മല കയറുമ്പോള്‍

കുട്ടികള്‍ ഭൂതത്താന്‍ കുന്ന് കയറി. കുന്നിന്റെ ഉച്ചിയിലേക്ക് വളഞ്ഞും പുളഞ്ഞും പോകുന്ന ഒറ്റയടി പാതയാണ്. എല്ലാവരും കയ്യില്‍ ഒരു നോട്ടു പുസ്തകവും പേനയും കരുതിയിരുന്നു. ചുമലില്‍ തൂക്കിയിട്ട ബാഗുകളില്‍ ഉച്ച ഭക്ഷണവും കുടിക്കാനുള്ള വെള്ളവും ഇടയ്ക്ക് കഴിക്കാനുള്ള ചിലതും ഉണ്ടായിരുന്നു. പ്രത്യേകമായി കാണുന്നതെല്ലാം നോട്ട് ചെയ്യണം എന്നു മാഷ് പറഞ്ഞിട്ടുണ്ട്. അവനിയുടെ കഴുത്തില്‍ തൂക്കിയിട്ട ക്യാമറയിലാണ് എല്ലാവരുടേയും കണ്ണ്. ഇടയ്ക്ക് നേരം കിട്ടിയപ്പോള്‍ നവനീത് അവനിയോട് കെഞ്ചി.
അവനി എനിക്കും ഒന്ന് ഫോട്ടോയെടുക്കാന്‍ തരണേ…
നോക്കാം… അവള്‍ തലയാട്ടി.
ഭൂതത്താന്‍ കുന്നിലേക്ക് ജെസിബിയും ടിപ്പര്‍ ലോറികളും കയറിപ്പോയ റോഡ് എവിടെയെന്ന് തിരയുകയായിരുന്നു അവനി. അതൊരുപക്ഷെ കുന്നിന്റെ മറുവശത്താവും.
കുന്ന് കയറിയ കുട്ടികള്‍ ക്ഷീണിച്ചിരുന്നു. അവര്‍ ഒരു പാറക്കെട്ടിലിരുന്നു. പുഷ്പവല്ലി ടീച്ചര്‍ തന്റെ ബാഗില്‍ നിന്നും ഫ്‌ളാസ്‌ക്കെടുത്ത് തുറന്ന് ചൂടു വെള്ളം ഊതിയൂതിക്കുടിച്ചു. കുട്ടികളില്‍ ചിലര്‍ ബിസ്‌ക്കറ്റിന്റെ പൊതിയഴിച്ചു. സാന്ദ്ര തന്റെ പാവാടയുടെ കീശയില്‍ നിന്നും നെല്ലിക്കയെടുത്തു കടിച്ചു. ഒന്ന് അവനിക്കു നേരെ നീട്ടി. അബുസലീം തന്റെ ബാഗില്‍ ഉമ്മ പ്രത്യേകം വെച്ചു കൊടുത്ത വലിയൊരു നേന്ത്രപ്പഴമെടുത്ത് തോലുപൊളിക്കാന്‍ തുടങ്ങി.
നീയത് മുഴുവനും തിന്നുമോടാ… നന്ദന്‍ മാഷ് അവനെ നോക്കി കളിയാക്കി.
വേണമെങ്കില്‍ ഞാന്‍ മാഷിനേം തിന്നുമെന്ന് അവന്‍…
സുധാകരന്‍ മാഷ് ഒന്നു തൊണ്ടയനക്കി.
ഒരു പ്രത്യേക ശ്രദ്ധയ്ക്ക്. നമ്മള്‍ കൊണ്ടു വന്ന പ്ലാസ്റ്റിക്ക്, കടലാസുകള്‍, പഴത്തൊലി, ഭക്ഷണാവശിഷ്ടങ്ങള്‍ അങ്ങനെയൊന്നും ഇവിടെ ഉപേക്ഷിക്കരുത്. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ അത് ചുരട്ടി നിങ്ങളുടെ ബാഗിന്റെ ഒരു മൂലയില്‍ വെയ്ക്കുക.
എന്നിട്ടും അബുസലീം താന്‍ തിന്ന പഴത്തിന്റെ തൊലി ആരും കാണാതെ കാട്ടിലേക്കെറിഞ്ഞു.kt baburaj, novel
നന്ദന അതു കണ്ടു.
മാഷെ ഇവന്‍…
എവിടെടാ നീ തിന്ന പഴത്തിന്റെ തൊലി… നന്ദന്‍ മാഷ് ചോദിച്ചു.
അത് മാഷ്‌ക്ക് വേണായിരുന്നോ…
അത് കേട്ട് കുട്ടികളെല്ലാം പൊട്ടിച്ചിരിച്ചു.
എനിക്കു വേണ്ട. നീയത് എന്തു ചെയ്‌തെന്ന് പറ.
വെശപ്പ് കെട്ടില്ല മാഷേ. ഞാനതും തിന്നു.
കുട്ടികള്‍ വീണ്ടും ചിരിച്ചു.
എല്ലാവരുടെയും ശ്രദ്ധയ്ക്ക്… നടക്കുമ്പോള്‍ അബുസലീമില്‍ നിന്നും എല്ലാവരും നിശ്ചിത അകലം പാലിക്കേണ്ടതാണ്. അവന്റെ വിശപ്പിനിയും കെട്ടിട്ടില്ല.
കൂട്ടച്ചിരിയോടെ കുട്ടികള്‍ വീണ്ടും കുന്ന് കയറാന്‍ തുടങ്ങി. നടത്തത്തിനിടയില്‍ നന്ദന്‍ മാഷ് അബുസലീമിന്റെ തോളില്‍ കൈയിട്ടു.
വയ്യെടാ സലീമേ… നിന്നെപ്പോലെയൊന്നും ഈ കുന്ന് കയറാന്‍. എനിക്കൊക്കെ വയസ്സായില്ലേ.
മാഷ്‌ക്കോ… ആരു പറഞ്ഞു. മാഷിപ്പോഴും പൃഥ്വിരാജിനെപ്പോലെയല്ലേ. ചുള്ളന്‍.
മാഷ് അവന്റെ തോളില്‍ നിന്നും കയ്യെടുത്തു. എന്നിട്ട് അവനെ നോക്കി.
വിട്ടോ വിട്ടോ…..
അവനിക്ക് അച്ഛന്‍ പറഞ്ഞ കഥയിലെ ആ പാട്ട് ഓര്‍മ്മ വന്നു. അവളതൊന്ന് മൂളാന്‍ ശ്രമിച്ചു.
പൂങ്കുറിഞ്ഞി, കരിങ്കുറിഞ്ഞി
നീലക്കുറിഞ്ഞി വിരുന്നു വന്നു.
മാമല മേലെ ഉത്സവം കൂടാന്‍.
കാലത്തെ നേരത്തെ വിരുന്നു വന്നു.
ഊം പാട്. സുധാകരന്‍ മാഷ് പ്രോത്സാഹിപ്പിച്ചു.
അവള്‍ പാടി.
പൂങ്കുറിഞ്ഞി കരിങ്കുറിഞ്ഞി…
എല്ലാവരും അതേറ്റു പാടി. പുതിയ ചില വരികള്‍ ലതിക ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ഭൂതത്താന്‍ കുന്നിലൊരു
ഭൂതമൊളിച്ചിരിപ്പുണ്ടേ.
സര്‍വ്വതിനും നാഥനായി
ഭൂതമൊളിച്ചിരിപ്പുണ്ടേ.
പൂക്കള്‍ക്കും പുഴുക്കള്‍ക്കും
കിളികള്‍ക്കും കൂടൊരുക്കി
പാവമൊരു ഭൂതത്താന്‍
സര്‍വ്വതിനും കാവലായി
ഒളിച്ചിരിപ്പുണ്ടേ…

എന്റെമ്മോ…
പെട്ടെന്ന് അബുസലീം. ഒരു പാറക്കെട്ടില്‍ നിന്നും താഴേക്കു തുള്ളി.
എന്താ… എന്താ… എല്ലാവരും ഒരുമിച്ചു ചോദിച്ചു.
കണ്ണു തുറിച്ച് നാവു പുറത്തേക്കു തള്ളി അവന്‍ പറഞ്ഞു.
പൂതം.
പൂതമോ… എവിടെ എല്ലാവരുടെയും കണ്ണുകളില്‍ പെട്ടെന്ന് പടര്‍ന്ന പേടി കണ്ട് അവന്‍ ആര്‍ത്തു ചിരിച്ചു.
പറ്റിച്ചേ… പറ്റിച്ചേ…

ഒച്ചയില്ലാത്ത കരച്ചിലുകള്‍

എല്ലാവരും ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്. മുന്നോട്ടു ചെന്ന് എത്തി നോക്കുന്നതില്‍ നിന്നും ടീച്ചര്‍മാര്‍ കുട്ടികളെ വിലക്കി. മൂര്‍ച്ചയുള്ള ഒരു കത്തി കൊണ്ട് അലുവ മുറിച്ചതു പോലെ ഭൂതത്താന്‍ കുന്നിന്റെ ഒരു കഷ്ണം ആരോ മുറിച്ചു കൊണ്ടുപോയിരുന്നു.
മുന്നോട്ടു പോയി ആരും വീഴല്ലേ. വീണാല്‍ പൊടിപോലുമുണ്ടാവില്ല. മാഷ് വിളിച്ചു പറഞ്ഞു.
കുട്ടികള്‍ ഭയന്നു പിന്മാറി. ഭദ്രന്‍ സാറിന്റെ പ്രസംഗം അവനി ഓര്‍ത്തു. കണ്ണു തുറന്നു നോക്കുമ്പോഴെക്കും നിങ്ങളുടെ പ്രിയപ്പെട്ട കുന്നുകളും പുഴകളുമൊക്കെ ആരൊക്കെയോ കട്ടുകൊണ്ടു പോയിട്ടുണ്ടാവും…
സുധാകരന്‍ മാഷുടെയും നന്ദന്‍ മാഷുടെയും മുഖം ഗൗരവത്തിലായി.
ഞാനിതിന്റെ കുറച്ച് ഫോട്ടോസ് എടുക്കട്ടെ സാര്‍. അവനി ചോദിച്ചു.
കുറച്ചധികം എടുത്തോളൂ. നമുക്ക് ആവശ്യം വരും.
അവനി ഫോട്ടോയെടുക്കാന്‍ തുടങ്ങി.
അപ്പോഴാണ് അബുസലീം തന്റെ ബാഗില്‍ ഒളിപ്പിച്ചുവെച്ച മൊബൈല്‍ ഫോണ്‍ പുറത്തെടുത്തത്. ഞാനും ഫോട്ടോയെടുക്കും… അവന്‍ പറഞ്ഞു.
ഇപ്പോഴെവിടുന്നാ നിനക്ക് ഫോണ്‍ കിട്ടിയത്… ലതിക ടീച്ചര്‍ അവനോട് ചോദിച്ചു.
ഉപ്പാന്റതാ… ഉപ്പാക്ക് രണ്ട് ഫോണുണ്ട്.
മൊബൈല്‍ഫോണ്‍ സ്‌കൂളിലേക്ക് കൊണ്ടു വരാന്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലേ.
അതിനിത് സ്‌കൂളല്ലല്ലോ മാഷേ… മലയല്ലേ… മല… ഭൂതത്താന്‍ മല.
അവന്‍ നിഷ്‌കളങ്കമായി ചിരിച്ചു. തോറ്റു സുല്ലിട്ടതുപോലെ മാഷവനെ കൈകൂപ്പി നമിച്ചു.
തുരന്നെടുത്ത കുന്നിന്റെ പശ്ചാത്തലത്തില്‍ ആദ്യമവനൊരു സെല്‍ഫിയെടുത്തു. കുറച്ചു ചങ്ങാതിമാര്‍ അവന്റെ അടുത്തേക്ക് ഓടി ചെന്നു.
ഞങ്ങളുടേതും കൂടി എടുക്കെടാ…kt baburaj, novel
അവന്‍ എല്ലാവരുടെയും ഫോട്ടോയെടുത്തു. എന്നിട്ട് ലതിക ടീച്ചറെ നോക്കി ചോദിച്ചു.
ടീച്ചറുടെ സെല്‍ഫിയെടുക്കണോ…? ടീച്ചര്‍ അവനെ നോക്കി ചിരിച്ചു.
നീയൊന്ന് എടുക്ക്… നോക്കട്ടെ…
അവന്‍ ടീച്ചറുടെ ഫോട്ടോയും എടുത്തു.
ഞാനെന്റെ ഫോട്ടോ ഉമ്മയ്ക്ക് അയച്ചുകൊടുക്കട്ടെ. ഒരു കൂളിംഗ്ലാസും കൂടി വേണമായിരുന്നു. നോക്ക് ടീച്ചറെ ഇവിടെ ഭയങ്കര റെയ്ഞ്ചാ…
അവനി ക്യാമറയും തൂക്കി കുറ്റിച്ചെടികളും മരങ്ങളും പിടിച്ച് പതുക്കെ പതുക്കെ താഴോട്ടിറങ്ങി. സുധാകരന്‍ മാഷും ഒപ്പമുണ്ടായിരുന്നു.
ഇവിടെ താഴെ നിന്ന് മുകളിലേക്കൊരു പടമെടുക്ക്. അവര്‍ ഇടിച്ചു കൊണ്ടു പോയ കുന്നിന്റെ ഭീകരത കാണും വിധം.
അവനി ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു.
മുറിച്ചു മാറ്റപ്പെട്ട കുന്നിന്റെ ചുവപ്പിലേക്ക് നോക്കി അബുസലീം പറഞ്ഞു.
കോയാക്ക വലിയ അയക്കൂറ മുറിച്ചതു പോലുണ്ട്…
മുകളില്‍ നിന്നും കുട്ടികളും ടീച്ചര്‍മാരും അവനിയെ കൈവീശിക്കാണിച്ചു. അവള്‍ ക്യാമറയിലൂടെ അവരെ നോക്കി. മുറിച്ചു മാറ്റപ്പെട്ട ഭൂമിയുടെ ശിരസ്സില്‍ കയ്യുയര്‍ത്തി നിന്ന് ഒരുപാട് പേര്‍ വിലപിക്കുന്നതു പോലെ അവള്‍ക്കു തോന്നി. ആ ചിത്രം അവളുടെ മനസ്സില്‍ പതിഞ്ഞു. ക്യാമറയിലും.
ഭൂതത്താന്‍ കുന്നില്‍ കണ്ട കാഴ്ചകളൊക്കെ കുട്ടികള്‍ നോട്ട് ബുക്കില്‍ കുറിച്ചു വെച്ചു. ഇതുവരെ കാണാത്ത ചെടികള്‍, പൂക്കള്‍, കൊച്ചു കൊച്ചു ജീവികള്‍, ചിത്രശലഭങ്ങള്‍… ഇവയ്ക്കിടയിലൊക്കെ അവനിയുടെ കണ്ണ് അപ്പോഴും മറ്റെന്തോ പരതിനടക്കുകയായിരുന്നു. ഒടുക്കം അവളത് കണ്ടുപിടിക്കുക തന്നെ ചെയ്തു. പാറക്കെട്ടിനടുത്തെ നീര്‍ച്ചോല കടന്നെത്തുന്ന ഗുഹാമുഖത്തിനടുത്ത്.
ഒരു ചെടി…
നീലക്കുറിഞ്ഞി.
പൂക്കളൊക്കെ കൊഴിഞ്ഞു തുടങ്ങിയ ചെടിയില്‍ ഒരു പൂ മാത്രം ബാക്കിയായി നില്‍ക്കുന്നു. അവള്‍ക്കു വേണ്ടി മാത്രം കാത്തിരുന്നതുപോലെ. പെട്ടെന്ന് അതിനു മുകളില്‍ ഒരു പൂമ്പാറ്റ വന്നിരുന്നു.
അതും അവള്‍ക്കു വേണ്ടി മാത്രമായിരുന്നെന്ന് അവനി കരുതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook