scorecardresearch

തിത്തിരിപ്പേടി

“തന്റെ മൂക്ക്! തീർച്ചയായും ഒരു ദിവസം തന്റെ മൂക്ക് മുറിക്കപ്പെടും. മിക്കവാറും അത് ഇന്ന് തന്നെ ആവാം. അതാ വരുന്നു തരക മാമൻ. തിത്തിരി, അനിതേച്ചിയുടെ പുറകെ പതുങ്ങി.” ചിത്രകാരിയും എഴുത്തുകാരിയുമായ അരുണ നാരായണൻ എഴുതിയ കുട്ടികളുടെ കഥ

തിത്തിരിപ്പേടി

തിത്തിരിക്കൊരു പാട്ടിയുണ്ട്. പാട്ടിക്ക് ഒരേയൊരു തിത്തിരിയും. വയലറ്റ് കോളാമ്പി പൂക്കൾ കൊള്ളിട മറയ്ക്കുന്ന കുഞ്ഞു വീട്ടിലാണ് തിത്തരിയുടെ പാർപ്പ്. വീടിന്റെ പേര് ‘പൂക്കാലം’. നിറയെ മുല്ലവള്ളി പടർന്ന ചെമ്പരത്തിയുടെ മോളിൽ ഇരുന്നാണ് തിത്തിരി ചെത്തിപ്പൂക്കുരു തിന്നാറ്. മരമിറങ്ങി താഴെ എത്തുമ്പോൾ അവളുടെ തലമുടിയിൽ മുല്ലപ്പൂ നക്ഷത്രങ്ങളെ പോലെ കുരുങ്ങിക്കിടക്കും.

പൂമണമുള്ള തിത്തിരിയും പാട്ടിയും കൂടെ തരക മാമന്റെ വീട്ടിൽ, കുളിക്കാൻ പോകാറ് മാസത്തിലൊരിക്കലാണ്. അതിരാവിലെ തന്നെ പാട്ടി കുളി ദിവസത്തിന്റെ ഒരുക്കങ്ങൾ തുടങ്ങും. പ്ലാസ്റ്റിക് വയറുകൊണ്ട് കെട്ടിയ കുട്ടയിലാണ് പയറുപൊടി, പീച്ചിങ്ങാച്ചകിരി, പീച്ചിങ്ങാച്ചകിരി കെട്ടിയ നീളൻ കമ്പ് (പുറമുരയ്ക്കാൻ) എല്ലാം എടുത്തു വെക്കാറ്. താളിക്കുള്ള ചെമ്പരത്തിയിലകൾ പോകുന്ന വഴിയിലെ വേലിത്തലപ്പുകളിൽ നിന്ന് നുള്ളി എടുത്താൽ മതി.

ജനലിന്റെ ചെറുവിടവിലൂടെ വൃശ്ചികമാസം മഞ്ഞൂതി വിടുന്ന പുലർച്ചയിൽ കമ്പിളി ഒന്നുകൂടെ തലവഴി മൂടി അട്ട ചുരുണ്ട പോലെ തിത്തിരി ഉറങ്ങുകയായിരുന്നു.

“തൂക്കം മുടിയലെ? ശീഘ്രം എളുന്തു വാ,” പാട്ടി കയ്യിലിരുന്ന ഊന്നുവടി കൊണ്ട് തിത്തിരിയ്ക്കിട്ടൊരു കുത്തു കൊടുത്തു. തിത്തിരി ഒന്നുകൂടെ ചുരുണ്ടു. അമ്മ വെല്ലക്കാപ്പി സ്റ്റീൽ ഗ്ളാസിൽ പകരുന്നതിന്റെ ഒച്ചയും സുഗന്ധവും മെല്ലെ മുറിയിൽ പരന്നു.

വീട്ടിക്കട്ടിലിന്റെ കുഞ്ഞുമരയഴികൾക്കിടയിലൂടെ തിത്തിരി കൺപായിച്ചു. തൊട്ടപ്പുറമാണ് ഊൺമുറി. അമ്മ, നിരത്തിവെച്ച ഒൻപത് സ്റ്റീൽ ഗ്ളാസുകളിലേക്ക് കാപ്പി പകർന്നു കഴിഞ്ഞിരുന്നു.

റേഡിയോയിൽ സംസ്കൃത വാർത്ത തുടങ്ങി കഴിഞ്ഞു. ‘സമ്പ്രതി വാർത്ത ഹേ ശ്രുയന്താ പ്രവാചകാ ബലദേവാനന്ദ സാഗരാ’ ഇനി തിത്തിരി ഉറങ്ങുന്നതെങ്ങനെ? ചാടി എണീറ്റു. തണുപ്പോളം തണുത്ത വെള്ളത്തിൽ മുഖം കഴുകി. പല്ലുതേച്ചെന്നു വരുത്തി. ഒരു കാപ്പിഗ്ളാസെടുത്തു. തണുത്ത കൈകളിൽ ചൂട് . കാപ്പി രുചിയുള്ള ചൂട് അവളെ ഉണർത്തി.

തിത്തിരിയും പാട്ടിയും വീടിന്റെ പടിക്കെട്ട് ഇറങ്ങി. നേരം പുലർന്നത് അറിയാതെ കോടമഞ്ഞ്, നിന്നും തിരിഞ്ഞും, പോണോ പോകണ്ടയോ എന്നു മടിച്ചും വഴിയിൽ നിന്നു. കോടമഞ്ഞിനെ വകവെക്കാതെ അവരിരുവരും നടന്നു തുടങ്ങി.

കോടമഞ്ഞ് എന്തെന്നറിയാമോ? ഇത്തിരി ദൂരത്തുള്ള ആളെയോ മരമോ കോഴിയെയോ പൂച്ചയോ എന്തിന് വഴി തന്നെയോ കോടമഞ്ഞിൽ പുതഞ്ഞു മറഞ്ഞു നിൽക്കും. മലമുകളിടങ്ങളിൽ വിശേഷിച്ചും മഞ്ഞുകാലങ്ങളിലെ പ്രഭാതങ്ങളിലെ പതിവുകാരിയാണ് കോട.

aruna alanchery, story ,iemalayalam

അമ്മ സാരി അലക്കി ആറാൻ ഇടുമ്പോൾ തിത്തിരിയും നീളൻമുടിയുള്ള മിടുമിടുക്കി ചേച്ചിയും കളിക്കുന്ന ഒരു രസികൻ കളിയുണ്ട്. അമ്മ സാരികൾ പലമടക്കായി ആറാനിടും. ഇരുവരും കൂടെ ഇളംനനവുള്ള സാരികൾക്കിടയിലൂടെ ഓടിയോടിക്കളിക്കും. മുഖത്തും ഉടലിലും നനവ് ഉമ്മ വച്ച് ചിരിക്കും.

വളരെ നേർത്ത സുതാര്യമായ തൂവൽക്കനമുള്ള പരുത്തിത്തുണികൾ ആണ് മസ്ലിൻ പട്ട്. മസ്ലിൻ പട്ടുകൾ നിറയെ ആറാനിട്ട പോലെയാണ് കോട. നനവാറാത്ത മസ്ലിൻ പട്ടുകൾ, അവ ദൂരത്തെ മറച്ചുവെക്കും. തൊട്ടുമുന്നിൽ നടക്കുന്ന പാട്ടിയെ പോലും കോടമഞ്ഞിന്റെ ഉള്ളിൽ മങ്ങിയേ കാണൂ. മങ്ങലിന്റെ അഭൗമ സൗന്ദര്യമാണ് കോട.

വഴിയരികിലെ ചെമ്പരത്തി വേലിപ്പത്തലുകളിൽ നിന്ന് പാട്ടി കിളുന്നിലകൾ പറിച്ചെടുത്ത് പ്ലാസ്റ്റിക് കുട്ടയിൽ ഇട്ടു കൊണ്ടിരുന്നു. അന്നേരം താഴ്ന്നു വിരിഞ്ഞ ചെമ്പരത്തിപ്പൂക്കളുടെ കടയ്ക്കൽ തങ്ങിനിൽക്കുന്ന തേൻതുള്ളി കുടിച്ചു കൊണ്ടിരുന്നു തിത്തിരി. തേൻ കുടിച്ച ശേഷം പൂക്കള്‍ താളി ഉണ്ടാക്കാൻ പ്ലാസ്റ്റിക് കുട്ടയിലിടും.

എന്നിട്ട് ചെമ്പരത്തിപ്പൂവിന്റെ പച്ചഞെട്ടി ഇരു കൈകൾക്കുള്ളിൽ ഞെരിച്ച് മയപ്പെടുത്തി ഒന്ന് ഊതി വീർപ്പിച്ചു നെറ്റിയിൽ ടക്ക് ടക്ന്ന് കുത്തിപ്പൊട്ടിക്കും. തിത്തിരിക്ക് എന്നും കിട്ടുന്ന പൊട്ടാസ് ബോംബാണ് ചെമ്പരത്തിഞെട്ടി.

തിത്തിരിയും പാട്ടിയും കഥപറഞ്ഞും ചെമ്പരത്തി പറിച്ചും ഏറെ നേരം എടുത്താണ് നടക്കുന്നത്. ഇവരെ കാത്തു ഞാനില്ലെന്ന് മുഖം വീർപ്പിച്ചു കോടമഞ്ഞ് ഇളംവെയിലിൽ അലിഞ്ഞ് മാഞ്ഞു കൊണ്ടിരുന്നു. “

“കീളെ ഇറങ്ക് തിരുടാ നീ എന്ത ഇടത്തിലെ ഏറി ഉക്കാന്തിരിക്കറ്ത് തെരിയുമാ? ഉളുന്ത് ഉന്നോടെ ഒടമ്പ് അപ്പളമായിട്ട്നാൻ നല്ലായിരിക്കും. അന്ത തൂൺ ഉളുന്തിട്ട്നാൻ ഉന്നെ ഞാൻ അപ്പടിയെ അപ്പളമാക്കിടുവേ. ആയിരം ആണ്ടുകൾക്ക് മുന്നാടി ഇരുന്ത പുരാതന ഇടത്തിലെ ഏറി വിളയാടറ്ത്”

പാട്ടിയുടെ ചീത്ത കേട്ടതും കൽ സ്തൂപത്തിൽ കയറിനിന്ന് അഭ്യാസം കാട്ടിക്കൊണ്ടിരുന്ന ചെറുപ്പക്കാർ ചാടിയിറങ്ങി ഓടിക്കളഞ്ഞു. ഒരു മഞ്ഞച്ചേര കൽക്കെട്ടുകൾക്കിടയിലൂടെ വേഗത്തിൽ ഇഴഞ്ഞു പോയി, തിത്തിരി വിടർന്ന കണ്ണുകളോടെ അത് നോക്കി നിന്നു.

അതൊരു പുരാതനമായ ജൈന ബസ്തിയായിരുന്നു. തകർന്നു തുടങ്ങിയ അതിമനോഹരമായ ജൈനക്ഷേത്രം. കരിങ്കല്ലുകൾ കൊണ്ടാണ് അതുണ്ടാക്കിയിരുന്നത്. പുരാവസ്തു വകുപ്പുകാർ അതുടൻ ഏറ്റെടുക്കുമെന്നും അവിടമാകെ വലിയ തകര ഷീറ്റ് മറച്ചു കെട്ടി, തകർന്ന കൽത്തൂണുകൾ നേരെയാക്കുമെന്നും പാട്ടി പറഞ്ഞു.

തരകമാമന്റെ വീട്ടിനടുത്തുള്ള ആദിനാഥസ്വാമി ബസ്തി സിമന്റ്‌ കൊണ്ട് ഉണ്ടാക്കിയതാണ്. ആ ബസ്തിക്ക് തകർന്ന ബസ്തിയോളം പഴക്കമില്ല. പണ്ട് കർണാടകത്തിൽ നിന്നും വന്നതാണ് തരകമാമന്റെ മുൻതലമുറക്കാർ. അവരെങ്ങനെയാവും അന്ന് ഇത്ര ദൂരേയ്ക്ക് വന്നെത്തിയത്? കുതിര വണ്ടിയിലോ കാളവണ്ടിയിലോ? തിത്തിരി ആലോചിച്ചു.

ഹേയ്, തിത്തിരി ഞെട്ടി ഇടത്തോട്ട് ഒറ്റച്ചാട്ടം, അവളുടെ വലതു വശത്തു കൂടെ കഴുത്തിൽ കുഞ്ഞു മണി കെട്ടിയ പശുക്കുട്ടി കുതിച്ചു പാഞ്ഞു. രാവിലത്തെ കറവയും പാലുകുടിയും കഴിഞ്ഞുള്ള പാച്ചിലാണ്.

തലയിൽ വലിയ പുല്ലുകെട്ടുകളുമായി ചീരുവേട്ടത്തിയും മാതേടത്തിയും ചിരിയോടെ കടന്നു പോയി. “എന്തെല്ലാ കുട്ട്യേ, തരകന്റാടേക്കാ?” അവർ ചിരിയോടെ കുശലം ചോദിച്ചു.

aruna alanchery, story ,iemalayalam

പാട്ടിയും തിത്തിരിയും തരകമാമന്റെ വീട്ടിലെത്തി. തരക മാമൻറെ വീട് എങ്ങനെയാണെന്ന് അറിയാമോ? വലിയ വീടാണ്. വളരെ വലുത്. തിത്തിരിയുടെ കുഞ്ഞി കണ്ണുകളിൽ ഒറ്റക്കാഴ്ചയ്ക്ക് ആ വീട് നിറയില്ല.

വീടിന് രണ്ടു പൂമുഖങ്ങൾ ഉണ്ട്. മുറ്റത്ത് നിറയെ പൂച്ചെടികൾ. തിത്തിരിക്ക് അവയിൽ ഏറ്റവും ഇഷ്ടം താമരപ്പൂവിലും റോസാപ്പൂവിലും നീര് നിറഞ്ഞതു പോലെ നിൽക്കുന്ന സക്യലന്റ് ചെടികളാണ്.

തിത്തിരിയുടെ വീട്ടിൽ സക്യലന്റ് ചെടികൾ ഇല്ല. താമര റോസയും പാരിജാതവും മുല്ലയും ചെത്തിയും നന്ത്യാർവട്ടവും ചെണ്ടുമല്ലിയും കനകാംബരവും കാക്കപ്പൂവുമാണുള്ളത്. അതുകൊണ്ടുതന്നെ സക്യലന്റ് ചെടികൾ തിത്തിരിക്ക് ഒരു അത്ഭുത കാഴ്ചയാണ്.

എത്ര തവണ കണ്ടാലും തിത്തിരി ആ ചെടികളെ മിഴിച്ചു നോക്കിയിരിക്കും. ചീഞ്ഞു തുടങ്ങിയ ഇതളുകൾ പൊട്ടിച്ച് അതിന്റെ നീര് കൊണ്ട് സിമൻറ് നിലത്ത് ചിത്രങ്ങൾ വരയ്ക്കും.

അങ്ങനെ വരച്ചു കൊണ്ട് ഇരിക്കുമ്പോൾ അകത്തുനിന്ന് അവ്വ അമ്മ വിളിക്കും “വരൂ വരൂ അകത്ത് വരു രണ്ടു ദോശ തിന്നാലോ.” തിത്തിരിയും പാട്ടിയും അകത്തു കയറും. അവ്വ വലിയ സ്റ്റീൽ പ്ലേറ്റിൽ നെയ്മണമുള്ള നേർത്ത ദോശ എടുത്തു വച്ചിട്ടുണ്ടാകും.

തിത്തിരി പറയും ഒന്നു മതി. ഉള്ളിത്തോല് പോലെ നേർത്ത ഈ ദോശ ഒന്നോ അപ്പോഴേ ദഹിച്ചു പോകുമെന്ന് അവ്വയും. തിത്തിരിക്ക് കുഞ്ഞു വയറല്ലേ, ഒരു ദോശ തിന്നാൽ തന്നെ അത് വീർത്ത് വരും. ദോശ തിന്ന് കുമ്പ നിറഞ്ഞ തിത്തിരിയും പാട്ടിയും മെല്ലെ കുളിപ്പുരയിലേക്ക് നടക്കും.

കുളിപ്പുര പ്രത്യേകമായൊരു പുരയാണ്. ഭീമാകാരമായ ഒരു ചെമ്പിൽ എപ്പോഴും വെള്ളം തിളച്ചു കൊണ്ടേയിരിക്കും തിത്തിരിയും പാട്ടിയും തോട്ടത്തിലെ കവുങ്ങുപട്ടകളും വിറകും എടുത്ത് അടുപ്പിലേക്ക് തിരുകി വെക്കും. അടുപ്പ് കുളിപ്പുരയുടെ പുറത്തേക്കാണ് തുറന്നിരിക്കുന്നത്, എന്നാൽ കത്തുന്നത് കുളിപ്പുരയ്ക്ക് അകത്തും. പുറത്താണ് വിറകുകൾ വയ്ക്കുക. വെള്ളം കോരാൻ വലിയൊരു കയിൽ ഉണ്ട്.

വെള്ളം തിളച്ച്, തിളയുടെ ‘ഗ്ലാ ഗ്ലാ’ ശബ്ദം വരുമ്പോൾ പാട്ടി, മേൽ മുഴുവൻ കുഴമ്പ് തേക്കും. തിത്തിരി അന്നേരം കവുങ്ങുകളുടെ ഭംഗി നോക്കി നിൽക്കും. ഒരു മരത്തിൽ തന്നെ എത്ര നിറങ്ങളാണ് ചൊമ ചൊമാ ചൊമന്ന അടയ്ക്കകൾ, മഞ്ഞടയ്ക്കകൾ, പച്ചടയ്ക്കകൾ, നീളൻ മഞ്ഞ പച്ച പാളകൾ, കവുങ്ങ് എന്തൊരു ഭംഗിയാണ്! അപ്പോൾ അതിന്മേൽ ഒരു പൊൻമ പാറി വന്നിരിക്കും!

ഹാ! അങ്ങനെ നോക്കി നിൽക്കുമ്പോൾ പാട്ടി വിളിക്കും “ഇങ്കെവാ… വന്ത് എന്നോടെ പുറത്തെ തേച്ചു വിട്.” വലിയ പീച്ചിങ്ങ ചകിരി കെട്ടിയ വടി കൊണ്ട് പാട്ടി കഷ്ടപ്പെട്ട് പുറമുരയ്ക്കുന്നുണ്ടാകും. തിത്തിരി ചെന്ന് പുറം ഉരച്ചു കൊടുക്കും. കുളിപ്പുര ഒരു ആവിപ്പുരയായിട്ടുണ്ടാകും.

ആവിയിലും ചൂടുവെള്ളത്തിലും കുളിച്ച് പാട്ടി എണ്ണമിനുപ്പുള്ള സുന്ദരിയായി, പല്ലില്ലാത്ത വായ കാട്ടി ചിരിച്ചുകൊണ്ട് പുറത്തുവരും. അപ്പോഴേക്കും പുറത്ത് ഉച്ചവെയിൽ തിളങ്ങുന്നുണ്ടാവും. അടുക്കളയിൽ നിന്ന് കന്നട സാമ്പാറിന്റെ മധുര മണം പുറത്തേക്ക് ഒഴുകി വരും.

aruna alanchery, story ,iemalayalam

തരകമാമൻ തോട്ടത്തിൽ നിന്ന് അതാ വരുന്നു. വെട്ടി തിളങ്ങുന്ന ആ കത്തിയും കയ്യിലുണ്ട്. തിത്തിരി തന്റെ മൂക്കിൽ പിടിച്ചു. തിത്തിരിയുടെ നട്ടെല്ലിലൂടെ ഭയം അരിച്ചുകയറി. ഇന്ന് തന്റെ മൂക്ക് പോയതുതന്നെ.

“ആഹാ നീയും കൂടെയുണ്ടോ? വാ, വാ മൂക്ക് മുറിക്കട്ടെ” തിത്തിരി ഭയപ്പെട്ട് പാട്ടിയുടെ പിറകിൽ ഒളിച്ചു. കണ്ണും മൂക്കും ചുവന്നു. തിത്തിരി പാട്ടിയുടെ പിറകെ പറ്റിപ്പിടിച്ച് തന്നെ നടന്നു.

തരകമാമൻ ഊണ് കഴിക്കാൻ പോയി! സമാധാനം. ഇത്രനേരം ഉണ്ടായിരുന്ന സന്തോഷമൊക്കെ എവിടെയോ പോയി. പേടി മാത്രം ബാക്കിയായി. എന്ത് നാശം പിടിച്ച നേരത്തിനാണ് തരകമാമന് ഇപ്പോൾ ഇങ്ങോട്ട് വരാൻ തോന്നിയത്.

തന്റെ മൂക്ക് മുറിച്ച് ഉപ്പിലിട്ടാൽ എന്താണ് കിട്ടുന്നത് ! നല്ലൊരു അച്ചാർ ഇടാൻ പോലും തികയുമോ? മൂക്കില്ലാതെ തന്നെ കാണാൻ എങ്ങനെയിരിക്കും? ഒട്ടും ഭംഗിയുണ്ടാവില്ല.

തിത്തിരി ചോറുണ്ണാൻ വിളിക്കപ്പെട്ടു. ഒരു യന്ത്രം പോലെ പാട്ടിയുടെ പിറകെ അരിച്ചരിച്ച് തിത്തിരി ഊൺമുറിയിൽ എത്തി. എങ്ങനെയൊക്കെയോ ചോറും സാമ്പാറും കഴിച്ചു. തന്റെ മൂക്ക്, അതായിരുന്നു ഇത്തിരിയുടെ അപ്പോഴത്തെ ഏറ്റവും വലിയ വിഷയം.

അവ്വയും അനിതേച്ചിയും പാർവ്വതിയേച്ചിയും പാട്ടിയും കൂടെ കോലായിലേക്ക് കയറുന്ന പടികളിലിരുന്ന് നാട്ടു വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. തിത്തിരി മാത്രം ഭയന്നു വിടർന്ന കണ്ണുകളോടെ തരകമാമന്റെ വരവ് പോക്കുകൾ നോക്കി പതുങ്ങിയിരുന്നു.

തന്റെ മൂക്ക്! തീർച്ചയായും ഒരു ദിവസം തന്റെ മൂക്ക് മുറിക്കപ്പെടും. മിക്കവാറും അത് ഇന്ന് തന്നെ ആവാം. അതാ വരുന്നു തരക മാമൻ. തിത്തിരി, അനിതേച്ചിയുടെ പുറകെ പതുങ്ങി. അനിതേച്ചി അകത്തേക്ക് പോകുമ്പോൾ തിത്തിരിയും അകത്തേക്ക്.

അവിടെ വിശാലമായ വെള്ള മാർബിൾ പതിച്ച മുറികൾ. ഒളിക്കാനൊരിടം അതായിരുന്നു തിത്തിരി പരതിക്കൊണ്ടിരുന്നത്. എവിടെ ഒളിച്ചും തന്റെ മൂക്ക് സംരക്ഷിച്ചേ മതിയാവൂ. തിത്തിരിയുടെ പതുങ്ങലും ഒളിക്കലും കണ്ട് അനിതേച്ചിക്ക് ചിരി വരുന്നുണ്ടായിരുന്നു.

കോലായിൽ എത്തിയതും അതാ വരുന്നു, തരക മാമൻ പടികയറിക്കൊണ്ട്. തിത്തിരി മൂക്കും കുത്തി മറിഞ്ഞ് ഒരു സക്യലന്റ് ചെടിയുടെ മേലേക്ക് വീണു. ചട്ടി പൊട്ടി, തിത്തിരിയുടെ മുട്ടും പൊട്ടി. തരകമാമൻ കയ്യിലിരുന്ന കത്തി താഴെയിട്ട് അവളെ വാരിയെടുത്തു. “അയ്യോ മുറിഞ്ഞല്ലോ” അവളുടെ കണ്ണ് തുടച്ചു. മൂക്ക് മുറിച്ചില്ല! തിത്തിരി വേദന മറന്നു. അത്ഭുതപ്പെട്ടു.

തരകമാമൻ തെങ്ങിന്റെ പച്ചമട്ടലിൽ പറ്റിയിരിക്കുന്ന പൊടി നഖം കൊണ്ട് ചുരണ്ടിയെടുത്ത് തിത്തിരിയുടെ മുറിവിൽ ഒട്ടിച്ചു വെച്ചു. “പെട്ടെന്ന് ഉണങ്ങും കേട്ടോ” എന്നു പറഞ്ഞു. തിത്തിരിയെ അല്ലാതെ, പൊട്ടിയ ചട്ടി ആരും ശ്രദ്ധിച്ചില്ല.

എത്രകാലമായി തിത്തിരി തരകമാമനെ പേടിച്ച് ജീവിക്കുന്നു. പേടി മൊത്തം വെറുതെയായി. പേടി പോവാൻ മുട്ടുപൊട്ടി എന്ന് മാത്രം. അനിതേച്ചി തിത്തിരിക്ക് വെള്ളം കൊണ്ട് കൊടുക്കുന്നു. പാർവതിയേച്ചി മുറിവ് കെട്ടിക്കൊടുക്കുന്നു. അവ്വ ‘അയ്യോ കഷ്ടം’ എന്ന് നോക്കുന്നു. ഒരു കുഞ്ഞു മുറിവു കൊണ്ട് തിത്തിരി താരമായി.

തരകമാമൻ നിലത്ത് വീണ കത്തിയെടുത്തപ്പോൾ, തിത്തിരി അറിയാതെ സ്വന്തം മൂക്ക് പിടിച്ചു. എല്ലാവരും പൊട്ടിച്ചിരിച്ചു. ഒപ്പം തിത്തിരിയും ചിരിച്ചു പോയി. എല്ലാവരും ഒന്നിച്ച് കാപ്പി കുടിച്ചു.

അവ്വയുടെ സമ്മാനമായി കിട്ടിയ, പൊട്ടിയ ചട്ടിയിൽ ഉണ്ടായിരുന്ന സക്യലന്റ് ചെടിയും പ്ലാസ്റ്റിക് കുട്ടയിലിട്ട് തിരികെ നടക്കുമ്പോൾ തിത്തിരി ആലോചിച്ചു, എന്തിനാണ് താൻ ഇത്രകാലം തരകമാമൻ മൂക്കുമുറിക്കും എന്ന് പേടിച്ചത്? അത് വേണ്ടിയിരുന്നില്ല. എല്ലാ പേടികളും നമുക്ക് വേണ്ടതേയല്ല തിത്തിരിക്ക് തീർച്ചയായി.

  • തൂക്കം മുടിയലെ? ശീഘ്രം എളുന്തു വാ= ഉറക്കം തീർന്നില്ലേ പെട്ടെന്ന് എണീറ്റ് വരൂ.
  • പാട്ടി=അമ്മൂമ്മ.
  • കീളെ ഇറങ്ക് തിരുടാ നീ എന്ത ഇടത്തിലെ ഏറി ഉക്കാന്തിരിക്കറ്ത് തെരിയുമാ? ഉളുന്ത് ഉന്നോടെ ഒടമ്പ് അപ്പളമായിട്ട്നാൻ നല്ലായിരിക്കും. അന്ത തൂൺ ഉളുന്തിട്ട്നാൻ ഉന്നെ ഞാൻ അപ്പടിയെ അപ്പളമാക്കിടുവേ. ആയിരം ആണ്ടുകൾക്ക് മുന്നാടി ഇരുന്ത പുരാതന ഇടത്തിലെ ഏറി വിളയാടറ്ത്= താഴെ ഇറങ്ങൂ കള്ളാ. നീ എവിടെയാണ് കേറിയിരിക്കുന്നത് എന്നറിയാമോ വീണ് നിന്റെ ശരീരം പപ്പടം ആകും. ആ തൂൺ വീണാൽ നിന്നെ ഞാൻ തന്നെ പപ്പടമാക്കും. ആയിരം വർഷം പഴക്കമുള്ള ഇടത്തിൽ കയറി കളിക്കുന്നു.
  • അവ്വ=അമ്മ
  • ഇങ്കെവാ വന്ത് എന്നോടെ പുറത്തെ തേച്ചു വിട്= ഇവിടെ വരൂ എന്റെ പുറം തേച്ചു തരൂ.
  • കുട്ടിക്കഥക്കൂട്ടിൽ നാളെ ഇ ജിനൻ എഴുതിയ കഥ വായിക്കാം
Children, Stories, Malayalam Writer

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Aruna narayanan story for children thithiripedi