വേദനിപ്പിക്കുന്ന ചില കാഴ്ചകൾ അധ്യായം ഏഴ്

ക്യാമറയും കഴുത്തില്‍ തൂക്കിയിട്ട് അവനി വരമ്പിലൂടെ നടന്നു. പിന്നില്‍ ഒരു തോള്‍ സഞ്ചിയില്‍ കുടിക്കാനുള്ള വെള്ളവും കുറച്ച് ബിസ്‌ക്കറ്റും മറ്റുമായി അനന്തുവും. അവന്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.
ചേച്ചി എന്റെ പടവുമെടുക്കണേ.
എടുക്കാം…
വയലില്‍ ഞാറുനടല്‍ നടക്കുന്നുണ്ട്. പെണ്ണുങ്ങളാണ് ഞാറു നടുന്നത്. ആണുങ്ങള്‍ കൈക്കോട്ടു കൊണ്ട് ചെളിവരമ്പ് ചെത്തി ഉറപ്പിക്കുകയാണ്.
അല്ല… എവിടെയാണ് ഭൂമിമോളും അച്ഛനെപ്പേലെ ക്യാമറയും തൂക്കിനടക്കുന്നത്. നമ്മളെയൊക്കെ ഒരു ഫോട്ടോ പിടിച്ചു തരുമോ.
ഭാര്‍ഗ്ഗവേട്ടനാണ്.
തോര്‍ത്തുമുണ്ടും ബനിയനുമിട്ട്. തലയില്‍ ഒരു പാളത്തൊപ്പിവെച്ച് വയലില്‍ പണിയിലാണ് ഭാര്‍ഗവേട്ടന്‍. ഞാറു നടാനുള്ള മണ്ണ് കൈകൊണ്ട് കിളക്കുകയാണ്. ഓരോ വെട്ടിലും ചെളിവെള്ളം തെറിക്കുന്നുണ്ട്. പിന്നില്‍ നടാനുള്ള ഞാറുമായി നില്ക്കുന്ന പെണ്ണുങ്ങളുമുണ്ട്.
അവനി ക്യാമറ റെഡിയാക്കി. ഭാര്‍ഗ്ഗവേട്ടന്റെ കൈക്കോട്ട് ചെളിയില്‍ ആഞ്ഞു പതിക്കുന്ന നിമിഷത്തിന് അവള്‍ കാത്തൂ.
ക്ലിക്ക്. അവളുടെ വിരലുകളമര്‍ന്നു. ക്യാമറയുടെ മോണിറ്ററില്‍ ഒരു ചിത്രം തെളിഞ്ഞു. ഭാര്‍ഗ്ഗവേട്ടന്റെ കൈക്കോട്ടിനൊപ്പം അന്തരീക്ഷത്തില്‍ ചിതറിതെറിക്കുന്ന ചെളിവെള്ളം. അത് ദേഹത്ത് തെറിക്കാതിരിക്കാനായി ഞാറിന്‍കറ്റകൊണ്ട് മുഖം മറയ്ക്കുന്ന പെണ്ണുങ്ങള്‍.
നല്ല ചിത്രം. അവനിക്ക് ഇഷ്ടമായി.
ഞാന്‍ പോട്ടെ ഭാര്‍ഗ്ഗവേട്ടാ… അവള്‍ ചോദിച്ചു.
ചിത്രം കിട്ടിയോ… ഭാര്‍ഗ്ഗവേട്ടനും ചോദിച്ചു.
കിട്ടിയെന്ന് അവള്‍.
വയല്‍ വരമ്പിലൂടെ അവള്‍ പിന്നെയും ചിത്രങ്ങളെടുത്തു നടന്നു. വരിവരിയായി നില്ക്കുന്ന വെളുത്ത കൊറ്റികള്‍, ഞാറിന്‍ കറ്റകള്‍ പരസ്പരം എറിഞ്ഞു കൊടുക്കുന്ന സ്ത്രീകള്‍. ചളിവെള്ളത്തില്‍ നിന്ന് തോര്‍ത്തുമുണ്ടു കൊണ്ട് കണ്ണി മീന്‍ പിടിക്കുന്ന കുട്ടികള്‍.
ചേച്ചി എനിക്ക് മൂത്രമൊഴിക്കണം അനന്തു പറഞ്ഞു.
വാ… അവളവന്റെ കൈപിടിച്ചു. അവര്‍ വരമ്പുകള്‍ പിന്നിട്ട് ഒരു കരപ്പറമ്പിലേക്ക് കയറി. കുറച്ചു നടന്നപ്പോള്‍ ഒരു കുറ്റിക്കാട് കണ്ടു. അനന്തു മൂത്രമൊഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു നായ കുരച്ചു.
അയ്യോ ചേച്ചി നായ ഓടിക്കോ.
അവര്‍ എങ്ങോട്ടെന്നില്ലാതെ ഓടി. ഓടിയോടി അവര്‍ ഇടിഞ്ഞുപൊളിയാറായ ഒരു വീടിനരികില്‍ എത്തി. അവരതിന്റെ വരാന്തയില്‍ കയറി നിന്നു. തൊട്ടടുത്തു തന്നെ വലിയൊരു കോണ്‍ക്രീറ്റ് വീടുണ്ട്. അതിന്റെ ഗേറ്റുകള്‍ താഴിട്ടു പൂട്ടിയിരി ക്കുന്നു. ആളുള്ള ഒരു ലക്ഷണവുമില്ല.
നായ കുറേ നേരം പിന്തുടര്‍ന്ന് തിരിച്ചു പോയിക്കാണും.
ചേച്ചി ഞാനിത്തിരി വെള്ളം കുടിക്കട്ടെ. അനന്തു പറഞ്ഞു. എനിക്കും വേണം അവനി കൈ നീട്ടി. അവള്‍ വെള്ളത്തിന്റെ കുപ്പിയുടെ മൂടി തുറന്നതേയുള്ളൂ. ഇടിഞ്ഞു പൊളിയാറായ വീടിന്റെ ജാലകത്തിനരികില്‍ ഒരു ഞരക്കം.kt baburaj ,novel
മക്കളെ ഇച്ചിരി വെള്ളം…
അവനി ഞെട്ടിത്തിരിഞ്ഞു നോക്കി.
ശരീരത്തില്‍ കാര്യമായി വസ്ത്രങ്ങളൊന്നുമില്ലാതെ ഒരു വൃദ്ധ സ്ത്രീ. ജാലകത്തിലൂടെ കൈകള്‍ നീട്ടുന്നു.
മോളേ ഇച്ചിരി വെള്ളം.
അവനി വെള്ളത്തിന്റെ കുപ്പി അവര്‍ക്കു നേരെ നീട്ടി. അവരത് പിടിച്ചു വാങ്ങി ഒരു തുള്ളി പോലും ബാക്കിവെക്കാതെ വലിച്ചു കുടിച്ചു.
അവരുടെ കണ്ണുകളില്‍ ഒരുതിളക്കം വന്നു.
അമ്മമ്മയ്ക്ക് ബിസ്‌ക്കറ്റ് വേണോ. അനന്തു ചോദിച്ചു.
വല്ലാത്തൊരാക്രാന്തത്തോടെ ആ ജാലകത്തിലൂടെ രണ്ടു കൈകളും വൃദ്ധ പുറത്തേക്കു നീട്ടി.
അവനി ഇത്തിരി പുറകോട്ടു മാറി.
ബിസ്‌ക്കറ്റ് നീട്ടുന്ന അനന്തുവിന്റെ കൈ. അത് തട്ടിപ്പറിക്കുന്ന വൃദ്ധ.
ക്ലിക്ക്.
അവനിയുടെ വിരലുകള്‍ തുടര്‍ച്ചയായി ക്യാമറയിലമര്‍ന്നു.
തല്ക്കാലം വിശപ്പടങ്ങിയപ്പോള്‍ വൃദ്ധ പറഞ്ഞു. മക്കള്‍ വേഗം പോയ്‌ക്കോ ഇവിടെയൊക്കെ കടിക്കുന്ന നായ്ക്കളുണ്ട്.
അനന്തു അവരെ തന്നെ തുറിച്ചു നോക്കുകയായിരുന്നു.
അവനിയും അവരെ തന്നെ നോക്കി. അവരുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു.
ആ വലിയ വീടു കണ്ടില്ലേ. അതെന്റെ മൂത്ത മകന്റെയാ. അവരെന്നെ ഇതില്‍ പൂട്ടിയിട്ട് എങ്ങോ യാത്ര പോയിരിക്കുവാ… പാപികള്‍ ഗുണം പിടിക്കില്ല.
ജാലകത്തിന്റെ പിടിവിട്ട് അവര്‍ ഇരുട്ടിലെവിടെയോ മാഞ്ഞു.

ഒരു കുഞ്ഞു ഫോട്ടോഗ്രാഫര്‍

വലിയ പുകിലായി.
അച്ഛന്‍ ആ ചിത്രം പത്രത്തിനയച്ചു.
അവരത് അടിക്കുറിപ്പോടെ വലിയ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പൂങ്കാവ് യു. പി. സ്‌ക്കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിനി അവനി. എസ്. എടുത്ത ചിത്രമാണിതെന്ന് പ്രത്യേകം പറഞ്ഞിരുന്നു.
പിറ്റേ ദിവസം വീണ്ടും വാര്‍ത്തകള്‍ വന്നു.
പോലീസ് സ്വമേധയാ കേസെടുത്തു.
അവരുടെ മൂത്തമകനെയും ഭാര്യയേയും അറസ്റ്റ് ചെയ്യാന്‍ ഓര്‍ഡര്‍ വന്നു.
അവനിക്ക് ആദ്യമൊക്കെ സന്തോഷം തോന്നിയെങ്കിലും പിന്നീട് സങ്കടം വന്നു.
ഞാന്‍ കാരണം ആരൊക്കെയോ പോലീസ് പിടിയിലായി. അതവള്‍ അച്ഛനോട് പറയുകയും ചെയ്തു.
പക്ഷെ അച്ഛന്‍ അവളെ ചേര്‍ത്തു നിര്‍ത്തി തലോടി. എന്നിട്ട് മുമ്പൊരിക്കല്‍ പറഞ്ഞ ആ വാചകം ആവര്‍ത്തിച്ചു.
ഓരോ ഫോട്ടോയും ഓരോ പാഠമാണ്. അത് കാലത്തെ ചിലത് പഠിപ്പിക്കും. പഠിപ്പിക്കണം.
ആ ചിത്രം പല പത്രങ്ങളിലും വാരികളിലുമൊക്കെ വീണ്ടും വന്നു. ഒരുപത്രം ‘പുറന്തള്ളുന്ന വാര്‍ദ്ധക്യങ്ങള്‍’ എന്ന പേരില്‍ ഒരു പരമ്പര തന്നെ പ്രസിദ്ധീകരിച്ചു. പരമ്പര തുടങ്ങുന്നതിനു മുമ്പ് പത്രറിപ്പോര്‍ട്ടര്‍ വീട്ടില്‍ വരികയും അവനിയോടും അനന്തുവോടും ആ അനുഭവത്തെക്കുറിച്ച് വിശദമായി ചോദിക്കുകയും ചെയ്തു. ‘വേദനിപ്പിക്കുന്ന കാഴ്ചകളുമായി ഒരു കുഞ്ഞുഫോട്ടോഗ്രാഫര്‍’ എന്നൊരു ലേഖനം അവനിയെക്കുറിച്ചൊരു പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പിലും വന്നു. ക്യാമറ കഴുത്തില്‍ തൂക്കിയിട്ട അവനിയുടെ ചിത്രമുണ്ടായിരുന്നു.
ആ ബിസ്‌ക്കറ്റ് നീട്ടിയ കൈ എന്റെതാണെന്ന് അനന്തു ചങ്ങാതിമാരോടൊക്കെ വീമ്പു പറഞ്ഞു. ചിത്രത്തില്‍ മുഖം വരാത്തത്തതില്‍ അവന് വിഷമമുണ്ടായിരുന്നു. ചേച്ചി തന്റെ മുഖം ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് അവന്‍ പരാതി പറയുകയും ചെയ്തു.
അച്ഛന്‍ എന്തോ ആലോചിച്ചിരിക്കുയായിരുന്നു.
അവനി അച്ഛന്റെ അരികില്‍ വന്നിരുന്നു. അവള്‍ക്ക് എന്തോ പറയാനുണ്ടെന്ന് അച്ഛനു തോന്നി.
ങ്ഉം… എന്താ അച്ഛന്‍ ചോദിച്ചു.
ആ അമ്മമ്മയെ കാണാന്‍ ഒന്നു പോണ്ടേ അച്ഛാ. എന്തായിരിക്കും അവരുടെ ഇപ്പോഴത്തെ സ്ഥിതി.kt baburaj novel
അച്ഛന്‍ അവളെ വാത്സല്യപൂര്‍വ്വം തഴുകി.
തീര്‍ച്ചയായും പോവണം.
എന്നിട്ടു വേണം പ്‌രാന്തന്‍ നായ്ക്കള്‍ പിന്നാലെ ഓടിക്കാന്‍. മാത്രവുമല്ല ആ പെണ്ണുങ്ങളുടെ മക്കള് കണ്ടാല്‍ നിന്നെ തച്ചു കൊല്ലും.
എവിടെന്നാണാവോ അമ്മ ചാടിവീണത്. ഈ അമ്മയെക്കൊണ്ടു തോറ്റു.
ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല. അവരുടെയും മനസ് മാറിയിട്ടുണ്ടാവും. അവരിപ്പോള്‍ ആ അമ്മയെ നന്നായി നോക്കുന്നുണ്ടാവും. അച്ഛന്‍ പറഞ്ഞു.
നല്ല കാര്യമായി. അമ്മ സാരിയുടെ തുമ്പു കൊണ്ട് ഗ്ലാസിന്റെ അടി ഒന്നു കൂടെ തുടച്ച് അച്ഛനു നേരെ നീട്ടി.
ഇന്നാ ചായ…
നിനക്കു വേണോടീ…
വേണ്ട… അവള്‍ പറഞ്ഞു.
അവള്‍ അവിടെ നിന്നും എഴുന്നേറ്റു പോയി.
അപ്പോള്‍ അമ്മ അച്ഛനോട് പറയുന്നത് കേട്ടു.
എത്ര പേരാണെന്നോ എന്നെ ഫോണില്‍ വിളിച്ചത്. നേരില്‍ കണ്ടാല്‍ മിണ്ടുകപോലും ചെയ്യാത്ത സുചിത്രയും പ്രമീളയും വരെ വിളിച്ചു. എടീ ശ്രീകലേ അത് നിന്റെ മോളല്ലേന്ന്. അടുത്ത പാരന്റ്‌സ് മീറ്റിംങ്ങിന് ഞാന്‍ തന്നെ പോകും കേട്ടോ. ഒരു പട്ടു സാരി വാങ്ങി വച്ചിട്ടുണ്ട്. എല്ലാവരുടെയും മുന്നില്‍ എനിക്കൊന്ന് ഞെളിഞ്ഞു നില്‍ക്കണം.
അവനി വാതില്‍ പഴുതിലൂടെ അച്ഛനെ നോക്കി.
അച്ഛന്‍ അമ്മ കാണാതെ ചിരിയടക്കാന്‍ പാടുപെടുന്നതു കണ്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook