ഭൂതത്താന്‍കുന്നില്‍ പൂ പറിക്കാന്‍ പോയ കുട്ടികള്‍-നോവല്‍ ഭാഗം 2

മോള്‍ക്ക് ശാസ്ത്രമേളയില്‍ ഒന്നാം സമ്മാനം… അതെയോ… അമ്മയുടെ മുഖത്ത് അത്ഭുതം നിറഞ്ഞൊരു ചിരി തെളിഞ്ഞു

kt baburaj, novel

അവനി

കൈയിലൊരു ട്രോഫിയും ഉയര്‍ത്തിപ്പിടിച്ചാണ് അവനിയും പിന്നാലെ അനന്തുവും സ്‌ക്കൂള്‍ ബസ്സില്‍ നിന്നിറങ്ങിയത്. ബസ്സിറങ്ങിയ ഉടന്‍ അവര്‍ വീട്ടിലേക്കൊരു ഓട്ടം വെച്ചുകൊടുത്തു. അച്ഛന്‍ ഉമ്മറത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. തന്റെ ചാരുകസേരയില്‍ നാഷണല്‍ ജ്യോഗ്രഫി മാസികയുടെ പുതിയ ലക്കം മറിച്ചുനോക്കിക്കൊണ്ട്. അപ്പോഴാണ് അവനിയും അനന്തുവും ഓടി വന്നത്. തോളിലിട്ടിരുന്ന ബാഗുകള്‍ കുടഞ്ഞെറിഞ്ഞ്, അവര്‍ അച്ഛന്റെ ചാരുകസേരയുടെ കൈകളില്‍ കയറിയിരുന്നു.
അച്ഛാ ഇത് നോക്ക്…
അവനി തന്റെ കൈയിലെ ട്രോഫി അച്ഛനുനേരെ നീട്ടി.
വലിയ ട്രോഫിയാണല്ലോ. ഇതിപ്പോ ഏതുവകയിലാണ്.
ശാസ്‌ത്രോത്സവത്തില്‍ എന്റെ പ്രോജക്ടിന് കിട്ടിയതാ.
വളരെ നല്ലത്… എന്തായിരുന്നു മോളുടെ പ്രോജക്ട്…
ഭൂമിയുടെ ഉപരിതലത്തെ മനുഷ്യന്‍ നശിപ്പിക്കുമ്പോള്‍ പ്രകൃതിക്കുണ്ടാകുന്ന മാറ്റങ്ങള്‍… എങ്ങനെ. പക്ഷെ ആശയം എന്റെ സോഷ്യല്‍ സാറ് പറഞ്ഞുതന്നതാ..
ആര് സുധാകരന്‍ മാഷോ…
അതെ… മാഷ് ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാ. മാഷൊരു കുഞ്ഞു സിനിമയെടുക്കുന്നുണ്ട് അതില് എന്നേം കൂട്ടാമെന്ന് പറഞ്ഞിട്ടുണ്ട്.
അതേയോ നല്ലത്.
അനന്തു അച്ഛന്റെ മടിയില്‍ നിന്നു മാസികയെടുത്ത് ചിത്രങ്ങള്‍ നോക്കാന്‍ തുടങ്ങി. ശ്ശോ…
ആന, കടുവ എന്നൊക്കെ അവന്‍ ഇടയ്ക്കിടെ വിളിച്ചു പറയാനും തുടങ്ങി.
ഈ സമ്മാനത്തിന് അച്ഛന്റെ വക എന്ത് സമ്മാനമാ മോള്‍ക്ക് വേണ്ടത്…
പറയട്ടെ… തര്വോ…
നീ പറ…
അല്ലെങ്കില് വേണ്ട… പിന്നേ പറയാം. പിന്നെ ഇന്നും സുധാകരന്‍ മാഷ് ചോദിച്ചു. ഹെഡ്മാഷും പറഞ്ഞു. നിന്റെച്ഛന്‍ വലിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറല്ലേ… അച്ഛന്റെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം സ്‌ക്കൂളില് വെക്കാന്‍ പറയൂ എന്ന്. ഒപ്പം അച്ഛന്റെ ഒരു ക്ലാസ്സും വേണത്രേ…kt baburaj ,novel

മാഷച്ഛനെ ക്ഷണിക്കാന്‍ വരും.
പറ്റൂല്ലാന്ന് പറയരുതേ അച്ഛാ. എനിക്ക് നാണക്കേടാണ്.
അവരു വരട്ടെ നമുക്ക് നോക്കാം… അച്ഛന്‍ പറഞ്ഞു.
അമ്മ വാതില്‍ പടിയില്‍ വന്നു നിന്നു.
എന്താ സ്‌ക്കൂളിന്ന് വന്നിട്ട് രണ്ടിനും യൂണിഫോം മാറണ്ടെ. കാലും മുഖവുമൊന്നും കഴുകേണ്ടെ.
അവനിയും അനന്തുവും താഴെയിറങ്ങി സ്‌ക്കൂള്‍ ബാഗുമെടുത്ത് അകത്തേക്ക് കയറാന്‍ റെഡിയായി. അച്ഛനാകട്ടെ ചാരുകസേരയില്‍ നിന്ന് പതുക്കെയെഴുന്നേറ്റ് തന്റെ കയ്യിലെ ട്രോഫി അമ്മയ്ക്കു നേരെ നീട്ടി.
ഇതാ നിനക്കൊരു സമ്മാനമിരിക്കട്ടെ.
എന്തിന്… നിങ്ങളയൊക്കെ സഹിക്കുന്നതിനോ
അങ്ങനെയെങ്കില്‍ അങ്ങനെ. വീര സഹനശ്രീ അവാര്‍ഡ്. ഇന്നാ പിടിച്ചാട്ടെ
അമ്മ ട്രോഫി വാങ്ങി തിരിച്ചും മറിച്ചും നോക്കി.
ഇതെവിടുന്ന്.
മോള്‍ക്ക് ശാസ്ത്രമേളയില്‍ ഒന്നാം സമ്മാനം…
അതെയോ… അമ്മയുടെ മുഖത്ത് അത്ഭുതം നിറഞ്ഞൊരു ചിരി തെളിഞ്ഞു.
പിന്നല്ലാതെ… അവളാരുടെയാ മോള്. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ റാംമോഹന്റെ…
ഓ… അതെയതെ… നല്ല കാര്യത്തിന് മാത്രം അച്ഛന്റെ മോള്… അല്ലെങ്കിലും ഈ കാട്ടുജീവികളുടെ സഹവാസം കൊണ്ട് നിങ്ങളുമൊരു മൊരടനായിക്കൊണ്ടിരിക്കുകയാ. അമ്മ മുഖം വീര്‍പ്പിച്ചു… പിന്നെ ഉറക്കെ ചിരിച്ചു. കൈയ്യിലെ ട്രോഫിയില്‍ ഒന്നുമ്മവെച്ചു.
തിരിഞ്ഞു നടക്കുമ്പോള്‍ ചോദിച്ചു.
നിങ്ങള്‍ക്കൊരു ചായയിട്ടു തരട്ടെ.
ആവാം. നല്ലൊരു സുലൈമാനി.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Bhoothathankunnil pooparikkan poya kuttikal novel part 2 kt baburaj

Next Story
ഭൂതത്താന്‍ കുന്നില്‍ പൂപറിക്കാന്‍ പോയ കുട്ടികള്‍: ഭാഗം ഒന്ന്k t baburaj , novel
The moderation of comments is automated and not cleared manually by malayalam.indianexpress.com