കുട്ടിപ്പട്ടാളം

അബു നിന്റെ കയ്യില്‍ ഫോണില്ലേ. അവനി പ്രതീക്ഷയോടെ അവനെ നോക്കി.
പെട്ടന്നെന്തോ ഓര്‍ത്തതുപോലെ അബു തന്റെ കീശയില്‍ തപ്പി.
ഉണ്ട്.
വിളിക്കാന്‍ പറ്റുമോ… അവള്‍ ഒച്ചതാഴ്ത്തി ചോദിച്ചു.
പറ്റും… പക്ഷേ, ബാറ്ററി ചാര്‍ജ്ജു കുറവാ.
അവനി അവന്റെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി.
വളരെ കുറച്ച് ചാര്‍ജ്ജേയുള്ളൂ. ഏത് നിമിഷവും ചാര്‍ജ്ജു തീര്‍ന്നുപോയേക്കാം.
ദൈവമേ. അവള്‍ പ്രാര്‍ത്ഥിച്ചു.
അവള്‍ വാട്‌സാപ്പില്‍ ഒരു സന്ദേശം ടൈപ്പ് ചെയ്തു. അച്ഛന്, ഭദ്രന്‍സാറിന്, സുധാകരന്‍മാഷിന്.
‘ഞങ്ങളിവിടെ ഭൂതത്താന്‍കുന്നിലെ ഗുഹയില്‍ അപകടത്തിലാണ്. രക്ഷിക്കുക.. ഇവിടെ ആരൊക്കെയോ ഉണ്ട്.. അവനി.’
മെസ്സേജ് സെന്‍ഡ് ചെയ്തതും ഫോണ്‍ ഓഫായതും ഒരുമിച്ച്.
ദൈവമേ… അവളുടെ ഉള്ളില്‍ നിന്നും ഒരു നിലവിളി ഉയരുന്നു.
ഫോണ്‍ അബുവിന് നീട്ടി അവള്‍ മുട്ടില്‍ തലയമര്‍ത്തിക്കിടന്നു.
ഇനിയെന്തു ചെയ്യും.
അറിയില്ല.
മെസ്സേജ് പോയിക്കാണുമോ.
അറിയില്ല.
എല്ലാവരും ഒച്ചയില്ലാതെ കരയാന്‍ തുടങ്ങി. അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു.
എനിക്കിവിടെ ശ്വാസം മുട്ടുന്നു.
നിമിഷ പറഞ്ഞു.
അനങ്ങാതിരിക്ക്… എന്തെങ്കിലും വഴി കാണും.
കൂട്ടത്തിലാരോ കുഴഞ്ഞു വീണു.
ആരാ.. അവനി ചോദിച്ചു.
സനിലയാണ്… അയ്യോ. ആരോ ഒച്ചവെച്ചത് കുറച്ചുറക്കെയായി.
നിവര്‍ന്നുനില്ക്കാന്‍ പോലും കഴിയാത്ത ഗുഹയാണ്. നിലത്ത് വെള്ളത്തിന്റെ നനവുണ്ട്. അവനി കൈ നിലത്തമര്‍ത്തി. അത് സനിലയുടെ മുഖത്ത് തടവി.
അവള്‍ മെല്ലെ കണ്ണ് തുറന്നു.
പേടിക്കല്ലെ… നമുക്കിവുടന്ന് രക്ഷപ്പെടാം.
ഗുഹയ്ക്ക് പുറത്ത് ശബ്ദങ്ങള്‍ കേട്ടു. ആരോ പാറക്കല്ലില്‍ ഒരു കുപ്പി എറിഞ്ഞുടച്ചതിന്റേതാണ്.
കുറച്ചുപേര്‍ ആര്‍ത്തു ചിരിക്കുന്നു. പരസ്പരം തെറി പറയുന്നു. ഒരാള്‍ ഒരു തമിഴ് പാട്ട് പാടിത്തുടങ്ങിയപ്പോള്‍ ആരൊക്കെയോ അതേറ്റുപാടുന്നു.
ആ പിള്ളേര് ശ്വാസം മുട്ടി ചത്തുപോയിട്ടുണ്ടാവ്വോടാ..
ആരോ ചോദിക്കുന്നു.
ചത്തുപോട്ടെ… ശവങ്ങള്. ഞങ്ങടെ കഞ്ഞീല് പാറ്റയിട്ടവരല്ലേ.
തൊലഞ്ഞുപോട്ട്..
അവനിക്ക് തന്റെ നെഞ്ചിടിപ്പുകള്‍ കൂടുന്നത് കേള്‍ക്കാം. ഇങ്ങനെയിരുന്നാല്‍ ശരിയാവില്ല. എടാ.. അബൂ.. നവനീതേ.. സാന്ദ്രാ… അവള്‍ വിളിച്ചു.
നമുക്കെല്ലാവര്‍ക്കും കൂടി ഒരു പാട്ടുപാടിയാലോ.
പാട്ടോ ഈ സമയത്തോ.
പിന്നല്ലാതെ.
അവനി പാടിത്തുടങ്ങി.
പൂങ്കിറിഞ്ഞി കരിങ്കുറിഞ്ഞി,
നീലക്കുറിഞ്ഞി വിരുന്നുവന്നു.
മാമല മേലെ ഉത്സവം കൂടാന്‍
കാലത്തെ നേരത്തെ വിരുന്നുവന്നു.
പൂങ്കുറിഞ്ഞി…
അവര്‍ നിര്‍ത്താതെ പാടിക്കൊണ്ടിരുന്നു. പാടിപ്പാടിപ്പോകെ അവരുടെ ഭയമെല്ലാം പോയൊളിച്ചു. ഉച്ചത്തില്‍ പിന്നേയുമുച്ചത്തില്‍ അവര്‍ അതേ വരികള്‍ തന്നെ പാടിക്കൊണ്ടിരുന്നു.
പാറക്കെട്ടുകളിലെ ഒച്ചപ്പാടുകള്‍ അവരറിഞ്ഞില്ല. ഉച്ചവെയില്‍ താഴാന്‍ തുടങ്ങിയതും അവരറിഞ്ഞില്ല. വിശപ്പും ദാഹവും അവരറിഞ്ഞില്ല. അവര്‍ പാടിക്കൊണ്ടേയിരുന്നു.
പൂങ്കുറിഞ്ഞി കരിങ്കുറിഞ്ഞി..
പുറത്തെന്തൊക്കെയാണ് നടക്കുന്നതെന്നും അവരറിഞ്ഞില്ല. പോലീസ് കുന്നുവളഞ്ഞതും കുറ്റവാളികളെ വളഞ്ഞിട്ടു പിടിച്ചതും അവരറിഞ്ഞില്ല.
പാറക്കെട്ടിന്റെ വിടവിലൂടെ ഒരു വെളിച്ചം വന്നപ്പോള്‍ മാത്രം അവര്‍ പാട്ടു നിര്‍ത്തി.
ചില നിഴലുകള്‍ പാറക്കെട്ടിനകത്തേക്കു കടന്നു.
മോളെ അവനി…
അത് അച്ഛന്റെ ശബ്ദമാണല്ലോ…

ഒരു കഥയുടെ അവസാനം

ഭൂതത്താന്‍ കുന്നില്‍ ഖനനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. ഒപ്പം ഭൂതത്താന്‍ കുന്ന് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനവും വന്നു. ഭൂതത്താന്‍ കുന്ന് സംരക്ഷണത്തിനായി പൂങ്കാവ് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന മനുഷ്യചങ്ങല ചരിത്രത്തിന്റെ ഭാഗവുമായി. ഭൂതത്താന്‍ കുന്ന് സന്ദര്‍ശിക്കാനെത്തുന്നവര്‍ കുന്നിനു താഴെ പണിത ഒപ്പുമരത്തില്‍ ഒപ്പുകള്‍ ചാര്‍ത്തിക്കൊണ്ടിരുന്നു.
കാലത്ത് ഭദ്രന്‍സര്‍ അച്ഛനെ വിളിച്ചു. ഒരു സന്തോഷവാര്‍ത്തയുണ്ട്.
എന്ത് വാര്‍ത്ത… പറയൂ സാര്‍.
ഒരു അവാര്‍ഡുണ്ട്…
അവാര്‍ഡോ… എനിക്കോ…
അച്ഛന്റെ ശബ്ദം കേട്ട് അമ്മയ്ക്ക് പിന്നാലെ അവനിയും ഉമ്മറത്തേക്ക് പാഞ്ഞെത്തി.
എടീ… അച്ഛന് വീണ്ടും അവാര്‍ഡ്.
ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ ഭദ്രന്‍സാറിന്റെ ശബ്ദം കേള്‍ക്കാം.
അവാര്‍ഡ് നിങ്ങള്‍ക്കല്ല. മകള്‍ക്കാണ്…kt baburaj,novel

എന്ത്… മോള്‍ക്കോ…
അച്ഛന്റെ കണ്ണുകള്‍ തന്റെ നേരെ നീളുന്നതും ആ കണ്ണുകള്‍ നനഞ്ഞു തുടങ്ങുന്നതും അവനി കണ്ടു. അമ്മ അച്ഛന്റെ തോളില്‍ പിടിച്ചു കുലുക്കി.
എന്താ… എന്താ…
ഫോണ്‍ കട്ടുചെയ്ത് താഴെ വെച്ച് അച്ഛന്‍ അവനിയെ വാരിയെടുത്ത് വട്ടം ചുറ്റി.
ഒന്നും മനസ്സിലാവാതെ അനന്തു അന്തംവിട്ടു നില്ക്കുകയായിരുന്നു.
അച്ഛന്‍ അനന്തുവിനേയും അമ്മയേയും ചേര്‍ത്തുപിടിച്ച് പറഞ്ഞു. അവനി എസ്. റാമിന് ഫോട്ടോഗ്രാഫി അവാര്‍ഡ്… അന്ന് പത്രത്തില്‍ വന്നില്ലേ… ആ ചിത്രത്തിന്.
അവനിക്ക് വിശ്വസിക്കാനായില്ല. അപ്പോള്‍ അവള്‍ക്കൊരു നാണം വന്നു. അവള്‍ അമ്മയുടെ സാരിത്തുമ്പില്‍ ഒളിച്ചു.
അല്ലേലും അവള്‍ എന്റെ മോളാ… അമ്മ പറഞ്ഞു.
അങ്ങനെയല്ലല്ലോ സാധാരണ അമ്മ പറയാറ്. അനന്തു അമ്മയെ നോക്കി.
നീ പോടാ കൊരങ്ങാ… അമ്മ അവന്റെ നേരെ കൈവീശി. അത് ഏറ്റുവാങ്ങാതെ അവനൊരു ഓട്ടം വെച്ചുകൊടുത്തു.
ആ ക്യാമറ എറിഞ്ഞുടച്ചതിന്റെ വാര്‍ത്തയും പത്രത്തില്‍ വന്നിരുന്നല്ലോ. ക്യാമറ കമ്പനിയുടെ കേരളത്തിലെ വില്പനക്കാര്‍ അവരുടെ പുതുപുത്തന്‍ ക്യാമറ ഇവള്‍ക്ക് സമ്മാനമായി നല്കുന്നുണ്ടത്രേ…

അച്ഛന്‍ കിടക്കുകയായിരുന്നു.
അവനി അച്ഛന്റെ കൈത്തണ്ടയില്‍ തലവെച്ച് ചേര്‍ന്നുകിടന്നു. അച്ഛന്റെ കൈ അവളുടെ നെറ്റിയില്‍ പതുക്കെ തലോടിയപ്പോള്‍ അവള്‍ക്കുറക്കം വന്നു.
ഉറക്കത്തില്‍ ഭൂതത്താന്‍ കുന്നില്‍ പൂപ്പറിക്കാന്‍ പോയ കുട്ടികളോടൊപ്പം അവളെത്തി. ഗുഹയുടെ ഇരുട്ടില്‍ മിന്നാമിനുങ്ങിന്റെ വെളിച്ചത്തിനു പിറകില്‍ കുട്ടികള്‍ പരസ്പരം കൈകോര്‍ത്തു നടന്നു. കുറേ നടന്നപ്പോള്‍ തറയിലൂടൊഴുകിയ വെള്ളം അവരുടെ കാലുകളെ നനയ്ക്കാന്‍ തുടങ്ങി. തൊട്ടടുത്തായി ഒരു വെള്ളച്ചാട്ടത്തിന്റെ ഒച്ച അവര്‍ കേട്ടു. പിന്നെ മിന്നാമിനുങ്ങിനെ കണ്ടില്ല.
അവര്‍ അവിടെ തന്നെ അന്ധാളിച്ചു നിന്നു. എപ്പോഴോ ഒരു വെളിച്ചം അവരെ തഴുകാന്‍ തുടങ്ങി. കണ്ണു തുറന്നപ്പോള്‍ വെള്ളച്ചാട്ടത്തിനപ്പുറത്ത് ഉദിച്ചുയരുന്ന സൂര്യന്‍.
പാറക്കെട്ടുകളില്‍ പതുക്കെ പതുക്കെ പിടിച്ച് അവര്‍ മുകളിലെത്തി.
മുകളില്‍ കണ്ട കാഴ്ചകള്‍ അവരെ വിസ്മയിപ്പിച്ചു.
ഭൂതത്താന്‍ കുന്നില്‍ നീലക്കുറിഞ്ഞി വസന്തം. ഇളം വയലറ്റു പൂക്കളാല്‍ ഭൂതത്താന്‍ കുന്നാകെ പൂത്തുലഞ്ഞ് നില്ക്കുന്നു.
പൂക്കള്‍ക്കിടയിലൂടെ ആര്‍ത്തുല്ലസിച്ച് കുട്ടികള്‍ മലയിറങ്ങാന്‍ തുടങ്ങി.
താഴ്‌വാരത്ത് കുട്ടികളേയും കാത്തിരുന്നവര്‍ ആര്‍ത്തുവിളിച്ചു. ഭൂതത്താന്‍ കുന്നില്‍ പൂ പറിക്കാന്‍ പോയ കുട്ടികള്‍ തിരിച്ചുവന്നേ…
അവനിയും ആര്‍ത്തുവിളിച്ചു.
അച്ഛന്‍ ഞെട്ടിയുണര്‍ന്ന് ലൈറ്റിട്ടു.
എന്താ… എന്താ… അമ്മ വേവലാതിയോടെ ചോദിച്ചു.
അവനി മുഖമുയര്‍ത്താതെ പറഞ്ഞു.
അച്ഛന്‍ പറഞ്ഞ കഥയിലെ കുട്ടികള്‍ തിരിച്ചുവന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook