പടിഞ്ഞാറേ പറമ്പിലാണ് പോതി കുടികൊള്ളുന്ന പള്ളിയറ. ചെറിയക്കുട്ടിയുടെ തറവാട് തന്നെയായിരുന്നു അത്. പഴയ തറവാടിന്റെ പടിഞ്ഞാറ്റകം മാത്രമാണ് ഇപ്പോൾ അവിടെ ബാക്കിയുള്ളത്. ചുറ്റും കാടുകയറി നിറഞ്ഞ കാവായി മാറിയിട്ടുണ്ട്. മുൻപിലായി വലിയൊരു ആഞ്ഞിലിമരവും രണ്ട് ആൽമരങ്ങളും വടക്കുംപുറത്തൊരു മഞ്ചാടിമരവും ഉണ്ട്. അവിടുത്തെ മഞ്ചാടിമണികൾ ആരും പെറുക്കാറില്ല. ചെറിയക്കുട്ടി പെറുക്കിയെടുക്കാൻ തുനിഞ്ഞപ്പോ അപ്പാപ്പൻ വെളിച്ചപ്പാട് തടഞ്ഞു.
അപ്പാപ്പൻ വെളിച്ചപ്പാടിന് നിയോഗം വന്നത് ഇപ്പഴും അവൾക്കോർമ്മയുണ്ട്. വയലിലെ പണിയും കഴിഞ്ഞ് തെക്കേ ആലിൻ കീഴിൽ തളർന്നുറങ്ങുകയായിരുന്ന അപ്പാപ്പൻ പെട്ടെന്ന് ചാടിയെഴുന്നേറ്റ് കാവിലേയ്ക്ക് കുതിച്ചു. കല്ലെന്നോ മുള്ളെന്നോ നോക്കാതെ കണ്ണിൽ കണ്ട വഴിയിൽ കൂടെയെല്ലാം പാഞ്ഞ് മുറിയാത്തോട് ചാടിക്കടന്ന് നിമിഷനേരങ്ങൾക്കകം അപ്പാപ്പൻ കാവിലെത്തി. അന്ന് മുതൽ കുഞ്ഞമ്പു അപ്പാപ്പൻ പോതിയുടെ വെളിച്ചപ്പാടനായി.
ചെറിയക്കുട്ടി താമസിക്കുന്ന കിഴക്കേപ്പറമ്പിൽ നിന്നും കാട്ടുവള്ളികൾ നിറഞ്ഞ കാവിലേക്ക് എത്തണമെങ്കിൽ മുറിയാത്തോട് മുറിച്ചു കടക്കണം. മുട്ടുവരെയെത്തുന്ന വെള്ളമേ ഉള്ളൂ, പക്ഷെ പാതിരാമഴ കഴിഞ്ഞാ അരയൊപ്പം എത്തും. ചില വെള്ളിയാഴ്ചകളിൽ പാതിരാമഴ പെയ്യും. അന്നേ ദിവസം ആർക്കും കാവിലേയ്ക്ക് പോകാൻ പറ്റില്ല. അപ്പാപ്പൻ വെളിച്ചപ്പാടും അന്തിത്തിരിയൻ വെല്ലിച്ചനും മാത്രം അരയോളം നനഞ്ഞ് തോട് നീന്തിക്കയറും. മുറിയാത്തോട് ചുറ്റിയൊഴുകുന്ന ഒരു തുരുത്തായി ആ പറമ്പ് മാറും. അവിടേക്ക് പോകും വഴി ഗുളികൻ വസിക്കുന്ന ചെമ്പകവും തറയും ഉണ്ട്. അവിടെ അമ്മമ്മ നിത്യവും വിളക്ക് വയ്ക്കും.

“വാഴ്ക വാഴ്ക തൃഛംബരം വാഴ്ക” രാവ് മാഞ്ഞുതുടങ്ങുമ്പോ അമ്മമ്മയുടെ മടിയിൽ തലവച്ചുറങ്ങുന്ന ചെറിയക്കുട്ടിയുടെ കാതുകളിൽ എന്നും കേൾക്കുന്ന പാട്ട്. ചെറുകുന്നത്തെ കോതാമൂരിപ്പാട്ടിന്റെ താളത്തിലാണ് അമ്മമ്മ പാട്ടുകൾ പാടുക. പണിക്കരുടെ പാട്ട് കേട്ടു പഠിച്ചതാണ് അമ്മമ്മ. നിലാവ് പരന്ന മാനത്തിന് കീഴെയുള്ള പടിഞ്ഞാറേ പറമ്പിൽ പോതിയുടെ കാവ് നിശബ്ദമായി അമ്മമ്മയുടെ പാട്ടും കേട്ടുറങ്ങും.
കാശിയിൽ നിന്ന് പുറപ്പെട്ട് കടൽ വഴി മരക്കലമേറിയാണ് പോലും പോതി മലനാട്ടിലെത്തിയത്.
“മരക്കലം എന്താണമ്മമ്മേ,” ചെറിയക്കുട്ടി സംശയം ചോദിച്ചു.
“മരം കൊണ്ടുണ്ടാക്കിയ കപ്പല്.”
“കാശീന്ന് ഇവിടുത്തേക്ക് എത്ര ദൂരം ഉണ്ട്?”
അത്രയും ചോദിക്കുമ്പഴേക്ക് അമ്മമ്മയ്ക്ക് ദേഷ്യം വരും.
“മിണ്ടാണ്ട് കെടക്ക് കുഞ്ഞീ!”
“എന്നാൽ തമ്പുരാട്ടി വന്ന കഥ പറഞ്ഞു താ അമ്മമ്മേ…”
അനേക തീരങ്ങൾ താണ്ടി മലനാട്ടിലെ അഴിമുഖത്ത് കപ്പലടുപ്പിച്ച പോതി അവിടെ നിന്ന് ഇറങ്ങി നേരെ തെക്കോട്ട് നടന്നു. നടന്നു നടന്നു കുറെ ദൂരം എത്തിയപ്പോൾ കുഞ്ഞിപ്പുഴ കണ്ടു. കടവത്ത് കണ്ട തോണിയിൽ കയറിയിരുന്നു. തോണിയിൽ കയറിയിരുന്ന ഉടനെ അത് ഒഴുക്കിനെതിരെ കിഴക്കോട്ട് നീങ്ങാൻ തുടങ്ങി.
തീരത്ത് പച്ചപ്പട്ടണിഞ്ഞ പാടങ്ങളും തെങ്ങിൻ തോപ്പുകളും കണ്ട പോതി അവിടെ തോണിയിറങ്ങി. നേരെ വടക്കോട്ട് നടന്നു തുടങ്ങി. തെക്കേ ആല് കടന്ന് പാടവരമ്പിലൂടെ നടന്ന് കുന്നിൻ മുകളിലേക്ക് പോകുന്ന ചെമ്മൺ പാതയിലേക്ക് കയറി. പാതയ്ക്കരികിലായി കുന്നിന് താഴത്ത് ആൽമരങ്ങളും നിറഞ്ഞ വലിയ പറമ്പും ഒത്ത നടുവിലായി ഒരു തറവാടും കണ്ടു.
തറവാട്ടിലെ സന്ധ്യാവിളക്ക് കണ്ട പോതി ആ പ്രദേശത്തിന്റെ ഭംഗി കണ്ട് അൽപനേരം നിന്നുപോയി. കുന്നിൻ ചെരിവിലെ കാവിൽ ദേശാധിപതിയായി വാഴുന്ന കുന്നുമ്പുറത്ത് ചാമുണ്ഡിയോട് അനുവാദം ചോദിച്ച് പടികൾ കയറി തറവാട്ട് മുറ്റത്തെത്തി. ചുവന്ന പട്ടുടുത്ത ഒരു കൊച്ചുകുട്ടിയുടെ രൂപത്തിലാണ് പോതി തറവാട്ടിലേയ്ക്ക് വന്നത്. ഗുളികൻ തറയിൽ വിളക്കുവച്ച് വരികയായിരുന്ന അന്നത്തെ വല്യമ്മാമന്റെ അടുത്തുകൂടെ പോതി നടന്ന് ഉമ്മറപ്പടി കടന്ന് പടിഞ്ഞാറ്റകത്തേയ്ക്ക് കയറി വാതിലടച്ചു.
അത്ഭുതം കൊണ്ട അമ്മാമൻ പിറകെ ചെന്ന് വാതിൽ തുറന്നു നോക്കിയെങ്കിലും ആരെയും കണ്ടില്ല. പടിഞ്ഞിറ്റകത്ത് വിളക്കു തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു. ഇതൊരു ദേവകന്യവാണെന്ന് മനസ്സിലാക്കിയ വല്യമ്മാമൻ പ്രശ്നക്കാരനെ വിളിച്ചു രാശി വയ്പ്പിച്ചു. കുംഭത്തിൽ കളിയാട്ടവും പാട്ടും പൂരവും കൊണ്ടാടി. തൊട്ടയൽപക്കത്തെ രണ്ട് മൂന്നു തറവാട്ടുകാർ കൂടി അതിൽ പങ്ക് ചേർന്നു.

അമ്മമ്മ പറഞ്ഞുനിർത്തിയപ്പോഴേയ്ക്കും ചെറിയക്കുട്ടി ഉറങ്ങിപ്പോയി.
അന്ന് രാത്രി അമ്പിളിവട്ടം വടക്കേ കുന്നിന്റെ മുകളിലുള്ള ഭീമനരയാലിന്റെ ചില്ലയിൽ കുടുങ്ങിനിന്നപ്പോൾ പാതിരാമഴ പെയ്തു. മുറിയാത്തോട് കരകവിഞ്ഞൊഴുകി ചെറിയ പുഴയായി. കുഞ്ഞിപ്പുഴയുടെ അത്ര വലിപ്പമില്ലാത്ത പുഴ. പാതിരാമഴ കഴിഞ്ഞപ്പോഴേയ്ക്കും മുറിയാത്തോട്ടിൽ നിറയെ ആമ്പൽപ്പൂക്കൾ വിരിഞ്ഞിരുന്നു.
പുലരും നേരം വടക്കേ കുന്നിൽ നിന്നും സൂര്യൻ ഒലിച്ചിറങ്ങി കവുങ്ങിൻ തലപ്പുകളിൽ തട്ടി തോട്ടിൽ വീണു. കുന്നിൻ ചെരിവിലെ ചാമുണ്ടിക്കാവിലും കുന്നിന് താഴത്തെ പോതിയോടത്തും അവൻ തന്നെ പകൽവിളക്ക് തെളിയിച്ചു.
ചെറിയക്കുട്ടി തോട്ടിനരികെ വിരിഞ്ഞുനിൽക്കുന്ന ആമ്പൽപ്പൂക്കളെ നോക്കി കുറച്ചു നേരം നിന്നു. അക്കരെയ്ക്ക് കടലാസ് തോണികൾ അവൾ ഒഴുക്കിവിട്ടെങ്കിലും മുറിയാത്തോട് ചുറ്റിയൊഴുകി പടിഞ്ഞാറേ കൈവഴിയിലൂടെ കുഞ്ഞിപ്പുഴയിലെത്താനായിരുന്നു അവയ്ക്ക് വിധി.
“പോതി ചെറിയ കുട്ടിയാണോ?” പറമ്പിൽ പുല്ലരിയുന്ന അമ്മമ്മയോട് അവൾ ചോദിച്ചു.
“ചെറിയക്കുട്ടിയെക്കാളും ചെറിയ കുട്ടി.”
കുംഭമാസത്തിലെ ഭഗവതി തെയ്യത്തിന്റെ രൂപം അവളുടെ മനസ്സിലേയ്ക്കെത്തി. കാവിന്റെ മുന്നിലുള്ള ആഞ്ഞിലിമരത്തിന്റെ ഏറ്റവും മുകളിലുള്ള ഇലത്തുമ്പ് വരെയെത്തുന്ന വലിയ മുടി വച്ച ഭഗവതി തെയ്യം. ചുവപ്പണിഞ്ഞ തിരുമുഖത്ത് വെള്ളെകിറും കൈയ്യിൽ പള്ളിവാളുമായി ചെണ്ടക്കൂറ്റിന്റെ അകമ്പടിയിൽ ഉറഞ്ഞാടുന്ന ഭഗവതി.
കാണുമ്പോ ഒരു പേടി ഒക്കെ തോന്നാറുണ്ട് ചെറിയ ക്കുട്ടിക്ക്. ചെറിയക്കുട്ടിയുടെ തലയിൽ കൈവച്ച് മൊഴി പറയുമ്പോൾ പോതിയുടെ ശബ്ദം കുഞ്ഞുകുട്ടികളുടെ പോലെ തോന്നും. അതോടെ പേടിയൊക്കെ മാറും.

“തെയ്യം കാണുമ്പോ വലിയ പെണ്ണ്മ്പിള്ള ആണെന്ന് തോന്നുവെങ്കിലും ശരിക്കും ഒരു ചെറിയ കുട്ട്യാ ഈട്ത്തെ പോതി…” പടിഞ്ഞാറേ പള്ളിയറ നോക്കി നിൽക്കുന്ന ചെറിയക്കുട്ടിയെ ഒന്ന് നോക്കി അമ്മമ്മ പുല്ലെരിയൽ തുടർന്നു.
“എന്താ ഇപ്പോ ഇങ്ങനെ ചില സംശയങ്ങള്?” അവളെ നോക്കാതെ തന്നെ അമ്മമ്മ ചോദിച്ചു.
ഉത്തരം കൊടുക്കാതെ അവൾ പടിഞ്ഞാറേ പള്ളിയറ തന്നെ നോക്കി നിന്നു. ചുവന്ന പട്ടും പൊട്ടുമണിഞ്ഞ ഭഗവതിക്കുട്ടിയുടെ രൂപം തന്നെയായിരുന്നു മനസിൽ. ഉച്ചയ്ക്ക് അമ്മമ്മ ചോറുരുള വാരി വായിൽ വച്ച് തരുമ്പോഴും അവൾ പടിഞ്ഞാറേ പറമ്പ് കിനാവ് കണ്ടു.
“അരിയർ നാട്ടിൽ പിറന്നോരമ്മ, കോലത്ത് നാട് കിനാക്കണ്ടിനി” മഴക്കാറുള്ള ഉച്ചനേരത്ത് അടുക്കളപ്പുറത്ത് ചെമ്പുപാത്രങ്ങളുടെ കലമ്പിലിന്റെ അകമ്പടിയോടുകൂടി മുത്തശ്ശി മൂളിപ്പാട്ട് പാടി.
“ഉച്ചനേരത്ത് ഗുളികൻ തറയുള്ള ദിക്കിൽ പോകരുത്” അതിനിടെ അമ്മമ്മ അവൾക്ക് മുന്നറിയിപ്പ് നൽകി.
അമ്മമ്മ അടുക്കളപ്പുറത്ത് തിരക്കിലായ നേരത്ത് അവൾ പടിഞ്ഞാട്ടോടി. ഓടുന്ന വഴിയിൽ ഒന്ന് വീണുപോയി. പക്ഷെ വേദനയൊന്നും തോന്നിയില്ല. കണ്ണുതുറന്ന് മുന്നിലേയ്ക്ക് നോക്കിയപ്പോൾ ഗുളികൻ തറയ്ക്കടുത്തുള്ള ചെമ്പകം കുലുങ്ങുന്നത് കണ്ടു.
“എവിടെയാ കുഞ്ഞീ ഈ നട്ടുച്ചനേരത്ത് ഇങ്ങനെ ഓടുന്നത്”
ഒരൽപം മുകളിലേയ്ക്ക് നോക്കിയപ്പോൾ ചെമ്പകത്തിന് മുകളിൽ ഗുളികൻ തമ്പുരാൻ ഇരിക്കുന്നു. ദേഹം മൊത്തം കുരുത്തോലയും മുഖപ്പാളയുമണിഞ്ഞ രൂപം. ചെറിയക്കുട്ടിയെ നോക്കി കുളിയൻ ഒന്ന് കുലുങ്ങിച്ചിരിച്ചു.
ആദ്യം കണ്ടപ്പോ പേടിച്ചെങ്കിലും ചെറിയക്കുട്ടി കുളിയനെ നോക്കി പുഞ്ചിരിച്ചു.
“ഓൾ അക്കരെ കാത്ത് നിക്ക്ന്ന്ണ്ട്. പതുക്കെ പോയാ മതി. ഇങ്ങനെ ഓടീറ്റ് തടഞ്ഞു കെട്ടി വീഴറ്,,,”
ചെറിയക്കുട്ടി പടിഞ്ഞാറേ പറമ്പിലേയ്ക്ക് നോക്കി. കണ്ണുകൾ മങ്ങിയത് പോലെ അവൾക്ക് ആദ്യം തോന്നി. കാഴ്ച തെളിഞ്ഞുവന്നപ്പോൾ മുറിയാത്തോടിനക്കരെ പോതിക്കുട്ടി നിൽക്കുന്നു. ചുവന്ന പട്ട് ചുറ്റി പൊട്ട് തൊട്ട് മുടിയഴിച്ചിട്ട് നിൽക്കുന്ന ഭഗവതിക്കുട്ടി അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പോതിയുടെ പുറകിലായി പള്ളിയറ നിറയെ വിളക്ക് കൊളുത്തിവച്ചിട്ടുണ്ടായിരുന്നു. പതിയെ പതിയെ അതും തെളിഞ്ഞുകണ്ടു.
“ഇതാരാ ഉച്ചസമയത്ത് വിളക്ക് കൊളുത്തിയേ”
ഇതുകേട്ട ഗുളികൻ തമ്പുരാൻ വീണ്ടും കുലുങ്ങിച്ചിരിച്ചു.
“വടക്കുംപുറത്തെ പൂതം. ഓനാ…”
പള്ളിയറയ്ക്കപ്പുറത്ത് നിന്ന് മുഖം മാത്രം പുറത്തേക്കിട്ട് ഇടകണ്ണിട്ട് നോക്കുന്ന പൂതത്തെ ഒരു മിന്നായം പോലെ അവൾ കണ്ടു. വലിയ മുഖപ്പാള വച്ച മുഖത്ത് പുഞ്ചിരിയൊളിപ്പിച്ച് പൂതം.
പോതി അവളെ കൈ കാട്ടി വിളിച്ചു. അവൾ മുറിയാത്തോടിന്റെ തീരത്ത് ഓടിയെത്തി. അമ്മമ്മ പറഞ്ഞ പോലെ തന്നെക്കാളും ഇത്തിരി കൂടി ചെറിയ കുട്ടിയാ പോതി. പരസ്പരം നോക്കി പുഞ്ചിരിച്ച് കൊണ്ട് അവർ കുറേനേരം നോക്കി നിന്നു.
ഇങ്ങോട്ട് വാ” അവൾ പോതിയെ ഇക്കരെയ്ക്ക് വിളിച്ചു.
“ഞാൻ കടലാസ് കൊണ്ട് ഒരു തോണി ഇണ്ടാക്കിത്തരട്ടെ. അതിൽ കയറി വരുവോ. പണ്ട് ഇങ്ങോട്ട് വന്ന പോലെ” അവൾ പറഞ്ഞു.
“നല്ല ഒഴ്ക്ക്ണ്ട്. ഞാൻ നടന്നുവരാം ചെറിയക്കുട്ടി”
പോതി മുറിയത്തോട് മുറിച്ചുകടന്ന് നടന്നു വന്നു. ജലപ്പരപ്പിന് മുകളിലൂടെ ഒഴുകിവരുന്നത് പോലെ അവൾക്ക് തോന്നി.
ഇക്കരെയെത്തിയ ഉടനെ അടുത്ത് ചെന്ന് അവളെ കെട്ടിപ്പിടിച്ചു.
അടുത്ത് കണ്ടപ്പോ അംഗനവാടിയിൽ ഒന്നിച്ച് പഠിച്ച കുഞ്ഞൂട്ടിയെ പോലെ അവൾക്ക് തോന്നി “പോതി എത്രാം ക്ലാസിലാ പഠിക്കുന്നത്?”

ചെറിയക്കുട്ടിയുടെ ചോദ്യം കേട്ട പോതി പൊട്ടിച്ചിരിച്ചു. ചെമ്പകത്തിലിരിപ്പുണ്ടായിരുന്ന കുളിയനും ചിരിച്ചു.
“ഞാൻ ഒരു സമ്മാനം കൊണ്ടുവന്നിറ്റ്ണ്ട്” പോതി കൈവെള്ളയിൽ ഒളിപ്പിച്ചു വച്ച മഞ്ചാടിമണികൾ കാട്ടി. ചെറിയക്കുട്ടി അത് കണ്ട് അത്ഭുതം തൂകി. ഇത്ര ചുവപ്പുള്ള മഞ്ചാടികൾ കാവിലേയുള്ളൂ. ചുവന്ന മാണിക്യം പോലെ.
അവരിരുവരും കിഴക്കേ പറമ്പിലങ്ങിങ്ങായി നടന്നു. സർപ്പക്കാവിന്റെ അടുത്ത് പോയി. ഭഗവതിയെ കണ്ട് നാഗത്താന്മാർ തലയാട്ടി.
“സുഖം തന്നെയല്ലേ” ഭഗവതി ചോദിച്ചു. അതെ എന്നുള്ള അർത്ഥത്തിൽ അവർ തലയാട്ടി.
അവർ ഒരുപാട് നേരം വർത്തമാനം പറഞ്ഞു. കുറെ കുട്ടിവർത്തമാനങ്ങൾ.
“ഞാൻ വന്നു കേറിയപ്പളേക്കും നിങ്ങൾ എന്തിനാ അവിടം വിട്ടുപോയത്. നിങ്ങടെ കൂടെ കഴിയാനല്ലേ ഞാൻ വന്നത്. എന്നിട്ട് എന്നെ ഒറ്റയ്ക്കാക്കി ഇങ്ങോട്ട് പോന്നു. പടിഞ്ഞാറേ പറമ്പും കിഴക്കേ പറമ്പും ആക്കി. തറവാട് പള്ളിയറ ആക്കി. എന്നാൽ അങ്ങനെ ആയിരിക്കട്ടെ എന്ന് കരുതിയാ കര മുറിച്ച് മുറിയാത്തോട് ഇണ്ടാക്കിയത്. ദേഷ്യം കൂടുമ്പോൾ എടയ്ക്കെടക്ക് പാതിരാമഴയും പെയ്യിക്കും. ഒരാളും അങ്ങോട്ട് വരണ്ട എന്ന് കരുതി. വല്ലപ്പോഴും വടക്കുപുറത്തെ തറയിലെ ചങ്ങാതി പൂതം മാത്രം വന്ന് വർത്താനം പറയും,” പോതി പരിഭവം പറഞ്ഞു.
“ഇതൊന്നും ഞാൻ അറിഞ്ഞിറ്റില്ല പോതി,” ചെറിയക്കുട്ടിക്ക് വിഷമം തോന്നി.
“എല്ലാവരും അവരവരുടെ കാര്യങ്ങൾ പറയും. എന്റെ വിവരങ്ങളാരും ചോയിക്കൂല…”
“ഞാൻ ചോയിക്ക്ന്നില്ലേ പോതി.”
അവൾ പോതിയുടെ കയ്യും പിടിച്ച് തെക്കേ ആൽത്തറയിലും പുഴവക്കിലും വടക്കേക്കുന്നിലും ഒക്കെ പോയി. പോതി എപ്പോഴും ചിരിച്ചുകൊണ്ടിരുന്നുവെങ്കിലും ഒറ്റയ്ക്കാക്കി വന്ന പരിഭവം മാത്രം ഇടയ്ക്കിടെ പറഞ്ഞു. എന്നും കാണാമെന്ന് ചെറിയക്കുട്ടി വാക്കും കൊടുത്തു.
നടന്നും കളിച്ചും വർത്തമാനം പറഞ്ഞും സന്ധ്യയാവാറായി.
ചെമ്പകമുകളിലിരിപ്പുണ്ടായിരുന്ന ഗുളികൻ തമ്പുരാൻ എങ്ങോട്ടോ പോകാനുള്ള ഒരുക്കത്തിലായിരുന്നു.
“ഏട്ത്തേക്കാ?” ചെറിയക്കുട്ടി ചോദിച്ചു.
“വൈന്നേരായില്ലേ, തെക്കേ ആലിൻകീഴില് വിളക്ക്ണ്ട്. ആട ഒന്ന് പോയിറ്റ് വരണം.” ശൂലവും കയ്യിലേന്തി തെക്കേ പടിപ്പുര കടന്ന് വയൽവരമ്പത്ത് കൂടി ഗുളികൻ തമ്പുരാൻ നടന്നകന്നു.
“അമ്മേ, രക്ഷിക്കണേ” പോതിയോടത്ത് നിന്നും അന്തിത്തിരിയന്റെ ശബ്ദം കേട്ടു. പോതി കുറച്ച് നേരം അങ്ങോട്ട് നോക്കി നിന്നു.
“അന്തിത്തിരിയൻ വല്യച്ചൻ വിളക്ക് കൊളുത്തുമ്പഴേയ്ക്കും അങ്ങെത്തണം. വിളക്ക് കൊളുത്തുമ്പോ വിളി കേൾക്കാൻ ഞാൻ ആട ഇല്ലെങ്കിൽ വേറെ വല്ലോളും കേറി ഇരിക്കും,” പോതി കളിയായ് പറഞ്ഞു.
“ചെറിയേ” അതേ സമയത്ത് തന്നെയാണ് അമ്മമ്മയും വിളിച്ചത്.
“ചെറിയ പൊയ്ക്കോ, പിന്നെ കാണാം.”
“നാളെ വരില്ലേ” പ്രതീക്ഷയോടെ ചെറിയക്കുട്ടി ചോദിച്ചു.
“ആരെങ്കിലും വന്ന് സങ്കടം പറഞ്ഞാ അത് കേൾക്കാൻ ഞാൻ ആട വേണം. ആരും വന്നില്ലെങ്കിൽ ഞാൻ ഇങ്ങോട്ടിറങ്ങാം.”
മുറിയാത്തോട് മുറിച്ചൊഴുകിക്കൊണ്ട് പോതി കാവിലേയ്ക്ക് നടന്നു. അന്തിത്തിതിരിയൻ വെല്ലിച്ചന്റെ അരികത്തൂടെ പടിക്കെട്ട് കയറി പോതി പള്ളിയറയ്ക്കുള്ളിലേയ്ക്ക് പോയി. അമ്മമ്മയുടെ വിളി കേട്ട് തിരിച്ച് നടക്കുമ്പോഴും ചെറിയക്കുട്ടി കാവിലേയ്ക്ക് പിന്തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നു.