അമന്റെ തലയിൽ നിറയെ പിരുപിരുന്ന മുടിയായിരുന്നേ. അമനാണേൽ വിരുവിരുത്ത ഒരു കുട്ടിയും. നാട്ടുകാരും വീട്ടുകാരുമെല്ലാം അമനോട് പറയും.
“നിന്റെ സ്വഭാവം പോലെ തന്നെയാണല്ലോ അമനേ നിന്റെ മുടിയും. രണ്ടുമിങ്ങനെ ജിൽജിൽന്ന് നിൽപ്പാണല്ലോ”
അമനും ചിരിക്കും അവരും ചിരിക്കും. മുടി മാത്രം ചുണ്ടു നീട്ടും. അമന്റെ മുടിക്ക് അമന്റെ സ്വഭാവം ഒട്ടും ഇഷ്ടമല്ലാരുന്നു. അവനാണേൽ തല ചീകില്ല, കുളിക്കാൻ കേറിയാൽ പോലും തലയിൽ ഒരു തുള്ളി വെള്ളമൊഴിക്കില്ല. ഇനിയെങ്ങാനും ഒഴിച്ചു പോയാൽ അതൊട്ടു തോർത്തുകയുമില്ല.
എന്തൊരു ചെക്കനാ!
അമന്റെ മുടിക്ക് നല്ല ഒഴുക്കുള്ള, മിനുസമുള്ള, ഒതുങ്ങിയിരിക്കുന്ന ഒരു വേഷം വേണമെന്നായിരുന്നു ആഗ്രഹം.
“ഈ വികൃതിച്ചെക്കൻ ഒന്ന് വലുതാവട്ടെ. എന്നിട്ടു വേണം എനിക്കൊന്ന് രൂപം മാറാൻ” അവനെപ്പോഴും ചിന്തിക്കും. എന്നിട്ട് “മ്ഹുംംംം” എന്ന് നീട്ടിയൊരു നെടുവീർപ്പുമിടും!
സ്കൂളൊന്നുമില്ലാതെ വീട്ടിലിരുന്ന ഒരവധിക്കാലത്ത് അമന്റെ മുടി പതിവിലുമേറെ വളർന്നു. എന്നാലതൊന്ന് സ്റ്റൈലാക്കാൻ ഒരു മുടിവെട്ടുകടയിലും അവൻ പോയില്ല. ഇപ്പോ ദേ കാണാൻ ബഹുരസം: മുള്ളൻ പന്നിയുടെ മുള്ളുകൾ എഴുന്നേറ്റു നിൽക്കുന്ന പോലെ അമന്റെ മുടിയിങ്ങനെ നിൽക്കുകയാണ്.
മുടിക്ക് സങ്കടം. അമന് സന്തോഷം. അമന്റെ ഉപ്പൂപ്പയ്ക്കുമുമ്മൂമ്മയ്ക്കും സങ്കടം. വീട്ടിലെ മറ്റുള്ളവർക്ക് ഒരു മൈന്റുമില്ല. മുടിയാവുമ്പോ വളരുമെന്നാ അവരുടെ പക്ഷം.
“എന്റെ തലമുടിത്തലമുറത്തമ്പിരാക്കന്മാരേ, ഈ ചെക്കൻ സ്കൂളിൽ പോവുന്നതിനു മുൻപെങ്കിലും എന്നെയൊന്ന് ട്രിം ചെയ്തു ശരിയാക്കാൻ വഴിയൊരുക്കണേ. നാലു മുഴുത്ത പേനിനെ തന്നോളാമേ” എന്ന് അമന്റെ മുടി എന്നുമിരുന്ന് പ്രാർത്ഥിക്കും. “സ്കൂൾ തുറക്കുന്ന കാലത്തെ കാര്യമല്ലേ, അപ്പോ ഉറപ്പായും ശരിയാക്കാമെന്ന്” പേൻകൊതിയന്മാരായ തലമുടിദൈവങ്ങൾ തിരിച്ചും പറയും.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അമനെക്കാണാൻ അവന്റെ കൂട്ടുകാർ വന്നത്. അമന്റെ കൂട്ടുകാർക്ക് അവനെ വലിയ ഇഷ്ടമാണ്. അവർ അവന്റടുത്ത് ചേർന്നു നിന്ന് കഥ പറച്ചിലും ചിരിയും കളിയും ഒക്കെയായി ആകെ മേളം.
മുടിച്ചെക്കന് ഇതു കണ്ടിട്ട് ആകെ വിഷമമായി. അവൻ സ്വയം നോക്കിയിട്ട് ആലോചിച്ചു.. “എന്റൊരു കോലം. ഈ പിള്ളേര് എന്നെ നോക്കിയിപ്പോ കളിയാക്കുമല്ലോ!”
പേടിച്ചതു തന്നെ സംഭവിച്ചു. അമന്റെ ബെസ്റ്റ് ഫ്രണ്ട് ഇഷാൻ വന്ന് അമന്റെ തലയിൽ അവർ കഴിച്ചു കൊണ്ടിരുന്ന കുറേ പോപ് കോൺ കുടഞ്ഞിട്ടു.
എന്നിട്ട് പറഞ്ഞു: “ ഇതാണ് നമ്മുടെ പോപ് കോൺ ഹോൾഡർ! ദേ.. നിറയെ മൂർച്ചയുള്ള മുള്ളുകളുണ്ട്”
എല്ലാരും ചിരിച്ചു മറിഞ്ഞു. ഏറ്റവും കൂടുതൽ ചിരിച്ചത് അമൻ ആയിരുന്നു. “എന്തൊരു ദുഷ്ടനാ ഇവൻ. സ്വന്തം തലമുടിയെ കളിയാക്കുമ്പോ പോലും ചിരിച്ചു രസിക്കുന്നു..” മുടിക്കുട്ടിക്ക് സങ്കടം വന്നു.
അപ്പോ ദേ വേറൊരാള്, ദിയ – അവള് പറയുന്നു. അമന്റെ മുടി അമ്പുകളിട്ടു വച്ചിരിക്കുന്ന ആവനാഴിയാണെന്ന്. ആവശ്യം വരുമ്പോ യുദ്ധം ചെയ്യാമത്രേ..
ഇത്തവണയും എല്ലാരും ചിരിച്ചു. ചിരിക്കിടയിൽ അമൻ പറഞ്ഞു. “ശരിയാ ശരിയാ. എന്റെ ബുദ്ധിയുടെ മുന വച്ച അമ്പുകളാ അവയൊക്കെ”
അപ്പറഞ്ഞത് നമ്മുടെ മുടിച്ചെക്കന് ലേശമൊന്ന് ഇഷ്ടമായെങ്കിലും തന്നെയിങ്ങനെ എല്ലാരും ലക്ഷ്യം വയ്ക്കുന്നത് അവന് നന്നായി തോന്നിയില്ല. അവൻ മുഖം തിരിച്ച് പിണങ്ങിയതു പോലെയിരുന്നു..
വീണ്ടും കളിയാക്കലുകൾ. സെയ്ദലിയും ആദിത്യയും അമൃതയും എബിനും എല്ലാരും കൂടി തകൃതിയായി തലമുടിക്കഥകൾ മെനയുകയാണ്. ഒരു രക്ഷയുമില്ല.. അമനാണേൽ ഇതൊക്കെ കേട്ട് പൊട്ടിപ്പൊട്ടിച്ചിരിയും!
സങ്കടം സഹിക്കാനാവാതെ മുടിക്കുട്ടി കരയാൻ തുടങ്ങി. ഒരു മനുഷ്യന്റെ മുടി കരയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? വല്ലാത്തൊരു കാഴ്ചയാണത്.
ചിരിക്കുന്ന കുട്ടിയുടെ കരയുന്ന മുടി.!
പെട്ടെന്നാണ് ഒരു കാറ്റു വന്നത്. അമന്റെ തലമുടിയിൽ ഒരു തണുത്ത കൈ വന്നു തൊട്ടു. മുടിക്കുട്ടി കണ്ണുയർത്തി നോക്കി. നീണ്ടു വിടർന്ന ഒരു മുടിയിഴയാണ് തന്നെ തൊടുന്നതെന്ന് അവൻ കണ്ടു. അത് അമൃതയുടെ മുടിയിഴയായിരുന്നു. അവൾ അവനോട് “കരയണ്ടാട്ടോ..” ന്ന് പതിയെ പറഞ്ഞു.
അമന്റെ മുടി അത്ഭുതത്തോടെ അവളെ നോക്കി. പെട്ടെന്ന് അല്പദൂരത്ത് നിന്ന് ഒരു ചൂളം വിളി കേട്ടു. തിരിഞ്ഞു നോക്കിയ അവൻ കണ്ടത് എബിന്റെ ചുരുണ്ടു കറുത്ത മുടി ചിരിച്ചു കൊണ്ട് കൈ വീശിക്കാണിക്കുന്നതാണ്.
തൊട്ടടുത്തു നിന്ന് ആദിത്യയുടെ ചെമ്പിച്ച കോലൻ മുടിയും ചിരിച്ചു കൊണ്ട്കണ്ണിറുക്കുന്നുണ്ടായിരുന്നു. അമന്റെ മുടിക്കുട്ടിക്ക് അത്ഭുതവും സന്തോഷവും നാണവുമൊക്കെ ഒരുമിച്ചുവന്നു. “ഇത്രേം പേർക്ക് എന്നെ ഇഷ്ടമാണോ. ഇവരുടെയൊക്കെ തല ചുമന്നു നടക്കുന്ന ആ പിള്ളേർ എന്നെ കളിയാക്കുമ്പോഴും ഇവരെന്നോട് എന്തു സ്നേഹത്തിലാ പെരുമാറുന്നത്. ഇതു വരെ ഞാനിവരെ ശ്രദ്ധിച്ചിരുന്നതേയില്ലല്ലോ.”

അമന്റെ മുടിയുടെ മനസ്സറിഞ്ഞിട്ടെന്ന വണ്ണം സെയ്ദലിയുടെ ഒഴുക്കുള്ള തലമുടി ഉറക്കെ വിളിച്ചു പറഞ്ഞു.. “നീ സൂപ്പറാടാ ബ്രോ.. ലവരു പറയുന്നത് കാര്യമാക്കണ്ട.. ലവര് ഡിമ്പിലി ഡുമ്പിലി ചില്ലറപ്പിള്ളേര് ”
രസികനായ അവന്റെ പറച്ചിൽ കേട്ട് എല്ലാവരും മതിമറന്നു ചിരിച്ചു. തലമുടിയിളകുന്നത് കാറ്റടിച്ചിട്ടാണെന്ന് കരുതി കുട്ടികൾ തലയിൽ പിടിക്കാനും മുടിയൊതുക്കാനുമൊക്കെ തുടങ്ങി. തലമുടിച്ചങ്ങാതിമാർ ഇതു കണ്ടു ചിരിക്കാൻ തുടങ്ങി.
അമന്റെ മുടിക്ക് സന്തോഷമായി. എല്ലാ തലയിലെയും മുടിച്ചങ്ങാതിമാര് അവനോട് പെട്ടെന്ന് കൂട്ടായി. അവർ പരസ്പരം കഥകൾ പറയുവാനും രുചിയുള്ള പേനും ഈരുമൊക്കെ വച്ചു മാറാനും തുടങ്ങി. നിറയെ മുടിയിഴകളുള്ള അമൃതയുടെ മുടിയായിരുന്നു ഏറ്റവും കൂടുതൽ പേൻകൂടുകൾ സമ്മാനം നൽകിയത്.
അങ്ങനെയിരിക്കുമ്പോഴാണ് അവിടേക്ക് ഇമാനിക്കുട്ടി കയറി വന്നത്. അമന്റെ മറ്റൊരു ബെസ്റ്റ് ഫ്രണ്ടാണ് അവൾ. അവൾ ആളൊരു സ്റ്റൈലത്തിയാണ്. വന്ന പാടെ അവൾ അമനെ വന്ന് കെട്ടിപ്പിടിച്ച് താമസിച്ചു പോയതിൽ സോറി പറഞ്ഞു. അവൻ അവളുടെ ചെവിക്ക് പിടിച്ച് ഒരു കിഴുക്കും കൊടുത്തു. പിള്ളേരെല്ലാം പിന്നേം ചിരി തുടങ്ങി.
ഇമാനിക്കുട്ടിയുടെ മുടിയും മറ്റു മുടിക്കുട്ടികളെ നോക്കി ഹായ് പറഞ്ഞു. അവളെ അമന്റെ മുടിക്ക് നേരത്തേ അറിയാമായിരുന്നെങ്കിലും ഈ കാഴ്ചയിൽ അവൻ ഒന്ന് ഞെട്ടിപ്പോയി. അവളുടെ മുടിയിഴകൾക്ക് പതിവിലുമേറെ ചന്തം. പല നിറങ്ങൾ.. നീലയും വയലറ്റും വെള്ളയും ചേർന്ന മനോഹരമായ ഒരു കാഴ്ച.
അവൻ മടിച്ചു മടിച്ച് അവളോട് ചോദിച്ചു.. “ഇതെങ്ങനെ?”
മറ്റു കൂട്ടുകാർക്കും ഇതേ സംശയമുണ്ടായിരുന്നു.
ഇമാനിക്കുട്ടിയുടെ മുടി ചിരിച്ചു കൊണ്ടു പറഞ്ഞു.. “അവധിക്കാലമല്ലേ… ഇമാനി ഒരു കടയിൽ പോയി എനിക്ക് കളറടിച്ചു തന്നു.” അവൾ സന്തോഷത്തോടെയും അഭിമാനത്തോടെയും ഒന്നിളകി നിന്നു.
അമന്റെ മുടിയുടെ വായ തുറന്നു പോയി. “എന്തൊരു ചന്തമാ ഇവൾക്ക്. എനിക്കും ഇങ്ങനെയാവാൻ പറ്റിയെങ്കിൽ.” അഴുക്കു പുരണ്ട് മുഷിഞ്ഞ തന്റെ മുടിസൂചികളെ നോക്കി അവൻ ആലോചിച്ചു. വീണ്ടും കഥകളൊക്കെ പറഞ്ഞ് അവർ കുറേ നേരം കൂടിയിരുന്നു. വൈകീട്ടായപ്പോൾ കുട്ടികളോടൊപ്പം അവരുടെ മുടികളും വീടുകളിലേക്ക് തിരികെപ്പോയി.
എന്നാൽ അമന്റെ മുടിയുടെ മനസ്സിൽ ഇമാനിയുടെ മുടിയുടെ നിറങ്ങളായിരുന്നു.
“എനിക്കും അങ്ങനെ വേണം. പക്ഷേ, ഒന്ന് ഒതുക്കി വയ്ക്കാൻ പോലും ആലോചിക്കാത്ത അമൻ എന്നെ നിറം പിടിപ്പിക്കാൻ മിനക്കെടുമെന്ന് തോന്നുന്നില്ല. ഇനിയെന്തു ചെയ്യും”
ആലോചിച്ച് ആലോചിച്ച് അവനൊരു വിദ്യ കണ്ടു പിടിച്ചു. അമന്റെ തലയ്ക്കുള്ളിലെ തലച്ചോറുസാറിനെ സ്വാധീനിച്ചാൽ ചിലപ്പോൾ കാര്യം നടക്കും. പക്ഷേ അതിനെന്തു ചെയ്യും? അവൻ വീണ്ടും ആലോചിച്ചു..
“ഹ്മ്മ്… അമന്റെ ചെവികളോട് കാര്യം പറഞ്ഞു നോക്കാം. അവർ പറഞ്ഞാൽ ചിലപ്പോ തലച്ചോറു സാറ് കേൾക്കും.” അവൻ പതിയെ ഏന്തി വലിഞ്ഞ് ചെവികളോട് കാര്യം പറഞ്ഞു. ചെവികൾ രണ്ടാളും അത് കാര്യമായിത്തന്നെയെടുത്തു. എന്നിട്ട് അന്നു രാത്രി അമൻ ഉറങ്ങുമ്പോൾ അത് തലച്ചോറു സാറിനെ അറിയിക്കാം എന്നു തീരുമാനമെടുത്തു.
അന്നു രാത്രി അമൻ പുതച്ചുമൂടിയുറങ്ങുന്ന നേരം ചെവികൾ തലച്ചോറു സാറിന്റെ മുന്നിൽ നിവേദനവുമായെത്തി. വിശ്രമത്തിലായിരുന്ന സാറ് വിശദമായി തന്നെ കാര്യങ്ങൾ മനസ്സിലാക്കി. എന്നിട്ട് പറഞ്ഞു.
“അതേ, ഞാൻ വിചാരിച്ചാലും കാര്യങ്ങൾ നടക്കില്ല. അമന് ഇതൊന്നും ഒരു വിഷയമേയല്ല. ഇനി ഞാനൊന്ന് നിർബന്ധിച്ചാലും ഒന്നു മുടി വെട്ടാൻ പോലും കൊണ്ടു പോകാത്ത അവന്റെ ഉപ്പയുമുമ്മയും ഇതിനായി മിനക്കെടുമെന്ന് തോന്നുന്നില്ല. ഉപ്പൂപ്പയുമുമ്മൂമ്മയും ഒട്ടും സമ്മതിക്കില്ല. പാവം മുടിക്കുട്ടി, അവന്റെ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല കേട്ടോ ”
കാര്യം മനസ്സിലായ ചെവികൾ മുടിക്കുട്ടിയെ വിവരമറിയിച്ചു. മുടിക്കുട്ടിക്ക് സങ്കടം സഹിക്കാൻ കഴിയാതെ കരയാൻ തുടങ്ങി. പാവം. കരഞ്ഞു കരഞ്ഞു കരഞ്ഞ് വയ്യാണ്ടായി.
ചെവികൾക്കും നെറ്റിയ്ക്കും മൂക്കിനുമെല്ലാം ഇതു കണ്ട് നല്ല വിഷമമായി.. ഉറങ്ങുകയായിരുന്നതിനാൽ കണ്ണുകൾ മാത്രം ഇതറിഞ്ഞില്ല. അവരെല്ലാരും കൂടി തലച്ചോറു സാറിനെ വീണ്ടും കണ്ടു.. “എന്തേലും ചെയ്യൂ. പാവല്ലേ അവൻ.” അവർ ഒരുമിച്ചു പറഞ്ഞു.
തലച്ചോറിനും വിഷമമായി. അവൻ എന്തു ചെയ്യണമെന്ന് ആലോചിക്കാൻ തുടങ്ങി. ഒടുവിൽ ഒരൈഡിയ കിട്ടി. ഒന്ന് ശ്രമിച്ചു നോക്കാം. അവനാലോചിച്ചു.

അന്നു രാത്രി അമന്റെ തലച്ചോറ് ഓവർടൈം ജോലി ചെയ്ത് അമന്റെ തലയ്ക്കുള്ളിൽ നിറങ്ങൾ നിറഞ്ഞ സ്വപ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അതെല്ലാം അമന്റെയുറക്കത്തിലേക്ക് ചറപറാന്ന് കയറ്റിവിടാനും തുടങ്ങി. സ്വപ്നങ്ങളിലെ നിറങ്ങൾ അമന്റെയുറക്കത്തിൽ നിറഞ്ഞു കവിഞ്ഞ് പുറത്തേക്കൊഴുകാൻ തുടങ്ങി. ഈ ഒഴുകി വരുന്ന നിറങ്ങൾ ഓരോ തലമുടിയിഴയുടേയും വേരുകളിൽ ചെന്നു തളം കെട്ടി നിന്നു. ഓരോ വേരും മഴ പെയ്തു നിറഞ്ഞ തെങ്ങുംകുഴിയിൽ തലയുയർത്തി നിൽക്കുന്ന ഓരോ തെങ്ങു പോലെ. മുകളിൽ ചിലതിലൊക്കെ തേങ്ങകൾ പോലെ ഒരു പേനുമുണ്ടാവും.
നിറങ്ങൾ പതുക്കെ തെങ്ങുകയറ്റം തുടങ്ങി. മുടിയിഴകളിൽ പല വർണ്ണങ്ങൾ പറ്റിപ്പിടിക്കാൻ തുടങ്ങി. രാത്രി നീണ്ടു നീണ്ടു പോയി…സ്വപ്നങ്ങൾ നിറഞ്ഞു കവിഞ്ഞും തുടർന്നു…
പിറ്റേന്ന് രാവിലെ, അമനെയുണർത്താൻ വന്ന അമന്റെയുമ്മ “കീയോ” ന്ന് ഒരു വിളി വിളിച്ചു. ഉപ്പയും ഉപ്പൂപ്പയും ഉമ്മൂമ്മയും എല്ലാരും “കീയോ” “കീയോ” “കീയോ”. എല്ലാരുടെ കണ്ണിലും അത്ഭുതം. അമന്റെ തലയിൽ ഒഴുകി നടക്കുന്ന ഒരു മഴവില്ലും.
എല്ലാം സന്തോഷഭരിതമായി. നാട്ടുകാരും കൂട്ടുകാരും അടുത്ത ജില്ലയിൽ നിന്നു വരെയുള്ള ബാർബർഷോപ്പുകാരും എല്ലാം തനിയേ നിറം പിടിയ്ക്കപ്പെട്ട അത്ഭുതമുടിയെ കാണാനെത്തി.
അക്കൂട്ടത്തിൽ സെയ്ദലിയും എബിനും അമൃതയും ആദിത്യയും ഇഷാനും ദിയയും ഇമാനിയും ഒക്കെയുണ്ടായിരുന്നു. ഗമയിൽ നിന്ന അമനരികിൽ അവർ വീണ്ടും വന്നു നിന്നു.
ഇഷാൻ അമന്റെ മുടിയെ നോക്കി പതിയെ പറഞ്ഞു : “ദേ.. മഴവില്ലു നിറച്ച ഒരു പോപ്പ്കോൺ ഹോൾഡർ… ”
എല്ലാരും ചിരിച്ചു. അമനും ചിരിച്ചു.. എല്ലാരുടെയും മുടികളും ചിരിച്ചു.. അമന്റെ മുടി മാത്രം ഒന്ന് മസ്സിലു പിടിച്ചു.. എന്നിട്ട് ഒരു നിമിഷത്തിനു ശേഷം അവനും പൊട്ടിപ്പൊട്ടിച്ചിരിച്ചു…
എന്നിട്ട് അവൻ എല്ലാവർക്കും നിറമുള്ള പേനുകളെ സമ്മാനമായി നൽകി.
- കുട്ടിക്കഥക്കൂട്ടിൽ നാളെ വീണ എഴുതിയ കഥ വായിക്കാം
