ബലഭദ്രന്‍

പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയത് പുതുതായി ചാര്‍ജെടുത്ത സ്ഥലത്തെ വില്ലേജാഫീസറാണ്. നന്ദന്‍മാഷുടെ ചങ്ങാതിയാണുപോലും. ഒരുമിച്ചു പഠിച്ചവരാണുപോലും. കേട്ടപ്പോള്‍ തന്നെ അവനിക്ക് അത് ഒട്ടും ഇഷ്ടമായില്ല. അവളത് സാന്ദ്രയോടും നവനീതിനോടും പറഞ്ഞു. ഈ മാഷ്‌ക്ക് വേറെയാരെയും കിട്ടിയില്ലേ. വല്ല കവിയെയോ, ചിത്രകാരനെയോ, സിനിമാ സംവിധായകനെയോ അങ്ങനെയാരെയെങ്കിലും കിട്ടുമായിരുന്നില്ലേ. ഇത് ഒരു വില്ലേജ് ഓഫീസര്‍. കേള്‍ക്കുമ്പോള്‍ തന്നെ ദേഷ്യം പിടിക്കുന്നു.
സുധാകരന്‍ മാഷ് പറഞ്ഞു; എല്ലാം നിങ്ങളാണ് ചെയ്യേണ്ടത്. സ്വാഗതം സാന്ദ്ര പറയും. അധ്യക്ഷനായിരിക്കേണ്ടത് അവനി, നന്ദി പറയുന്നത് നവനീത്. ഹെഡ്ടീച്ചറും, മാഷുമാരുമൊക്കെ ആശംസകള്‍ നേരും. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവരും നന്നായി പഠിച്ച് മനസ്സിലാക്കിവെക്കണം.
കൃത്യസമയത്തു തന്നെ ഉദ്ഘാടകനെത്തി. പരിസ്ഥിതിദിനത്തെ സംബന്ധിക്കുന്ന പോസ്റ്ററുകളൊക്കെ നേരത്തെ സ്‌കൂളിന്റെ മതിലുകളിലും സമ്മേളന ഹാളിലുമൊക്കെ നിരന്നു കഴിഞ്ഞിരുന്നു. സ്‌കൂള്‍ മുറ്റത്തെ മുതുമുത്തശ്ശി മാവിനെ ആദരിക്കുന്നുമുണ്ട്. കാര്യം പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു. ബലഭ്രദ്രന്‍ സാറല്ലേ. നല്ല ഉദ്യോഗസ്ഥനാണ്. പ്രകൃതി സ്‌നേഹിയും. ചെറിയ തോതില്‍ ഒരു കവിയും.
കവിയോ… അവനി ചോദിച്ചു.
എന്താ വില്ലേജോഫീസര്‍ക്ക് കവിതയെഴുതിക്കൂടെ.
അവനി ഒന്നും മിണ്ടിയില്ല. എന്തോ ദഹിക്കാത്തതുപോലെ അവളുടെ ഉള്ളില്‍ കിടന്നു തിളച്ചു.
കൃത്യസമയത്തു തന്നെ ഉദ്ഘാടകനെത്തി.
ഒരു ചെറിയ മനുഷ്യന്‍. മെലിഞ്ഞ് നീളം കുറഞ്ഞ് കട്ടിക്കണ്ണടവെച്ച ഒരു പാവത്താനെ പോലെ തോന്നുന്ന ആള്‍.
പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മുടെ ഭൂമിക്കും കാലാവസ്ഥയ്ക്കും വന്നുചേരുന്ന മാറ്റങ്ങളെക്കുറിച്ചുമാണ് അവനി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞത്. എന്നിട്ട് ഉദ്ഘാടനം ചെയ്യാനായി അദ്ദേഹത്തെ ക്ഷണിച്ചു.
അവനിയെന്നാല്‍ ഭൂമിയെന്നര്‍ത്ഥം. ഈ പ്രപഞ്ചത്തില്‍ ജീവജാലങ്ങളുള്ള ഒരേയൊരിടം. ഈ ചടങ്ങിന്റെ അധ്യക്ഷയും ഒരവനിയാണ്. ആ കൊച്ചുമോളുടെ സംസാരവും ആവേശവും എന്നെ ഒരുപാട് ഊര്‍ജസ്വലനാക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.
എന്റെ പേര് ബലഭദ്രനെന്നാണ്. സാക്ഷാല്‍ ശ്രീകൃഷ്ണന്റെ സഹോദരന്‍. ഹലായുധന്‍ കലപ്പയേന്തിയ കര്‍ഷകന്‍. മണ്ണിനോടും കൃഷിയോടും ഇഷ്ടമുള്ളവന്‍.kt baburaj ,novel

മണ്ണും മനുഷ്യനുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഒരു കഥ പറഞ്ഞു. കവിതകള്‍ ചൊല്ലി. അതില്‍ അദ്ദേഹത്തിന്റെ കവിതകളുമുണ്ടായിരുന്നു. ചില കവിതകള്‍ ഏറ്റുചൊല്ലാന്‍ അദ്ദേഹം കുട്ടികളോടു പറഞ്ഞു. കുട്ടികള്‍ മാത്രമല്ല, അധ്യാപകരും അതേറ്റു പാടി. താളം പിടിച്ചു. ഒരു മണിക്കൂര്‍ കടന്നു പോയത് അറിഞ്ഞതേയില്ല. അവനിക്ക് കുറ്റബോധം തോന്നി. ഇത്രയും വലിയൊരു മനുഷ്യനെ ചെറുതായിക്കണ്ടതില്‍.
പ്രസംഗം നിര്‍ത്തുന്നതിനു മുമ്പായി അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. നമ്മുടെ ചുറ്റുമുള്ള ഈ പ്രകൃതിയെ നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. ഉത്തരവാദിത്വമാണ്. പ്രകൃതിയില്ലെങ്കില്‍ നമ്മളില്ല. നിങ്ങള്‍ നിങ്ങള്‍ക്കു ചുറ്റുമുള്ള അവശേഷിക്കുന്ന പുഴകള്‍, തോടുകള്‍, വയലുകള്‍, കുന്നുകള്‍ ഇവയുടെയൊക്കെ കണക്കെടുക്കണം. നിങ്ങള്‍ അവയുടെ കാവല്‍ക്കാരാവണം… നോക്കൂ ഞാനിത് പറയുന്നത് ഒരു പക്ഷേ നാളെ നിങ്ങള്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴെക്കും നിങ്ങളുടെ കുന്നുകളെയും പുഴകളേയുമൊക്കെ ആരെങ്കിലുമൊക്കെ കട്ടുകൊണ്ടുപോയിട്ടുണ്ടാവും…
കുന്നുകളെയും പുഴകളെയും കട്ടുകൊണ്ടുപോവുകയോ… അവനി അറിയാതെ ചോദിച്ചു പോയത് അല്പം ഉച്ചത്തിലായി.
പെട്ടെന്നദ്ദേഹം പ്രസംഗം നിര്‍ത്തി. അവനിയെ തിരിഞ്ഞു നോക്കി എന്നിട്ടു പറഞ്ഞു അതേ… ജാഗ്രതയില്ലെങ്കില്‍ നിങ്ങളുടെ ദേശത്തിന്റെ കാവലാളായ ആ ഭൂതത്താന്‍കുന്നും അധികം വൈകാതെ കാണാതാവും.
ആര്‍ക്കും ഒന്നും മനസ്സിലായില്ല. എല്ലാവരും പരസ്പരം നോക്കി.
സത്യമാണ് ഞാന്‍ പറയുന്നത്. ഭൂതത്താന്‍ കുന്നിനെ കൊണ്ടു പോവാന്‍ ചിലരെത്തിയിട്ടുണ്ട്. അതോടെ അതിന്റെ ജൈവ വൈവിധ്യം തകരും. ചുറ്റുമുള്ള ഗ്രാമങ്ങളില്‍ കുടിവെള്ള ക്ഷാമമുണ്ടാവും. കാലാവസ്ഥകള്‍ മാറും. ഒരു പക്ഷേ നിങ്ങളുടെ ഈ ഗ്രാമം വൈകാതെ ഒരു മരുഭൂമിയായി മാറും.
അന്നുരാത്രി അവനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല. കണ്ണടയ്ക്കുമ്പോഴൊക്കെ ഒരു ജെസിബിയും പിന്നാലെ ഒരുപാട് ടിപ്പര്‍ലോറികളും മലകയറുന്നത് കണ്ട് അവള്‍ ഞെട്ടിയുണര്‍ന്നുകൊണ്ടേയിരുന്നു.

ഒരു പഴയ ഗ്രൂപ്പ് ഫോട്ടോ

അച്ഛന്‍ കമ്പ്യൂട്ടറിനു മുന്നിലാണ്. സ്ഥിരമായി എഴുതാറുള്ള ഇംഗ്ലീഷ് മാഗസിനിലേക്ക് ചിത്രങ്ങളും ലേഖനങ്ങളും അയച്ചുകൊടുക്കുകയാവും. അച്ഛന്റെ എഴുത്തൊക്കെ കമ്പ്യൂട്ടറിലാ… എത്ര വേഗത്തിലാണെന്നോ അച്ഛന്‍ ടൈപ്പ് ചെയ്യുക. അത് നോക്കിയിരിക്കുന്നത് അവനിക്ക് ഇഷ്ടവുമാണ്.
പക്ഷെ ജോലി ചെയ്യുമ്പോള്‍ അച്ഛനെ വിളിച്ചൂടാ. എഴുതുമ്പോഴും വായിക്കുമ്പോഴും ബുദ്ധിമുട്ടിക്കുന്നത് അച്ഛന് ഇഷ്ടമല്ല. ചിലപ്പോള്‍ വഴക്കു പറഞ്ഞെന്നിരിക്കും. ദേഷ്യത്തോടെ എഴുന്നേറ്റു പോയെന്നുമിരിക്കും. അമ്മ തന്നെ ഇടയ്ക്കിടെ ഓരോ കട്ടന്‍ ചായയുമായി വന്ന് അത് മേശപ്പുറത്ത് വെച്ച് ഒരു കടലാസുകൊണ്ടു മൂടി ഒച്ചയാക്കാതെ പോവുകയാണ് പതിവ്. അച്ഛന്റെ മുറിക്ക് പുറത്ത് കടന്നാല്‍ അമ്മ അച്ഛനെ ചൂണ്ടി പരിഹാസത്തോടെ പറയും. അവിടെ ഒരാള് എന്തോ മലമറിക്കുകയാ… ഒച്ചയുണ്ടാക്കല്ലേ മക്കളേ… ഭൂകമ്പമുണ്ടാകും.
അപ്പോള്‍ അമ്മയോടൊപ്പം ഞങ്ങളും അമര്‍ത്തി ചിരിക്കും.
ഇടയ്ക്ക് അച്ഛന്‍ ഒന്നു തിരിഞ്ഞു നോക്കി. അപ്പോള്‍ അച്ഛന്റെ പഴയൊരു ഫോട്ടോ ആല്‍ബം മറിച്ചു നോക്കുകയായിരുന്നു അവനി. അതില്‍ ഒരുപാട് ചിത്രങ്ങളുണ്ടായിരുന്നു. മിക്കതും പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍. അതിനൊക്കെ ഒരു മഞ്ഞ നിറം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സ്‌കൂള്‍ക്കാലത്തെടുത്ത അച്ഛന്റെ ഗ്രൂപ്പ് ഫോട്ടോയിലേക്ക് അവനി സൂക്ഷിച്ചു നോക്കി. രാമവിലാസം എല്‍.പി സ്‌കൂള്‍ അഞ്ചാം തരം ബി എന്ന ബോര്‍ഡ് മടിയില്‍വെച്ചിരിക്കുന്നത് അച്ഛനാണ്. മുണ്ടും മുറിക്കയ്യന്‍ കുപ്പായവുമാണ് അച്ഛന്റെ വേഷം. മിക്ക കുട്ടികളും മുണ്ടാണുടുത്തിരിക്കുന്നത്. പെണ്‍കുട്ടികളില്‍ ചിലര്‍ ഹാഫ് സാരിയുടുത്തിരിക്കുന്നു.
അവനിക്കു കൗതുകം തോന്നി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ മുണ്ടുടുക്കുക, പെണ്‍കുട്ടികള്‍ ഹാഫ് സാരിയുടുക്കുക. നല്ല രസം.
അച്ഛന്‍ കമ്പ്യൂട്ടര്‍ പൂട്ടി അവളുടെ അടുത്തേക്കു വന്നു.
എന്താണിങ്ങനെ സൂക്ഷിച്ചു നോക്കുന്നത്. അച്ഛന്‍ ചോദിച്ചു.
ഈ ഫോട്ടോ കാണാന്‍ എന്ത് രസമാണെന്നോ. അച്ഛനെ കാണാനും.kt baburaj,novel

അല്ലച്ഛാ… ഈ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളൊക്കെ മുണ്ടുടുക്ക്വോ…
അച്ഛന്‍ അവളുടെ കയ്യില്‍ നിന്നും ആ ആല്‍ബം വാങ്ങി. പഴയ ആ ഗ്രൂപ്പ് ഫോട്ടോവിനു മേല്‍ വിരലോടിച്ചു. എന്നിട്ടു പറഞ്ഞു.
ഒരു ഫോട്ടോയൊന്നു പറയുന്നത് വെറുമൊരു ചിത്രമല്ല. അത് ഒരു നിമിഷങ്ങള്‍ കൊണ്ട് കാലത്തെ നിശ്ചലമാക്കുന്ന ഒരു വിദ്യയാണ്. ഒരു ഫോട്ടോ അതെടുത്ത കാലദേശങ്ങളെയും ചരിത്രത്തേയും അടയാളപ്പെടുത്തുന്നുണ്ട്. ഈ ഗ്രൂപ്പു ഫോട്ടോ തന്നെ നോക്കൂ. ഇതെന്തെല്ലാം നമ്മോട് പറയുന്നുണ്ട്. അക്കാലത്തെ മനുഷ്യന്‍ അവരുടെ വേഷവിധാനങ്ങള്‍, ജീവിത രീതി, അക്കാലത്തെ സ്‌ക്കൂള്‍, സാങ്കേതിക വിദ്യയുടെ വളര്‍ച്ച അങ്ങനെയങ്ങനെ…
അക്കാലത്തെ ആളുകളുടെ ഹെയര്‍ സ്‌റ്റെലും പറയുന്നുണ്ട്. അച്ഛന്റെ മുടി നോക്കിയേ. അച്ഛന്‍ ഹിപ്പിയായിരുന്നോ…?
അച്ഛന്റെ ആ മുടിയും കട്ടി മീശയുമൊക്കെ കണ്ടിട്ടാണ് മോളെ ഈയൊരുവള്‍ അയാളുടെ കൂടെ പോയത്.
അമ്മയുടെ ശബ്ദം… അമ്മയെപ്പോള്‍ വന്നു.
അമ്മ അച്ഛനെ നോക്കി ഒരു കള്ളച്ചിരി ചിരിക്കുകയാണ്.
അച്ഛനും അമര്‍ത്തിച്ചിരിക്കുന്നു.
ങ്ങും… മനസ്സിലായെന്ന് അവളും തലകുലുക്കി.
അച്ഛന്‍ എഴുന്നേറ്റ് ചെന്ന് ഒരു ക്യാമറയുമെടുത്ത് മടങ്ങിയെത്തി. അത് അവനിക്കു നേരെ നീട്ടി. ഇതാ നിനക്കൊരു ക്യാമറ. ഇഷ്ടം പോലെ ചിത്രങ്ങളെടുത്തോളൂ. പക്ഷെ ഒരു കാര്യമുണ്ട്. സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ഓരോ ചിത്രങ്ങളും ഓരോ പാഠങ്ങളാണ്. അത് കാലത്തെ ചിലത് പഠിപ്പിക്കണം.
അച്ഛന്‍ പറഞ്ഞത് മനസ്സിലായില്ലെങ്കിലും മനസ്സിലായതുപോലെ അവള്‍ തലയാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook