അവിടെങ്ങാണ്ടൊരു വീടുണ്ടായിരുന്നു.
അവിടെയൊരു പത്തായമുണ്ടായിരുന്നു.
അതിനുള്ളിൽ നെല്ലായിരുന്നില്ല.
ഗോതമ്പുമല്ലായിരുന്നു.
അപ്പോ?
ഏയ്… അതൊന്നുമല്ല. എള്ളല്ല, തിനയല്ല, ചോളമല്ല, ചാമയല്ല, വരകുമല്ല, ബജ്റയുമല്ല.
പിന്നെന്താണെന്നോ?
അതിനുള്ളിൽ ‘അമ്പമ്പോ‘യെന്ന് അത്ഭുതം കൂറുന്ന വലിയ രണ്ടുണ്ടക്കണ്ണുകളായിരുന്നു.
മിനുമിനെ മിനുങ്ങുന്ന, കുടുകുടെക്കറങ്ങുന്ന, ഇടയ്ക്കിടയ്ക്ക് തുറിച്ചുനോക്കുന്ന വെള്ളാരങ്കല്ലു പോലിരിക്കുന്ന രണ്ട് കണ്ണുകൾ!
ആ ഇരുട്ടിൽ അവയങ്ങനെ തിളങ്ങും!
പത്തായത്തിനു പുറത്ത് കാലൊച്ചകൾ കേൾക്കുമ്പോ ഒന്ന് പതുങ്ങും.
പിന്നെ ഉരുണ്ടുരുണ്ട് ആ പത്തായത്തിന്റെ ചെറു ജനാലയ്ക്കടുത്തു വന്ന് പുറത്തേക്കു നോക്കും.
അകത്തെപ്പോലെ പുറത്തുമിരുട്ടു പരക്കുമ്പോൾ, ആ വീട്ടിലെ വലുതും ചെറുതുമായ കാലൊച്ചകളൊക്കെ മെത്തവിരിച്ചു കിടന്നു കഴിയുമ്പോൾ, ഉണ്ടക്കണ്ണുകൾ രണ്ടും ആ പത്തായം തുറന്ന് പുറത്തേക്കിറങ്ങും.
പുറത്ത് ഒരു കണ്ടൻ പൂച്ചയുണ്ടാവും.
മീശരോമം നക്കി മിനുക്കി ഒരു കശ്മലൻ, ഗബ്ബർസിങ്ങിനെ പോലെ ഭീകരനായ ഒരു പത്തായം കാവൽക്കാരൻ.
പത്തായം കണ്ട് കൊതിപിടിച്ച് പമ്മിപ്പമ്മി വരുന്ന എലിക്കുഞ്ഞന്മാരെ ‘ഡിഷ്ക്കിനോ, ഡഷ്ക്കിനോ’ യെന്ന് തട്ടിയൊതുക്കുന്നതാണ് ആ ഭീകരന്റെ വിനോദം. അവൻ കാണാതെ, അവരിരുവരും മുറ്റത്തേക്കിറങ്ങും.

ആ മുറ്റമുണ്ടല്ലോ, അതിങ്ങനെ, പറമ്പിലേക്കും ആകാശത്തിലേക്കും പുഴയിലേക്കും കടലിലേക്കും മലകളിലേക്കും അങ്ങനെ നീണ്ടുനിവർന്നു കിടക്കുന്ന ഒന്നായിരുന്നു.
അവിടെ നിലാവിന്റെ പരവതാനിയിൽ ചവിട്ടി അവരങ്ങനെ പതിയെ നടക്കും.
അപ്പോൾ മുറ്റത്ത് ഒരു കുഞ്ഞു പൂവ് വിരിഞ്ഞുനിൽക്കുന്നുണ്ടാവും.
ഉണ്ടക്കണ്ണുകളെക്കാണുമ്പോ, അവൻ മോണ കാട്ടിച്ചിരിക്കും.
ചിരി കണ്ടു മയങ്ങി വന്ന് കണ്ണുകളിരുവരും ആ പൂങ്കുഞ്ഞിനെ കെട്ടിപ്പിടിച്ചുമ്മ വയ്ക്കും.
അതിന്റെ പൂമ്പൊടി തട്ടി ഉണ്ടക്കണ്ണുകൾക്ക് തുമ്മൽ വരും.
കണ്ണുകൾ ‘ഹാച്ഛീ ഹമ്മച്ചീ’ന്ന് തുമ്മും.
എന്നിട്ട് എല്ലാരും ചിരിക്കും!
അപ്പോഴാവും മുറ്റത്തൂടൊരു മകരക്കാറ്റ് പതുങ്ങിപ്പതുങ്ങിപ്പോവുന്നത്.
കള്ളൻ കാറ്റ് തൊടുമ്പോ, കണ്ണുകൾക്ക് രണ്ടാൾക്കും തണുക്കും.
തണുത്ത് തണുത്ത് കിടുകിടാന്ന് വിറയ്ക്കുന്ന നേരത്ത് ഒരു ചെമ്പകം അതിന്റെയില കൊണ്ട് അവരെ പൊതിഞ്ഞു നിർത്തും.
ആ സുഖത്തിൽ കൊറേ നേരം അവരങ്ങനെ രസിച്ചു നിൽക്കും.
ഇന്നേരം ഒരു ചെമ്പരത്തിപ്പൂവ് കോളാമ്പി നീർത്തി കാളരാഗം തുടങ്ങുന്നുണ്ടാവും.
ഇതുകേട്ട് സഹിക്കാൻ പറ്റാതെ, ഉണ്ടക്കണ്ണുകൾ ഇല്ലാച്ചെവി പൊത്തി ചെമ്പരത്തിച്ചെടിയോട് കലഹിക്കും “ങ്ങളേ… ങ്ങളെ പൂവിനെ മര്യാദയ്ക്ക് വളർത്തണം ട്ടാ… പോ.. കട്ടീസ്“ന്ന് അവരു കണ്ണുരുട്ടിപ്പറയുമ്പോ ചെമ്പരത്തിച്ചെടിക്ക് സങ്കടം വരും.
പാവം! ചെമ്പരത്തിച്ചെടി കരയുമ്പോ കണ്ണുകൾക്കും സങ്കടം വരും. അവരു തമ്മില് “മിണ്ടീസ്“ പറഞ്ഞ് പിന്നേം കൂട്ടുകാരാവും.
അതാ, ഒരു പേരയ്ക്ക പഴുക്കുന്നു. അതിന്റെ മണം വന്നു വിളിക്കുമ്പോ, അവർക്ക് മൂക്കു മുളയ്ക്കും. മണം അവരേയും പൊക്കിയെടുത്ത് ആകാശത്തേക്കു പറക്കും.
ഭൂമിക്കു മുകളിൽ മൂങ്ങകൾ ചുറ്റി നടക്കുന്നുണ്ടല്ലോ. അവയ്ക്കും ഉണ്ടക്കണ്ണുകളാണ്. അവരുടെയുണ്ടക്കണ്ണുകളും നമ്മുടെയുണ്ടക്കണ്ണുകളും തമ്മിൽ പാതിയാകാശത്തിൽ വച്ച് ഒരുണ്ടക്കണ്ണ് വട്ടമേശസമ്മേളനം നടത്തും.
അതിനിടെ, തെക്കൻ കാറ്റെന്ന കൊടുംഗുണ്ട വന്ന് ഇടയ്ക്ക് അലമ്പുണ്ടാക്കാൻ ശ്രമിക്കുമെങ്കിലും ഇവരെല്ലാരും ചേർന്ന് തുരുതുരെ കണ്ണുരുട്ടിക്കഴിയുമ്പോൾ അവൻ വാലും മടക്കി വടക്കോട്ടേക്ക് ഒരൊറ്റയോട്ടമാണ്.
പിന്നേം പറന്നു പറന്ന് അവരൊരു ചാമ്പ മരത്തിലാവും ചെന്നു കേറുക.

പഴുത്തു ചുവന്ന ചാമ്പയ്ക്കകൾ കാണുമ്പോൾ അവർക്ക് കൊതിവന്നു ചാടും. മെല്ലെ, ഇല്ലാപ്പല്ലു കൊണ്ട് കടിച്ച്, ഇല്ലാനാവു കൊണ്ട് രുചിച്ച് അവർ ആ ചാമ്പയ്ക്കകൾ തിന്നുതീർക്കും. ആ രുചിയിൽ ഉണ്ടക്കണ്ണുകളുടെ കുമ്പ നിറയും. കണ്ണുകളിൽ ഉറക്കത്തിന്റെ ചേലു വരും.
പുഴകളിൽനിന്ന് വെള്ളത്തുള്ളികൾ വന്ന് അവരെ വിളിച്ചുണർത്തുക തന്നെ ചെയ്യും. പിന്നെ തവളച്ചങ്ങായിമാരും നെൽപ്പാടങ്ങളിലെ നത്തയ്ക്കകളും ഒക്കെച്ചേർന്ന് അമ്പസ്താനിയും അരിപ്പോ തിരിപ്പോയും ഒക്കെക്കളിക്കും.
ഇടയ്ക്ക് ഉന്തും തള്ളുമൊക്കെയാവും. എന്നാലും എല്ലാരും കെട്ടിപ്പിടിച്ച് ഉമ്മ വച്ചേ കളി നിർത്തുള്ളൂ.
മലകളുടെ സ്ലൈഡുകളിൽനിന്ന് നിരങ്ങിയിറങ്ങുന്ന കുറുമ്പത്തരമെത്തുമ്പോഴാവും മിക്കവാറും സമയം കഴിയാറായി എന്ന ചീവീടുകളുടെ സൈറൺ മുഴങ്ങുന്നത്.
പിന്നെ അധികം വൈകിക്കാതെ, രാത്രി തീരും മുൻപ് രാപ്പുള്ളുകൾ അവരേയും കൂട്ടി പത്തായത്തിലേക്കു തിരിച്ചു പറക്കും. ഭീകരൻ ഗബ്ബർ സിങ്ങിന്റെ കണ്ണുവെട്ടിച്ച് അവർ ആ പത്തായത്തിനുള്ളിലെ ഇരുട്ടിലേക്ക് നുഴഞ്ഞു കേറും.
അവിടെ ആ പത്തായത്തിൽ, മിനുമിനെ മിനുങ്ങുന്ന കണ്ണുകളുമായി അവർ പിറ്റേന്ന് ഇരുളും വരെ പതുങ്ങിയിരിക്കും. പുതിയൊരു രാത്രിയിലേക്കു തിരിച്ചിറങ്ങാൻ…
ആ പത്തായത്തിൽ നെല്ലല്ലായിരുന്നു. തിനയല്ലായിരുന്നു. ഗോതമ്പല്ലായിരുന്നു. എള്ളല്ലായിരുന്നു. ചോളമല്ലായിരുന്നു. വരക് അല്ലായിരുന്നു. ബജ്റയല്ലായിരുന്നു.
അവിടെ,
രണ്ടുണ്ടക്കണ്ണുകൾ കണ്ടുതീർത്ത, കേട്ടുതീർത്ത, രുചിച്ചുതീർത്ത, മണത്തുതീർത്ത, തൊട്ടുതീർത്ത, മിണ്ടിത്തീർത്ത, ചിരിച്ചുതീർത്ത, കളിച്ചുതീർത്ത, സ്നേഹിച്ചുതീർത്ത രുചികളായിരുന്നു. അതിനു നടുവിൽ തീർത്താൽ തീരാത്ത കൗതുകവുമായിട്ടവരിരുവരും.
ഒരു നാൾ, ഇരുട്ടു പരന്നപ്പോൾ, പതിവുപോലെ, പാത്തുപതുങ്ങി ആ കണ്ണുകൾ പത്തായവാതിലിൽ വന്നെത്തി നോക്കി. പുറത്തേക്കിറങ്ങാനായി ജനാലവാതിലിൽ പാത്തുപിടിക്കാനും ‘കിശുമിശാ‘ന്ന് പിറുപിറുക്കാനും ഒക്കെത്തുടങ്ങി.
എന്നാൽ അന്ന് പത്തായം പാർക്കുന്ന വീട്ടിൽ ഒരു കുഞ്ഞാപ്പിക്കുഞ്ഞു പെൺകുട്ടി ഉറങ്ങിയിട്ടില്ലായിരുന്നു.
അവൾ രാത്രിയെ നോക്കി ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവൾ പകലിനെ നോക്കിയും ചിരിക്കാറുണ്ട്.
ലോകമെപ്പഴും ചിരിക്കാനായി അവളുടെ മുന്നിൽ എന്തേലുമൊക്കെ വച്ചു നീട്ടിക്കൊണ്ടേയിരിക്കും.

അങ്ങനെ കിടക്കുമ്പോഴാണ് പത്തായത്തിനുള്ളിൽനിന്ന് ആ കിരുമിരാ ശബ്ദങ്ങൾ കേട്ടത്.
ഗബ്ബർസിങ്ങ് എലിപ്പന്തു തട്ടുന്നതാവുമെന്നാണ് അവൾ ആദ്യം കരുതിയത്. അല്ലാന്ന് മനസ്സിലായപ്പോ, പതിയെ എഴുന്നേറ്റ്, ആ പത്തായത്തിനു മുന്നിൽ അവൾ വന്നുനിന്നു.
അതിന്റെ പൊക്കം അവളുടേതിനേക്കാൾ എത്രയോ വലുതായിരുന്നു.
അതിന്റെ ജനലിനിടയിൽ കൂടി അവൾ അകത്തേക്ക് പാളി നോക്കി.
ഒന്നും കാണാൻ കഴിഞ്ഞില്ല. പിന്നെ പതിയെ അതിന്റെ പാളികളിൽ ചെവിവച്ചു നോക്കി. അവൾക്കൊന്നും കേൾക്കാനും കഴിഞ്ഞില്ല. കൗതുകത്തോടെ അവൾ ആ ജനാലയിലേക്കു വലിഞ്ഞു കേറി അകത്തേക്കെത്തി നോക്കി.
ധ്ഡും!
ദേ കിടക്കുന്നു പത്തായത്തിനകത്ത്.
ഇരുട്ട്… ഹെന്തെന്തൊരിരുട്ട്! എന്നാലും കണ്ണു കൂർപ്പിച്ച് ഇരുട്ടിനെ ഗോഷ്ടി കാണിച്ചുകൊണ്ട് അവൾ ഉള്ളിലേക്കുറ്റു നോക്കി.
ഇതൊക്കെക്കണ്ട് ഉണ്ടക്കണ്ണുകൾ ശരിക്കും പേടിച്ചുപോയിരുന്നു. അനങ്ങാൻ പറ്റാതെ, അവർ അതിനു നടുവിൽനിന്ന് അവളെത്തന്നെയുറ്റു നോക്കി.
ശരിക്കും അവളും അവരും മുഖത്തോടു മുഖം നോക്കുകയായിരുന്നു. മെല്ലെ ഇരുട്ടു മാറി വെളിച്ചമായി.
അപ്പോൾ, അവിടെയെന്തായിരുന്നുവെന്നോ?
ആ പത്തായത്തിൽ ഒരു കുഞ്ഞിപ്പെണ്ണും അവളുടെ മുന്നിൽ അവളോളം വലിപ്പമുള്ള ഒരു കണ്ണാടിയും!
അവൾ അതിനെത്തന്നെ സാകൂതം ഉറ്റുനോക്കി.
ആദ്യമായിട്ടാണ് അവൾ തന്നെത്തന്നെ കാണുന്നത്.
ഹായ്! എന്താ രസം!
ഒരു കുഞ്ഞിമൂക്ക്, ചപ്രത്തലമുടി, ചിങ്കിരിക്കവിള്, കുട്ടിഫ്രോക്ക്, വികൃതി നിറഞ്ഞ കൈവിരലുകൾ, ചെളിപിടിച്ചു ചുവന്ന കാലുകൾ, ഒരിമ്മിണി നെറ്റി, കുഞ്ഞൻ ചുണ്ടുകൾ. അവളെല്ലാം സൂക്ഷിച്ചു നോക്കി.
അവൾക്കതെല്ലാം ക്ഷ പിടിച്ചു!
പിന്നെയാണ് ആ കണ്ണാടിയിൽ അവൾ മറ്റൊന്നു കണ്ടത്.
ആ മുഖത്തിനുള്ളിൽ, ആ കിരുമിരാമൂക്കിനു മുകളിൽ ഇമ്മിണി നെറ്റിക്കു താഴെ, ദേ, നിറയെ അത്ഭുതങ്ങൾ നിറച്ച രണ്ടുണ്ടക്കണ്ണുകൾ!
കണ്ണാടിക്കുള്ളിൽനിന്ന് അവർ അവളെ നോക്കിച്ചിരിച്ചു. അവളും ചിരിച്ചു.
ചിരിച്ചുകൊണ്ട് അവൾ ആ രാത്രിയിലേക്ക് ഇറങ്ങി നടന്നു. കൂടെയവരും.
അങ്ങനെയാവും അത്ഭുതങ്ങളുടെ ആ പത്തായം നിറഞ്ഞു കവിഞ്ഞത്!