scorecardresearch
Latest News

ഭൂതത്താന്‍കുന്നില്‍ പൂ പറിക്കാന്‍ പോയ കുട്ടികള്‍ നോവല്‍ ഭാഗം 3

അച്ഛനെടുക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ അവള്‍ക്കും തോന്നും ഇതുപോലത്തെ ചിത്രമെടുക്കണമെന്ന്. കാടും മലയും പുഴയും കിളിയും നെല്‍പാടങ്ങളും തെയ്യവും കഥകളിയും കൃഷിക്കാരും… അങ്ങനെയങ്ങനെ… താനെടുത്ത ഒരുപാട് ചിത്രങ്ങളടെ ഒരാല്‍ബം.

ഭൂതത്താന്‍കുന്നില്‍ പൂ പറിക്കാന്‍ പോയ കുട്ടികള്‍ നോവല്‍ ഭാഗം 3

ക്യാമറ

എന്തോ അസൈന്‍മെന്റ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു അവനി. അടുത്തിരുന്ന് അനന്തുവും ഏതോ നോട്ട് പകര്‍ത്തിയെഴുതുന്നുണ്ട്. പിന്നില്‍ അച്ഛന്‍ വന്ന് നിന്നത് അവള്‍ അറിഞ്ഞേയില്ല. വലിയ ഇടവേളകളില്‍ പൂക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന ചെടികളുടെയും പൂക്കളുടെയും ചിത്രം മുറിച്ച് ഒട്ടിക്കുകയായിരുന്നു അവള്‍. ഒപ്പം അവയെക്കുറിച്ചുള്ള ചില കുറിപ്പുകളും.
നീയെന്റെ മാസികയൊക്കെ മുറിച്ച് ഇല്ലാതാക്കുമല്ലോ…. അച്ഛന്‍ ചോദിച്ചു.
അച്ഛന്‍ തന്നെ ശ്രദ്ധിക്കുന്ന കാര്യം അപ്പോഴാണ് അവളറിഞ്ഞത്. ഇത് പഴയൊരു മാസികയാണച്ഛാ. അച്ഛന് ആവശ്യമുള്ളതായിരുന്നോ. നീലക്കുറിഞ്ഞിയുടെ ചിത്രം എത്ര പരതിയിട്ടും വേറെ കിട്ടിയില്ല.
നിനക്ക് അച്ഛന്‍ എടുത്ത നീലക്കുറിഞ്ഞിയുടെ പടം കാണണോ.
ഇത്തവണ അച്ഛന്‍ നീലക്കുറിഞ്ഞിയുടെ പടം പിടിക്കാന്‍ പോയോ… യ്യോ…
എനിക്കതിപ്പം കാണണം.
അനന്തു നീ പോയി ആ കമ്പ്യൂട്ടര്‍ ഓണാക്ക്.
കേള്‍ക്കേണ്ട താമസം അവന്‍ പുസ്തകങ്ങള്‍ അവിടെത്തന്നെയിട്ട് അകത്തേക്ക് ഓടി.
കമ്പ്യൂട്ടറില്‍ നീലക്കുറിഞ്ഞി വസന്തം.
ചിത്രങ്ങള്‍ മാറി മറിയുന്നതിനിടയില്‍ അച്ഛന്‍ പറഞ്ഞു. ഇത്തവണ പൂക്കള്‍ വിരിഞ്ഞു തുടങ്ങിയ നേരത്താണ് പ്രളയം വന്നത്. കുറേ പൂക്കളെ പ്രളയം കൊണ്ടു പോയി.
ഇനി കാണണമെങ്കില്‍ 12 കൊല്ലം കഴിയണം അല്ലേ അച്ഛാ..
അതെ….
എനിക്കും നീലക്കുറിഞ്ഞികള്‍ പൂത്തു നില്‍ക്കുന്നത് കാണണമായിരുന്നു.
കാണാലോ…
ഇനിയും കാലം ഒരുപാട് മുന്നില്‍ നില്‍ക്കുകയല്ലേ.
വരയനാടുകളുടെ പിറകെയായിരുന്നു അനന്തു. മൂന്നാറില്‍ പോകുമ്പോള്‍ എന്നേയും കൊണ്ടു പോകണേ അച്ഛാ….
അടുത്ത തവണ നമുക്കെല്ലാം ഒരുമിച്ചു പോവാം.
അനന്തുവിന് സന്തോഷമായി.
ഈ നീലക്കുറിഞ്ഞി പൂക്കുന്നത് മുന്നാറില്‍ മാത്രമല്ല. നമ്മുടെ നാട്ടിലും കുറച്ചൊക്കെ പൂക്കാറുണ്ട്. നീലക്കുറിഞ്ഞിയും കരിങ്കുറിഞ്ഞിയുമൊക്കെ.
അതെവിടെ. അവനിക്ക് വിശ്വസിക്കാനായില്ല.
നമ്മുടെ തൊട്ടടുത്തു തന്നെ. കുട്ടിക്കാലത്ത് ഞങ്ങളൊക്കെ കണ്ടിട്ടുണ്ട്. അധികം ചെടികളൊന്നുമില്ല. കുറച്ച്.
എവിടെയാണച്ഛാ… അവള്‍ക്ക് ആകാംഷ അടക്കാന്‍ കഴിഞ്ഞില്ല.
നമ്മുടെ ഭൂതത്താന്‍ കുന്നില്‍.
ഭൂതത്താന്‍ കുന്നിലോ.
അതേ ഭൂതത്താന്‍ കുന്ന്.
അത് അച്ഛന്‍ പണ്ടെപ്പോഴോ പറഞ്ഞു തന്ന കഥയിലെ കുന്നല്ലേ… മലമുത്തപ്പനും ഭൂതവുമൊക്കെയുള്ള കുന്ന്.kt baburaj , novel
അതേ… അതുപോലൊരു കുന്ന്.
കമ്പ്യൂട്ടറില്‍ നീലക്കുറിഞ്ഞിയും വരയാടുകളും ചായത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ കണ്ട് അവനിയും അനന്തുവും അന്തംവിട്ടിരുന്നു. ചായചെടികളില്‍ മഞ്ഞുപടര്‍ന്നതുപോലെ അവരുടെ കണ്ണുകളിലും മഞ്ഞ് നിറഞ്ഞു.
എന്തൊരു മനോഹരമായ പടങ്ങളാണിത്.
നേരിട്ടു കാണുന്നതിനേക്കാള്‍ ഭംഗി.
അവനി പതുക്കെ അച്ഛന്റെ തോളില്‍ തട്ടി. പിന്നെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു. ഒരു സ്വകാര്യം ചോദിക്കുന്നതു പോലെ അച്ഛനോടു ചോദിച്ചു.
അച്ഛനിന്നലെ എനിക്കൊരു സമ്മാനം തരാമെന്ന് പറഞ്ഞിട്ടില്ലേ.
പറഞ്ഞു. പക്ഷെ നീ ചോദിച്ചില്ലല്ലോ.
എന്നാ ഇപ്പോ ചോദിക്കട്ടെ.
ങ്ആ.. ചോദിക്ക്.
എനിക്ക്… ഒരു ക്യാമറ വാങ്ങിച്ചു തര്വോ.
ക്യാമറയോ… അച്ഛന്‍ കുറച്ചുറക്കെയാണ് ചോദിച്ചത്.
അനന്തു ചാടിയെഴുന്നേറ്റ് വന്ന് അച്ഛനെ വട്ടം പിടിച്ചു.
അച്ഛാ എനിക്കൊരു സൈക്കിള്‍. ഗിയറുള്ള ഒരു സ്പീഡ് സൈക്കിള്‍.
ക്യാമറയല്ല നല്ല രണ്ട് പെടയാണ് കൊടുക്കേണ്ടത്. മുട്ടേന്ന് മൊളച്ചിട്ടില്ല. അപ്പോഴെക്ക് ക്യാമറ.
എപ്പോഴാണ് അമ്മ വന്നത് എന്ന് അവനി കണ്ടില്ല. അവളൊന്ന് ചൂളി.
പെമ്പിള്ളേര് ക്യാമറയും കഴുത്തിലിട്ട് നടക്ക്വല്ലേ. പോടീ അപ്പുറത്ത്. പോയി അപ്പുറത്ത് ചെന്ന് വല്ലതുമെടുത്ത് പഠിക്ക്.
അവനിക്ക് വല്ലാതായി. അവള്‍ക്കിത്തിരി സങ്കടവും വന്നു. സാധാരണ അവള്‍ അച്ഛനോടൊന്നും ആവശ്യപ്പെടാറില്ലാത്തതാണ്. പക്ഷെ അച്ഛനെടുക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ അവള്‍ക്കും തോന്നും ഇതുപോലത്തെ ചിത്രമെടുക്കണമെന്ന്. കാടും മലയും പുഴയും കിളിയും നെല്‍പാടങ്ങളും തെയ്യവും കഥകളിയും കൃഷിക്കാരും… അങ്ങനെയങ്ങനെ… താനെടുത്ത ഒരുപാട് ചിത്രങ്ങളടെ ഒരാല്‍ബം.
അവള്‍ മുഖം കുനിച്ചു നിന്നു.
അമ്മ അടുക്കളയിലേക്കു പോയിക്കഴിഞ്ഞിരുന്നു. അനന്തുവും പുറത്തേക്കു പോയി.
മുറിയില്‍ അവളും അച്ഛനും മാത്രമായി.
മോളേ… അച്ഛന്‍ വിളിച്ചു.
അവള്‍ മുഖമുയര്‍ത്താന്‍ മടിച്ചപ്പോള്‍ അച്ഛന്‍ അടുത്തു വന്നു. പതുക്കെ അവളുടെ മുഖം പിടിച്ചുയര്‍ത്തി.
അവളുടെ കണ്ണുകളിലേക്കു നോക്കി.
നിനക്ക് ക്യാമറ വേണോ.
ഉം അവള്‍ തലയിളക്കി.
ഒരു പുതിയ ക്യാമറ വാങ്ങാന്‍ ഒരുപാട് കാശാവും. തല്ക്കാലം അച്ഛന്റെ പഴയൊരു ക്യാമറ നിനക്കു തരാം. അതില്‍ ചിത്രങ്ങളെടുത്ത് പഠിക്ക്. കുറച്ചു കഴിഞ്ഞ് പുതിയൊരെണ്ണം വാങ്ങാം.
പെട്ടെന്ന് അവളുടെ മുഖം തെളിഞ്ഞു. കണ്ണുകളില്‍ നക്ഷത്രത്തിളക്കമുണ്ടായി. അവള്‍ അച്ഛനെ കെട്ടിപ്പിടിച്ച് കവിളിലൊരുമ്മ കൊടുത്തു.
താങ്ക്യൂ അച്ഛാ…

ആരോ നിലവിളിച്ചല്ലോ…

സ്‌കൂള്‍ ബസ്സിന്റെ ജാലകത്തിലൂടെ അവനി പുറംകാഴ്ചകള്‍ കാണുകയായിരുന്നു. പതുക്കെയായിരുന്നു ബസ് പോയിക്കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ കാഴ്ചകളും പിന്നോട്ടോടിയത് പതുക്കെയായിരുന്നു. അങ്ങു ദൂരെ അച്ഛന്‍ പറഞ്ഞ കുന്നു കണ്ടു. നീലക്കുറിഞ്ഞി പൂക്കുന്ന കുന്ന്. അവിടെ ഇത്തവണയും കുറിഞ്ഞി പൂത്തിട്ടുണ്ടാവുമോ…
അച്ഛന്‍ പറഞ്ഞ് പാതി നിര്‍ത്തിയ കഥയിലെ ഭൂതത്താന്‍ കുന്ന് അതുതന്നെയായിരിക്കുമോ.
അച്ഛന്‍ കഥ മുഴുവന്‍ പറഞ്ഞില്ല.
അപ്പോഴെക്കും അച്ഛന് ഫോണു വന്നിരുന്നു.
അച്ഛന്‍ ഫോണുമെടുത്ത് പുറത്തു പോയി. തിരിച്ചു വരുമ്പോഴേക്കും ഞാനും അനന്തുവും ഉറങ്ങിക്കഴിഞ്ഞിരുന്നു.
പിന്നെ ചോദിച്ചപ്പോഴൊക്കെ പിന്നെയാവാം ഇപ്പോള്‍ സമയമില്ല എന്നൊക്കെപ്പറഞ്ഞ് അച്ഛന്‍ ഒഴിഞ്ഞു മാറി.
മറ്റൊരിക്കല്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു. അതൊരു കഥയല്ലേ. ബാക്കി കഥ നിന്റെ ഭാവനക്കനുസരിച്ച് പൂര്‍ത്തിയാക്ക്. നോക്കട്ടെ എങ്ങനെയുണ്ട് എന്നൊക്കെ.
പാറക്കെട്ടിനിടയിലെ ഗുഹയിലകപ്പെട്ട ആ കുട്ടികള്‍ക്ക് എന്ത് സംഭവിച്ചിരിക്കും.
മലമുത്തപ്പന് അവരെ രക്ഷിക്കാനായിട്ടുണ്ടാവുമോ.
പാറപ്പുറത്ത് അവര്‍ ശേഖരിച്ച പൂക്കളെല്ലാം വാടിക്കരിഞ്ഞിട്ടുണ്ടാവില്ലേ
അവനി പതുക്കെ കണ്ണടച്ചു.
ഒരിളം കാറ്റ് വന്ന് അവളുടെ മുടിയിഴകളെ തഴുകി. അവള്‍ക്ക് ഉറക്കം വരുന്നതുപോലെ.
ഗുഹക്കിടയില്‍ നിറയെ ഇരുട്ടായിരുന്നു. കുട്ടികള്‍ പരസ്പരം കെട്ടിപ്പിടിച്ചു ഭയപ്പാടോടെ കരഞ്ഞു. വെളിച്ചത്തിന്റെ ഒരു തരി പോലുമില്ല. കാലിനിടയിലൂടെ എന്തൊക്കെയോ ഇഴയുന്നു.
ഏതോ ഒരു ജീവി നിര്‍ത്താതെ കരയുന്നു. മണ്ണട്ടകളായിരിക്കും.
എല്ലാവര്‍ക്കും നല്ല വിശപ്പുണ്ടായിരുന്നു. നെല്ലിക്കയും പച്ചവെള്ളവുമല്ലാതെ പകലൊന്നും കഴിച്ചിരുന്നില്ല.
കൂട്ടത്തില്‍ ഇളയകുട്ടി പറഞ്ഞു.
ഞാനിപ്പോള്‍ ചത്തു പോകും.
മുതിര്‍ന്നവന്‍ ഇളയകുട്ടിയെ ചേര്‍ത്തു പിടിച്ചു. പേടിക്കേണ്ട. ഒന്നും സംഭവിക്കില്ല. നേരം പുലരട്ടെ. അപ്പോള്‍ വെളിച്ചം വരും. എന്തെങ്കിലുമൊരു വഴി തെളിയും. പെട്ടെന്ന് ഗുഹയ്ക്കുള്ളില്‍ ഒരു ചെറിയ വെളിച്ചം. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു മിന്നാമിനുങ്ങ്. മിന്നാമിനുങ്ങ് അവര്‍ക്കു ചുറ്റും വട്ടമിട്ടു പറന്നു. പിന്നെയത് മുന്നോട്ട് പറക്കാന്‍ തുടങ്ങി.
വാ… എല്ലാവരും വാ… മുതിര്‍ന്ന കുട്ടി പറഞ്ഞു.
എങ്ങോട്ട് മറ്റുള്ളവര്‍ ചോദിച്ചു.
കണ്ടില്ലേ ആ മിന്നാമിനുങ്ങിന്റെ പിന്നാലെ.kt baburaj, novel
കുട്ടികള്‍ പരസ്പരം കൈകോര്‍ത്തുപിടിച്ച് പതുക്കെ നടക്കാന്‍ തുടങ്ങി. ഒരു കൈകൊണ്ടു ഗുഹയുടെ ചുമരില്‍ തൊട്ടുതൊട്ടാണ് അവര്‍ നടന്നത്. മിന്നാമിനുങ്ങ് മുന്നില്‍ തന്നെയുണ്ടായിരുന്നു.
അയ്യോ അമ്മേ… പിന്നില്‍ പെട്ടെന്ന് ഒരു നിലവിളിയുയര്‍ന്നു.
ആരോ പിടിച്ചു കുലുക്കുകയാണ്.
അവനി… എടി അവനി… നീ വരുന്നില്ലേ. സാന്ദ്രയാണ്.
ആരാ നിലവിളിച്ചത്…
നിലവിളിക്കാനോ. നിനക്ക് വട്ടായോടി.
അവനി ബസ്സിലാകമാനം നോക്കി. അവളും സാന്ദ്രയും മാത്രമേയുള്ളൂ. ഡ്രൈവര്‍ വേഗമിറങ്ങാന്‍ കണ്ണുകൊണ്ടാഗ്യം കാണിക്കുന്നു.
എവിടെയാണ് കഥ മുറിഞ്ഞത്…
ക്ലാസിലേക്കു നടക്കുമ്പോള്‍ അവള്‍ അതായിരുന്നു ചിന്തിച്ചത്. വഴികാട്ടിയായി മുന്നിലൊരു മിന്നാമിന്നി. പിന്നില്‍ കൈകള്‍ കോര്‍ത്തു പിടിച്ച് ചങ്ങലപോലെ കുട്ടികള്‍. കാലുകള്‍ക്കിടയില്‍ ഇഴഞ്ഞു നടക്കുന്ന പാമ്പുകള്‍. ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍. വവ്വാലുകളുടെ ചിറകടി.
അപ്പോള്‍ ആരാണ് നിലവിളിച്ചത്…

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Bhoothathankunnil pooparikkan poya kuttikal novel part 3 kt baburaj