scorecardresearch

ഗുലുമാൽകുഞ്ഞികളും ഫട്ടാഫൂട്ട് എന്ന നിലം തൊടാഭൂതവും

"ഞാൻ ജനലിലൂടെ ഏന്തി പുറത്തേക്ക് നോക്കി. അവിടെ കാറ്റ് ബോയ് യുടെ ചെവിയും ഔലറ്റിന്റെ കണ്ണും ഗെക്കോയുടെ വാലും കൂടാതെ കൊമ്പുകളുമുള്ള ഭൂതം ചിരിച്ചു കൊണ്ടു നിൽക്കുന്നു."അരുണ ആലഞ്ചേരി എഴുതിയ കഥ

"ഞാൻ ജനലിലൂടെ ഏന്തി പുറത്തേക്ക് നോക്കി. അവിടെ കാറ്റ് ബോയ് യുടെ ചെവിയും ഔലറ്റിന്റെ കണ്ണും ഗെക്കോയുടെ വാലും കൂടാതെ കൊമ്പുകളുമുള്ള ഭൂതം ചിരിച്ചു കൊണ്ടു നിൽക്കുന്നു."അരുണ ആലഞ്ചേരി എഴുതിയ കഥ

author-image
Aruna Alancheri
അപ്‌ഡേറ്റ് ചെയ്‌തു
New Update
aruna alancherry, story, iemalayalam

ചിത്രീകരണം : അരുണ ആലഞ്ചേരി

നമ്മുവിനെയും പാച്ചുവിനെയും 'ഗുലുമാൽക്കുഞ്ഞികൾ' എന്നാണ് അമ്മ വിളിക്കാറ്. രാത്രി വളരെ വൈകി ടി വിയും ഓഫാക്കി കഴിഞ്ഞാൽ ഇനിയെന്ത്, ഇനിയെന്ത് എന്ന മട്ടിൽ കണ്ണുരുട്ടി അവർ തമ്മിൽ തമ്മിൽ നോക്കും.

Advertisment

പിന്നാമ്പുറത്ത് ചാരത്തിൽ കിടന്ന് ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും ആഷ്ക്ക എന്ന പൂച്ച. അകത്തേക്ക് വിരുന്നു വന്ന ഉറുമ്പുകളെല്ലാം അടിച്ചുവാരിയതിനൊപ്പം അപ്രത്യക്ഷരായി. ഇനിയെന്ത് ചെയ്യും! കിടക്കയിൽ കുത്തിമറിഞ്ഞ് കിടക്കവിരികൾ അലങ്കോലമാക്കുകയല്ലാതെ? കളിച്ചു തിമിർത്തു കഴിഞ്ഞാലോ? വിശപ്പ് ഹോ!

"അമ്മേ എനിച്ച്‌ തിന്നണം," പാച്ചു പറയും.

"എനിക്കും തിന്നണം," നമ്മു പറയും. തമ്മിൽ നോക്കി ചിരിച്ച് സഖ്യകക്ഷിയായി രണ്ടാളും ഒന്നിച്ചു പറയും "ഞങ്ങൾക്ക് തിന്നണം."

"ഈ നേരത്തോ? നിങ്ങളുടെ പേര് മാറ്റി മൂങ്ങയെന്നോ വവ്വാലെന്നോ വിളിക്കാം. മനുഷ്യക്കുട്ടികൾ പത്തുമണിക്ക് മുന്നേയുറങ്ങും."

Advertisment

അമ്മ ദേഷ്യപ്പെടും. എന്നിട്ട് കുത്തരിച്ചോറിൽ നെയ്യും ഉപ്പും ചേർത്ത് കുഴച്ച്, ചുവന്ന ചീരക്കറിയും കൂട്ടി… ആഹ്… അസ്സലാണ്. എന്നാലും നമ്മുവിനും പാച്ചുവിനും മതിയാകില്ല. ചോക്ലേറ്റ് തിന്ന് ദ്വാരം വീണ പല്ലു കാട്ടി ചിരിച്ചുകൊണ്ട് അവർ പറയും, "ചോക്ലേറ്റ് തരുമോ, കേക്ക് തരുമോ?"

പല്ലു തേക്കാൻ ബ്രഷെടുക്കുമ്പോൾ രണ്ടാളും നിലവിളിയാണ്. അമ്മ ബ്രഷുകൾ ഹോൾഡറിൽ തിരികെ വെച്ചു. കസേരയിൽ ചാഞ്ഞിരുന്നു. താടിക്ക് കൈ വെച്ചു. ദീർഘമായി നിശ്വസിച്ചു.

"ആ ഫട്ടാഫുട്ട് ഇപ്പോൾ എവിടെയായിരിക്കും?"

"ഏതു ഫട്ടാഫുട്ട്," നമ്മു ചോദിച്ചു.

"നിങ്ങൾക്കറിയില്ലേ ഫാട്ടാഫുട്ടിനെ? പൂവിനുള്ളിൽ പാർക്കുന്ന?"

"നമ്മുടെ മുറ്റത്തെ കോളാമ്പി പ്പൂവിലാണോ," നമ്മു കസേരക്കയ്യിൽ പിടിച്ച് അമ്മയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

"ങാ, അതിൽ തന്നെ, അതിലുണ്ടാകും."

"ആരാണ് ഫട്ടാഫുട്ട്, ഉറുമ്പാണോ?"

"അല്ല നമ്മൂ, ഫട്ടാഫുട്ട് പാതിരാത്രി ഉറങ്ങാതിരിക്കുന്ന കുട്ടികൾക്ക് ചോക്ളേറ്റും കേക്കും കൊടുക്കുന്ന ഭൂതമാണ്."

"ഭൂതമോ?"

aruna alancherry, story, iemalayalam
ചിത്രീകരണം : അരുണ ആലഞ്ചേരി

"അതെ... ഫട്ടാഫുട്ട് പണ്ട്, എന്റെ കുട്ടിക്കാലത്ത് വീടിന്റെ ജനലഴികൾ പിടിച്ച് ഏന്തി നോക്കുമായിരുന്നു. പാതിരാത്രി ഉറങ്ങാതെ, മധുരം തിന്നുന്ന കുട്ടികളെ ഫട്ടാഫുട്ട് കൂട്ടുകാരാക്കിയിരുന്നു."

നമ്മുവും പാച്ചുവും അമ്മയുടെ മടിയിലേക്ക് വലിഞ്ഞു കയറി.

"പണ്ടൊരിക്കൽ നിങ്ങളെപ്പോലെ അമ്മയും കുട്ടിയായിരുന്നു. അന്നൊക്കെ ഞാൻ രാത്രി തേൻമുട്ടായിയോ പല്ലിലൊട്ടിമുട്ടായിയോ വേണമെന്ന് പറഞ്ഞു നിലവിളിക്കുമായിരുന്നു."

"പുറത്തെന്താണൊരു ഒച്ച," അങ്ങനെയുള്ള ഒരു ദിവസം മുത്തശ്ശി എന്നോടു ചോദിച്ചു.

"ഞാൻ ജനലിലൂടെ ഏന്തി പുറത്തേക്ക് നോക്കി. അവിടെ കാറ്റ് ബോയ്യുടെ ചെവിയും ഔലറ്റിന്റെ കണ്ണും ഗെക്കോയുടെ വാലും കൂടാതെ കൊമ്പുകളുമുള്ള ഭൂതം ചിരിച്ചു കൊണ്ടു നിൽക്കുന്നു. എനിക്ക് പേടിയോ സന്തോഷമോ തോന്നിയില്ല. 'എന്താണിവിടെ നില്ക്കുന്നത്,' ഞാൻ ചോദിച്ചു."

"ഞാൻ കരയുന്ന കുട്ടികൾക്ക് മുട്ടായിയൊക്കെ കൊടുക്കും," ഭൂതം പറഞ്ഞു.

"നേരാണോ?"

"നേര്, കൂടെ പോരൂ..."

"ഞാൻ പുറത്തിറങ്ങി, പുറത്ത് തണുത്ത കാറ്റ് വീശി, ഇരുട്ട് കടുത്തിരുന്നു. എനിക്ക്‌ തണുത്തു. വിഷമം വന്നു. ടക് ടക് എന്ന ഒച്ചയിൽ ഭൂതം അടുത്തു വന്നു. ഞാൻ അതിന്റെ കാലുകളിലേക്ക് നോക്കി. മങ്ങിയ വെട്ടത്തിൽ അവ കുളമ്പുകളാണെന്ന് കണ്ടു. അവ നിലത്തു മുട്ടിയിരുന്നില്ല."

"നിന്റെ പേരെന്താണ്," ഞാൻ ചോദിച്ചു.

"ഫട്ടാഫുട്ട്, കരയുന്ന കുട്ടികളുടെ സുഹൃത്ത്."

"പെട്ടെന്ന് ഫട്ടാഫുട്ട് കുട്ടിയായിരുന്ന എന്നെ തോളിലെടുത്ത് മുറ്റത്തെ കോളാമ്പിപ്പൂവിലേക്ക് കയറിപ്പോയി. അതിനകത്ത് നിറയെ തേൻമുട്ടായികൾ. എന്റെ വായിൽ കൊതിയുടെ കടൽ ഊറി."

aruna alancherry, story, iemalayalam
ചിത്രീകരണം : അരുണ ആലഞ്ചേരി

Read More: അരുണ ആലഞ്ചേരിയുടെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

"ഇഷ്ടം പോലെ തിന്നാട്ടെ, ഫട്ടാഫുട്ട് പറഞ്ഞതും ഞാൻ മിഠായികൾ വാരിയെടുത്ത് വായിലിട്ടു. അയ്യോ 'ഗ്വാ ഗ്വാ' ഒറ്റത്തുപ്പ്… കയ്യിലുള്ള മിഠായികൾ എറിഞ്ഞു. കുടലു മറിയും പോലെ ഛർദ്ദിച്ചു. ഉച്ചത്തിൽ കരഞ്ഞു."

"എന്താമ്മേ, എന്തു പറ്റി," കഥ കേട്ട നമ്മുവും പാച്ചുവും ചോദിച്ചു.

"കയ്പ്"

"കയ്പോ?"

"നിങ്ങൾ അന്ന് നമ്മുടെ ചട്ടിയിൽ കായ്ച്ച പച്ചപ്പാവക്ക കടിച്ചത് ഓർമയുണ്ടോ? അതേ രുചി!".

"ഗ്വാ," നമ്മുവും പാച്ചുവും ഒന്നിച്ചു പറഞ്ഞു.

"വാ നമുക്ക് ജനലിനടുത്ത് ഉണ്ടോ എന്ന് നോക്കാം വാ..."

അമ്മ പറഞ്ഞത് ശ്രദ്ധിക്കാതെ നമ്മുവും പാച്ചുവും ബ്രഷും പേസ്റ്റുമെടുത്ത് പല്ലു തേച്ചു. കിടക്കയിൽ കിടന്നു. പുതച്ചു. അമ്മ ലൈറ്റ് അണച്ചു.

ഫട്ടാഫുട്ടിന്റെ കുളമ്പുകൾ നിലത്ത് തൊടാത്തതെന്തെന്നും എന്നിട്ടും ടക് ടക് ശബ്ദം എങ്ങനെ ഉണ്ടായെന്നും ആലോചിച്ച് നമ്മു കണ്ണടച്ച് കിടന്നു, ഉറങ്ങിപ്പോയി.

publive-image
ചിത്രീകരണം : അരുണ ആലഞ്ചേരി

കുറേ നേരം കഴിഞ്ഞു കാണും. "ആരാണ് ലൈറ്റിട്ടത്? ഫട്ടാഫുട്ടോ?" നമ്മു ചാടിയെണീറ്റ് ജനലിലേക്ക് നോക്കി.

അമ്മ, പേടിച്ച കുട്ടിയെപ്പോലെ നമ്മുവിനെ നോക്കി. കട്ടൻചായയും കേക്കും കഴിച്ചു കൊണ്ട് കസേരയിലിരുന്ന് പുസ്തകം വായിക്കുകയായിരുന്നു അമ്മ. അമ്മ ചുണ്ടു കൂർപ്പിച്ചു കൊണ്ട് ചെറിയ കഷണം കേക്ക് നമ്മുവിന് നീട്ടി "പാച്ചു അറിയണ്ട," അമ്മ പറഞ്ഞു.

നമ്മു അമ്മയുടെ കാലുകളിലേക്ക് നോക്കി. കുളമ്പുകളല്ല, കാലുകൾ തന്നെ.

"ഫട്ടാഫുട്ട് ശരിക്കും ഇല്ല അല്ലേ,"' നമ്മു ചോദിച്ചു.

രണ്ടു പേരും പൊട്ടിച്ചിരിച്ചു.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: