ഒപ്പുമരം

ഭൂതത്താന്‍ കുന്നിന്റെ താഴ്‌വരയിലേക്ക് വാഹനങ്ങളുടെ ഒഴുക്കായിരുന്നു. മിക്കതും സ്‌കൂള്‍ വണ്ടികളായിരുന്നു. സ്‌കൂള്‍ കുട്ടികളും അധ്യാപകരും മാത്രമായിരുന്നില്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടിലെ ഗ്രന്ഥശാല സംഘത്തിന്റെ ആളുകള്‍, ക്ലബ്ബുകള്‍, പെന്‍ഷന്‍കാരുടെ സംഘം, മഹിളാ സംഘടനകള്‍..
പ്രതീക്ഷിച്ചതിലും വലിയ പ്രതിഷേധമായിരുന്നു.
പത്രക്കാരും ചാനലുകളും നേരത്തെ എത്തിയിരുന്നു. അവിടെ വലിയൊരു ഒപ്പുമരം തയ്യാറാക്കിയിരുന്നു. വരുന്നവരും പോകുന്നവരുമൊക്കെ ഭൂതത്താന്‍ കുന്നിനെ രക്ഷിക്കുക എന്നെഴുതിയ കൊച്ചുകാര്‍ഡുകളില്‍ തങ്ങളുടെ പേരെഴുതി ഒപ്പുവെച്ച് മരത്തില്‍ തൂക്കി.
പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത് ദേശത്തെ ഏറ്റവും പ്രായംകൂടിയ കര്‍ഷകനായ ഗോവിന്ദേട്ടനായിരുന്നു. 101 വയസ്സുള്ള ഗോവിന്ദേട്ടന്‍ ഒപ്പുമരത്തില്‍ തന്റെ ചുണ്ടൊപ്പു ചാര്‍ത്തി. പിന്നെ ചങ്ങലയില്‍ കണ്ണിചേര്‍ന്നു. അതായിരുന്നു ഉദ്ഘാടന ചടങ്ങ്.
അവനി ഇന്ന് ഫോട്ടോയൊന്നുമെടുക്കുന്നില്ലേ. ലതിക ടീച്ചര്‍ ചോദിച്ചു.
ഇവിടെ നിറയെ ഫോട്ടോഗ്രാഫര്‍മാരല്ലേ… പിന്നെ ഞാനെന്തിന്..
ടീച്ചര്‍ പേടിക്കണ്ട. ഞാനെടുക്കുന്നുണ്ട്. അബുസലിം തന്റെ കീശയില്‍ നിന്നും പതുക്കെ ഫോണ്‍ പുറത്തെടുത്തു.
ഓ നീ ഇന്നും അത് കൊണ്ടുവന്നിട്ടുണ്ടല്ലേ.. നിന്നെ ഞാന്‍. ടീച്ചര്‍ മുന്നോട്ടാഞ്ഞപ്പോഴേക്കും അവന്‍ ഓടിക്കളഞ്ഞു.

ഗുഹ

പരിസ്ഥിതി ക്ലബ്ബിലെ പതിനാലുപേര്‍ കുന്ന് കയറാന്‍ തുടങ്ങി. അത് അവര്‍ ആരോടും ചോദിക്കാതെ തീരുമാനിച്ച പരിപാടിയായിരുന്നു. ഫോട്ടോയെടുക്കാന്‍ പഠിപ്പിക്കാമെന്ന് അവനി കൂട്ടുകാര്‍ക്ക് വാക്കുകൊടുത്തതായിരുന്നു. കുന്നുകയറുമ്പോള്‍ ക്യാമറ നവനീതിന്റെ കഴുത്തിലായിരുന്നു. പിന്നെയത് സാന്ദ്രയുടെ കൈയിലായി. അബുസലിം അത് പിടിച്ചുവാങ്ങിയതോടെ അത് പിന്നെ ആര്‍ക്കും കിട്ടാതായി.
ഇടയ്ക്കിടെ പൂമ്പാറ്റകള്‍ കൂട്ടംകൂട്ടമായി പറക്കുന്നതുകണ്ടു. വഴിയില്‍ വലിയൊരു ആനപിണ്ഡം കണ്ടു. അത് ഫുട്‌ബോള്‍ പോലെ ചവിട്ടിത്തെറിപ്പിച്ച അബുസലീമിനോട് ആഷിക്ക് പറഞ്ഞു. എടാ അത് ആനയുടെ അപ്പിയാണ്.
എന്റമ്മോ… അബുസലിം പെട്ടെന്ന് ക്യാമറ അവനിക്കു തിരിച്ചുകൊടുത്തു.
ഇവിടെ ആന കാണുമോ…
ആന പിണ്ഡം കണ്ടാല്‍ ആനേ കാണില്ലേ… ആരോ ഇടയില്‍ നിന്നും ചോദിച്ചു.
തിരിച്ചുപോയാലോ.. നന്ദനയുടെ കണ്ണില്‍ ഭയം നിറഞ്ഞു.
ഒന്നു മുകളിലോളം കയറിയിട്ട് വേഗം ഇറങ്ങാം. ഷെറിന്‍ ജേക്കബ് തന്റെ കഴുത്തില്‍ തൂങ്ങിക്കിടന്ന കുരിശുമാലയെടുത്ത് മുത്തിയിട്ട് ഷര്‍ട്ടിനകത്തേക്കുതന്നെയിട്ടു.
അവരുടെ കുന്ന് കയറ്റത്തിന് പിന്നെ അധികം ഒച്ചയുണ്ടായില്ല. എല്ലാവരേയും ഒരാനപ്പേടി പിന്തുടര്‍ന്നു.
ഭൂതത്താന്‍ കുന്നിനുമുകളില്‍ വിശാലമായ പരപ്പാണ്. ആ പരപ്പില്‍ മഞ്ഞപ്പുല്ലുകള്‍ വളര്‍ന്നിരുന്നു. ഇടയ്ക്ക് നല്ല കാറ്റുവീശി. ഒരു കോടവന്ന് അവരെ പുതപ്പിച്ചു.
അയ്യോ എനിക്കാരേയും കാണാന്‍ പറ്റുന്നില്ല. അബുവിന്റെ ശബ്ദമാണ്.
ഞങ്ങളെല്ലാം ഇവിടെയുണ്ടെടാ…
കോട മാഞ്ഞുപോയി.
നീരൊഴുക്കിന്റെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. വഴിയില്‍ അവിടവിടെയായി കുപ്പികളും പ്ലാസ്റ്റിക് കൂടുകളും കാണാന്‍ തുടങ്ങി.
ഇവിടെ കള്ളുകുടിയന്മാര്‍ വരാറുണ്ട്. അബുസലിം വലിയൊരു കണ്ടെത്തല്‍ നടത്തിയപോലെ പറഞ്ഞു.
ഉണ്ടാവും ആരോ ഏറ്റുപിടിച്ചു.
അവര്‍ നീരൊഴുക്കില്‍ കാല്‍ കഴുകി. മുഖം തുടച്ചു. ചിലര്‍ ഒഴുക്കില്‍ കൈക്കുമ്പിള്‍വെച്ച് വെള്ളം കോരിക്കുടിച്ചു.
അവനി ക്യാമറ നനയാതിരിക്കാനായി മാറിനിന്നുkt baburaj,novel
പെട്ടെന്നാണ് ഒരു കൈ നീണ്ടുവന്ന് അവനിയുടെ വായും മൂക്കും ചേര്‍ത്ത് അമര്‍ത്തി പിടിച്ചത്. അവള്‍ക്ക് ശ്വാസംമുട്ടാന്‍ തുടങ്ങി. പെട്ടെന്നൊരാള്‍ പാറയില്‍ നിന്നു ചാടിവീണു. താറാവിന്‍ കുഞ്ഞുങ്ങളെപ്പോലെ അബുസലിമിന്റേയും നവനീതിന്റേയും കഴുത്തില്‍ പിടിച്ചുപൊക്കി. കത്തി നീട്ടിയ കൊമ്പന്‍മീശക്കാരന്റെ മുന്നില്‍ പെണ്‍കുട്ടികളെല്ലാം പേടിയോടെ മാറിനിന്നു. അയാള്‍ കണ്ണുരുട്ടുന്നുണ്ടായിരുന്നു.
അവനിയെ മുറുക്കെ പിടിച്ചയാള്‍ അവളുടെ കഴുത്തില്‍ നിന്നും ക്യാമറ ഊരിയെടുത്തു.
അവളുടെയൊരു ക്യാമറ.
അയാളത് ആ പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. ക്യാമറ പാറയില്‍ തട്ടി പലതായി പൊട്ടിച്ചിതറി.
ഒറ്റുകൊടുക്കാന്‍ നടക്കുന്നു… ഈ കുട്ടിപ്പിശാചുകളെയൊന്നിനേയും വെറുതെ വിടരുത്.
കൂട്ടത്തില്‍ നേതാവിനെപോലെ തോന്നിച്ചയാള്‍ പറഞ്ഞു. അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു. മീശ വിറച്ചിരുന്നു.
ഇവറ്റകളാണ് അന്ന് നമ്മുടെ പടമെടുത്ത് പത്രത്തില്‍ കൊടുത്തത്. വേറൊരാള്‍ പറഞ്ഞു.
കൊന്നേക്കട്ടെ ഇവറ്റകളെ.. അവനിയെ മുറുക്കെ പിടിച്ചിരുന്നയാള്‍ ചോദിച്ചു.
ആ ഗുഹയില്‍ തള്ളിയേക്ക്.. അത്രവേഗമൊന്നും അവറ്റകള് പോവണ്ട.
എല്ലാവരും ഭയന്ന് നിലവിളിച്ചുപോയി.
അയാള്‍ കത്തിവീശി. മിണ്ടിപ്പോവരുത്. കൊന്ന് കളയും.
പെട്ടെന്നെല്ലാവരും നിശ്ശബ്ദരായി.
തന്നെപ്പൊക്കിപ്പിടിച്ചയാളുടെ കൈകള്‍ക്കിടയിലൂടെ അബുസലീമിന്റെ പാന്റ്‌സില്‍ ഒരു നനവ് പടരുന്നത് അവനി കണ്ടു.
അവള്‍ക്കപ്പോള്‍ ഭയം കൂടുകയാണ് ചെയ്തത്.
നടക്ക് ഒരാള്‍ പറഞ്ഞു.
എല്ലാവരും കൈകള്‍ കോര്‍ത്തുപിടിച്ച് നടന്നു. കത്തിമുന നീട്ടിയ ദിക്കിലേക്ക് അവര്‍ പാഞ്ഞുകയറി.
കൂട്ടത്തിലൊരാള്‍ ആഞ്ഞുതള്ളിയപ്പോള്‍ ചിലരൊക്കെ ആ ഗുഹയില്‍ മലര്‍ന്നുവീണു. ചിലരുടെ തല പാറക്കല്ലിലിടച്ചു.
അതിന്റെ വാതില് മൂട്… ആരോ ഉറക്കെ പറഞ്ഞു.
എന്തോ കൊണ്ട് അവര്‍ ഗുഹാമുഖം അടച്ചു. അതൊരു പാറക്കല്ലാണോ. മറ്റെന്തെങ്കിലുമാണോയെന്ന് അവനിക്ക് മനസ്സിലായില്ല.
എനിക്കു പേടിയാവുന്നു.
അര്‍ജ്ജുന്‍ കരയാനുള്ള ഭാവത്തിലാണ്.
അവര്‍ നമ്മളെ കൊല്ല്വോ… നിമിഷയുടെ ചോദ്യത്തിലും കരച്ചിലുണ്ടായിരുന്നു.
എനിക്ക് വെശക്കുന്നെടാ.. അബുസലീം അവന്റെ വയറില്‍ അമര്‍ത്തിപ്പിടിച്ചു.
അവര്‍ക്കിടയില്‍ പെട്ടെന്ന് മൗനം കനത്തു.
രക്ഷപ്പെടാന്‍ എന്തെങ്കിലുമൊരു വഴിയാലോചിക്ക്..
പെട്ടെന്ന് അവനിക്കൊരു ഐഡിയ തെളിഞ്ഞു.
അവള്‍ പ്രതീക്ഷയോടെ അബുസലീമിനെ നോക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Children news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ