scorecardresearch

കൂനിവല്യമ്മയുടെ കിളിക്കൂട്ടുകാർ

“ആ മൈനയും തീവണ്ടിക്ക് പുറകെ പറന്ന് മീററ്റിലേക്ക് പോയിട്ടുണ്ടാവുമെന്നാണ് ‘അമ്മ അന്നെന്നോട് പറഞ്ഞത്…” അയ്മനം ജോൺ ആദ്യമായി കുട്ടികൾക്കായി എഴുതിയ കഥ

aymanam john, story , iemalayalam

ആറ്റുതീരത്തെ ഓലക്കുടിലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കൂനിവല്യമ്മ അമ്മയുടെ വലിയ അടുപ്പക്കാരിയായിരുന്നു. ഞാനും ഏട്ടത്തിയുമൊക്കെ ജനിക്കുന്നതിനു മുൻപ് മരിച്ചു പോയ കൂനിവല്യമ്മയുടെ ഭർത്താവ് ഏത് വെള്ളപ്പൊക്കത്തിലും വള്ളം തുഴയാൻ സമർത്ഥനായ ഒരു കടത്തുകാരനായിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്. ഒരു മകനുള്ളത് പട്ടാളക്കാരനുമാണ്. ഭാര്യയും മക്കളുമൊത്ത് വടക്ക് മീററ്റിൽ പട്ടാളക്യാമ്പിലാണ് താമസം. അങ്ങനെയാണ് കൂനിവല്യമ്മ ആ വീട്ടിൽ ഒറ്റയ്ക്കായിപ്പോയത്.

ചെലവ് കഴിയാൻ മകൻ മാസാമാസം അയച്ചു കൊടുക്കുന്ന കാശ് കൊണ്ട് പാവം ഒറ്റയ്ക്ക് വച്ചും കുടിച്ചും കഴിയുന്നു എന്നാണ് അമ്മ കൂനിവല്യമ്മയെപ്പറ്റി പറയാറുണ്ടായിരുന്നത്. കോഴി വളർത്തിയും ഓല മെടഞ്ഞുമൊക്കെ കൂനിവല്യമ്മ തന്നത്താൻ കുറച്ചു കാശ് സമ്പാദിക്കുകയും ചെയ്യുമായിരുന്നത്രെ. അങ്ങനെ കുനിഞ്ഞു നിന്നുള്ള മുറ്റമടിയ്ക്കലും വെള്ളം കോരലും മുതൽ കൂനിയിരുന്നുള്ള ഓലമെടയൽ വരെയുള്ള പണിയെല്ലാം ഒറ്റയ്ക്ക് ചെയ്ത് ചെയ്താണ് പാവത്തിന് കൂന് പിടിച്ചതെന്ന് പറഞ്ഞ് അമ്മ ഇടയ്ക്കൊക്കെ സഹതപിക്കു ന്നതും കേൾക്കാമായിരുന്നു .

അമ്മയെക്കണ്ട് സുഖാന്വേഷണങ്ങൾ നടത്താൻ കൂനിവല്യമ്മ വല്ലപ്പോഴുമൊക്കെ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. കൂനിവല്യമ്മ വരുന്നതിനു പുറകെ ഒരു നാട്ടുമൈനയും ഞങ്ങളുടെ വീട്ടുതൊടിയിലേക്ക് പറന്നു കയറിയിരുന്നു. കൂനിവല്യമ്മ തിരികെപ്പോകുമ്പോൾ ആ മൈനയും ഒപ്പം മടങ്ങി.

aymanam john, story , iemalayalam

ഊണൊക്കെ കഴിഞ്ഞ് ഉച്ച തിരിയുന്ന നേരത്തായിരുന്നു മിക്കപ്പോഴും കൂനിവല്യമ്മയുടെ വരവ്. വീടിനു വളഞ്ഞു ചുറ്റി പര്യമ്പുറത്തേക്ക് പോകുന്ന കൂനിവല്യമ്മ പുളിമരച്ചുവട്ടിലെ അലക്കുകല്ലിൽ ചെന്നിരുന്നിട്ട് അമ്മയെ വിളിക്കും. കൂനിവല്യമ്മയുടെ വിളി കേട്ട് അടുക്കളവാതിൽ തുറന്ന് ചെല്ലുന്ന അമ്മ വാതിൽപ്പടിമേലും ഇരിപ്പുറപ്പിക്കും. ആ ഇരുപ്പിരുന്ന് അവർ വർത്തമാനം തുടങ്ങുമ്പോൾ നാട്ടുമൈനയും പറന്നു വന്ന് പുളിമരക്കൊമ്പിൽ സ്ഥാനം പിടിച്ചിട്ട് അവർക്കൊപ്പം ചിലയ്ക്കാൻ തുടങ്ങും, അതായിരുന്നു പതിവ്.

പുളിമരക്കൊമ്പിലിരുന്ന നാട്ടുമൈനയെ ചൂണ്ടിക്കാണിച്ച് അത് തന്റെ കൂട്ടുകാരിയാണെന്ന് കൂനിവല്യമ്മ ആദ്യമായിട്ട് ഞങ്ങളോട് പറഞ്ഞ ദിവസം എനിക്കും ഏട്ടത്തിക്കും പെട്ടന്നത് വിശ്വാസമായില്ല, എന്നാൽ അമ്മ കൂടി അത് തലയാട്ടി സമ്മതിച്ചപ്പോൾ കൂനിവല്യമ്മ കളി പറഞ്ഞതല്ലെന്ന് ഞങ്ങൾക്ക് തോന്നിത്തുടങ്ങി. അത് കഴിഞ്ഞ് കൂനിവല്യമ്മ മൈനയെ “കിന്നരീ …” എന്ന് നീട്ടി വിളിച്ചപ്പോൾ മൈന ചിറക് കുടഞ്ഞ് വിളി കേൾക്കുമ്പോലെ ചിലച്ചപ്പോഴാണ് ഞങ്ങൾ അന്തം വിട്ടു പോയത്.

ഞങ്ങളുടെ അതിശയഭാവം കണ്ടപ്പോൾ ഒപ്പം ചെന്നാൽ വേറെയും കിളിക്കൂട്ടുകാരെ കാട്ടിത്തരാം എന്നായി കൂനിവല്യമ്മ. പെട്ടെന്ന് ഉത്സാഹം പൂണ്ട ഞാനും ഏടത്തിയും ഉടനടി അമ്മയുടെ അനുവാദം വാങ്ങി കൂനിവല്യമ്മയ്‌ക്കൊപ്പം പോകുകയായിരുന്നു. അങ്ങനെ പോയത് വഴിക്കാണ് കൂനിവല്യമ്മയുടെ വീടും തൊടിയുമൊക്കെ ഞങ്ങൾ ആദ്യമായി കാണുന്നതും.

ഞങ്ങളുടെ വീടിനു പുറകിൽ കൂടി പോകുന്ന നാട്ടുവഴി ചെന്നവസാനിക്കു ന്നിടത്ത് ആറ്റുവക്കിലെ ചെറിയൊരു പറമ്പിലായിരുന്നു കൂനിവല്യമ്മയുടെ കുടിൽ. പറമ്പ് ചെറിയതാണെങ്കിലും അതിൽ നിറയെ ചെറുതും വലുതുമായ മരങ്ങളുണ്ടായിരുന്നു.നോക്കുന്നിടത്തെല്ലാം പൂക്കളും കായ്കളും നിറഞ്ഞ ഒരു പഴത്തോട്ടം തന്നെയായിരുന്നു അത്. കൂനിവല്യമ്മയുടെ കൊച്ചു വീട് മരക്കൂട്ടങ്ങൾക്ക് നടുക്ക് ഒളിച്ചിരിക്കുന്നത് പോലെയും കാണപ്പെട്ടു. ആ വീടിനകത്തേക്ക് കയറിപ്പോകണമെങ്കിൽ കൂനില്ലാത്തവർക്കും കുനിയണമായിരുന്നു

aymanam john, story , iemalayalam

മരങ്ങൾക്കിടയിൽ ഞെരുങ്ങിക്കിടന്ന ഒറ്റയടിപ്പാതയിലൂടെ ഞങ്ങളെയും കൂട്ടി കൂനിവല്യമ്മ വീട്ടിലേക്ക് നടക്കുന്ന വഴിക്ക് ചുറ്റുപാടുമുള്ള മരങ്ങളിരുന്ന് കിളിക്കൂട്ടങ്ങൾ പെട്ടെന്ന് ആർത്ത് ചിലയ്ക്കാൻ തുടങ്ങി.

“ചുമ്മാ കെടന്നലറാതെ പിള്ളേരെ…” എന്ന് കൂനിവല്യമ്മ അവരെ ഉറക്കെ ശകാരിച്ചപ്പോൾ അവറ്റകൾ പെട്ടെന്ന് ഒച്ചയിടീൽ നിർത്തി. ചില കിളികൾ പറഞ്ഞതനുസരിക്കും പോലെ ചിറകുകളും കുടഞ്ഞുകാട്ടി. മനുഷ്യർ പറഞ്ഞാൽ അനുസരിക്കുന്ന കിളികളോ എന്നോർത്ത് ഞാനും ഏട്ടത്തിയും അതിശയത്തോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കി.

കൗതുകം മൂത്ത ഏട്ടത്തി കിളികളെ ഇണക്കുന്ന സൂത്രവിദ്യ എന്താണെന്ന് ആ പോകുന്ന പോക്കിൽ തന്നെ കൂനിവല്യമ്മയോട് തഞ്ചത്തിൽ ചോദിച്ചു.

“നിങ്ങള് തന്നെ കണ്ടു പിടിക്ക് മക്കളേ,”എന്ന് പറഞ്ഞ് വീട്ടിലേക്ക് കയറാതെ തന്നെ കൂനിവല്യമ്മ ഞങ്ങളെ മുറ്റത്തിന് ചുറ്റും കൊണ്ടു നടന്നു.

മുറ്റത്തിന് തൊട്ടു പുറത്ത് അവിടെയുമിവിടെയുമായി വച്ചിരുന്ന പരന്ന പാത്രങ്ങളിൽ കൂനിവല്യമ്മ കിളികൾക്കായി ധാന്യമണികൾ സൂക്ഷിച്ചിരുന്നു. തൊടിയിലെ താഴ്ന്ന മരക്കൊമ്പുകൾ ചിലതിൽ നിന്ന് ഉറി പോലെ കയറു കെട്ടിത്തൂക്കിയ ചട്ടികളിൽ അവർക്ക് കുടിക്കാൻ തെളിവെള്ളവും നിറച്ചിരുന്നു. ഒറ്റയ്ക്കിരുന്നു തിന്നുകയും കുടിക്കുകയും ചെയ്യാതെ അതിന്റെയൊക്കെ പങ്ക് കിളികൾക്ക് കൂടി കൊടുക്കുന്നത് കൊണ്ടാണ് കിളികൾ കൂനിവല്യമ്മയോട് അത് പോലെ കൂട്ട് കൂടിയിരുന്നതെന്ന് അതൊക്കെക്കണ്ടപ്പോൾ ഞങ്ങൾക്ക് എളുപ്പം മനസ്സിലായി.

അത് കഴിഞ്ഞ് കൂനിവല്യമ്മ ഞങ്ങളെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടു പോയി. കട്ടൻകാപ്പിയും കപ്പ വറുത്തതും തയ്യാറാക്കി കൂനിവല്യമ്മ ഞങ്ങളെ കൊരണ്ടികളിൽ ഇരുത്തി സൽക്കരിച്ചു. എന്നിട്ട് അടുക്കളവാതിൽക്കൽ വച്ചിരുന്ന കൊച്ചു കിണ്ണത്തിൽ കുറച്ച് അരി വിതറിയിട്ടിട്ട് “കിന്നരീ… ” എന്ന് നീട്ടി വിളിച്ചു.

aymanam john, story , iemalayalam

അപ്പോളതാ കൂനിവല്യമ്മയുടെ കൂടെ ഞങ്ങളുടെ വീട്ടിലേക്ക് വന്നിരുന്ന ആ കിന്നരി മൈന ഉച്ചത്തിൽ ചിലച്ചു കൊണ്ട് അടുക്കള വാതിൽക്കലേക്ക് പറന്നു കയറി വരുന്നു. എന്നിട്ട് ഒരു പേടിയുമില്ലാതെ ഞങ്ങളുടെ അടുത്തിരുന്ന് അരിമണികൾ കൊത്തിപ്പെറുക്കി തിന്നാനും തുടങ്ങി. അടുത്തേക്ക് ചെന്നിരുന്ന് അതിന്റെ മുതുകിൽ പതുക്കെ തലോടിക്കൊണ്ട് കൂനിവല്യമ്മ ഞങ്ങളോട് ചോദിച്ചു

“ഇപ്പം എന്റെ കിന്നരീടെ കാര്യം മക്കക്ക് ശരിക്കും വിശ്വാസായില്ലേ?” എന്നിട്ട് പല്ലില്ലാത്ത മോണ മുഴുവൻ കാട്ടി കൂനിവല്യമ്മ ജയിച്ച മട്ടിൽ കൈ കൊട്ടി ഒരു ചിരി ചിരിച്ചപ്പോൾ ഞാനും ഏട്ടത്തിയും ചെറിയൊരു നാണക്കേടോടെ തോറ്റ മട്ടിൽ തല കുലുക്കി സമ്മതിച്ചു.

“വേറൊള്ള കിളികളൊക്കെ ഞാൻ പൊറത്തേക്ക് പോയാ എവിടെപ്പോകുന്നതാണെന്നൊന്നും അന്വേഷിക്കുകേല. പക്ഷെ ഇവള് മാത്രം എന്റെ അടുത്തൂന്ന് മാറുകേല. എവിടെപ്പോയാലും എന്റെ കൂടെ വരും,” തലോടൽ തുടർന്നു കൊണ്ട് കൂനിവല്യമ്മ പറഞ്ഞു.

അത്രയുമായപ്പോൾ കൂനിവല്യമ്മയോട് ഞങ്ങൾക്ക് കൂടുതൽ അടുപ്പം തോന്നിത്തുടങ്ങി. കിളികളോട് കൂട്ട് കൂടുന്ന. കൂനിവല്യമ്മയുടെ വശീകരണമന്ത്രം വശപ്പെടുത്താനും ആഗ്രഹം തോന്നി. പറമ്പിലെ പഴത്തോട്ടം പക്ഷികളെ ആകർഷിച്ചു വരുത്താനായി കൂനിവല്യമ്മ നട്ടു വളർത്തിയതാണോ എന്നായിരുന്നു ഏട്ടത്തിക്ക് ആദ്യമറിയേണ്ടിയിരുന്നത്.

“ഞാനായിട്ട് ഒന്നും നടുകേം പിടിപ്പിക്കുകേം മറ്റും ചെയ്യണ്ട മക്കളെ. ഇതുങ്ങൾക്ക് വേണ്ടതെല്ലാം ഇതുങ്ങള് തന്നെ കണ്ടു പിടിച്ചോളും. അതുങ്ങളോട് നമ്മളായിട്ട് ഒരു ശല്യത്തിനും പോകാതിരുന്നാ മതി. അടുത്തോട്ടു വരുമ്പം ആട്ടിയോടിക്കുകയോ മരത്തിമ്മെ കാണുമ്പോൾ കല്ലെടുത്തെറിയുകോ ഒന്നും ചെയ്യരുത്, പഴങ്ങടെ കുരുവൊക്കെ അതുങ്ങള് തന്നെ എവിടുന്നേലും കൊണ്ടു വന്ന് മണ്ണിലോട്ട് കാഷ്ഠിച്ചിടും. അതവിടെക്കെടന്ന് തന്നത്താൻ കിളിർക്കും. നമ്മള് മനുഷ്യര് വെട്ടീം പറിച്ചും കളഞ്ഞില്ലെങ്കി വളന്നു കേറും. പിന്നെ നമ്മളായിട്ട് വേനയ്ക്കിച്ചിരി വെള്ളം ഒഴിച്ചു കൊടുത്താ അത്രേം നല്ലത്. ഈ വല്യമ്മേടെ വീട് ആറ്റുവക്കത്തായ കൊണ്ട് അതും വേണ്ട. അങ്ങനെ തന്നത്താൻ വളന്ന് കേറിയ മരങ്ങളാ കുഞ്ഞുങ്ങളെ ഇതെല്ലാം. ഈ ചാമ്പയും പേരേമൊക്കെ അവര് തന്നെ കുരുവിട്ട് കിളിപ്പിച്ചതാ…”

അതൊക്കെ പറഞ്ഞു കൊണ്ട് ഞങ്ങളെ പഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ കൂനിവല്യമ്മ നടക്കുന്ന വഴിക്ക് കയ്യെത്തിപ്പറിക്കാൻ പാകത്തിൽ കിടന്ന പഴങ്ങൾ ചിലത് ഞങ്ങൾക്ക് പറിച്ചു തരികയും ചെയ്തു.

തൊടി കടന്ന് ഞങ്ങൾ ആറ്റരികിലെത്തിയപ്പോൾ അവിടെ മണൽതിട്ടയിൽ കുറെ നീർപക്ഷികൾ അന്തിവെയിൽ കാഞ്ഞ് ചിറകൊതുക്കി ഇരിക്കുന്നുണ്ടായിരുന്നു. മുന്നേ നടന്ന കൂനിവല്യമ്മ അടുത്തേക്ക് ചെന്നിട്ടും അവരെല്ലാം അനങ്ങാതെ ഇരുന്നുവെങ്കിലും ഞാനും ഏട്ടത്തിയും പുറകെ നടന്നു ചെന്നപ്പോൾ ദാ, ഒക്കെക്കൂടി ഒരൊറ്റ പറക്കൽ!

കൂനിവല്യമ്മ കൈകൊട്ടി പൊട്ടിച്ചിരിച്ചു.

“കണ്ടോ,കണ്ടോ, പിള്ളേരെ, കിളികക്കൊക്കെ നിങ്ങള് പിള്ളേരെയാ പേടി. നിങ്ങളല്ലേ ഒച്ചയിട്ടും കല്ല് വലിച്ചെറിഞ്ഞുമൊക്കെ അവരെ വെറുതെ ഓടിച്ചു വിടുന്നത്.”

എന്റെ കാര്യമാണ് പറഞ്ഞതെന്ന മട്ടിൽ ഏട്ടത്തി എന്റെ നേരെ നോക്കി. എന്നിട്ടെന്നോട് ചെവിയിൽ പറഞ്ഞു “നിന്റെ കാര്യം തന്നെയാ പറഞ്ഞെ. നീയല്ലേ കൊക്കിനു കെണി വക്കണോന്നും. കവളങ്കാളിയെ വലയിട്ട് പിടിക്കണോന്നുവൊക്കെ പറഞ്ഞ് എപ്പഴും എന്റെ പൊറകേ നടക്കുന്നത്.”

കൂനിവല്യമ്മ അതേതായാലും കേൾക്കുന്നുണ്ടായിരുന്നില്ല.

അത്രയുമായപ്പോൾ ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നത് കൊണ്ട് കൂനിവല്യമ്മ ഞങ്ങളെ തനിയെ വിടാതെ ഞങ്ങളുടെ വീട് വരെ കൂട്ടിനു വന്നു.

aymanam john, story , iemalayalam

കൂനിവല്യമ്മയുടെ വീട്ടിലേക്ക് നടത്തിയ ആ ഒരൊറ്റ വൈകുന്നേര സന്ദർശനത്തിൽ തന്നെ വല്യമ്മ ഞങ്ങൾക്ക് പകർന്നു തന്ന പക്ഷിസ്നേഹം ഞാനും ഏട്ടത്തിയും ഒരിക്കലും വിടാതെ മനസ്സിൽ സൂക്ഷിച്ചു. കൂനിവല്യമ്മ ചെയ്തിരുന്നത് പോലെ തന്നെ തൊടിയിലേക്ക് വിരുന്നു വരുന്ന കിളികളെ ഞങ്ങളും ധാന്യമണികൾ കൊടുത്ത് സൽക്കരിച്ചു തുടങ്ങി. വേനൽക്കാല മായപ്പോൾ മുറ്റത്തെ മൂവാണ്ടൻമാവിന്റെ കൊമ്പിൽ കിളികൾക്ക് കുടിക്കാനുള്ള വെള്ളം നിറച്ച കൊച്ചു പാത്രങ്ങളും ഞങ്ങൾ കെട്ടിത്തൂക്കി. ഏറെ നാൾ കഴിഞ്ഞില്ല, ഉച്ച നേരങ്ങളിൽ ഒരു കൂട്ടം കൊച്ചു കുരുവികളും ഒറ്റയ്ക്ക് വരുന്ന മറ്റോരോ പക്ഷികളുമൊക്കെ അതിൽ നിന്ന് വെള്ളം കുടിച്ചു ദാഹം തീർക്കുന്നത് ഞങ്ങൾ എന്നും കാണുന്ന കാഴ്ചയായി.

എന്നാൽ എത്ര മനസ്സു വച്ചാലും കൂനിവല്യമ്മയുടെ തൊടിയിൽ കണ്ടത്ര പക്ഷികൾ ഞങ്ങളുടെ തൊടിയിലേക്ക് വരികയില്ലല്ലോ എന്ന് ഞാനും ഏടത്തിയും സങ്കടപ്പെടുകയും ചെയ്തിരുന്നു .കാരണം അവിടെയുള്ളതിന്റെ നാലിലൊന്നു മരങ്ങൾ പോലും ഞങ്ങളുടെ തൊടിയിൽ ഉണ്ടായിരുന്നില്ല. അവിടുത്തെ ആറ്റുതീരത്തിന്റെ തണുപ്പും ശാന്തതയും ഞങ്ങളുടെ വീട്ടുതൊടിയിൽ ഒരിക്കലും വന്നു ചേരുകയുമില്ലായിരുന്നല്ലോ.

എങ്കിൽത്തന്നെയും ആവുന്നത്ര പുതിയ വൃക്ഷത്തൈകളൊക്കെ നട്ടു പിടിപ്പിച്ച് ഞങ്ങളുടെ വീട്ടുതൊടിയും കുറച്ചെങ്കിലും കൂനിവല്യമ്മയുടെ തൊടി പോലെയാക്കാൻ ഞങ്ങൾ ശ്രമം തുടങ്ങിയതാണ്. അതൊക്ക കൂനിവല്യമ്മയും കൂടി കണ്ടു സന്തോഷിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ തൈകളൊക്കെ വളർന്ന് മരങ്ങളാകും മുൻപേ കൂനിവല്യമ്മ കൂടുതൽ വയസ്സിയായിപ്പോയി. ഒടുവിൽ കിടപ്പിലുമായി. അപ്പോൾ കൂനിവല്യമ്മയുടെ മകനും ഭാര്യയും കൂടി വന്ന് വല്യമ്മയെ ഇടി പിടീന്ന് മീററ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു.

കൂനിവല്യമ്മ അവർക്കൊപ്പം തീവണ്ടി കയറി പോയപ്പോൾ ആ കിന്നരി മൈന എന്തു ചെയ്തു കാണുമെന്ന് അന്നു രാത്രിയിൽ തന്നെ ഞാൻ അമ്മയോട് ചോദിച്ചിരുന്നു.

ആ മൈനയും തീവണ്ടിക്ക് പുറകെ പറന്ന് മീററ്റിലേക്ക് പോയിട്ടുണ്ടാവുമെന്നാണ് അമ്മ അന്നെന്നോട് പറഞ്ഞത്.

Read More: അയ്മനം ജോൺ എഴുതിയ മറ്റ് കഥകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Aymanam john story for children koonivaliammayude killikootukar