2009 ലെ ക്രിസ്തുമസ് നാളിലാണ് “3 ഇഡിയറ്റ്സ്” എന്ന സിനിമ ഇന്ത്യയിൽ റിലീസായത്. ഒരസ്സൽ കോമഡി സിനിമയാണെന്നും ഒരു കാരണവശാലും അത് കാണാതെയിരിക്കരുതെന്നും സുഹൃത്തുക്കൾ ആവർത്തിച്ച് പറഞ്ഞപ്പോൾ രൺദീപ് സിങ് ആ സിനിമ പോയി കാണുക തന്നെ ചെയ്തു.
പഞ്ചാബിലുള്ള ജലന്ധറിലെ ഒരു ബിസിനസ്സുകാരനായ രൺദീപ് ഒരു ഫൊട്ടോഗ്രാഫർ കൂടിയാണ്. പ്രകൃതിദൃശ്യങ്ങൾ പകർത്തുന്നതിൽ നല്ല മികവ് പുലർത്തിയിരുന്ന അയാൾ പഞ്ചാബിലെ ഫൊട്ടോഗ്രാഫി കൂട്ടായ്മകളിൽ അറിയപ്പെടുന്ന ഒരാളായിരുന്നു.
“സിനിമയിലെ മാധവന്റെ കഥാപാത്രം എന്നെ ഏറെ സ്വാധീനിച്ചു. എല്ലാവരും എൻജിനിയർ ആകാൻ നിർബന്ധിക്കുമ്പോഴും ഹൃദയത്തിന്റെ അഗാധതയിൽ വന്യതയെയും അതിലെ ജീവജാലങ്ങളെയും അരുമയോടെ വളർത്തിയിരുന്ന ആ ഫൊട്ടോഗ്രാഫറെ എനിയ്ക്കത്രയ്ക്ക് ഇഷ്ടമായി. സിനിമ കണ്ടിറങ്ങുമ്പോൾ ഞാനും ഒരു തീരുമാനത്തിലെത്തിയിരുന്നു . എന്റെ ഫൊട്ടോഗ്രാഫിയിലൂടെ വന്യമൃഗങ്ങളെ പകർത്തുവാനും വരുംതലമുറയ്ക്ക് വേണ്ടി അവയെ ഡോക്യുമെന്റ് ചെയ്യുവാനും ഞാൻ തീരുമാനിച്ചു.”
ഭർത്താവിന്റെ ഫൊട്ടോഗ്രാഫിയിലുള്ള ഭ്രമം നന്നായി മനസ്സിലാക്കിയിരുന്നു സുപ്രീതി കൗറിന് അയാളുടെ തീരുമാനത്തിൽ ആശ്ചര്യം തോന്നിയില്ല. മാത്രമല്ല, പിന്നീട് കുടുംബമായി യാത്രകൾ പോകുമ്പോൾ രൺദീപിന് ഫൊട്ടോഗ്രാഫിയിൽ മുഴുകാൻ പാകത്തിലുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിൽ സുപ്രീതി ആനന്ദം കണ്ടെത്തി. ഇങ്ങനെയുള്ള ഒരു കുടുംബത്തിലെ ഒരു കുട്ടിക്ക് ഈ വഴികളിലൂടെ സഞ്ചരിക്കാതിരിക്കാൻ ഏറെ കഷ്ടപ്പെടേണ്ടി വരും . “3 ഇഡിയറ്റ്സ്” കാണുന്ന സമയത്ത് രൺദീപിനും സുപ്രീതിയ്ക്കും രണ്ട് മക്കളുണ്ടായിരുന്നു . ഒരു പെണ്ണും ഒരാണും .
ഇളയവനായ അർഷ്‌ദീപ് ആദ്യമായി പിതാവിനോടൊപ്പം ഒരു കാനനയാത്ര നടത്തുമ്പോൾ അവന് മൂന്നുവയസ്സ് തികഞ്ഞിട്ടേയുണ്ടായിരുന്നുള്ളു. ഇളംപ്രായത്തിൽത്തന്നെ ആനയെയും കടുവയെയും കരടിയെയും വന്യതയിൽ കണ്ട് വളർന്ന കുട്ടി തനിക്കും അവയുടെ ഫൊട്ടോ എടുക്കണമെന്ന് വാശിപിടിച്ചു. രൺദീപിന്റെ വാക്കുകളിലൂടെ നമുക്ക് അർഷ്‌ദീപെന്ന ബാലൻ വന്യമൃഗ ഫൊട്ടോഗ്രാഫിയിലേയ്ക്ക് തിരിയുന്നതിന്റെയും അതിൽ അത്യപൂർവ്വ മികവ് സ്വരൂപിക്കുന്നതിന്റെയും കഥ വായിച്ചെടുക്കാം.
“മൂന്ന് വയസ്സുതൊട്ടേ അവനെയും ഞാൻ വനാന്തരങ്ങളിലേയ്ക്ക് കൂടെ കൊണ്ടുപോകുമായിരുന്നു. മൃഗങ്ങളെ ഏറെ കൗതുകത്തോടെ യായിരുന്നു അവൻ വീക്ഷിച്ചിരുന്നത്. അവ പേടിക്കേണ്ട ജീവജാലങ്ങളാ ണെന്ന് നാം കുട്ടികളോട് ഒരിക്കലും പറയരുത്. ഇതേ ലോകത്തുള്ള ജീവികളാണെന്നും നമ്മെപ്പോലെ അവർക്കും ഈ ഭൂമിയിൽ അവകാശമു ണ്ടെന്നും ഞാൻ അവന് പറഞ്ഞുകൊടുത്തു. അധികം താമസിക്കാതെ അർഷ്‌ദീപ് എന്റെ ക്യാമറയ്ക്കായി വാശിപിടിച്ച് തുടങ്ങി. ഇതിനിടെ അവൻ കൂടുതലായി പക്ഷികളിൽ ശ്രദ്ധവെയ്ക്കുന്നത് ഞാൻ കണ്ടു. ഡിസംബർ 2012ന് ഞാൻ അവന് ഒരു നിക്കോൺ D7000 ക്യാമറയും രണ്ട് ലെൻസുകളും സമ്മാനിച്ചു. വളരെ ബേസിക്കായ രണ്ട് ലെൻസുകളാ യിരുന്നു അവ. ഒരു 18 – 55 mm വൈഡ് സൂമും ഒരു 55 – 300 mm ടെലി സൂമും. ഈ ക്യാമറയും ലെൻസും കൊണ്ട് അവനെടുത്ത ചിത്രങ്ങളാണ് ലോൺലി പ്ലാനെറ്റിന്റെ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ജർമ്മനിയി ലെയും പതിപ്പുകളിലും ബിബിസി വൈൽഡ് ലൈഫിന്റെ യു കെ പതിപ്പിലും പ്രകാശിതങ്ങളായത്. ഏറ്റവും വിലയേറിയ ക്യാമറയും ലെൻസുകളും ഉണ്ടെങ്കിലേ ഫൊട്ടോകൾ നന്നാവൂ എന്ന സങ്കൽപ്പത്തിന്റെ മൗഢ്യം എന്നെ ഇവനാണ് ഏറ്റവും നന്നായി ബോധ്യപ്പെടുത്തിയത്. ആ ക്യാമറ ഞാൻ അവന്റെ കയ്യിൽ വച്ച് കൊടുത്തപ്പോൾ അതും പിടിച്ചുള്ള അവന്റെ ആ നൃത്തം ഇപ്പോഴും മനസ്സിലുണ്ട്.”
പിതാവിന്റെയൊപ്പം അർഷ്‌ദീപും മൃഗങ്ങളെയും പക്ഷികളെയും പകർത്തുവാൻ തുടങ്ങി.
“മൃഗങ്ങളുടെ പെരുമാറ്റരീതികൾ കണ്ടുപഠിക്കുവാൻ ഞാൻ ഉപദേശിച്ചത് അവൻ ഏറെ ഗൗരവത്തോടെയാണ് സ്വീകരിച്ചത്. അത് കൊണ്ട് തന്നെ പലപ്പോഴും അവന് മൃഗങ്ങളുടെ പെരുമാറ്റ രീതികളുൾപ്പെട്ടിട്ടുള്ള ഫ്രെയിമുകൾ കിട്ടാറുണ്ട്.”
അർഷ്‌ദീപിന് പക്ഷികളോടുള്ള മമത വർദ്ധിക്കുകയായിരുന്നു. രൺബീറിന് അതേക്കുറിച്ചും ഏറെ പറയാനുണ്ട്.
അർഷ്‌ദീപ് എടുത്ത ചിത്രങ്ങള്‍
“പക്ഷികളെക്കുറിച്ച് പഠിക്കാനും അവയെ ഫൊട്ടോയെടുക്കാനും അത്യപാരമായ ക്ഷമ ആവശ്യമാണ്. അവയ്ക്കും അവയുടെ കൂടുകൾക്കും കുഞ്ഞുങ്ങൾക്കും ഒരു വിധത്തിലുമുള്ള ദ്രോഹം ചെയ്യാതെ വേണം ഇതൊക്കെ ചെയ്യുവാനും. വന്യജീവി ഫൊട്ടോഗ്രാഫിയിൽ മുഴുകുന്നവർ തീർച്ചയായും അതിന്റെ ധർമ്മശാസ്ത്രത്തെക്കുറിച്ച് ബോധവാന്മാർ ആകേണ്ടതായിട്ടുണ്ട്. അർഷ്‌ദീപിന് ആദ്യം മുതൽക്ക് തന്നെ ഞാനിത് പറഞ്ഞുകൊടുത്തിരുന്നു. അതുകൊണ്ടു തന്നെയാകണം ആരംഭത്തിലേ അവന് ക്ഷമാശീലം വളർത്തിയെടുക്കാൻ ആയതും.”
ഏതൊരു വന്യജീവിഫൊട്ടോഗ്രാഫറുടെയും തീവ്രമായ അഭിലാഷമാണ് “ബ്രിട്ടീഷ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ” എല്ലാ വർഷവും നടത്തിവരാറുള്ള ഫൊട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാനും അതിലെ “ഫൊട്ടോഗ്രാഫർ ഓഫ് ദി ഇയർ ” എന്ന അവാർഡ് കരസ്ഥമാക്കുവാനും. അച്ഛന്റെയടുക്കൽ നിന്നും ഇതിനെക്കുറിച്ചൊക്കെ മനസ്സിലാക്കിയ അർഷ്‌ദീപ് ഒരിക്കൽ ഈ മത്സരത്തിന് തന്റെ ഫൊട്ടോ സമർപ്പിച്ചുവെങ്കിലും അത് തിരഞ്ഞെടുക്കപ്പെടുകയുണ്ടായില്ല.
“ഫൊട്ടോ തിരഞ്ഞെടുക്കപ്പെടുകയുണ്ടായില്ല എന്ന വസ്തുത അവനെ നിരാശയിലാഴ്ത്തി. അവാർഡുകൾ അവയുടെ വഴിക്ക് പോകട്ടെ. ഫൊട്ടോ എടുക്കുമ്പോൾ ലഭിക്കുന്ന സന്തോഷമല്ലേ അതിലും വലുതെന്ന് ഞാൻ ചോദിച്ചപ്പോൾ തലയുമാട്ടി വീണ്ടും അവൻ ക്യാമറയുമായി ഇറങ്ങിയതാണ്. ദാ. ഇപ്പോൾ അതേ അവാർഡും കയ്യിൽ പിടിച്ചാണ് ലണ്ടനിലെ ആ സമ്മാനവേദിയിൽ അവൻ ലോകം കാൺകെ നിന്നത്.”
2018 ശരിക്കും അർഷ്‌ദീപിന്റെ വർഷമായി മാറുകയായിരുന്നു. ഈ കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു അവന് തന്റെ ആദ്യത്തെ ലോകനിലവാരമുള്ള അവാർഡ് ലഭിക്കുന്നത്. “നേച്ചഴ്സ് ബെസ്റ്റ് ഫൊട്ടോഗ്രാഫി ഏഷ്യ ” എന്ന മത്സരത്തിലെ “ജൂനിയർ ഫൊട്ടോഗ്രാഫർ ഓഫ് ദി ഇയർ 2018” എന്ന പദവി തന്നെ തേടിയെത്തിയതിന്റെ പുറകിലുള്ള കഥ അർഷ്‌ദീപ് തന്നെ പറയുന്നത് കേൾക്കാൻ കൗതുകകരമാണ്.
“അച്ഛനോടൊപ്പം കപൂർത്തലയ്ക്കടുത്തുള്ള ഒരു ചതുപ്പ് പ്രദേശത്തേയ്ക്ക് പോകുകയായിരുന്നു. കാറിലായിരുന്നു ഞങ്ങളുടെ യാത്ര.പെട്ടെന്ന് പാതയുടെയരികിലുള്ള ഒരു പൈപ്പിനുള്ളിൽ ഒരു മൂങ്ങയുടെ കുഞ്ഞിരിക്കുന്നത് എന്റെ കണ്ണിൽപ്പെട്ടു . അച്ഛനോട് ഞാൻ വണ്ടി നിർത്താൻ പറഞ്ഞു. ക്യാമറയെടുത്ത് ഫൊട്ടോയെടുക്കാൻ തുടങ്ങുമ്പോഴേയ്ക്കും ഒരു മൂങ്ങയുടെ കുഞ്ഞും കൂടി പൈപ്പിന്റെ വെളിയിലേയ്ക്ക് എത്തിനോക്കി. ക്ലിക്ക് . അവ രണ്ടും എന്നെ കൗതുകത്തോടെ വീക്ഷിക്കുന്ന ഷോട്ട് ഞാൻ ക്യാമറയിലാക്കി.”
ലോകമാസകലമുള്ള ആളുകൾക്ക് ഇപ്പോൾ സുപരിചിതമായ “പൈപ്പ് ഔൾസ്” എന്ന ഫൊട്ടോ പിറന്നത് ഒരു സാധാരണ ഗ്രാമപാതയുടെ ഓരത്ത് അലക്ഷ്യമായി ഇട്ടിരുന്ന ഒരു പൈപ്പിനുള്ളിലെ ആവാസവ്യവസ്ഥ പത്ത് വയസ്സുള്ള ഒരു കുട്ടിയുടെ സൂക്ഷ്മനിരീക്ഷണത്തിന് പാത്രമായത് കൊണ്ടാണ് എന്ന കാതലായ വസ്തുത ഒരിക്കലും മറന്നുകൂടാത്ത ഒന്നാണ്. ഈ ഫൊട്ടോ നമുക്ക് ഏറെ പാഠങ്ങൾ നൽകുന്നുമുണ്ട്. ഘോരമായ കാനനങ്ങളിൽ മാത്രമല്ല വന്യജീവികൾ വസിക്കുന്നത്. നമ്മുടെ ചുറ്റിലും അവ ധാരാളമായി ഉണ്ട്. അവയെ കാണാനും പഠിക്കുവാനുമുള്ള ക്ഷമയും നിരീക്ഷണപാടവവും പലപ്പോഴും നമുക്കാണില്ലാതെ പോകുന്നത്. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലേയ്ക്ക് മനുഷ്യൻ കടന്ന് കയറി അവ നശിപ്പിക്കുമ്പോൾ പലപ്പോഴും അവയ്ക്ക് ഇങ്ങനെയുള്ള മനുഷ്യ നിർമ്മിതമായ വസ്തുക്കളിൽ കുടിയേറേണ്ടി വരാറുണ്ട്.
അർഷ്‌ദീപ് എടുത്ത ചിത്രങ്ങള്‍
ഏഷ്യൻ ജൂനിയർ ഫൊട്ടോഗ്രാഫി മത്സരത്തിന് ഫൊട്ടോകൾ സമർപ്പിക്കേണ്ട അവസാന തിയതിയ്ക്ക് നാല് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അർഷ്‌ദീപ് ഈ ഫൊട്ടോ എടുക്കുന്നത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം ഫൊട്ടോ മത്സരത്തിന് അയച്ചുകൊടുത്തു.
“ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. പിന്നെ സന്തോഷം ഇരച്ച് പൊങ്ങി. അച്ഛനായിരുന്നു ഏറെ സന്തോഷം. എനിക്ക് അവാർഡ് കിട്ടിയതിനെക്കാളും, അങ്ങനെയുള്ള ഒരപൂർവ്വമായ കാഴ്ച ഞാൻ കണ്ടെത്തിയതിലും നല്ല രീതിയിൽ അത് ക്യാമറയിൽ പകർത്തിയതിലുമായിരുന്നു അച്ഛൻ എന്നെ അഭിനന്ദിച്ചത്. ഇങ്ങനെയുള്ള ഫൊട്ടോകൾ എടുക്കാനായാൽ അവാർഡുകളൊക്കെ താനെ വന്നു കൊള്ളും എന്നാണ് അച്ഛൻ എന്നോട് പറഞ്ഞത്.”
ആ ഫൊട്ടോ കാണാനിടയായ പല പ്രശസ്തരായ വന്യജീവി ഫോട്ടോഗ്രാഫർമാരും അഭിനന്ദനങ്ങൾ ചൊരിഞ്ഞപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ മത്സരത്തിനും അത് തന്നെ അയയ്ക്കാൻ അർഷ്ദീപ് തീരുമാനിച്ചു. 95 രാജ്യങ്ങളിൽ നിന്നായി 50000ത്തോളം ഫൊട്ടോകളായിരുന്നു മത്സരത്തിനെത്തിയിരുന്നത്. പത്ത് വയസ്സ് വരെയുള്ളവർക്കുള്ള വിഭാഗത്തിലായിരുന്നു അർഷ്‌ദീപ് മത്സരിച്ചിരുന്നത്.
ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോൾ കപൂർത്തലയിലെ ആ കുഞ്ഞുമൂങ്ങകൾ വീണ്ടും ലോകത്തെ കീഴടക്കുന്ന വാർത്തയാണ് നമ്മളെ തേടിയെത്തിയത്. അർഷ്‌ദീപ് സിങ് ലോകത്തെ “ജൂനിയർ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ – 2018” ആയി തിരഞ്ഞെടുക്കപ്പെട്ടു.
അർഷ്‌ദീപിനോട് അഭിമുഖത്തിന് സമയം ചോദിച്ചപ്പോൾ താൻ ഒരു പഞ്ചാബി മാസികയുടെ പത്രാധിപരുടെ കൂടെ ഒരു അഭിമുഖത്തിലാണെന്നും അത് തന്റെ അന്നത്തെ ആറാമത്തെ അഭിമുഖമാണെന്നുമാണ് അവൻ പറഞ്ഞത്. വളരെ ക്ഷമയോടെ കാര്യങ്ങൾ സംസാരിക്കുന്ന ആ കുട്ടിയ്ക്ക് അതെവിടെനിന്നാണ് കിട്ടിയതെന്ന് അടുത്ത ദിവസം അവനുമായി സംസാരിക്കുമ്പോൾ മനസ്സിലായി.
“എന്തെങ്കിലും കാരണം കൊണ്ട് ഒരു ഫ്രെയിം കിട്ടാതെ പോയാൽ ക്ഷമ നശിച്ചു ദേഷ്യം നമ്മളെ കീഴടക്കാൻ അനുവദിക്കരുതെന്ന് അച്ഛൻ എപ്പോഴും ഓർമ്മപ്പെടുത്തും. അതെ പോലെ, കണ്ണുകളിൽ ഫോക്കസ് ചെയ്ത് വേണം പരമാവധി ക്ലിക്ക് ചെയ്യാനെന്നും അദ്ദേഹം പറഞ്ഞുതന്നു. ദിവസം മുഴുവൻ ഒരു പടവും കിട്ടിയില്ലെങ്കിലും നിരാശപ്പെടാതെ ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനുള്ള കഴിവ് നാം ആർജ്ജിക്കണം . തിരികെ വരുന്ന വഴിയിൽ, പടരുന്ന ഇരുളിലാവും ഒരു പക്ഷെ നമ്മളെയും കാത്ത് ഒരു അപൂർവ്വ ദൃശ്യം നിൽപ്പുണ്ടാവുക. മനസ്സും കണ്ണും അപ്പോഴും ഉണർന്നിരിക്കണം.”
കൺമുന്പിലുള്ള അവന്റെ വളർച്ചയെക്കുറിച്ച് രൺദീപ് സിങ്ങിന് ഏറെ പറയാനുണ്ട്.
“പറയുന്ന കാര്യങ്ങൾ കേൾക്കാനും ഗ്രഹിക്കാനും അവയുപയോഗിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും അവൻ എപ്പോഴും ശ്രമിക്കും. കെനിയയിൽ ഒരിക്കൽ ഒരു ഷൂട്ടിനിടയിൽ ഇത് എനിക്ക് ശരിക്കും ബോധ്യപ്പെട്ടു. ഇരയെ ആക്രമിക്കുന്ന സിംഹത്തെ ഫൊട്ടോയെടുക്കു മ്പോൾ നാം ആ സിംഹത്തെ പോലെ ആലോചിക്കേണ്ടിവരും. ഇരയുടെ മേൽ ചാടുന്ന ആ നാനോ സെക്കൻഡിൽ വേണം നാം ക്ലിക്ക് ചെയ്യേണ്ടത്. എന്റെ ടൈമിങ് അന്ന് തെറ്റിയപ്പോൾ അർഷ് ദീപ് വിദഗ്ദ്ധമായി അത് മുൻകൂട്ടിക്കണ്ട് ഫ്രെയിമിലാക്കി.”
മത്സരഫലം അറിഞ്ഞ ദിവസം രാത്രിയിൽ തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്ന് സുപ്രീതി കൗർ പറഞ്ഞു. ഏഷ്യയിലെ അവാർഡ് കിട്ടിയിരുന്നെങ്കിലും ഈ ലോകോത്തര അവാർഡും ഇവനെത്തേടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഏതായാലും അവൻ തിരഞ്ഞെടുക്കുന്ന വഴിയിലൂടെ അവനെ സഞ്ചരിക്കാൻ അനുവദിക്കുക തന്നെ ചെയ്യണമെന്ന് താൻ ഉറപ്പിച്ചിട്ടുള്ളതായി അവർ പറഞ്ഞു.
ഫൊട്ടോഗ്രഫിയിലേയ്ക്കുളള വഴിയും വരവും പത്തുവയസ്സുകാരൻ സംസാരിക്കുന്നു.
അർഷ്‌ദീപും അർഷ്‌ദീപ് എടുത്ത ചിത്രങ്ങളും
ഹരിഹരൻ: ക്യാമറയിലേയ്ക്ക് ആകൃഷ്ടനാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്?
അർഷ്‌ദീപ്: ഓർമ്മ വയ്ക്കുമ്പോൾ തന്നെ ക്യാമറയുമായുള്ള അച്ഛനെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ മൂന്നുവയസ്സാകുമ്പോഴേയ്ക്കും ക്യാമറ കയ്യിൽ പിടിക്കാനായി. എനിക്ക് അഞ്ച് വയസ്സായപ്പോൾ അച്ഛൻ സ്വന്തമായി ക്യാമറ വാങ്ങിത്തന്നു. പിന്നെ ഇന്നുവരെയും ഫൊട്ടോഗ്രാഫി യാണ് ജീവിതത്തിലെ പ്രധാനപ്പെട്ട വിഷയം. എട്ട് വയസ്സുള്ളപ്പോഴാണ് ഞാനെടുത്ത കാട്ടിനുള്ളിൽ നിന്നും ഉയർന്നു നിൽക്കുന്ന മാൻ കൊമ്പുകളുടെ ഫൊട്ടോ ലോൺലി പ്ലാനറ്റ് ഇന്ത്യ പ്രസിദ്ധീകരിക്കുന്നത്. അത് പിന്നീട് ലോൺലി പ്ലാനറ്റ് യു കെ യിലും ലോൺലി പ്ലാനറ്റ് ജർമ്മനിയിലും പ്രകാശിതമായി. ഇത് എനിക്ക് വലിയ പ്രോത്സാഹനമാണ് നൽകിയത്.
വന്യജീവി ഫൊട്ടോഗ്രാഫിയിലേയ്ക്ക് ആകൃഷ്ടനായത് ഒരു പക്ഷെ അച്ഛൻ അതിൽ പുലർത്തിയിരുന്ന മികവ് കണ്ടിട്ടാകാം. അതിൽനിന്നും മാറിയ ഒരു വഴി ചിന്തിച്ചിട്ടുണ്ടോ?
കുഞ്ഞായിരിക്കുമ്പോൾ തന്നെ കാട്ടിൽ കൊണ്ടുപോയതിനാലാകാം എന്റെയുള്ളിൽ വന്യതയുടെ ഭംഗി അങ്ങ് കയറിക്കൂടിയത്. സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും കാണുന്നത് തന്നെ എത്ര സന്തോഷപ്രദമാണ്. എന്റെ ക്ലാസ്സിലെ മറ്റു കുട്ടികളെല്ലാം ഈ മൃഗങ്ങളെ മൃഗശാലയിലെ കൂട്ടിനുള്ളിലാണ് കണ്ടിട്ടുള്ളത്. വന്യജീവികളല്ലാതെ ഞാൻ കുറച്ച് പ്രകൃതി ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്.
അച്ഛന്റെ കൂടെയായിരുന്നു തുടക്കം എന്ന് പറഞ്ഞല്ലോ. വേറെയാരെങ്കിലും അർഷ് ദീപിന് ഫൊട്ടോഗ്രാഫിയിലെ കാര്യങ്ങൾ പറഞ്ഞുതന്നിട്ടുണ്ടോ ?
ഇല്ല. ഫൊട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ അച്ഛനാണ് പറഞ്ഞുതന്നത്. കാട്ടിലും വന്യജീവി ഫൊട്ടോഗ്രാഫിയിലും പാലിക്കപ്പെടേണ്ട മര്യാദകൾ , ജീവജാലങ്ങൾക്ക് നാം കൊടുക്കേണ്ട പ്രത്യേക പരിഗണന. ഇതിനെക്കുറിച്ചെല്ലാം അദ്ദേഹം എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഒരു ജീവനേക്കാൾ വലുതല്ല ഒരു ഫൊട്ടോയും എന്ന് അച്ഛൻ എന്നെ എപ്പോഴും ഓർമ്മപ്പെടുത്തും.
പ്രകൃതി / വന്യജീവി ഫൊട്ടോഗ്രാഫി ഇന്നത്തെ കാലഘട്ടത്തിൽ നമുക്ക് നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പരിസ്ഥിതിയെക്കുറിച്ച് ശക്തമായ ഒരു അവബോധം സൃഷ്ടിക്കുന്നുണ്ട്. അങ്ങനെയൊരു ബോധവൽക്കരണം ഫൊട്ടോ എടുക്കുമ്പോൾ ഉദ്ദേശിച്ചിട്ടുണ്ടോ?
പ്രകൃതി, അതിലെ ജീവജാലങ്ങൾ, മനുഷ്യൻ. ഇവയുടെ സന്തുലിതാവസ്ഥ കൂടാതെ ഭൂമിക്ക് ഇനിയും അധികകാലം ആയുസ്സില്ല. അച്ഛൻ ഇതിനെക്കുറിച്ച് ഏറെ പറഞ്ഞുതന്നിട്ടുണ്ട്. കുറെ വിവരങ്ങൾ ടീച്ചർമാരും മറ്റ് ചിലത് നെറ്റിൽനിന്നും ഞാൻ അറിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ ഫൊട്ടോഗ്രാഫിയിലെ ടെക്ക്നിക്കുകൾ പഠിക്കുന്ന ശ്രമത്തിലാണ്. ഒന്ന് കൂടി തെളിഞ്ഞുകഴിയുമ്പോൾ തീർച്ചയായും താങ്കൾ ഉദ്ദേശിച്ച രീതിയിലൊക്കെ പ്രവർത്തിക്കാൻ സാധ്യതയുണ്ട്.
ഇതുവരെ ലഭിച്ചിട്ടുള്ള അവാർഡുകളെയും സമ്മാനങ്ങളെയും കുറിച്ച് പറയാമോ?
ഞാൻ മത്സരങ്ങളിലൊക്കെ പങ്കെടുത്തുതുടങ്ങിയിട്ടേയുള്ളൂ. പ്രധാനമായും ഈ രണ്ട് അവാർഡുകളാണ് ലഭിച്ചിട്ടുള്ളത്. ഏഷ്യൻ ജൂനിയർ ഫൊട്ടോഗ്രാഫർ ഓഫ് ദി ഇയർ 2018 ( പതിനെട്ട് വയസ്സ് വരെയുള്ളവർക്ക് ) ബി.എൻ.എച്ച്.എം. വേൾഡ് ജൂനിയർ ഫൊട്ടോഗ്രാഫർ ഓഫ് ദി ഇയർ 2018 ( പത്ത് വയസ്സ് വരെയുള്ളവർക്ക്)
ഷൂട്ടുകൾക്കിടയിലുണ്ടായിട്ടുള്ള അവിസ്മരണീയമായ അനുഭവങ്ങളെ ന്തെങ്കിലും വായനക്കാരുമായി പങ്ക് വയ്ക്കാമോ?
പൈപ്പിനുള്ളിലെ മൂങ്ങാക്കുഞ്ഞുങ്ങളെ ഫൊട്ടോയെടുക്കാനായത് അവിസ്മരണീയമായ അനുഭവമാണ്. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നാണ് ആ പൈപ്പിനുള്ളിലേയ്ക്ക് ആ മൂങ്ങയുടെ കുട്ടി കയറിപ്പോകുന്നത് ഞാൻ കണ്ടത്. ഫൊട്ടോ എടുക്കുക എന്നതിനേക്കാൾ അതിനുള്ളിൽ അതെന്തിന് പോയി എന്ന കൗതുകം ആയിരുന്നു എനിക്കപ്പോൾ. ഞാൻ അച്ഛനോട് വണ്ടി നിർത്താൻ പറഞ്ഞു. കാര്യം ആരാഞ്ഞ അച്ഛൻ നീ ശരിക്കും അത് കണ്ടതാണോ എന്ന് ചോദിച്ചുകൊണ്ട് വണ്ടി നിർത്തി. അരമണിക്കൂറോളം കാത്തുനിന്നിട്ടാണ് അകത്തേയ്ക്കുപോയ മൂങ്ങകുഞ്ഞ് തല പുറത്തേയ്ക്കിട്ടത്. ഒരൽപം കഴിഞ്ഞപ്പോൾ രണ്ടാമതൊരു തലയും പ്രത്യക്ഷപ്പെട്ടു. അപ്പോഴാണ് ഞാൻ ആ ഫൊട്ടോ എടുത്തത്. ആനയും കടുവയും പോലെയുള്ള മൃഗങ്ങളെ മാത്രം അവ ധാരാളമുള്ള കാടുകളിൽ പോയി ഫൊട്ടോയെടുക്കുന്നത് മാത്രമല്ല വന്യജീവി ഫൊട്ടോഗ്രാഫിയെന്ന് അച്ഛൻ ഇടയ്ക്കിടെ പറയും. അതെത്ര ശരിയാണെന്ന് മൂങ്ങകളുടെ ഈ ചിത്രം എനിക്ക് തെളിയിച്ച് തന്നു.
പിന്നെയൊരിക്കൽ കെനിയയിൽ അച്ഛനോടൊപ്പം പോയപ്പോൾ ഒരു കൂട്ടം സിംഹങ്ങൾ മാനുകളെ വേട്ടയാടുന്നത് കാണാൻ കഴിഞ്ഞു. കൂട്ടത്തിലെ ഏത് സിംഹമാണ് ആദ്യം മാനിനെ പിടികൂടുക എന്ന് തീർത്ത് പറയാനാകില്ല. അത് പോലെ എപ്പോഴാണ് കൃത്യമായി അത് ചാടുകയെന്നതും അനുമാനങ്ങൾക്ക് അപ്പുറത്താവും പലപ്പോഴും. ഞങ്ങൾ രണ്ടുപേരും ആ വേട്ട ഷൂട്ട് ചെയ്‌തെങ്കിലും അച്ഛന് ടൈമിങ് തെറ്റി. പക്ഷെ എനിക്ക് ഫോട്ടോ കൃത്യതയോടെ കിട്ടി. അച്ഛനെ ഏറെ സന്തോഷപ്പെടുത്തിയ ഒരു നിമിഷവും കൂടിയായിരുന്നു അത്.
അർഷ്‌ദീപിന് ഏറെ ഇഷ്ടമുള്ള വന്യജീവി ഫൊട്ടോഗ്രാഫർ മാർ ആരെല്ലാമാണ്?
എന്നെ ഏറെ ആകര്ഷിച്ചിട്ടുള്ള ഫൊട്ടോസ് എടുത്തിട്ടുള്ളവരാണ് ടിം ലമാനും ഡേവിഡ് യാരോവും. ലണ്ടനിൽ ലോക ജൂനിയർ ഫൊട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് വാങ്ങാൻ പോയ അവസരത്തിൽ ഠിം ലമാനെ പരിചയപ്പെടാനായതും കൂടെ നിന്ന് ഫൊട്ടോയെടുക്കാനായതും എനിക്ക് ഒരിക്കലും മറക്കാനാകില്ല.
ഇളം പ്രായത്തിൽത്തന്നെ വന്യജീവി ഫൊട്ടോഗ്രഫി യിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്ന കുഞ്ഞുഫൊട്ടോഗ്രാഫർ മാരോട് എന്തെങ്കിലും പറയാനുണ്ടോ?
ഫൊട്ടോഗ്രാഫിയിലേയ്ക്ക് ഞാൻ ആകൃഷ്ടനായി വന്നതാണ്. ചെറുപ്പം മുതൽ അച്ഛൻ അതിൽ മുഴുകിയിരിക്കുന്ന കാഴ്ച തീർച്ചയായും എനിക്ക് പ്രചോദനം നൽകിയിട്ടുണ്ട്. പക്ഷെ എനിക്കും താൽപ്പര്യമുണ്ടായിരുന്നു എന്നത് പ്രധാനമാണ്. മറ്റൊരാൾ വിജയിച്ചു എന്ന് കരുതി വന്നുചേരേണ്ട ഒരു മേഖലയെ അല്ല ഇത്. അവരവരുടെ ഹൃദയം പറയുന്നത് ചെയ്‌താൽ വിജയം സുനിശ്ചിതമാണ്. ഏത് മേഖലയിലായാലും.
സ്കൂളിലെ സുഹൃത്തുക്കളും ടീച്ചർമാരും അർഷ്‌ദീപിന്റെ ഈ വിജയത്തെ എങ്ങനെയാണ് സമീപിച്ചത് ? പഠനമൊക്കെ എങ്ങനെ നടക്കുന്നു? അർഷ്‌ദീപിന്റെ മറ്റ് താൽപ്പര്യങ്ങൾ എന്തൊക്കെയാണ്?
ഏഷ്യൻ ജൂനിയർ ഫൊട്ടോഗ്രാഫർ അവാർഡ് ലഭിച്ചപ്പോൾ തന്നെ അവരൊക്കെ ഏറെ സന്തോഷിച്ചിരുന്നു. കൂട്ടുകാരോടൊക്കെ അതേപോലെത്തന്നെയാണ് ഞാനിപ്പോഴും ഇടപഴകുന്നത്. അവരും അങ്ങനെ തന്നെ. ഇപ്പോൾ ലോക ജൂനിയർ അവാർഡും കൂടി കിട്ടിയപ്പോൾ സ്കൂളിൽ ഉത്സവമാണ്. എല്ലാവരും അനുമോദനങ്ങൾ കൊണ്ടെന്നെ പൊതിഞ്ഞു.വാരാന്ത്യങ്ങളിലും ഒഴിവുദിവസങ്ങളിലുമാണ് ഞാൻ സാധാരണയായി അച്ഛന്റെ കൂടെ ഫൊട്ടോകളെടുക്കാൻ പോകുന്നത്. സ്കൂളിൽ പോകാതെ ഇരിക്കാറേയില്ല. അതുകൊണ്ട് തന്നെ അധ്യാപകർക്ക് നല്ല മതിപ്പാണ്. നാറ്റ് ജിയോയും അനിമൽ പ്ലാനറ്റും വിടാതെ കാണാറുണ്ട്. കൂടാതെ ബാഡ്മിന്റണും ടെന്നിസും കളിക്കാറുണ്ട്. ശാസ്ത്രവിഷയങ്ങളോടാണ് കൂടുതൽ പ്രതിപത്തി.
കപൂർത്തലയിൽ നിന്നും മൂങ്ങകൾ ലണ്ടനിലെത്തി വെന്നിക്കൊടി പാറിച്ച ശേഷം ഇനിയും ലോകമാസകലം പറക്കാൻ ഒരുങ്ങുകയാണ്. സമ്മാനാർഹമായ ചിത്രങ്ങളുൾപ്പെടെ മത്സരത്തിന് സമർപ്പിക്കപ്പെട്ട ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച ഫോട്ടോഗ്രാഫുകളുടെ പ്രദർശനം അടുത്ത ഒരു വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലാണ് പ്രദര്ശിപ്പിക്കപെടുക. അവയിൽ പലതിലും അർഷ്‌ദീപ് സിങ് എന്ന പത്ത് വയസ്സുകാരനായ നമ്മുടെ രാജ്യത്തിലെ ഈ കുട്ടിയും പങ്കെടുക്കും.