/indian-express-malayalam/media/media_files/RmY98q5EBbgXVAXZ5MXw.jpg)
ചിത്രീകരണം: വിഷ്ണു റാം
അയ്‌നോ സുക്മി. പ്രേതം... നിന്റെ ഓട്ടോസാന്‍... നിന്റെ പിതാവ് അകേമിസാന്‍ ഇതാ പ്രേതമായി നമ്മുടെ നാട്ടില്‍ എത്തിയിരിക്കുന്നു. ഒന്നു വേഗം പുറത്തിറങ്ങി വായോ... ഉറക്കത്തിനിടയില്‍ ആരോ അങ്ങനെ വിളച്ചു പറയുന്നതായി അയ്‌മോ സുക്മിക്ക് തോന്നി.
ഷികോകു ദ്വീപിലെ നീണ്ട മലനിരകള്‍ക്ക് താഴെയാണ് ഇയാ താഴ്‌വര. അതിമനോഹരമായ മലയടിവാരത്തിലാണ് നഗൊരാ ഗ്രാമം. അയ്‌നോ സുക്മിയുടെ വീട് താഴ്‌വരയിലെ നഗൊരോഗ്രാമത്തിലാണ്. അറുപതുകള്‍ കടന്ന വനിതയാണ് അയ്‌നോ സുക്മി.
അയ്‌നോ സുക്മി. പ്രേതം. നിന്റെ ഓട്ടോസാന്‍. നിന്റെ പിതാവ് അകേമിസാന്‍ പ്രേതമായി നഗൊരയില്‍ വന്നിരിക്കുന്നു. അങ്ങനെ വിളിച്ചു കൂവാന്‍ ആരാണ് ഈ വെളുപ്പിനു ഇവിടേയ്ക്ക് വരാനുള്ളത്? വെറും തോന്നല്‍. ക്ഷീണം കൊണ്ടായിരിക്കും. തനിക്ക് വെറുതെ തോന്നിയതാവും. അവള്‍ തിരിഞ്ഞു കിടന്നുറക്കം തുടര്‍ന്നു.
നഗരത്തില്‍ നിന്നും ഏറെ അകലെയാണ് നഗൊര. ഉള്‍ഗ്രാമത്തിലെ അയ്‌നോ സുക്മിയുടെ വീട് പഴയ ജാപ്പനീസ് രീതിയിലെ ഒരു മരനിര്‍മ്മിതിയാണ്.
ചുവരുകള്‍, തറ, മേല്‍ക്കൂര എല്ലാം പണിഞ്ഞത് തടികള്‍ കൊണ്ട്. പുറത്തു നിന്നും നോക്കുമ്പോഴാണ് വീടിന്റെ ഭംഗി ഒന്നുകൂടി തെളിയുന്നത്. ഓടു പാകിയ മേല്‍ക്കൂരയുടെ കീഴ് വിളുമ്പുകള്‍ മുകളിലേയ്ക്ക് കലാപരമായി വളഞ്ഞതാണ്. അവയുടെ നാലു മൂലകളുടെ അഗ്രം ഷൂസുമാതിരി മുകളിലേയ്ക്ക് കൂര്‍ത്ത്.
വിശാലമായ തളത്തില്‍ നിന്നും പടികളിറങ്ങിയാല്‍ വീട്ടുവളപ്പിന്റ മധ്യത്തിലൂടെയുള്ള പുല്ലു പിടി പ്പിച്ച ചവിട്ടുവഴിയായി. അതു ചെന്നെത്തുന്നത് നഗൊരയിലേയ്ക്കുള്ള ഗ്രാമവീഥിയിലേയ്ക്ക്.
വളഞ്ഞും പുളഞ്ഞും പാടങ്ങള്‍ക്കിടയിലൂടെ അലസം നീങ്ങുന്ന വീതി കുറഞ്ഞ മണ്‍പാതയാണത്. ഒടുവില്‍ നഗരത്തില്‍ നിന്നും സുന്ദഗി പര്‍വ്വതത്തിലേയ്ക്കുള്ള ഹൈവേയില്‍ നാട്ടുവഴി എത്തിച്ചേരുന്നു. ഏകദേശം ഒരു മണിക്കൂറിനുമേല്‍ സമയം എടുക്കും വീട്ടില്‍ നിന്നും ഹൈവേയിലേയ്ക്ക് നടന്നെത്താന്‍.
മലയടിവാരമായതിനാല്‍ അയ്‌നോ സുക്മിയുടെ വീട്ടുവളപ്പില്‍ മരങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. പലതരത്തിലുള്ള മരങ്ങള്‍. അവ ചറ്റുവട്ടത്തിനു പച്ചപ്പ് കൂട്ടി. ജാപ്പനീസ് സെഡാര്‍, ചുവപ്പും കറുപ്പും പൈന്‍ മരങ്ങള്‍. പിന്നെ സാക്കുറകളും. വിവിധ ജാതിയിലുള്ള ജാപ്പനീസ് വൃക്ഷജാലങ്ങളുടെ പരിച്ഛേദമാണ് അവരുടെ തോട്ടം.
വസന്തകാലത്ത് ജാപ്പനീസ് ചെറികള്‍ പൂത്തുലഞ്ഞ് അതൊരു പൂക്കൂടയായി മാറി. ശിശിരത്തില്‍ മരങ്ങള്‍ ഇലകള്‍ പൊഴിച്ചു. അന്നേരത്ത് മുകളില്‍ നിന്നും നീലവാനം അവിടെമ്പാടും താഴ്ന്നിറങ്ങിയ പ്രതീതിയു ണ്ടാക്കി. ആ വളപ്പിലെ പൂമരങ്ങളില്‍ ഭൂരിഭാഗവും അവളുടെ ഒട്ടോസാനും ഹഹയും ചേര്‍ന്നു നട്ടുവളര്‍ത്തിയവയായിരുന്നു.
കുട്ടിക്കാലത്ത് അവളും മാതാപിതാക്കള്‍ക്കൊപ്പം സാക്കുറകളുടെ തൈകള്‍ തോട്ടത്തില്‍ പിടിപ്പിച്ചിരുന്നു. ഇപ്പോള്‍ അവയെല്ലാം വലുതായിരിക്കുന്നു. ഏപ്രില്‍ മാസമെത്തണം. ജപ്പാനിലെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം ഇയാ താഴ്‌വരയിലെ സാക്കുറകള്‍ മുഴുവനും പിങ്ക് നിറമുള്ള പൂവുകള്‍ കൊണ്ടു നിറയും.
നഗൊര ഗ്രാമത്തിലെ ഏറ്റവും സുന്ദരമായ തോട്ടമാണ് അകേമി സാന്റേതേത്. ആ വസന്തം കാണുമ്പോള്‍ അവള്‍ക്ക് പിതാവിനെ ഓര്‍മ്മവരും. ഉറക്കത്തിന്നിടയില്‍ ഗേറ്റില്‍ തൂക്കിയിട്ടിരുന്ന മണിയുടെ ശബ്ദം വീണ്ടും അവള്‍ വ്യക്തമായി കേട്ടു. അതിഥികള്‍ എത്തിയ വിവരമറിയിക്കാന്‍ ആ മരഗേറ്റില്‍ മണി തൂക്കിയിട്ടിരുന്നു, അയ്‌നോ.
സുക്മിയുടെ വീട്ടിലേയ്ക്ക് സാധാരണയായി ആരും വരാറുണ്ടായിരുന്നില്ല. അതിനാല്‍ മണി മുഴങ്ങുന്നത് അത്യപൂര്‍വ്വമായിട്ടായിരുന്നു. തുടര്‍ച്ചയായി മുഴങ്ങുന്നല്ലോ. നിര്‍ത്താതെ അതടിച്ചു കൊണ്ടിരുന്നു.
മലയിറങ്ങി വന്ന തണുത്ത മലങ്കാറ്റ് ചെമ്പു മണിയില്‍ തൊട്ടുകിടുക്കുന്ന ഒച്ചയല്ല. മനുഷ്യര്‍. സന്ദര്‍ശകര്‍ ആരോ ആണ് മണിമുട്ടുന്നത്. ഉറക്കത്തിലാണ്ട അയ്‌നോ സുക്മിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍. അതീവ നിശ്ശബ്ദമായ അന്തരീക്ഷത്തില്‍ ചെറിയ മണിയൊച്ചപോലും വന്‍കിടുക്കമാണ് ഉണ്ടാക്കുന്നത്.
ആ ഏകാന്തതയില്‍ ഇരിക്കുമ്പോഴൊക്കെ ശബ്ദമുഖരിതമായ നഗരികളെ കുറിച്ച് അയ്‌നോ സുക്മി പലപ്പോഴും ആലോചിച്ചു പോകാറുണ്ട്. ആഴമുള്ള ഒച്ചയില്ലായ്മ, തണുപ്പുള്ള ചലനരഹതിമായ അന്തരീക്ഷം. അവിടേയ്ക്ക് പട്ടണത്തിൽ നിന്നും ചാലുകീറിയതു മാതിരി വാഹനങ്ങളുടെ ഇരമ്പമുള്‍പ്പെടെ കുറെ ശബ്ദകോലാഹലങ്ങള്‍ ഒലിച്ചു വന്നിരുന്നെങ്കില്‍. കോലാഹലങ്ങള്‍ എപ്പോഴും വേണമെന്നില്ല. വല്ലാതെ ബോറടിക്കുമ്പോള്‍ മതിയാകും.
അവള്‍ എഴുന്നേറ്റു. കിടക്കമുറിയുടെ വലിയ മരവാതില്‍ നിരക്കി നീക്കിത്തുറന്ന് ചെവി വട്ടംപിടിച്ചു.
ഈ വെളുപ്പിനു തന്നെഅന്വേഷിച്ച് വന്നിരിക്കുന്നത് ആരാണ്? അവള്‍ക്ക് അതിശയം തോന്നി. ഒപ്പം ആകാംക്ഷയും.
അയ്‌നോ സുക്മി. പ്രേതം. നിന്റെ ഓട്ടോസാന്‍. നിന്റെ പിതാവ് അകേമിസാന്‍ പ്രേതമായി നഗൊരയില്‍. എന്തിനാവും അജ്ഞാതന്‍ അങ്ങനെ വിളിച്ചു കൂവുന്നത്?
തന്റെ ഒട്ടോസാന്‍ പ്രേതമായത്രേ!
നേരം പുലരാന്‍ തുടങ്ങുന്നതിനു മുമ്പ് അതു പറയാന്‍ ആരാണ് രാത്രി മുഴുവനും സഞ്ചരിച്ചെത്തിയിരിക്കുന്നത്?
നഗരത്തിലെ പഴയ പരിചയക്കാര്‍, സഹപ്രവര്‍ത്തകര്‍? എത്തിയതാണോ? ഈ കാട്ടുമുക്കിലേയ്ക്ക്?
അതൊരിക്കലുമുണ്ടാകില്ല. ഈ പത്തു പതിനഞ്ചാണ്ടു താമസത്തിന്നിടയില്‍ അങ്ങനെ ആരും വന്നതായി അവളോര്‍ക്കുന്നുമില്ല.
പിന്നെ നാട്ടുകാര്‍? നാലാണ്ടുകള്‍ക്ക് മുമ്പ് ഒട്ടോസാന്റെ മരണദിവസം പോലും അനുശോചനമറിയിക്കാന്‍ ഗ്രാമത്തില്‍ നിന്നും ആരുമെത്തിയിരുന്നില്ല. അതൊരു അതീവ ദുഃഖകരമായ ഓര്‍മ്മയാണ്. അയ്‌നോ സുക്മി നിശ്വസിച്ചുപോയി.
പിതാവിന്റെ ഉറ്റമിത്രമായ അകിരോസാന്‍ മാത്രം ചടങ്ങുകള്‍ക്ക് ആദ്യാവസാനം കൂട്ടായി നിന്നു. അവശനായിട്ടും അദ്ദേഹം നന്നായി സഹായിച്ചു. രണ്ടു നാള്‍ മരണവീട്ടില്‍ അവള്‍ക്ക് കൂട്ടായി അകിരോ ഒയാജി തങ്ങുകയും ചെയ്തു.
"ഒയാജി ഒന്നു വിശ്രമിക്കൂ... വരു അകത്തു കിടക്കാം..." അന്നത്തെ ദിവസം ആ മുത്തച്ഛനോട് അവള്‍ക്ക് പലതവണ പറയേണ്ടി വന്നു.
അന്നു വീട്ടില്‍ പിന്നെയുണ്ടായിരുന്നത് ഫ്യൂണറല്‍ മാനേജുമെന്റു സംഘത്തിലെ കുട്ടികളും.
"അയ്‌നോ സുക്മി. പ്രേതം. നിന്റെ ഓട്ടോസാന്‍..." ആ ശബ്ദം വീണ്ടും ഗേറ്റില്‍ നിന്നും. അതിപ്പോള്‍ സുവ്യക്തമാണ്. അതു മറ്റാരുടെയുമല്ല. അകിരോ ഒയാജിയാണ് ഒച്ചവയ്ക്കുന്നത്. അവള്‍ ചാടിയെഴുന്നേറ്റു.
***
ഒരു വീട്ടില്‍ മരണം നടന്നാല്‍. അതന്വേഷിച്ച്വരാന്‍ പോലും നഗൊര ഗ്രാമത്തിലിപ്പോള്‍ ആരുമില്ലാതായിരിക്കുന്നു.
താമസക്കാര്‍ ഏതാണ്ട് ഒഴിഞ്ഞുപോയ ജനശ്ശൂന്യമായ ഒരു നാട്. 'വില്ലേജ് ഓണ്‍ ദ എഡ്ജ്' നിര്‍ജ്ജനമായി കൊണ്ടിരിക്കുന്ന അത്തരം ഗ്രാമങ്ങളെ അങ്ങനെയാണിപ്പോള്‍ ജപ്പാനില്‍ പൊതുവെ എല്ലാപേരും വിശേഷിപ്പിക്കുന്നത്.
നഗോരയില്‍ ഇപ്പോള്‍ വെറും ഇരുപത്തിയേഴു പേര്‍ മാത്രമാണ് താമസിക്കുന്നത്. അവിടെ കൗമാരപ്രായത്തിലുള്ളവര്‍, കുട്ടികള്‍ ആരുമില്ല. വൃദ്ധര്‍ക്കിടയില്‍ ഏറ്റവും പ്രായം കുറഞ്ഞയാളിന് അമ്പത് വയസ്സാണ് പ്രായം. ബാക്കിപേരെല്ലാം ചിതറിത്തെറിച്ചുപോയി. വരിയായി നീങ്ങുന്ന ഉറുമ്പിന്‍ പറ്റത്തിനുമേല്‍ വികൃതികള്‍ ചുണ്ടുകള്‍ അടുപ്പിച്ച് കാറ്റൂതി വിടുന്നത് കണ്ടിട്ടില്ലേ? അന്നേരത്ത് അവറ്റകള്‍ തെറിച്ചു പോകുന്നതുപോലെ. നഗോരിയന്‍സ് ജപ്പാന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് ചിതറിപ്പോയിരിക്കുന്നു.
പക്ഷേ, ജന്തുസഹജമായ കൂട്ടായ്മയെ തിരിച്ചു പിടിക്കുന്ന ഉറുമ്പുകള്‍ വൈകാതെ ഒരുമിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ മാത്രം അതില്ല. നഗോരയില്‍ അതുണ്ടാകുന്നില്ല. ഗ്രാമം വിട്ടവര്‍ തിരിച്ചുവരുന്നില്ല. നാടിനെ നിറയ്ക്കാന്‍ ആരും അവിടേയ്ക്ക് തിരിച്ചെത്തുന്നില്ല.
മുമ്പ് എത്രമാത്രം ആളുകള്‍ ഇവിടെ താമസിച്ചിരുന്നു. വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍. അക്കാലത്ത് നഗരത്തില്‍ നിന്നുള്ള നിരവധി ബസ്സുകള്‍ ഈ മലഞ്ചരിവിലേയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്നു. ഇപ്പോള്‍ അപൂര്‍വ്വമായി ആരെങ്കിലും എത്തിയാലായി. ഇവിടൊന്നു വന്നുപോകുന്നതിനു ടാക്‌സി പിടിക്കേണ്ടതുണ്ട്.
അയ്‌നോ സുക്മി നിലത്ത് നോക്കി ശ്രദ്ധിച്ചു നടന്നു. വീട്ടുവളപ്പില്‍ അരണ്ട വെളിച്ചമുണ്ട്. ഇനിയും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ മാത്രമേ സൂര്യന് ഇയ മലകള്‍ കയറി ഇവിടെ കണ്ണുകള്‍ പതിപ്പിക്കാന്‍ സാധിക്കുകയുള്ളു. അപ്പോള്‍ മാത്രമേ ഈ നാട്ടില്‍ വെളിച്ചം നിറയുകയുള്ളു. അത്രയ്ക്ക് ഉയരമുള്ളതാണ് ഇയ മലനിരകള്‍. ഇത് കാട്ടു പ്രദേശമാണ്. ചിലപ്പോള്‍ ഇഴജന്തുക്കളെ കണ്ടേക്കാം. അവളുടെ ശ്രദ്ധ നിലത്ത് മാത്രം കേന്ദ്രീകരിച്ചു.
അകിരോ ഒയാജി ഒരിക്കല്‍ക്കൂടി നിലവിളിക്കാനൊരുങ്ങുന്നു. അകലെ നിന്നു തന്നെ അവള്‍ മരഗേറ്റില്‍ പിടിച്ച് നില്‍ക്കുന്ന ആളെ കണ്ടു. തുടര്‍ച്ചയായി മണി മുഴക്കുന്ന ആളെ വ്യക്തമായി തിരിച്ചറിയാനും കഴിഞ്ഞു. അത് ഒട്ടോസാന്റെ ഉറ്റമിത്രമായിരുന്ന അകിരോ ഒയാജിയാണ്.
ഈ ഗ്രാമത്തില്‍ ആരെങ്കിലും തന്നെ തേടി വരാനുണ്ടെങ്കില്‍ അത് അകിരോ മുത്തച്ഛന്‍ മാത്രം. മനസ്സില്‍ കരുതിയത് എത്ര ശരിയായിരിക്കുന്നു. എന്താണാവോ ഈ വെളുപ്പിന് ഒരു പ്രേത വര്‍ത്തമാനം?
"അയ്‌നോ സുക്മി. പ്രേതം. നിന്റെ ഒട്ടോസാന്‍..." അത് പറഞ്ഞ് തന്നെ അങ്കലാപ്പിലാക്കിയത്, ആകാംക്ഷയേക്കാള്‍ അവള്‍ക്ക് ഭയമാണ് അന്നേരത്ത് തോന്നിയത്.
"കൊണിച്ചിവാ. അകിരോ ഒയാജി."
"ഹലോ. അകിരോ മുത്തച്ഛാ" അവള്‍ സന്തോഷത്തോടെ ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.
അവള്‍ക്ക് ഹലോ പറയാന്‍ പോലും കഴിയാതെ അകിരോ മുത്തച്ഛന്‍ വിറച്ചുകൊണ്ടു നിന്നു.
ഇതെന്തു പറ്റി? ഇത്രയ്ക്ക് തണുപ്പോ? ഇത് തണുപ്പേറിയ മാസങ്ങളല്ലല്ലോ. നല്ല കാറ്റുണ്ട് അതു മരച്ചില്ലകളെ ഉലയ്ക്കുന്നുമുണ്ട്. പക്ഷേ. ഇന്നത്തെ മലങ്കാറ്റിന് അത്രയ്ക്ക് തണുപ്പുണ്ടോ? നിശാവസ്ത്രത്തെ വലിച്ചു നീക്കി. കിമോണയുടെ കുടുക്കുകള്‍ അഴിച്ചവള്‍ പരീക്ഷിച്ചു.
"അയ്‌നോ സുക്മി. പ്രേതം. നിന്റെ ഒട്ടോസാന്‍. നിന്റെ പിതാവ് അകേമിസാന്‍ പ്രേതമായി നഗൊരയില്‍ എത്തിയിരിക്കുന്നു. ഞാനവനെ കണ്ടു!"
ദൂരെ നിന്നു തന്നെ അകിരോ ഒയാജി തെല്ലുറക്കെ ആവര്‍ത്തിച്ചു പറഞ്ഞു.
അകിരോ മുത്തച്ഛന്റെ വാക്കുകള്‍ക്ക് അവള്‍ വീണ്ടും ചെവിവട്ടം പിടിച്ചു.
"പിന്നെ. അയ്‌നോ സുക്മി. അതെ. ഇന്നലെ സന്ധ്യയ്ക്ക് ഞാന്‍ കണ്ടു. നിങ്ങളുടെ പാടത്ത് അവന്‍ വന്നു നില്‍ക്കുന്നു. എന്റെ മിത്രം. അകേമി സാന്‍."
അതാണു കാര്യം. അതു തന്നെ തുടര്‍ന്നും കേട്ടപ്പോള്‍ ചിരിക്കാനാണ് അവള്‍ക്ക് തോന്നിയത്.
തന്റെ പിതാവിന്റെ പ്രേതത്തെ കണ്ട് ഭയന്ന് അദ്ദേഹത്തിന്റെ ആത്മമിത്രം കഴിഞ്ഞ രാത്രിയില്‍ ഉറങ്ങിയിട്ടില്ല. ആ വിവരം അറിയിക്കാന്‍ പുലരും മുമ്പ് തന്നെ നടന്നെത്തിയിരിക്കുന്നു.
അകിരോ ഒയാജി ഭയം കൊണ്ടാണ് വിറയ്ക്കുന്നത്. അയ്‌നോയ്ക്ക് സംശയം മാറി. ഇന്നത്തെ പ്രഭാതത്തിന് പറയത്തക്ക ശീതമില്ല.
"അയ്‌നോ സുക്മി. കുട്ടി. നമ്മളിനി എന്തു ചെയ്യും? ഈ ഗ്രാമത്തില്‍ ഒരു പുരോഹിതന്‍ പോലുമില്ല. നമ്മളാരെ സഹായത്തിനു വിളിക്കും?"
ഗൗരവത്തോടെയാണ് അദ്ദേഹം കാര്യങ്ങള്‍ എടുത്തിരിക്കുന്നത്. ഏറെ പരിഭ്രാന്തനായി അതിനെ കുറിച്ച് അദ്ദേഹം വീണ്ടും സംസാരിച്ചപ്പോഴും അയ്‌നോ സുകുമി എന്ന അറുപതുകാരിയുടെ മനസ്സില്‍ തമാശയായിരുന്നു. അവള്‍ക്ക് ചിരിക്കാനാണ് തോന്നിയത്.
ജപ്പാനിലെ നാട്ടിമ്പുറങ്ങളില്‍ പ്രേതങ്ങളൊക്കെ ഇറങ്ങിയിരുന്നത് കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നു. കുട്ടികള്‍ ഇല്ലാത്ത നഗൊരയില്‍ പ്രേതം എന്ന വാക്കുപോലും ആരുമിപ്പോള്‍ പറയുന്നില്ല.
കുഞ്ഞുങ്ങളില്ലാത്ത നാട്ടിലെന്തു ഭൂതങ്ങള്‍? പ്രേതകഥകള്‍?
***
"അയ്‌നോ സുകുമി ഞാനിന്നലെ ടൗണില്‍ പോയിരുന്നു. അവിടെ ബാങ്കില്‍. മറ്റു ചില ഏര്‍പ്പാടുകളുമുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞപ്പോള്‍ നേരം താമസിച്ചുപോയി. ഇയ മലകളാല്‍ ചുറ്റപ്പെട്ടയിവിടെ, നമ്മുടെ നാട്ടില്‍ ഇരുട്ടു വീഴാന്‍ സായാഹ്നമെത്തണ്ടല്ലോ!
ഇനി അധികം വൈകേണ്ടയെന്നു കരുതി കുറച്ച് ചീസ് വാങ്ങാന്‍ പോലും നിന്നില്ല. ആദ്യം വന്ന ടാക്‌സിക്ക് കൈകാട്ടി. നഗൊരയെന്നു പറഞ്ഞപ്പോള്‍ രണ്ടുപേര്‍ സവാരിയെടുക്കാതെ ഒഴിഞ്ഞുപോയി. ആ ടാക്‌സിക്കാരന്‍. അവനൊരു കുട്ടിത്തം വിടാത്തവനായിരുന്നെന്നു കണ്ടപാടെ എനിക്ക് തോന്നിയതുമാണ്. അതാണ് വിനയായത്."
"വരു. നമുക്ക് ചെന്നു നോക്കാം." അകിരോ ഒയാജിയെയും കൂട്ടി അയ്‌നോ സുക്മി അവളുടെ ഒട്ടോസാന്റെ പ്രേതം കണ്ട സ്ഥലത്തേയ്ക്ക് നടന്നു. നടപ്പിന്നിടയിലും അകിരോ ഒയാജി നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു.
"ആ ടാക്‌സിക്കാരന്‍ എന്നെ നമ്മുടെ ഗ്രാമാതിര്‍ത്തിയില്‍ ഇറക്കിവിട്ടു കളഞ്ഞു. അവന് ഹൈവേ വിട്ട് അകത്തേയ്ക്ക് വരാന്‍ സാധിക്കില്ലത്രേ... സന്ധ്യ മയങ്ങി കഴിഞ്ഞു. ഇനിയും വണ്ടിയുമായി ഉള്ളിലേയ്ക്ക് കയറി വന്നാല്‍ തിരിച്ച് ഒറ്റയ്ക്ക് വിജനമായ വഴിയിലൂടെ പോകാന്‍ അവന്‍ പേടിക്കുന്നതു പോലെ. എനിക്കങ്ങനെയാണ് തോന്നിത്. അവനത് തുറന്നു പറഞ്ഞില്ല എന്നേയുള്ളു. മുതിര്‍ന്ന ടാക്‌സിക്കാര്‍ സവാരി ഒഴിവാക്കിയതിനു കാരണം അന്നേരത്താണ് എനിക്ക് പിടികിട്ടിയത്."
താന്‍ പറയുന്നത് വളരെ ഗൗരവള്ള കാര്യമാണ്. കിതച്ചുകൊണ്ട് അകിരോ ഒയാജി ഇടയ്ക്കിടെ നിന്നു. അയാള്‍ ദീര്‍ഘമായി ശ്വാസം കഴിച്ചത് അവള്‍ ശ്രദ്ധിച്ചു. തനിക്കിവിടെയുള്ള ഏക മിത്രത്തിനും ഏറെ വയസ്സായിരിക്കുന്നു. മറക്കാന്‍ ശ്രമിക്കുന്നത് വീണ്ടും അവളുടെ മനസ്സിലെത്തി.
"അവനൊരു കുട്ടിയല്ലേ. ഞാന്‍ ക്ഷമിച്ചു. കുറ്റം പറയാന്‍ പാടില്ല. അവന്‍ മുന്‍കൂട്ടി പറഞ്ഞ റെന്റ് തീര്‍ത്തും വാങ്ങിയില്ല. മടക്കിയ തുക പേഴ്‌സില്‍ വയ്ക്കാന്‍ ഞാനൊന്നു തിരിഞ്ഞതേയുള്ളു. ടാക്‌സിയെ കാണാതായി. ഗ്രാമത്തിനുള്ളില്‍ മാത്രമാണല്ലോ എല്ലാറ്റിനും വേഗതക്കുറവ്. അവന്‍ നഗൊരയില്‍ നിന്നും പറപറന്നു.
അയ്‌നോ സുകുമി നീ ശ്രദ്ധിക്ക്. ഇതു മനസ്സിലാക്ക് പുറംനാട്ടുകാര്‍ക്ക് ഇവിടേയ്ക്ക് വരാന്‍ പേടിയായി തുടങ്ങിയിരിക്കുന്നു. നമ്മള്‍ തീര്‍ച്ചയായും കരുതി ജീവിക്കണം."
മൗണ്ട് സുന്ദഗിയിലേയ്ക്ക് സന്തോഷത്തോടെ കാഴ്ചകള്‍ തേടി പോകുന്ന ടൂറിസ്റ്റുകളും ഹൈവേയുടെ ഈ ഭാഗത്തെത്തുമ്പോള്‍, നഗൊരാ ഗ്രാമത്തിലേയ്ക്ക് തിരിയുന്ന വഴി കാണുമ്പോള്‍ ഭയപ്പാടോടെയാണ് നോക്കുന്നതത്രേ. നമ്മുടെ ഒരു വിധി! എല്ലാപേരും പറയുന്നതു മാതിരി ശരിക്കും നമ്മുടെ ഗ്രാമംവിനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു.
താമസക്കാരില്ലാതെ ഗോസ്റ്റു വില്ലേജായി മാറിയ നമ്മുടെ നാടിന്റെ പഴയ പെരുമകള്‍... അതിനെ കുറിച്ച് ടൂറിസ്റ്റ് ഗൈഡുകള്‍ സന്ദര്‍ശകരോട് വിവരിക്കും. സുന്ദഗിയിലേയ്ക്ക് ഉന്മാദക്കാഴ്ചകള്‍ തേടി പോകുന്നവര്‍ അപ്പോള്‍ കൗതുകത്തോടെയും ഭയത്തോടെയും ഇവിടേയ്ക്ക് കണ്ണുകള്‍ പായിക്കും. കഷ്ടം തന്നെ. ഞാന്‍ പറഞ്ഞില്ലേ നമ്മുടെ വിധി... സത്യത്തില്‍ എനിക്ക് അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത സങ്കോചമുണ്ടാകുന്നു.
ഒരു കാലത്ത് ഏറെ പേരുകേള്‍പ്പിച്ചതാണ് നമ്മുടെ നാട്. ഇയ മലയിലെ അണക്കെട്ട്. ജലവൈദ്യുതനിലയം. ഷികോകോ ദ്വീപിനെ മുഴുവനുമത് പ്രഭാപൂരിതമാക്കി. നമ്മുടെ ഗ്രാമത്തിലെ മാതൃകാ കൃഷിത്തോട്ടങ്ങള്‍. സാക്കുറകള്‍ പൂത്തുലഞ്ഞ ഷിഗാച്ച് മാസത്തെ ചെറിവസന്തം. അതു കാണാനോടി വന്നിരുന്ന നമ്മുടെ ബന്ധുമിത്രാദികള്‍. ഏപ്രില്‍ മാസത്തില്‍ പുഷ്പാലംകൃതമായ നഗൊര സ്വര്‍ഗ്ഗ സമമായിരുന്നു. അതെല്ലാം പോയി. താമസക്കാര്‍ കുറഞ്ഞ് നാടിന്നീ രൂപത്തിലായി. കഷ്ടം. ഒരു പ്രേതഗ്രാമമെന്ന ദുഷ്‌പേരുമായി. അതിതാഅന്വര്‍ത്ഥമായിരിക്കുന്നു."
അതു കേട്ടപ്പോള്‍ അയ്‌നോ സുക്മിക്ക് സങ്കടം വരാതിരുന്നില്ല.
"നീ പിറന്ന അതേ വര്‍ഷം. അതായത് ആയിരത്തിതൊള്ളായിരത്തി അറുപത്തി ഒന്നിലായിരുന്നു. ഇവിടെ ഹൈഡ്രൊ ഇലക്ട്രിക് പ്രേജക്ട് തുടങ്ങിയത്. ഞാനും നിന്റെ പിതാവും നിന്റെ ഹഹയുമൊക്കെ ആ പ്രോജക്ടില്‍ പണിയെടുക്കാനാണ് നഗൊരയില്‍ എത്തിയത്.
പുറം വാസികളായ ഞങ്ങളൊരുമിച്ച് ഈ ഗ്രാമത്തെ വളര്‍ത്തിയെടുത്തു.
ഡാമിന്റെ പണി തീര്‍ന്നതോടെ ഒഴുക്ക് തിരിച്ചായി. പണിക്കാരെല്ലാം നമ്മുടെ നഗൊരോ വിട്ടുപോയി. വൈദ്യുത പ്രോജക്ട് കമ്മീഷന്‍ ചെയ്തതോടെ പവ്വര്‍ഹൗസിലെ ജീവനക്കാരൊഴികെയുള്ളവര്‍ക്ക് ഇവിടെ തങ്ങിയിട്ട് കാര്യമില്ലാതെയായി. വൈദ്യുത നിലയത്തിലെ സ്ഥിരം പണിക്കാരും അവരുടെ കുടുംബാംഗങ്ങളുമായി ഒരു മൂന്നൂറുപേര്‍. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കത്തിലും ഇവിടുണ്ടായിരുന്നു.
നിങ്ങളുടെ തലമുറ മുതിര്‍ന്നപ്പോള്‍ ഉന്നതവിദ്യാലയങ്ങളില്‍ പഠിക്കാന്‍ നഗരത്തിലേയ്ക്ക് പോയി. ആ കുട്ടികളൊന്നും തിരികെ വന്നില്ല. അവരെല്ലാം ടോക്കിയോയിലും ഒസാക്കയിലും ചേക്കേറി. പുതിയ ജീവിതത്തിന് അവിടെ തുടക്കമിട്ടു. ആധുനിക സൗകര്യങ്ങളുള്ള വാസയിടങ്ങള്‍ അവര്‍ സ്വന്തമാക്കി. ജന്മനാടായ നഗൊരയെ എല്ലാപേരും മറന്നു. അല്ല. അയ്‌നോ സുകുമി നീയും അങ്ങനായിരുന്നല്ലോ. അകേമി സാനെയും ഹഹയേയും വിട്ട് കോളേജില്‍ പഠിക്കാന്‍ പോയ നീ..."
അതു കേട്ടവള്‍ തലകുനിച്ചു നിന്നു.
-തുടരും
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.