/indian-express-malayalam/media/media_files/uploads/2018/12/nanda-1.jpg)
റോഡിനരികില്‍ മുഴുവന്‍ വയലറ്റ് പൂക്കള്‍ വിരിയുന്ന മരങ്ങളായിരുന്നു. പൂത്ത് നില്‍ക്കുന്ന ഈ സൗന്ദര്യത്തില്‍ അവള്‍ അവളെ കണ്ടു. ഒറ്റയ്ക്ക് നില്‍ക്കുന്ന, കാറ്റില്‍ ആടിയുലഞ്ഞു വിറയാര്‍ന്ന ഒരു പുഷ്പം. അതില്‍ നിന്ന് ചെറിയ മഞ്ഞുതുള്ളികള്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു. മഞ്ഞുതുള്ളിയോ, ശ്ശെ, അത് കണ്ണീരാണ്. ഏകാന്തതയില്‍ നിന്ന്, ദേഷ്യത്തില്‍ നിന്നുയരുന്ന കണ്ണുനീര്‍ത്തുള്ളി. ആ ഒറ്റപ്പൂവിന് അവള്‍ തന്റെ പേര് സമ്മാനിച്ചു - അനാമിക, നാമമില്ലാത്തവള്‍.
തന്റെ ചെറിയ പുസ്തകത്തില്‍ ആ പൂവിനെ അവള്‍ വരച്ചു. ഹൃദയം നുറുങ്ങുന്ന വേദന തോന്നുന്നു. വേണ്ട. അതെങ്കിലും അങ്ങനെ നില്‍ക്കട്ടെ. വിധിയെ തടുത്ത്, എത്ര ദൂരം പോകാനാകുമായിരിക്കും അതിന്? അത് ചിലപ്പോള്‍ തടുത്ത് നില്‍ക്കുമായിരിക്കുമല്ലേ? അതോ, അനാമിക യെപ്പോലെ തോറ്റ് കൊടുക്കുമോ? ആ പുസ്തകത്താള്‍ അവള്‍ വലിച്ച് കീറി. അപ്പോള്‍ തന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ പുറപ്പെട്ടതവള്‍ അറിഞ്ഞില്ല.
വണ്ടിയില്‍ നിന്നും, മുരുകനയച്ച കത്തവള്‍ തുറന്ന് നോക്കി. ഇതു തന്നെ. ആ വീട് ഇതു തന്നെ, ചെറുതെങ്കിലും അതിന് ഒരു ഭംഗിയുണ്ടായിരുന്നു. സൂര്യന്റെ രശ്മികള്‍ പോലെ പ്രകാശമാനമായ ഒന്ന്. ഹൃദയമിടിപ്പുകളുടെ വേഗത കൂടി. തന്റെ ചിന്തയാകുന്ന മരത്തിന്റെ വേരുകള്‍ മനസ്സിലേക്കാ ഴ്ന്നിറങ്ങി വിറയ്ക്കുന്ന ചുണ്ടുകളാല്‍ അവള്‍ ചോദിച്ചു, “ഹിമാ മാഡം?” സാരിയുടുത്ത ഒരു സ്ത്രീ കടന്നു വന്നു. “ഞാന്‍ . ഞാന്‍ അനാമിക ശങ്കര്‍" “ഓ.., മാഡം ഒരു കത്ത് നിങ്ങള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്.”
തലയാട്ടാനെ കഴിഞ്ഞുള്ളു. ശബ്ദം പുറത്തേക്ക് വരുന്നില്ല. അമ്മയ്ക്ക് അപ്പോള്‍ത്തന്നെ അറിയാമായിരുന്നു. അല്ലേ? അമ്മയുടെ കൈ പതിഞ്ഞ കടലാസു കഷ്ണവുമായി അവര്‍ വന്നു. തുറന്നു നോക്കാന്‍ പറഞ്ഞു. കൈവിരലുകള്‍ വിറയ്ക്കുന്നുണ്ട്. മടക്കുകള്‍ തുറക്കട്ടെ, അമ്മയുടെ കൈയ്യക്ഷരം ചെറുതായിരുന്നു. പക്ഷെ അതില്‍ വാത്സല്യം തുളുമ്പുന്നത് പോലെ അനാമികയ്ക്ക് തോന്നി.
“പ്രിയപ്പെട്ട അനാമിക ശങ്കര്‍ അറിയാനായി,
നിനക്കറിയാമായിരിക്കും ഞാനും ശങ്കറും പിരിയുമ്പോള്‍ നിനക്ക് ഏഴ് വയസ്സ്. അന്നേ നിനക്കച്ഛന്‍ മതിയായിരുന്നു. എനിക്കെന്റെ പുസ്തകങ്ങളും. നീ എന്നെ തേടി വരുന്ന ഒരു കാലം വരുമെന്നെനിക്കറിയാമായിരുന്നു. അന്ന് നീ മനസ്സിലാക്കുക, നീ ആഗ്രഹിച്ച ഒരമ്മയാകാന്‍ എനിക്കാവില്ല. എന്റെ മനസ്സ് കാറ്റ് പോലെ ഉലയുന്ന ഒന്നാണ്. അതിനെ പിടിച്ചുനിര്‍ത്താനാകാത്തതിന്റെ അരിശമാണ് ശങ്കറിന്. പക്ഷെ, അതിന്, മാപ്പ്. നനയേണ്ട സ്നേഹമഴകള്‍ തട്ടിയെടുത്തതിന്, നീ നനഞ്ഞ കണ്ണീര്‍മഴകള്‍ക്കിടയില്‍ ഒരു തണലാകാന്‍ കഴിയാത്തതില്‍. ഈ അമ്മയെ നീ മഴയായിട്ടോര്‍ക്കണം, തുലാമാസത്തില്‍, അലര്‍ച്ചയോടെ പെയ്യുന്ന പേമാരിയായിട്ട്. ഒരുപാട് ചിറകുകള്‍ നിനക്ക് വന്നു ഭവിക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്...അമ്മ “.
കണ്ണീരാല്‍ മഷി പടര്‍ന്നിട്ടുണ്ട്. അതമ്മയുടേതോ, തന്റേതോ എന്ന് മനസ്സിലാകുന്നില്ല. ആ മെലിഞ്ഞ സ്ത്രീ എന്തൊക്കെയോ പറയുന്നുണ്ട്. ആശ്വാസവാക്കുകള്‍ ആയിരിക്കും. അതു കേള്‍ക്കണ്ട. അവള്‍ ആ വീട്ടില്‍ നിന്നും ഇറങ്ങിയോടി.
തന്റെ കാറില്‍ കയറി അവള്‍ തന്റെ മുഖത്തെ കണ്ണീര്‍ച്ചാലുകള്‍ തുടച്ച് കളഞ്ഞു. വരരുതായിരുന്നു. ഇങ്ങോട്ടു വരരുതായിരുന്നു.. അമ്മയെ കുറിച്ച് വലിയ ഓര്‍മ്മകളില്ലാത്ത അനു ആയാല്‍ മതിയായിരുന്നു . ഇതിപ്പൊ.,ഒരു സ്വപ്നം പോലെ തോന്നുന്നു . വിഷാദത്തില്‍ നിറഞ്ഞ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒരു സ്വപ്നം.
മഴ! മഴയുടെ ശബ്ദമല്ലേ അത് ? അനു കാതോര്‍ത്തു. പുറത്തേക്കിറങ്ങി. അലര്‍ച്ചയോടെ, മുടിയിളക്കി പെയ്യുന്ന മഴ. “അമ്മയാണ്. അതമ്മയാണ്. " അവള്‍ ആരൊടെന്നില്ലാതെ പറഞ്ഞു. റോഡിലേക്കിറങ്ങി അവള്‍ ആ മഴ നനഞ്ഞു. താന്‍ എപ്പോഴും നനയുന്ന, പ്രണയിക്കുന്ന മഴ. പക്ഷെ ഇപ്പോള്‍ അത് വാത്സല്യ മഴയായി,അവളുടെ മുടിയിഴകളെ തലോടി. അവളെ റോഡിനരികിലേക്ക് അത് മാടി വിളിച്ചു. “അമ്മയാണ്. അതമ്മയാണ്.. ഞാന്‍ നനയാത്ത മഴയത്തേക്ക് എന്നെ നയിക്കുവാണ്". കൊച്ചു കുട്ടിയെ പോലെ അവള്‍ കരഞ്ഞു. താഴെ പുഴയാണ്. അവിടെയാണ് അമ്മ ഒഴുകിച്ചേരുന്നത്. അമ്മ തന്ന ചിറകുകളെവിടെ, അതെവിടെ? അവള്‍ തനിക്കു ചുറ്റും നോക്കി. കിട്ടിയില്ല ചിറകു കിട്ടിയില്ല പുഴയിലേക്ക് ഇനിയെത്ര ദൂരമാണ്? അവള്‍ വിചാരിച്ചു. "ചാടട്ടെ?” അവള്‍ ചോദിച്ചു. ആ നിമിഷം വയലറ്റ് പൂമരത്തിലെ ആ ഒറ്റപ്പൂവ് കൊഴിഞ്ഞു വീണു, താഴ്‌വാരത്തിലെ ആ നദിയിലേക്ക്.
എറണാകുളം വിദ്യോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നന്ദബാല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.