scorecardresearch
Latest News

കാവിലെ ദൈവം

“ശരി എന്ന് തലയാട്ടിക്കൊണ്ട് അച്ഛൻ അവൻ കൈവിരലുകൾ ചേർത്തുപിടിച്ചു. തിരിച്ച് നടക്കുമ്പോൾ കാവിന് നടുവിലെ വീട്ടിലിരുന്ന് ദൈവം അവരെ തന്നെ നോക്കിനിൽപ്പുണ്ടായിരുന്നു.” അർജുൻ രവീന്ദ്രൻ എഴുതിയ കുട്ടികളുടെ കഥ

കാവിലെ ദൈവം

അച്ഛന്റെ മഹീന്ദ്രാ ജീപ്പിന്റെ മുൻസീറ്റിൽ പുറംകാഴ്ചകളും കണ്ട് അവനിരുന്നു. പയ്യന്നൂരിൽ നിന്ന് യാത്ര തിരിച്ച് കോത്തായിമുക്ക് കഴിഞ്ഞപ്പഴേയ്ക്കും മഴ ചാറിത്തുടങ്ങിയിരുന്നു. മഴ അവന് ഇഷ്ടമുള്ള കാഴ്ചയാണ്. റോഡിനിരുവശവുമുള്ള വള്ളിപ്പടർപ്പുകളിലും മരക്കൂട്ടങ്ങളിലും മഴ വന്ന് വീഴുന്നത് കാണാൻ നല്ല രസമാണ്. മഴയിൽ കുതിർന്ന് പച്ച തെഴുത്ത് അവർ പിന്നെയും വലിയവരാവുമെന്ന് അവന് അറിയാമായിരുന്നു. അത്തരത്തിൽ ഒരുപാട് കാവുകൾ അവൻ ഈ പ്രദേശത്ത് കണ്ടിട്ടുണ്ട്.

അച്ചിയും ചാമുണ്ഡിയും വാഴുന്ന തവിടിശ്ശേരിക്കാവ്, വെരീക്കരക്കാവ്, ചാമക്കാവ്, കൊങ്ങിണിച്ചാൽ കാവ്, കുടുവാക്കുളങ്ങരക്കാവ്, പാച്ചേനിക്കാവ്, അരവഞ്ചാൽ കാവ്, കുപ്പോൾ കാവ്… അവന്റെ സ്‌കൂളിലെ വിനോദ് മാഷ് എഴുതിയ പുസ്തകത്തിൽ ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഈ കാവുകളെ പറ്റി അവൻ വായിച്ചിട്ടുണ്ട്.

വള്ളിക്കെട്ടുകളും വന്മരങ്ങളും തിങ്ങി ഞെരുങ്ങി വളർന്ന കാവിന്റെ ഒത്ത നടുവിൽ ദൈവങ്ങൾ കുടിയിരിക്കുന്ന പള്ളിയറയുണ്ടാകും. അവിടെ നിത്യവും വിളക്ക് വയ്ക്കും. വർഷത്തിൽ ഒരു തവണ കാവിന്റെ ഇരുട്ടകങ്ങളിൽ നിന്ന് കുത്തുവിളക്കിന്റേയും ചെണ്ടയുടേയും അകമ്പടിയോടെ ഈ ദൈവങ്ങൾ പള്ളിയറ മുറ്റത്തേയ്ക്ക് വരും.

പാട്ടും പൂരവും പെരുങ്കളിയാട്ടവും കൊണ്ടാടും. കാവിനെയും കാവിൽ ഒളി വളരുന്ന നാനാജാതി ജീവജാലങ്ങളേയും കാത്ത് രക്ഷിക്കുന്ന ദൈവങ്ങൾ. ഈ കാവും മരങ്ങളും വള്ളിക്കെട്ടുകളൊന്നുമില്ലെങ്കിൽ വീടും ബന്ധുജനങ്ങളെയും നഷ്ടപ്പെട്ട് അനാഥരായിപ്പോവുമായിരുന്ന കാവിലെ ദൈവങ്ങൾ.

കാങ്കോലും മാത്തിലും കടന്ന് പെരിങ്ങോത്തേയ്ക്ക് ഉയർന്നുയർന്ന് പോകുകയാണ് അച്ഛന്റെ ജീപ്പ്. മഴയോടൊപ്പം വന്ന രാവിലത്തെ മഞ്ഞ് അങ്ങുമിങ്ങും തൊടാതെ ഒഴുകി നടപ്പുണ്ടായിരുന്നു. മലയോരമെത്തുന്നതിന് തൊട്ടുമുൻപേയുള്ള ഒരു സമതലമാണ് പെരിങ്ങോം പ്രദേശം. അതും കടന്ന് പോയാൽ മലനാടായി.

പുളിങ്ങോം എന്ന സ്ഥലത്തുള്ള കുടക് ബോർഡർ വരെ ഒരു തവണ അവൻ പോയിട്ടുണ്ട്. പോകുന്ന സ്ഥലങ്ങളും എത്തിച്ചേരുന്ന സ്ഥലവുമൊക്കെ അവൻ മനസിൽ കൃത്യമായി അടയാളപ്പെടുത്തി വയ്ക്കാറുണ്ട്. ഒരു തവണ പോയ വഴി പോലും കൃത്യമായി ഓർത്തെടുക്കാൻ അവന് കഴിയും. പലപ്പോഴും അച്ഛന് വഴി പറഞ്ഞുകൊടുക്കാൻ വരെ അവന് സാധിക്കാറുണ്ട്.

arjun, story, iemalayalam

അച്ഛന്റെ ജീപ്പിൽ നാടും കണ്ട് പോകുന്നതിൽ കവിഞ്ഞ് ഒരു സന്തോഷം അവനില്ല. അവന്റെ തീരാത്ത സംശയങ്ങൾ അച്ഛനെ തെല്ലുപോലും അലോസരപ്പെടുത്താറില്ല. അധികം അറിയാത്ത കാര്യമാണെങ്കിൽ പോലും അറിയുന്നത്രയും പറഞ്ഞ് അച്ഛൻ അവനെ സമാധാനിപ്പിക്കും. ഓരോ ഞായറാഴ്ചയും ഇങ്ങനുള്ള യാത്രകൾ പതിവാണ്.

പെരിങ്ങോത്തുള്ള അപ്പാപ്പന്റെ വീട്ടിലേയ്ക്ക് അവൻ ആദ്യമായാണ് പോകുന്നത്. അച്ഛൻ എപ്പോഴും പറയാറുള്ളതാണ് ഒരു ദിവസം അങ്ങോട്ട് കൊണ്ടുപോകാമെന്ന്. ഒറ്റയ്ക്ക് താമസിക്കുന്ന ആ വയസായ മനുഷ്യൻ ആരാണ്, എന്താണ് എന്നൊന്നും അവനറിയില്ല. പക്ഷെ അച്ഛന് വേണ്ടപ്പെട്ട ആരോ ആണ്.

മാത്തിൽ കഴിഞ്ഞ് അൽപദൂരം പോയപ്പോൾ ഇടത് ഭാഗത്തായി അരവഞ്ചാൽ കാവ് കണ്ടു. മുപ്പത് ഏക്കറോളം വരുന്ന ആ പെരുങ്കാട് അവൻ അത്ഭുതത്തോടെ നോക്കി. അരവഞ്ചാൽ ഭഗവതിയുടെ ആരൂഢം ആണ്. റോഡിന്റെ വലത് ഭാഗത്തായി തെയ്യം കഴിക്കുന്ന പള്ളിയറയും കണ്ടു. ദേവസങ്കൽപ്പങ്ങൾ ഏറ്റവും വിശുദ്ധമായി കുടികൊള്ളുന്നത് കാവകങ്ങളിലാണ് എന്നവന് തോന്നി. മനുഷ്യരെ മാത്രം രക്ഷിക്കുന്നവരല്ല കോലത്ത് നാട്ടിലെ ദൈവങ്ങൾ. കാടും മണ്ണും കുന്നും കണ്ടവും കന്നുകാലികളേയും കാക്കുന്നവരാണവർ. കാവ് വിട്ടകലുന്നത് വരെ അവന് കണ്ണെടുക്കാൻ തോന്നിയില്ല.

പെരിങ്ങോം എത്തിക്കൊണ്ടിരിക്കെ പാറക്കെട്ടുകൾ കണ്ടുതുടങ്ങി. തുളുനാടൻ ഭൂപ്രകൃതിയുടെ ആരംഭം. കഴിഞ്ഞ വേനൽ കാലത്ത് വന്നപ്പോൾ സ്വർണനിറമണിഞ്ഞ് നിന്ന പാറപ്പുറം കൊറച്ചൊക്കെ പച്ചപിടിച്ചിട്ടുണ്ട്. മഞ്ഞ് മൂടി നിന്ന പാറപ്പരപ്പിനുമപ്പുറം മഞ്ഞക്കിളിമല ദൂരെ കണ്ടു. ആനയും പുലിയും ഇറങ്ങിയിരുന്ന കാട് തന്നെയാണത്.

മെയിൻ റോഡിൽ നിന്നും ടാറിടാത്ത ഒരു ഇടവഴിയിലേയ്ക്ക് അച്ഛന്റെ ജീപ്പ് കയറി. ആടിക്കുലുങ്ങി അത് മുന്നോട്ട് നീങ്ങി.

“നമ്മൾ എത്താറായോ?” അവൻ അലസമായി ചോദിച്ചു. അതെ എന്ന അർത്ഥത്തിൽ അച്ഛൻ പുഞ്ചിരിച്ചു.

യാത്ര തീരുന്നിടം അവനിൽ നിരാശയുണ്ടാക്കുന്നതാണ്. പൊയ്‌ക്കൊണ്ടിരിക്കുക എന്നതാണ് അവന്റെ സന്തോഷം.

ജീപ്പ് പോയി നിന്നത് അൽപ്പം കൂടി ചെറിയ ഒരു ഇടവഴിയുടെ മുന്നിലാണ്.

“ഇനിയങ്ങോട്ട് കാടാണ്” അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇരുവശങ്ങളിലേയ്ക്കും അറ്റം കാണാതെ മരങ്ങൾ തിങ്ങി നിറഞ്ഞ ആ വഴി നോക്കി നിൽക്കേ അവനും തോന്നി. “ശരിയാണ്, കാട് തന്നെയാണ്”

അവന്റെ മുഖത്തൊരു തിളക്കം കണ്ടു. ഈ പെരുമ്പാറപ്പുറത്ത് അങ്ങനെയൊരു കാട് പ്രതീക്ഷിച്ചതല്ല. അവന്റെ കയ്യും പിടിച്ച് അച്ഛൻ ആ വഴിയിലേയ്ക്ക് കയറി.

പലവർണങ്ങളിലുള്ള ചിത്രശലഭങ്ങൾ അവന് ചുറ്റും പാറിപ്പറക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകളിൽ അവരുടെ നിഴൽ. അവൻ അവരെ തൊടാതെ കണ്ട് നിന്നു. അവർ എത്ര സുന്ദരമായി ജീവിക്കുന്നു – അവൻ അച്ഛന്റെ മുഖത്തേയ്ക്ക് നോക്കി പുഞ്ചിരിച്ചു. ഒരു തുമ്പി വന്ന് അവന്റെ കൈപ്പടത്തിലിരുന്നു. അത്തരം തുമ്പികളേയും പൂമ്പാറ്റകളേയും അവൻ ഇതുവരെ കണ്ടിട്ടില്ല. ഇവരൊക്കെ ഈ ഭൂമുഖത്തുണ്ടല്ലോ എന്നതിൽ അവന് വളരെ സന്തോഷം തോന്നി.

പുല്ലാഞ്ഞിവള്ളികൾ, പല മരങ്ങൾ. പലതും അവിടെ മാത്രം കണ്ടതാണ്. അച്ഛന് അതിന്റെയൊന്നും പേരുകൾ അറിയില്ലായിരുന്നു. “അപ്പാപ്പനോട് ചോദിക്കാം, എനിക്കുമറിയണം” അച്ഛൻ പറഞ്ഞു.

arjun, story, iemalayalam

“ഇതൊക്കെ അപ്പാപ്പൻ നട്ടുണ്ടാക്കിയതാ” അച്ഛൻ അഭിമാനത്തോടെ പറഞ്ഞു.

അവൻ അത്ഭുതത്തോടെ ചുറ്റും നോക്കി. കാറ്റത്തുലഞ്ഞ് ഇലകൾ പൊഴിച്ചുകൊണ്ട് ഒരു മരച്ചില്ല. ഒരു കാട് തന്നെ ഉണ്ടാക്കിയെടുത്ത അപ്പാപ്പനെ കാണാൻ അവനെ സ്വാഗതം ചെയ്തു.

അവനെ പോലെ തന്നെ അച്ഛനും ചുറ്റുപാടുകൾ ആസ്വദിക്കുന്നതായി അവൻ കണ്ടു. നനഞ്ഞ മണ്ണും ചവിട്ടി അച്ഛന്റെ കൈ പിടിച്ച് നടന്നപ്പോൾ അച്ഛനും തന്നെപ്പോലെ ഒരു കുട്ടിയാണെന്ന് അവന് മനസിലായി. അപ്പോൾ അച്ഛനോട് വല്ലാത്തൊരു സ്നേഹം അവന് തോന്നി.

നേരം പുലർന്നെങ്കിലും ഭംഗിയുള്ള ഒരു ഇരുട്ട് അവിടെയുണ്ടായിരുന്നു. ചുവന്ന വെളിച്ചം പതുക്കെ അരിച്ചിറങ്ങിയപ്പോൾ കാടിനകത്ത് ഇപ്പോഴാണ് നേരം പുലർന്നത് എന്നവനറിഞ്ഞു.

പല നിറങ്ങളിൽ കണ്ട പക്ഷികൾ മരക്കൊമ്പുകളിൽ ശാന്തരായി ഇരിപ്പുണ്ടായിരുന്നു. ഒരു മയിൽക്കൂട്ടം വള്ളിപ്പടർപ്പിനപ്പുറമുള്ള പാറക്കൂട്ടങ്ങളിലൂടെ നടന്ന് പോകുന്നത് അച്ഛൻ അവന് കാണിച്ചുകൊടുത്തു.

നല്ല തണുത്ത വെള്ളമുള്ള കാട്ടരുവി മുറിച്ച് കടന്ന് കുറച്ച് ദൂരം മുന്നോട്ട് നടന്നപ്പോൾ ഒരു ചെറിയ വീട് കണ്ടു. കാട് പോലെ പടർന്നുകയറിയ വെളുത്ത താടിമീശയുമായി ഒരു വൃദ്ധൻ മുറ്റത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. പ്രസന്നമായ ആ മുഖം ചിരിച്ചുകണ്ടപ്പോൾ പുലരി ഒന്നുകൂടി തെളിഞ്ഞതായി അവന് തോന്നി.

“കാവിലെ ദൈവം” അപ്പാപ്പനെ കണ്ടപ്പോൾ അവന്റെ മനസ്സിൽ വന്നതിതാണ്.

“വാ” ഭഗവതി തെയ്യം വിളിക്കുന്നത് പോലെ വാത്സല്യത്തോടെ അപ്പാപ്പൻ അവനെ അരികിലേയ്ക്ക് വിളിച്ചു. അച്ഛന്റെ കൈകളിൽ നിന്നും തെന്നിമാറി അവൻ അങ്ങോട്ട് ഓടിച്ചെന്നു.

“ഇതുപോലുള്ള സ്ഥലങ്ങൾ ഇവന് വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് കൂട്ടിക്കൊണ്ട് വന്നത്” അപ്പാപ്പന്റെ കൈകളിൽ പിടിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.

“ഒന്നിൽ തളിർത്ത് അടുത്തതിലേയ്ക്ക് പോകാതെ അതിനപ്പുറമുള്ള മരത്തിൽ തളിർത്ത വള്ളി പോലെ, അല്ലേ” അപ്പാപ്പൻ ഉറക്കെ ചിരിച്ചു.

“രണ്ട് ഭാഗത്ത് നിന്നും നടുമരത്തിലേയ്ക്കും പടർന്ന് കയറിയിട്ടുണ്ട് ഇപ്പോ” അച്ഛൻ കുറെ നേരം അപ്പാപ്പനെ നോക്കി. പിന്നീട് ചുറ്റുമുള്ള കാവകത്തിലേയ്ക്കും.

അപ്പാപ്പൻ തന്ന കട്ടൻ കാപ്പിയും കുടിച്ച് യാത്ര പറഞ്ഞിറങ്ങിയപ്പോൾ അവന് സങ്കടം തോന്നി. ഇനി പെട്ടെന്നൊന്നും ഇങ്ങോട്ട് വരാൻ പറ്റില്ല എന്നവനുറപ്പായിരുന്നു.

പോകാൻ നേരം അവന്റെ കയ്യിൽ അപ്പാപ്പൻ രണ്ട് വൃക്ഷത്തൈ കൊടുത്തു.

“നിങ്ങളുടെ പറമ്പിൽ മരങ്ങൾ തീരെ കുറവാ. ഒന്ന് ഇലഞ്ഞി, മറ്റേത് ഏഴിലം പാല. കൊണ്ടുപോയി നട്ടോ” ആ രണ്ട് കുഞ്ഞുങ്ങളെ കയ്യിലെടുത്തപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കഴിഞ്ഞയാഴ്ച അച്ഛൻ അവനിഷ്ടപ്പെട്ട ചോക്കലേറ്റ് വാങ്ങിക്കൊടുത്തപ്പോൾ പോലും അത്രയും സന്തോഷം തോന്നിയിരുന്നില്ല.

“വേര് കയറുന്നു എന്നും പറഞ്ഞ് ഈ മരങ്ങൾ അച്ഛൻ മുറിച്ച് കളയരുത്. ഇതുപോലൊരു കാവ് നമ്മടെ വീട്ടുപറമ്പിലുമുണ്ടാക്കണം.” അവൻ അച്ഛനെ സ്നേഹത്തോടെ ശാസിച്ചു.

ശരി എന്ന് തലയാട്ടിക്കൊണ്ട് അച്ഛൻ അവന്റെ കൈവിരലുകൾ ചേർത്തുപിടിച്ചു. തിരിച്ച് നടക്കുമ്പോൾ കാവിന് നടുവിലെ വീട്ടിലിരുന്ന് ദൈവം അവരെ തന്നെ നോക്കിനിൽപ്പുണ്ടായിരുന്നു.

  • കുട്ടിക്കഥക്കൂട്ടിൽ നാളെ പി കെ സുധി എഴുതിയ കഥ വായിക്കാം
Children, Short story, Malayalam writer

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Arjun raveendran story for children kaavile deivam