ഭൂതത്താന്‍ കുന്നില്‍ പൂപറിക്കാന്‍ പോയ കുട്ടികള്‍ തിരിച്ചുവന്നില്ല. കുട്ടികളെ ഭൂതം പിടിച്ചിട്ടുണ്ടാകുമോ…..
പൂക്കാലമായിരുന്നു. ഭൂതത്താന്‍ കുന്നില്‍ പൂക്കള്‍ നിറഞ്ഞു വളര്‍ന്നിരുന്നു. നീലകുറിഞ്ഞിയും കരിങ്കുറിഞ്ഞിയും ഭൂതത്താന്‍ കുന്നിനെ വലിയൊരു പട്ടുകമ്പളം കൊണ്ടെന്ന പോലെ പുതച്ചിരുന്നു. പന്ത്രണ്ടു വര്‍ഷം കൂടിയിട്ട് പൂത്തതാണ്. ഇനി അടുത്ത പന്ത്രണ്ടു വര്‍ഷം കഴിഞ്ഞേ പൂക്കുകയുള്ളൂ. കുട്ടികള്‍ പൂവട്ടികളുമെടുത്താണ് കുന്നുകയറിയത്. പൂക്കള്‍ നുള്ളിയും പൂമ്പാറ്റയോടും കുശലം പറഞ്ഞും കളിച്ചും ചിരിച്ചും ഒച്ചവെച്ചും പാട്ടുപാടിയും അവര്‍ വളഞ്ഞു പുളഞ്ഞ് മല കയറി. മല കയറുമ്പോള്‍ കാറ്റു മൂളി. കാറ്റൊരു പാട്ടു മൂളി. ആ പാട്ടിനൊപ്പം കുട്ടികളും മൂളി.
പൂങ്കുറിഞ്ഞി കരിങ്കുറിഞ്ഞി
നീലക്കുറിഞ്ഞി വിരുന്നു വന്നു.
മാമല മേലേ ഉത്സവം കൂടാന്‍
കാലത്തെ നേരത്തെ വന്നു.
ആടിപാടി കുട്ടികള്‍ ക്ഷീണിച്ചു. ക്ഷീണിച്ച കുട്ടികള്‍ക്ക് വേണ്ടി നെല്ലിമരങ്ങള്‍ നെല്ലിക്കയുതിര്‍ത്തു. ചാമ്പ മരങ്ങള്‍ ചാമ്പയ്ക്കപൊഴിച്ചു. നെല്ലിയും ചാമ്പയ്ക്കയും തിന്ന് കുട്ടികള്‍ ഭൂതത്താന്‍ കുന്നിലെ ഒരിക്കലും വറ്റാത്ത നീരുറവയില്‍ നിന്നും കൈക്കുമ്പിളില്‍ വെള്ളം കോരി കുടിച്ചു. ക്ഷീണം തീര്‍ന്നപ്പോള്‍ അവര്‍ വെള്ളത്തിലിറങ്ങി മുഖം കഴുകി. പരസ്പരം വെള്ളം തെറിപ്പിച്ചു കളിച്ചു. നിറഞ്ഞ പൂക്കൂടകള്‍ പാറപ്പുറത്ത് വെച്ച് അവര്‍ ഒളിച്ചും പൊത്തി കളിച്ചു. രാജാവും മന്ത്രിയും കളിച്ചു. കളിച്ചു ക്ഷീണിച്ചപ്പോള്‍ അവര്‍ പാറപ്പുറത്ത് തളര്‍ന്നുറങ്ങി.
ഉറക്കത്തിലവര്‍ സ്വപ്നങ്ങള്‍ കണ്ടു.
സ്വപ്നത്തില്‍ മലമുത്തപ്പന്‍ വന്ന് അവര്‍ക്കരികിലിരുന്നു.
മുത്തപ്പന്‍ ചോദിച്ചു:
മക്കളെന്തിനാ ഈ കുന്ന് കേറി വന്നേ.
കുട്ടികള്‍ പറഞ്ഞു. പൂ പറിക്കാന്‍.
പിന്നെന്തിനാവന്നെ.
ചാമ്പക്ക പറിക്കാന്‍, നെല്ലിക്കയുതിര്‍ക്കാന്‍, പച്ച വെള്ളം കുടിക്കാന്‍. പിന്നെ മലമുത്തപ്പനെ കാണാന്‍. മലമുത്തപ്പന്‍ കുട്ടികളുടെ ചങ്ങാതിയല്ലേ… ഞങ്ങളോടൊപ്പം കളിക്കില്ലേ…
ഓ കളിക്കാലോ…
മലമുത്തപ്പന്‍ പറഞ്ഞു.

k t baburaj, novel
എന്ത് കളിയാ നിങ്ങള്‍ക്കിഷ്ടം.
കുട്ടിയും കോലും കളിക്കാം ഒരാള്‍ പറഞ്ഞു.
അതുവേണ്ട. രാജാവും മന്ത്രിയും.
അതുവേണ്ട. അച്ഛനുമമ്മയും കളിക്കാം.
ചോറും കറിയും വെച്ചു കളിക്കാം…
ഓരോരുത്തര്‍ ഓരോ കളി പറഞ്ഞു.
കൂട്ടത്തില്‍ ഇളയവന്‍ പറഞ്ഞു. നമ്മള്‍ക്ക് ആകാശോം ഭൂമിം കളിക്കാം.
അപ്പോള്‍ എല്ലാവരും ഏറ്റുപറഞ്ഞു.
അതുമതി അതുമതി. നമ്മള്‍ക്ക് ആകാശോം ഭൂമീം കളിക്കാം.
ഒരു നിമിഷം മലമുത്തപ്പന്‍ കുട്ടികളെയെല്ലാം ചേര്‍ത്തു നിര്‍ത്തി പറഞ്ഞു.
കളിക്കുന്നതൊക്കെ ശരി. പക്ഷെ ഒരു കാര്യമോര്‍ക്കണം.
സന്ധ്യയ്ക്കു മുന്നേ ഈ കുന്നിറങ്ങി പോയ്‌ക്കോളണം.
അതെന്താ മലമുത്തപ്പായെന്ന് കുട്ടികള്‍ ചോദിച്ചു.
സന്ധ്യയിരുട്ടുമ്പോള്‍ ഭൂതങ്ങളിറങ്ങും. മഹാദുഷ്ടന്മാരാണ്. അവര്‍ കുട്ടികളെ കണ്ടാല്‍ ചോര കുടിക്കും. അവരെ കൊന്ന് കറുമുറെ തിന്നും. എല്ലും തോലും മുടിയും മാത്രമേ ബാക്കി വെക്കൂ. അതുകൊണ്ട്…..
മനസ്സിലായി മലമുത്തപ്പാ. ഞങ്ങള്‍ ഇരുട്ടുന്നതിനു മുമ്പ് മലയിറങ്ങികൊള്ളാം.
കുട്ടികള്‍ മലമുത്തപ്പനോടൊപ്പം കളി തുടങ്ങി.
അവര്‍ രണ്ടു കൂട്ടമായി പിരിഞ്ഞു.
ആകാശം വേണോ ഭൂമി വേണോ…
എനിക്കാകാശം മതിയെന്ന് ഒരു കൂട്ടര്‍
എനിക്ക് ഭൂമി മതിയെന്ന് മറ്റൊരു കൂട്ടര്‍.
ഭൂമിയിലുള്ളവര്‍ ആകാശത്തില്‍ കയറി ആകാശത്തുള്ളവര്‍ ഭൂമിയിലിറങ്ങി.
പാറക്കെട്ടും പുല്‍മേടും ആകാശവും ഭൂമിയുമായി. അവര്‍ക്കിടയില്‍ എല്ലാംമറന്ന് മലമുത്തപ്പനും ആകാശവും ഭൂമിയും കയറി.
നേരം പോയതറിഞ്ഞില്ല. ആകാശവും ഭൂമിയും ഇരുണ്ടു തുടങ്ങിയതറിഞ്ഞില്ല. പൂക്കള്‍ കൂമ്പിയത് കണ്ടില്ല. പൂമ്പാറ്റകള്‍ പോയൊളിച്ചതുമറിഞ്ഞില്ല.
അവര്‍ കളിച്ചുകൊണ്ടേയിരുന്നു.
കണ്ണില്‍ ഇരുട്ടടിച്ചു തുടങ്ങിയപ്പോഴാണ് മലമുത്തപ്പനും ഓര്‍മ്മ തെളിഞ്ഞത്.
മല മുത്തപ്പന്‍ ഉറക്കെ പറഞ്ഞു .
മക്കളെ കളി നിര്‍ത്ത്.kt baburaj,novel
എന്താ മലമുത്തപ്പാ കുട്ടികള്‍ ഒന്നടങ്കം ചോദിച്ചു.
നേരമിരുളുന്നു.
കുന്നിറങ്ങേണ്ട നേരം കഴിഞ്ഞൂന്നു തോന്നുന്നു.
കുട്ടികള്‍ പേടിച്ചു വിറച്ച് മുത്തപ്പനു ചുറ്റും കൂടി.
ഭൂതങ്ങളിറങ്ങാന്‍ നേരമായി……
കുട്ടികള്‍ കരച്ചിലിന്റെ വക്കത്തെത്തി. അവര്‍ മലമുത്തപ്പനെ മുറുകെപ്പിടിച്ചു.
ഇനിയെന്തു ചെയ്യുമെന്റെ മുത്തപ്പാ.
ഇരുട്ടു പരന്നാല്‍ മലയിറങ്ങിക്കൂടാ
മലമ്പാതകളില്‍ വിഷ പാമ്പുകള്‍ ഇഴഞ്ഞു നടക്കും, നരിയും, പുലിയും, കാട്ടുപന്നിയും, ഒറ്റക്കൊമ്പനും തക്കം പാര്‍ത്തിരിക്കും. ചൂടുചോര കൊതിച്ചു ഭൂതങ്ങളും തലങ്ങും വിലങ്ങും പാഞ്ഞു നടക്കാന്‍ തുടങ്ങും.
ഞങ്ങളിനി എന്തു ചെയ്യും മലമുത്തപ്പാ. കുട്ടികള്‍ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
ഒരു പണി ചെയ്യാം.
എന്തു പണി.
നിങ്ങളിന്ന് കുന്നിറങ്ങേണ്ട. ഭൂതത്താന്‍ കുന്നിലെ ഒരു ഗുഹയില്‍ ഞാന്‍ നിങ്ങളെയിരുത്താം. വലിയൊരു പാറക്കല്ലുകൊണ്ട് ഗുഹവാതിലടക്കാം. അനങ്ങാതെ മിണ്ടാതെ നിങ്ങളവിടെ ഇരുന്നോളണം.
മലമുത്തപ്പന്‍ പറയുന്നത് കേട്ട് അവര്‍ തലയിളക്കി.
മലമുത്തപ്പന്‍ അവരെയും വാരിയെടുത്ത് ഗുഹക്കകത്തേക്കു പോയി.
വലിയൊരു പാറക്കല്ലുകൊണ്ട് ഗുഹാ മുഖം അടച്ചു.
ഭൂതത്താന്‍ കുന്നില്‍ പൂപ്പറിക്കാന്‍ പോയ കുട്ടികളെയും കാത്ത് അവരുടെ അച്ഛനമ്മമാര്‍ വാവിട്ടു കരഞ്ഞു.
അതികാലത്ത് ഭൂതത്താന്‍ കുന്നിന്റെ താഴ്‌വാരത്തില്‍ ചെന്ന് അവര്‍ അവരുടെ കുട്ടികളുടെ എല്ലും തോലും മുടിയും തേടി അലഞ്ഞു.
പക്ഷെ അവര്‍ക്കൊന്നും കിട്ടിയില്ല.
ദിവസങ്ങളും മാസങ്ങളും കൊല്ലങ്ങളും കഴിഞ്ഞു.
എന്നിട്ടും
ഭൂതത്താന്‍ കുന്നില്‍ പൂപ്പറിക്കാന്‍ പോയ കുട്ടികള്‍ തിരിച്ചു വന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook