന്മാരുടെ യമ്മി ഫുഡ്ഡല്ലേ.

biju c p , story, iemalayalam

കാരറ്റ് പറഞ്ഞ കഥ രസമായിരുന്നു. വടക്കേ ഇന്ത്യയില്‍ ഹിമാലയത്തിന്റെ താഴ് വരയിലെ ഒരു അതിര്‍ത്തി ഗ്രാമത്തിലായിരുന്നു അത് മുളച്ചു വളര്‍ന്നത്. ഒപ്പം വളര്‍ന്ന വീട്ടുകാരറ്റുകളും കൂട്ടുകാരറ്റുകളും എല്ലാം വേറൊരു ചാക്കില്‍ കയറി മ്യാന്‍മാറിലേക്കു പോയി.

നമ്മുടെ കാരറ്റോ? അവരുടെ ചാക്ക് ബീഹാറിലെ ഒരു ചന്തയിലേക്കാണ് എത്തിയത്. അവിടെ നിന്ന് തീവണ്ടി കയറി ചെന്നൈയിലെത്തി. അവിടെ നിന്ന് തമിഴ്‌നാട്ടിലെ തന്നെ ഒട്ടന്‍ഛത്രം എന്ന് കൂറ്റന്‍ ചന്തയിലെത്തി. അവിടെ നിന്ന് കേരളത്തിലെത്തി. പ്രിയക്കുട്ടിയുടെ വീട്ടിലെ അടുക്കളയിലെത്തി രണ്ടു നാള്‍ ഫ്രിഡ്ജിലിരുന്ന ശേഷമാണ് ശരിക്കും ഒന്നു ചീകിക്കഴുകുന്നതു തന്നെ.

കഴുകിയപ്പോള്‍ പ്രിയക്കുട്ടിയുടെ അമ്മയുടെ കൈകളില്‍ പറ്റി പോകുന്നതു വരെ ആ വടക്കേ ഇന്ത്യന്‍ ഗ്രാമത്തില്‍ നിന്നുള്ള ഒന്നു രണ്ടു മണല്‍ത്തരികളെ കാരറ്റ് ചേര്‍ത്തു പിടിച്ചിരുന്നു.

“ങേ! അതെന്തിനാ നീ ആ മണ്ണിനെ ചേര്‍ത്തു പിടിച്ചത്?” പ്രിയക്കുട്ടിക്ക് അതിശയമായി.

“എന്തായാലും ജനിച്ചു വളര്‍ന്ന മണ്ണല്ലേ?” അതങ്ങനെ വിട്ടുകളയാന്‍ പറ്റുമോ?

കാരറ്റിന്റെ സെന്റിമെന്റ്‌സ് കണ്ട് പ്രിയക്കും കുറച്ചൊരു സങ്കടം വന്നു. അതു കണ്ടപ്പോളാണ് കാരറ്റ് അതിന്റെ ഒന്ന് രണ്ടു മാസത്തെ നിരന്തര സഞ്ചാരത്തിന്റെ കഥയോര്‍ത്തത്.

സത്യം പറഞ്ഞാല്‍ പ്രിയക്കുട്ടി ഒന്നമ്പരന്നു. ശ്ശെടീ… ഇതിപ്പോ എനിക്കും വേണമെങ്കില്‍ ജവഹര്‍ലാല്‍ നെഹ്രുവാകാമല്ലോ! ഈ സാമ്പാറു കൂട്ടത്തില്‍ ഇനി ആരുടെയൊക്കെ കഥ കേള്‍ക്കാനിരിക്കുന്നു!

മല്ലി, കായം, ഉള്ളി, പടവലങ്ങ, വെള്ളരിക്ക, ഉരുളക്കിഴങ്ങ്, സവാള, പിന്നെ വഴറ്റാനുള്ള വെളിച്ചെണ്ണ, അതിലിട്ട് തിളപ്പിച്ച് പൊട്ടിത്തെറിക്കാനുള്ള കടുക്…

എല്ലാവരോടും കഥ ചോദിക്കാന്‍ പോയാല്‍ പ്രോജക്ടെഴുത്തും നടക്കില്ല അമ്മയുടെ കറിവെപ്പും നടക്കില്ല. അടുക്കളപ്പുറത്തു നിന്ന് കറിവേപ്പിലയും പൊട്ടിച്ച് അമ്മ വരുന്നുണ്ട്.

പ്രിയക്കുട്ടി പ്രൊജക്റ്റ് തീരുമാനിച്ചു ‘സാമ്പാറിനുണ്ടൊരു കഥ പറയാന്‍.’

പ്രോജക്ട് എഴുതാനിരുപ്പോള്‍ പക്ഷേ, അവള്‍ക്ക് ഒന്നും എഴുതാന്‍ കഴിഞ്ഞില്ല. പരിപ്പ്, ഉരുളക്കിളങ്ങ്, കാരറ്റ്, സവാള, പടവലങ്ങ, വെണ്ടക്കാ, മുരിങ്ങക്കായ, കായം, കടുക്, മല്ലിയില, ചേന, ചീരത്തണ്ട്… പിന്നെ അടുക്കളപ്പുറത്തെ കറിവേപ്പ്… എല്ലാറ്റിന്റെയും പടം വരച്ച് പ്രിയക്കുട്ടി വെറുതേ ഇരുന്നു പോയി.

അച്ഛന്‍ വന്നതൊന്നും അവളറിഞ്ഞതേയില്ല. “അമ്മ ഇഡ്ഡലിയും സാമ്പാറും ഉണ്ടാക്കി മോളേ, വേഗം വാ…” എന്ന് അച്ഛന്‍ വിളിച്ചപ്പോള്‍ അവള്‍ ഞെട്ടിപ്പോയി. സാമ്പാറിന്റെ നല്ല തകര്‍പ്പന്‍ മണം.

അവള്‍ക്ക് പെട്ടെന്ന് കരച്ചില്‍ വന്നു. അടക്കി നിര്‍ത്താനാവാതെ അവള്‍ വിതുമ്പി വിതുമ്പി കരഞ്ഞു. അച്ഛനും അമ്മയും അന്തംവിട്ടു നിന്നു! “എന്തിനാ മോളേ കരയുന്നത്?”

“എന്നാലും അച്ഛാ ഈ സാമ്പാറ്… സാമ്പാറ് എന്ന് വെച്ചാല്‍ എന്തൊരു വല്യ കാര്യമാണല്ലോ… നമ്മള്… നമ്മള് ചുമ്മാ കഴിക്കുകയും കളയുകയുമല്ലേ. എന്തൊരു വല്യ ജീവിതമാണല്ലേ ഈ സാമ്പാറിന്റേത്.”

പ്രിയക്കുട്ടിക്ക് കരച്ചില്‍ അടക്കാനായില്ല.

എങ്ങനെ ആശ്വസിപ്പിക്കാനാണ് പ്രിയക്കുട്ടിയെ! അച്ഛനും അമ്മയും ആകെ വിഷമിച്ചു പോയി. അവര്‍ക്കു വല്ലതും മനസ്സിലാകണ്ടേ… അല്ലെങ്കിലും അച്ഛനുമമ്മയ്ക്കുമൊക്കെ ഈ മഹത്തായ ജീവിതത്തിന്റെ കാര്യങ്ങള്‍ വല്ലതും അറിയാമോ?

കരച്ചില്‍ അടങ്ങിയപ്പോള്‍ അവള്‍ അച്ഛനോടൊട്ടി നിന്നു. പിന്നെ ഒരു കുഞ്ഞു പാത്രത്തില്‍ സാമ്പാറെടുത്ത് ഒന്നു മണം പിടിച്ചു. അതിനെയൊന്ന് തൊട്ടുതൊഴുതു. “അച്ഛാ, അച്ഛന് ഈ സാമ്പാറിനെക്കുറിച്ച് എന്തറിയാം! ഈ സാമ്പാറെന്നു പറയുന്നതേ അത്ര സിമ്പിളായ കാര്യമൊന്നുമല്ല.”

“സാമ്പാര്‍ ദ ഗ്രേറ്റ്!” അച്ഛന്‍ പറഞ്ഞപ്പോള്‍ കവിളത്തു കൂടിയൊഴുകിയ കണ്ണീരിനിടയിലൂടെ അവള്‍ ചിരിച്ചു.

“ഇന്നാളൊരു ദിവസം അച്ഛന്‍ ഒരു വാക്കു പറഞ്ഞില്ലായിരുന്നോ ‘കോസ്‌മോപൊളിറ്റന്‍’ എന്ന്. ലോകത്തിലെ ഒരുപാട് സംസ്‌കാരങ്ങളൊക്കെ കൂടിച്ചേരുന്ന മഹത്തായ ഒന്ന് എന്ന്.
ഈ സാമ്പാറേ… ഇത് ശരിക്കും കോസ്‌മോപൊളിറ്റനാ.”

പ്രിയക്കുട്ടി പറഞ്ഞതു കേട്ട് പാവം അച്ഛനും അമ്മയും വായും പൊളിച്ചിരുന്നുപോയി.

  • കുട്ടിക്കഥക്കൂട്ടിൽ നാളെ സവിതയും മകൾ അമേയയും ചേർന്നെഴുതിയ കഥ വായിക്കാം
Children, Stories, Malayalam writer

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Biju c p story for children cosmopolitan sambar