Latest News

ഭൂതത്താന്‍കുന്നില്‍ പൂ പറിക്കാന്‍ പോയ കുട്ടികള്‍-നോവല്‍ ഭാഗം 6

ഭൂതത്താന്‍ കുന്ന് നശിക്കാന്‍ പാടില്ല സാര്‍. അതിലിനിയും നീലക്കുറിഞ്ഞികള്‍ പൂക്കുന്നത് കാണണം. ഒരാശയം പറയൂ… അതിനെ എങ്ങനെ രക്ഷിക്കാം.

kt baburaj,novel

ഒരു ആക്രമണം

ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു അത്.
അച്ഛനാണ് പറഞ്ഞത്. പത്രത്തിലുമുണ്ടായിരുന്നു.
ഭൂമാഫിയക്കാരുടെ ആക്രമണം. വില്ലേജാഫീസര്‍ പരിക്കേറ്റ് ആശുപത്രിയില്‍.
ഭദ്രന്‍ സാറിനെ വില്ലേജാഫീസില്‍ കയറിച്ചെന്ന് ചിലര്‍ മര്‍ദ്ദിച്ചെന്ന്. തലയ്ക്കും കൈയ്ക്കുമൊക്കെ നല്ല പരിക്കുണ്ടെന്ന്.
ഒന്ന് പോയി കാണണം. അച്ഛന്‍ പറഞ്ഞു.
ഞാന്‍ വരട്ടെ അച്ഛാ. അവനി ചോദിച്ചു.
ഞാനും. അനന്തു കൈയ്യുയര്‍ത്തി.
അതുവേണോ. അച്ഛന്‍ ഒരു നിമിഷം ആലോചിച്ചു. ശരി പോന്നോളൂ.
എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ അനന്തു അച്ഛനെ പറ്റിപ്പിടിച്ചിരുന്നു. അവനെ തൊട്ട് അവനി പിന്നിലും.
ആ യാത്ര അവള്‍ക്ക് ഒരുപാടിഷ്ടമാണ്. മക്രേരിയമ്പലത്തില്‍ സംഗീതാര്‍ച്ചന കേള്‍ക്കാന്‍, കുവലയക്കാരുടെ കഥകളി കാണാന്‍. കലാമണ്ഡലം വനജ ടീച്ചറുടെ നൃത്ത നാടകം കാണാന്‍… അച്ഛനോടൊപ്പമുള്ള യാത്രകള്‍…
അമ്മ കൂടെയുണ്ടെങ്കില്‍ അനന്തു അച്ഛന്റെ മുമ്പിലിരിക്കും. പിന്നെ അവനായിരിക്കും വണ്ടി നിയന്ത്രിക്കുക.
ആശുപത്രിയില്‍ ഭദ്രന്‍ സാറിന്റെ കട്ടിലിനു ചുറ്റും ഏതാനും പേരുണ്ടായിരുന്നു. തലയ്ക്കും കൈയ്ക്കുമാണ് പരിക്ക്. ബാന്റേജുണ്ട്. എന്നിട്ടും ഭദ്രന്‍ സാറ് വന്നവരോട് സംസാരിക്കുന്നുണ്ട്. അച്ഛനെ കണ്ടപ്പോള്‍ വളരെ വിഷമിച്ചെങ്കിലും ഭദ്രന്‍സാര്‍ കൈകൂപ്പാനൊരു ശ്രമം നടത്തി. അച്ഛന്‍ പെട്ടെന്ന് അടുത്ത് ചെന്ന് അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ചു. അവനിയെ നോക്കി അദ്ദേഹം ചിരിച്ചു. അനന്തുവിനെ നോക്കി കണ്ണിറുക്കി.
എങ്കില്‍ ഞങ്ങള്‍ പോകട്ടെ സാര്‍ എന്ന് ചോദിച്ചു കൊണ്ട് നേരത്തെ വന്നവര്‍ പോകാനൊരുങ്ങി.
ഞങ്ങള്‍ അടുത്ത ദിവസം വരാം. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ചില പരിപാടികള്‍ ആസൂത്രണം ചെയ്യാനും…
ഇവരെ അറിയില്ലേ… ഭദ്രന്‍ സാര്‍ അച്ഛനെ ചൂണ്ടി ചോദിച്ചു.
അറിയാം റാം മോഹന്‍ സാറല്ലേ.
അച്ഛന്‍ ചിരിച്ചുകൊണ്ട് തലയിളക്കി.kt baburaj, novel
ഇത് അവനി മോള്‍ അല്ലേ… മിടുക്കി. പത്രത്തില്‍ ഫോട്ടോയൊക്കെ കണ്ടുകേട്ടോ. ഒരാള്‍ പറഞ്ഞു. ക്യാമറ മുറുകെ പിടിച്ചോ വിടണ്ട…
ഒരാള്‍ അനന്തുവിനു നേരെ തിരിഞ്ഞു.
ആ ബിസ്‌ക്കറ്റ് നീട്ടിയ കൈ ഇയാളുടെതല്ലേ… നന്നായിട്ടുണ്ട്.
അച്ഛന്‍ ചിരിച്ചു പോയി അവനിയും. അനന്തുവിന്റെ മുഖം കടന്നല്‍ കുത്തേറ്റതു പോലെ വീര്‍ക്കുന്നത് അവള്‍ കണ്ടു. അവന്‍ അവളുടെ കൈത്തണ്ടയില്‍ മറ്റാരും കാണാതെ അമര്‍ത്തി നുള്ളി.
മറ്റുള്ളവരെല്ലാം പോയപ്പോള്‍ ഭദ്രന്‍ സാര്‍ പറഞ്ഞു. പരിക്കൊന്നും അത്ര സാരമുള്ളതല്ല. കുന്നിറങ്ങി വന്ന ചില ഭൂതങ്ങള്‍ എന്റെ ചോര കുടിക്കാന്‍ ഒന്നു ശ്രമിച്ചതാ…
അതാരാണെന്ന് മനസ്സിലായില്ലേ…
ഓ പിന്നേ, കുന്നിടിക്കാന്‍ കോണ്‍ട്രാക്ട് എടുത്ത ചിലര്‍. അവരെ താങ്ങി നിര്‍ത്തുന്ന ചില പഞ്ചായത്ത് മെമ്പര്‍മാരും രാഷ്ട്രീയക്കാരും. മേലുദ്യോഗസ്ഥന്മാരും പോലീസുകാരുമൊക്കെ അവര്‍ക്കൊപ്പമുണ്ട്.
എന്തിനാണ് അവരിങ്ങനെ…
കുന്നിടിക്കുന്നത് തടഞ്ഞു കൊണ്ടുള്ള നോട്ടീസു ഞാന്‍ കൊടുത്തു. അതുതന്നെ…
ഭദ്രന്‍ സാറിന്റെ മുഖം കൂടുതല്‍ ഇരുണ്ടു. അത് പിന്നെയും ഗൗരവത്തിലായി.
ഭൂതത്താന്‍ കുന്ന് നശിക്കരുത്. ജൈവവൈവിധ്യങ്ങളുടെ കലവറയാണത്. അപൂര്‍വ്വം സസ്യജാലങ്ങള്‍, നീരുറവകള്‍, ദേശാടനത്തിറങ്ങുന്ന പക്ഷികള്‍, ഒട്ടനവധി ചിത്രശലഭങ്ങള്‍…
അതൊക്കെ പോവും…
ഭദ്രന്‍ സാര്‍ ഒന്നു നിര്‍ത്തി. പിന്നെയൊന്നു ചുമച്ചു. ചുമ നീണ്ടു പോയി. അച്ഛന്‍ ആ നെഞ്ചില്‍ പതുക്കെ തടവിക്കൊടുത്തു. ചുമ നിന്നപ്പോള്‍ അദ്ദേഹം വീണ്ടും പറഞ്ഞു. പലര്‍ക്കും അറിയാത്തൊരു കാര്യം കൂടിയുണ്ട്. വിലപിടിപ്പുള്ള ധാതുക്കളുടെ ഒരു ഖനി കൂടിയാണ് ഭൂതത്താന്‍കുന്ന്. അത് നഷ്ടപ്പെടുത്തിക്കൂടാ…
അച്ഛന്‍ എല്ലാം ശ്രദ്ധിച്ചു കേള്‍ക്കുകയായിരുന്നു. അവനിയും.
നിയമം കൊണ്ട് ഇതിനെ തടയാന്‍ കഴിയില്ലേ സാര്‍… അച്ഛന്‍ ചോദിച്ചു.
എവിടെ… എനിക്കു മുകളിലുള്ള ഉദ്ധ്യോഗസ്ഥന്മാര്‍, തഹസില്‍ദാര്‍, ജില്ലാകലക്ടര്‍, മന്ത്രിമാര്‍… അവരെയൊക്കെ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയും.
പിന്നെങ്ങനെ…
അച്ഛന്‍ വീണ്ടും ചോദിച്ചു.
കുന്ന് സംരക്ഷിക്കാന്‍ ഒരു ബഹുജന പ്രക്ഷോഭം ഉണ്ടാവണം. നേരത്തെ വന്നവരെ കണ്ടില്ലേ ഇവിടുത്തെ പരിസ്ഥിതി പ്രവര്‍ത്തകരാണ് അവര്‍ ചില പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
അതു മാത്രം പോരാ…..
ഭദ്രന്‍ സാര്‍ പെട്ടെന്ന് അവനിയെ നോക്കി. മോളെന്ത് പറയുന്നു…?
അവനി പെട്ടെന്ന് ഉറക്കത്തില്‍ നിന്നെന്നവണ്ണം ഞെട്ടി. ഞാനെന്തു പറയാന്‍ എന്നാണ് അവള്‍ ആദ്യം പറയാനൊരുങ്ങിയത്. പക്ഷെ അങ്ങനെ പറഞ്ഞില്ല.
പറഞ്ഞതിങ്ങനെയാണ്; ഭൂതത്താന്‍ കുന്ന് നശിക്കാന്‍ പാടില്ല സാര്‍. അതിലിനിയും നീലക്കുറിഞ്ഞികള്‍ പൂക്കുന്നത് കാണണം.
ഒരാശയം പറയൂ… അതിനെ എങ്ങനെ രക്ഷിക്കാം.
അതിന് വഴിയുണ്ടാവും സാര്‍… ഒരു മുതിര്‍ന്ന ആളെപ്പോലെയാണ് അവനി അങ്ങനെ പറഞ്ഞത്. അത് പറഞ്ഞപ്പോള്‍ അവളുടെ മുഖത്തുണ്ടായ ഭാവം അച്ഛന്‍ ശ്രദ്ധിച്ചു. ആ പറഞ്ഞത് അവനിയല്ല. മറ്റാരോ ആണെന്ന് അച്ഛന് തോന്നി.

മാടായിപ്പാറയില്‍

ഇത്തവണത്തെ ജൈവവൈവിധ്യ പഠനത്തിന് തിരഞ്ഞെടുത്തത് ഭൂതത്താന്‍ കുന്നായിരുന്നു. ഭൂതത്താന്‍ കുന്ന് നിര്‍ദ്ദേശിച്ചത് അവനിയായിരുന്നു. കഴിഞ്ഞ വര്‍ഷം അത് മാടായിപാറയായിരുന്നു. അത് മറ്റൊരത്ഭുതമായിരുന്നു. കാക്കപ്പൂക്കള്‍ മാടായിപ്പാറയെ പൊതിഞ്ഞിരുന്ന സമയത്താണ് അവിടെ എത്തിയത്. കറുത്തുപരന്ന് വിശാലമായ പാറയെ നീലപൂക്കള്‍ മൂടിയത് കാണാന്‍ എന്തു ഭംഗിയായിരുന്നെന്നോ. ഒരിക്കലും വറ്റാത്ത വലിയൊരു തടാകമുണ്ട് മാടായിപ്പാറയില്‍. പിന്നെ ഒരു ജൂതക്കുളം. എത്രയെത്ര ഔഷധ സസ്യങ്ങളാണെന്നോ പാറയില്‍. ദേശാടനത്തിനെത്തുന്ന വിവിധയിനം പക്ഷികള്‍. ഒട്ടേറെ ചിത്രശലഭങ്ങള്‍. ഇതുവരെ കണ്ടിട്ടില്ലാത്ത പൂക്കള്‍.
അവിടെയെത്തിയപ്പോള്‍ ഡോ. ഖലീല്‍ എന്നൊരു പ്രകൃതി ശാസ്ത്രജ്ഞനെ കൂടെ കിട്ടി. മാടായിപ്പാറയില്‍ എന്തോ ഗവേഷണത്തിനെത്തിയതാണ്. കഴുത്തില്‍ രണ്ട് ക്യാമറകള്‍ തൂക്കിയിട്ടിരുന്നു. അദ്ദേഹത്തിന്റെ ചുമലിലെ ബാഗിലും ക്യാമറയാണെത്രെ.
ഒരു ക്യാമറ വേണമെന്ന് അവനിക്ക് ആദ്യം തോന്നിയത് അന്നാണ്. ആ പകല്‍ ഒരുപാട് നേരം ഡോ. ഖലീല്‍ അവരോടൊപ്പം ചിലവഴിച്ചിരുന്നു. സൂക്ഷ്മജീവികളുടെ പടമെടുക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം കാണിച്ചുതന്നിരുന്നു. എടുത്ത ചിത്രങ്ങളും കാണിച്ചു തന്നു. മാടായിപ്പാറയുടെ ഒരു ഭാഗവും ആരൊക്കെയോ ഇടിച്ച് കൊണ്ടു പോയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ഒരുമിച്ച് സമരം ചെയ്തപ്പോഴാണത്രെ ഖനനം നിര്‍ത്തിവെച്ചത്.
അന്നത്തെ മറ്റൊരു ചിത്രം കൂടി അവനിയുടെ മനസ്സിലോടിയെത്തി. ഒരു നീരുറവക്കരികിലേക്കു ഓടിയെത്തിയതായിരുന്നു കുട്ടികള്‍. അപ്പോഴാണ് ഒരാള്‍ നീരുറവയ്ക്കരികില്‍ കമഴ്ന്നു കിടക്കുന്നത് കണ്ടത്. അയാളുടെ മുന്നില്‍ ഒരു മുക്കാലിയില്‍ നീണ്ട ലെന്‍സുള്ള ഒരു ക്യാമറ. കുട്ടികളെ കണ്ടപ്പോള്‍ വിരല്‍ ചുണ്ടില്‍ വെച്ച് ഒച്ചയുണ്ടാക്കരുത് എന്നയാള്‍ ആംഗ്യം കാട്ടി. എല്ലാവരോടും കമിഴ്ന്നു കിടക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് അങ്ങോട്ടു നോക്കാന്‍ വിരല്‍ ചൂണ്ടി.
നീരൊഴുക്കിലെ കുഞ്ഞു വെള്ളച്ചാട്ടത്തിനടിയില്‍ ഒരു ഒരു നീര്‍ക്കോലി പാമ്പ് തക്കം പാര്‍ത്തിരുന്നു. വെള്ളത്തില്‍ ഇടയ്ക്കിടെ കണ്ണിമീന്‍ ചാട്ടങ്ങള്‍. മുകളില്‍ നിന്നും താഴോട്ട് ചാടുന്ന കണ്ണി മീനുകളെ പിടിക്കുകയാണ് നീര്‍ക്കോലിയുടെ ലക്ഷ്യം. ഒന്നു രണ്ട് തവണ അതിന്റെ ശ്രമം പരാജയപ്പെട്ടു. മൂന്നാമത്തെ തവണ അത് ഒരു മീനിനെ ചാടിപ്പിടിക്കുക തന്നെ ചെയ്തു. അതു കണ്ട് കുട്ടികള്‍ ആര്‍ത്തു ചിരിച്ചു. ഒച്ച കേട്ട് നീര്‍ക്കോലി കിട്ടിയ മീനിനെയും കൊണ്ട് എങ്ങോട്ടോ ഇഴഞ്ഞു പോയി. അയാള്‍ ക്യാമറ ഓഫാക്കി കുട്ടികളുടെ നേരെ തിരിഞ്ഞു. നിരാശയോടെ പറഞ്ഞു;kt baburaj, novel
എന്ത് പണിയാ നിങ്ങള് കാണിച്ചത്. ഒച്ച കേട്ട് അത് പോയില്ലേ. എന്നാലും സംഭവം കിട്ടി.
അപ്പോള്‍ കുട്ടികളെല്ലാം വീണ്ടും കയ്യടിച്ചു.
അയാള്‍ തന്റെ ക്യാമറയില്‍ ഷൂട്ട് ചെയ്ത ആ ഭാഗം കുട്ടികള്‍ക്കായി കാണിച്ചു കൊടുത്തു. വെള്ളച്ചാട്ടത്തില്‍ നിന്നും മീനിനെ ചാടിപ്പിടിക്കുന്ന നീര്‍ക്കാലി. നേരിട്ടു കണ്ടതിനെക്കാള്‍ മനോഹരമായിരുന്നു ക്യാമറയില്‍ കണ്ടത്.
അപ്പോഴും ഒരു ക്യാമറ വേണമെന്ന് അവനിക്കു തോന്നി.
കുട്ടികള്‍ പിന്നെയും അയാളെ വളഞ്ഞു. സുധാകരന്‍ മാഷാണ് അയാളോട് പറഞ്ഞത്.
കുട്ടികള്‍ക്കു വേണ്ടി എന്തെങ്കിലും അവരോട് സംസാരിക്കൂ…
അയാളൊരു സിനിമാ സംവിധായകനായിരുന്നു. കുഞ്ഞുകുഞ്ഞു സിനിമകളുടെ സംവിധായകന്‍.
മാടായിപ്പാറയെക്കുറിച്ച് അതിന്റെ പ്രത്യേകതകളെക്കുറിച്ച് കാലവസ്ഥ ഭേദങ്ങളെക്കുറിച്ച്… ഒരു ഡോക്യുമെന്ററി സിനിമയെടുക്കുന്നു. ഒന്നു രണ്ടു വര്‍ഷമായി പണി തുടങ്ങിയിട്ട്…
മാടായിപ്പാറയില്‍ തുമ്പികളെപ്പോലെ പാറിനടക്കുന്ന കുട്ടികളായി അവര്‍. അതും അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി.
ഈ ദൃശ്യം തന്റെ സിനിമയില്‍ ചേര്‍ക്കുമെന്ന് അദ്ദേഹം വാക്കും തന്നു.
പൂങ്കാവ് യു.പി. സ്‌കൂളിലെ കുട്ടികള്‍ സിനിമയിലഭിനയിച്ചേ. കൂട്ടത്തിലാരോ വിളിച്ചു പറഞ്ഞു. ഹോയ് ഹോയ് ഹോയ്… എന്നാരോ ഏറ്റു പിടിച്ചു.
ഈ സിനിമ ഞാന്‍ നിങ്ങളുടെ സ്‌കൂളില്‍ വന്ന് പ്രദര്‍ശിപ്പിക്കും. അയാള്‍ പറഞ്ഞു.
ഞങ്ങള്‍ കാത്തിരിക്കുന്നു… മാഷ് പറഞ്ഞു.
കുട്ടികള്‍ കൈകള്‍ വീശി അയാളോട് പറഞ്ഞു.
അവനി കഴിഞ്ഞ വര്‍ഷത്തെ തന്റെ പുസ്തകകെട്ടുകള്‍ വലിച്ചിട്ടു. അതില്‍ ഒരു നോട്ടുബുക്ക് തിരഞ്ഞു. മാടായിപ്പാറയെക്കുറിച്ച്, അവിടെ നടന്ന ഐതിഹാസിക സമരങ്ങളെക്കുറിച്ച് മാഷുടെയും മറ്റു കുട്ടികളുടെയും സഹായത്തോടെ തയ്യാറാക്കിയ കുറിപ്പുകള്‍ അടങ്ങുന്ന ഒരു പുസ്തകമുണ്ട്. അവളത് കണ്ടെടുത്തു. ശ്രദ്ധയോടെ അവളത് വായിക്കാന്‍ തുടങ്ങി.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Bhoothathankunnil pooparikkan poya kuttikal novel part 6 kt baburaj

The moderation of comments is automated and not cleared manually by malayalam.indianexpress.com