scorecardresearch
Latest News

മരംകേറി മണിക്കുട്ടി

“മണിക്കുട്ടിയുടെ നേർക്ക് അതിദയനീയമായ ഒരു മറു നോട്ടം നോക്കിക്കൊണ്ട് കിളി അനക്കമറ്റ് കിടന്നു. അടുത്ത ക്ഷണം മണിക്കുട്ടി – ഞങ്ങൾക്കവളെ തടയാൻ ഒരവസരവും തരാതെ” അയ്മനം ജോൺ എഴുതിയ കുട്ടികളുടെ കഥ

മരംകേറി മണിക്കുട്ടി

മരംകേറി മണിക്കുട്ടി മരംകയറ്റം പഠിക്കുവാൻ കാരണക്കാരി കുസൃതിക്കാരിയായ ഒരു കാക്കത്തമ്പുരാട്ടിയായിരുന്നു. പര്യമ്പുറത്തെ പുളിമരത്തിന്റെ കൊമ്പിൽ ആ കിളി കൂടു കൂട്ടാനെത്തുന്നത് വരേയ്ക്കും മറ്റെല്ലാ പൂച്ചക്കുട്ടികളെയും പോലെ തന്നെ പാത്തും പതുങ്ങിയും നടന്നിരുന്ന ഒരു പാവമായിരുന്നു, മണിക്കുട്ടിയും. മീൻ വെട്ടാൻ അമ്മ മുറ്റത്തേക്കിറങ്ങുന്ന നേരത്തും എവിടെ നിന്നൊക്കെയോ ഇടയ്ക്കിടെ വന്നു കയറുന്ന കണ്ടൻ പൂച്ചകൾ ഉപദ്രവിക്കാൻ നോക്കുന്ന നേരത്തുമൊക്കെയല്ലാതെ അവളങ്ങനെ കരയുന്നത് തന്നെ കേൾക്കാറില്ലായിരുന്നു.

പകലൊക്കെ മുറ്റത്തും പറമ്പിലും ചുറ്റുമതിലിനു മുകളിലുമൊക്കെയായി കറങ്ങിത്തിരിഞ്ഞു നടക്കും . ഇടയ്ക്കേതെങ്കിലും മരത്തിന്റെ തണലിൽ കിടന്നൊന്നു വിശ്രമിക്കും. രാത്രിയായാൽ വിറകുപുരയ്ക്കകത്തു കയറിക്കിടന്ന് ഉറങ്ങുകയും ചെയ്യും- അതായിരുന്നു മണിക്കുട്ടിയുടെ ദിനചര്യ. ചുറ്റിയടിച്ച് നടക്കുന്ന വഴിക്ക് – എലികൾ, ഓന്തുകൾ അരണകൾ, ഉടുമ്പുകൾ, മറ്റിഴജന്തുക്കൾ എന്നിവയിലേതിനെയെങ്കിലും കണ്ടാൽ ഇട്ടൊന്നോടിക്കുകയോ, കുറച്ചു നേരം കണ്ണെടുക്കാതെ തുറിച്ചു നോക്കി പേടിപ്പിക്കുകയോ ചെയ്തിരുന്നതല്ലാതെ അവയിലേതിനെയെങ്കിലും അവൾ ആക്രമിക്കുന്നതായും കണ്ടിട്ടില്ല. അങ്ങനെ എല്ലാം കൊണ്ടും സാധുശീലയായി കഴിഞ്ഞു കൂടിയിരുന്ന അവളെയാണ് ആ കാക്കത്തമ്പുരാട്ടി ചുരുക്കം ദിവസങ്ങൾ കൊണ്ട് ഒരു മരംകേറ്റക്കാരിയായി മാറ്റിയെടുത്തത്.

ഇങ്ങനെയായിരുന്നു സംഭവം – ഒരു ദിവസം മണിക്കുട്ടി അസാധാരണമായ ഒരൊച്ചയിൽ കരയുന്നത് കേട്ട് ഞാനും അനിയത്തിയും അമ്മയെയും കൂടെക്കൂട്ടി പര്യമ്പുറത്തേക്ക് ഓടിച്ചെല്ലുന്നു – അപ്പോളതാ ആ കുസൃതിക്കിളി മണിക്കുട്ടിയുടെ അതേ ഒച്ചയിൽ കരഞ്ഞു കൊണ്ട് അവളെയിട്ട് കൊത്തിപ്പറിക്കുന്നതാണ് കാണുന്നത്. മുറ്റം മുറിച്ച് നടന്നു പോകുകയായിരുന്ന മണിക്കുട്ടിയുടെ പുറകിലൂടെ പറന്നു പാഞ്ഞു ചെന്നായിരുന്നു കിളിയുടെ ആക്രമണം. ഓരോ കൊത്തും കൊത്തിയ ശേഷം മണിക്കുട്ടി വട്ടം തിരിഞ്ഞ് നിൽക്കുന്ന നേരം കൊണ്ട് ആ കിളി പുളിങ്കൊമ്പിലേക്ക് തിരികെയൊന്നു പറന്നു പൊങ്ങി. എന്നിട്ട് മുന്നോട്ട് നടക്കുന്ന മണിക്കുട്ടിയുടെ നേരെ പിന്നെയും പാഞ്ഞ് ചെന്ന് അടുത്ത കൊത്ത് കൊത്തുകയായി. കിളി ഉപദ്രവം നിർത്താൻ ഒരുക്കമല്ലെന്ന് കണ്ടയുടനെ ഞങ്ങൾ മൂവരും കൂടി മണിക്കുട്ടിയുടെ രക്ഷയ്ക്കായി ഓടിച്ചെന്നു. ഉടനടി അമ്മയുടെ കാൽച്ചുവട്ടിൽ അഭയം പ്രാപിച്ച മണിക്കുട്ടി അരിശം കൊണ്ടോ സങ്കടം കൊണ്ടോ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ആ കാക്കത്തമ്പുരാട്ടിയാകട്ടെ ആക്രമണം നിർത്തിയെങ്കിലും മരക്കൊമ്പിലിരുന്ന് വീണ്ടും പൂച്ചകരച്ചിൽ ആവർത്തിച്ച് അവളെ കളിയാക്കിക്കൊണ്ടുമിരുന്നു .

aymanam john, story, iemalayalam

“അതിശയം തന്നെ, എങ്ങനെയാണമ്മേ ആ കിളി പൂച്ചേടെ ഒച്ച ഉണ്ടാക്കുന്നത്” എന്നൊരു ചോദ്യം ഞാൻ അമ്മയോട് ചോദിക്കാനോങ്ങിയതും അനിയത്തിയതാ എനിക്ക് മുന്നേ അതെ ചോദ്യം ചോദിച്ചു കഴിഞ്ഞു.

“അയ്യോ അമ്മേ, അതെങ്ങനെയാ ആ കിളി പൂച്ചെപ്പോലെ കരയുന്നതമ്മേ?”.

കാക്കത്തമ്പുരാട്ടികൾ അസാധാരണ വൈഭവമുള്ള കിളികളാണെന്നും മറ്റു കിളികളുടെയും ജന്തുക്കളുടെയുമൊക്കെ ഒച്ചകളനുകരിക്കാൻ അവറ്റകൾക്ക് വലിയ സാമർഥ്യമുണ്ടെന്നും അമ്മ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി…

അത് കഴിഞ്ഞ് ഞങ്ങളൊന്നിച്ച് വീട്ടിലേക്ക് തിരികെക്കയറിയ പാടെ മണിക്കുട്ടിയും വേഗം വിറകുപുരയിലേക്ക് ഓടിക്കയറിപ്പോയി. കിളി കൊത്തിയ ഇടമെല്ലാം നക്കിത്തുടച്ചു കൊണ്ട് അവൾ അതിനുള്ളിൽ തന്നെ ഒളിച്ചിരിക്കുന്നതാണ് പിന്നെക്കണ്ടത്.

പിറ്റെ ദിവസവും ഏതാണ്ടതേ നേരത്ത് തന്നെ പുളിമരച്ചുവട്ടിലൂടെ നടന്നു പോകുകയായിരുന്ന മണിക്കുട്ടിയെ ആ തൻേറടിക്കിളി തലേന്നത്തെപ്പോലെ തന്നെ പറന്നു കൊത്തിത്തുടങ്ങിയപ്പോഴാണ് അമ്മയ്ക്കൊരു സംശയം തോന്നിയത്. കുറച്ചു നേരം മരത്തിനു മുകളിലേക്ക് സൂക്ഷിച്ചു നോക്കി നിന്ന അമ്മയൊടുവിൽ ഒത്തിരി പൊക്കത്തിലൊരിടത്ത് ആ കിളി പണി തീർത്തിരുന്ന കൂട് കണ്ടു പിടിച്ചു.

“ഓ,ചുമ്മാതല്ല ” എന്നൊന്ന് പറഞ്ഞു കൊണ്ട് അമ്മയത് ഞങ്ങൾക്ക് കാട്ടിത്തന്നു .കൂട് കൂട്ടി മുട്ടയിടുന്ന കാലത്താണ് കിളികളങ്ങനെ ആക്രമണകാരികളാകാറുള്ളതെന്ന് വിശദീകരിച്ചു തരികയും ചെയ്തു.

പക്ഷെ പാവം മണിക്കുട്ടി! അവളതു വല്ലതും അറിയുന്നോ? അന്നും ഞങ്ങളുടെ അടുത്തേക്ക് ഓടി വന്ന് അമ്മയുടെ കാൽക്കൽ അഭയം തേടിയ അവൾ “ഒരു കാര്യവുമില്ലാതെ ആ കിളി എന്നെയിങ്ങനെ കൊത്തിയോടിക്കുന്നതെന്തിനാണ്?” എന്നതിശയിക്കുന്ന ഒരു നോട്ടം ഞങ്ങൾ മൂവരുടെയും മുഖത്ത് മാറി മാറി പതിപ്പിച്ചു കൊണ്ട് കുറെ നേരം സങ്കടപ്പെട്ടു കരഞ്ഞു . പിന്നെ തലേന്നത്തെപ്പോലെ തന്നെ വിറകുപുരയിൽ പോയിക്കിടന്നും കുറെ നേരം കരഞ്ഞു.

എന്നാൽ, അതിനടുത്ത ദിവസം മണിക്കുട്ടിയുടെ മട്ടാകെ മാറിയിരുന്നു. അന്ന് കിളി അവളെ കൊത്തിയ ക്ഷണത്തിൽ അവൾ വല്ലാതെ അരിശപ്പെട്ട് ചീറ്റിക്കൊണ്ട് പിന്നോക്കം തിരിഞ്ഞിട്ട് ഒരൊറ്റകുതിപ്പിന് പുളിയുടെ ചുവട്ടിലെത്തി. എന്നിട്ട് ഇടിപിടീന്ന് അതിന് മുകളിലേക്ക് ഓടിക്കയറി. മരം ശാഖ തിരിയുന്നിടം വരെ എളുപ്പം ഓടിക്കയറിയ മണിക്കുട്ടി അതിന് മുകളിലേക്ക് കയറാൻ ധൈര്യം വരാതെ അവിടെത്തന്നെ അള്ളിപ്പിടിച്ച് കുറെ നേരമിരുന്നു .മുകളിലൊരു കൊമ്പിൽ ഇരിക്കുകയായിരുന്ന കിളിയപ്പോൾ അന്തം വിട്ട് മണിക്കുട്ടിയെ തന്നെ നോക്കിക്കൊണ്ടിരുന്നതല്ലാതെ അവളെ കൊത്താനോ കളിയാക്കാനോ ഒരുമ്പെട്ടതുമില്ല.

aymanam john, story, iemalayalam

വേണ്ടി വന്നാൽ മണിക്കുട്ടിക്ക് പിന്നെയും മുകളിലേക്ക് കയറാൻ കഴിഞ്ഞേക്കും എന്നൊരു പേടി കിളിയുടെ മനസ്സിൽ കടന്നു കൂടിയതാകാമെന്ന് അമ്മ പറഞ്ഞു .

അപ്പറഞ്ഞത് ശരി തന്നെയായിരുന്നുവെന്നു തോന്നുന്നു. അതിൽ പിന്നെ ഒരിക്കലും ആ കിളി മണിക്കുട്ടിയെ കൊത്താൻ മുതിർന്നതേയില്ല .എന്നാൽ മരക്കൊമ്പിലിരുന്ന് പൂച്ച കരഞ്ഞു കേൾപ്പിച്ച് അവളെ കളിയാക്കുന്നത് തുടരുകയും ചെയ്തു .

കൂടുതൽ ധൈര്യമാർജ്ജിച്ചിരുന്ന മണിക്കുട്ടിയാകട്ടെ കളിയാക്കൽ കേൾക്കുന്ന നേരം പുളിമരത്തിലേക്ക് ഓടിക്കയറിച്ചെന്നിട്ട് അതിന്റെ താഴ്ന്ന ചില്ലകൾ ചിലത് കൂടി ചവിട്ടിക്കയറി കൂടുതൽ കൂടുതൽ ഉയരത്തിലെത്താൻ ശ്രമിച്ചു കൊണ്ടുമിരുന്നു. അപ്പോഴൊക്കെ മണിക്കുട്ടിയെ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന കിളി കളിയാക്കൽ നിർത്തി അവളുടെ അടുത്ത നീക്കമെന്തെന്നു കാത്ത് അനങ്ങാതെ ഇരിക്കുകയായിരുന്നു പതിവ്.

പക്ഷെ എത്ര ശ്രമിച്ചിട്ടും മരത്തിന്റെ പാതിപ്പൊക്കത്തിനപ്പുറം കയറിച്ചെല്ലാൻ മണിക്കുട്ടിക്ക് കഴിഞ്ഞിരുന്നില്ല..

അങ്ങനെ പോകെ മുട്ടകൾ വിരിഞ്ഞ് കിളിക്കുഞ്ഞുങ്ങൾ പുറത്തു വന്നു ആ അമ്മക്കിളിക്ക് കൂട്ടായി മറ്റൊരു കാക്കത്തമ്പുരാട്ടി കൂടി പുളിമരത്തിലേക്ക് പതിവായി വന്നെത്താനും തുടങ്ങി. അത് ശ്രദ്ധിച്ച ഞാനും അനിയത്തിയും കൂടി അമ്മയ്ക്കതിനെ കാട്ടിക്കൊടുത്തപ്പോഴാണ് അത് മറ്റാരുമല്ല; ആ കിളിക്കുഞ്ഞുങ്ങളുടെ അച്ഛൻകിളിയാണെന്ന് അമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നത്.

കുഞ്ഞുങ്ങൾ പുറത്തു വന്ന നാൾ മുതൽ ആ കിളികൾ രണ്ടിനും ഏതു നേരവും തിരക്കോട് തിരക്കായി. ഓരോ വഴിക്ക് പറന്നു പോയി എന്തൊക്കെയോ കൊത്തിയെടുത്തു കൊണ്ട് വന്ന് കുഞ്ഞുങ്ങളെ തീറ്റുന്ന തിരക്ക് തന്നെ.

തീറ്റതേടലിനിടയ്ക്ക് തെല്ലിട വിശ്രമിക്കുമ്പോൾ മാത്രം അമ്മക്കിളി മണിക്കുട്ടിയോടുള്ള ചൊരുക്ക് തീർക്കാൻ ഒരിടവേള കണ്ടെത്തിക്കൊണ്ടിരുന്നു. മരച്ചുവട്ടിലൂടെ കടന്നു പോകുന്ന മണിക്കുട്ടിയെ കണ്ടാലുടൻ പഴയ പടി രണ്ടു മൂന്നു വട്ടം പൂച്ച കരഞ്ഞു ചൊടിപ്പിക്കും. അത്ര മാത്രം.

മരംകയറ്റം നന്നായി പഠിച്ചു കഴിഞ്ഞിരുന്ന മണിക്കുട്ടിയാകട്ടെ അപ്പോഴേക്ക് തൊടിയിലെ മറ്റുള്ള മരങ്ങളിൽ ഓരോന്നിലായി മാറി മാറി കയറിയിറങ്ങി നടക്കുന്ന വിനോദത്തിൽ ഏർപ്പെടാനും തുടങ്ങിയിരുന്നു. അത് കൊണ്ട് ആ കളിയാക്കൽ കേൾക്കുമ്പോൾ മാത്രമേ അവൾ പുളിമരത്തിലേക്ക് തിരിഞ്ഞു നോക്കിയിരുന്നുള്ളൂ.

എങ്കിൽ തന്നെയും, അത് കേട്ട് പുളിമരത്തിലേക്ക് ഓടിക്കയറിച്ചെല്ലുന്ന മണിക്കുട്ടി കൂടുതൽ പൊക്കത്തിലേക്ക് കയറുന്നതായി ഭാവിച്ച് ആ വലിയ പറക്കക്കാരിയുടെ അഹംഭാവത്തിന് അറുതി വരുത്താൻ ശ്രമിച്ചു പോരുകയും ചെയ്തു. ഏതായാലും രണ്ടു പേരുടെയും വാശിയും വൈരാഗ്യവും അതിനപ്പുറം കടന്നു പോയില്ല.

കിളിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാൻ തുടങ്ങിയ നാളിൽ അമ്മക്കിളി അത് വരെ തന്നെ കൊത്തിയോടിക്കാൻ നോക്കിയിരുന്നതിന്റെ രഹസ്യം മണിക്കുട്ടിക്ക് മനസ്സിലായതാണ്- അവളുടെ അരിശം കുറച്ചൊന്നടങ്ങാൻ കാരണമായതെന്നായിരുന്നു അമ്മ അഭിപ്രായപ്പെട്ടത്. അച്ഛൻകിളി കൂടി കൂട്ടിനെത്തിയതോടെ മണിക്കുട്ടി കുഞ്ഞുങ്ങളെ ഒന്നും ചെയ്യാൻ പോകുന്നില്ലെന്ന് കുസൃതിക്കിളിക്ക് കൂടുതലുറപ്പായിക്കാണുമെന്നും അമ്മ പറഞ്ഞു .

aymanam john, story, iemalayalam

അങ്ങനെ പോകെ ഒരു ദിവസം ആ അമ്മക്കിളിക്ക് അത്യപൂർവ്വമായ ഒരപകടം പിണഞ്ഞു. എവിടെയോ പോയി കുഞ്ഞുങ്ങൾക്കായി തപ്പിത്തേടി ശേഖരിച്ച തീറ്റയുമായി അതിവേഗം കൂട്ടിലേക്ക് പറന്നു വരുന്ന വഴിക്ക് തൊടിയോട് ചേർന്ന് പോകുന്ന ഇലക്ട്രിക്ക് ലൈനിൽ അവളുടെ ചിറകുകൾ ഒന്നു കുരുങ്ങി. ഷോക്കേറ്റ അവൾ മതിലോരത്തേയ്ക്ക് തെറിച്ച് വീണു.

അവിടെക്കിടന്ന് ദൈന്യത തോന്നുന്ന ഒരൊച്ചയിൽ ഉറക്കെ നിലവിളിക്കാനും തുടങ്ങി. ഞാനും അനിയത്തിയും കൂടി അത് കേട്ട് വീടിനകത്തു നിന്ന് ഓടിയിറങ്ങിച്ചെന്നപ്പോൾ, അപകടം കണ്ടു നിന്ന അടുത്ത വീട്ടിലെ രമണിച്ചേച്ചിയാണ് അതേപ്പറ്റി ഞങ്ങളോട് വിസ്തരിച്ച് പറഞ്ഞത്. ഏതായാലും ഞങ്ങളുടനെ വലിയ സങ്കടത്തോടെ അമ്മയെ ഉറക്കെ വിളിച്ച്‌ വരുത്തിയിട്ട് കരിയിലകൾക്കിടയിൽ കിടന്ന് പിടയുന്ന കുസൃതിക്കിളിയെ കാട്ടിക്കൊടുത്തു.

അടുത്ത് ചെന്ന് നോക്കിയ അമ്മ അതിന്റെ വലതുചിറകിൽ ഒരിടത്ത് പൊള്ളലേറ്റതായി കണ്ടു പിടിക്കുകയും ചെയ്തു. മണിക്കുട്ടിയെങ്ങാനും ഓടി വന്ന് കുസൃതി പറക്കാൻ പറ്റാതെ കിടക്കുന്നത് കാണാതിരിക്കാൻ ശ്രദ്ധിച്ചോണം എന്ന് ഞങ്ങളെ പറഞ്ഞേൽപ്പിച്ചിട്ട് അവളുടെ ചിറകിൽ പുരട്ടിക്കൊടുക്കാൻ ഏതോ മരുന്ന് തേടി അമ്മ അടുക്കളയിലേക്ക് ഓടിയതും -അമ്മ ഭയന്നതു പോലെ തന്നെ മണിക്കുട്ടി ഉടനടി പാഞ്ഞോടി വന്നു കഴിഞ്ഞു.

കിളിയെ അടുത്ത് ചെന്നിരുന്ന് ഒരു ക്ഷണം തുറിച്ചു നോക്കിയ മണിക്കുട്ടിയുടെ നേർക്ക് അതിദയനീയമായ ഒരു മറുനോട്ടം നോക്കിക്കൊണ്ട് കിളി അനക്കമറ്റ് കിടന്നു. അടുത്ത ക്ഷണം മണിക്കുട്ടി – ഞങ്ങൾക്കവളെ തടയാൻ ഒരവസരവും തരാതെ- കിളിയെയും കടിച്ചെടുത്ത് പര്യമ്പുറത്തേക്ക് കൊണ്ടോടി. അമ്മയെ ഉറക്കെ വിളിച്ചു കൊണ്ട് പുറകെ ഓടിച്ചെന്ന ഞങ്ങൾ പിന്നെക്കാണുന്നത് കിളിയുടെ മേലുള്ള കടി വിടാതെ പുളിമരത്തിലേക്ക് ഓടിക്കയറുന്ന മണിക്കുട്ടിയെയാണ്.

അതിവേഗം മരം കയറിയ മണിക്കുട്ടി അതു വരെ അവൾക്ക് ഏത്താൻ കഴിയാതിരുന്നത്ര ഉയരത്തിലെത്തിയിട്ടാണ് കയറ്റം നിർത്തിയത് .മരത്തിനു താഴെ ഞങ്ങൾ മൂന്നു പേരും ഉത്കണ്ഠയോടെ നോക്കി നിൽക്കെ അവൾ കിളിയെ സാവധാനം അടുത്തുള്ള മരക്കൊമ്പിലേക്കിരുത്തിയ ശേഷം, കടിവിട്ടു. കിളി തൽക്ഷണം കൊമ്പുകൾ ഓരോന്നും ഒത്തിയൊത്തി ചാടിക്കയറാൻ തുടങ്ങി. ഒടുവിലത് ഒരു വിധത്തിൽ കൂടിനടുത്തെത്തുന്നത് ഞങ്ങൾ മൂവരും വലിയ ആശ്വാസത്തോടെ നോക്കി നിൽക്കുകയും ചെയ്തു.

ഒട്ടും വൈകിയില്ല – തീറ്റയില്ലാതെ തിരിച്ചെത്തിയ അമ്മയെ കണ്ട് കിളിക്കുഞ്ഞുങ്ങൾ കൂട്ടക്കരച്ചിൽ കരയാൻ തുടങ്ങി.

ഉടനടി എവിടെ നിന്നോ അതിവേഗം പറന്നെത്തിയ അച്ഛൻകിളി അമ്മക്കിളിയുടെ കൂനിയിരിപ്പ് കണ്ട പാടെ അവൾക്കേതോ അപകടം പിണഞ്ഞതായി മനസ്സിലാക്കിയിട്ട്, വലിയ സങ്കടത്തോടെ കൂട്ടുകാരിയുടെ അടുത്തിരുന്ന് കുറെ നേരം കരഞ്ഞു. അത് കഴിഞ്ഞ് പറന്നു പോയ അവൻ അധികം വൈകാതെ – പതിവിലും കൂടുതൽ തീറ്റയും ചുണ്ടിൽ കൊത്തിയെടുത്തായിരുന്നു മടങ്ങിയെത്തിയത്. എന്നിട്ട് കുഞ്ഞുങ്ങളെ തീറ്റുന്നതിനിടയിൽ തന്നെ അമ്മക്കിളിക്കുള്ള പങ്ക് മെല്ലെ മെല്ലെ അവളുടെ വായ്ക്കുള്ളിലേക്കും വച്ചു കൊടുക്കുന്നത് കണ്ടു .

അമ്മക്കിളിയുടെ ചിറകിലെ പരിക്ക് ഭേദമാകാൻ രണ്ടു മൂന്നു ദിവസമെടുത്തു. അത് കഴിഞ്ഞ് അവൾ പറന്നു തുടങ്ങിയ ദിവസം ഞങ്ങൾ അത്യധികം ആകാംക്ഷയോടെ മണിക്കുട്ടി പുളിമരത്തിനു ചുവട്ടിലൂടെ നടന്നു പോകുന്ന നേരത്തിനായി കാത്തു. ആ നേരം വന്നെത്തിയതും മരച്ചുവട്ടിലൂടെ കടന്നു പോകുകയായിരുന്ന മണിക്കുട്ടിയുടെ നേർക്ക് കുനിഞ്ഞു നോക്കിയ കുസൃതിക്കിളി ഞങ്ങളെ വല്ലാതെ അതിശപ്പിച്ചു കൊണ്ട് സ്നേഹാർദ്രമായ ഒരൊച്ചയിൽ അവളെ നീട്ടി വിളിച്ചു .
“മണിക്കുട്ടീ…മണിക്കുട്ടീ…”

ആ വിളി ഞാനും അനിയത്തിയും മണിക്കുട്ടിയെ വിളിക്കുന്ന അതെ ഈണത്തിലായിരുന്നുവെന്നതാണ്, അതിലേറെ അതിശയകരമായത് ! മരത്തിനു മുകളിലേക്ക് നോക്കിയ മണിക്കുട്ടി കിളിയെ കണ്ടെത്തിയിട്ട് സ്വന്തം ഒച്ചയിൽ മൂന്നു നാല് വട്ടം മൃദുവായി കരഞ്ഞു കൊണ്ട് വിളി കേൾക്കുകയും ചെയ്തു. അന്നവൾ മരത്തിലേക്ക് ഓടിക്കയറാനൊന്നും ഒരുങ്ങിയതുമില്ല. തല കുനിച്ച്‌ പിടിച്ച് എന്തൊക്കെയോ ഓർത്തു കൊണ്ട് മുന്നോട്ട് നടന്നു പോയത് മാത്രം.

കുറച്ചു ദിവസങ്ങൾ കൂടിക്കഴിഞ്ഞ് കുഞ്ഞുങ്ങൾക്ക് പറക്ക മുറ്റവെ, ആ കിളികുടുംബം പുളിമരം വിട്ടു പോകുന്നത് വരെ അവർ തമ്മിലുള്ള അതെ സ്നേഹവിനിമയം ഞങ്ങൾ ദിവസേന കേട്ടു കൊണ്ടുമിരുന്നു.
“മണിക്കുട്ടീ ….”
“മ്യാവൂ…മ്യാവൂ…മ്യാവൂ”

  • കുട്ടിക്കഥക്കൂട്ടിൽ നാളെ ജോജു ഗോവിന്ദ് എഴുതിയ കഥ വായിക്കാം
Children, Short story, Malayalam writer

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Aymanam john story for children maramkeri manikutty