വീട്ടില്‍ ഞങ്ങള്‍ മൂന്നു പേരാണുള്ളത് – അമ്മ, അച്ഛന്, പിന്നെ ഞാനും. പക്ഷേ അച്ഛന് പറയുന്നത് ഈ വീടൊരു വഴിയമ്പലമായിത്തീര്ന്നിരിക്കുകയാണെന്നാണ്. ഞങ്ങളിവിടെ വെറും അതിഥികള്മാത്രം, വീട്ടുടമ മറ്റാരോ ആണ്.
മുറ്റത്ത് ഒരു മാവുണ്ട്. അതില്പലതരത്തിലുള്ള പക്ഷികള്‍ തമ്പടിച്ചിട്ടുണ്ട്. മലകളില്‍ നിന്നും താഴ്വാരങ്ങളില് നിന്നുമൊക്കെ ഡല്‍ഹിയില്‍ വന്നെത്തുന്ന കിളികള്‍ ഞങ്ങളുടെ വീട്ടിലേക്കാണ് നേരെ വരുന്നതെന്നാണ് അച്ഛന്റെ പറച്ചില്. അവ വീടിന്റെ വിലാസം എഴുതിയെടുത്ത് വരുന്നതു പോലെയുണ്ട്.
ചിലപ്പോള്‍ തത്തകള്‍, മറ്റുചിലപ്പോള്‍ കാക്കകള്‍. അതുമല്ലെങ്കില്‍ പലതരത്തിലുള്ള കുരുവികള്‍. ചെവിയുടെ പടലം പൊട്ടിപ്പോകുന്ന വിധത്തിലാണ് അവയുടെ ബഹളം. പക്ഷേ, ആളുകള്‍പറയുന്നത് കിളികള്‍ പാടുകയാണെന്നാണ്!
വീടിനകത്തും ഇതേ അവസ്ഥ തന്നെ. ഒരുപാട് എലികള്‍. രാത്രി മുഴുവന്‍ ഒരു മുറിയില്‍ നിന്നും മറ്റേ മുറിയിലേക്ക് അവയുടെ പരക്കംപാച്ചിലാണ്. ബഹളം കാരണം ഞങ്ങള്‍ക്ക് ഉറങ്ങാന്‍തന്നെ പറ്റാറില്ല. പാത്രങ്ങൾ താഴെ വീഴുന്നു, ചെപ്പുകൾ തുറക്കുന്നു, കുപ്പിപ്പാത്രങ്ങള്‍ പൊട്ടുന്നു.
ഒരു എലിക്ക് അടുപ്പിന് പിന്നിലിരിക്കുന്നതാണ് ഇഷ്ടം. വയസ്സായീന്നാ തോന്നണത്. തണുപ്പടിക്കു ന്നുണ്ടാവണം. മറ്റൊരെണ്ണത്തിനാവട്ടെ, കുളിമുറിയുടെ ടാങ്കിന് മോളിലിരിക്കുന്നതാ പ്രിയം. അതിന് ഉഷ്ണം തോന്നിയിട്ടാവുമായിരിക്കും. വീട്ടിൽ പൂച്ച താമസമില്ല. എന്നാൽ, ഈ വീട് അതിനും ഇഷ്ടംതന്നെ. ഇടയ്ക്കൊക്കെ വന്ന് എത്തിനോക്കും. തോന്നിയാല്‍ ഉള്ളിൽ വന്ന് പാല്‍പ്പാത്രത്തില്‍ തലയിടും, അല്ലെങ്കിൽ പിന്നെ വരാം എന്നുംപറഞ്ഞ് സ്ഥലംവിടും.
സന്ധ്യയാവുമ്പഴേക്കും രണ്ടുമൂന്ന് വവ്വാലുകള്‍ മുറികള്‍ക്കു ചുറ്റും വട്ടംചുറ്റാൻ തുടങ്ങും. വീട്ടിൽ പ്രാവുകളുമുണ്ട്. ദിവസം മുഴുവന്‍ ‘കുറുകുറു’ എന്ന് കുറുകിക്കൊണ്ടിരിക്കും. ഇത്രയും പേര് മാത്രമല്ല, പിന്നെയോ പല്ലികളും കടന്നലുകളും ഒക്കെയുണ്ട്. ഉറുമ്പുകളാണെങ്കില്‍ പട്ടാളക്യാമ്പുപോലെയാണ് തമ്പടിച്ചിട്ടുള്ളത്.

ഒരുദിവസം രണ്ട് കുരുവികള്‍ നേരെ വീട്ടിനകത്തുവന്ന് അനുവാദമൊന്നും വാങ്ങാതെ വീട്ടിന്നകത്തൊക്കെ പറന്ന് നിരീക്ഷിക്കാന്‍ തുടങ്ങി. തങ്ങള്‍ക്ക് പാര്‍ക്കാന്‍ പറ്റുന്ന ഇടമാണോ എന്ന് നോക്കുകയാണെന്ന് അച്ഛന്പറഞ്ഞു. പിന്നെ, വന്നപോലെത്തന്നെ തിരിച്ചുപോയി. പക്ഷേ, രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കണ്ടതെന്താണെന്നോ! സ്വീകരണ മുറിയുടെ മേല്ക്കൂരയിലു ള്ള ഫാനിന്റെ നടുവില്‍ തങ്ങളുടെ കെട്ടും ഭാണ്ഡവും ഇറക്കി രസത്തില്പാടുകയാണ് കക്ഷികള്‍. അവര്‍ക്ക് വീട് പിടിച്ചുവെന്ന് വ്യക്തം.
അമ്മയും അച്ഛനും സോഫയില്‍ അവയെ നോക്കിക്കൊണ്ടേ ഇരിക്കുകയാണ്. കുറച്ചുനേരത്തിനുശേഷം അമ്മ തലയാട്ടിക്കൊണ്ട് പറഞ്ഞു, “ഇനിയിപ്പോ ഇവ ഇവിടന്ന് പോവില്ല. നേരത്തേ പറത്തിവിട്ടെങ്കിൽ പോയേനെ. അവ ഇവിടെ കൂടുകൂട്ടിയിരിക്കുകയാണ്.”
ഇത് കേട്ടപ്പോള്‍ അച്ഛന് അരിശം വന്നു. എണീറ്റിട്ട് പറഞ്ഞു, “ആഹാ, ഇവ ഇവിടെ താമസിക്കുന്നത് എനിക്കൊന്നു കാണണം. എന്റെ അട്ത്താ കുരുവികള്ടെ കളി! പുറത്താക്കീട്ടേള്ളൂ ബാക്കി കാര്യം…”
“പിന്നെ, പിന്നേ! എലികളെപ്പോലും ഓടിക്കാന്പറ്റിയില്ല. ഇനീപ്പോ കുരുവികളെ ഓടിച്ചതുതന്നെ!” അമ്മയുടെ പരിഹാസം.
അമ്മ ഏതെങ്കിലും ഒരു കാര്യം പരിഹസിച്ച് പറഞ്ഞു എന്നിരിക്കട്ടെ, അച്ഛന് നല്ല ദേഷ്യം വരും. അദ്ദേഹം ശടേന്ന് എഴുന്നേറ്റ് ഫാനിന് കീഴില്പോയി കൈകൊട്ടിക്കൊണ്ട് ‘ശൂ..ശൂ..ന്ന് പറഞ്ഞുകൊണ്ട് ചാടുകയും കൈകള്‍ വീശിക്കൊണ്ട് അവയെ ഓടിക്കാന്‍ നോക്കുകയും ചെയ്തു. കുരുവികള്‍ കൂട്ടില്‍നിന്ന് മുഖംപൊക്കി താഴേയ്ക്ക് പാളിനോക്കി, രണ്ടും ഒന്നിച്ച് കീ… കീ…ന്ന് കരയാന്‍തുടങ്ങി. അമ്മയാണെങ്കിലോ ചിരിയോട് ചിരി.
അച്ഛന് ദേഷ്യം വന്നു. “എന്താപ്പത്ര ചിരിക്കാനുള്ളത്!”
ഇത്തരം അവസരങ്ങളില്‍ തമാശ പറയുന്നത് അമ്മയുടെ സ്വഭാവമാണ്. “ആ കിളികളേയ് അങ്ങട്ടും ഇങ്ങട്ടും ചോദിക്ക്യാണ്, ആരാ ഇയാള്‍? എന്തിനാ ഇയാളിങ്ങനെ ഡാന്‍സ് ചെയ്യണത്?” അമ്മ ചിരിച്ചുകൊണ്ട് അച്ഛനെ എരികേറ്റി.

അച്ഛന് ഒന്നുകൂടി അരിശം വന്നു. ആദ്യത്തേക്കാള്‍ കൂടുതല്‍ ഉയരത്തില്ചാടാന് തുടങ്ങി. കുരുവികള്‍ കൂട്ടില്‍ നിന്ന് പറന്ന് മറ്റേ ഫാനിന്റെ ലീഫില്പോയി ഇരുന്നു. അവയ്ക്ക് അച്ഛന്റെ ഡാന്‍സ് വളരെ ഇഷ്ടമായീന്ന് തോന്നുന്നു. അമ്മ പിന്നേയും ചിരിക്കാന്തുടങ്ങി, “ഇനി അവ പോവില്ലെന്നേ, അവ മുട്ട ഇട്ടീട്ടുണ്ടാവും.”
“പോവില്ലാന്നോ?” അച്ഛന് പുറത്തു നിന്ന് ഒരു വടിയുമെടുത്ത് വന്നു. ഇതിനിടയില്‍ അവ വീണ്ടും കൂട്ടില്ചെന്ന് ഇരുന്നു. അച്ഛന് വടി ഉയര്‍ത്തി ഫാനിന്റെ നടുവില്തട്ടി. കുരുവികള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് കര്‍ട്ടന്റെ അടിയില്ചെന്ന് ഇരുന്നു.“ഇത്രേം ബുദ്ധിമുട്ടിയതെന്തിന്! ഫാനിട്ടാ അവ പറന്നുപോയേനേയല്ലോ,” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
അച്ഛന് വടിയുമെടുത്ത് കര്ട്ടന്റെടുത്തേക്ക് പാഞ്ഞു. ഒരു കുരുവി പറന്ന് അടുക്കളയുടെ വാതിലില്‍ ചെന്ന് ഇരുന്നു. മറ്റേത് ചവിട്ടുപടിയിലേക്കുള്ള വാതിലിലും.
അമ്മ പിന്നേയും ചിരിച്ചു. “നിങ്ങള്‍ക്ക് നല്ല വിവരംതന്നെ. എല്ലാ വാതിലും തുറന്നുവച്ചാണ് നിങ്ങള്‍ കുരുവികളെ പൊറത്താക്കാന്‍ തൊടങ്ങീരിക്കണത്. ഒരു വാതിലുമാത്രം തൊറന്നുവച്ച് ബാക്കി എല്ലാം അടയ്ക്കൂ. എന്നാല്‍ അവ പൊറത്ത്പോവും.”
അച്ഛന് എന്നോട് ഒച്ചയിട്ടു, “എന്ത് നോക്കീട്ടാ നിക്കണേ, പോയി രണ്ടു വാതിലും അടയ്ക്ക്.”
ഞാന്‍ ഓടിച്ചെന്ന് രണ്ട് വാതിലുകളും അടച്ചു. അടുക്കള വാതില്‍ മാത്രം തുറന്നു വച്ചു.
അച്ഛന് വടിയുമായി വീണ്ടും കുരുവികള്‍ക്ക് നേരെ പാഞ്ഞു. ഒരു തവണ വടി അമ്മയുടെ തലയില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പാഞ്ഞു. ‘കീ കീ’ എന്നു കരഞ്ഞു കൊണ്ട് കുരുവികള്‍ അങ്ങുമിങ്ങും പറന്നു. അവസാനം രണ്ടും അടുക്കളവാതിലിലൂടെ പുറത്തുപോയി. അമ്മ സബാഷെന്ന് കൈയടിച്ചു. അച്ഛന്വടി ചുമരില്ചാരിവച്ച് കസേരയില്പോയി ഞെളിഞ്ഞിരുന്നു.
“ഇന്ന് വാതില്‍ അടച്ചുവയ്ക്ക്,” അദ്ദേഹം ഉത്തരവിട്ടു. “ഒരുദിവസം മുഴുവന്‍ അകത്തു കടക്കാന്‍ പറ്റാതായാ വീടുവിട്ട് പൊക്കോളും.”
അപ്പോഴുണ്ട് ഫാനിന്റെ മുകളില്‍നിന്ന് ‘കീ കീ’ ശബ്ദം. അമ്മ പൊട്ടിച്ചിരിച്ചു. ഞാന്‍ മുകളിലേക്ക് നോക്കി. രണ്ട് കുരുവികളും കൂട്ടില്‍ ഹാജരുണ്ട്.
“വാതിലിനടിയില്‍ക്കൂടി വന്നതാണ്,” അമ്മ പറഞ്ഞു.
ഞാന്‍ വാതിലിനടിയിലേയ്ക്ക് നോക്കി. ശരിയാണ്, ചെറിയ ചെറിയ വിടവുകളുണ്ട്.
അച്ഛന് പിന്നേയും ദേഷ്യം വന്നു. ഒരു സഹായോം ചെയ്യില്ല, എന്നിട്ടിരുന്ന് ചിരിക്കുന്നു, ഹും!
അച്ഛന് കുരുവികളെ കൊല്ലാനുള്ളത്ര ദേഷ്യംവന്നു. വാതിലിനടിയിലെ വിടവുകള്‍ അദ്ദേഹം തുണിവച്ച് അടച്ചു. എന്നിട്ട് വടിയുമോങ്ങി കുരുവികള്ക്കുനേരെ ചെന്നു. അവ ‘കീ കീ’ എന്ന് കരഞ്ഞുകൊണ്ട് പുറത്തേയ്ക്ക് പറന്നു. പക്ഷേ ഇത്തിരികഴിഞ്ഞു നോക്കുമ്പോ ദാ വീണ്ടും അവ കൂട്ടില്‍. ഇത്തവണ വന്നത് കിളിവാതിലിലൂടെയാണ്. അതിന്റെ ഒരു ചില്ല് പൊട്ടിയിട്ടുണ്ടായിരുന്നു.

ഇത്തവണ അമ്മ ഗൗരവത്തോടെ പറഞ്ഞു, നോക്കൂ, ഇനി അവയെ ഓടിക്കണ്ട. അവ മുട്ടയിട്ടിട്ടുണ്ടാവും. ഇനി അവ പോവില്ലാന്നേ…”
“പിന്നേ! ഈ കാര്‍പെറ്റ് വൃത്തികേടാക്കാനോ?” അച്ഛൻ കസേരയില്‍ കയറി നിന്ന് കിളിവാതിലില്‍ കടലാസ് തിരുകി. എന്നിട്ട് വടിയും ചുഴറ്റി കിളികള്‍ക്ക് നേരെ ചെന്നു. അവ രണ്ടും പിറകിലെ മുറ്റത്തെ മതിലില്‍ ചെന്നിരുന്നു.
അപ്പോഴേക്കും രാത്രിയായി. ഞങ്ങള്‍ അത്താഴം കഴിച്ച് മുകളില്‍ പോയിക്കിടന്ന് ഉറങ്ങി. പോകുന്നതിനുമുമ്പ് ഞാന്‍ മുറ്റത്തേക്ക് എത്തിനോക്കി. കിളികൾ അവിടെ ഉണ്ടായിരുന്നില്ല. അവയ്ക്ക് ബുദ്ധി ഉദിച്ചെന്ന് തോന്നുന്നു. തോറ്റപ്പോള്മറ്റെവിടേക്കെങ്കിലും പോയിക്കാണും.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. ഞങ്ങള്‍ ഉറങ്ങിയെണീറ്റ് താഴെ വന്നപ്പോള്‍ അവ അവിടെ ഹാജരുണ്ടായിരുന്നു, ആനന്ദത്തില്‍ മല്‍ഹാര്‍ ആലപിച്ചു കൊണ്ടിരിക്കുകയാണ്. അച്ഛന്‍വീണ്ടും വടിയെടുത്തു. അന്ന് കുരുവികളെ പുറത്താക്കാന്‍ അധിക സമയമൊന്നും വേണ്ടിവന്നില്ല.
ഇത് പതിവായി. പകല്‍ അവയെ പുറത്താക്കും എന്നാല്‍, രാത്രി ഞങ്ങള്‍ ഉറങ്ങുന്ന സമയത്ത്, എങ്ങനെയാണോ എന്തോ അവ വീട്ടിന്നകത്ത് കടന്നു കൂടും.
അച്ഛനാകെ പരവശനായി. എത്രനാളിങ്ങനെ വടിയും ചുഴറ്റി നടക്കും! “ഞാന്തോല്ക്കില്ല” എന്ന് അച്ഛന്എപ്പോഴും പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിനും മടുത്തു. ക്ഷമയുടെ നെല്ലിപ്പടി കണ്ട നേരത്ത് അദ്ദേഹം പറഞ്ഞു, “ഇവറ്റേടെ കൂട് ഞാന്‍ പറിച്ചെറിയും…”
ഉടനെ പുറത്തുകിടന്ന സ്റ്റൂളെടുത്തു കൊണ്ടുവന്നു അദ്ദേഹം.
കൂട് തകര്‍ക്കുന്നത് വിഷമമുള്ള കാര്യമൊന്നുമല്ല. അദ്ദേഹം ഫാനിനു കീഴെ നിലത്ത് സ്റ്റൂള്വച്ചു, എന്നിട്ട് വടിയുമെടുത്ത് സ്റ്റൂളിന് മുകളില്‍കയറി. “ആരെയെങ്കിലും ശരിക്കും പുറത്താക്കണമെന്നുണ്ടെങ്കില്‍ അവന്റെ വീട് തകര്ത്താ മതി,” അദ്ദേഹം ദേഷ്യത്തില്‍ പറഞ്ഞു.
കൂട്ടില്‍നിന്ന് കുറെ പുല്ലുകള്താഴേയ്ക്ക് തൂങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. അലങ്കരിക്കാനായി തൊങ്ങല്പിടിപ്പിച്ചിരിക്കുകയാണെന്ന് തോന്നും. അച്ഛന് വടിയുടെ തുമ്പ് ഉണങ്ങിയ പുല്ലില്കുത്തി അത് വലത്തോട്ട് തള്ളിനീക്കി. രണ്ടു പുല്ലുകള്‍ കൂട്ടില്‍നിന്ന് വേര്‍പ്പെട്ട് പടപടേന്ന് താഴെവീഴാന്തുടങ്ങി.
“ആ, രണ്ട് പുല്ല് ഇളകിവന്നിട്ടുണ്ട്. ഇനി ബാക്കി ആയിരം കൂടെ താഴെപ്പോരും,” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
അപ്പോഴാണ് ഞാന്‍പുറത്ത് മുറ്റത്തേയ്ക്ക് നോക്കിയത്. കുരുവികള്‍ രണ്ടും നിശ്ശബ്ദരായി മതിലില്‍ ഇരിക്കുന്നു. രണ്ടും തളര്‍ന്നും ക്ഷീണിച്ചും ഇരിക്കുന്ന പോലെ. അവ ചിലയ്ക്കുന്നുമില്ല.
അച്ഛന്വടിയുടെ അറ്റം പുല്ക്കഷ്ണങ്ങളുടെ അറ്റത്തുവച്ച്, അങ്ങനെ വച്ചുകൊണ്ടുതന്നെ തിരിക്കാന്തുടങ്ങി. കൂട്ടിലെ വലിയ പുല്ലുകള്വടിയില് ചുറ്റാന്‍തുടങ്ങി. അവ പിന്നേയും പിന്നേയും വടിയില്ചുറ്റാന്തുടങ്ങി. കൂട് മൊത്തം വടിയില്ചുറ്റിപ്പിണഞ്ഞപോലെ. ഉണങ്ങിയ പുല്ലും ഉമിനീര്പ്പശയും നൂലും എല്ലാംകൂടി വടിയുടെ അറ്റത്ത് കെട്ടുപിണഞ്ഞു. അപ്പോഴാണ് പെട്ടെന്ന് ഉച്ചത്തിലൊരു ശബ്ദം ‘കീ കീ കീ …’
അച്ഛന്റെ കൈ നിശ്ചലമായി. ഇതെന്താ? കുരുവികള്‍ തിരിച്ചു വന്നുവോ? ഞാന്മുറ്റത്തേക്ക് നോക്കി. ഇല്ല, അവ നിശ്ശബ്ദം മതിലില്‍ ഇരിക്കുന്നു.

‘കീ കീ കീ കീ…’ വീണ്ടും ശബ്ദം. ഞാന്‍ മുകളിലേക്ക് നോക്കി. ഫാനിന്റെ വട്ടത്തിന് മുകളില്‍ നിന്ന് കുഞ്ഞുകുരുവികള്‍ തല പുറത്തേക്കിട്ട് ‘കീ കീ’ എന്നു കരഞ്ഞു കൊണ്ടിരിക്കുകയാണ്. അച്ഛന്റെ കൈയില്വടി ഇപ്പോഴുമുണ്ട്. അതിന്റെ അറ്റത്ത് കൂടിന്റെ വലിയൊരു ഭാഗം കുരുങ്ങിയിട്ടുണ്ട്. രണ്ട് പിഞ്ചുകുരുവികള്. അവ ഇപ്പൊഴും പുറത്തേക്ക് എത്തിനോക്കി ‘കീ,കീ’ എന്നു കരയുകയാണ്, ‘ഞങ്ങള്‍ ദാ ഇവിടെയുണ്ട്, ഞങ്ങളുടെ അച്ഛനും അമ്മയും എവിടെയാണ്,’ എന്നു ചോദിക്കുകയാണോ അവ?
ഞാന്‍ മിണ്ടാനാവാതെ അവയെത്തന്നെ നോക്കിക്കൊണ്ടുനിന്നു. അച്ഛന് സ്റ്റൂളില്‍ നിന്ന് ഇറങ്ങിയിരിക്കുന്നു. വടി കൂട്ടിലെ പുല്ലില്‍ നിന്ന് വലിച്ചെടുത്തിട്ട് അത് ചുമരില്‍ ചാരിവച്ചു, എന്നിട്ട് നിശ്ശബ്ദം വന്ന് കസേരയിലിരുന്നു. അമ്മ ഇതിനിടയില്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് എല്ലാ കതകുകളും തുറന്നിട്ടിരുന്നു. കുഞ്ഞുകുരുവികള്‍ ഇപ്പോഴും കിതച്ചുകൊണ്ട് ‘കീ കീ’ എന്നു കരഞ്ഞ് അവയുടെ അച്ഛനമ്മമാരെ വിളിക്കുന്നുണ്ടായിരുന്നു.
തള്ളക്കിളിയും തന്തക്കിളിയും പെട്ടെന്ന് അകത്തേക്ക് പറന്നുവന്ന് കരഞ്ഞു കൊണ്ട് കുഞ്ഞുങ്ങളുടെ അടുത്തെത്തി, അവയുടെ കുഞ്ഞുകൊക്കുകളില് തീറ്റ ഇട്ടു കൊടുക്കാന്‍ തുടങ്ങി. അച്ഛനും അമ്മയും ഞാനും അത് നോക്കി ക്കൊണ്ടേ ഇരുന്നു. മുറിയില്വീണ്ടും ബഹളം നിറയാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോള്‍ അച്ഛന് അതുനോക്കി നിശ്ശബ്ദം പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ.
- ഭീഷ്മ സാഹ്നി
ഇന്ത്യൻ സാഹിത്യലോകത്തെ അതികായരായ എഴുത്തുകാരില്‍ പ്രമുഖൻ. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, അഭിനേതാവ്, സാമൂഹിക പ്രവര്ത്തകന് എന്നിങ്ങനെ പല മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പത്മഭൂഷണ്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. ഭീഷ്മ സാഹ്നിയുടെ കൃതികള്‍ മലയാളമടക്കം അനേകം ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഗുലാല്‍ കി ഖേല്‍’ അദ്ദേഹം കുട്ടികള്‍ക്കു വേണ്ടി എഴുതിയ കഥകളുടെ സമാഹാരമാണ്. 1915-ല്‍ റാവല്‍പിണ്ടിയില്‍ (ഇപ്പോള്‍ പാകിസ്ഥാനിലെ പ്രദേശമായ) ജനിച്ച അദ്ദേഹം 2003-ല്‍ ഡൽഹിയിൽ അന്തരിച്ചു.