ഹായ് കൂട്ടുകാരേ, എന്റെ പേര് ഗോവിന്ദ്. ഞാൻ ഇന്ന് നിങ്ങൾക്ക് ഒരു കഥ പറഞ്ഞു തരട്ടേ? സ്വപ്നത്തിൽ ഞാൻ പോയ ഒരു യാത്രയേക്കുറിച്ചുള്ള കഥയാണേ.
മിക്കവാറും എല്ലാ ദിവസവും ഞാൻ രാത്രി ഉറങ്ങുമ്പോൾ സ്വപ്നം കാണാറുണ്ടേ. എന്നാൽ രാവിലെ എണീക്കുമ്പോഴേയ്ക്കും കണ്ട കാര്യങ്ങളൊക്കെ അങ്ങ് മറന്നുപോവും. കൂട്ടുകാർക്കും അങ്ങനെത്തന്നെയല്ലേ?
എന്നാൽ എന്താണെന്നറിയില്ല.. ഞാനീ പറയാൻ പോകുന്ന സ്വപ്നമുണ്ടല്ലോ.. അതങ്ങനെ മറന്നു പോയില്ല!
എന്റെ മുത്തശ്ശി പറഞ്ഞേ, ഞാനീ സ്വപ്നത്തിൽ കണ്ട കാഴ്ചകൾ എല്ലാ കൂട്ടുകാരോടും പറയേണ്ടതാണത്രേ, അതുകൊണ്ടാണ് അത് മറന്നു പോകാത്തതെന്ന്.
അതാ ഞാനീ കഥ നിങ്ങളോടെല്ലാവരോടും പറയാമെന്ന് വിചാരിച്ചേ, ഇപ്പോ എന്റെ കഥ കേൾക്കാൻ എല്ലാർക്കും കൊതിയുണ്ടല്ലേ.
സ്വപ്നത്തിൽ എന്റെ യാത്രയിൽ ഒരാൾ കൂടെയുണ്ടായിരുന്നേ. ആരാണെന്നോ. മുത്തശ്ശി മാവ്!
അതേ, എന്റെ സ്കൂളിന്റെ മുന്നിൽ ഉണ്ടായിരുന്ന മുത്തശ്ശി മാവ്! ഇപ്പോ നിങ്ങൾ വിചാരിക്കുന്നുണ്ടാവുംലേ, മാവിന് നടക്കാൻ പറ്റുമോയെന്ന് പിന്നെങ്ങനാ കൂടെ വര്യാ? മുത്തശ്ശിമാവുണ്ടല്ലോ, ഒരു സ്വർണ്ണ നിറമുള്ള മാങ്ങാണ്ടിയിൽ ഒതുങ്ങിയങ്ങനെ, വായുവിലൂടെ ഒഴുകി എനിക്ക് വഴി കാണിച്ച് ഒപ്പം വന്നു!
ഞാനീ സ്വപ്നം കണ്ടതിന്റെ തലേ ദിവസമാ മുത്തശ്ശി മാവ് കാറ്റത്ത് മറിഞ്ഞ് വീണ് പോയേ! മുത്തശ്ശിമാവിനെ എനിക്ക് വല്യ ഇഷ്ടാർന്നേ, കുപ്പീല് വാങ്ങുന്ന മാംഗോ ജ്യൂസിനേലും മധുരമുള്ള മാങ്ങ തരുന്ന, കുറേ കിളികളും അണ്ണാറക്കണ്ണനും ഒക്കെ വന്നിരിക്കാറുള്ള സ്കൂൾ മുറ്റം മുഴുവൻ വല്യ കുട പോലെ വിരിഞ്ഞ് നിന്ന് വെയില് കൊണ്ട് കുട്ടികളുടെ മേല് വെയില് കൊള്ളാതെ നോക്കുന്ന മുത്തശ്ശിമാവിനെ ആർക്കാ ഇഷ്ടല്യാതിരിക്കാലേ?
മുത്തശ്ശിമാവിന് ഒത്തിരി പ്രായംണ്ടാർന്നേ! എന്റെ മുത്തശ്ശൻ പറയാറുള്ളത് മുത്തശ്ശൻ സ്കൂളിൽ പഠിക്കുമ്പോഴും വല്യ മാവായിട്ട് മുത്തശ്ശിമാവ്ണ്ടാർന്നെന്നാ!
മുത്തശ്ശൻ ഇപ്പോ ഇല്ല്യാട്ടോ, മുത്തശ്ശൻ മരിച്ച ദിവസം രാത്രി മുത്തശ്ശൻ എന്റെ സ്വപ്നത്തിൽ വന്നേ, എന്റെ അടുത്ത് വന്നിരുന്ന് കഥ പറഞ്ഞു തന്നിട്ടാ പോയേ. പക്ഷേ, ആ കഥ എനിക്ക് ഓർമ്മ ഇല്യാട്ടോ.
മുത്തശ്ശി പറഞ്ഞത് മുത്തശ്ശനെപ്പോലെ മുത്തശ്ശി മാവിനും എന്നെ വല്ല്യ ഇഷ്ടാണെന്നാ. അതാ മുത്തശ്ശിമാവ് മരിച്ച ദിവസം എന്നെ യാത്ര കൊണ്ടുപോയതെന്ന്!
കഴിഞ്ഞ കൊല്ലം സ്കൂളിലും വീട്ടിലും നാട്ടിലുമുള്ള മാവുകളൊക്കെ പൂത്തിട്ടും മുത്തശ്ശിമാവ് പൂക്കാതിരുന്നപ്പോൾ ഞാൻ മുത്തശ്ശി മാവിനെ കെട്ടിപിടിച്ച് ചോദിച്ചായിരുന്നേ “മാവേലി പാതാളത്തീന്ന് വരുന്നപോലെ കൊല്ലത്തിൽ ഒരിക്കലല്ലേ പൂക്കേണ്ടൂ. എന്നിട്ടും മുത്തശ്ശി മാവെന്താ പൂക്കാത്തേന്ന്.”
എന്റെ ചോദ്യം കേട്ട് മറുപടി പറഞ്ഞത് പക്ഷേ മിനി ടീച്ചറായിരുന്നേ, “മുത്തശ്ശി മാവിന് പ്രായമായില്ലേ ഗോവിന്ദുട്ടാ, അടുത്ത കൊല്ലം കുറേ മാങ്ങ തരാൻ ഈ വർഷം റെസ്റ്റ് എടുത്തതാവുംന്നേ”

ടീച്ചറത് പറഞ്ഞപ്പോ എനിക്ക് സന്തോഷായി. ഒത്തിരി പ്രായമുള്ള മാവല്ലേ മുത്തശ്ശി മാവ്, ഒരു വർഷം റെസ്റ്റ് എടുക്കട്ടേല്ലേ.
എന്റെ വീട്ടില് മുത്തശ്ശി വയ്യാത്തോണ്ട് കറി ഒന്നും അമ്മയെപ്പോലെ വെക്കാറില്ല, പക്ഷേ മുത്തശ്ശി കറി വെക്കുന്ന ദിവസം ആ കറി കൂട്ടി ചോറുണ്ണാൻ എന്തു രസാണെന്നോ! അങ്ങനെയാവുംലേ മുത്തശ്ശി മാവും..
ഈ വർഷം മാവ് പൂക്കുന്ന കാലവും കാത്തു കാത്ത് ഞാനിരുന്നു. പക്ഷേ, അതിനു മുമ്പേ മുത്തശ്ശിമാവ് പോയി!
നല്ല കാറ്റും മഴയും ആയിരുന്നേ അന്നു വൈകുന്നേരം.. കളിക്കാൻ പോവ്വാൻ പറ്റാണ്ട് കറണ്ടും പോയി വിഷമിച്ചിരിക്കാർന്നു ഞാനേ.
മുത്തശ്ശിമാവ് മറിഞ്ഞു വീണെന്ന് ജിംസൻ മാമൻ പറഞ്ഞപ്പോ ഞാൻ സ്കൂൾ മുറ്റത്തേക്കോടി. അവിടെ സ്ക്കൂളിന് മുന്നിലുള്ള വഴിയിലേയ്ക്ക് വീണു കിടക്കുകയാണ് പാവം മുത്തശ്ശിമാവ്! സ്കൂളിന് ഒരു പോറൽ പോലുമേൽപ്പിക്കാതെയാ പാവം അങ്ങേ വശത്തേക്ക് ചരിഞ്ഞു വീണത്!
അണ്ണാറക്കണ്ണന്മാരും പൂത്താങ്കീരി കിളികളും മണ്ണാത്തിപ്പുള്ളും കുളക്കോഴിയും കരഞ്ഞു കൊണ്ടിരിക്കുന്നു. എനിക്കും കരച്ചിലടക്കാനായില്ല. ഞാൻ മുത്തശ്ശിമാവിന്റെ വയറിൽ മുഖം ചേർത്ത് വച്ച് കുറേനേരം കരഞ്ഞു. കൂട്ടുകാരും എന്റെ അടുത്ത് വന്നിരുന്നു. പിന്നെ അമ്മ വന്ന് എന്നെ ആശ്വസിപ്പിച്ച് വീട്ടിൽ കൊണ്ടുപോന്നു. അന്ന് രാത്രി ഞാൻ നേരത്തേ ക്ഷീണിച്ച് ഉറങ്ങിയേ. ഉറക്കത്തിൽ അന്ന് ഞാനാ സ്വപ്നം കണ്ടേ!
മുത്തശ്ശിമാവ് ഒരു സ്വർണ്ണ നിറമുള്ള മാങ്ങാണ്ടിയിൽ ഒതുങ്ങിയങ്ങനെ, എന്റെ അടുത്ത് വന്നു. എന്നോട് ചോദിച്ചേ, “എന്റെ കൂടെ വരുന്നോ?, ഞാൻ ഒരു വണ്ടർലാൻഡ് കാട്ടിത്തരാം.”
എനിക്ക് വലിയ ഉത്സാഹമായി, ഞാൻ കട്ടിലിൽ നിന്ന് ചാടിയെണീറ്റു നടന്നു. മുത്തശ്ശിമാവ് മാങ്ങാണ്ടിയിൽ ഒതുങ്ങി വായുവിലൂടെ ഒഴുകിയങ്ങനെ എന്റെ മുമ്പിലുണ്ടായിരുന്നു. ഞങ്ങൾ സ്കൂൾ മുറ്റത്ത് വീണുകിടക്കുന്ന മുത്തശ്ശിമാവിനടുത്തെത്തി. വേരുകൾ മണ്ണിൽ നിന്ന് വേർപെട്ട് ഇരുട്ട് നിറഞ്ഞ കുഴിയിലേക്ക് പതിയെ മുത്തശ്ശിമാവ് ഇറങ്ങി, ഞാൻ ആ കുഴിയിലേക്ക് പതിയെ തലയിട്ട് നോക്കിയതും ഞാൻ ഒരു തൂവൽ പോലെ ആ കുഴിയിലേയ്ക്ക് ഒഴുകിയിറങ്ങി.
പോകുന്തോറും ഇടുങ്ങി ചെറുതായി വരുന്ന ഗുഹപോലെ തോന്നി എനിക്കവിടെ. പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്. എന്റെ ശരീരവും ഗുഹ ചെറുതാവുന്നതിനനുസരിച്ച് ചെറുതായി വന്നു. എന്റെ മുന്നിൽ തന്നെ നമ്മുടെ മുത്തശ്ശിമാവ് മാങ്ങാണ്ടിക്കകത്ത് ഒഴുകി നീങ്ങുന്നുണ്ടേ.

മുത്തശ്ശി മാവ് അപ്പോൾ പറയുവാ മുത്തശ്ശി മാവിന്റെ ഒരു വലിയ വേര് വെള്ളവും വളവുമന്വേഷിച്ച് കുഴിച്ച് കുഴിച്ച് പോയ വഴിയാണത്രേ ഈ ഗുഹ! ഇങ്ങനെ ചെറുതും വലുതുമായ എണ്ണിയാൽ തീരാത്ത വേരുകൾ ഞാൻ കണ്ടു!
ഒരു വേരിൽ നിന്ന് തന്നെ മാവിന്റെ ചില്ലകൾ പോലെ വീണ്ടും വീണ്ടും വേരുകൾ വന്ന് അവസാനം നൂലുപോലെയും പിന്നെ നമുക്ക് കാണാൻ പറ്റാത്തത്ര ചെറുതായ വേരുകളും!
ആവേരുകൾക്കടുത്തൊക്കെ എണ്ണാൻ കഴിയാത്തത്രെ സൂക്ഷ്മജീവികൾ. നമ്മുടെ കണക്കിൽ പറഞ്ഞാൽ ഒരു സ്പൂൺ മണ്ണില് ഈ ലോകത്തുള്ള മൊത്തം മനുഷ്യ ന്മാരേക്കാളും കൂടുതൽ ഈ ഇത്തിരികുഞ്ഞൻ ജീവികളുണ്ടത്രേ! ഇത് മുത്തശ്ശിമാവ് പറഞ്ഞതാണേ.
ഈ ജീവികളെയെല്ലാം കാണാൻ നല്ല രസാണ് ട്ടോ! നമ്മുടെ പോലെ കണ്ണും ചെവീം മൂക്കൊന്നും അവർക്കില്ലാ, ബലൂണുപോലെയും ബുൾസൈ പോലെയും ഹൊ! കൂട്ടുകാർ കാണേണ്ടത് തന്നെയാ അവരെയെല്ലാം.
ഈ ഇത്തിരികുഞ്ഞന്മാരെല്ലാം അവരുടെ ജോലിത്തിരക്കിലാണേ, അവിടെ വച്ച് മുത്തശ്ശിമാവ് മണ്ണിനടിയിലെ ആ വലിയ ലോകത്തിലെ കുഞ്ഞു ജീവികളുടെ ഒരുപാട് വിശേഷങ്ങൾ എന്നോട് പറഞ്ഞേ, കൂട്ടുകാർക്ക് കേൾക്കേണ്ടേ ആ വിശേഷങ്ങൾ?
ശ്രദ്ധിച്ച് കേട്ടോളൂ.
കൂട്ടുകാർക്കറിയോ, ഈ ചെടികൾക്കും മരങ്ങൾക്കും മണ്ണിൽ നിന്ന് വെള്ളവും വളവും വലിച്ചെടുക്കാനും നന്നായി വളർന്ന് നമുക്കെല്ലാം പഴങ്ങൾ തരാനും ഈ ഇത്തിരി കുഞ്ഞന്മാരെല്ലാം കൂടിയേ തീരൂവത്രേ.
എന്നാൽ മരമില്ലാതെ ഇവർക്കും ജീവിക്കാൻ പ്രയാസമാണേ. കാരണം മരമില്ലാത്തയിടത്ത് നേരിട്ട് വെയിലേൽക്കുമ്പോൾ മണ്ണ് ചൂടാവുമല്ലോ. അപ്പോൾ ആ മണ്ണിലുള്ള വെള്ളവും ഇലകളും പുല്ലും ഉണങ്ങി പൊടിഞ്ഞ് ഉണ്ടാകുന്ന ചോക്ലേറ്റ് പോലുള്ള ക്രീമും ഒക്കെ ഇല്ലാതാവും.
ഈ പറഞ്ഞ തൊന്നുമില്ലെങ്കിൽ ഇവരെല്ലാം കൂട്ടത്തോടെ ചത്തുപോവും. പിന്നെ അവിടെ വേറെ ചെടികൾ നട്ടാലും അതിന് നന്നായി വളരാൻ കഴിയില്ല. എന്താണെന്ന് വച്ചാൽ അപ്പോൾ ആ ചെടിക്കുവേണ്ടി പണിയെടുക്കാൻ ആരും ഉണ്ടാവില്ലല്ലോ! പിന്നെ ഒരു കാര്യമുണ്ടേ, ഈ സൂക്ഷ്മജീവികളിൽ കുറച്ചുപേർ വില്ലന്മാരാണേ. ചെടികൾക്കും നമുക്കും അസുഖം വരുത്തുന്നവര്! എന്നാൽ അവരെ വരച്ചവരയിൽ നിർത്താൻ കഴിയുന്ന സൂപ്പർ ഹീറോകളും മണ്ണിൽ തന്നെ ഉണ്ട് കേട്ടോ.
എന്നാൽ ഇന്ന് സൂപ്പർ ഹീറോകളുടെ എണ്ണം മണ്ണിൽ കുറഞ്ഞു വരികയാണെന്നാ മുത്തശ്ശിമാവ് പറഞ്ഞേ. മണ്ണ് വെയിലേറ്റ് ഉണങ്ങുന്നതും മഴയത്ത് കുത്തിയൊലിച്ച് പോകുന്നതും കാരണം കുറേ സൂപ്പർ ഹീറോകൾ നശിച്ചു പോവുന്നുണ്ടത്രേ.
അതു മാത്രമല്ല, പ്ലാസ്റ്റിക് ഒക്കെ മണ്ണിൽ ഒരുപാട് വർഷം നശിക്കാതെ കിടക്കുമെന്നറിയാമോ കൂട്ടുകാർ ക്ക്? കഴിഞ്ഞ ദിവസം ഞാനും അമ്മയും കൂടി വാഴ നടാൻ കുഴിയെടു ത്തപ്പോൾ കുറേ പ്ലാസ്റ്റിക് കഷ്ണങ്ങൾ കിട്ടി. ഈ പ്ലാസ്റ്റിക് കഷ്ണങ്ങൾ മണ്ണിലെ സൂക്ഷ്മ ജീവികളെയും ചെടികളെയും ഒരുപാട് കഷ്ടപ്പെടുത്തുന്നുണ്ടെന്നാ മുത്തശ്ശിമാവ് പറഞ്ഞേ. ചെടികളുടെ നൂലു പോലുള്ള കുഞ്ഞു വേരുകൾക്ക് അവരുടെ വെള്ളവും വളവും തേടിയുള്ള യാത്രയിൽ ഈ പ്ലാസ്റ്റിക് കഷ്ണങ്ങൾ വല്യ തടസ്സമാവുന്നുണ്ടത്രേ.

ഞാനിനി ഒരിക്കലും പ്ലാസ്റ്റിക് വലിച്ചെറിയില്ലെന്ന് തീരുമാനിച്ചേ, കൂട്ടുകാരും എന്റെ ഒപ്പം കൂടില്ലേ?
പിന്നെ മണ്ണിന് നമ്മളെപ്പോലെ ജീവനുണ്ടെന്നും മരങ്ങളുടെ തണലോ കരിയില പുതപ്പോ ഇല്ലെങ്കിൽ മണ്ണിന് ജീവിക്കാനാവില്ലെന്നും നമുക്ക് കഴിയുന്നവരോടൊക്കെ പറയാം.. മണ്ണില്ലെങ്കിൽ ചെടികളില്ലെന്നും കൃഷിയില്ലെന്നും കൃഷിയില്ലെങ്കിൽ ഫുഡ് കിട്ടില്ലെന്നും ഫുഡില്ലെങ്കിൽ നമ്മളില്ലെന്നും നമുക്കെല്ലാവരെയും ഓർമ്മപ്പെടുത്താം.
കൂട്ടുകാരേ, മുത്തശ്ശിമാവങ്ങനെ വിശേഷങ്ങളൊക്കെ പറഞ്ഞ് തന്ന് ഞങ്ങളങ്ങനെ നടക്കുന്നതിനിടയിൽ പെട്ടെന്ന് അവിടെ ആകെ ഒന്ന് കുലുങ്ങി.
ഞാൻ പേടിച്ച് കണ്ണ് ഇറുക്കി അടച്ചേ.
ചുറ്റും എന്തൊക്കെയോ ഒച്ച കേൾക്കുന്നുണ്ടാർന്നു. ഒച്ച പതിയെ നേർത്ത് നേർത്ത് വന്ന് പെട്ടെന്ന് നിന്നു. ഞാൻ പയ്യെ കണ്ണ് തുറന്ന് നോക്കുമ്പോൾ. നോക്കുമ്പോൾ ഞാൻ ദാ കട്ടിലിൽ അമ്മയുടെ ഒപ്പം കിടക്കുന്നു! അപ്പോഴാണ് എനിക്കത് ഒരു സ്വപ്നമാണെന്ന് മനസ്സിലായേ.
മുത്തശ്ശിമാവിനെ പെട്ടെന്ന് പിരിഞ്ഞ് പോന്നതിൽ എനിക്ക് വല്യ സങ്കടമായേ. അവിടെ അപ്പോൾ എന്താ സംഭവിച്ചതെന്ന് അറിയില്ല എനിക്ക്. മുത്തശ്ശിമാവിനെ ഇനി എന്ന് കാണാൻ കഴിയുമെന്നും അറിയില്ല.
ഇനി കാണുമ്പോ ചോദിക്കാൻ ഒത്തിരി ചോദ്യങ്ങൾ ഞാൻ എഴുതി വച്ചിട്ടുണ്ടേ. കൂട്ടുകാർക്കും ചോദ്യങ്ങൾ കാണില്ലേ. അത് എന്നോട് പറയണേ. ഞാൻ എഴുതിവക്കാം.
എന്നാൽ പിന്നെ കാണാം കൂടുകാരേ, ബൈ !
- കുട്ടിക്കഥക്കൂട്ടിൽ നാളെ പ്രിയ എ എസ് എഴുതിയ കഥ വായിക്കാം
