ഒറ്റയാള്‍ പട്ടാളം

വളഞ്ഞുപുളഞ്ഞുപോയ ഇടവഴികള്‍ ഒടുക്കം മെയിന്റോഡില്‍ ചെന്നു ചേര്‍ന്നു. അവനിക്ക് തെല്ലാശ്വസമായി. അവള്‍ പതുക്കെ സൈക്കിള്‍ നിര്‍ത്തി നെറ്റിയിലെ വിയര്‍പ്പുതുടച്ചു കളഞ്ഞു.
അനന്തു അതേ ഇരിപ്പാണ്. അവളെ മുറുകെ പിടിച്ച്. അവന്റെ ശരീരത്തിന് ചെറിയ വിറയലുണ്ട്. ക്യാമറയ്ക്ക് ഒന്നും പറ്റിയില്ലല്ലോടാ.. അവള്‍ ചോദിച്ചു.
ഇല്ല.. അവന്‍ പറഞ്ഞു.
ചേച്ചി ഇത് അമ്മയോട് പറയണ്ടാട്ടോ… തല്ലുറപ്പാ.
പിന്നെന്തു പറയണം…
വയലില് പിള്ളേരൊപ്പം കളിക്കാന്‍ പോയതാണെന്നു പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ അമ്മ നിന്റെ ക്യാമറ തല്ലിപ്പൊട്ടിക്കും. എന്റെ സൈക്കിളും.
മ്ഉം.. അവള്‍ മൂളി
എന്നാല്‍ പോവാം.
അവനും മൂളി
കോലായില്‍ തൂണുപിടിച്ച് നിന്ന അമ്മയെ ദൂരെനിന്നേ കണ്ടു. പേടിച്ചുപേടിച്ചാണ് അവനി മുറ്റത്തേക്ക് സൈക്കിള്‍ കയറ്റിയത്. സൈക്കിള്‍ സ്റ്റാന്‍ഡിലിട്ട് നിവര്‍ന്നപ്പോഴാണ് കൈയിലും കുപ്പായത്തിലും തലയിലുമൊക്കെ പറ്റിപ്പിടിച്ച മണ്ണും കച്ചറകളും കണ്ടത്. കൈമുട്ടിന്റെ തോലുരിഞ്ഞ് ചോരപൊടിഞ്ഞിട്ടുണ്ട്.
അമ്മ ഒന്നും ചോദിച്ചില്ല. കുറച്ചുനേരം തുറിച്ചുനോക്കുക മാത്രം ചെയ്തു. തിരിഞ്ഞ് അടുക്കളയിലേക്കു നടക്കുമ്പോള്‍ എന്തോ പിറുപിറുക്കുന്നതു കേട്ടു.
എന്താടാ അമ്മ പറഞ്ഞത്.
അവനി അനന്തുവിനോട് ചോദിച്ചു.
മ്ഉം… ഞാന്‍ കേട്ടില്ല.
അവനി അനന്തുവിന്റെ കൈയില്‍ നിന്നും ക്യാമറയും വാങ്ങി അവളുടെ മുറിയിലേക്ക് നടന്നു. അനന്തു കാലും മുഖവും കഴുകുവാനായി പൈപ്പിന്റെ ചുവട്ടിലേക്കും.
കുളി കഴിഞ്ഞു വന്നിട്ടും, അമ്മ അവരെ ഊണുകഴിക്കാന്‍ വിളിച്ചില്ല.
അമ്മ ദേഷ്യത്തിലാണ്.
അമ്മേ ചോറ് തര്വോ.. അനന്തു ചോദിച്ചു. വെശക്ക്ണു.
മേശപ്പുറത്തുണ്ട്. വേണമെങ്കില്‍ എടുത്തുകഴിച്ചോ.. സ്വരത്തില്‍ ഒരു ഭീഷണിയുണ്ട്. സങ്കടവും.
അവനി രണ്ട് പ്ലേറ്റുകള്‍ കഴുകിയെടുത്ത് മേശപ്പുറത്തുവച്ചു. ചോറു കോരിയിട്ടു.
ചോറു കഴിക്കുന്നതിനിടയില്‍ അമ്മ വന്ന് അനന്തുവിന് പിന്നില്‍ നിന്നു. രണ്ട് ഗ്ലാസെടുത്ത് അതില്‍ കുടിക്കാനുള്ള വെള്ളമൊഴിച്ചുകൊടുത്തു.
എവിടെയായിരുന്നു രണ്ടാളും ഇത്രേം നേരം.
അത് അമ്മേ… അവനി പറയാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ അനന്തു കണ്ണുകൊണ്ട് വിലക്കി.
വയലില്… വയലില് കളിക്കാന്‍ ഒരുപാട് പിള്ളേരുണ്ടായിരുന്നു. അനന്തു കയറിപ്പറഞ്ഞു.
പക്ഷേ, ചിലരുടെ കൈയൊക്കെ പൊട്ടി ചോരയൊലിക്കുന്നുണ്ടല്ലോ…? സൈക്കിളീന്ന് വീണോ…?
ഞാന്‍ വീണില്ല. ചേച്ചി വീണു.
അപ്പോള്‍ ആ ക്യാമറയും വീണു കാണ്വല്ലോ..
ക്യാമറ വീണില്ല. അത് എന്റെ കയ്യിലായിരുന്നല്ലോ..
മ്ഉം… അമ്മ ഒന്നമര്‍ത്തിമൂളി. പിന്നെ കുറച്ചുകൂടി ചോറെടുത്ത് രണ്ടുപേരുടേയും പാത്രത്തിലിട്ടു. കഴിക്ക്… നല്ല വിശപ്പുകാണും. വലിയ അധ്വാനം കഴിഞ്ഞിട്ട് വരുന്നതല്ലേ.
അവനി അമ്മയെ ഇടംകണ്ണിട്ടു നോക്കി. പിന്നെ പെട്ടെന്ന് ഭക്ഷണം കഴിച്ച് പാത്രവുമെടുത്ത് അടുക്കളയിലേക്ക് നീങ്ങി.
അവള്‍ അച്ഛന്‍ വരാന്‍ കാത്തുനിന്നു.
അച്ഛനിന്ന് ഷൂട്ട് ഉള്ള ദിവസമാണ്. ക്യാമറബാഗും ചുമലിലിട്ട് അതികാലത്തെ പുറപ്പെട്ടിരിക്കും. ഏതു നേരമാണ് വരിക എന്നറിയില്ല.
അച്ഛനെയൊന്ന് വിളിച്ചുനോക്കിയാലോ.
അവള്‍ പതുക്കെ അടുക്കളയിലേക്ക് നീങ്ങി. മേശപ്പുറത്ത് അമ്മയുടെ ഫോണിരിപ്പുണ്ട്. അമ്മ കാണാതെ അവള്‍ ഫോണെടുത്ത് പുറത്തുകടന്നു.
ഒന്നുരണ്ട് തവണ വിളിച്ചപ്പോഴാണ് അച്ഛനെ കിട്ടിയത്.
അച്ഛന്‍ എവിടെയാ… അവള്‍ ചോദിച്ചു.
ഞാന്‍ മടങ്ങി… ഡ്രൈവിംഗിലാ..
ഭാഗ്യം.. അവള്‍ മനസ്സില്‍ പറഞ്ഞു.
അച്ഛന്‍ വേഗമെത്തില്ലേ…
എന്താ മോളെ കാര്യം..
അത് പിന്നെ അച്ഛാ… അച്ഛന്‍ വേഗം വാ. എന്നിട്ടു പറയാം..
അവനി ഫോണ്‍ കട്ട് ചെയ്തു. അടുക്കളയിലെ മേശപ്പുറത്തുതന്നെ കൊണ്ടുവെച്ചു.
അവള്‍ വീണ്ടും ക്യാമറയെടുത്ത് താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഓരോന്നായി മറിക്കാന്‍ തുടങ്ങി.
തനിക്കു നേരെ താണുവരുന്ന ജെസിബിയുടെ ഇരുമ്പ് കൈകളെ കൂട്ടാക്കാതെ നിര്‍ഭയനായി നിലത്ത് നീണ്ടുകിടന്ന് പ്രതിഷേധിക്കുന്ന ഒരു മനുഷ്യന്‍…
ഇതാണ് ഒറ്റയാള്‍ പട്ടാളം.
അവനി ഉള്ളില്‍ പറഞ്ഞു.

 അസംബ്ലി

ഞെട്ടിപ്പിച്ച ഒരു വാര്‍ത്താചിത്രവുമായാണ് നേരം പുലര്‍ന്നത്. മിക്ക പത്രങ്ങളിലും ആ ഫോട്ടോ ഉണ്ടായിരുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിലുമുണ്ടായിരുന്നു.
‘ഭൂതത്താന്‍ കുന്നിനുവേണ്ടി ഒരു ഒറ്റയാള്‍ പോരാട്ടം’ എന്നായിരുന്നു ഒരു പത്രം ചിത്രത്തിനു കൊടുത്ത അടിക്കുറിപ്പ്.
പോലീസിനേയും പത്രക്കാരേയും വിളിച്ചറിയിച്ചിട്ടാണ് ഭദ്രന്‍സാര്‍ ഭൂതത്താന്‍കുന്ന് ഇടിച്ചുകൊണ്ടിരുന്ന ആ യന്ത്രരാക്ഷസനു മുന്നില്‍ പ്രതിഷേധിച്ച് നീണ്ടുനിവര്‍ന്ന് കിടന്നത്.
പത്രക്കാരും പോലീസുകാരും ഓടിയെത്തുമ്പോഴേക്കും കുന്നിടിക്കുന്നവര്‍ ഭദ്രന്‍സാറിനെ തൂക്കിയെടുത്ത് ദൂരെ എറിഞ്ഞിരുന്നു.
പിന്നാലെ വന്ന ആംബുലന്‍സില്‍ ഭദ്രന്‍സാറിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
കുന്നിടിച്ചുകൊണ്ടിരുന്നവരേയും അവരുടെ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
പത്രക്കാര്‍ക്ക് വലിയ നിരാശയുണ്ടായിരുന്നു. ആ ചിത്രം കിട്ടാതെ പോയതില്‍. അച്ചടിച്ചുവന്നതാവട്ടെ അവനിയുടെ ചിത്രവും.
പൂങ്കാവ് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അവനി എസ് പകര്‍ത്തി അയച്ചുതന്ന ചിത്രം എന്ന് ചിലര്‍ കൊടുക്കുകയും ചെയ്തു.
അന്ന് അച്ഛന്റെ ഫോണിന് വിശ്രമമുണ്ടായില്ല. അമ്മയേയും ചിലരൊക്കെ വിളിച്ചു.
ആളുകള്‍ വിളിക്കുമ്പോഴൊക്കെ അമ്മയുടെ മുഖത്ത് ഒരു ഭയം കനക്കുകയും, ഇതൊന്നും വേണ്ടായിരുന്നില്ലപ്പായെന്ന് ആരോടെന്നില്ലാതെ പറയുകയും ചെയ്തു.kt baburaj,novel
ചിലര്‍ വിളിച്ച് അച്ഛനെ ഭീഷണിപ്പെടുത്തി. സൂക്ഷിച്ചിരുന്നോ എന്ന്.
സുധാകരന്‍മാഷും, നന്ദന്‍മാഷും അച്ഛന്റെ ഫോണില്‍ വിളിച്ചിരുന്നു.
അഭിനന്ദനങ്ങളായിരുന്നു ഏറെയും. മകളോട് ശ്രദ്ധിച്ചോളണമെന്ന് ചിലര്‍ മുന്നറിയിപ്പും നല്‍കി.
അച്ഛന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമുണ്ടായില്ല.
ഒരു പക്ഷേ, അച്ഛനത് കാണിക്കാത്തതായിരിക്കും.
ഒരു ഫോണ്‍ വന്നപ്പോള്‍ അച്ഛനത് അവനിക്കുനേരെ നീട്ടി. ആരാണ് തന്നെ വിളിക്കുന്നതെന്ന് അവള്‍ അമ്പരന്നു.
എടീ അവനീ ഇത് ഞാനാണ് അബുസലീം.
അബു… എന്താടാ അബു.
എന്റെ ഒരു ഫോട്ടോ എങ്ങനെയാണ് പത്രത്തില്‍ വരുത്തുകയെന്ന് ഒന്നു പറഞ്ഞുതാടി.
അവള്‍ക്ക് ചിരിവന്നു. അവന്റെയൊരു കാര്യം..
പിറ്റേന്ന് അച്ഛന്റെ ബുള്ളറ്റിലാണ് അവനിയും അനന്തുവും സ്‌കൂളിലേക്ക് പോയത്. പിള്ളേരെ ഇന്ന് സ്‌കൂള്‍ ബസ്സില്‍ വിടണ്ട നിങ്ങള്‍ കൊണ്ടാക്കിയാല്‍ മതിയെന്ന് ഉറങ്ങിയെഴുന്നേറ്റതു മുതല്‍ അമ്മ അച്ഛനോട് പറഞ്ഞുകൊണ്ടേയിരിക്കുന്നത് അവനിയും അനന്തുവും കേട്ടു. അനന്തുവിന് സന്തോഷമായി. അവന്‍ ഓടിച്ചെന്ന് അച്ഛന്റെ കൈയില്‍ പിടിച്ചു.
അച്ഛാ.. പ്ലീസ്…
ശരിയെന്ന അര്‍ത്ഥത്തില്‍ അച്ഛന്‍ തലയാട്ടി.
അങ്ങനെയാണ് അച്ഛന്റെ വണ്ടിയില്‍ അവര്‍ സ്‌കൂളിലെത്തിയത്. സുധാകരന്‍മാഷ് ഓടിവന്നു. മാഷ് അവനിക്കൊരു ഷെയ്ക്ക്ഹാന്റ് കൊടുത്തു. അനന്തു നീട്ടിയ കൈ മാഷ് കണ്ടില്ല. മാഷ് അച്ഛനോട് പറഞ്ഞു. ഹെഡ് ടീച്ചറെ ഒന്നു കണ്ടിട്ടുപോയാല്‍ മതി.
സുധാകരന്‍ മാഷുടെ കൂടെയാണ് എല്ലാവരും ഹെഡ്ടീച്ചറുടെ മുറിയിലെത്തിയത്. ടീച്ചര്‍ അച്ഛനോട് ഇരിക്കാന്‍ പറഞ്ഞു. അവനിയും അനന്തുവും അച്ഛന്റെ പിറകില്‍ നിന്നു. ടീച്ചര്‍ പറഞ്ഞു; ഇന്ന് ഒരു പ്രത്യേക അസംബ്ലി കൂടുന്നുണ്ട്. അതില്‍ സാറും ഉണ്ടാവണം.
ഞാനോ… ഞാനെന്തിന്. അച്ഛന്‍ ചിരിച്ചുകൊണ്ടാണ് ചോദിച്ചത്.
ചില പ്രത്യേക കാര്യങ്ങള്‍.. സാറ് തീര്‍ച്ചയായും ഉണ്ടാവണം.
അസംബ്ലി തുടങ്ങി… നിരനിരയായി നിശബ്ദരായി കുട്ടികള്‍ കാതോര്‍ത്തു. അധ്യാപകര്‍, ചില രക്ഷിതാക്കള്‍, പി.ടി.എ പ്രസിഡന്റ്, മദര്‍ പിടിഎ, സ്ഥലത്തെ ചില പൗരപ്രമുഖര്‍ അവരെല്ലാം സ്‌കൂള്‍ വരാന്തയില്‍ നിരന്നുനിന്നു. ഹെഡ് ടീച്ചറുടെ പ്രസംഗത്തിനുശേഷം സുധാകരന്‍ മാഷാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.
കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന നമ്മുടെ വിദ്യാര്‍ത്ഥിനിയായ അവനി എസ് എടുത്ത ഒരു ഫോട്ടോയും അതുണ്ടാക്കിയ കോലാഹലങ്ങളും നിങ്ങളറിഞ്ഞിട്ടുണ്ടാവുമല്ലോ… മാഷ് ലളിതമായാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.
വരുംകാലം ദുരിതങ്ങളുടെ കാലമായിരിക്കും. കൊടുംവരള്‍ച്ചയും, വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും പ്രകൃതിദുരന്തങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. കുടിവെള്ളത്തിനും ശ്വസിക്കുന്ന വായുവിനുപോലും നമ്മള്‍ ബുദ്ധിമുട്ടും. പച്ചപുതച്ചു നില്‍ക്കുന്ന നമ്മുടെ ഗ്രാമങ്ങള്‍ ചിലപ്പോള്‍ മരുഭൂമികളായി മാറും. അതിനാല്‍ നമുക്ക് നമ്മുടെ ഭൂമിയെ നഷ്ടപ്പെടാതെ കാക്കണം. നമുക്കാദ്യം നമ്മുടെ നാട്ടിലെ കുന്നും പുഴയും വയലും സംരക്ഷിക്കണം. അതിന്റെ തുടക്കമായി, നമ്മുടെ സ്‌കൂളിന്റെ നേതൃത്വത്തില്‍, നമുക്ക് ചുറ്റുമുള്ള പ്രദേശത്തെ മുഴുവന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും രക്ഷിതാക്കളേയും ഒക്കെ ചേര്‍ത്ത് നമ്മുടെ നാടിന്റെ ഐശ്വര്യമായ ഭൂതത്താന്‍ കുന്നിന് ചുറ്റും ഒരു മനുഷ്യചങ്ങല തീര്‍ക്കണം.
കുട്ടികള്‍ കയ്യടിച്ചു.
അസംബ്ലി പിരിച്ചുവിട്ട് ക്ലാസ്സിലേക്ക് നടക്കുമ്പോള്‍ അബുസലിം അവനിയോടു പറഞ്ഞു.
ചങ്ങല പിടിക്കാന്‍ ഞാനുണ്ടാവില്ല.
അതെന്തേ… അവനി അവനെ തുറിച്ചുനോക്കി.
എനിക്ക് ചങ്ങലയുടെ ഫോട്ടോ എടുക്കണം. അപ്പോള്‍ ചങ്ങല പിടിക്കാന്‍ കഴിയില്ലല്ലോ…
ഓ.. അങ്ങനെ… നീ പോടാ മണുക്കൂസേ.. അവള്‍ അവന്റെ തോളില്‍ ഒരടിവെച്ചുകൊടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Children news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ