ഒരു അഥിതി

സ്‌കൂളില്‍ പുതിയ പരിസ്ഥിതി ക്ലാസ്സ് രൂപീകരിക്കുന്നതറിഞ്ഞപ്പോള്‍ അതില്‍ തന്നെയും കൂട്ടണമെന്ന് അബുസലീം ശാഠ്യം പിടിച്ചു. എങ്കിലല്ലേ അവന് മൊബൈല്‍ ഫോണും കൊണ്ട് സ്‌കൂളിലും പരിസരത്തും കറങ്ങി നടക്കാന്‍ പറ്റൂ.
തന്നെ കൂട്ടിയില്ലെങ്കില്‍ നാളെ മുതല്‍ സ്‌കൂളില്‍ വരില്ലെന്ന് അവന്‍ ഭീഷണിപ്പെടുത്തി. ക്ലബ്ബില്‍ കൂട്ടണമെങ്കില്‍ മൂന്നു കണ്ടീഷനുകളുണ്ട്… സുധാകരന്‍ മാഷ് പറഞ്ഞു.
ഒന്ന് സെക്രട്ടറിയും പ്രസിഡണ്ടും പറയുന്നത് അനുസരിക്കണം.
രണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ വെറും കളിയായി കാണരുത്.
മൂന്ന് മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള വേലകള്‍ സ്‌കൂളില്‍ വേണ്ട.
മൂന്നാമത്തെ കാര്യം അംഗീകരിക്കാനാണ് അവനിത്തിരി ബുദ്ധിമുട്ട് തോന്നിയത് എങ്കിലും അനുസരിച്ചു.
പതിനാലംഗങ്ങളുള്ള ക്ലബ്ബാണ്. സുധാകരന്‍ മാഷ് രക്ഷാധികാരി. നവനീത് പ്രസിഡന്റ്. അബുസലീം വൈസ് പ്രസിഡന്റ്. പ്രസിഡന്റിനേക്കാള്‍ വലുതാണ് വൈസ് പ്രസിഡന്റ് എന്നാണ് അബുസലീമിന്റെ വിചാരം. ഷര്‍ട്ടിന്റെ കോളറുയര്‍ത്തി അവന്‍ എല്ലാവരെയും ഗമയോടെ നോക്കി. സ്‌കൂള്‍വിട്ട് മറ്റെവിടെയും നില്ക്കാതെ ഓടി വീട്ടിലെത്തിയ അവന്‍ ഉമ്മയെ വട്ടം പിടിച്ചു.
ഉമ്മാ ഉമ്മാ ഞാന്‍ വൈസ്പ്രസിഡന്റായി…
അതെന്ത് സാധനം ചെക്കാ… എന്ന് അവന്റെ ഉമ്മ.
അത് എന്താണെന്ന് പറഞ്ഞു കൊടുക്കാന്‍ അവനും അറിയില്ലായിരുന്നു.
ങ്ങ്ആ.. അത് പോട്ടെ. അവന്‍ തല ചൊറിഞ്ഞു. വെശക്ക്ന്ന് തിന്നാനെന്തെങ്കിലും കൊണ്ടാ ഉമ്മാന്ന് അവന്‍…
അതിനാദ്യം നീ കൈയ്യും കാലും മുഖവും കഴുകീറ്റ് വാ… എന്ന് ഉമ്മ.
അവന്‍ കിണറ്റിന്റെ കരയിലേക്ക് പാഞ്ഞപ്പോള്‍ ഉമ്മ ചായയുണ്ടാക്കാനായി അടുക്കളയിലേക്ക് കേറി.
അവനി വീട്ടിലെത്തുമ്പോള്‍ മുറ്റത്തൊരു കാറ് കിടക്കുന്നു. പുതുപുത്തന്‍ കാറാണ്. അകത്തേക്കു കയറിയപ്പോഴാണ് ഭദ്രന്‍ സാറിനെ കണ്ടത്. അവള്‍ക്കതിശയമായി.
അവളോടി ഭദ്രന്‍ സാറിന്റെ അടുത്തു ചെന്നു.
സാറ് ആശുപത്രിയില്‍ നിന്നും പോന്നോ. അവള്‍ ചോദിച്ചു.
എന്താ ഞാനെപ്പോഴും ആശുപത്രിയില്‍ തന്നെ കിടക്കണമെന്നാണോ.
അങ്ങനെയല്ല സാര്‍…
രണ്ടു മൂന്നു ദിവസമായി വന്നിട്ട്. ഓഫീസിലും പോകാന്‍ തുടങ്ങി. നീയേതായാലും ചെന്ന് യൂണിഫോമൊക്കെ മാറി കാപ്പി കുടിക്ക്. നമ്മളിത്തിരി സംസാരിക്കട്ടെ.
അച്ഛന്‍ പറഞ്ഞതു കേട്ട് അവള്‍ മുറിയില്‍ കയറി വാതിലടച്ചു. കുളികഴിഞ്ഞ് ചായ കുടിച്ച് പുറത്തിറങ്ങിയപ്പോള്‍ ഭദ്രന്‍ സാര്‍ പോകാനായി പുറത്തിറങ്ങി കഴിഞ്ഞിരുന്നു.
അവനിയുടെ ചിത്രങ്ങളൊക്കെ അച്ഛന്‍ കാണിച്ചു തന്നു കേട്ടോ. നന്നായിട്ടുണ്ട്. ഭൂതത്താന്‍ കുന്നില്‍ കാണേണ്ട ഒട്ടേറെ കാഴ്ചകള്‍ ഇനിയുമുണ്ട്. അതിന് ആ കുന്ന് അവിടെ തന്നെയുണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം…
ഞങ്ങള്‍ പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു സാര്‍.. ഞാന്‍ സെക്രട്ടറിയാണ്… അവനി പറഞ്ഞു.
അതെയോ… വളരെ നല്ലത്.
ഭൂതത്താന്‍ കുന്നിനെ രക്ഷിക്കാന്‍ ഞങ്ങള്‍ ഒരു പരിപാടി പ്ലാന്‍ ചെയ്യുന്നുണ്ട്.
അതും നല്ലത്… ഭദ്രന്‍ സാര്‍ തല കുലുക്കി. എന്നാല്‍ ശരി… എല്ലാവരോടും യാത്ര പറഞ്ഞ് ഭദ്രന്‍ സാര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി. കാറ് മുറ്റം കടന്നപ്പോള്‍ അമ്മ പറഞ്ഞു നല്ല കാറ്. നമുക്കും ഇതുപോലൊരെണ്ണം വാങ്ങിക്കണം.
അച്ഛന്‍ അമ്മയെ രൂക്ഷമായി ഒന്നു നോക്കി.
നല്ല കാറ് എനിക്കിഷ്ടപ്പെട്ടു. അനന്തു അമ്മയെ പിന്‍താങ്ങി.

ജെസിബി

രണ്ടാം ശനിയാഴ്ചയാണ്. അവധിയാണ്. അച്ഛന്‍ പുതുതായി വാങ്ങി കൊടുത്ത സൈക്കിളില്‍ നിന്നും ഇറങ്ങിയിട്ടില്ല അനന്തു. വീടിനെ വലംവയ്ക്കലാണ് അവന്റെ പ്രധാന പരിപാടി. ഇടയ്ക്കിടെ റോഡുവരെ പോവും. വാഹനങ്ങളെന്തെങ്കിലും കണ്ടാല്‍ ഉടന്‍ തിരിച്ചു ചവിട്ടും.
അവനി ക്യാമറയും കഴുത്തിലിട്ട് പുറത്തിറങ്ങിയതാണ്. പെട്ടെന്ന് അമ്മ വന്ന് മുമ്പില്‍ വിലങ്ങനെ നിന്നു. എന്താണ് രാവിലെ തന്നെ പരിപാടി. അവള്‍ വെറുതെ ചുമലിളക്കി. പഠിക്കാനൊന്നും കാണില്ലായിരിക്കും. രാവിലെ തന്നെ ക്യാമറയും തൂക്കി നടന്നോ.
അതിനും അവളൊന്നും പറഞ്ഞില്ല. അല്ലേലും നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന മട്ടില്‍ തൂങ്ങിക്കിടക്കുന്ന സാരിത്തുമ്പ് എളിയില്‍ തിരുകി അമ്മ അടുക്കളയിലേക്ക് ഒറ്റ നടത്തം.
അനന്തു സൈക്കിളില്‍ തന്നെയാണ്.
എടാ അനന്തു നീ വരുന്നോ…
എവിടെക്കാ….
അതു പറയാം വരുന്നോ… നമുക്ക് സൈക്കിളെടുക്കാം.
എന്നാ റെഡി. അമ്മ വഴക്കു പറയ്വോ.
വേഗം വരാം. നീ സൈക്കിളിന്ന് ഇറങ്ങ് ഞാന്‍ ചവിട്ടാം അവനി പറഞ്ഞു.
ക്യാമറയൂരി അവനി അനന്തുവിന്റെ കഴുത്തിലിട്ടു കൊടുത്തു.
എവിടെയും തട്ടാതെ നോക്കണം.k t baburaj, novel
അനന്തുവിനു സന്തോഷമായി. പിന്‍സീറ്റില്‍ ക്യാമറയും പിടിച്ച് അനന്തു ഇരുന്നു. അവനി വേഗത്തില്‍ സൈക്കിള്‍ ചവിട്ടി. സൈക്കിള്‍ പ്രധാന റോഡിലേക്ക് കയറി. കുറച്ചു പോയപ്പോള്‍ അതൊരു ഇടറോഡിലേക്കു തിരിഞ്ഞു.
ചേച്ചി എങ്ങോട്ടാ പോകുന്നത്… അവന്‍ ചോദിച്ചു.
ഭൂതത്താന്‍ കുന്നിലേക്ക്.
അതു കേട്ടപ്പോള്‍ അനന്തുവിന്റെ കണ്ണില്‍ ഒരു പേടി നിറഞ്ഞു. ഒപ്പം ഒരു കൗതുകം വിരിയുകയും ചെയ്തു.
സത്യം…
അതേ…
വാഹനങ്ങളൊന്നുമില്ലാത്ത വഴിയാണ്. അവള്‍ വേഗത്തില്‍ സൈക്കിള്‍ ചവിട്ടി. അനന്തു രണ്ടു കൈകൊണ്ടും അവളെ മുറുകെപിടിച്ചിരുന്നു. പെട്ടെന്ന് മറ്റൊരു റോഡ് അവരുടെ റോഡിനോടു മുട്ടി. താല്ക്കാലികമായുണ്ടാക്കിയ റോഡാണ്. ചുവന്ന മണ്ണില്‍ വലിയ ചക്രങ്ങളുടെ പാടുകള്‍ പതിഞ്ഞു കിടക്കുന്നു.
ഭൂതത്താന്‍ കുന്നിനടുത്തെത്തിയെന്നു തോന്നുന്നു. അവനി പറഞ്ഞു.
ഇവിടെ മനുഷ്യരാരെയും കാണുന്നില്ലല്ലോ ചേച്ചീ.
ചില മുരള്‍ച്ചകള്‍ കേട്ടു തുടങ്ങി. ബുള്‍ഡോസറും ടിപ്പര്‍ ലോറികളുമൊക്കെ ചേര്‍ന്നുണ്ടാക്കുന്ന ചില ശബ്ദങ്ങള്‍.
പെട്ടെന്ന് അനന്തു വിളിച്ചു പറഞ്ഞു.
ചേച്ചീ അതാ ഭദ്രന്‍ സാറിന്റെ കാറ്.
അവനി പെട്ടെന്ന് സൈക്കിള്‍ നിര്‍ത്തി. ശരിയാണല്ലോ ഭദ്രന്‍ സാറിന്റെ കാറ്. അവള്‍ക്ക് എന്തൊക്കെയോ സംശയങ്ങള്‍ തോന്നി. സൈക്കിള്‍ ആരും കാണാത്ത ഒരിടത്തേക്ക് മാറ്റി നിര്‍ത്തി. അവള്‍ അനന്തുവിനോടു പറഞ്ഞു.
നീയീ സൈക്കിളും കൊണ്ട് ഇവിടെ നില്‍ക്ക്. ഞാന്‍ ഇപ്പോള്‍ വരാം.
അവള്‍ അവന്റെ കഴുത്തില്‍ നിന്നും ക്യാമറ ഊരി വാങ്ങി സ്വന്തം കഴുത്തിലിട്ടു.
എനിക്ക് പേടിയാവില്ലേ…
എന്തിനാ പേടിക്കുന്നേ ഞാനിപ്പം വരാം.
അവള്‍ കുറ്റിക്കാടിന്റെ മറവിലൂടെ വേഗത്തില്‍ മുന്നോട്ടു നടന്നു. നടത്തം ഒരു തുറസ്സായ സ്ഥലത്തെത്തി. മൂന്ന് ജെസിബികള്‍ ഏതാനും ടിപ്പറുകള്‍… രണ്ട് ജെസിബി മണ്ണിടിക്കുകയും ടിപ്പര്‍ ലോറികളില്‍ മണ്ണ് നിറയ്ക്കുകയും ചെയ്യുന്നു. റോഡിലേക്ക് കയറുന്നിടത്ത് വെച്ചിരിക്കുന്ന ജെസിബി വെറുതെ മുരണ്ടുകൊണ്ടിരുന്നു. അതിന്റെ കൈകള്‍ വെറുതെ ഉയര്‍ന്നും താണുംകൊണ്ടിരുന്നു. മദമിളകിയ ഒറ്റയാന്‍ തുമ്പികൈയുയര്‍ത്തി ചിന്നം വിളിക്കുന്നതു പോലെ അവനിക്കു തോന്നി. അവനി ഒന്നു കൂടെ സൂക്ഷിച്ചു നോക്കി. ഒരു മനുഷ്യന്‍ ജെസിബിയെ മുന്നോട്ട് നീങ്ങാന്‍ അനുവദിക്കാതെ വെറും മണ്ണില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.
അവള്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അയ്യോ… അത് ഭദ്രന്‍ സാറല്ലേ…
അവള്‍ക്ക് ഒരുള്‍ക്കിടിലമുണ്ടായി.
ഭദ്രന്‍ സാറെ കോരിയെടുക്കാന്‍ ജെസിബി കൈകള്‍ താണുവരുന്നു.
അവള്‍ ക്യാമറ ക്ലിക്ക് ചെയ്തു. ഒന്നല്ല പല തവണ
പോരാ കുറച്ചു കൂടി അടുത്തു നിന്നു വേണം.
അവള്‍ പെട്ടെന്ന് മുന്നോട്ട് കുതിച്ചു. മണ്ണില്‍ അമര്‍ന്നിരുന്ന് ക്യാമറ നേരെ പിടിച്ചു.
മുന്നോട്ട് മടക്കിയ കൈകളില്‍ തലവെച്ച് കാല്‍മുട്ടില്‍ മറ്റേ കാലെടുത്തുവെച്ച് യാതൊരു കൂസലുമില്ലാതെ കിടക്കുകയാണ് ഭദ്രന്‍ സാര്‍.
അവള്‍ വേഗത്തില്‍ ചിത്രങ്ങളെടുത്തുകൊണ്ടിരുന്നു.
ആരോ വിളിച്ചു പറയുന്നതു കേട്ടു.
അതാ അവിടെ ഒരു പെണ്ണ് ഫോട്ടോയെടുക്കുന്നു…
മറ്റാരോ അലറുന്നതു കേട്ടു വിടരുത് അവളെ…
അവനി ച്ടിയെഴുന്നേറ്റ് ഒരോട്ടം വെച്ചുകൊടുത്തു.
പേടിച്ചു വിറച്ചു നില്‍ക്കുകയാണ് അനന്തു. അവന്റെ കയ്യില്‍ ക്യാമറ പിടിപ്പിച്ച് അവള്‍ പറഞ്ഞു വേഗം കയറ് വേഗം വേഗം….
സൈക്കിള്‍ റോഡില്‍ നിന്നും ഇടവഴിയിലേക്ക്… അവിടെ നിന്നും വീണ്ടും ഇടവഴിയിലേക്ക്…
ആള്‍ സഞ്ചാരം കുറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ അവരുടെ സൈക്കിള്‍ അങ്ങോട്ടെന്നറിയാതെ പോയിക്കൊണ്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Children news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ