scorecardresearch

സോമ്പി സ്റ്റോറി

മമ്മേ കെട്ടിപ്പിടിച്ചു കിടന്നാലേ ഉറക്കം വരൂന്ന് എത്ര പറഞ്ഞതാ? അപ്പോ എനിക്കും ദേഷ്യം വരും. മമ്മ പോയാലുടനെ മൂലയിൽ വീണുകിടക്കുന്ന ഡൈനോയെ എടുത്തു ബെഡിൽ കിടത്തും. അങ്ങനെ ആണ് ഞങ്ങൾ രഹസ്യങ്ങളൊക്കെ പറയുന്ന ഫ്രണ്ട്സ് ആവുന്നേ. ആഷ് അഷിത എഴുതിയ കുട്ടിക്കഥ

ash ashitha, story, iemalayalam

മമ്മയുമായി കൂട്ട് വെട്ടി ടോയ്‌റൂമിൽ ഒറ്റക്കിരിക്കുമ്പോളാണ് ഒരു ഐഡിയ വന്നത്.
നീളൻ ജിറാഫിന്റെ കഴുത്ത് കൊറച്ച് വെട്ടി ചെറുതാക്കിയിട്ട് ഒട്ടിച്ചു വെച്ചു. പാവം മരം പോലെ നീണ്ടുപോയ ആ കഴുത്തും വെച്ചെത്ര കഷ്ടപെട്ടാണ് വെള്ളം കുടിച്ചിരുന്നത്!

അനിമൽഹൌസിൽ കേറുമ്പോളും ഇറങ്ങുമ്പോളും ഒക്കെ റൂഫിൽ തല ഇടിക്കും ചെയ്യും.
കുഞ്ഞനായ ഹാപ്പിജിറാഫ് മുട്ടിയിരുമ്മി ‘ഐ ലവ് യു’ പറഞ്ഞപ്പോളാണ് ആനക്കുട്ടൻ കുടവയറിൽ മസ്സാജ് ചെയ്ത് നിലത്ത് കിടന്ന് കരഞ്ഞു വിളിച്ചത്.

“നോ നോ നോ… കരയണ്ട ആനക്കുട്ടാ… ബാഡ് ബോയ്സ് അല്ലേ കരയുന്നെ? എന്ത് പറ്റീതാ?”

“ങ്ങീ… ങ്ങീ… റൂമി ബേബി മമ്മയോട് പിണങ്ങീട്ട് ഒന്നും കഴിച്ചില്ലല്ലോ. അപ്പൊ ഞാൻ റൂമി ബേബിക്ക് ഉണ്ടാക്കിവെച്ച പിസ്സ മുഴോൻ എടുത്തു മണുമണാ തിന്നാരുന്നു. പിന്നെ അടുക്കളയിൽ കണ്ട പഴം, തണ്ണിമത്തൻ, ഹോർലിക്‌സ്… എനിക്കിപ്പം ഈ കുമ്പയും കൊണ്ട് നടക്കാൻ വയ്യായേ…”

“ഓവറീറ്റിംഗ് ഈസ്‌ ബാഡ്ന്ന് അറിയൂലെ ആനക്കുട്ടാ? ഒന്ന് കരയാതിരിക്ക്, ഞാൻ ഐഡിയ ആലോചിക്കട്ടെ…”

മ്യാവു മ്യാവു പൂച്ച ഭയങ്കര സ്മാർട്ട്‌ ആണ്. ചോദിക്കും മുമ്പേ ഐഡിയാസ് തരും.
അവള് പറഞ്ഞത് പോലെ ആനക്കുട്ടന്റെ മൂട്ടിൽ ഒരു സ്റ്റിക്ക് ഇട്ട് കുത്തി കുത്തി ഹോൾ ഉണ്ടാക്കി അതിലൂടെ ഉള്ളിലുള്ളതെല്ലാം പുറത്തെടുത്തു. അപ്പോ ശൂ ന്ന് കാറ്റ് പോയ ബലൂൺ പോലെ ആനക്കുട്ടൻ കുഞ്ഞുകുട്ടനായി.

ഇപ്പൊ ആർക്ക് വേണേലും തൂക്കിയെടുക്കാം. അതേ ഓപ്പറേഷൻ ടെഡ്‌ഡി ബെയറിനും ഹിപ്പോയ്ക്കും കൂടെ ചെയ്തപ്പോളേക്കും ക്ഷീണിച്ചു.

റൂമിൽ നിറയെ പഞ്ഞി പറന്നു നടക്കുന്നു. ശരിക്കും ഐസ് ലാൻഡ് പോലെ. സ്കേറ്റിങ്ങിന് കൊണ്ടോവാന്ന് മമ്മ പിഗ്ഗിപ്രോമിസ് ചെയ്തിട്ട് എത്ര നാളായി.

എപ്പോളും ലാപ്ടോപ്പിൽ കുത്തി ഇരിപ്പാണ്. ജോലി ചെയ്യുമ്പോ മമ്മ വട്ടകണ്ണട കൂടെ വെയ്ക്കും. എനിക്ക് ഇഷ്ടമേ അല്ല. ഇടയ്ക്ക് ബ്രേക്ക് എടുത്ത് കളിക്കാൻ വരും.

ash ashitha, story, iemalayalam


പക്ഷെ രണ്ട് മൂന്ന് മിനിട്ടാ ആവുമ്പോളേക്കും ഫോൺ റിംഗ് ചെയ്യും. അപ്പൊ പിന്നെ മമ്മയ്ക്ക് ബേബിയെ വേണ്ടേ വേണ്ട. ഓഫീസ്ന്നും പറഞ്ഞ് പിന്നേം ഓടിപ്പോകും.

ഇനിയിപ്പോ വന്നാലും ചിരിച്ചുകാണിക്കല്ലേന്നും ഓടിച്ചെന്ന് കെട്ടിപ്പിടിക്കല്ലേന്നും എല്ലാ അനിമൽസിനോടും പറഞ്ഞു കൊടുത്തിട്ടുണ്ട്. കൂട്ട് വെട്ടിയാൽ പിന്നെ നോ ഹഗ്. നോ കിസ്സ്.

മങ്കീസിനെ എല്ലാം വിളിച്ചോണ്ട് വന്ന് കിടക്കയിൽ കുത്തിമറിഞ്ഞാൽ ഹാപ്പി ബേബി ആവും.

“ഫൈവ് ലിറ്റിൽ മങ്കിസ്
ജംപിങ് ഓൺ ദി ബെഡ്…
വൺ ലിറ്റിൽ മങ്കി ഫെൽ ഓഫ്‌
ആൻഡ് ബമ്പഡ് ഹിസ് ഹെഡ്…”

ഔച്… താഴെ വീണപ്പോൾ തല ശരിക്കും കട്ടിലിൽ ഇടിച്ചു. അനിമൽസ് എല്ലാം ഓടിവന്നു. അവർക്കൊക്കെ റൂമിബേബിയെ നല്ല ഇഷ്ടമാണ്.

ഹൂഹും… എത്ര വേദനിച്ചാലും ഇനി മമ്മയെ വിളിക്കില്ല?

ഇന്നലെ രാത്രീലും സ്റ്റോറി പറയാന്ന് പറഞ്ഞു പറ്റിച്ചു. ടോട്ടോ ആമയോടൊപ്പം കോമ്പറ്റിഷൻ നടത്തിയ റാബിറ്റ് മരത്തിന്റെ ചോട്ടിൽ ഇരുന്ന് ഉറങ്ങീന്ന് പറഞ്ഞപ്പോളേക്കും മമ്മ കൂർക്കം വലി തുടങ്ങി.
മുടി പിടിച്ചു വലിച്ചും കണ്ണിൽ കുത്തിയും ഉണർത്താൻ നോക്കിട്ടൊന്നും കാര്യണ്ടായില്ല.

“വേഗം ഉറങ്ങിക്കേ… മമ്മ ടയേഡാ കുഞ്ഞാ” ന്നും പറഞ്ഞ് എണീറ്റ് പോയി.

ഉറക്കം വരാതെ കിടന്നപ്പോളാണ് പാപ്പി ഡൈനോസോറസിനോട് ഐഡിയ ചോദിച്ചത്.
അതീപ്പിന്നെ എന്നും മമ്മയെ പിടിച്ചു തിന്നണോന്ന് പാപ്പി ഡൈനോ ചോദിച്ചോണ്ടിരിക്കുകയാണ്.

അപ്പൊ മമ്മ മരിച്ചു പോവില്ലേന്ന് ചോദിച്ചപ്പോ ഡൈനോയ്ക്ക് ഭയങ്കര ദേഷ്യായി. ഡൈനോ എഗ്ഗ്സ് ഒന്നും മമ്മ എടുത്തില്ലല്ലോ ഇത്ര ദേഷ്യപ്പെടാൻ.

ഹാ ഇപ്പൊളാ ഓർത്തേ… മമ്മയ്ക്ക് ബേബി ഡൈനോയെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നേ ഇഷ്ടല്ല. ഉറക്കത്തിൽ ഡൈനോയുടെ വാലും പല്ലും ഒക്കെ ദേഹത്തു കുത്തുംന്ന് പറഞ്ഞ് എടുത്തു വലിച്ചെറിയും. എന്നിട്ട് സോഫ്റ്റ്‌ ടച്ചിന് പറ്റുന്ന ടെഡ്‌ഡിയെയും ബൗബൗ ഡോഗിനെയും അടുത്തു വെയ്ക്കും.

ഡൈനോക്ക് ഭയങ്കര റിവഞ്ച് ആണെന്ന് ഈ മമ്മയ്ക്ക് അറിയൂല്ലേ? സത്യം പറഞ്ഞാ മമ്മയോട് റൂമിബേബിക്കും ഇത്തിരി ദേഷ്യമൊക്കെ ഉണ്ട്.

എന്നും മമ്മേടേം പപ്പേടേം ബെഡിൽ ആരുന്നു കിടന്നുറങ്ങീരുന്നത്. ഒരൂസം പെട്ടെന്ന് റൂമി ബേബി ബിഗ്ബോയ് ആയീന്നും പറഞ്ഞ് ഈ ടോയ്‌റൂമിൽ കൊണ്ട് കിടത്തി. കരഞ്ഞപ്പോൾ എന്നും ഉറങ്ങും വരെ സ്റ്റോറീസ് പറഞ്ഞോണ്ടിരിക്കുംന്നും പ്രോമിസ് ചെയ്തു.

പക്ഷേ മൂന്നാല് സ്റ്റോറീസ് ആവുമ്പോളേക്കും മമ്മ ക്ഷീണിക്കും. ചില ഡൌട്ട് ഒക്കെ ചോദിച്ചാ അപ്പൊ “ഇനി കണ്ണടച്ച് കിടന്നിട്ട് ഉറങ്ങിക്കേ”ന്ന് ദേഷ്യപ്പെടും.

ash ashitha, story, iemalayalam


മമ്മേ കെട്ടിപ്പിടിച്ചു കിടന്നാലേ ഉറക്കം വരൂന്ന് എത്ര പറഞ്ഞതാ? അപ്പോ എനിക്കും ദേഷ്യം വരും. മമ്മ പോയാലുടനെ മൂലയിൽ വീണുകിടക്കുന്ന ഡൈനോയെ എടുത്തു ബെഡിൽ കിടത്തും. അങ്ങനെ ആണ് ഞങ്ങൾ രഹസ്യങ്ങളൊക്കെ പറയുന്ന ഫ്രണ്ട്സ് ആവുന്നേ.

മനുഷ്യരെയൊക്കെ ഗ്ലും ഗ്ലും ന്ന് പിടിച്ചു തിന്നുന്നവർ ആയിരുന്നത്രെ ഈ ഡൈനോ പാപ്പിയുടെ അപ്പൂപ്പനൊക്കെ.

വിശ്വാസം ഇല്ലേൽ ‘ജുറാസിക്ക് പാർക്ക്’ എന്നൊരു മൂവി കണ്ടു നോക്കാനും പറഞ്ഞുന്നോട്. ഞാൻ പപ്പയുടെ ഫോണിൽ കുറച്ചു കണ്ടതേ ഉള്ളൂ… ഹൌ!

പിന്നെ പാപ്പി ഡൈനോയെ കൂടെ കിടത്താൻ തന്നെ പേടിയായി. മമ്മ റൂമിൽ വരുമ്പോളൊക്കെ പാപ്പി ഡൈനോ കലിപ്പിൽ നോക്കുന്നുണ്ട്.

“ഇത്രേം വല്യ സാധനത്തിനെ എന്തിനാ ബെഡിൽ കയറ്റി വെക്കുന്നേ”ന്നും പറഞ്ഞു തൂക്കിയെടുത്തപ്പോൾ പാപ്പി മമ്മയുടെ വിരലിൽ കടിച്ചു. അതിന്റെ വേദന കൊണ്ടാവും
ഉണ്ണാത്തതിനും ഉറങ്ങാത്തതിനും ഒക്കെ വഴക്ക് പറഞ്ഞ് മമ്മ ചാടിത്തുള്ളി പോയി.

പാപ്പിക്ക് എന്തോ വലിയ പ്ലാൻ ഉണ്ടെന്ന് എനിക്ക് ഉറപ്പായി. അന്ന് രാത്രി ഉറങ്ങാതെ കിടക്കുമ്പോൾ ബൗ ബൗ ഡോഗ് എന്റെ ദേഹത്തൊക്കെ നക്കി ‘ഡോണ്ട് വറി’ന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ എവിടെ നിന്നോ ഒരു ബുക്കും കൊണ്ടു വന്നു.

“മമ്മയോട് ഈ കഥ വായിച്ചു തരാൻ പറയ്. അപ്പോ എല്ലാ പിണക്കോം മാറും…” ബൗ ബൗ ഉറപ്പിച്ചു പറഞ്ഞു.

കിടക്കാൻ നേരം പാപ്പി ഡൈനോയെ ഞാൻ സ്റ്റോർറൂമിൽ കൊണ്ടിട്ടിട്ട് വാതിൽ അടച്ചു. മമ്മയ്ക്ക് പുതിയ ബുക്ക്‌ എടുത്തു കൊടുത്തു.

അതൊരു സോമ്പി കുട്ടിയുടെ കഥയായിരുന്നു.

“ഒരു ഗ്രാമത്തിൽ ഒരു പാവം അമ്മയും കുട്ടിയും ഉണ്ടായിരുന്നു. ജനിച്ചപ്പോൾ തന്നെ വലിയ കണ്ണുകളും വായും ആയിരുന്നു കുട്ടിക്ക്. യാതൊരു വികാരങ്ങളും പ്രകടിപ്പിക്കാത്ത അവന് എപ്പോളും വിശപ്പാണ്. എത്ര കഴിച്ചാലും മതിയാവില്ല.

വീട്ടിലുള്ളതെല്ലാം തീർന്നപ്പോൾ കുട്ടിയും അയൽവീട്ടിൽ നിന്നും ഓരോന്നെടുത്ത് തിന്നാൻ തുടങ്ങി. നാട്ടുകാരെ പേടിച്ച് അമ്മ കുട്ടിയെ വീടിനുള്ളിൽ ഒരു കുഴിയുണ്ടാക്കി അടച്ചിട്ടു. ആരും കാണാതെ അമ്മ പലയിടത്തു നിന്നായി കോഴിയേയും ആടിനെയുമൊക്കെ കൊണ്ടുവന്നു കൊടുക്കും.

അങ്ങനെ കുറെ നാളുകൾ ആയപ്പോൾ ഗ്രാമത്തിൽ മഹാമാരി വന്നു. കുറെ പക്ഷികളും മൃഗങ്ങളും ചത്തു. മരിക്കാതെ രക്ഷപ്പെട്ട ആളുകൾ ഗ്രാമം വിട്ട് പോയിത്തുടങ്ങി. ഭക്ഷണമൊന്നും കിട്ടാതായി. അമ്മയ്ക്ക് പക്ഷെ കുട്ടിയെ ഒറ്റയ്ക്ക് വിട്ടുപോവാൻ മനസ്സ് വന്നില്ല.

ash ashitha, story, iemalayalam


കുഴിയിൽ കിടന്ന് കുട്ടി കരയാൻ തുടങ്ങിയപ്പോൾ അമ്മ ആദ്യം തന്റെ കാലുകൾ മുറിച്ച് ഇട്ട് കൊടുത്തു. പിന്നെ കൈകൾ. ഒടുവിൽ അടുത്ത് ചെന്ന് തന്നെ മുഴുവനായി തിന്നുകൊള്ളാൻ പറഞ്ഞു. കഠിനമായ വിശപ്പുണ്ടായിട്ടും കുട്ടി അനങ്ങിയില്ല.

കുട്ടി നിലത്തുകിടന്നിരുന്ന കൈകൾ അമ്മയുടെ ദേഹത്തോട് ചേർത്തൊട്ടിച്ചു പിടിച്ചു. എന്നിട്ട് ജീവിതത്തിൽ ആദ്യമായി വാക്കുകൾ കൂട്ടിവെച്ച് മിണ്ടി…

“അമ്മേ… അമ്മയെന്നെയൊന്നു കെട്ടിപ്പിടിക്കാമോ?”

“അപ്പൊ നീ അതൊന്നും തിന്നില്ലേ? നിനക്ക് വിശക്കുന്നില്ലേ?”

അമ്മ അമ്പരന്നു.

“ഇത്രേം വർഷങ്ങളും ഞാനീ ഇരുട്ടത്തിരുന്ന് കരഞ്ഞത് അമ്മയെ ഒന്ന് തൊടാനാണ്. അമ്മയ്ക്കെന്റെ വിശപ്പ് മനസ്സിലായില്ലല്ലോ” അമ്മയെ മുറുകെ മുറുകെ പിടിച്ചു കൊണ്ട് മകൻ പറഞ്ഞു.

“അമ്മേ അമ്മയ്‌ക്കെന്തൊരു ചൂടാണ്!”

കഥ തീർന്നപ്പോൾ എനിക്കും മമ്മയ്ക്കും കരച്ചിൽ വന്നിട്ട് വയ്യാരുന്നു. മമ്മയെന്നെ കെട്ടിപ്പിടിച്ചു. ഞാൻ മമ്മേം കെട്ടിപ്പിടിച്ചു.

അത് കണ്ടപ്പോൾ അനിമൽ ഹൗസീന്ന് എല്ലാരും ഇറങ്ങി വന്നിട്ട് ചിരിച്ചോണ്ട് കൈയ്യടിച്ചു.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Aash ashitha story for children zombie story