പിച്ചക്കാരനും പിശുക്കനും

ഒരിക്കൽ ഒരു വയസ്സൻ പിച്ചക്കാരൻ ഒരു ഗ്രാമത്തിലെത്തി. വഴിയിൽ അയാൾ ഒരു വലിയ ഭംഗിയുള്ള ഒരു വീട് കണ്ടു. താഴിട്ട് പൂട്ടിയിട്ടുണ്ടെങ്കിലും ഉള്ളിൽ വലിയ മുറികളുള്ള വീടും, വൈക്കോൽപ്പുരയും എല്ലാം കണ്ടു. അവിടെ ഒരു അറുപിശുക്കനായിരുന്നു താമസം.

പിച്ചക്കാരൻ ഉറക്കെ ചോദിച്ചു: “എനിക്ക് പാലോ ഇറച്ചിയോ എന്തെങ്കിലും കുറച്ച് തരുമോ?”

പിശുക്കൻ ഒച്ചയിട്ടു: “ഇല്ല. തരാൻ പറ്റില്ല. പൊയ്ക്കോ അവിടന്ന്.”

പിച്ചക്കാരൻ: “കുറച്ച് ഗോതമ്പോ പയറോ എന്തെങ്കിലും?”അവനു വിശപ്പ് സഹിക്കാൻ വയ്യാതെയായി.

പിശുക്കൻ: “ഒന്നുമില്ലെന്ന് പറഞ്ഞില്ലേ?”

പിച്ചക്കാരൻ: “ഒരു കഷ്ണം ബ്രെഡ് എങ്കിലും തരൂ…”uma praseeda,childrens stories,iemalayalam

പിശുക്കൻ: “പോ…സ്ഥലം വിട്. ഇവിടെ ബ്രെഡ്ഡ് ഒന്നുമില്ല.”

പിച്ചക്കാരൻ: “ദാഹിച്ചിട്ട് വയ്യ. കുറച്ച് വെള്ളമെങ്കിലും തരൂ …”

പിശുക്കൻ ഒച്ചയിട്ടു: “ഇവിടെ വെള്ളമില്ല. നിങ്ങൾ പോകുന്നുണ്ടോ, ശല്യപ്പെടുത്താതെ.”

അപ്പോൾ പിച്ചക്കാരൻ പറഞ്ഞു: “മകനേ, നീ പിന്നെ ഇവിടെ ഇരിക്കുന്നതെന്തിന്? എഴുന്നേറ്റ് പോയി നല്ലവരുടെ അടുത്ത് പോയി പിച്ച ചോദിക്ക്. നീ എന്നെക്കാളും കഷ്ടത്തിലാണല്ലോ!”

-അറേബ്യൻ നാടോടി കഥ

 

പാമ്പും പെൺകുട്ടിയും

കാട്ടിൽ കന്നുകാലികളെ കൊണ്ട് പോയി മേച്ച് തിരികെ വീട്ടിലെത്തിക്കാറുള്ള ഒരു പെൺകുട്ടിയുണ്ടായിരുന്നു, സ്വീഡനിലെ ഒരു മലഞ്ചെരുവിൽ. ഒരിക്കൽ പശുക്കളെ തപ്പി തപ്പി അവൾക്ക് വഴി തെറ്റി.  അവൾ ഒരു വലിയ കുന്നിൻ ചെരിവിലെത്തിപ്പെട്ടു. കുന്നിനാകട്ടെ, വാതിലും ഗെയ്റ്റും ഒക്കെ ഉണ്ടായിരുന്നു. അവളത് തുറന്നു ഉള്ളിലേക്ക് പോയി. അകത്തോ, കുറെ ഏറെ ഭക്ഷണം നിരത്തിയ വലിയ തീൻ മേശ, അരികിൽ വലിയ ഒരു കട്ടിൽ, അതിലോ വലിയൊരു പാമ്പും.

പാമ്പ് അവളോട് പറഞ്ഞു: “വേണമെങ്കിൽ ഇവിടെ ഇരുന്നോ, വേണമെങ്കിൽ ഭക്ഷണം കഴിച്ചോ… വേണമെങ്കിൽ വന്നു കിടന്നു വിശ്രമിച്ചോ… വേണ്ടെങ്കിൽ വേണ്ട!”  പെൺകുട്ടി ഒന്നിനും ധൈര്യപ്പെട്ടില്ല. കുറെ കാത്ത്, പാമ്പു പിന്നെയും പറഞ്ഞു: “കുറച്ചാളുകൾ വരുന്നുണ്ട്. അവർക്ക് നിന്നോടൊപ്പം നൃത്തം വയ്ക്കണം. പക്ഷെ അവരുടെ കൂടെ പോകണ്ട.” പറഞ്ഞ പോലെ അവർ വരികയും, പെൺകുട്ടി അവരോട് മിണ്ടാതെ വേഗം അവിടം വിട്ട് വീട്ടിലേക്ക് പോയി.uma praseeda,childrens stories,iemalayalam

പിറ്റേന്നും അവൾ കാലികളെ തപ്പാനിറങ്ങി, വഴി തെറ്റി, പാമ്പിനടുക്കൽ എത്തിപ്പെട്ടു. എല്ലാം ആദ്യത്തെപ്പോലെ അതെ പടി ഇരിപ്പുണ്ടായിരുന്നു- ഭക്ഷണം, മേശ, കട്ടിൽ, അതിൽ പാമ്പും. അന്നും അവൾ പാമ്പ് പറഞ്ഞത് കേൾക്കാതെ വീട്ടിലേക്ക് പോയി.

മൂന്നാം പക്കവും കാലികളെ തപ്പിയിറങ്ങി അവൾ അവിടെ തന്നെ എത്തി. പക്ഷെ അന്നവൾ പാമ്പിനോടൊപ്പം ഭക്ഷണം കഴിച്ചു, കട്ടിലിൽ കിടന്നു വിശ്രമിച്ചു. പാമ്പു പറഞ്ഞു: “എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തരൂ ഇഷ്ടമുണ്ടെങ്കിൽ…പേടി ഉണ്ടെങ്കിൽ ഏപ്രൺ നമുക്കിടയിൽ വച്ചോളൂ.”

പെൺകുട്ടി പാമ്പിന് ഒരുമ്മ കൊടുത്തു. ആ നിമിഷം, പാമ്പു പെട്ടെന്നു ഒരു രാജകുമാരനായി മാറി. ഒരു പാമ്പിൻ്റെ ശാപത്താൽ പാമ്പായി മാറി പോയതായിരുന്നു പാവം രാജകുമാരൻ. പിന്നീടവർ കൈകോർത്തു എങ്ങോട്ടോ പോയി. പിന്നാരും അവരെ പറ്റി കേട്ടിട്ടില്ല.

-സ്വീഡിഷ് നാടോടി കഥ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook