രാവെന്നോ പകലെന്നോയില്ലാതെ, വിശ്രമമില്ലാതെ കൈമെയ് മറന്ന് അധ്വാനിക്കുന്ന അമ്മമാർ. അനുജാത് എന്ന പതിനാലുകാരൻ കണ്ട അമ്മക്കാഴ്ചകളിൽ നിറയെ ഭാവനയുടെ നിറപ്പകിട്ടിനേക്കാൾ യാഥാർഥ്യത്തിന്റെ കടുംപച്ച നിറങ്ങളാണ്. അമ്മയെക്കുറിച്ച് അവൻ വരച്ച ചിത്രത്തെ തേടിയെത്തിയത് ഈ വർഷത്തെ ശങ്കേഴ്സ് രാജ്യാന്തര പുരസ്കാരം. ‘എന്റെ​ അമ്മയും അയൽപ്പക്കത്തെ അമ്മമാരും’ എന്ന ചിത്രമാണ് അനുജാതിനെ പുരസ്കാരത്തിന് അർഹമായത്.

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ സ്മരണയ്ക്കായി നടത്തിയ രാജ്യാന്തര മത്സരത്തിലെ പുരസ്കാരം അനുജാതിനെ തേടിയെത്തിയതു കാണാൻ അവന്റെ അമ്മ ജീവിച്ചിരിപ്പില്ലെന്ന വേദനയിലും മകനെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുകയാണ് അച്ഛൻ വിനയലാൽ. ഹൃദയസംബന്ധമായ അസുഖം കാരണം നവംബറിലാണ് അനുജാതിന്റെ​ അമ്മ സിന്ധു മരിക്കുന്നത്. സിന്ധു ജീവിച്ചിരിക്കുന്ന കാലത്ത് അനുജാത് വരച്ച ചിത്രത്തിനാണ് അമ്മയുടെ മരണശേഷം പുരസ്കാരം തേടിയെത്തിയത്.

തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അനുജാത്. തൃശൂർ ചെമ്പൂക്കാവ് കുണ്ടുവാറ ഹരിതവനത്തിൽ സിന്ധുവിന്റെയും വിനയ് ലാലിന്റെയും രണ്ടാമത്തെ മകനായ അനുജാതിനെ ഇതാദ്യമായല്ല പുരസ്കാരങ്ങൾ തേടിയെത്തുന്നത്. 2016ൽ രാഷ്ട്രപതി പുരസ്കാരം, ഐക്യരാഷ്ട്രസഭയുടെ അംഗീകാരം, പ്രഥമ ക്ലിന്റ് മെമ്മോറിയൽ  രാജ്യാന്തര പുരസ്കാരം, ഇന്ത്യ- ആഫ്രിക്ക ഉച്ചകോടി ദേശീയ പുരസ്കാരം എന്നിവയും അനുജാതിനെ തേടിയെത്തിയിരുന്നു.

ഇന്ത്യയിലെ മുൻനിര കലാകാരന്മായ അർപ്പണ കൗർ, യൂസഫ് അറയ്ക്കൽ, വിജെ അഭിമന്യു, ബോസ് കൃഷ്ണമാചാരി എന്നിവർക്കൊപ്പം ഡൽഹിയിൽ ചിത്രപ്രദർശനത്തിൽ അനുജാത് പങ്കെടുത്തിരുന്നു. ചിത്രരചനാ മത്സരങ്ങളോട് വലിയ താൽപ്പര്യമില്ലാത്ത അനുജാത്, മത്സരവേദികളിൽനിന്നു പിൻവലിഞ്ഞ് തന്റെ വരയിൽ മുഴുകുകയാണ്.

എന്റെ​ അമ്മയും അയൽപ്പക്കത്തെ അമ്മമാരും

“എന്റെ ഉള്ളിലുണ്ടായിരുന്ന കാഴ്ചകളാണ് ‘എന്റെ​ അമ്മയും അയൽപ്പക്കത്തെ അമ്മമാരും’ എന്ന ചിത്രത്തിലേക്ക് പകർത്തിയത്,” അനുജാത് പറയുന്നു. അടുത്ത അവധിക്കാലത്ത് താൻ വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി ‘എനിക്കുചുറ്റും എന്തെന്ത് കാഴ്ചകൾ’ എന്ന പേരിൽ ഒരു പ്രദർശനം നടത്താനുള്ള തയാറെടുപ്പിലാണ് അനുജാത്.

പ്രഥമ ക്ലിന്റ് പുരസ്കാരം നേടിയ അനുജാതിന്റെ ചിത്രം. ഒൻപത് വയസുള്ളപ്പോഴാണ് അനുജാത് ഈ ചിത്രം വരച്ചത്

ചിത്രകലയ്ക്ക് ഒപ്പം അഭിനയത്തിലും തൽപ്പരനാണ് ഈ കൊച്ചുമിടുക്കൻ. ‘മരമച്ഛൻ’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് 2015 ഭരത് പിജെ ആന്റണി സ്മാരക ദേശീയ പുരസ്കാരം, കോഴിക്കോട് ശാന്താദേവി പുരസ്കാരം, കേരളസർക്കാറിന്റെ പ്രത്യേക ജൂറി പുരസ്കാരം എന്നിവ അനുജാതിനു ലഭിച്ചിരുന്നു.

Read more: ജംഗിൾ ബുക്ക് : വനഭംഗിയിലേയ്ക്ക് കുട്ടിക്കണ്ണ് തുറക്കുമ്പോൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook