Latest News

മഴവിൽ പൂക്കളും പൂമ്പാറ്റകുഞ്ഞുങ്ങളും

“മഴ പെയ്ത് തോരുന്ന നേരത്താണ് മേഘകൊട്ടാരത്തിന്റെ കാവൽക്കാർ ഒന്ന് വിശ്രമിക്കുന്നത്. ആ തക്കം നോക്കി കാറ്റ് പതിവായി കൊട്ടാരത്തിന്റെ എല്ലാ ജനാലകളും മെല്ലെ തുറക്കും…” അശ്വതി ശ്രീകാന്ത് എഴുതിയ കഥ

aswathy sreekanth , story, iemalayalam

ഏഴുനിറമുള്ള പൂക്കൾ കണ്ടിട്ടുണ്ടോ? മഴവില്ല് വിരിഞ്ഞത് പോലെയുള്ള പൂക്കൾ? പണ്ട് പണ്ടൊരു നാട്ടിൽ ഏഴുനിറങ്ങളുള്ള പൂക്കൾ മാത്രം വിരിഞ്ഞിരുന്നൊരു താഴ്വരയുണ്ടായിരുന്നു. അവിടെയായിരുന്നു ചിത്രശലഭങ്ങളുടെ വീടുകളും. ഓരോ ചിത്രശലഭത്തിനും നിറം കൊടുത്തിരുന്നത് ആ മഴവിൽ പൂക്കളായിരുന്നു. എങ്ങനെയാണെന്നോ?

ജനിച്ചു വീഴുന്ന നിറമില്ലാത്ത ശലഭകുഞ്ഞുങ്ങൾ ഇലകൾക്ക് താഴയുള്ള തങ്ങളുടെ കുഞ്ഞു വീട്ടിൽ പതുങ്ങി ഇരിക്കും. ആ ചുരുണ്ടിരുപ്പ് കാണുമ്പോൾ പൂക്കൾക്ക് ചിരി പൊട്ടും. അവർ ഇതളുകൾ ഇളക്കി ചിരിക്കുമ്പോൾ നിറങ്ങളൊന്നൊന്നായി പൊഴിഞ്ഞ് ശലഭ കുഞ്ഞുങ്ങൾക്ക് മേലെ വീഴും. അവർ നിറങ്ങളുടെ മഴ പെയ്യിച്ച പൂക്കളെ സ്നേഹത്തോടെ നോക്കി ചിരിക്കും. എന്നിട്ട് പല നിറചിറകുകൾ മെല്ലെ വിടർത്തി പറന്ന് പറന്ന് ചെന്ന് പൂക്കളുടെ കവിളിൽ ഉമ്മ വയ്ക്കും. അങ്ങനെ മഴവിൽ പൂക്കളും പൂമ്പാറ്റകളും ആ താഴ്‌വരയിൽ സന്തോഷമായി ജീവിച്ചുപോന്നു.

മഴവിൽ പൂക്കളുടെ താഴ്‌വരയിൽ പതിവായെത്തുന്നൊരു ഇളം കാറ്റുണ്ടായിരുന്നു. പൂക്കളുടെയും പൂമ്പാറ്റകളുടെയും നിറങ്ങൾ കണ്ട്, കണ്ട് ഒരിക്കൽ കാറ്റിനും ഒരു കൊതി തോന്നി. അവൻ ഓർത്തു ‘എനിക്കുംവേണം നിറം.’

അവൻ പൂക്കളോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു. “എനിക്കും തരാമോ ഇത്തിരി നിറം?”

അതുകേട്ട പൂക്കൾ അത്ഭുതപ്പെട്ടു കണ്ണു മിഴിച്ചു.

aswathy sreekanth , story, iemalayalam

എന്നിട്ടവർ കാറ്റിനോട് ചോദിച്ചു “അതിന് നിന്റെ ചിറകെവിടെ? ചിറകിൽ അല്ലേ നിറം കൊടുക്കുക?”

“എനിക്ക് ചിറകുണ്ടല്ലോ, ഇതാ നോക്കൂ,” കാറ്റ് അവരെ മെല്ലെ ഇളകി വീശി കാണിച്ചു. കാറ്റിന്റെ ചിറകുണ്ടോ പൂക്കൾക്ക് കാണാൻ പറ്റുന്നു!

“എവിടെ? എവിടെ? കാണുന്നില്ലല്ലോ… ഈ കാണാത്ത ചിറകിന് തരാൻ ഞങ്ങളുടെ കൈയിൽ നിറമില്ല…” പൂവുകൾ ഇതൾ മലർത്തി കൈയൊഴിഞ്ഞു.

കാറ്റ് പിന്നെയും പിന്നെയും കെഞ്ചി നോക്കി. പൂക്കൾ പക്ഷേ പൂമ്പാറ്റകൾക്ക് മാത്രമേ നിറം കൊടുക്കൂ എന്നുറപ്പിച്ചിരുന്നു.

കാറ്റിന് സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു. അവൻ പിണങ്ങി തിരിച്ച് പോയി. എന്നിട്ട് വെറുതെ ഇരുന്നോ? ഇല്ല. അവൻ മലകളും കാടും കടലും ചുറ്റി സർവശക്തിയും സംഭരിച്ച് പൂക്കളുടെ താഴ്‌വരയിൽ തിരിച്ചെത്തി.

എന്നിട്ട് ഒരു ചുഴലിക്കാറ്റായി വീശി മഴവിൽ പൂക്കളെ മുഴുവൻ ചുഴറ്റി എടുത്ത് ആകാശത്തൊരു കോണിലെ മഞ്ഞു മേഘത്തിന്റെ കൊട്ടാരത്തിൽ കൊണ്ട് ചെന്നിട്ടു. പൂക്കൾ തണുത്തും വിറച്ചും പതം പറഞ്ഞും മേഘ കൊട്ടാരത്തിൽ ഇരിപ്പായി. അവർക്ക് പൂമ്പാറ്റ കുഞ്ഞുങ്ങളെ ഓർത്തായിരുന്നു ഏറ്റവും സങ്കടം.

aswathy sreekanth , story, iemalayalam

കാലം അങ്ങനെ കുറെ കഴിഞ്ഞപ്പോൾ കാറ്റ് വീണ്ടും പഴയ താഴ്വാരത്തിൽ ചുറ്റാൻ ഇറങ്ങി. അവിടെ അതാനിറമില്ലാത്ത ഒരായിരം പൂമ്പാറ്റകൾ. കാറ്റിന് സങ്കടം തോന്നി. പക്ഷെ ഇനിയെന്തു ചെയ്യും? മേഘകൊട്ടാരത്തിൽചെന്ന് പൂക്കളെ തിരികെ ചോദിക്കാം, കാറ്റ് വിചാരിച്ചു.

പക്ഷേ മേഘകൊട്ടാരത്തിന്റ കാവൽക്കാരുണ്ടോ സമ്മതിക്കുന്നു? അവർ പൂക്കളെ തിരികെ കൊടുക്കാൻ തയ്യാറായിരുന്നില്ല. കാറ്റ് ആകെ വിഷമത്തിലായി. താൻകാരണം നിറങ്ങൾ പോയ പൂമ്പാറ്റക്കുഞ്ഞുങ്ങൾക്ക് എങ്ങനെയും നിറങ്ങൾ തിരിച്ച് കൊടുക്കണം. അവൻ മനസ്സിൽ ഉറപ്പിച്ചു.

മഴ പെയ്ത് തോരുന്ന നേരത്താണ് മേഘകൊട്ടാരത്തിന്റെ കാവൽക്കാർ ഒന്ന് വിശ്രമിക്കുന്നത്. ആ തക്കം നോക്കി കാറ്റ് പതിവായി കൊട്ടാരത്തിന്റെ എല്ലാ ജനാലകളും മെല്ലെ തുറക്കും. തങ്ങളുടെ പ്രിയപ്പെട്ട പൂമ്പാറ്റകുഞ്ഞുങ്ങളെകാണാൻ മഴവിൽ പൂക്കൾ ആ ജനാലകൾ വഴി ഭൂമിയിലേയ്ക്ക് എത്തി നോക്കും.

അവരങ്ങനെ നിരന്നുനിൽക്കുന്ന നേരത്താണ് ആകാശക്കോണിൽ നമ്മൾ മഴവില്ല് കാണുന്നത്. ആ നേരത്ത് അവർ ഇതളുകൾ ഇളക്കി നിറങ്ങൾ പൊഴിക്കുമ്പോഴാണ് പൂമ്പാറ്റക്കുഞ്ഞുങ്ങൾക്ക് സ്വപ്നം പോലെ സുന്ദരമായ നിറങ്ങൾ കിട്ടുന്നതും.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Aswathy sreekanth story for children mazhavil pookalum poombatta kunjungalum587055

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express