മലമുകളിലെ മാമന്‍

“പോകുന്നതിനു മുന്പ് ഒരു കൈക്കുമ്പിളില്‍ അത്തിക്കും എനിക്കുമായി കുറെ വിത്തുകളും തന്നു” അഖിൽ എസ് മുരളീധരൻ എഴുതിയ കഥ

മലകള്‍ക്കിടയിലുള്ള ഗ്രാമമായിരുന്നു അത്.

ഞാനും അത്തിയും ഗ്രാമത്തിലെ മറ്റു കുട്ടികളും കുട്ടിക്കാലം തൊട്ട് കേള്‍ക്കുന്ന ഒരു കഥയുണ്ട്
അത് മല മുകളിലെ മാമനെപ്പറ്റിയുള്ളതായിരുന്നു.

മാത്തൂപ്പന്‍ അമ്മാവന്റെയും അത്തിയുടെയും വീടുകഴിഞ്ഞാല്‍ മലമുകളിലേക്കുള്ള വഴിയാണ്.
അത്തിയുടെ അമ്മ വിശേഷ ദിവസങ്ങളില്‍ പാലട ഉണ്ടാക്കാറുണ്ട് അപ്പോഴൊക്കെയും എന്നെയും വിളിക്കും. സന്തോഷത്തോടെ ഞാന്‍ തുള്ളിച്ചാടും.

അത്തിയുടെ അമ്മയാണ് മലമുകളിലെ മാമനെപ്പറ്റിയുള്ള കഥകള്‍ പറയുക.

എന്തൊക്കെ കഥകളാണ് മാമനെപ്പറ്റിയുള്ളത്. കാട്ടു കള്ളന്മാരെ വിരട്ടിയോടിച്ച കഥ, മലകളില്‍ മരങ്ങള്‍ നട്ടുവളര്‍ത്തിയ കഥ.

ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ നല്ല മതിപ്പുണ്ടായിരുന്നു. ഗ്രാമത്തിലെ ഓരോ കുട്ടിയും മലമുകളിലെ മാമനെക്കാണാന്‍ ആഗ്രഹിച്ചിരുന്നു. ഓരോ കുട്ടിക്കും ഒത്തിരിയൊത്തിരി സ്വപ്‌നങ്ങള്‍ ഉണ്ടാകുമല്ലോ.

മലകളുടെ മുകളില്‍ കൂറ്റന്‍ മരങ്ങളുണ്ടായിരുന്നു, മലമുകളിലെ മരങ്ങളില്‍ പലര്‍ക്കും ഒരു കണ്ണുണ്ടായിരുന്നു. പക്ഷേ, മലയുടെ മുകളില്‍ക്കയറി മരങ്ങള്‍ മുറിക്കാന്‍ ആരും ശ്രമിച്ചില്ല എന്നല്ല അങ്ങനെ ചെന്നവരെയൊക്കെ മാമന്‍ ആട്ടിയോടിച്ചു. പിന്നെ ആരും അങ്ങോട്ട്‌ പോകാതായി.

മാമന്റെ രൂപം എങ്ങനെയാകും? തടിച്ചിട്ടായിരിക്കുമോ? നല്ല ഉയരമുണ്ടാകുമോ? കൊമ്പന്‍ മീശയും ചുവന്ന കണ്ണുകളുമുള്ള ഭയപ്പെടുത്തുന്ന രൂപമായിരിക്കുമോ? അങ്ങനെയൊക്കെ ഞങ്ങള്‍ ചിന്തിച്ചിരുന്നു.

akhil muraleedharan, story, iemalayalam

അക്കാലത്താണ് ഒരു സംഭവമുണ്ടായത്. ഞങ്ങളെ ഭരിച്ചിരുന്ന അധികാരികള്‍ ഒരു ദിവസം ഗ്രാമത്തിലേക്ക് വന്നു. അവര്‍ നഗരത്തില്‍ നിന്നും വന്നവരാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി

അവരുടെ തിളങ്ങുന്ന വസ്ത്രങ്ങൾ സുഗന്ധവും പരത്തുന്നുണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ അവരെ ചുറ്റിപ്പറ്റി നിന്നു.

മാത്തൂപ്പന്‍ അമ്മാവനോട് അവര്‍ എന്തൊക്കെയോ സംസാരിച്ചു. അമ്മാവന്റെ കാള ദേഷ്യത്തോടെ മുരണ്ടുകൊണ്ടു നിന്നു.

ഞാനും അത്തിയും അവനെ സമാധാനിപ്പിച്ച് അവിടെത്തന്നെ നിന്നു. എന്തിനായിരിക്കും അവര്‍ വന്നതെന്ന ആകാംഷയായിരുന്നു ഞങ്ങള്‍ക്ക്.

പിന്നെയാണറിഞ്ഞത് അധികാരികള്‍ക്ക് ഗ്രാമത്തില്‍ ഫാക്ടറി ഉണ്ടാക്കണമത്രേ. അതുകൊണ്ട് ഞങ്ങള്‍ ഇവിടം വിട്ടു പോകണമെന്ന്.

അമ്മാവനും, അത്തിയും ഞങ്ങള്‍ ഗ്രാമവാസികള്‍ എല്ലാവരും തന്നെ വേദനയോടെ നിന്നു. മാത്തൂപ്പന്‍ അമ്മാവന്‍ തന്‍റെ കാളയെ ചേര്‍ത്തുപിടിച്ചു നിന്നു കരയാന്‍ തുടങ്ങി.

എന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു മലമുകളിലെ മാമന്‍ ഞങ്ങളെ കാക്കുമെന്ന്.

ആരും കാണാതെ ഒരുച്ചയ്ക്ക് ഞാനും അത്തിയും കാട്ടിലേക്ക് പോയി.

നടന്നു നടന്ന് വന്മരങ്ങള്‍ക്കിടയിലേക്ക് ഞങ്ങള്‍ കടന്നു കയറി.

മാമന്‍ എവിടെയാണ്?

“മാമാ… മാമാ” അത്തിയും ഞാനും ഉറക്കെ വിളിച്ചു.

അപ്പോഴായിരുന്നു അതുണ്ടാത് തൂവെള്ള താടിയും അതുപോലെ നീണ്ടു കിടക്കുന്ന മുടിയോടും കൂടി

മുത്തച്ഛനെ പോലെ ഒരാള്‍ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ഞങ്ങള്‍ക്കരികിലേക്ക് നടന്നു വന്നു

നിങ്ങള്‍ ആരാ? എന്തിനാ ഇങ്ങോട്ട് വന്നത്? സ്നേഹവായ്പോടെയുള്ള ആ ശബ്ദം കേട്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി

ഒറ്റ ശ്വാസത്തില്‍ കഥയെല്ലാം പറഞ്ഞൊപ്പിച്ചു. അദ്ദേഹം പുഞ്ചിരിയോടെ ഞങ്ങളെ നോക്കി

അങ്ങനെയാണോ എങ്കില്‍ ഞാനും നിങ്ങള്‍ക്കൊപ്പം വരാം. അദ്ദേഹം ഒരു തോള്‍ സഞ്ചിയും കരുതിയിരുന്നു. അതിനുള്ളില്‍ അനേകം വിത്തുകളായിരുന്നു.

കാടിനുള്ളില്‍ നിന്നും ശേഖരിച്ചുകൊണ്ടിരുന്ന അനേകം വിത്തുകള്‍. ഞങ്ങള്‍ക്കൊപ്പം നടക്കുമ്പോള്‍ അദ്ദേഹം വിത്തുകൾ വിതറിക്കൊണ്ടിരുന്നു.

അനേകം വര്‍ഷങ്ങള്‍ കൊണ്ട്, മാമന്‍ കാടുണ്ടാക്കിയത് അങ്ങനെയായിരുന്നുവത്രേ

ഞങ്ങൾക്കൊപ്പം കാടിറങ്ങി വരുന്ന മലമുകളിലെ മാമനെക്കണ്ട് ആളുകള്‍ അന്തം വിട്ടു നിന്നു

അവരോട് അദ്ദേഹം നിങ്ങള്‍ അധികാരികള്‍ വരുമ്പോള്‍ മരങ്ങളെ കെട്ടിപ്പിടിച്ചു നില്‍ക്കാന്‍ പറഞ്ഞു.

akhil muraleedharan, story, iemalayalam

Read More: അഖിൽ മുരളീധരന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

ഫാക്ടറി ഉണ്ടാക്കാന്‍ അന്നുച്ച കഴിഞ്ഞ് അധികാരികള്‍ വന്നു.

ഗ്രാമീണര്‍ മരങ്ങളെ കെട്ടിപ്പിടിച്ചു നിന്നു. ഞാനും അത്തിയും കൊച്ചു കുട്ടികള്‍ പോലും അങ്ങനെ ചെയ്തു.

അധികാരികള്‍ ഭീഷണിപ്പെടുത്തി. എന്നിട്ടും ആരും അനങ്ങിയില്ല. അധികാരികള്‍ മാമനെ ക്കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു.

അദ്ദേഹം അവരോട് എന്തൊക്കെയോ പറഞ്ഞു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പലരും ഗ്രാമത്തില്‍ വന്നു പോയി .

വാര്‍ത്ത അനേകം ഗ്രാമങ്ങളിലേക്ക് പടര്‍ന്നു. അവരും ഞങ്ങളെ സഹായിക്കാനെത്തി .

ഒടുവില്‍ എല്ലാവരും മാമന് മുന്നില്‍ തോറ്റുപോയി എന്നു വേണം പറയാന്‍. അധികാരികള്‍ തോല്‍വി സമ്മതിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ എന്നെന്നേക്കുമായി ഗ്രാമം വിട്ടു പോയി.

ഞങ്ങളുടെ മണ്ണില്‍ മാത്തൂപ്പന്‍ അമ്മാവന്‍ വീണ്ടും നെല്ല് വിതക്കാന്‍ തുടങ്ങി.

മലമുകളിലെ മാമന്‍ കാട്ടിലേക്ക് തിരിച്ചു പോയി പോകുന്നതിനു മുന്പ് ഒരു കൈക്കുമ്പിളില്‍ അത്തിക്കും എനിക്കുമായി കുറെ വിത്തുകളും തന്നു.

അവധിക്കാലത്ത്‌ വീണ്ടു വരാന്‍ ഞങ്ങള്‍ അദ്ദേഹത്തെ ക്ഷണിച്ചു.

ഇന്നിപ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ പുതുതായി അനേകം മരങ്ങളുണ്ട് കാലം ഒരുപാടായിരിക്കുന്നു

അത്തിയും ഞാനും വളര്‍ന്നു വലുതായി, എങ്കിലും ഞങ്ങള്‍ മലകളിലേക്ക് നോക്കുമ്പോള്‍ അവിടെ വളര്‍ന്നു വലുതായ മരങ്ങൾ കാണുമ്പോള്‍ മലമുകളിലെ മാമനെ ഓര്‍ക്കും. അദ്ദേഹം ഇപ്പോഴും കാടിനുള്ളില്‍ എവിടെയോ ചെറു മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നതായി സങ്കൽപ്പിക്കും

കാരണം ഞങ്ങള്‍ കുട്ടികള്‍ അദ്ദേഹത്തെ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു.

  • സുന്ദർലാൽ ബഹുഗുണയെ കുറിച്ചുള്ള ഓർമ്മകളിൽ എഴുതിയ കഥ

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Akhil muraleedharan story for children malamukalile mamman

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express