ആധുനിക ഇന്ത്യയുടെ ശിൽപ്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന, കുട്ടികളുടെ ചാച്ചാ നെഹ്രുവിന്റെ ജന്മവാർഷികത്തിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഐഇ മലയാളം കുട്ടികൾക്ക് വേണ്ടി ‘കുട്ടിക്കഥക്കൂട്ട്’ എന്ന കഥമാസം ആരംഭിച്ചു. നവംബർ ഒന്ന് മുതൽ 30 വരെ ദിവസം ഓരോ കഥ വീതം നൽകുക എന്നതായിരുന്നു ലക്ഷ്യം.
മൂന്ന് വർഷം മുമ്പ് 2018 നവംബറിലാണ് ഐഇ മലയാളം കുട്ടികൾക്കായുള്ള വിഭാഗം ആരംഭിച്ചത്. കുട്ടികളുടെ രചനകളും കുട്ടികൾക്കായി മുതിർന്നവർ എഴുതിയ രചനകളും ഉൾപ്പെടുത്തിയാണ് ഐഇ മലയാളം മുന്നോട്ട് പോയത്. അതിന്റെ തുടർച്ചയായിരുന്നു ഈ കഥമാസം.
കുട്ടികളുടെ ലോകത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെയുളള ഉളളടക്കം നൽകുന്നതിന് ശ്രദ്ധ ചെലുത്തിയ ഐഇ മലയാളത്തിന് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ ഓൺലൈൻ വായന കൂടിയതോടെ കൂടുതൽ ഉത്തരവാദിത്തവും ചുമതലയും കുട്ടികളുടെ വിഭാഗത്തിൽ ഏറ്റെടുക്കേണ്ടി വന്നു. ആ ഉത്തരവാദിത്തോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായിട്ടായിരുന്നു കുട്ടിക്കഥക്കൂട്ട് എന്നപേരിൽ കഥമാസം ആരംഭിച്ചത്. ഒരു ദിവസം ഒരു കഥ എന്ന കാഴ്ചപ്പാടോടെ ആണ് കുട്ടിക്കഥക്കൂട്ട് തുടങ്ങിയത്. വിവിധ പ്രദേശങ്ങളിൽ, വിവിധ ഭാഷകളിലുള്ള കഥകൾ ഞങ്ങൾക്ക് ലഭിച്ചു. പ്രശസ്തരായവർ മുതൽ പുതുതലമുറക്കാർ വരെയുള്ള എഴുത്തുകാർ ഈ സാഹിത്യ സംരഭത്തോട് ഹൃദയപൂർവ്വം സഹകരിച്ചു. വായനക്കാരിൽ നിന്നും പ്രത്യേകിച്ച് കുട്ടികളായ വായനക്കാരിൽ നിന്നും ഐഇ മലയാളത്തിന് അഭൂതപൂർവ്വമായ പ്രതികരണമാണ് ലഭിച്ചത്.
എഴുത്തുകാരുടെയും വായനക്കാരുടെയും അനുകൂലമായ പ്രതികരണം ഈ സംരഭത്തെ അതിന്റെ ലക്ഷ്യത്തിലെത്തിച്ചു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അത് ഞങ്ങൾക്ക് നൽകുന്ന ഊർജ്ജവും സന്തോഷവും വളരെ വലുതും വിലമതിക്കാനാവാത്തുമാണ്. അതിന് നിങ്ങളോരോരുത്തരോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
കഥക്കൂട്ടിൽ ലഭിച്ച പല കഥകളും ഇനിയും കൊടുക്കാനുണ്ട്. കുട്ടികളും മുതിർന്നവരും ഈ കഥക്കൂട്ട് പരമ്പര തുടരണം എന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ‘ഒരു ദിവസം ഒരു കഥ’ എന്ന സാഹിത്യ സംരഭം കുറച്ച് നാളുകൾ കൂടി തുടരാൻ തീരുമാനിച്ചിട്ടുള്ള വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഐ ഇ മലയാളം മുന്നോട്ട് വച്ച കുട്ടിക്കഥക്കൂട്ട് എന്ന കഥാസംരഭത്തോട് സഹകരിച്ച സാഹിത്യ പ്രതിഭകൾക്കും വായനക്കാർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി.
എഡിറ്റർ
നീലിയും പ്രസൂതിയും കൂട്ടുകാരായ കഥ
“മോളേ, പ്രസൂതി, ഞാനിറങ്ങുന്നേ…”
പ്രസൂതി മിണ്ടിയില്ല. പ്രസൂതിക്ക് മിണ്ടാനേ തോന്നിയില്ല. അവൾ സങ്കടത്തോടെ തത്തക്കൂടിനു മുന്നിൽ ചമ്രം പടിഞ്ഞിരിക്കയായിരുന്നു.
ഹാൻഡ് ബാഗ് തോളിലിട്ട് ധൃതിയിൽ ഉമ്മറത്തേക്കു വന്ന അമ്മയ്ക്ക് പ്രസൂതിയുടെ ഇരിപ്പ് കണ്ട് നല്ല ദേഷ്യം വന്നു.
“പത്ത് മണിക്കല്ലേ ഓൺലൈൻ ക്ലാസ്. ഇന്നലത്തെപ്പോലെ ഇന്നും മറന്ന് പോക്വോ? വേഗം മോള് റെഡിയാവ്. നിന്റച്ഛൻ കാലത്ത് എന്നോട് വല്ലാണ്ട് ദേഷ്യപ്പെട്ടിട്ടാ പോയത്. ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടാണത്രേ. കുറ്റം മുഴുവൻ എനിക്ക്!”
പ്രസൂതി തിരിഞ്ഞുനോക്കി പുഞ്ചിരി ഭാവിച്ചു.
“ഞാൻ മറക്കീല, അമ്മ പൊയ്ക്കോ. ഇന്നും ബസ്സ് മിസ്സാക്കണ്ട.”
അമ്മ പെട്ടെന്ന് നിശ്ചലയായി.
“അല്ല പ്രസൂതി, നിയെന്തിനാ എന്നേരവും ഈ കൂട്ടിന് മുന്നിലിങ്ങനെ തപസ്സിരിക്കണേ? വാശിപിടിച്ച് കരഞ്ഞോണ്ടിരിന്നപ്പോ, കൂടുതൽ നേരം പഠിക്കാംന്ന് ഉറപ്പ് പറഞ്ഞിട്ടല്ലേ നിനക്ക് തത്തയെ വാങ്ങിച്ച് തന്നേ, എന്നിട്ടിപ്പോ ഉള്ള പഠിപ്പും ഇല്ലാണ്ടായോ?”
പ്രസൂതി സങ്കടപ്പെട്ടു, “നോക്കമ്മേ… തത്തമ്മ ഇന്നും ഒരു വസ്തു കഴിച്ചിട്ടില്ല. ഒരു തുള്ളി പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. ഇങ്ങനെ പോയാല്‍ ഇത് ചത്തുപോകില്ലേ.”
തത്ത മുഖമുയർത്തിയില്ല. കൂനിപ്പിടിച്ചുള്ള അതേ ഇരിപ്പ് തുടർന്നു.
ചെരിപ്പുകളിട്ട് മുറ്റത്തേക്കുള്ള സ്റ്റെപ്പുകളിറങ്ങുന്നതിനിടയിൽ അമ്മ പറഞ്ഞു.
“എടീ. അത് വെശക്കുമ്പോ തിന്നോളും. നീ വെറുതെ തീറ്റിക്കാൻ നിക്കണ്ട. കൂടുമായി പൊരുത്തപ്പെടാൻ നാലീസം എട്ക്കും. നീ വേഗം കുളിച്ച് ഭക്ഷണം കഴിക്ക്. കാസറോളില്‍ ചൂട്ള്ള ഇഡ്ഢലിയ്ണ്ട്. നിനക്കിഷ്ടമുള്ള ഉള്ളിച്ചമ്മന്തീം ഉണ്ടാക്കി വെച്ചിട്ട്ണ്ട്.”
അമ്മ മുറ്റം കടന്നപ്പോൾ പ്രസൂതി വാശിയോടെ തത്തയോട് പറഞ്ഞു. “നോക്കിക്കോ നീയൊന്നും തിന്നില്ലെങ്കില്‍ ഞാനും ഇന്ന് പട്ടിണി കിടക്കും. ഉള്ളിച്ചമ്മന്തി ഞാൻ വേസ്റ്റില്‍ തട്ടും.”
തത്ത മുഖമുയർത്തിയില്ല

അവൾ അകത്ത് ചെന്ന് ഫ്രിഡ്ജിൽനിന്ന് ഓരോ ഈത്തപ്പഴവും ചെറിയും തക്കാളിയും കൊണ്ടുവന്ന് കൂട് തുറന്നു. പയറും കടലയുമൊക്കെ നിരത്തിയതിനു മുകളിൽ വച്ചു.
“തത്തമ്മേ ഇത് തിന്നോ. നല്ല ടേസ്റ്റുണ്ടാവും.”
അന്നേരം തത്ത മുഖമുയർത്തി കൊട്ടക്കണ്ണുകൾ മിഴിച്ച് അവളെ രൂക്ഷമായി നോക്കി. ചുവന്ന ചുണ്ട് വിറപ്പിച്ച് എന്തോ മുരണ്ടു.
രണ്ടു ദിവസം മുമ്പാണ് പ്രസൂതിയുടെ വാശിക്ക് കീഴടങ്ങി അച്ഛൻ ഒരു പച്ചപ്പനന്തത്തയെ സംഘടിപ്പിച്ചത്. മരങ്ങളിൽ കയറി തേനെടുക്കുന്ന ഏതോ ഒരു മനുഷ്യനാണ് തത്തയെ പിടിച്ചുകൊണ്ടുവന്നത്. അന്നു തന്നെ ‘ന്യൂമെറ്റൽസി’ൽ പോയി മനോഹരമായ കൂട് നിർമ്മിച്ചു. കമ്പിയഴിക്ക് പ്രസൂതി ആഗ്രഹിച്ചതു പോലെ തത്തതയുടെ നിറത്തിനു മാച്ച് ചെയ്യുന്ന പച്ചയും മഞ്ഞയും ചുവപ്പും പെയിന്റടിച്ചു.
തത്ത മുഖമുയർത്തിയപ്പോൾ പ്രസൂതിക്ക് അൽപ്പം ആശ്വാസം തോന്നി.
“എന്തെങ്കിലും കുറച്ച് കഴിക്ക് തത്തമ്മേ. ഇത്തരി പച്ചവെള്ളമെങ്കിലും കുടിക്ക്. ഇല്ലേങ്കില്‍ നീയ് ചത്തുപോകും.”
അന്നേരം തത്തപ്പക്ഷി കണ്ണുകൾ വെട്ടിത്തുറന്നു. നാലഞ്ച് നിമിഷങ്ങൾ പ്രസൂതിയെ തുറിച്ച് നോക്കിയ ശേഷം പറഞ്ഞു “ഈ കൂട്ടിലിങ്ങനെ കിടക്കുന്നതിനേക്കാൾ എത്രയോ നല്ലതാ ചത്തുപോകുന്നത്.”
പ്രസൂതി അമ്പരന്നു.
“ഓ നിനക്ക് മിണ്ടാനും അറിയാമല്ലേ. എന്നിട്ടാണോ രണ്ട് ദിവസം മുനിയെപ്പോലെ തപസ്സിര്ന്നത്. പിന്നെ, ചാവുന്ന കാര്യമൊന്നും പറയല്ലേ. എനിക്ക് പേടിയും സങ്കടവും ഒന്നിച്ച് വരും.”
തത്തപ്പക്ഷി ദയനീയമായി അപേക്ഷിച്ചു “എന്നെ ദയവായി തുറന്നുവിടൂ… എന്നെ എന്തിനാണ് ഒരു കാരണവുമില്ലാതെ ഈ കാരാഗൃഹത്തിൽ അടച്ചിട്ടിരിക്കുന്നത്. ഞാൻ നിങ്ങളോട് ഒരു അപരാധവും പ്രവർത്തിച്ചിട്ടില്ലല്ലോ…”
“അയ്യോ, തത്തമ്മേ അങ്ങനെ പറയാതെ, ഇത് കാരാഗൃഹമല്ല. ഞാനിവിടെ നിനക്ക് എല്ലാ സുഖസൗകര്യങ്ങളും ഒരുക്കിത്തരാം. കാട്ടിലൊന്നും കിട്ടാത്ത നല്ല, നല്ല ഭക്ഷണം തരാം. ഇടയ്ക്ക് ഐസ്ക്രീമും ഗുലാബ് ജാമുനും ഹൽവയും തരാം. കുഞ്ഞ് കിടക്ക വിരിച്ച് തരാം. കൂട്ടിലാവുമ്പോൾ കാട്ടിലെ പോലെ പേടിച്ച് കഴിയണ്ടല്ലോ. തത്തമ്മ ഇവിടെ എന്നും സുരക്ഷിതയായിരിക്കും. ഞാനാ പറയ്ണേ.”

തത്തമ്മയുടെ ശബ്ദം പരുഷമായി. “ആദ്യം കുട്ടിയുടെ ഈ തത്തമ്മ വിളി നിർത്തൂ. ഞാൻ അമ്മയും അമ്മൂമ്മയുമൊന്നുമല്ല.”
“അയ്യോ… പിന്നെ?”
“ഞാനും നിന്നെപ്പോലെ ഒര് കുഞ്ഞാണ്. നിന്നേക്കാളും ചെറിയ കുഞ്ഞാണ്. അമ്മയെക്കണ്ടിട്ട് ഇപ്പഴും കൊതിതീരാത്ത കുഞ്ഞാണ് ഞാൻ. അമ്മ തീറ്റ് കൊണ്ടുവരാൻ പറന്നുപോയ തക്കത്തിനാണ് ഒരു ദുഷ്ടൻ മരത്തിൽ വലിഞ്ഞ് കയറി എന്നെ മുറുക്കിപ്പിടിച്ചത്. എനിക്ക് പറന്ന് രക്ഷപ്പെടാൻ നേരം കിട്ടിയില്ല. ഞാൻ മയക്കത്തിലായിരുന്നു. ശത്രു മരത്തിൽ കേറി വന്നതൊന്നും ഞാൻ അറിഞ്ഞതേയില്ല. എന്റെ അമ്മ എന്നെക്കാണാഞ്ഞിട്ട് കരഞ്ഞ്, കരഞ്ഞ് എവിടെയെങ്കിലും തളർന്ന് കിടപ്പുണ്ടാകും. എന്റച്ഛൻ എന്നെത്തേടി ഇപ്പഴും പറന്ന് നടക്കുന്നുണ്ടാവും…”
കരച്ചിൽ വന്നു തത്തയുടെ തൊണ്ടയിടറി. അപ്പോൾ പ്രസൂതിക്കും നല്ല സങ്കടം വന്നു.
ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് തത്ത സംസാരം തുടർന്നു “പ്രസൂതി എന്നല്ലേ നിന്റെ പേര്?”
“ഹാ എങ്ങനെ മനസ്സിലായി?”
“നിന്റമ്മ നിന്നെ വിളിക്കുന്നത് കേട്ടു.”
“ഓ അത് ശരിയാണ്.”
“ഞാനൊന്ന് ചോദിക്കട്ടെ പ്രസൂതി, നിന്നെ അച്ഛനമ്മമാരുടെ അടൂത്തൂന്ന് ആരെങ്കിലും കട്ടോണ്ട് പോയിട്ട് കൊടുങ്കാട്ടിലെ ഒരു ഇരുട്ട് ഗുഹയിൽ ഒളിപ്പിച്ച് കുറേ തീറ്റ തന്നാൽ നിനക്ക് സന്തോഷാവ്വോ?”
ഭയത്തോടെ പ്രസൂതി മിണ്ടി “ഇല്ല.”
“എന്നാല്‍ അതുപോലാ എന്റെ കാര്യവും.”
പ്രസൂതിയുടെ കണ്ണുകൾ നിറഞ്ഞു. ഇടറുന്ന ഒച്ചയിൽ അവൾ ആരാഞ്ഞു “നിനക്ക് പേര്ണ്ടോ?”
“ഉണ്ട്. ഇല്ലാതിരിക്ക്വോ? മനുഷ്യരെപ്പോലെ ഞങ്ങൾക്കും അച്ഛനമ്മമാര്‍ ഓരോ പേരിടും.”
“എന്താ നിന്റെ പേര്?”
സന്തോഷം തുളുമ്പുന്ന ഒച്ചയിൽ തത്ത പറഞ്ഞു “നീലി.”
“ഹായ് എത്ര നല്ല പേര് നീലി… നീലി മോളെ നിന്നെ സ്നേഹിച്ച് വളർത്താൻ വേണ്ടിട്ടാ ഇവിടെ കൊണ്ട് വന്നത്. അച്ഛനും അമ്മേം കാലത്ത് പോയാല്‍ ഞാനിവിട ഒറ്റ്ക്കല്ലേ. എനിക്കൊരു കൂട്ട് വേണംന്ന് കരുതീട്ടാ…”
നീലി തത്ത്വജ്ഞാനിയെപ്പോലെ ഗൗരവപ്പെട്ടു.

“പ്രസൂതി, ഓരോ ജീവികളെ കൂട്ടിലിട്ട് വളർത്തുന്നത് മനുഷ്യര്ടെ സ്വാർത്ഥയാണ്. മനുഷ്യന്റെ സന്തോഷത്തിനാണത്. അല്ലാതെ ജീവജാലങ്ങളുടെ സന്തോഷത്തിനല്ല.”
“വേണ്ടത്ര സ്നേഹം കൊട്ത്തിട്ടല്ലേ വളർത്തുന്നത്. എപ്പോഴും ഓമനിക്കുന്നില്ലേ നേരാനേരത്ത് നല്ല നല്ല ഭക്ഷണം കൊടുക്കുന്നില്ല?”
“എന്താ പ്രസൂതി പറയുന്നത് ഭക്ഷണം കഴിക്കലാണോ ജീവിതത്തിന്റെ അർത്ഥം?”
“പിന്നെ?”
“നിങ്ങൾ മനുഷ്യർക്ക് ആയിരിക്കും. നിങ്ങൾ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരാണ്. ഞങ്ങൾ ജീവിച്ചിരിക്കാൻ വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്നവരാണ്.”
പ്രസൂതി ഈത്തപ്പഴം നീട്ടിപ്പിടിച്ചു “നീലിമോൾ ഇത് കഴിക്ക്. നല്ല ടേസ്റ്റായിരിക്കും.”
നീലി കെറുവിച്ചു. “എനിക്ക് വേണ്ട. ഞാൻ പറഞ്ഞില്ലേ, എനിക്കീ തടവ് ജീവിതത്തേക്കാൾ ഇഷ്ടം പട്ടിണി കിടന്ന് മരിച്ചുപോകുന്നതാണ്.”
“മരണത്തെ ഒട്ടും പേടിയില്ലേ നിനക്ക്?’
“അത് നിങ്ങൾ മനുഷ്യർക്കാണ്. ഓരോ നിമിഷവും മരണത്തെ ഭയന്ന് കഴിയുന്ന പാവങ്ങൾ ഞങ്ങൾ മരണത്തെക്കുറിച്ച് ഓർക്കാറേ ഇല്ല. എന്നിട്ടല്ലേ പേടി.”
പ്രസൂതി അനുനയിപ്പിക്കാൻ ഒരുങ്ങി “എന്റെ നീലിമോളേ, നിന്നെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം…”
പരിഹാസസ്വരത്തിൽ നീലി പെട്ടെന്ന് പ്രതിവചിച്ചു, “ഹാ! പൊന്നും മണ്ണാങ്കട്ടയൊന്നുമല്ല ഞാൻ. ജീവന്ള്ള ഒരു കുഞ്ഞു പക്ഷിയാണ്. നിങ്ങൾക്ക് പൊന്ന് വിലപിടിപ്പുള്ളതായിരിക്കും. ഞങ്ങൾക്ക് പൊന്നും മണ്ണാങ്കട്ടയും ഒരു പോലെയാണ്. ഇപ്പഴും എന്റെ ബന്ധുക്കളെല്ലാം എന്നെ കാണാഞ്ഞിട്ട് കരയുന്നണ്ടാകും. എത്രയും പെട്ടെന്ന് എന്നെ തുറന്നുവിടൂ. ഞാൻ എല്ലാവരേയും പോയി കാണട്ടെ…”
പ്രസൂതിയുടെ മനസ്സലിഞ്ഞു.
“നീലിമോളെ ഞാനിപ്പോൾ തന്നെ തുറന്നുവിടാം. എനിക്കൊരു തെറ്റ് പറ്റിപ്പോയി. ഞാൻ എന്റെ ഭാഗത്ത് നിന്നേ ചിന്തിച്ചുള്ളൂ. നീ നിന്റെ മാതാപിതാക്കളുടെ അടുത്തുചെന്ന് സുഖമായി വസിച്ചോളൂ. പക്ഷേ, രണ്ട് കാര്യങ്ങൾ എനിക്ക് ഉറപ്പ് തരണം.”
“രണ്ട് കാര്യങ്ങൾ?”
“അതേ, ഒന്ന് നീ എന്തെങ്കിലും കഴിച്ചിട്ട് എന്നോടുള്ള പിണക്കം തീർത്തിട്ടേ പോകാവൂ. അല്ലെങ്കിൽ എനിക്ക് വല്യ സങ്കടമാവും.”
ശരി. രണ്ടാമത്തെ കാര്യം?
പ്രസൂതി പുഞ്ചിരിച്ചു.
“അത്… നീ പോയാല്‍ വല്ലപ്പോഴും എന്നെ കാണാൻ വരണം. നമുക്ക് എപ്പോഴും കൂട്ടുകാരിയിട്ട് കഴിയാലോ. ഞാൻ ഇനിയൊരിക്കലും നിന്നെ കൂട്ടിലിടില്ല. നിന്നെ മാത്രമല്ല, ഒരു പക്ഷിയെയും ഞാനിനി കൂട്ടിലിടില്ല.”
“ശരി, ഞാൻ ഉറപ്പായും പ്രസൂതിയെ കാണാൻ നേരം കിട്ടുമ്പോഴൊക്കെ വരാം. ന്തേ?”
പ്രസൂതി സന്തോഷത്തോടെ തലകുലുക്കി “മതി, മതി.”
പ്രസൂതിയുടെ നീട്ടിപ്പിടിച്ച കൈത്തലത്തിൽനിന്ന് ഏതാനും പയർമണികൾ നീലി കൊത്തിത്തിന്നു. കുറച്ച് പച്ചവെള്ളവും കുടിച്ചു.
“ഇനി ഞാൻ പൊയ്ക്കോട്ടെ?”
പ്രസൂതി നീലിയെ കൂട്ടിന് പുറത്തേക്കെടുത്തു. ഒരു ഉമ്മ കൊടുത്തശേഷം പറഞ്ഞു “നീലി പൊയ്ക്കോളൂ…”

നീലി ആകാശത്തിലേക്ക് പറന്നു പൊങ്ങി മുറ്റത്തിനപ്പുറത്തെ മരങ്ങൾക്ക് അപ്പുറത്തേക്ക് മറഞ്ഞു.
സങ്കടത്തോടെ പ്രസൂതി അത് കണ്ടുനിന്നു.
പെട്ടെന്നാണ് ഓൺലൈൻ ക്ലാസിന്റെ ഓർമ്മ വന്നത്. പ്രസൂതി എഴുന്നേറ്റ് അകത്തേക്ക് ഓടി.
പിറ്റേന്ന് കാലത്ത് അമ്മ ഓഫീസിലേക്ക് ഇറങ്ങിയ നേരത്ത് പ്രസൂതിക്ക് നീലിപ്പക്ഷിയെ ഓർമ്മ വന്നു. വെറുതെ അവൾ കൂടിന് നേർക്ക് നോക്കി. പ്രസൂതി വിസ്മയിച്ചുപോയി. സ്വന്തം കണ്ണുകളെ അവൾക്ക് വിശ്വസിക്കാനായില്ല.
അതാ കൂടിനുള്ളിൽ നീലിത്തത്ത കയറിയിരിക്കുന്നു. അവൾ ഓടി അരികിലെത്തി. ആശ്ചര്യത്തോടെ ചോദിച്ചു “അയ്യോ, നീലിമോളേ നീ എന്താ മടങ്ങിവന്നേ?”
നീലി മിണ്ടിയില്ല.
പ്രസൂതി ചോദ്യം ആവർത്തിച്ചു.
അന്നേരം നീലി പൊട്ടിക്കരയാൻ തുടങ്ങി
“അമ്മയെ കണ്ടില്ലേ നീയ്”
ഒരേ കരച്ചിൽ. വീണ്ടും ചോദിച്ചപ്പോൾ നീലി പറഞ്ഞു
“ഇല്ല, ആരേം കണ്ടില്ല.”
“നീ, അന്വേഷിച്ചില്ലേ?”
വിങ്ങിക്കരച്ചിലിനിടയിൽ നീലി വിവരിച്ചു
“ഞാനിന്നലെ എല്ലായിടത്തും നോക്കി. ഞങ്ങളുടെ കൂട് ഉണ്ടായിരുന്ന ദിക്കില്ലെ മരങ്ങളും വീടുകളുമെല്ലാം മനുഷ്യര്‍ നശിപ്പിച്ച് കളഞ്ഞു. ചോരപോലെ ചുവന്ന് ഒഴുകുന്ന മണ്ണിലെല്ലാം പക്ഷിക്കുടുകള് ചിതറിക്കിടക്കുന്നത് കണ്ടു… എന്റെ ബന്ധുക്കളെ ആരേം കാണാനുണ്ടായിരുന്നില്ല.”
പ്രസൂതി പെട്ടെന്ന് ഓർത്തു, രാത്രി അച്ഛൻ കയറിവന്നപാടെ അമ്മയോട് പറഞ്ഞ കാര്യം.
പുതിയ തീവണ്ടിപ്പാതയ്ക്ക് നിശ്ചയിച്ച വഴിയിലെ വീടുകളും മരങ്ങളുമെല്ലാം പാതിരാത്രീല് കുറേ ദുഷ്ടയന്ത്രങ്ങൾ വന്ന് തച്ചുതകർത്ത കഥ. കാലത്ത് ജനങ്ങളുണർന്ന് യന്ത്രങ്ങളെയും ഉദ്യോഗസ്ഥന്മാരേം ഓടിച്ചുവിട്ടൂത്രേ!
പ്രസൂതി സമാധാനിപ്പിച്ചു “നീലി കരയണ്ട നമുക്ക് എല്ലാവരെയും കണ്ടുപിടിക്കാം. തൽക്കാലം അവരെല്ലാം പേടിച്ച് എങ്ങോട്ടെങ്കിലും പറന്ന് രക്ഷപ്പെട്ടിട്ടുണ്ടാവും. എന്തായാലും തിരിച്ച് വരാതിരിക്കില്ല. നീലിയെ അവരങ്ങനെ ഉപേക്ഷിച്ച് പോകുമോ?”
നീലി ഇല്ലെന്ന് തലയാട്ടി.
പ്രസൂതി സ്നേഹത്തോടെ ഇരുകൈകളിലും നീലിയെ വാരിയെടുത്ത് ഉമ്മവച്ചിട്ട് പറഞ്ഞു.
“അവരെ കണ്ടെത്തുംവരെ നീലിമോൾ ഇവിടെ താമസിച്ചോളൂ. ഈ കൂട്ടിനുള്ളിലല്ല. ഈ വീട്ടിനുള്ളിൽ എല്ലാ മുറികളിലും നീലി യഥേഷ്ടം പറന്നോളൂ. സ്വന്തം വീട് പോലെ, സ്വാതന്ത്ര്യത്തോടെ സഞ്ചരിച്ചോളൂ. ഇടയ്ക്കിടെ പുറത്ത് മരങ്ങളിലൂം ആകാശത്തിലേക്കുമൊക്കെ ചിറക് വിടർത്തി പറന്നോളൂ.”
നീലി ഉൽക്കണ്ഠയോടെ ചോദിച്ചു “ആ ദുഷ്ടയന്ത്രങ്ങൾ വീണ്ടും വന്നുകളയുമോ?”
“ഇല്ല നീലി, ഒരിക്കലും ആ ഭീകരരൂപികൾ നമ്മുടെ നാട്ടിലേക്ക് ഇനി വരില്ല. അച്ഛൻ ഇന്നലെ പറയുന്നുണ്ടായിരുന്നു. ആളുകളെല്ലാം ഉണർന്ന് കാവലിരിക്കുന്നുണ്ടത്രേ! പാവങ്ങൾക്കും സാധാരണക്കാർക്കും വേണ്ടാത്ത ഒരു പദ്ധതിയും നടക്കാൻ പോകുന്നില്ലത്രേ!”
നീലിക്ക് സമാധാനമായി. “സത്യം?”
പ്രസൂതി ഉറച്ച സ്വരത്തിൽ പറഞ്ഞു “സത്യം!”
നിലീക്ക് സന്തോഷമായി. അവൾ പ്രസൂതിയുടെ കൈകളിൽനിന്ന് ചിറകടിച്ചുയർന്ന് വീട്ടിലെ മുറികളിലൂടെ ചുറ്റിപ്പറന്നു. ആഹ്ളാദത്തോടെ ആർപ്പുവിളിച്ചുകൊണ്ട് പിന്നാലെ പ്രസൂതിയും ഓടാൻ തുടങ്ങി.